Slider

പുനർജനി

0


By Anamika AAmi
എടാ അനൂപേ, ഇവിടെയെന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്
എന്താ വേസ്റ്റ് എടുക്കാൻ ആള് വന്നില്ലേ കുഞ്ഞേച്ചീ
ഒന്ന് പോടാ നീയിങ്ങനെ തമാശയും പറഞ്ഞ് അറബീനേം കെട്ടിപ്പിടിച്ചിരുന്നോ, ഇവിടെയെന്തൊക്കെയാ നടക്കുന്നതെന്നറിയോ, നിന്റെ ഭാര്യയുടെ അമ്മ ഇടക്കിടെ വരും എന്തോ ഒരു പൊതി അവൾക്ക് കൈമാറും പിന്നെ വാതിലടച്ചിട്ട് എന്തൊക്കെയോ സംസാരമാണ്
അവരമ്മയും മകളുമല്ലേ അതിനെന്താ കുഞ്ഞേച്ചീ
അറിയാത്ത പുള്ള ചൊറിയുമ്പോളറിയും ഞാൻ ഫോൺ വെക്കുവാ
........................................................
അമ്മേ ഇവിടെ പലർക്കും സംശയമുണ്ട്. നാത്തൂൻമാരെല്ലാം അർത്ഥംവച്ച് സംസാരിക്കുന്നു
മോളേ ഇത് മുടക്കിയാൽ പഴയത് പോലെ എങ്ങാനും സംഭവിച്ചാൽ
ഞാൻ അന്നേ പറഞ്ഞതല്ലേ കല്യാണത്തിന് മുമ്പേ എല്ലാം അവരോട് തുറന്ന് പറയണമെന്ന്
അങ്ങനെ തുറന്ന് പറയേണ്ട കാര്യം ഒന്നുമില്ലല്ലോ, ഇപ്പോൾ മൂന്നാല് കൊല്ലമായി വരുന്നുമില്ല
അനുവേട്ടനോട് അച്ഛൻ എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞത് കൊണ്ടാ ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത് തന്നെ, പക്ഷെ അനുവേട്ടൻ ഇന്നേ വരെ എന്നോട് അതേപ്പറ്റി ഒന്നും ചോദിച്ചിട്ടില്ല
മോള് അങ്ങോട്ട് അതേപ്പറ്റി ചോദിക്കരുത് അവനത് പ്രത്യേകം പറഞ്ഞിട്ടുണ്ട്
അമ്മയുടെ ഈ വെപ്രാളം കാണുമ്പോൾ അനുവേട്ടനോടും ഇതൊക്കെ മറച്ച് വച്ചാ കല്യാണം നടത്തിയതെന്ന് തോന്നും
സംഗതി സത്യമായതിനാൽ മകൾക്ക് മറുപടി നൽകാനാവാതെ ആ അമ്മ വീട്ടിലേക്ക് പോയി
...........................................................
ടാ അനൂപേ നീ അടുത്ത ഫ്ലൈറ്റിന് നാട്ടിലേക്ക് വരണം
എന്താ വല്യേച്ചി ഇങ്ങനെ, കൊച്ച് കുട്ടികളെപ്പോലെ ഞാൻ ലീവ് കഴിഞ്ഞ് പോന്നതല്ലേ ഒള്ളൂ
നിന്റെ ഈ വല്യേച്ചി മരിച്ചാൽ നിനക്ക് ലീവ് കിട്ടുമോ
അതിനിപ്പോൾ എന്താ ഉണ്ടായേ
നീ വേഗം വാ വന്നിട്ട് പറയാം പ്രശ്നം ഗുരുതരമാണ്
ഞാൻ ഒന്ന് അശ്വതിയെ വിളിക്കട്ടെ അവളുമായി എന്തേലും പ്രശ്നമണോ
അമ്മ മരിച്ചതിൽ പിന്നെ നിന്നെ വളർത്തി വലുതാക്കിയത് നിന്റെ ഈ പെങ്ങൻമാരാ എന്നിട്ടിപ്പോ ലീവ് എടുക്കണമെങ്കിൽ അവന് അവളോട് ചോദിക്കണം, കല്യാണം കഴിഞ്ഞപ്പോൾ നീ ആളാകെ മാറിപ്പോയി
കഴിഞ്ഞ തവണ രണ്ട് മാസത്തെ ലീവിന് വന്നിട്ട് ഒന്നര മാസവും പെണ്ണ് കാണൽ, അവസാനം നിങ്ങൾക്ക് മൂന്ന് പേർക്കും ബോധിച്ച പെണ്ണിനെയും കെട്ടി പോന്നിട്ട് ഒരു മാസം ആവുന്നതേയുള്ളൂ അതിന് മുമ്പ് ഇങ്ങനെയൊക്കെ പറഞ്ഞാലോ
അത് കൊണ്ട് തന്നെയാ വേഗം വരാൻ പറഞ്ഞത് പ്രശ്നം വഷളാക്കരുത് എത്തുന്നത് വരെ അവളെ വിളിക്കുകയും വേണ്ട
...................................................
ഹായ് അനുവേട്ടൻ, എന്താ ഒരു മുന്നറിയിപ്പുമില്ലാതെ
ഓ എനിക്ക് സർപ്രൈസ് തരാനണല്ലേ........
എന്താ അച്ചൂ ഇവിടെ പ്രശ്നം
എന്ത് പ്രശ്നം
അവൾക്കൊരു പ്രശ്നവുമില്ല നഷ്ടവുമില്ല ലാഭം മാത്രമല്ലേ ഒള്ളൂ, ഞങ്ങൾക്കാണ് പ്രശ്നം
വല്ല്യേച്ചി എന്താ പറഞ്ഞ് വരുന്നേ
ആരുടെ വല്യേച്ചി, ഞങ്ങളെ നീയും നിന്റെ വീട്ടുകാരും കൂടി ചതിച്ചില്ലേ, അപസ്മാരമുള്ള പെണ്ണിനെ ഞങ്ങളുടെ ചെക്കന്റെ തലയിൽ എല്ലാവരും കൂടി കെട്ടിവെച്ചില്ലേ
അപസ്മാരമോ
അതേടാ ഇടയ്ക്കിടെ ചുഴലി വന്ന് വീഴുന്ന പെണ്ണാ ഇവള് ,നമ്മൾ ഇനിയും വൈകിയിട്ടില്ല ഈ തെറ്റ് തിരുത്താൻ
അച്ഛൻ അനുവേട്ടനോട് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞിട്ടാ ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത്
അപ്പോൾ ആ ചതിയൻ നിന്നെയും ചതിച്ചു. അയാൾ വരുന്നുണ്ട് നീ ഇവിടുത്തെ പൊറുതി മതിയാക്കി പൊക്കോ
ചേച്ചീ ഇതൊക്കെചികിത്സിച്ചാൽ മാറുന്നതല്ലേ
പറ്റില്ല അനൂ, ഇവിടെ ഒരു രോഗം മാത്രമല്ല പ്രശ്നം വലിയ ചതി അല്ലേ ചെയ്തത്,ഇനി നീ ഞങ്ങളെ ധിക്കരിച്ച് ഇവളെ സ്വീകരിച്ചാൽ എന്റെ ശവം നീ കാണും
പറ്റില്ല അനൂ നമുക്കീ ബന്ധം വേണ്ട, നിങ്ങൾക്കൊരു കുഞ്ഞുണ്ടായാൽ അതിനും ഈ രോഗം വരാൻ സാധ്യത ഉണ്ട്, കുഞ്ഞേച്ചിക്കറിയാം എന്റെ മോൻ ഞങ്ങൾ പറയുന്നത് കേൾക്കുമെന്ന്
..........................................
നല്ല കുടുംബത്തിലെ ചെക്കനെ കണ്ടപ്പോൾ മതി മറന്നു പോയല്ലേ ചതിയാ
വല്ല്യേച്ചിയുടെ നിയന്ത്രണം വിട്ടു
മോനേ അനൂ ചതിച്ചതൊന്നുമല്ല, ഇപ്പോൾ ഒരു പാട് നാളായിട്ട് അവൾക്ക് ഈ അസുഖം വന്നിട്ടില്ല ഒരച്ഛന്റെ സ്വാർത്ഥതയായി കണ്ട് ക്ഷമിച്ചൂടേ.....
ചില നേരത്തെ മൗനത്തിന് വാക്കുകളേക്കാൾ ഹ്യദയത്തെ കീറി മുറിക്കാൻ കഴിവുണ്ടെന്ന് അനുവേട്ടൻ തെളിയിച്ചു.
അച്ഛന്റെ കണ്ണീരും അനുവേട്ടന്റെ നിർവികാരതയും എന്നെ ആകെ തളർത്തിക്കളഞ്ഞു. കണ്ണിലേക്ക് ഇരുട്ട് കയറുന്ന പോലെ. കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിലാണ്.
മിസ്റ്റർ അനൂപ് ,പേടിക്കാനൊന്നുമില്ല അശ്വതി ഗർഭിണിയാന്ന്
പെങ്ങൻമാരെ ഇതേവരെ ധിക്കരിക്കാത്ത അനുവേട്ടൻ യാതൊരു ഭാവവ്യത്യാസവും കൂടാതെ ഈ വാർത്ത സ്വീകരിച്ചു. എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ മുറിക്ക് പുറത്തേക്ക് പോയി.
സ്വന്തം മകൾക്ക് ഒരു ജീവിതം കിട്ടാനായി അച്ഛൻ കാണിച്ച സ്വാർത്ഥതയെ ചതി എന്ന് മുദ്രകുത്തുന്നവർ പോട്ടെ.ഈ പുതു ജീവനെപ്പോലും കാണാതെ തിരിഞ്ഞ് നടന്നവർ അകലട്ടെ. ഇനി ഞാൻ അനുവേട്ടന് വേണ്ടി കണ്ണീരൊഴുക്കില്ല, കരഞ്ഞാൽ അതൊരു തോൽവി ആയിപ്പോകും.
......................::...............
വലത് കൈ നഷ്ടപ്പെട്ട ഇവന് ഇനി ആര് പെണ്ണ് കൊടുക്കാനാ
വല്യേച്ചി കണ്ണീർ തുടച്ച് കൊണ്ട് അനൂപിന് കഞ്ഞി കൊടുക്കുന്നതിനിടയിൽ പറഞ്ഞു
എന്നാലും എന്റെ മോനേ ഇത്രയും എക്‌സ്പീരിയൻസ് ഉള്ള നിന്റെ കൈ എങ്ങനാടാ കട്ടിങ്ങ് മെഷീന്റെ ഉള്ളിൽ പോകുന്നത്
അതെല്ലാം വിധിയാണ് കൊച്ചേച്ചീ
നമുക്ക് അച്ചുവിനെപ്പോയി വിളിച്ചാലോ, ഇവനെങ്ങനെയാ ഈ അവസ്ഥയിൽ ഒറ്റക്ക്.അനൂപേ എന്താ നിന്റെ അഭിപ്രായം
എനിക്ക് അന്നും ഇന്നും നിങ്ങളുടെ അഭിപ്രായമല്ലേ എന്റെ അഭിപ്രായം. കുഞ്ഞേച്ചീ അവൾ വരുമോ
വരും, അവൾക്ക് നീ എന്ന് വച്ചാ ജീവനാ പോരാത്തതിന് നമ്മുടെ ചോരയും അവളുടെ വയറ്റിൽ വളരുന്നില്ലേ
ഓഹോ അതൊക്കെ എന്റെ മൂന്ന് പെങ്ങൻമാർക്കും ഓർമയുണ്ടോ
മകളുടെ ജീവിതത്തിന് മുമ്പിൽ അവളുടെ അച്ഛൻ സ്വാർത്ഥനായത് പോലെ നിന്റെ കാര്യത്തിൽ ഞങ്ങളും സ്വാർത്ഥത കാട്ടി, അതിന് മാപ്പ് പറഞ്ഞ് അശ്വതിയെ കൂട്ടിക്കൊണ്ട് വരാൻ പോകുവാ
.......................................................
ഞാൻ നിന്നെ ഉപേക്ഷിക്കാനൊരുങ്ങിയിട്ട് പോലും നിനക്കെങ്ങനെയാണച്ചൂ തിരികെ വരാൻ കഴിഞ്ഞത്, എന്നെ ഇത്രയും സ്നേഹിക്കാൻ കഴിയുന്നത്
പെണ്ണുങ്ങൾ അങ്ങനെയാണ് അനുവേട്ടാ താലികെട്ടിയ പുരുഷൻ എന്ത് തെറ്റ് ചെയ്താലും അവർ ക്ഷമിക്കും, ഏട്ടൻ കണ്ടിട്ടില്ലേ, ഭർത്താവിന് പരസ്ത്രീ ബന്ധം ഉണ്ടെന്നറിഞ്ഞാൽ പോലും അത് സ്വന്തം കഴിവ് കേട് കൊണ്ട് സംഭവിച്ചതാണെന്ന് പറഞ്ഞ് ഒന്നിച്ച് ജീവിക്കുന്ന സ്ത്രീകൾ വരെ നമ്മുടെ നാട്ടിലുണ്ട്,
അങ്ങനെയൊക്കെചിന്തിക്കാൻ പെണ്ണിന് മാത്രമേ പറ്റൂ, അത്രയൊന്നുമില്ലല്ലോ നമ്മുടെ കാര്യം
ശരിയാ ,സ്ത്രീകൾ പൊട്ടിക്കരഞ്ഞ് ദു:ഖിക്കുമ്പോൾ
മൗനത്തെക്കൂട്ടുപ്പിടിച്ച് ഉള്ള് വെന്തുരുകുന്നവരാണ് പുരുഷൻമാർ. സ്വന്തം പെങ്ങൻമാർ ഭാര്യയെ സ്നേഹിക്കാനായി വലം കൈ ഉപേക്ഷിച്ച ആണിനെപ്പറ്റി കേട്ടിട്ടുണ്ടോ
അനുവേട്ടാ........
നീ എന്തിനാ കരയുന്നത്, എന്റെ പെണ്ണ് വലം കൈ ആയി കൂടെയുള്ളപ്പോൾ എനിക്കെന്തിനാ വലം കൈ..............
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo