Slider

ഓര്‍മ്മ

0
Image may contain: Ajoy Kumar, beard, closeup and indoor

എനിക്ക് കൂട്ടായി പണ്ട് ഒരു കമ്പിളി പുതപ്പും രണ്ടു തലയിണകളും ഉണ്ടായിരുന്നു,ഓര്‍മ്മ വെച്ച കാലം മുതല്‍ ,അതായത് എന്നെ അച്ഛനും അമ്മയും അവരുടെ അടുത്ത് നിന്നും മാറ്റി കിടത്തിയ കാലം മുതല്‍ ഇവരായിരുന്നു എനിക്ക് കൂട്ട്, ഇളം പച്ചയില്‍ ചുവന്ന ബോർഡർ ഉള്ള ഒരു പുതപ്പ് ,ചാക്ക് എന്നായിരുന്നു അമ്മൂമ്മയും അച്ഛനും ഒക്കെ അതിനെ വിശേഷിപ്പിച്ചിരുന്നത് .എത്ര ചൂടാണെങ്കിലും ഞാന്‍ അതും പുതച്ചേ ഉറങ്ങു, പിന്നെ കട്ടിലില്‍ തലയില്‍ വെക്കാന്‍ ഒന്നും കെട്ടിപ്പിടിക്കാന്‍ ചെറിയ ഒന്നും എന്ന ക്രമത്തില്‍ രണ്ടു തലയിണകളും ,
അന്ന് കണ്ട സിനിമയിലെയോ, വായിച്ച പുസ്തകത്തിലെയോ കപ്പലോ വിമാനമോ ഒക്കെ ആയി ഞാന്‍ കട്ടിലിനെ സങ്കല്‍പ്പിക്കും , ചാക്ക് പുതപ്പും തലയണയും ഞാനും യാത്രക്കാരും, അങ്ങനെ ശബ്ദം ഉണ്ടാക്കി ആയിരുന്നു ഉറക്കം,കാലം കടന്നു പോയിട്ടും ,നല്ലോണം പഴകി ഓട്ട വീണിട്ടും ഞാന്‍ ആ പുതപ്പു കളഞ്ഞില്ല, തലയിണകളും എണ്ണ മിഴുക്ക് കൊണ്ട് കറുത്തു ,എന്നിട്ടും ഞാന്‍ അതും കെട്ടിപ്പിടിച്ചു തന്നെ ഉറങ്ങി, എന്റെ ഇണ പിരിയാത്ത സുഹൃത്തുക്കള്‍ ആയിരുന്നു അവ
ഒരിക്കല്‍ സ്കൂളില്‍ നിന്ന് വന്നപ്പോള്‍ എന്റെ കട്ടിലില്‍ ചാക്കും തലയിണകളും ഇല്ല,പകരം പുതിയ ഒരു പുതപ്പും,ഒരു വെളുത്ത ഡണ്‍ലപ്പ് തലയിണയും,
ഞാന്‍ ചോദിച്ചു,എന്‍റെ പുതപ്പും തലയിണയും എവിടെ?
അമ്മ പറഞ്ഞു അതൊക്കെ എടുത്തു കളഞ്ഞു. കീറിപ്പറിഞ്ഞ പുതപ്പ് ഇനി ഉപയോഗിക്കണ്ട , ആരെങ്കിലും കണ്ടാൽ തന്നെ എന്ത് നാണക്കേടാണ്
ഞാന്‍ പൊട്ടിക്കരഞ്ഞു, കാരണം എനിക്ക് അത് വെറും പുതപ്പും തലയിണകളും അല്ലായിരുന്നു എന്ന് അവരാരും അറിഞ്ഞില്ല, അറിഞ്ഞാലും അവര്‍ക്ക് ചിരിയെ വരുമായിരുന്നുള്ളൂ, കാരണം മിക്കവര്‍ക്കും പുതപ്പും തലയിണയും എല്ലാം വെറും വസ്തുക്കള്‍ ആണ്, ജീവനില്ലാത്ത വസ്തുക്കള്‍,ജീവനുള്ളവര്‍ തന്നെ ഇവിടെ പരസ്പ്പരം സ്നേഹിക്കുന്നില്ല,
പക്ഷെ അമ്മൂമ്മ മരിച്ച ശേഷം ,എത്രയോ ഇടവപ്പാതി രാത്രികളില്‍ യക്ഷിയെപ്പോലെ തല മുടി അഴിച്ചിട്ടാടുന്ന തെങ്ങുകളില്‍ നിന്നും എന്നെ രക്ഷിച്ച ആ പുതപ്പിനെ ,എന്റെ എത്രയോ സ്വപ്‌നങ്ങള്‍ പങ്കു വെച്ച, അച്ഛന്റെ അടി കൊണ്ട് പൊട്ടിയ കാലുകള്‍ തടവി കിടന്നു പൊഴിച്ച കണ്ണുനീര്‍ മുഴുവന്‍ എത്രയോ കാലം ഏറ്റുവാങ്ങിയ ആ തലയിണകളെ , എല്ലാം ഞാന്‍ ഇന്നും ഓർക്കുന്നു , ഇന്നും മനസ്സിൽ നഷ്ട്ടമായി തന്നെ അവ നില നിൽക്കുന്നു.എവിടെ ആയിരിക്കും അവ എന്ന് വെറുതെ ആലോചിക്കുന്നു.
പലപ്പോഴും അത്തരം ചിന്ത ഒരു പരാജയം ആണെന്ന് ഞാന്‍ പിന്നീടു മനസ്സിലാക്കി, ചില ക്ലാസ്സുകളില്‍ നിന്ന് പ്രതീക്ഷിക്കാതെ കൂട്ടുകാര്‍ പിരിഞ്ഞു പോകുമ്പോഴും,അടുത്തുള്ള വാടക വീടുകളില്‍ നിന്നും പ്രിയപ്പെട്ട അയല്‍ക്കാര്‍ മാറി പോകുമ്പോഴും ഒക്കെ ഞാന്‍ ഉറക്കെ കരയുമായിരുന്നു, അപ്പോഴും പലരും ചിരിക്കും, കളിയാക്കും,ഈ കുട്ടി എന്താ ഇങ്ങനെ എന്ന്,
വളര്‍ന്നു വലുതായപ്പോഴും ആ കുട്ടി ഉള്ളില്‍ എവിടെയോ ഉണ്ട് എന്നുള്ളതാണ് സത്യം ,ഒരു വ്യത്യാസം എന്താണെന്നു വെച്ചാല്‍ ഇപ്പോൾ വികാരങ്ങള്‍ ഉള്ളില്‍ തന്നെ ഒതുക്കാന്‍ പഠിച്ചു എന്നതാണ്. ഇപ്പോഴും ഞാന്‍ ലോകത്ത് എല്ലാരേയും നൂറു ശതമാനം വിശ്വസിക്കുന്നു, അവര്‍ പറയുന്നത് മുഖ വിലക്കെടുക്കുന്നു,എത്ര തവണ വീണാലും നടക്കാന്‍ പഠിക്കാത്തത് ശെരിക്കും ഒരു വലിയ തെറ്റാണ് ,അതെനിക്ക് നന്നായി അറിയാം,
കുറേക്കാലം മുന്‍പ് റെയിൽവേ യിൽ നിന്നും ലീവ് എടുത്ത് ടെക്നോ പാര്‍ക്കില്‍ അനിമേഷന്‍ കമ്പനി നടത്തുന്ന കാലം, ഒരു സുഹൃത്തിന്റെ വര്‍ക്ക്‌ ഞാന്‍ ഏറ്റെടുത്തു, ബാല്യ കാല സുഹൃത്താണ്‌,അത് കൊണ്ട് തന്നെ ഒരു കരാര്‍ പോലും വെച്ചില്ല, ശ്യാമ ചോദിച്ചു,
കരാര്‍ വെക്കുന്നതല്ലേ ബുദ്ധി, ബന്ധങ്ങളും പണവുമായി കൂട്ടിക്കുഴയ്ക്കണോ ?
ഞാന്‍ പറഞ്ഞു നീ എന്തറിഞ്ഞു? ഞങ്ങള്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നവരാണ് ,ബന്ധങ്ങള്‍ തന്നെയാണ് പ്രധാനം, കരാറുകള്‍ അല്ല,
ഒടുവില്‍ ആ വര്‍ക്ക്‌ തീര്‍ന്ന ദിവസം എന്തോ ചെറിയ പ്രശ്നം പറഞ്ഞ് പിണക്കം അഭിനയിച്ച് ആ സുഹൃത്ത് എന്റെ ഒരു സഹപ്രവര്‍ത്തകന്‍ വഴി ആ വര്‍ക്ക്‌ മുഴുവന്‍ പൈസ തരാതെ കൊണ്ട് പോയി, ആറു മാസത്തെ പ്രയത്നം, പോയത് ഒന്‍പതു ലക്ഷം രൂപ,അതോടെ കമ്പനി പൊളിഞ്ഞു, ബിസിനസ്സിനു കൊള്ളാത്തവന്‍ എന്ന പേരുമായി ഞാന്‍ തിരികെ റെയില്‍വേയില്‍ ജോയിന്‍ ചെയ്തു, പഴയ കഥ ആണ്,
പക്ഷെ പണം പോയതിനെക്കളും കൂടുതല്‍ എന്നെ ഇപ്പോഴും വിഷമിപ്പിക്കുന്നത് റോഡില്‍ വെച്ച് കാണുമ്പൊള്‍ ഞാന്‍ എന്തോ തെറ്റ് ചെയ്തു എന്ന രീതിയില്‍ മുഖം തിരിച്ചു പോകുന്ന ആ കൂട്ടുകാരനെ കാണുമ്പോഴാണ് ,പറഞ്ഞു വന്നത് വസ്തുക്കളോടുള്ള സ്നേഹം ആണല്ലോ, വസ്തുക്കള്‍ മാത്രമല്ല, ഞാന്‍ നടന്ന വഴികളെയും,ആ വഴിയില്‍ സ്ഥിരം കാണാറുള്ള മരങ്ങളെയും, ചെടികളെയും, പട്ടികളെയും പൂച്ചകളെയും എല്ലാം ഞാന്‍ സ്നേഹിക്കുന്നു,
അവയെല്ലാം വിട്ടു പുതിയ ഒരു സ്ഥലത്ത് പോകേണ്ടി വന്നാല്‍ എനിക്ക് കരയില്‍ പിടിച്ചിട്ട മീനിന്റെ അവസ്ഥ ആണ്,പലപ്പോഴും ജോലി സ്ഥലത്ത് നിന്ന് മുങ്ങി വന്ന് ഞാന്‍ ശ്യാമയുടെയും കുട്ടികളുടെയും അച്ഛന്റെയും അമ്മയുടെയും ഒക്കെ അടുത്ത് നിന്നിട്ടുണ്ട് , അത് കൊണ്ട് തന്നെ ജോലിയില്‍ കിട്ടേണ്ട ഉയര്‍ച്ച എനിക്ക് കിട്ടാതെയും പോയിട്ടുണ്ട്,
ദുബായ് മീഡിയ സിറ്റിയില്‍ ഒരു സ്ഥാപനത്തില്‍ കാര്‍ട്ടൂണിസ്റ്റ് ആയും പിന്നീട് അനിമേറ്റർ ആയുമൊക്കെ കിട്ടിയ അവസരം ഞാന്‍ വേറെ കാരണം പറഞ്ഞു നിരസിച്ചതും ഈ സ്ഥലവും എന്റെ പ്രിയപ്പെട്ടവരെയും വിട്ടു പോകാന്‍ ഉള്ള മടി കൊണ്ടാണ്,
ഈ പറഞ്ഞതിലൊന്നും എനിക്കൊരു ഖേദവും ഇല്ല,ഒരു ഖേദം പ്രകടിപ്പിക്കൽ പോസ്റ്റുമല്ല ഇത്, നേട്ടങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തിയാല്‍ പലര്‍ക്കും തോന്നിയേക്കാം ഒരു മണ്ടന്‍ ആണ് ഞാന്‍ എന്ന് , ജോലി ,കരിയര്‍ അങ്ങനെ പ്രധാനപ്പെട്ട എല്ലാം വെറും സ്ഥലം,അച്ഛൻ ,അമ്മ, ഭാര്യ ,മക്കൾ, സ്നേഹം ,പട്ടി പൂച്ച എന്നൊക്കെ സില്ലി കാര്യങ്ങള്‍ പറഞ്ഞു തള്ളിക്കളഞ്ഞ ഒരു മണ്ടന്‍ ,ശെരിയായിരിക്കാം,
ലോകത്തിന്‍റെ കണക്കില്‍ അതെല്ലാം ശെരിയായിരിക്കാം,പക്ഷെ എന്‍റെ മനസ്സില്‍ മറ്റൊരു കണക്കാണ് ഞാന്‍ സൂക്ഷിക്കുന്നത്, അതില്‍ ഈ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ആണ് എന്‍റെ നേട്ടങ്ങള്‍,
ഒരു രാത്രി ശംഖുമുഖത്തിരുന്ന് കുട്ടികളുമായി മഴ നനഞ്ഞതാവാം ,പത്തു കിലോ മാങ്ങ ഒരു ചാക്കില്‍ കെട്ടി ചുമന്നു സാമൽപട്ടിയിൽ നിന്നും ലീവ് കിട്ടാതെ മുങ്ങി ഗര്‍ഭിണി ആയ ശ്യാമക്ക് കൊണ്ട് വന്നു കൊടുത്തപ്പോള്‍ കിട്ടിയ ഒരു ചിരി ആവാം ,ഇപ്പൊ ഈ ഫേസ് ബുക്ക് കുടുംബത്തിലെ നിങ്ങൾ ഓരോരുത്തരും ആവാം,ആ സുഹൃത്ത് ബന്ധങ്ങൾ ആവാം
പിന്നെ നാക്കിലെ അസുഖം കാരണം സംസാരിക്കാൻ വയ്യാതെ മാമ്പഴക്കാലം ബുക്കിനെ പറ്റി ഫേസ് ബുക്ക് സുഹൃത്ത് സജയ് അച്ചുതന്റെ അമ്മ തന്ന ഒരു കുറിപ്പ് ആവാം,മറ്റൊരു സുഹൃത്ത്‌ റീന ബാബുവിന്റെ സുഖമില്ലാത്ത അമ്മ കാലങ്ങൾക്ക് ശേഷം മോന്റെ ബുക്ക് എന്നെ ചിരിപ്പിച്ചു എന്ന് പറഞ്ഞതാവാം, അടുത്ത ബുക്ക് ഉടനെ ഇറക്കണേ എന്ന് എന്നെ വിളിച്ച് പറഞ്ഞ അസംഖ്യം ആൾക്കാർ , എന്നും കാലത്തേ കിട്ടുന്ന ആരുടെ എങ്കിലും മെസേജ്, ചേട്ടാ, ചേട്ടന്റെ പോസ്റ്റുകൾ വായിച്ച് ഇപ്പൊ കാലത്തേ ഒരു പൊസിറ്റീവ് എനെർജി ആണെന്ന് പറയുന്ന അവരുടെ നിർവ്യാജ സ്നേഹം ഒക്കെ ആവാം, ആ കണക്കിലെ ഏറ്റവും വലിയ നേട്ടങ്ങള്‍,
ഒന്‍പതു ലക്ഷം ഒരു സുഹൃത്തിനു വേണ്ടി നഷ്ട്ടപ്പെടുത്തിയത് ആ പുസ്തകത്തില്‍ ഒരു നഷ്ട്ടമേ അല്ല , കിട്ടാതെ പോയ ലക്ഷങ്ങളും, ജോലിയിലെ പ്രൊമോഷനും ഒന്നും നഷ്ട്ടങ്ങള്‍ അല്ല, ഓരോ തവണ പൊഴിച്ച കണ്ണ് നീര്‍ തുള്ളികളിലും മധുരം ഞാന്‍ കാണുന്നു , ഒരു ബിസ്കറ്റ് പരസ്യത്തിലെ പോലെ ,ചെറിയ ഉപ്പു കലര്‍ന്ന മധുരം,
ആ കണ്ണുനീര്‍ ആണ് ഓരോ തവണയും എന്‍റെ മനസ്സ് കഴുകി വീണ്ടും വൃത്തിയാക്കുന്നത്, ഒരാള്‍ ചതിക്കുമ്പോള്‍, മുറിവേൽപ്പികുമ്പോൾ, വേണ്ടപ്പെട്ടതെന്തോ നഷ്ട്ടമാകുംപോള്‍ , ഏതെങ്കിലും ചെറിയ പ്രശ്നത്തിന് വേണ്ടി ആരെങ്കിലും വിട്ടു പോകുമ്പോള്‍ ഒക്കെ തോന്നുന്ന ആ ദേഷ്യം, നിരാശ ഒക്കെ കഴുകി കളയുന്നത് ആ കണ്ണുനീര്‍ തുള്ളികള്‍ ആണ് ,ഒന്ന് കരഞ്ഞാല്‍ മഷിത്തണ്ട് വെച്ച് തുടച്ച സ്ലേറ്റ്‌ പോലെ മനസ്സ് വീണ്ടും ശുദ്ധം ആവും, അടുത്തത് ആര്‍ക്കു വേണമെങ്കിലും ഒന്ന് കൂടെ കോറിയിട്ടിട്ടു പോകാന്‍ പാകത്തില്‍,
എന്താണെന്നറിയില്ല ഒരു കുഞ്ഞു കല്‍ക്കണ്ടത്തുണ്ടാണ് എനിക്ക് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ദൈവം തന്നത് ,ഒരു മഴത്തുള്ളി വീണ് അത് അലിഞ്ഞു പോയാലും,ഉറുമ്പ് കടിച്ചു വേദനിച്ചാലും അത് മാറ്റി പകരം ഒരു പാറക്കഷണം അവിടെ വെക്കാന്‍ ഈ ജന്മത്തില്‍ ഞാന്‍ തയ്യാറല്ല,അതിനു കൊടുക്കേണ്ടി വരുന്ന വില ഒരു പക്ഷേ എന്‍റെ ജീവിത വിജയം ആണെങ്കില്‍ പോലും

By: Ajoy Kumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo