നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മ ഞങ്ങളിൽ അവശേഷിപ്പിച്ചത് (കഥ )&&&&&&&&&&&&&&&&&
എന്തോ ദുഃസ്വപ്നം കണ്ടു ഞെട്ടിഉണരുകയായിരുന്നു ഞാൻ. എന്താണതെന്നു ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് കട്ടിലിൽ എണീറ്റിരുന്നു. മുഖമുയർത്തി നോക്കിയത് മുറിക്കുള്ളിലെ ഡ്രസിങ് ടേബിളിലേക്കായിരുന്നു. പെട്ടെന്ന് അമ്മ എന്നെ നോക്കുംപോലെ തോന്നി. അമ്മയില്ലാത്ത പുലരിയിലേക്കാണ് ഞാൻ ഉണർന്നിരിക്കുന്നത് എന്ന യാഥാർഥ്യം എന്നിൽ വല്ലാത്ത അരക്ഷിതത്വമാണ് ഉണ്ടാക്കിയത്. രണ്ടു ദിവസം മുൻപ് വരെ ഈ വീട്ടിൽ അമ്മയുടെ സാന്നിധ്യം നിറഞ്ഞു നിന്നിരുന്നു. തനിക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ അമ്മ മൂളികൊണ്ടു നടക്കുമായിരുന്ന കവിതയുടെ ഈരടികൾ ചുവരിൽ തട്ടി പ്രതിധ്വനിക്കും പോലെ തോന്നുന്നു. എവിടേക്ക് തിരിഞ്ഞാലും അവിടൊക്കെ അമ്മ എപ്പോഴും ഉപയോഗിക്കുമായിരുന്ന കറുത്ത നിറമുള്ള വട്ടപ്പൊട്ട് കാണാം...അവ എന്നെ നോക്കി ചിരിക്കുന്നുവോ??? നിറങ്ങളിൽ കറുപ്പിനോടായിരുന്നു അമ്മക്ക് പ്രണയം. ബുക്ക് ഷെൽഫുകളിൽ അമ്മയുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ, അമ്മയുടെ കറുത്ത ഫ്രെയിം ഉള്ള കണ്ണട, ഒരിക്കൽ ഒരു പിറന്നാൾ ദിനത്തിൽ അമ്മയുടെ ഒരു ഫേസ്ബുക്ക് സൗഹൃദം സമ്മാനിച്ച കറുത്ത മഷിയുള്ള പാർക്കർ പേന. മുറികളിൽ പലയിടത്തും അമ്മ എഴുതിവെച്ചിരുന്ന ലെറ്റർപാടുകൾ. കറുത്ത മഷിയിൽ അമ്മക്ക് മാത്രം മനസിലാവുന്ന രീതിയിൽ എന്തൊക്കെയോ കുത്തികുറിച്ചിട്ടുണ്ട്. ചിലത് പൂര്ണമായത്, അതിലേറെ തുടങ്ങി വച്ചിട്ടും അവസാനിപ്പിക്കാത്ത പലതും.
അല്ലെങ്കിലും അമ്മ അങ്ങനെ ആയിരുന്നല്ലോ... എന്തും ആവേശത്തോടെ തുടങ്ങി ഒന്നും അവസാനിപ്പിക്കാത്ത പ്രകൃതം. ആ ജീവിതം തന്നെ അങ്ങനെ ആയിരുന്നു. പത്തൊൻപതു വയസിൽ വേണ്ടപെട്ടവരെയെല്ലാം എതിർത്തും ഉപേക്ഷിച്ചും അന്യജാതിയിൽ പെട്ട അച്ഛനോടൊപ്പമുള്ള ഒളിച്ചോട്ടം. അവിടെ തുടങ്ങിയ ജീവിതം.. ഇരുപത്തി രണ്ടു വയസിനിടെ ഞാനും ചേട്ടനും രണ്ടു മക്കളുണ്ടായി. ജീവിതത്തിൽ എപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു പോയിരുന്ന ഒരു കഥാപാത്രമായിരുന്നു അമ്മയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങൾ അമ്മയുടെ മുഖത്തെ ചിരിയെ ഇല്ലാതാക്കിയിരുന്നു. അമ്മ എനിക്കെന്നും ഒരത്ഭുതമായിരുന്നു. കുഞ്ഞുനാളിലെ വല്ലാത്ത പേടിയായിരുന്നു അമ്മയെ. ഒരിക്കൽ ചെറിയൊരു കളവ് പറഞ്ഞതിന് ചുണ്ടിൽ അടിച്ചു ചോര വരുത്തിയിട്ടുണ്ട്. അന്നുമുതൽ ഇന്നുവരെ പിന്നെ അമ്മയോട് കളവ് പറയാൻ തോന്നിയിട്ടില്ല. ശിക്ഷിക്കേണ്ട സമയത്തു ശിക്ഷിച്ചും ഉപദേശിക്കേണ്ടിടത്തു ഉപദേശിച്ചും അമ്മ ഞങ്ങൾക്ക് മാർഗദർശി ആയിട്ടുണ്ട്. തെറ്റും ശരിയും തിരിച്ചറിയാൻ ഞങ്ങൾ പ്രാപ്തരായപ്പോൾ തുടങ്ങി അന്നുവരെ ഞങ്ങൾ കാണാത്തൊരു മുഖമായിരുന്നു അമ്മക്ക് പിന്നീട്.
സ്കൂളിലെ കുറുമ്പും പ്രണയവും ഒക്കെ പങ്കുവയ്ക്കാൻ അമ്മ ഞങ്ങൾക്ക് അനുവാദം തന്നിരുന്നു. ഞങ്ങളുടെ കൂട്ടുകാരോടൊപ്പം അമ്മയും നല്ലൊരു കൂട്ടുകാരിയായി. ചേട്ടന്റെ സൗഹൃദകൂട്ടങ്ങൾ വീട്ടിലെ നിത്യ സന്ദര്ശകരായത്‌ അമ്മയുടെ ഇതുപോലുള്ള ഇടപെടലുകൾ മൂലമായിരുന്നു. എന്റെ കൂട്ടുകാരും അമ്മയെപ്പറ്റി വാതോരാതെ പറയുന്നത് കേൾക്കുമ്പോൾ ഞാൻ പറയും, എന്റെ അമ്മയെപ്പോലെ അമ്മ മാത്രേ ഉള്ളുവെന്ന്. എന്റെയും ചേട്ടന്റെയും അച്ഛന്റെയും ഒക്കെ പിറന്നാളുകൾ ഓർത്തുവെച്ചു ആഘോഷമാക്കാൻ അമ്മക്കെന്നും ഇഷ്ടമായിരുന്നു. അമ്മയുണ്ടാക്കുന്ന പായസം ഇല്ലാത്ത ഒരു വിശേഷങ്ങളും ഞങ്ങളുടെ വീട്ടിൽ ഇതുവരെയും ഉണ്ടായിട്ടില്ല.
ഓരോ ചെറിയ കാര്യവും അമ്മയെ വളരെ സ്വാധീനിച്ചിരുന്നു. അച്ഛനുമായുള്ള പിണക്കങ്ങളും പൊട്ടിത്തെറികളും അതിനെത്തുടർന്നുള്ള മൗനവ്രതവും അച്ഛന്റെ പരാതി പറച്ചിലുകളും അവസാനം അമ്മയുടെ പിണക്കം മാറ്റാനുള്ള എന്റെ കുസൃതികളും ഒക്കെയായി ഞങ്ങളുടെ ചെറുപ്പം ഒരു ഉത്സവമാക്കിയിരുന്നു അമ്മ. സത്യത്തിൽ അമ്മ അമ്മക്ക് വേണ്ടി ജീവിച്ചിരുന്നോ??? ഞങ്ങളുടെ ഇഷ്ടങ്ങൾ മാത്രം നടന്നിരുന്ന ആ വീട്ടിൽ അമ്മയുടെ ചെറിയ ചെറിയ ഇഷ്ടങ്ങൾ പോലും ഞങ്ങൾ അനുവദിച്ചിരുന്നില്ല. കവിതകൾ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന അമ്മയെ എന്നും ഒഴിവാക്കി വിട്ടിരുന്നു ഞങ്ങൾ. ഞങ്ങളുടെ പുസ്തക ഷെൽഫുകളിൽ അമ്മയുടെ ഇഷ്ടപുസ്തകങ്ങൾ കണ്ടാൽ എടുത്തുമാറ്റുമായിരുന്നു. ദേഷ്യവും സങ്കടവും ഒരുപോലെ മിന്നിമറയുന്ന അമ്മയുടെ അപ്പോഴത്തെ മുഖഭാവം കണ്ടു ഞങ്ങൾ ഊറിച്ചിരിക്കും.
എപ്പോഴോ അമ്മ സമൂഹമാധ്യമങ്ങളിൽ എഴുതാൻ തുടങ്ങി ഞങ്ങൾ പോലും അറിയാതെ. പിന്നെ അമ്മയുടെ ലോകം അക്ഷരങ്ങൾ കൊണ്ട് സമ്പന്നമായി. അമ്മയുടെ വരികൾ നിറയെ നഷ്ടബോധവും പ്രണയവും വിരഹവുമെല്ലാമായിരുന്നു. പരുക്കനായ ഈ രൂപത്തിൽ എവിടെയാണ് ഇത്രയും മൃദുലവികാരങ്ങൾ ഒളിപ്പിച്ചിരുന്നതെന്നു ഞാൻ ചിന്തിക്കാറുണ്ട്. ജീവിതത്തിലെ നഷ്ടങ്ങളെക്കുറിച്ചു അമ്മ എന്നും ആകുലപ്പെട്ടിരുന്നു. പഠിക്കാൻ മിടുക്കരായ ഞങ്ങൾക്ക് അമ്മയായിരുന്നു എന്നും പ്രചോദനമായിരുന്നത്. അമ്മയുടെ നിഘണ്ടുവിലെ ആദ്യവാക്ക് പഠനം എന്നായിരുന്നു.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അമ്മ മാനുഷികമൂല്യങ്ങൾ സൂക്ഷിച്ചിരുന്ന ഒരു കമ്മ്യൂണിസ്റ്റ്‌കൂടി ആയിരുന്നു. അമ്മയുടെ അത്തരം നല്ല നിലപാടുകളാണ് ജീവിതത്തിൽ വിജയം നേടാൻ ഞങ്ങളെ സഹായിച്ചത്. അധികമൊന്നും സംസാരിക്കാത്ത അമ്മ ചിലനേരങ്ങളിൽ വാചാലയാകും. കഥകളും കവിതകളും സാഹിത്യവും അമ്മക്ക് സംസാരിക്കാൻ ഏറെ ഇഷ്ടമുള്ള വിഷയങ്ങളായിരുന്നു. ഞാനും ചേട്ടനും അതിനെയൊക്കെ എതിർക്കുക എന്നത് ജീവിതചര്യയാക്കി തുടർന്നുപോന്നു. അമ്മയുടെ ഇഷ്ടങ്ങൾക്കൊപ്പം നടക്കാൻ ഞങ്ങൾ മക്കൾക്കോ അച്ഛനോ ഒരിക്കലും സാധിച്ചിട്ടില്ല.
വ്യത്യസ്തമായി ചിന്തിക്കുകയും സ്വപ്‌നങ്ങൾ കാണുകയും ചെയ്യുമായിരുന്നു അമ്മ. ആ സ്വപ്‌നങ്ങൾ ഒരിക്കലും സമ്പത്തിനെ കുറിച്ചായിരുന്നില്ല. ഭാവി അമ്മയെ ഒട്ടും അലട്ടിയിരുന്നില്ല എന്ന് വേണം പറയാൻ. ഉപരിപഠനത്തിനായി ചേട്ടനെ നെബ്രാസ്കയിലേക്കു അയക്കുമ്പോഴും അമ്മ ഒന്നുമാത്രമേ ആവശ്യപെട്ടിരുന്നുള്ളു, പഠനം പൂർത്തീകരിച്ചു വേണം മടങ്ങി വരാനെന്ന്. ചേട്ടനിലെന്നും അമ്മക്ക് വലിയ പ്രതീക്ഷകൾ ആയിരുന്നു. അതേസമയം അമ്മയെ ഏറെ വേദനിപ്പിച്ചതും ചേട്ടന്റെ പിടിവാശിയും ദേഷ്യവുമായിരുന്നു.
പരസ്പരം സ്നേഹിച്ചു കൊതിതീരാതെ അമ്മയുടെ നാല്പത്തിനാലാമത്തെ വയസ്സിൽ അമ്മ ഞങ്ങളെ വിട്ടുപോയി. മരണത്തെ അമ്മ ഏറെ പ്രണയിച്ചിരുന്നു എന്ന് എപ്പോഴൊക്കെയോ അമ്മ എഴുതിയ വരികളിൽ നിന്നും ഞാൻ മനസിലാക്കിയിരുന്നു. മരിക്കാൻ എനിക്കു പേടിയില്ലെന്നു അമ്മ ഇടയ്ക്കിടെ എല്ലാവരോടും പറയും. അത് സത്യമായിരുന്നു താനും. ഈ ഭൂമിയിൽ എനിക്കിനി ആഗ്രഹങ്ങളൊന്നും ബാക്കിയില്ലാത്തതു കൊണ്ടാണ് മരണഭയം എന്നെ അലട്ടാത്തതെന്നു എല്ലാവരോടും വിശദീകരിച്ചു കൊടുക്കും.
കഴിഞ്ഞ കുറെ വർഷങ്ങളായി അമ്മ വളരെ ശാരീരിക വിഷമതകൾ അനുഭവിച്ചിരുന്നു. ഞങ്ങളാരും അത് കാര്യമായി എടുത്തിരുന്നില്ല. അസുഖമില്ലാത്ത അമ്മയെ ആയിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്. ഞങ്ങൾക്കൊരു കുറവും വരാതിരിക്കാൻ വേണ്ടി പല കാരണങ്ങൾ പറഞ്ഞു ചികിത്സകൾ തുടർന്നിരുന്നുമില്ല. അമ്മയെ ശ്രദ്ധിക്കാൻ ഞങ്ങളും ശ്രമിച്ചില്ല.
ചേട്ടന്റെ പഠനം കഴിഞ്ഞ് അവൻ വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ അമ്മ വളരെ സന്തോഷത്തിൽ ആയിരുന്നു. അവന് വേണ്ടതെല്ലാം ഒരുക്കി വെച്ച് ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല, ഒരു സൈലന്റ് അറ്റാക്കിന്റെ രൂപത്തിൽ മരണം അമ്മയെ തട്ടിയെടുക്കുമെന്ന്. വെളുപ്പിനെ ചേട്ടൻ വന്ന വാഹനത്തിന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. അമ്മതന്നെ അവന് വാതിൽ തുറന്നു കൊടുക്കട്ടെ എന്ന് കരുതി വിളിക്കാനായി ചെന്നതാണ് ഞാൻ. ഗാഢനിദ്രയിലെന്നതുപോലെ ശാന്തമായി ഉറങ്ങുന്ന അമ്മയെ ഞാനൊരു നിമിഷം നോക്കിനിന്നു. നെറ്റിയിൽ അപ്പോഴും അമ്മയുടെ കണ്ണുകൾ പോലെ തിളങ്ങുന്ന ആ കറുത്ത പൊട്ട്. തൊട്ടു വിളിക്കാനാഞ്ഞപ്പോൾ പതിവുപോലെ തലയിണക്കടിയിൽ അമ്മയുടെ ലെറ്റർപാഡ്. അമ്മയറിയാതെ അമ്മയുടെ കുറിപ്പുകൾ വായിക്കുന്നത് എന്റെയൊരു ശീലമായിരുന്നു. ഉണർത്തും മുന്നേ അമ്മയെഴുതിയതു വായിക്കാനായി ഞാൻ അത് കയ്യിലെടുത്തു. ആദ്യപേജിൽ കറുത്ത മഷിയിൽ ഇങ്ങനെ എഴുതിയിരുന്നു.....
"പ്രണയം നിറഞ്ഞ മനസുമായി ജീവിക്കുക എന്നത് ഒരു ഭാഗ്യമാണ്....
പ്രണയം....... അതൊരായുസ്സിന്റെ നിറവാണ്"....
അതേ, എന്റെ അമ്മ മരണത്തിലും അമ്മയുടെ അക്ഷരങ്ങളിൽ നിറഞ്ഞ പ്രണയത്തെ നെഞ്ചോടു ചേർത്താണ് ഞങ്ങളുടെ ലോകത്തുനിന്നും വിട്ടുപോയത്..
(ഗൗരി കല്യാണി )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot