നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശമ്പളം എവിടെ ഭർത്താവേ..?



Image may contain: 2 people, selfie and closeup
*******************************
ചെറുകഥ.
Written By : ബിൻസ് തോമസ്.
-------------------------------------------------
അഞ്ചക്ക ശമ്പളം ഉള്ള ഒരു പാവം സർക്കാർ ജീവനക്കാരനാണ് സണ്ണി.പാവം ഭർത്താവിന്റെ പാവം ഭാര്യ.. അഞ്ജു. രണ്ട് മക്കൾ. പന്ത്രണ്ട് വയസ്സുകാരി ആൻസിയും, പത്തു വയസ്സുകാരൻ ജെയ്ബിയും.
അഞ്ചക്കത്തിൽനിന്നും, ആറക്കത്തിലേക്ക് വേതനവർധനവിനു കാരണമായി സണ്ണിക്ക് ഒരു പ്രമോഷൻ. കൂടെ ജോലി ചെയ്യുന്നവർക്ക് പാർട്ടി കൊടുക്കേണ്ടത് ഒരു മര്യാദ.
ചിക്കൻ ബിരിയാണിയും, അച്ചാറും, ചള്ളാസും, പപ്പടവും.., പിന്നെ അൽപ്പം സന്തോഷത്തിന്റെ പേരിൽ രണ്ട് കുപ്പിയും.അഞ്ജു നല്ല പൊളപ്പൻ ബിരിയാണി ഉണ്ടാക്കും. സണ്ണിയും, കൂട്ടുകാരും ആഘോഷിക്കുമ്പോൾ അഞ്ജു തനിയേ കഷ്ട്ടപ്പെട്ടു അടുക്കളയിൽ.
പിറ്റേന്ന് സണ്ണിക്ക് നേരം വെളുത്തപ്പോൾ മണി പത്തു കഴിഞ്ഞു.
എഴുന്നേറ്റു ബാത്റൂമിലേക്ക് നടക്കുമ്പോൾ കെട്ടു വിട്ടിട്ടില്ലന്ന് സണ്ണിക്ക് തോന്നി. നല്ല തലവേദനയും.
രാവിലെ ഒരെണ്ണം കൂടി വിട്ടാൽ തലവേദന മാറും.പക്ഷേ ഒരു തുള്ളി പോലും ഇല്ല. പിന്നെയുള്ള പരിഹാരത്തിനു വേണ്ടി അയാൾ വിരലുകൾ വായിലേക്ക് കടത്തി. വയറ്റിൽ ഉള്ളതും കൂടി പോയിക്കഴിഞ്ഞപ്പോൾ വിശപ്പിന്റെ ഏങ്ങിക്കരച്ചിൽ മാറ്റാനായി തീൻമേശക്ക് മുൻപിലിരുന്നു സണ്ണി നീട്ടി വിളിച്ചു.
"അഞ്ചൂസേ !!!.
നീട്ടിവിളി ഉച്ചത്തിൽ വിളി ആയി. പിന്നെ ദേഷ്യത്തിൽ വിളിച്ചു. പക്ഷേ അഞ്ചൂസ് വിളി കേട്ടില്ല., പകരം മക്കൾ മുന്നിൽ വന്നു.
"എന്തിയേടീ അമ്മ "?.
"അമ്മ ആ മുറിയിൽ കിടപ്പുണ്ട് ".
"എന്ത് പറ്റി അമ്മക്ക്? ".
"ഒന്നും പറ്റിയില്ല ".
"പിന്നെ? " .
സണ്ണി എഴുന്നേറ്റ് അടുത്ത മുറിയിലെ പാതി ചാരി ഇട്ടിരുന്ന കതക് തുറന്നു കൊണ്ട് വിളിച്ചു.
"അഞ്ചൂസേ !!".
സണ്ണി നോക്കുമ്പോൾ അഞ്ചു കമന്നു കിടന്നു മൊബൈലിൽ വിരൽ ഓടിച്ചു കളിക്കുന്നു. ദേഷ്യം വന്ന സണ്ണി അഞ്ജുവിന്റെ ചന്തിക്ക് മേലേ ഒന്ന് പിടപ്പിച്ചു.
"ദേ.. ഇത് ഏതാ വകുപ്പ് എന്നറിയാമോ?,
ശാരീരിക പീഡനം. ഞാൻ വനിതാ കമ്മീഷനിൽ വിളിച്ചു പറഞ്ഞാൽ നിങ്ങൾ അകത്തു കിടക്കും ".
ഇവൾക്കെന്താ പറ്റിയത്? സണ്ണി രാവിലെ അഞ്ജുവിന്റെ വായിൽ നിന്നും കേട്ടത് മനസ്സിലാകാതെ നിന്നു. അതോ.. തനിക്കു ഇന്നലത്തെ പൂസ് ഇറങ്ങിയില്ലേ?.
"ഇത് അഞ്ജു സണ്ണി അല്ലേ? ".
സണ്ണി വിനീത ഭാവത്തിൽ ചോദിച്ചു.
"അതിന് മാറ്റം ഒന്നും ഇല്ല."
അഞ്ജു ഗൗരവത്തിൽ പറഞ്ഞു.
ഇനി തനിക്കു വീടെങ്ങാനും മാറിപ്പോയോന്നായിരുന്നു സംശയം. അതില്ല !!!. സണ്ണിക്ക് സമാധാനം ആയി.
"ഞാൻ നിന്നെ കുറേ നേരമായി വിളിക്കുന്നു. നീയെന്താ വിളി കേൾക്കാതിരുന്നത്? ".
"തീൻ മേശയുടെ മുന്നിലിരുന്ന് കഴിക്കാൻ എടുത്ത് തരാൻ അല്ലേ എന്നേ വിളിച്ചത്? ".
"അതേ. അതിനാ വിളിച്ചത് ".
"ഞാൻ അടുക്കള ജോലി നിറുത്തി. അടുക്കള ജോലി മാത്രം അല്ല.,ഈ വീട്ടിലേ എല്ലാ ജോലിയും ഇന്നലെ പത്തുമണികൊണ്ട് അവസാനിപ്പിച്ചു ".
"കാരണം എന്താണാവോ?, വേറെ വീട്ടിൽ ജോലി കിട്ടിയോ നിനക്ക്? ".
മറുപടി ആയി ഒരു പത്രത്തിന്റെ വെട്ടിയെടുത്ത വാർത്ത അഞ്ജു സണ്ണിക്ക് നേരേ നീട്ടി.
'വരുമാനമില്ലാത്ത ഭാര്യക്ക് വീട്ടിലെ ജോലികൾ ചെയ്യുന്നതിന് ശമ്പളം കൊടുക്കാൻ ഭർത്താവ് ബാദ്ധ്യസ്ഥനാണ് എന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.ഡൽഹിയിലേ ഒരു വീട്ടമ്മ തന്റെ ഭർത്താവിൽ നിന്നും ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച കേസിലാണ് കോടതിയുടെ ഉത്തരവ്. '
വായിച്ചു കഴിഞ്ഞ് സണ്ണി അഞ്ജുവിന്റെ മുഖത്തേക്ക് നോക്കി.
"ഞാൻ പത്തു ദിവസത്തിന് മുൻപേ സൂചിപ്പിച്ചിരുന്നു . കഴിഞ്ഞ മാസം തീർന്നു. ഇന്ന് രണ്ടാം തിയതി.ശമ്പളം ഇല്ലാതെ ജോലി ചെയ്യണ്ട എന്ന് ഞാൻ അങ്ങ് തീരുമാനിച്ചു. കഴിക്കാൻ ഒന്നും ഉണ്ടാക്കിയില്ല ".
സണ്ണി തന്റെ താടിയിൽ ഒന്ന് തടവി. ഒന്നും മിണ്ടാതെ പതിയേ തിരിഞ്ഞു നടന്നു. വാതിലിന് പുറത്ത് എല്ലാം കേട്ടുകൊണ്ട് മക്കൾ നിൽപ്പുണ്ട്.
"നിങ്ങൾ വല്ലതും കഴിച്ചായിരുന്നോ? ".
"ഇല്ല ".
"എന്നാൽ വാ ".
വീടിനടുത്തുള്ള കൃഷ്ണന്റെ കടയിൽ നിന്നും കാപ്പി കുടിച്ചിട്ട് മൂന്ന് പേരും പുറത്തേക്കു ഇറങ്ങി.മക്കളിൽ ആരെങ്കിലും അമ്മക്ക് വാങ്ങിക്കണ്ടേ എന്ന് ചോദിക്കുമെന്ന് സണ്ണി വിചാരിച്ചെങ്കിലും അതുണ്ടായില്ല.
------------------------------------------------------------
സണ്ണി ഓഫീസിൽ പോകാനായി വീട്ടിനുള്ളിൽ കൂടി ഓടി നടക്കുന്നത് അഞ്ജു അറിയുന്നുണ്ടായിരുന്നു. സാധാരണ അഞ്ചുസേ എന്ന് നൂറ് വട്ടം വിളിക്കും.ആൾക്ക് എല്ലാം കയ്യിൽ എടുത്തു കൊടുക്കണം.ഷർട്ട് എങ്ങനെ തേച്ചു വെച്ചാലും ഇടുന്നതിനു മുൻപ് ഒന്നുകൂടി തേച്ചു കൊടുക്കണം. താൻ രാവിലെ വിളിക്കാതിരുന്നതിനാൽ ഇന്ന് എഴുന്നേറ്റതും താമസിച്ചാണ്. എന്തൊക്കെ ചെയ്തു കൂട്ടിയോ ആവോ?. വിഷമം തോന്നിയെങ്കിലും അഞ്ജു കണ്ണടച്ച് അനങ്ങാതെ കിടന്നു.
സണ്ണി ഓഫിസിൽ പോയിക്കഴിഞ്ഞപ്പോൾ അഞ്ജു എഴുന്നേറ്റു. ശനിയാഴ്ച ആയതിനാൽ മക്കൾക്ക്‌ സ്കൂളിൽ പോകണ്ട.അത് കൂടി കണക്കുകൂട്ടിയിട്ടാണ് ഈ അഭിനയം ശനിയാഴ്ച്ച പ്ലാൻ ചെയ്തത്.
മക്കൾ രണ്ട് പേരും പഠിത്തത്തിൽ ആണ്. T V വെച്ചിട്ടുള്ളതിനാൽ ശ്രദ്ധ കൂടുതൽ അങ്ങോട്ടാണ്.പഠിക്കുമ്പോൾ T V വെക്കാൻ താൻ ഒരിക്കലും സമ്മതിക്കാറില്ല. ഇന്ന് താൻ മുന്നിൽ വന്നിരുന്നിട്ടും രണ്ടിനും ഒരു കുലുക്കവും ഇല്ല. അഞ്ജു റിമോട്ട് എടുത്തു T V ഓഫ്‌ ചെയ്തു. രണ്ടും കണ്ണിൽ, കണ്ണിൽ നോക്കിയിട്ട് പുസ്തകത്തിലേക്ക് മുഖം കുനിച്ചു.
"നിങ്ങൾ എന്തെങ്കിലും കഴിച്ചോ? ".
സണ്ണിയുടെ കൂടെ പുറത്ത് പോയി അവർ കഴിച്ചെന്നു അറിയാമായിരുന്നെങ്കിലും അഞ്ജു ചോദിച്ചു.
"അമ്മ എന്തിനാ T V ഓഫ്‌ ചെയ്തത് ?, ഇത് അച്ഛൻ മേടിച്ച T V യാ. "
അഞ്ജു ഒന്നും മിണ്ടിയില്ല. മകനാണ് അത് ചോദിച്ചതെങ്കിൽ അഞ്ജുവിന് ഇത്ര വിഷമം ഉണ്ടാകുമായിരുന്നില്ല.മക്കൾ വഴി തെറ്റി പോകുമോന്നുള്ള പേടി കാരണം ചെറിയ തെറ്റുകൾക്കു പോലും വഴക്ക് പറഞ്ഞും, അടി കൊടുത്തുമൊക്കെ ആണ് താൻ അവരേ വളർത്തിയത്.അവർ കരയുമ്പോൾ തന്റെ നെഞ്ചുരുകുമെങ്കിലും അത് അവരുടെ മുന്നിൽ താൻ കാണിച്ചിട്ടില്ല. എന്നും വൈകിട്ടു സണ്ണി വരുമ്പോൾ ഒരു കുന്ന് പരാതി കാണും മക്കൾക്ക്‌ അമ്മയേക്കുറിച്ചു പറയാൻ. അതൊക്കെ കേട്ടു സണ്ണി തന്നെ വഴക്ക് പറയും.അപ്പോഴാണ് മക്കളുടെ മുഖം തെളിയുന്നത്.വിഷമം ഉണ്ടാകുമെങ്കിലും മക്കളുടെ ചിരി കാണുമ്പോൾ അതെല്ലാം താൻ മറന്നു കളയും. സ്നേഹമുള്ള അച്ഛനോടായിരുന്നു മക്കൾക്ക്‌ കൂടുതൽ ഇഷ്ടം. അടിക്കുകയും, വഴക്ക് പറയുകയും ചെയ്യുന്ന അമ്മ പലപ്പോഴും അവർക്ക് ശത്രു ആയിരുന്നു. പക്ഷേ മകൾ താൻ പറയുന്നത് ഒക്കെ മനസ്സിലാക്കുന്നുണ്ടന്നായിരുന്നു തന്റെ ധാരണ. അവളാണ് ഇപ്പോൾ തന്നോട് കയർത്തു സംസാരിച്ചത്.മക്കളുടെ മുന്നിൽ നിന്നാൽ കരയുമെന്ന് തോന്നിയപ്പോൾ അഞ്ജു മുറിയിൽ കയറി കട്ടിലിലേക്ക് വീണു.
വൈകിട്ടായപ്പോഴേക്കും അഞ്ജു എഴുന്നേറ്റ് അടുക്കളയിൽ കയറി. എപ്പോഴും താനാണ് തോൽക്കാറ്.ഇതും അങ്ങനെ തന്നെ ആകട്ടെ. ഒന്നും അല്ലേലും തന്റെ മക്കൾക്കും കെട്ടിയോനും വേണ്ടിയല്ലേ.സാരമില്ല എന്ന അഞ്ജു വിചാരിച്ചു.
രാത്രിയിലേക്കുള്ള ആഹാരം ഉണ്ടാക്കിയതിന് ശേഷം, നല്ല വിശപ്പുണ്ടെങ്കിലും സണ്ണി കൂടി വന്നിട്ട് ഒരുമിച്ചിരുന്നു കഴിക്കാം എന്ന് അഞ്ജു ഓർത്തു. നല്ല ക്ഷീണം തോന്നിയതിനാൽ കട്ടിലിൽ കയറി കുറച്ചു നേരം കിടന്നു.
മയങ്ങിപ്പോയ അഞ്ജു വണ്ടിയുടെ ശബ്ദം കേട്ടാണ് ഉണർന്നത്. കണ്ണ് തിരുമ്മി എഴുന്നേറ്റ് വന്ന അഞ്ജു കണ്ടത് കാർ ഗേറ്റ് കടക്കുന്നതാണ്. അഞ്ജു അവിടെല്ലാം നോക്കി. മക്കളും ഇല്ല. അച്ഛനും, മക്കളും കൂടിയാണ് പുറത്തേക്കു പോയത്. പുറത്ത് നിന്നും കഴിക്കാനായിരിക്കുമോ അവർ പോയത് ?, മക്കൾ കണ്ടതാണല്ലോ താൻ ഭക്ഷണം ഉണ്ടാക്കുന്നത്. അഞ്ജുവിന് പിന്നെയും സങ്കടം തോന്നി. കസേരയിലേക്കിരുന്ന് അവൾ കരഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോൾ അച്ഛനും, മക്കളും വന്നു. അഞ്ജു എഴുന്നേറ്റപ്പോഴേക്കും സണ്ണി മുന്നിൽ വന്നു നിന്ന് കുറേ നോട്ടുകൾ അഞ്ജുവിന്റെ നേരേ നീട്ടി.
"ഇത് പതിനയ്യായിരം രൂപ ഉണ്ട്. കഴിഞ്ഞ മാസത്തെ നിന്റെ ശമ്പളം.ഒരു വീട്ടുജോലിക്കാരിക്ക് മിനിമം കിട്ടുന്നതിൽ കൂടുതൽ ഉണ്ട് ഇത്. "
"സണ്ണിച്ചാ ഞാൻ .. "
അഞ്ജുവിനെ ബാക്കി പറയാൻ സണ്ണി അനുവദിച്ചില്ല.
"ആദ്യം ഞാൻ എനിക്ക് പറയാൻ ഉള്ളത് പറയട്ടെ. അതിന് ശേഷം അഞ്ജു സംസാരിക്കുക. "
സണ്ണിച്ചൻ ഇന്നുവരെ തന്നെ അഞ്ചൂസേ എന്നല്ലാതെ വിളിച്ചിട്ടില്ലന്ന് അവൾ ഓർത്തു.
സണ്ണി തുടർന്നു..
"ഈ ശമ്പളം എല്ലാ മാസവും അഞ്ജുവിനുണ്ടാകും. എനിക്കോ, മക്കൾക്കോ ഇന്ന് മുതൽ അഞ്ജു ഭക്ഷണം ഉണ്ടാക്കണ്ട. ഡ്രസ്സ്‌ കഴുകണ്ട. എനിക്കുവേണ്ടി ഒന്നും ചെയ്യണ്ട. ഈ ശമ്പളം അഞ്ജുവിന്റെ ചിലവുകൾക്കുള്ളതാണ്.സാധനങ്ങൾ വാങ്ങിക്കാം, ഭക്ഷണം ഉണ്ടാക്കിയോ, പുറത്ത് നിന്നോ കഴിക്കാം. സാരി വാങ്ങാം, സ്വർണ്ണം വാങ്ങാം. അവനവന്റെ വരുമാനത്തിൽ നിന്നുകൊണ്ട് എന്തും ചെയ്യാം. കൂടുതൽ ആയി എന്ത് ചിലവുകൾ വന്നാലും എന്നോട് ചോദിക്കാൻ പാടില്ലെന്ന് ചുരുക്കം. പിന്നെ ഒരു കാര്യം കൂടി പറയാനുണ്ട്.
ശമ്പളം ഇല്ലന്നായിരുന്നല്ലോ അഞ്ജുവിന്റെ പരാതി. കഴിഞ്ഞ ഒരു മാസം അഞ്ജുവിന് മാത്രം ചിലവായത് ഏകദേശം ഞാൻ പറയാം.
മോഡൽ മാറ്റി മാല എടുത്തപ്പോൾ ഇരുപത്തി ഒന്നായിരം രൂപ. ആടിമാസം ഡ്രസ്സ് എടുക്കുമ്പോൾ ലാഭം ഉണ്ടന്ന് പറഞ്ഞ് വാരിക്കൂട്ടിയ സാരിക്കെല്ലാം കൂടി പതിനേഴായിരം, അഞ്ജുവിന്റെ അമ്മയുടെ അനിയത്തിയുടെ, മകളുടെ മകൾക്ക് എല്ലാവരുടെയും മുന്നിൽ കയറാൻ പിറന്നാൾ സമ്മാനം കൊടുത്തത് ഒരു പവൻ.. ഇരുപത്തി അയ്യായിരം രൂപ. പിന്നെ വേറെ പണിയൊന്നും ഇല്ലാത്ത മഹിളാമണികളുടെ കൂടെ കറങ്ങി നടക്കാൻ ചിലവായത് വേറെ. ഇതിനൊന്നും ഞാൻ ഇതുവരെ ഒരു കണക്കും പറഞ്ഞിട്ടില്ല. ഇപ്പോൾ അഞ്ജു എന്നെക്കൊണ്ട് പറയിപ്പിച്ചതാ.ഇനി അഞ്ജുവിന് സംസാരിക്കാം ".
"എനിക്കൊന്നും പറയാനില്ല ".
അഞ്ജുവിന് ഭക്ഷണം കഴിക്കാൻ തോന്നിയില്ല. അവൾ മുറിയിലേക്ക് നടന്നു.അഞ്ജുവിനും വാശി തോന്നി. ഇത്ര ഒക്കെ കണക്കു പറഞ്ഞ സണ്ണിച്ചനോട് തോറ്റ് കൊടുക്കരുതെന്ന് അഞ്ജു തീരുമാനിച്ചു.
ദിവസങ്ങൾ കടന്നുപോകുന്തോറും ബന്ധങ്ങളുടെ അകലം കൂടിയതേ ഉള്ളൂ..
ഒരു കുടുംബത്തിന്റെ തകർച്ചയുടെ തുടക്കം അവിടെ ആരംഭിച്ചു.
------------------------------------------------------------
"എട്ടു മാസമോ..? "
അഞ്ജു പറഞ്ഞ കഥകളൊക്കെ കേട്ടു കൊണ്ടിരിക്കുവായിരുന്ന കൊച്ചുമകൾ റിയ ചോദിച്ചു.
"അതേ..എട്ടു മാസം എടുത്തു ഞങ്ങളുടെ ഈഗോ അവസാനിക്കാൻ ".
"എന്നിട്ട് എങ്ങനെ ഇത് സോൾവ് ആയി. എന്തായിരുന്നു ഇതിന്റെ ഒരു ക്‌ളൈമാക്‌സ് ? ".
"നിന്റെ അമ്മക്ക് മാനസികമായി ചെറിയ പ്രശ്നം ഉണ്ടായി. പെട്ടന്ന് തല കറങ്ങി വീഴും. ആരോടും ഒന്നും മിണ്ടാതായി. നല്ല പോലെ പഠിച്ചു കൊണ്ടിരുന്ന അവൾ ഒന്നും പഠിക്കാതെയായി.സണ്ണിച്ചനും, ഞാനും തമ്മിലുള്ള പ്രശ്നങ്ങളാണ് അവളെ ആ വിധത്തിലാക്കിയതെന്ന് അറിയാൻ ഞങ്ങൾ പിന്നെയും വൈകി. ഉള്ളിൽ അടുക്കുവാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, ഞങ്ങളുടെ വാശി അതിനും മുകളിലായിരുന്നു.ഒടുവിൽ ആൻസിയുടെ അവസ്ഥയ്ക്ക് ഞങ്ങളായിരുന്നു കാരണക്കാരെന്നു മനസ്സിലായപ്പോൾ ക്ഷമിക്കാനും, ഒന്നിക്കാനും ഞങ്ങൾ തീരുമാനിച്ചു."
"ഇപ്പോൾ ഞാൻ ക്ഷമിക്കണമെന്നാണോ വല്യമ്മ പറയുന്നത് ? ".
"വേണം മോളേ !! ഞങ്ങൾക്ക് അന്ന് ഇങ്ങനെ പറഞ്ഞു തരാൻ ആരും ഇല്ലായിരുന്നു. പുതു തലമുറയിൽപ്പെട്ട എന്റെ കൊച്ചുമകൾ ഈ വല്യമ്മ പറഞ്ഞത് ഇത്രയും നേരം കേട്ടിരുന്നല്ലോ. അത് തന്നെ വലിയ ഭാഗ്യം. നീ നിന്റെ കെട്ടിയവനോട് പിണങ്ങി വന്നു ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട ഇന്ന് മൂന്നാമത്തെ ദിവസം. ഇനിയും താമസിക്കരുത്. ജീവിതം നമ്മളുടേതാണ്. നഷ്ടം നമ്മൾക്ക് മാത്രം. ഒന്ന് തോറ്റു കൊടുത്താൽ ജീവിക്കാൻ പഠിച്ചു എന്നർത്ഥം."
"എന്നാൽ ഞാനൊരു കാര്യം പറയാം. വല്യമ്മ പറഞ്ഞ് പകുതി ആയപ്പോളേ എനിക്ക് കരച്ചിൽ വരാൻ തുടങ്ങിയാരുന്നു. അപ്പോൾ തന്നെ സോറി പറഞ്ഞ് ഒരു മെസ്സേജ് ഞാൻ അയച്ചിട്ടുണ്ട് ".
എല്ലാം കേട്ടുകൊണ്ടിരുന്ന ആൻസി നിറകണ്ണുകളോടെ വന്നു അഞ്ജുവിനേയും, റിയയേയും കെട്ടിപ്പിടിച്ചു. അപ്പോൾ ഗേറ്റ് കടന്നു ഒരു കാർ മുറ്റത്ത്‌ വന്നു നിന്നു.
( അവസാനിച്ചു.)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot