Slider

ഓർമകളുടെ ഗന്ധമുള്ള പെട്ടി

0
Image may contain: 1 person, selfie, closeup and indoor

*****************************
കുട്ടിക്കാലത്തു ഏതോ ഒരു പിറന്നാളിന് അച്ഛൻ അവൾക്കു വാങ്ങി കൊടുത്തതാണ് ചതുരത്തിലുള്ള മരം കൊണ്ടുണ്ടാക്കിയ ആ കുഞ്ഞു പെട്ടി..
ബ്രൗൺ നിറമുള്ള അതിന്റെ നടുവിൽ സ്വർണ നിറത്തിൽ ഉണ്ണിക്കണ്ണൻ ഓടക്കുഴലൂതി നിൽക്കുന്ന ചിത്രമാണ്...കുറെ വാശി പിടിച്ചു നേടിയെടുത്ത സമ്മാനം... കാലം ആ ചിത്രത്തിന് കുറച്ചു മങ്ങലേല്പിച്ചുവെങ്കിലും ആ മുഖത്തെ കള്ള ചിരിക്കു ഇന്നും മങ്ങലേറ്റിട്ടില്ല.
കൂട്ടിക്കാലത്തു തന്റെ പരിഭവങ്ങളും സങ്കടങ്ങളും അവൾ പറഞ്ഞിരുന്നത് ആ ഉണ്ണിക്കണ്ണനോടാണ്...
ആ പെട്ടിയിലാണ് അവൾ തന്റെ ബാല്യത്തിലെ കൗതുകങ്ങളെല്ലാം പെറുക്കി കൂട്ടി നിറച്ചു വെച്ചത്.. കുറെ വെള്ളാരം കല്ലുകളും, മിഠായി കടലാസുകളും, മയിൽ‌പ്പീലി തുണ്ടുകളും പക്ഷിത്തൂവലുകളും, കളർ പെന്സിലുകളും, വളപ്പൊട്ടുകളും, ഒരു കുഞ്ഞു പാവയും അങ്ങിനെ അങ്ങിനെ....
ആരും കാണാതിരിക്കാൻ അലമാരയിലെ തന്റെ വസ്ത്രങ്ങൾക്കിടയിലാണ് അവൾ ആ പെട്ടി ഒളിപ്പിച്ചിരുന്നത്..
എന്നിട്ടും കല്യാണം കഴിഞ്ഞ ആദ്യ നാളുകളിലൊന്നിൽ പിടിക്കപ്പെട്ട കള്ളനെപ്പോലെ ആ പെട്ടിയുമായി അവൾ തന്റെ ഭർത്താവിന്റെ മുന്നിൽ നിന്നു.. അപ്പോൾ അയാളുടെ മുഖത്തെ ഭാവം വായിച്ചെടുക്കാൻ പാടുപെടുകയായിരുന്നു അവൾ….
പിന്നീടൊരു ദിവസം തിമിർത്തു പെയ്യുന്ന മഴയിൽ നിന്ന് നനഞ്ഞു കൊതി തീരാതെ കയറി ചെന്നപ്പോഴും അയാളുടെ മുഖത്തു അവൾ കണ്ടത് അതേ ഭാവമായിരുന്നു...
പണ്ട് കർക്കിടക മഴ ആർത്തിരമ്പി പെയ്ത ഒരു ദിവസം…..
തറവാട് മുറ്റം കവിഞ്ഞൊഴുകിയ വെള്ളത്തിൽ എവിടെ നിന്നോ ഒഴുകി വന്നതാണ് ആ കുഞ്ഞു പാവ...
ഒരു കൈ വെള്ളയുടെ നീളമേ ഉള്ളു ആ പാവക്കുട്ടിക്ക്.. രണ്ടു വശവും പിന്നിയിട്ട അതിന്റെ മുടിക്ക് ബ്രൗൺ നിറമായിരുന്നു... വെള്ള ലേസ് വെച്ച ഇളം നീല കുപ്പായം മുഴുവൻ നനഞ്ഞു കുതിർന്നിരുന്നു.
നീല കണ്ണുകളുള്ള ആ പാവയെ അവൾ തുടച്ചു വൃത്തിയാക്കി.. പൊട്ടു തൊടീച്ചു സുന്ദരിയാക്കി..
അടുത്ത വീടുകളിലെ ഏതെങ്കിലും കുട്ടിയുടെ ആയിരുന്നിരിക്കണം ആ പാവ.. ആരെയും കാണിക്കാതെ രഹസ്യമായി അന്നവൾ അതിനെ തന്റെ പെട്ടിയിലിട്ടു പൂട്ടി..
എല്ലാ വ്യാഴാഴ്ചയും വള വിൽക്കാൻ വന്ന
തമിഴത്തിയുടെ കുട്ടയിലെ വെള്ള തുണികളിൽ പൊതിഞ്ഞ പല വർണങ്ങളിലുള്ള കുപ്പിവൾക്കു എന്തൊരു ഭംഗിയായിരുന്നു..!!
കടും പച്ച നിറത്തിൽ സ്വർണകുത്തുകളുള്ള കുപ്പിവളകളിലായിരുന്നു എന്നും അവളുടെ കണ്ണുകൾ കൊതിയോടെ ചെന്ന് ഉടക്കിയിരുന്നതു.. റബ്ബർ വളകൾ മാത്രം വാങ്ങി തന്നിരുന്ന അമ്മ ഒടുവിൽ അവളുടെ വാശിക്ക് കീഴടങ്ങി..
രണ്ടു ദിവസം കഴിഞ്ഞു മുറ്റത്തു ഓടിക്കളിക്കുമ്പോൾ കാൽ തെറ്റി വീണ അവളുടെ ചുറ്റും പച്ച നിറത്തിലുള്ള കുപ്പിവളകൾ ചിതറിക്കിടന്നു... അണിഞ്ഞു കൊതി തീരാതെ.... !!
അന്ന് ആ മുറ്റത്തു പെയ്തിറങ്ങിയ കണ്ണീർ മഴക്ക് തലേന്ന് രാത്രി പെയ്ത മഴയെക്കാൾ ശക്തിയായിരുന്നു…
പിന്നീടൊരിക്കലും അവൾക്കു കുപ്പിവളകൾ കിട്ടിയില്ല...
ഇപ്പോഴും ആ വളപ്പൊട്ടുകളിൽ കണ്ണീരിന്റെ നനവുണ്ടെന്നു അവൾക്കു തോന്നാറുണ്ട്.
അങ്ങിനെ ആ പെട്ടിയിലെ ഓരോന്നിനും ഉണ്ട് ഓരോ കഥ പറയാൻ..
കുട്ടിക്കാലത്തു അമ്മുവിനും ആദിക്കും ആ കഥകളൊക്കെ കേൾക്കാൻ എന്ത് ഇഷ്ടമായിരുന്നു... ഫേസ്ബുക്കും വട്സാപ്പും ഒക്കെ അവരെ തന്നിൽ നിന്നും അകറ്റുന്നതിന് മുൻപ്.... ഇപ്പോൾ അവർക്കു തന്നോട് മിണ്ടാൻ തന്നെ നേരമില്ലല്ലോ....
ഏകാന്തത വല്ലാതെ വീർപ്പുമുട്ടിക്കുമ്പോൾ അവൾ ആ പെട്ടിയിൽ വീണ്ടും അഭയം തേടി.. ..
ആ പെട്ടി നിറച്ചു കുട്ടിക്കാലത്തെ ഓർമകളുടെ സുഗന്ധമാണ്....
ചിതലരിക്കാത്ത ഓർമകളുടെ..... നനഞ്ഞു തീർത്ത മഴകളുടെ,, മുത്തശ്ശി കഥകളുടെ, പൊട്ടിയ വളപൊട്ടുകളുടെ, മനസ്സിൽ കൊണ്ട് നടന്ന ഭ്രാന്തൻ സ്വപ്നങ്ങളുടെ,, ഒരു കുന്നോളം പകർന്നു കിട്ടിയ അമ്മയുടെ വാത്സല്യത്തിന്റെ,....
ഓർമകൾ അപ്പോൾ ചെറിയ തുള്ളികളായി പിന്നെ വലുതായി വലുതായി അവളുടെ ചുറ്റും പെയ്തിറങ്ങും.!!
ആദിയും അമ്മുവും മൊബൈൽ ഫോണിൽ തല കുമ്പിട്ടു ഇരിക്കാൻ തുടങ്ങിയിട്ട് എത്ര നേരമായി... ..
പുറത്തു മഴ വീണ്ടും പെയ്‌തു തുടങ്ങി....
ഇറങ്ങി ചെന്ന് അതിനെ ഒന്നും പുണരാൻ കൊതി തോന്നി…
ആദിയും അമ്മുവും ഒന്നും അറിയുന്നില്ല....
ഓർമ്മകളൊക്കെ പെറുക്കിക്കൂട്ടി സൂക്ഷിക്കാൻ അവർക്ക് ഒരു പെട്ടി സമ്മാനിക്കാൻ തനിക്കു കഴിയാതെ പോയതെന്തേ….
പെട്ടെന്ന് ഉള്ളിലെ അമ്മ മനസ്സ് വിങ്ങി.....
അല്ലെങ്കിലും ഒരു ഫ്ലാറ്റിൽ തളച്ചിട്ട അവർക്കു ഒരു പെട്ടി നിറയെ പെറുക്കി വെയ്ക്കാൻ എന്ത് ഓർമകളാണ് ഉള്ളത്.... അല്ലെ കൃഷ്ണ... ..
ഉണ്ണിക്കണ്ണൻ അപ്പോഴും പുഞ്ചിരിച്ചു കൊണ്ടിരുന്നു.. .
ശ്രീകല മേനോൻ
17/09/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo