നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൈലാഞ്ചിപ്പാട്

Image may contain: one or more people and car

മയ്യത്തു കുളിപ്പിക്കാൻ എടുത്തു വെച്ചപ്പോഴാണ് ഇയ്യാത്തുമ്മ ആമിനാടെ അടിവയറിന് തൊട്ടു മുകളിലായി ആ പാട് കണ്ടത് .
.
ഉറക്കത്തിനിടയിൽ ആമിനടെ റൂഹ് കൊണ്ട് പോയത് കൊണ്ടാകും ഇയ്യാത്തുമ്മക്ക് ആമിന നല്ലൊരു ഉറക്കത്തിലെന്ന പോലെ തോന്നിയത് ..
ഒന്ന് തോണ്ടി വിളിച് ഇതെന്താടി പെണ്ണെ ഈ പാടെന്നു ചോദിക്കണം എന്നുണ്ടായിരുന്നു അവർക്ക് .
കൂട്ടുപെണ്ണുങ്ങൾ കുളിപ്പിക്കുന്ന മുറിയിൽ കുന്തിരിക്കം പുകക്കുകയും വെള്ളം കൃത്യമായി പുറത്തേക്ക് പോവാനുള്ള പൈപ്പ് റെഡി ആക്കുകയും ചെയ്യുന്ന തിരക്കിൽ ആയോണ്ട് ഇയ്യാത്തുമ്മ ആമിനാടെ അടിവയറിലെ ചുളിവ് നിവർത്തി ആ പാടൊന്നു കൂടെ ശ്രദ്ധിച്ചു നോക്കി .
റബ്ബേ എന്നൊരു ആളലോടെ അതൊരു മൈലാഞ്ചിയിട്ട പാടാണ് എന്നും എന്തോ പേര് എഴുതിയതാണെന്നും അവർക്ക് മനസ്സിലായി ..
ആമിന ചെറുപ്പമാണ്. കല്യാണം കഴിഞ്ഞു കുറച്ചു ദിവസങ്ങളെ ഭർത്താവ് കൂടെ ഉണ്ടായിട്ടുള്ളൂ എന്തോണ്ടാണ് അവനവളെ ഇട്ടു പോയതെന്ന് ഇന്നും ആർക്കുമറിയാത്ത കാര്യമാണ് .ഇനി തിരിച്ചു വരുമോ എന്നുമാർക്കുമറിയില്ല.
ആരുടെ ചോദ്യങ്ങൾക്കും ആമിന മറുപടിയും കൊടുക്കാറില്ല .
ഇയ്യാത്തുമ്മയ്ക്ക് ആമിന വളർത്തുമകളെ പോലെയാണ് അത്രെയും ചെറുപ്പം തൊട്ടു അവർക്ക് ആമിനയെ അറിയാം , മകളുടെ സ്ഥാനമുള്ള
ഒരാളുടെ മയ്യത്തു കുളിപ്പിക്കുന്നതും എന്റെ നിയോഗമായല്ലോ റബ്ബേ എന്നോർത്ത് അവരൊന്നു വിതുമ്പി .
ആദ്യനാളുകളിൽ തന്നെ ഭർത്താവുപേക്ഷിച്ചു പോയിട്ടും അവൾക്കൊരുപാട് കല്യാണാലോചനകൾ വന്നിരുന്നു പിന്നീടൊരു വിവാഹത്തിനോ അതുമായി ബന്ധപ്പെട്ട സംസാരങ്ങൾക്കോ ആമിന സമ്മതം മൂളിയിരുന്നില്ല .
അയൽവക്കത്തെ വീട്ടിലെ കുട്ടികളും ഇയ്യാത്തുമ്മാടെ പേരക്കുട്ടികളുമൊക്കെയാണ് അവൾടെ ജീവിതത്തിലെ പിന്നീടുണ്ടായിരുന്ന സന്തോഷങ്ങൾ .
കുട്ട്യോൾക്ക് ആമിന എന്നാൽ മൈലാഞ്ചി താത്തയാണ് .ആമിനാത്ത ഇട്ടുകൊടുക്കുമ്പോൾ മാത്രം ചുവപ്പു കൂടുന്ന മൈലാഞ്ചിവരകളോട് അവർക്കെല്ലാം അത്രമേൽ ഇഷ്ടമാണ് . കല്യാണമുറപ്പിച്ച ശേഷം അവൾ ആർക്കേലും മൈലാഞ്ചി ഇട്ടുകൊടുക്കുന്നതോ ഇടുന്നതായോ ഇയ്യാത്തുമ്മ കണ്ടിട്ടില്ല .ഇത്രേം ചുവക്കുന്ന മൈലാഞ്ചി എവിടെ നിന്നാണെന്ന ചോദ്യത്തിനും ആമിനക്ക് മറുപടി ഉണ്ടായിരുന്നില്ല .
"കുന്തിരിക്കത്തിന് പുക പോരെ താത്ത " കൂട്ടുപെണ്ണിന്റെ ചോദ്യം കേട്ടാണ് ഇയ്യാത്തുമ്മ ഉണർന്നത് .മതിയെടി എന്ന് പറഞ്ഞു അവരെ കൂടുതൽ മയ്യത്തിലേക്ക് അടുപ്പിക്കാതെ ഇയ്യാത്തുമ്മ തന്റെ ജോലിക്കായി തയ്യാറെടുത്തു . വിരലുകളിൽ തുണി ചുറ്റി ചൂടുള്ള വെള്ളം ആമിനാടെ ദേഹത്തൊട്ടൊഴിച്ചപ്പോ പൊള്ളിയത് ഇയ്യാത്തുമ്മാടെ നെഞ്ചാണ് ,ഇതിനു മുൻപ് ആമിന വല്യ പെണ്ണായപ്പോഴാണ് അവർ അവളെ കുളിപ്പിച്ചിട്ടുള്ളത്.
മുറിയുടെ വാതിൽ തുറന്നു വന്നൊരു സ്ത്രീ പറഞ്ഞു "തിരക്കൂട്ടണ്ട ഇയ്യാത്തോ ഖബർ കുഴിക്കാൻ ആളെ കിട്ടിയില്ലെന്നു .മഹല്ലിലെ ഖബർ മുക്രിക്ക് വയ്യാന്നു പറഞ്ഞൊഴിഞ്ഞു മാറാന്നൊക്കെ അവിടെ പറയണത് കേട്ടുന്നു "..
എന്തുവിധിയാണ് ന്റെ മോൾടെ റബ്ബേ ന്നു പറഞ്ഞവർ സമയമെടുത്തു ആമിനാനെ എന്നത്തേക്കാളും ഭംഗിയായി ഒരുക്കാൻ തുടങ്ങി .
ഉറക്കത്തിൽ മരിച്ചതാണ് എന്ന് ഡോക്ടർ പറഞ്ഞിട്ടും നാട്ടുകാർക്ക് ഇല്ലാക്കഥകൾ ചമയാനായിരുന്നു തിരക്ക് . അതിനിടക്ക് ഖബർ മുക്രി വരുന്നില്ലെന്ന് കേട്ടപ്പോ നാട്ടുകാർ ദുശ്ശകുനങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങി .
കെട്ടുകഥകൾ അവളുടെ മയ്യത്തിനെ വെറുതെ വിടുന്നില്ല എന്ന് കേട്ടപ്പഴാണ് ഖബർ മുക്രിയായ ആ ചെറുപ്പക്കാരൻ ഞാൻ തന്നെ വരാമെന്നു പറഞ്ഞത് . ഊഹാപോഹങ്ങൾക്ക് അവസാനാമായിത്തുടങ്ങിയപ്പോൾ അയാൾ പള്ളിക്കാട്ടിലെ പറങ്കിമാവിന്റെ തണലുള്ള ഒരിടത്തു ആമിനാക്ക് വേണ്ടി കുഴിയെടുത്തു തുടങ്ങിയിരുന്നു .
ഉറച്ചുകിടക്കുന്ന മണ്ണിൽ വീഴുന്ന ആയുധം അയാളുടെ മനസ്സിനെ കീറിമുറിച്ചു കൊണ്ടേയിരുന്നു .
ആമിന തനിക്കാരായിരുന്നു എന്നുള്ളത് ആകെ അറിയാവുന്നത് ഈ പള്ളിക്കാട്ടിലെ ഖബറുകൾക്ക് മാത്രമായിരിക്കും .അയാളും ആമിനയും സംസാരിച്ചിരുന്നത് കേട്ടിരുന്നത് മണ്ണിലുറങ്ങുന്നവർ മാത്രമാണ് .
മാസങ്ങൾക്ക് മുൻപ് പള്ളിക്കാടിന്റെ മതിൽക്കെട്ടിനപ്പുറം ഉയർന്നു പൊങ്ങി എത്തിനോക്കുന്ന മൊഞ്ചത്തിയെ തെല്ലത്ഭുതത്തോടെയാണ് അയാൾ നോക്കിയത് .
എന്തുവേണമെന്നു ചോദിച്ചപ്പോ ഉപ്പൂപ്പാന്റെ ഖബർ ഒന്ന് കാണണം എന്നാണ് അവൾ ആവശ്യപ്പെട്ടത് .
പേര് ചോദിച്ചു ഖബറുള്ള ഭാഗം ചൂണ്ടിക്കാണിച്ചപ്പോ അവളവനെ തടഞ്ഞു
"കയ്യ് ചൂണ്ടല്ലേ ...."
"അതെന്താ ?"
"ഖബറിന് നേരെ വിരൽ ചൂണ്ടാൻ പാടില്ല "
"ആര് പറഞ്ഞു ?"
"ഉസ്താത് "
"ചൂണ്ടിയാലെന്താ ..?"
"കണ്ണിനു കാഴ്ച കുറയൂത്രെ ..."
"ഹ ഹ ഹ, ചിരി തീരുമ്പോഴേക്കും അവളിറങ്ങി ഓടിയിരുന്നു .."
പിന്നീടൊരിക്കൽ പള്ളിക്കാട് വെട്ടിത്തെളിക്കുന്നതിനിടക്ക് വീണ്ടും ആ തല ഉയർന്നു പൊങ്ങുന്നത് കണ്ടു അവൻ മതിലിനടുത്തേക്ക് ചെന്നു .
"ഇന്നാരെയാ പെണ്ണെ നിനക്കു കാണേണ്ടത് ..?"
"ഇങ്ങക്ക് പേടിയില്ലേ ...?"
"എന്തിനു ..?"
"പള്ളിക്കാട്ടിൽ ഇങ്ങനെ ഒറ്റക്കൊക്കെ ....!"
"അന്റെ ആരെ കാണാനാ ഇയ്യിന്നാള് വന്നത് ..?"
"ഉപ്പൂപ്പാനെ ....."
"ഉപ്പൂപ്പാ ചീത്ത ആളാണോ ?"
"പോ അവിടന്ന് എന്റെ ഉപ്പൂപ്പാ പാവമാണ് "
"ഹ ,അതുപോലെ ഒരുപാട് പേരുടെ ഉപ്പൂപ്പമാരും ഉപ്പമാരും ഉമ്മമാരുമൊക്കെയാണ്
ഇവിടെ അവരെ ഞാനെന്തിന് പേടിക്കണം .?
മരിച്ചു കഴിഞ്ഞ എല്ലാവരും പാവങ്ങളാണ് പെണ്ണെ ..."
"പെണ്ണോ ...?ഞാൻ ഇങ്ങടെ പെണ്ണൊന്നുമല്ല .."
"എനിക്ക് നിന്റെ പേരറിയില്ലലോ അതാണ് പെണ്ണെന്നു വിളിച്ചത് ..
പെണ്ണിന്റെ പേര് പറ ..!"
"ആമിന .."
"ആമിന നിൽക്ക് ട്ടാ ഒരു സാധനം തരാം "
"എന്താണ് ...?"
ഇതാ മൈലാഞ്ചിയാണ് ...
"ഇതെന്റെ വീട്ടിലുമുണ്ട് ..."
"പള്ളിക്കാട്ടിലെ മൈലാഞ്ചിക്ക് ചുവപ്പ് കൂടും ആമിന ...
നീ ഇട്ടു നോക്ക് ഇനിവരുമ്പോ കാണിച്ചു തന്ന മതി "
"ഇങ്ങക്ക് നൊസ്സാണ് ഞാൻ പോണ് ........."
_നീ എന്ത് ആലോചിച്ചു നിക്കാണ് ഇപ്പോ തന്നെ നേരം വൈകി അവർ അവിടെ മയ്യത്തു കുളിപ്പിച്ച് കൊണ്ട് വരാറായി
പള്ളി മുക്രിയുടെ വാക്കുകളിൽ ഞെട്ടിത്തരിച്ചു അയാൾ വീണ്ടും ഖബറിന് കുഴിയെടുത്തു തുടങ്ങി_
അല്ല മുക്രി നമുക്ക് ഇഷ്ടമുള്ള സ്ഥലത്തു ഖബർ വരാൻ സ്ഥലം മുൻകൂട്ടി വാങ്ങാൻ പള്ളിക്കമ്മറ്റിക്ക് എത്ര രൂപ കൊടുക്കണം ?
പതിനായിരമാണ് ഇപ്പോഴത്തെ കമ്മറ്റിയുടെ തീരുമാനം . ആൾക്കാർക്ക് ഖബറു കുഴിച്ചു കുഴിച്ചു നീ നിനക്കുള്ളത് കുഴിക്കുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങിയോടാ ..എവിടെയായാലും മണ്ണല്ലേ പഹയാ ..!
ഒരു ചിരിയിൽ മറുപടി കൊടുത്തയാൾ മണ്ണിനെ നോവിക്കാതെ പണി തുടർന്നു .
---------------------------
"ശൂ ....ശ്.... . "
"മതിലിനടുത്തു ഉയർന്നു പൊങ്ങുന്ന കൈകൾ കണ്ടയാൾ അങ്ങോട്ട് നടന്നു "
"ആഹാ ആമിന പെണ്ണ് വന്നല്ലോ .."
"ഇന്നാരാ മരിച്ചത് ...?"
"അതാരെങ്കിലുമാവട്ടെ കൈ കാണിക്ക് നോക്കട്ടെ "
"ഇത്തിരി നാണത്തോടെയാണ് അവളയാൾക്ക് നേരെ കൈ കാണിച്ചു നീട്ടിയത് "
"നല്ലോം ചുവന്നല്ലോ .നന്നായിട്ടുണ്ട് പെണ്ണെ പക്ഷെ കയ്യിൽ എന്റെ പേരെഴുതാമായിരുന്നു ...."
"ഇങ്ങക്ക് ശരിക്കും നൊസ്സാണ്, ആരെങ്കിലും കാണില്ലേ.. ?അതുമല്ല എനിക്കിങ്ങടെ പേരറിയില്ല ലോ .."
"എന്റെ പേര് ഖബർ മുക്രി "
"ശരിക്കുമുള്ള പേര് പറ "
"നിനക്ക് ഇഷ്ടമുള്ള പേര് വിളിക്കാം ആമിന "
"എങ്കിൽ ഞാൻ പള്ളിക്കാട്ടിലെ ജിന്നെന്നു വിളിക്കും "
"ഹ ഹ ഹ നല്ല പേരാണ് .....ഇനി വരുമ്പോ പേരെഴുതുമോ ?"
"എഴുതും ......"
"ആഹാ അപ്പൊ ആരേലും കണ്ടാൽ ആമിനാക്ക് പേടിയില്ലേ ..?"
"പേടിയുണ്ട് പക്ഷെ പള്ളിക്കാട്ടിലെ ജിന്നിന് മാത്രം കാണാൻ കഴിയുന്ന സ്ഥലത്തു ആമിന എഴുതുന്നുണ്ട് ഇങ്ങടെ പേര് .."
"ഖൽബിലാണോ പെണ്ണെ ...?"
പള്ളിക്കാട്ടിലെ ജിന്നിന് നൊസ്സാണ് എന്ന് പറഞ്ഞ് ചിരിച്ചു കൊണ്ടവൾ ഇറങ്ങിയോടി .....
പിന്നീടാ മൈലാഞ്ചി കൈകൾ ആ മതിലിൽ ഉയർന്നു പൊങ്ങിയത് അയാൾ കണ്ടിട്ടില്ല .പെട്ടെന്ന് കല്യാണം കഴിഞ്ഞു പോയോന്നൊരിക്കൽ കേട്ടിരുന്നു . ആമിന തനിക്ക് ആരായിരുന്നു എന്നുള്ളതിന് ഇന്നേവരെ അയാൾക്കുത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ,,,
ദൂരെ നിന്നും അടുത്ത് വന്നിരിക്കുന്ന ദിക്റുകളുടെ അകമ്പടിയോടെ മയ്യത്തു കട്ടിൽ അവർ അയാളുടെ മുൻപിൽ ഇറക്കി വെച്ചു
ഉസ്താതു ദുആ ചെയ്ത ശേഷം കട്ടിലിൽ നിന്നെടുത്തു ആരൊക്കെയോ ചേർന്ന് മയ്യത്തിന്റെ ഒരു ഭാഗം അയാളെ ഏൽപ്പിച്ചു രണ്ടു ഭാഗത്തേക്കും കാലകത്തിവെച്ചു ആമിനാടെ തലഭാഗം അയാള മണ്ണിൽ ചേർത്തുവെക്കുന്നതിന്റെ മുൻപൊരുനിമിഷം അയാളുടെ കയ്യിൽ കിടന്നവൾ പള്ളിക്കാട്ടിലെ ജിന്നിന് നൊസ്സാണെന്നു പറയുന്ന പോലെ അയാൾക്ക് തോന്നി ...മയ്യത്തിലേക്ക് കുടഞ്ഞ പനിനീർ തുള്ളികൾക്ക് കൂടെഅയാളുടെ കണ്ണുനീരും ആ വെള്ളത്തുണിയെ അലങ്കരിച്ചു ...
അവസാനത്തെ മൂന്നു പിടി മണ്ണിന്റെയും കടമകൾ തീർത്തെല്ലാവരും പിരിഞ്ഞുപോയപ്പോ ആമിനാക്ക് പറിച്ചു കൊടുത്തിരുന്ന അവളുടെ ഉപ്പൂപ്പന്റെ ഖബറിലെ മൈലാഞ്ചിച്ചെടിയുടെ ഒരു കൊമ്പ് അവളുടെ ഖബറിൽ അയാൾ നട്ടു .
കമ്മറ്റി ഓഫീസിലെത്തി പറിങ്കിമാവിന്റെ ചുവട്ടിൽ ഇനി ബാക്കിയുള്ള ഇത്തിരി സ്ഥലം തന്റെ ഖബറിനെഴുതി വാങ്ങി രസീത് പോക്കറ്റിലിട്ട് അയാൾ വീട്ടിലേക്ക് നടന്നു ...
പള്ളിക്കാട്ടിലെ ജിന്നിന് മുഴുത്ത നൊസ്സാണെന്നു അവിടം മുഴങ്ങിയത് കേട്ടത് ആമിനാടെ പുതിയ കൂട്ടുകാർ മാത്രമായിരുന്നെന്നു മാത്രം ..................
അൻവർ മൂക്കുതല
(ഖബർ മുക്രി - ഖബർ(കല്ലറ ) കുഴിക്കുന്ന വ്യക്തി )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot