നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു ദുഃസ്വപ്നം പോലെ...


Image may contain: 1 person, beard and closeup
=====(0)======
" അച്ഛാ..അച്ഛനും മരിയ്ക്കുവോ?...
മോൻ അച്ഛന്റത്രേം വെൽതാവുമ്പോ അച്ഛനും മരിച്ചു പോവ്വോ... ? "
യാത്രാ ക്ഷീണം മാറ്റാൻ സോഫയിലേക്ക് ചാരി കിടന്ന രാഹുലിന്റെ നെഞ്ചത്തേയ്ക്കു കയറി കിടന്ന് അഞ്ചു വയസുള്ള മോൻ നീരജ് ചോദിച്ചു...
"അച്ഛാ... പറയ്... "
"ഉം...
എല്ലാരും വയസ്സാകുമ്പോ
ഒരീസം മരിയ്ക്കും.. "
മോൻ ഊർന്നു വീഴാതിരിക്കാൻ അവനെ ഒന്നൂടെ നെഞ്ചോടു ചേർത്ത്കൊണ്ട് പാതിമയക്കത്തിലേയ്ക്ക് വീണുകൊണ്ടിരുന്ന അയാൾ മറുപടി പറഞ്ഞു.
" വേണ്ട....ന്റച്ഛൻ വയസ്സാവണ്ട...നിയ്ക്കും വെൽതാവണ്ട... "
രാഹുലിന്റെ കറുത്ത താടിരോമങ്ങളിൽ തടവിക്കൊണ്ട് നെഞ്ചിൽ മുഖമമർത്തി നീരജ് ഒന്നൂടെ ചേർന്ന് കിടന്നു.
" വെൽതായാലല്ലേ വയസ്സാകൂ...
വയസ്സായാലല്ലേ അച്ഛൻ മരിയ്ക്കൂ..
നിയ്ക്കു ന്റെ അച്ഛനെ വേണം..... "
ചെറിയ കൈകൾ രാഹുലിന്റെ തോളത്തു വെച്ച് തൻറെ മുഖത്തോടു ചേർത്ത് വെച്ചു നീരജ് അവന്റെ മുഖം. അവൻ ഭയന്നിരിയ്ക്കുന്നു . ആദ്യമായിട്ടാണ് മരിച്ച വീട്ടിൽ പോകുന്നത് തന്നെ . അതും നീണ്ട പത്തു കൊല്ലത്തിന് ശേഷം. അച്ഛന്റെ മരണവിവരം അയല്പക്കത്തെ സുലൈമാനിക്ക വിളിച്ചു പറയുമ്പോൾ ഒരു ഓഫിസ് ആവശ്യത്തിന് ഡൽഹിയിലായിരുന്നു . ഏക മകനായത് കൊണ്ട് താനും രശ്മിയും മോനും വരുവോളം ഫ്രീസറിൽ തന്നെ വെയ്ക്കുകയായിരുന്നു. ഇടിഞ്ഞുവീഴാറായ ഓടിട്ട വീടിന്റെ ഇത്തിരിമുറ്റത് വലിച്ചുകെട്ടിയ നീല പടുതായ്ക്കു കീഴിലെ ശീതീകരിച്ച ചില്ലുകൂട്ടിൽ
അച്ഛൻ. ചെന്നപാടെ മോൻ ചോദിച്ചു ഈ ചില്ലു കൂട്ടിൽ കിടക്കുന്നതാരാണെന്ന്. മോന്റെ മുത്തച്ഛനാണ്‌ എന്ന് പറഞ്ഞു പഠിപ്പിയ്ക്കാൻ നന്നേ പ്രയാസപ്പെട്ടു രാഹുൽ...
അവൻ മുൻപ് കണ്ടിട്ടില്ലാത്തതു കൊണ്ട് തന്നെ ഒരുപാട് ഉപചോദ്യങ്ങൾ അവൻ ചോദിച്ചുകൊണ്ടേയിരുന്നു. ചിതല് കയറിത്തുടങ്ങിയ പിന്നാമ്പുറത്തെ ചായ്‌പിൽ കയറുകൊണ്ട് നെയ്ത കട്ടിലിൽ പായ പോലും വിരിയ്ക്കാതെ ചുരുണ്ടു കിടക്കുന്ന അമ്മ കണ്ണിൽ നിന്നും മായുന്നില്ല...രശ്മിയുടെ നിർബന്ധത്തിനു വഴങ്ങി അച്ഛൻ മരിച്ചു മൂന്നാം നാൾ തിരിച്ചു നഗരത്തിലേക്ക് പോരുമ്പോളും അമ്മ കിടന്ന കിടപ്പു തന്നെ.അച്ഛൻ കിടപ്പിലായതിനു ശേഷം സുലൈമാനിക്കാടെ ഭാര്യ സൈനബാത്ത നിര്ബന്ധിപ്പിച്ചു കുടിപ്പിക്കുന്ന കഞ്ഞിവെള്ളമല്ലാതെ ആ മെലിഞ്ഞ ശരീരത്തിൽ ഒന്നും ഇല്ല എന്ന് മനസ്സിലാക്കാൻ തന്നെ മൂന്നു ദിവസം വേണ്ടി വന്നു.
" വയസ്സായാല് അച്ഛച്ഛനെപോലെ അച്ഛനും മരിയ്ക്കും. അത് മോന് സങ്കടാവും. ഇങ്ങനെ ത്തന്നെ ഇരുന്നാ മതീട്ടോ "
നീരജ് ഒച്ചയില്ലാതെ കരയുകയാണ്. അവന്റെ കുഞ്ഞു ഹൃദയത്തിന്റെ മിടിപ്പുകൾ അയാളുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ...അടഞ്ഞുപോകുന്ന കൺപോളകൾ.. എങ്കിലും ഒന്നൂടെ ചേർത്തുപിടിച്ചു രാഹുൽ അവനെ. നിശബ്ദമായ വേളയിലെപ്പോളോ അയാൾ ഉറക്കത്തിലേക്കു ഇഴുകി ചേർന്നു... അവനും.
=============
" അച്ഛാ ബാംഗ്ലൂരിലും മടുത്തു തുടങ്ങി..
എന്തായാലും നാട്ടിലേയ്ക്കിനിയില്ല "
ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന നീരജിനോട് എന്ത് പറയണം എന്നറിയാതെ നിർവികാരനായി നിൽക്കുകയാണ് രാഹുൽ .
" ദുബായിലേക്ക് ഒരു ഓഫ്ഫർ വന്നിട്ടുണ്ട്..
ഓഫിസ്മേറ്റ് ശാലിനിയാണ് വിസ റെഡിയാക്കിയത്. അവളും ഞാനും നാളത്തെ ഫ്‌ളൈറ്റിന് പോകുവാണ് "
എന്ത് പറയണം എന്നയാൾക്ക്‌ മനസ്സിലായില്ല.
അല്ലെങ്കിലും ബാൻഗ്ലൂർ പോയത് മുതൽ അവൻ ആകെ മാറിയിരുന്നു. ഓരോ വരവിനിടയിലുമുള്ള അകൽച്ച കൂടികൂടി വന്നിരുന്നു. പിന്നീടെപ്പളോ ഒരു പെൺകുട്ടിയുമായി ഒരു ദിവസം കയറിവന്നു. അത് പലവട്ടം പല പെണ്കുട്ടികളായി മാറിയപ്പോളും ഒന്ന് എതിർക്കാൻപോലും നാവു പൊങ്ങിയില്ല. അല്ലെങ്കിലും രശ്മി ഒന്നിനും സമ്മതിയ്ക്കുമായിരുന്നില്ല. പഴയ കാലമൊന്നുമല്ല. കുട്ടികൾ അടിച്ചുപൊളിച്ചു ജീവിയ്ക്കട്ടെ എന്നാണു അവൾ പറയുന്നത്. അവളും അങ്ങനെയൊരു കാഴ്ചപ്പാടുള്ളവളായിരുന്നല്ലോ. അവൾ പോലും തനിയ്ക്കിന്നന്യമാണെന്നു നീരജ് മുതിർന്ന കുട്ടിയായതിനു ശേഷമുള്ള അവളുടെ രാത്രി സഞ്ചാരങ്ങൾ പറയാതെ പറയുകയായിരുന്നു. ക്ഷമിയ്ക്കുക തന്നെ. കാരണം തനിയ്ക്ക് പോകാൻ ഒരിടമില്ല. കാശിനു പുറകെ പോയപ്പോൾ എല്ലാം നഷ്ടമായി. അച്ഛൻ.. അമ്മ...നാട്... എല്ലാം.
അവൾക്കു വേണ്ടത് ഒരു ഭർത്താവുദ്യോഗസ്ഥനെയാണ് എന്നറിഞ്ഞപ്പോൾ ഏറെ വൈകിപ്പോയി. അമ്മയുടെ പോക്ക് എപ്പോഴോ നീരജുമറിഞ്ഞു. അന്ന് ബാന്ഗ്ലൂർക്കു വണ്ടി കയറിയതാണവൻ. മനസ്സിലേയ്ക്ക് അറിയാതെ തറവാടിന്റെ മുറ്റവും പിന്നാമ്പുറത്തെ പാടവും അച്ഛനും അമ്മയും എല്ലാം ഓടി വന്നുകൊണ്ടിരുന്നു.
" മോനെ നീ ഞങ്ങളെ ഉപേക്ഷിച്ചു പോയപ്പോൾ ഞങ്ങൾ എന്താണോ അനുഭവിച്ചത്‌ അതാണ് നീ ഇന്നനുഭവിച്ചുകൊണ്ടിരിയ്ക്കുന്നതു..."
അശരീരി പോലെ അച്ഛന്റെ ശബ്ദം കാതിൽ മുഴങ്ങി.
" മകൻ നഷ്ടപ്പെടുന്ന വേദന എന്താണെന്ന് നീ ഇന്നറിയുന്നു. എന്താണോ കൊടുക്കുന്നത് അതാണ് കിട്ടുന്നത്... നിന്റെയമ്മയുടെ കണ്ണുനീർ നീ കണ്ടില്ല.. ആ തേങ്ങലുകൾ നീ കേട്ടില്ല...അനുഭവിച്ചുകൊള്ളുക.. "
തൊട്ടു മുന്നിലിരുന്നു തോർത്തുമുണ്ട് മാത്രമുടുത്ത അച്ഛൻ നെറ്റിയിലെ വിയർപ്പുകണങ്ങൾ വിരലുകൾ കൊണ്ട് വടിച്ചു കളഞ്ഞുകൊണ്ടു ശപിയ്ക്കുന്നതു പോലെ തോന്നി രാഹുലിന്..,
" അച്ഛാ.......... ""
ഉച്ചത്തിൽ കരഞ്ഞിട്ടും ശബ്ദം പുറത്തേയ്ക്കു വരുന്നില്ല.. എഴുന്നേറ്റു ആ കാലുകളിൽ വീണ് മാപ്പ് പറയാൻ ശ്രമിച്ചിട്ട് ശരീരം അനങ്ങുന്നില്ല...
താൻ വിയർത്തു കുളിയ്ക്കുകയാണ്.....
ഭാരം നഷ്ടപ്പെടുകയാണ്....
ആരോ കഴുത്തിനു കുത്തിപ്പിടിയ്ക്കുകയാണ്...
===========
" അച്ഛാ....അച്ഛൻ മരിക്കണ്ടച്ചാ........... "
നെഞ്ചത്ത് ഉറങ്ങികിടന്ന നീരജ് തന്നെ വരിഞ്ഞു പിടിക്കുകയാണ് .
ദുസ്സ്വപ്നത്തിൽ നിന്ന് രാഹുൽ ഞെട്ടിയുണർന്നു.
ശരീരം മുഴുവൻ വിയർത്തു കുളിച്ച അയാൾ മോനെ കെട്ടിപ്പിടിച്ചു കൊണ്ട് ചാടിയെണീറ്റു. കൈ തട്ടി ടീപ്പോയിലിരുന്ന ടീ ഗ്ലാസും മഗ്ഗും താഴെ വീണ് പൊട്ടിച്ചിതറി. അടുക്കളയിൽ നിന്നും രശ്മി ഓടിയെത്തി.
" രാഹുൽ ... എന്തുപറ്റി..
ആകെ വിയർക്കുന്നുണ്ടല്ലോ... "
" ഒന്നുമില്ല... നീ വേഗം റെഡിയാക്...
നമുക്ക് വീട്ടിലേയ്ക്കു പോകാം... "
രശ്മിയ്ക്ക് ഒന്നും മനസ്സിലായില്ല...അവൾക്കു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു .
" വേണ്ട ഞാനില്ല.. രാഹുൽ എനിയ്ക്കു വയ്യ ആ കുഗ്രാമത്തിലേയ്ക്ക് വരാൻ. രാഹുൽ പോയിട്ട് വാ.. "
രാഹുലിന്റെ കൈ രശ്മിയുടെ മുഖത്തു ആഞ്ഞു പതിച്ചു. അയാളുടെ കൈവിരലുകൾ അവളുടെ വെളുത്ത മുഖത്തു ചുവന്ന പാടുകൾ തീർത്തു.. അവൾക്കൊന്നും മനസ്സിലായില്ല. ആദ്യമായിട്ടാണ് രാഹുൽ തന്നെ തല്ലുന്നത്. തീഷ്ണമായ രാഹുലിന്റെ മുഖത്തു നോക്കി ഒന്നും ചോദിക്കാനുള്ള ധൈര്യം അവൾക്കുണ്ടായില്ല. നീറുന്ന മുഖം പൊത്തിപ്പിടിച്ചുകൊണ്ടു അവൾ
അയാളെ അനുസരിച്ചു. ഡ്രെസ്സുകൾ പായ്ക്ക് ചെയ്യാൻ തുടങ്ങി....
ഇടംകണ്ണിട്ടു നോക്കികൊണ്ട്‌ കൂടെ രാഹുലും
അവളുടെ മുഖം കണ്ണീരിൽ കുതിർന്നിരിയ്ക്കുന്നു.
" അച്ഛാ.. നമ്മൾ എങ്ങോട്ടു പോകുവാ....? "
മോൻ നീരജ് ചോദിച്ചു.
" അച്ചമ്മേടെ അടുത്തേയ്ക്കു..
ഇനിമുതൽ നമ്മൾ അവിടെയാണ്. "
അവന്റെ കുരുന്നു കവിളിൽ ഉമ്മ വെച്ചുകൊണ്ട് രാഹുൽ പറഞ്ഞു.രശ്മിയുടെ കരുവാളിച്ച കവിളിലെ കണ്ണീർ തുടച്ചുകൊണ്ട് അവളെയും അയാൾ ചേർത്തുപിടിച്ചു. ആയുസ്സിലൊരിക്കൽ പോലും അച്ഛന്റെ വിലയറിയാതിരുന്നിട്ടും ഒരു ദുസ്വപ്നം തന്ന തിരിച്ചറിവുകളിൽ അയാളറിയാതെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

By: 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot