നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

റേച്ചല്‍ വില്ല :വയലിന്‍ വായിക്കുന്ന പെണ്‍കുട്ടിയുടെ കഥ



*****************************************************************
പോലീസ് ക്ലബിലെ ഈ മുറിയില്‍ ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂറായി.വെളുത്ത നിറമുള്ള ഭിത്തികളുള്ള ഈ വലിയ മുറിയില്‍ ഒരു മേശയും രണ്ടു കസേരയും മാത്രമേ ഉള്ളു.പിന്നെ ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന വയലിന്‍ വായിക്കുന്ന പെണ്‍കുട്ടിയുടെ പെയിന്റിങ്ങും.ഇതേ ചിത്രം റേച്ചല്‍ വില്ലയിലുമുണ്ട്.എന്റെ പ്രതീക്ഷ ആ പെയിന്റിങ്ങിലാണ്.ഞാന്‍ എന്തിനു പ്രതീക്ഷിക്കണം?എന്തിനു ആശ്വസിക്കണം ?ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല.ഇത്തരം ചില സാധാരണ വാക്കുകള്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ നമ്മുടെ മനസ്സിലുണ്ടാക്കുന്നു.കനത്ത മഴയില്‍ വീട്ടിലെത്താന്‍ ഓടുന്ന സ്കൂള്‍ പെണ്‍കുട്ടിയെ പോലെയാണ് എന്റെ മനസ്സ്.കറുത്ത ഉരുളന്‍ കല്ലുകള്‍ക്കിടയിലൂടെ കുതിച്ചുവരുന്ന കലങ്ങിയ ചളിവെള്ളം..വെളുത്ത യൂണിഫോമില്‍ ചളി പിടിക്കാതിരിക്കാന്‍ ഒരു കല്ലില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നത് പോലെ ഒരു ചിന്തയില്‍ നിന്ന് മറ്റൊന്നിലേക്ക് പോവുകയാണ് മനസ്സ്.
ജനാലയില്‍ ആകാശത്തിന്റെ വെളുത്ത ചതുരം. നാല് തെങ്ങോലകള്‍ മേഘങ്ങളിലേക്ക് നോക്കിനില്‍ക്കുന്നു..ഒരു വലിയ ഓലയും മൂന്നു ചെറിയ ഓലയും..റേച്ചല്‍ മമ്മിയാണ് ആ വലിയ ഓല.പ്രിയങ്കയും പ്രതിഭയും പിന്നെ ഞാന്‍ ടീനയുമാണ് ആ കുഞ്ഞോലകള്‍.ആ തെങ്ങിന്റെ തലപ്പിന്റെ അരികിലൂടെ നാല് വെള്ള മേഘങ്ങള്‍ നിശ്ചലമായി നില്‍ക്കുന്നു.ആ വലിയ മേഘം റേച്ചല്‍മമ്മി.ബാക്കി മൂന്നു മേഘങ്ങള്‍ ഞങ്ങള്‍ മൂന്നു പേരാണ്.ആകാശനീല നിറമുള്ള ജനാലവിരിയിലും നാല് ഇലകളുടെ കൂട്ടങ്ങളാണ്.ഈ നാലിന്റെ കണക്ക് എല്ലായിടത്തുമുണ്ടായിരുന്നു.അതേക്കുറിച്ച് പോലീസുകാരോട് പറഞ്ഞെങ്കിലും അവര്‍ക്ക് ഒന്നും മനസ്സിലായില്ല.എന്നോട് സംസാരിക്കാന്‍ ഒരു ഡോക്ടര്‍ വരുമെന്ന് അവര്‍ പറഞ്ഞു.അതിനാണ് ഞാന്‍ കാത്തിരിക്കുന്നത്.
.അല്‍പ്പം കഴിഞ്ഞു വാതില്‍തുറന്നു അയാള്‍ അകത്തു വന്നു.നല്ല ഉയരമുള്ള വെളുത്ത ശരീരം..വെളുത്ത വരവരയന്‍ ഷര്‍ട്ടും കറുത്ത ജീന്‍സുമാണ് അയാള്‍ ധരിച്ചിരിക്കുന്നത്.അയാളുടെ ചുണ്ടില്‍ ചിരിയുണ്ട്.പക്ഷെ കണ്ണില്‍ ചിരിയില്ല.
.ഇയാള്‍ എന്നില്‍നിന്ന് എന്താണ് അറിയാന്‍ പോകുന്നത് ?ഞാന്‍ കാത്തിരിക്കുന്നത് രാത്രിയാവാനാണ്.രാത്രിയായാല്‍ റേച്ചല്‍ മമ്മി എന്ത് ചെയ്യണം എന്ന് പറഞ്ഞു തരും.ആശുപത്രിയിലെ മയക്കുമരുന്ന് കഴിച്ചുള്ള ഉറക്കമായിരുന്നത് കൊണ്ട് എനിക്ക് റേച്ചല്‍മമ്മിയെ കാണാന്‍ കഴിഞ്ഞില്ല.ഉറപ്പാണ്.റേച്ചല്‍ മമ്മി എന്നോട് പിണങ്ങിയിട്ടുണ്ട്.പ്രതിഭയയെയും പ്രിയങ്കയെക്കാളും മമ്മി സ്നേഹിച്ചത് എന്നെയാണ്..ചിന്തകള്‍ ഇവിടംവരെ എത്തുമ്പോള്‍ എന്റെ നിയന്ത്രണം വിടും.പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് ഓര്‍ക്കാന്‍ കഴിയില്ല.അങ്ങിനെയാണ് അവര്‍ എന്നെ ആശുപത്രിയില്‍ എത്തിച്ചത്.
കൈകള്‍ നെഞ്ചില്‍ പിണച്ചുവച്ച് അയാള്‍ എന്നെ നോക്കുന്നു.അപ്രതിക്ഷിതമായി ഒരു പന്തുരുട്ടി വിടുന്ന ലാഘവത്തോടെ അയാളുടെ ശബ്ദം എന്റെ നേര്‍ക്ക് വന്നു.
“ടീന, കാത്തിരുന്നു ബോറടിച്ചോ?”
*************************************************************************
ഞാന്‍ വരുമ്പോള്‍ അവള്‍ കൈകള്‍ക്കിടയില്‍ മുഖം ചേര്‍ത്ത് ജനാലയിലേക്ക് നോക്കിയിരിക്കുകയായിരുന്നു.പനി കാരണം സ്കൂളില്‍ പോകാതെ വഴിയില്‍ കണ്ണും നട്ടിരിക്കുന്ന ഒരു കുട്ടിയെപോലെ .മുറിയുടെ മങ്ങിയ വെളുപ്പ്‌ നിറം അവളുടെ മുഖത്തും.അവള്‍ എന്നെ നോക്കി ചിരിച്ചു.തീര്‍ത്തും നിഷ്കളങ്കമായ ചിരിയാണ്. ഇതളുകള്‍ വാടിയ ഒരു വെളുത്തറോസാപ്പൂവ് പോലെയുള്ള ഈ പെണ്‍കുട്ടി ഒരു കൊലപാതം ചെയ്തുവെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല..
റേച്ചല്‍ വര്‍ഗീസ്‌ എന്ന സ്ത്രീയുടെ വീട്ടിലെ താമസക്കാരായ മൂന്നു പെണ്‍കുട്ടികള്‍.പ്രിയങ്ക,പ്രതിഭ ,പിന്നെ ടീന.ആറു മാസം മുന്‍പ് റേച്ചല്‍ മരിച്ചു .
ഒരു മാസം മുന്‍പ് പ്രതിഭയും പ്രിയങ്കയും മരിച്ചു.ത്.പ്രതിഭയുടേത് ആത്മഹത്യയാണ്.പക്ഷെ പ്രിയങ്കയുടെ കഴുത്തില്‍ ടീനയുടെ വിരലടയാളങ്ങള്‍ കണ്ടു.മൂന്നു പേരും ഉറക്കഗുളികകള്‍ കഴിച്ചിരുന്നു.സ്വീകരണമുറിയില്‍ ഒരു വയലിന്‍ വച്ചിരുന്ന മേശക്ക് സമീപം ബോധമറ്റു കിടക്കുന്ന നിലയിലാണ് ടീനയെ കണ്ടെത്തിയത്.മാനസികനില തകര്‍ന്ന ടീനയില്‍ നിന്ന് പോലീസുകാര്‍ക്ക് ഒന്നും ലഭിച്ചില്ല.ഒരു തുറക്കാത്ത കെട്ടിടം പോലെ,ഓര്‍മ്മകള്‍ നഷ്‌ടമായ ടീനയുടെ മനസ്സ് പോലീസിനു മുന്‍പില്‍ വെല്ലുവിളിയായി.
അങ്ങിനെയാണ് അവര്‍ എന്റെ സഹായം തേടിയത്.
സൈക്കോളജിക്കല്‍ സര്‍ജറി.അവളുടെ മനസ്സിന്റെ ശസ്ത്രക്രിയ നടത്താനാണ് ഞാന്‍ വന്നിരിക്കുന്നത്.മൂന്നു സ്ത്രീകള്‍ മരണപ്പെട്ട റേച്ചല്‍വില്ലയില്‍ എന്താണ് സംഭവിച്ചത് ?
*************************************************************************
ഡോക്ടര്‍ എന്നെ നോക്കി ചിരിച്ചു.എന്റെ മനസ്സും മുഴുവന്‍ അയാള്‍ കാണുന്നത് പോലെ ..അയാളും ഇപ്പോള്‍ നോട്ടം ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുകയാണ്.ഭിത്തി ഒരു ചാരനിറമുള്ള ആകാശം പോലെയാണ്.എന്നെ നോക്കാതെ അയാള്‍ ചോദിക്കുന്നു.
“ടീന ഉറങ്ങാന്‍ നേരം ഭിത്തിയിലേക്ക് നോക്കാറുണ്ടോ ?”
“ഉണ്ട്.”
“ഞാനും നോക്കാറുണ്ട്.ഭിത്തിയിലെ പാടുകള്‍ ,നിഴലുകള്‍ ഒക്കെ ചേര്‍ന്ന് ചിലപ്പോള്‍ മനുഷ്യമുഖങ്ങള്‍പോലെ തോന്നാറുണ്ട്..ടീന അങ്ങിനെ കണ്ടിട്ടുണ്ടോ ?
“ഉണ്ട്.ചിലപ്പോള്‍ ആകാശത്തേക്ക് നോക്കുമ്പോഴും അങ്ങിനെ തോന്നാറുണ്ട്.”
“ആഹാ ..” അയാള്‍ ചിരിക്കുന്നു.
“ചിലപ്പോ കുതിരയുടെ ശിരസ്സ് ,ഒരു വൃദ്ധന്റെ താടി,ഒരു കൊട്ടാരത്തിന്റെ താഴികകക്കുടം അങ്ങിനെയൊക്കെ .പക്ഷെ ഞാന്‍ അതൊന്നും ആരോടും പറയാറില്ല.”
“എല്ലാവര്‍ക്കും അത്തരം രഹസ്യങ്ങളുണ്ട്‌ ടീന..ഞാന്‍ കിടക്കുന്നതിനുമുന്‍പ് എന്റെ മനസ്സ് സ്വിച്ചോഫ് ചെയ്യും.കണ്ണുകള്‍ അടച്ചു കഴിയുമ്പോള്‍ ഒരു കറുത്ത നിറമുള്ള സ്കീന്‍ തെളിയും.ഒരു സ്ലേറ്റ് പോലെ.അതില്‍ ഞാന്‍ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ കാണും.ഒരു സിനിമയിലെന്ന പോലെ.ഏഴുവയസ്സുള്ളപ്പോള്‍ ചാറ്റല്‍മഴപൊടിയുന്ന പനിപിടിച്ച ഒരു പകലില്‍ അമ്മയുടെ കൈപിടിച്ചു ആശുപത്രിയിലേക്ക് പോയത് .അമ്മയുടെ വലിയ നീലപ്പൂക്കള്‍ വിതറിയ സാരിത്തലപ്പിനിടക്ക് തലയൊളിപ്പിച്ചത് ഞാന്‍ കാണും.ഒന്‍പതാം വയസ്സില്‍ ക്രിസ്തുമസ് അവധിക്കാലത്ത് തോട്ടത്തില്‍ തനിച്ചിരുന്നു തലേന്ന് ഈറ്റക്കമ്പ് കൊണ്ട് നക്ഷത്രം ഉണ്ടാക്കുമ്പോള്‍ കൈ മുറിഞ്ഞത്.എന്റെ ചോരപ്പൊട്ടുകള്‍ ചുവന്ന നക്ഷത്രക്കടലാസില്‍ പടരുന്നത്‌...
“അത്രയും പഴയ ഓര്‍മ്മകള്‍ ഇത്ര കൃത്യമായി എങ്ങനെ കാണാന്‍ പറ്റും.?”ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.
അതിനു മറുപടിയെന്ന പോലെ ഡോക്ടര്‍ കീശയില്‍നിന്ന് ഒരു പോക്കറ്റ് വാച്ച് എടുത്തു. കറുപ്പും വെളുപ്പും കളങ്ങള്‍ പ്രിന്റ്‌ ചെയ്ത മേശവിരിപ്പിന് മുകളില്‍ അയാള്‍ അത് വച്ചു.ഒഴുകി പോകുന്ന ഒരു ഓര്‍മ്മത്തുണ്ട്പോലെ അതിന്റെ ചെയിന്‍ മേശവിളുമ്പിലൂടെ താഴേക്ക് തൂങ്ങിക്കിടന്നു.നിശബ്ദതയില്‍ അതിന്റെ ‘ടിക്ക് ടിക്ക്” ശബ്ദം കേള്‍ക്കാം.പിന്നെ അയാള്‍ എഴുന്നേറ്റു ജനാലയുടെ അരികില്‍ ചെന്നു.ഭിത്തിയുടെ വെളുത്ത ആകാശത്തില്‍ ഒരു കറുത്ത വൃത്തം വരച്ചു.വീണ്ടും ഡോക്ടറുടെ ശബ്ദം.
“ഇതൊരു ചെറിയ എക്സര്‍സൈസാണ് ടീന.ആ വൃത്തത്തില്‍ കണ്ണുകള്‍ മാത്രം ശ്രദ്ധിക്കുക.ചെവി ഈ പോക്കറ്റ് വാച്ചിന്റെ ശബ്ദത്തിലും.ആ വൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആ പോക്കറ്റ് വാച്ചിലെ നിമിഷങ്ങള്‍ എണ്ണുക.പതിയെ മനസ്സ് ശാന്തമാകും.പിന്നെ ആ വൃത്തത്തിനു ചുറ്റും മനസ്സ് ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങും.
‘ടിക്ക്,ടിക്ക് ,ടിക്ക്....
നിശബ്ദമായ വെളുത്ത മുറി.പുറത്തു ജനാലയുടെ ചതുരത്തിനുള്ളില്‍ നിശ്ചലമായ ആകാശം.ഭിത്തിയില്‍ ഒരു കറുത്ത വൃത്തം..ഒരു ഗുഹാമുഖത്ത്നിന്നെന്ന പോലെ ഡോക്ടറുടെ ശബ്ദം.
“ഇപ്പോള്‍ എത്രയെണ്ണി ടീന..?”
“നാല്‍പ്പത്തിയൊന്ന്..”
നിശബ്ദത തുടരുന്നു.കണ്ണുകള്‍ മെല്ലെ അടയുന്നത് പോലെ.ആ വൃത്തത്തിനു ചുറ്റും ദു:ഖകരമായ ഒരു മഞ്ഞനിറം പടരുന്നു.വളരെ പഴകിയ ഒരു ആല്‍ബം ആരോ തുറക്കുന്നു.അതിലെ വര്‍ഷങ്ങളായി അടച്ച പേജുകള്‍ മെല്ലെ ..മെല്ലെ വളരെ മെല്ലെ തുറക്കാന്‍ ശ്രമിക്കുന്നു.തിരുനെറ്റിയില്‍ ഒരു വിരല്‍ തണുപ്പ്.
“ഉറക്കം വരുന്നുണ്ടോ ടീന..?
“ഉവ്വ്..”
“അത് നിന്റെ മനസ്സ് റിലാക്സ്ഡ് ആവുന്നതിന്റെയാണ്.അതിനിയും റിലാക്സ്ഡ് ആവും.ഒരു വലിയ പുഴയുടെ ഇക്കരെയാണ് നമ്മള്‍ നില്‍ക്കുന്നത് .നിന്റെ കുട്ടിക്കാലം ആ പുഴയുടെ അക്കരയാണ്.പക്ഷെ ഈ കഴിഞ്ഞ കുറെമാസങ്ങളിലെ ഓര്‍മ്മകള്‍ പുഴവെള്ളം പോലെ നിന്റെ മനസ്സിലൂടെ കലങ്ങി ഒഴുകുന്നുണ്ട്.അത് കടന്നാല്‍ മാത്രമേ നമ്മുക്ക് അക്കരെ ചെല്ലാന്‍ കഴിയൂ.."
“ഉവ്വ് ..”
വീണ്ടും ടിക്ക്.ടിക്ക്..ശബ്ദം...
“ടീന നീ ഇപ്പൊള്‍ റിലാക്സ്ഡ് ആയി.നമ്മുക്കിനി നിന്റെ ഓര്‍മ്മകളിലൂടെ നടക്കാം.”
കണ്ണുകള്‍ അടഞ്ഞിരിക്കുന്നു.ഒരു പുഴവെള്ളത്തില്‍ കാലു തൊട്ടതു പോലെ എന്റെ മനസ്സ് തണുത്തിരിക്കുന്നു.നെറുകയില്‍ ആരോ ഉമ്മ വയ്ക്കുന്നതു പോലെ.
**********************************************************************************
അവളുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നു.അവളുടെ മുഖത്ത് ഒരു ചിരിയുണ്ട്.ശിശുവിന്റെ നിഷ്കളങ്കമായ ചിരി.ഇതാ,അവളുടെ മനസ്സ് എനിക്കായി തുറക്കപ്പെട്ടിരിക്കുന്നു.
“നീ ഇപ്പോള്‍ എവിടെയാണ് ടീന?”ഞാന്‍ ചോദിച്ചു.
“റേച്ചല്‍ വില്ലയില്‍ .”ടീന മന്ത്രിച്ചു.
**************************************************************
ഒരു താഴികക്കുടത്തിനു മുകളില്‍ വാളൂരിപ്പിടിച്ചു നില്‍ക്കുന്ന മിഖായേല്‍ മാലാഖയുടെ പ്രതിമയുള്ള നഗരത്തിലെ പള്ളിയുടെ പടിക്കെട്ടുകളില്‍വച്ചാണ് ഞാനും പ്രതിഭയും പ്രിയങ്കയും കണ്ടുമുട്ടിയത്‌.ഞങ്ങള്‍ മൂന്നു പേരും വീട് വിട്ടു ആ നഗരത്തിലേക്ക് ഓടിപോന്നതായിരുന്നു..ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രമുള്ള സെമിനാറില്‍ പങ്കെടുക്കുവാന്‍ വന്നതായിരുന്നു ഞങ്ങള്‍. വാടക കുറഞ്ഞ സുരക്ഷിതമായ ഏതെങ്കിലും താമസസ്ഥലം കണ്ടെത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ വെളുത്ത സാരിധരിച്ച ,പാറിപറക്കുന്ന നരച്ചമുടിയുമായി റേച്ചല്‍മമ്മി ഞങ്ങളുടെ അടുത്തേക്ക്വന്നു.വഴിതെറ്റിപോകുന്ന ചെറുമേഘങ്ങളെ കൂടെ കൊണ്ട് പോകുന്ന തള്ള മേഘത്തെപോലെ.
നഗരത്തില്‍നിന്ന് രണ്ടുകിലോമീറ്റര്‍ മാറി ഒരു ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു റേച്ചല്‍മമ്മി താമസിച്ചുകൊണ്ടിരുന്നത്.ഞങളെ ഒപ്പം താമസിപ്പിക്കാന്‍ മമ്മി സമ്മതിച്ചു.കരിങ്കല്‍ഭിത്തികളുള്ള പഴയമോഡല്‍ വീടായിരുന്നു റേച്ചല്‍വില്ല.
റേച്ചല്‍മമ്മിയെ കാണാന്‍ ഇടയ്ക്കിടെ ആളുകള്‍ വീട്ടിലെത്തിക്കൊണ്ടിരുന്നു.മമ്മി അത്ഭുതസിദ്ധികളുള്ള ഒരു പ്രാര്‍ത്ഥനക്കാരിയാണ് എന്നായിരുന്നു ഞങ്ങള്‍ വിചാരിച്ചത്.ചില ദിവസങ്ങളില്‍ രാത്രി പുറത്തുപോകും.നേരം വെളുക്കാറാകുമ്പോഴാകും തിരിച്ചു വരിക.ഞങള്‍ അതിനെക്കുറിച്ച് ചോദിക്കുകയോ ,മമ്മി പറയുകയോ ചെയ്തില്ല.കാരണം സ്വന്തം ജീവിതത്തിന്റെ തടവുമുറികളില്‍ അടയ്ക്കപ്പെട്ടിരുന്ന ഞങ്ങള്‍ക്ക് വേറൊരാളുടെ ജീവിതത്തിലേക്ക് എത്തിനോക്കാന്‍ പോലും കഴിയില്ലായിരുന്നു.
പ്രിയങ്കക്ക് നഗരത്തിലെ ഒരു ബി.പി.ഓ കമ്പനിയിലായിരുന്നു ജോലി.രാത്രി ഡ്യൂട്ടി കഴിഞ്ഞു അവള്‍ പകല്‍ മുറിയില്‍ വന്നുകിടന്നുറങ്ങും.ചില ദിവസങ്ങളില്‍ ഉറക്കം വിങ്ങിയ അവളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാകും.അവള്‍ക്ക് ഒരു ഇളയ സഹോദരിയുണ്ട്.അവളുടെ മാതാപിതാക്കള്‍ അധ്യാപകരാണ്.ഇത്രയും തുക മുടക്കി സ്വാശ്രയയ കോളേജില്‍ പഠിപ്പിച്ചിട്ടും മകള്‍ക്ക് ജോലി ആകാത്തത്തിന്റെ ദേഷ്യം അവര്‍ക്കുണ്ട്.ഇനി കല്യാണം കഴിപ്പിച്ചയക്കാന്‍ വേണം നല്ലൊരു തുക.അപ്പന്റെയും അമ്മയുടെയും കുത്ത് വാക്കുകള്‍ സഹിക്കാന്‍വയ്യാതെയാണ് അവള്‍ കോള്‍ സെന്റര്‍ ജോലിക്ക് ഈ നഗരത്തില്‍ വന്നത്.
പ്രതിഭ ഒരു ആര്‍ട്ടിസ്റ്റാണ്.ട്രക്കുകളുടെയും ബസ്സുകളുടെയും ബോഡിയില്‍ ആര്‍ട്ട് വര്‍ക്ക് ചെയ്തു കൊടുക്കുന്ന ഒരു കമ്പനിയിലാണ് അവള്‍ക്ക് ജോലി.നല്ല കറുത്തനിറം.അധികം സംസാരിക്കില്ല.മുറിയില്‍ വന്നാല്‍ കതകടച്ചു കുറ്റിയിട്ട് ഏറെ നേരം തനിച്ചിരിക്കും.എന്താണ് അവളുടെ പ്രശ്നമെന്ന് എനിക്കറിയില്ലായിരുന്നു.
എന്റെ കാര്യം അവരില്‍നിന്നൊക്കെ വ്യത്യസ്തമാണ്.ഞാന്‍ വലുതായികഴിഞ്ഞപ്പോള്‍ എന്നോടുള്ള അപ്പന്റെ പെരുമാറ്റം മാറിത്തുടങ്ങി.അത് മനസ്സിലാക്കിയ അമ്മ ഒരു ദിവസം തൂങ്ങിചാകാന്‍ ഒരുങ്ങി.അതിനുശേഷമാണ് ഞാന്‍ വീട്ടില്‍ നിന്ന് പോന്നത്.പല നാടുകളില്‍,പല ജോലി ചെയ്തു ഇപ്പോള്‍ ഈ നഗരത്തില്‍ അടിഞ്ഞിരിക്കുന്നു.ഇവിടെ പള്ളിയുടെ ഭക്തസാധനങ്ങള്‍ വില്‍ക്കുന്ന വലിയ സ്റ്റാളില്‍ സെയില്‍സിലാണ് ജോലി ചെയ്യുന്നത്.ശമ്പളം തുച്ഛമാണ്.എങ്കിലും ഒറ്റക്ക് ജീവിക്കാന്‍ ഇതെനിക്ക് ധാരാളം മതി.
*************************************
വിശുദ്ധരുടെ രൂപങ്ങള്‍ക്കും ജീവചരിത്രങ്ങളും പ്രാര്‍ത്ഥനപുസ്തകങ്ങളും കൊന്തകള്‍ക്കുമിടയില്‍ ഒരു ഉച്ചനേരത്ത് ഞാന്‍ ഉറക്കം തൂങ്ങിയിരിക്കുകയായിരുന്നു.സ്റ്റാളിലും പരിസരത്തും ആരുമില്ലായിരുന്നു.ആരോ എന്റെ ശരീരത്ത് തൊടുന്നത് ഞാന്‍ അറിഞ്ഞു.
ഞാന്‍ ഞെട്ടി കണ്ണ് തുറന്നു.നിലവിളിക്കാനാഞ്ഞ എന്റെ വാ ബലിഷ്ടമായ കൈകള്‍ പൊത്തിപിടിച്ചു.
“ഇതൊക്കെ ഒരു രസമല്ലേ ടീനമോളെ..കുന്തിരിക്കമണമുള്ള ഈ മുറിയില്‍ നിന്നെ ഒന്ന് തനിച്ചു കിട്ടാന്‍ ഞാന്‍ എത്ര കാത്തിരുന്നു..”എന്റെ കൈതട്ടി മേശയില്‍ വച്ചിരുന്ന കന്യകാമാതാവിന്റെ രൂപം താഴെ വീണുടഞ്ഞു.അയാള്‍ പെട്ടെന്ന് കൈപിന്‍വലിച്ചു.ആ സമയംകൊണ്ട് ഞാന്‍ മുറിവിട്ടിറങ്ങി.ഇത് ആദ്യത്തെ അനുഭവമല്ല.എത്രനാള്‍ ഇവിടെ തുടരാനാവും?കരഞ്ഞുവിങ്ങിയ മുഖത്തോടെയാണ് ഞാന്‍ വീട്ടിലേക്ക് കയറിവന്നത്.വീടിന്റെ മുറ്റത്തു നിന്ന് കാ‍ന്താരി പറിച്ചുകൊണ്ടിരുന്ന റേച്ചല്‍മമ്മി എന്നെ കണ്ടു.ഞാന്‍ പൊട്ടിക്കരഞ്ഞു.അവര്‍ എന്നെ അവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി.
അന്ന് ആദ്യമായാണ് ഞാന്‍ ആ മുറിയില്‍ കയറുന്നത്. വിചിത്രമായ ഒരു ഗന്ധം തങ്ങിനിന്ന ആ മുറിയില്‍ ഒരു അള്‍ത്താരയും ധൂപകുറ്റികളും ജ്യാമിതിയ ചിഹ്നങ്ങളുടെ ആകൃതിയിലുള്ള വസ്തുക്കളും ഉണ്ടായിരുന്നു.കട്ടിലില്‍ കിടന്നയുടനെ ഞാന്‍ ഉറങ്ങിപോയി.ഞാന്‍ ഉണരുമ്പോള്‍ റേച്ചല്‍ മമ്മി അരികിലിരുന്നു എന്റെ മുടി തടവുന്നുണ്ടായിരുനു. പൊള്ളിയത്‌ പോലെ എന്റെ ദേഹം പനിച്ചു.നാരകത്തിന്റെ ഇലയുടെ ഗന്ധമുള്ള പച്ചനിറമുള്ള ഒരു തൈലം അവര്‍ എന്റെ നെറ്റിയില്‍ പുരട്ടി.എല്ലാം മനസ്സിലായത് പോലെ അവര്‍ എന്നോട് പറഞ്ഞു.
“അയാളിനി നിന്നെ ഉപദ്രവിക്കില്ല.ഇന്ന് രാത്രി നമ്മുക്ക് ഒരിടം വരെ പോകണം.”
********************************************
ആരുടെയും മുഖത്ത് നോക്കാതെ പ്രിയങ്ക വീട്ടിലെ ഡൈനിംഗ്ഹാളിലിരുനു ഭക്ഷണം കഴിച്ചു.
“മേരിടീച്ചറുടെ മകള്‍ക്ക് ജോലി കിട്ടിയെന്നു പറയുന്നത് കേട്ടല്ലോ ?” വരാന്തയില്‍നിന്ന് പപ്പ ചോദിക്കുന്നു.
“കിട്ടി.ടി.സി.എസില്‍.അവള്‍ക്ക് എഞ്ചിനീയറിംഗിനു എഴുപതു ശതമാനം മാര്‍ക്കുണ്ടായിരുന്നു.നല്ല കമ്പനി കിട്ടണേല്‍ മിനിമം എഴുപതു ശതമാനം അഗ്രിഗേറ്റ് വേണം.അതെങ്ങനാ നമ്മുടെ പിള്ളേര്‍ക്ക് കോളേജില്‍ പോകുമ്പോള്‍ ,കവിതയെഴുത്തും, ക്യാമ്പും കഴിഞ്ഞിട്ട് പഠിക്കാന്‍ നേരം കിട്ടണ്ടേ ??”
പ്രിയങ്കയുടെ തൊണ്ടയില്‍ ചോറുരുള തടഞ്ഞു.അവള്‍ വെള്ളം മടമടാ കുടിച്ചു.
“ആഫിസിലെ ജോയ്സാറിന്റെ മോള്‍ടെ കല്യാണമായി.അവള് വെറുതെ ബി.എസ്സിക്ക് പോയതെ ഉള്ളു.അത് കഴിഞ്ഞയുടനെ എല്‍.ഡി.ക്ലാര്‍ക്ക് കിട്ടി.”
“കഴിവുള്ള പിള്ളേര്‍ക്ക് ബി.ടെക് ഒന്നും വേണ്ട ജോലി കിട്ടാന്‍.” അമ്മ നിര്‍ത്തുന്നില്ല.
അവളുടെ കണ്ണില്‍ നീര്‍ നിറഞ്ഞു.വിശപ്പ്‌ കെട്ടു ചോറ് ഉപേക്ഷിച്ചു പോയി മുറിയടച്ചു കിടന്നു കരയുന്ന നായികമാരെ സിനിമയില്‍ കാണുമ്പോള്‍ ക്ലീഷേയെന്നു പറഞ്ഞു കളിയാക്കിയത് അവള്‍ ഓര്‍ത്തു.ചോറ് ഇറങ്ങുന്നില്ല.പക്ഷെ ഇത് ബാക്കി വച്ച് പോയാല്‍ അമ്മയുടെ വായിലിരിക്കുന്നത് ബാക്കികൂടി കേള്‍ക്കും.തന്റെ വിധി തിരയുന്നത് പോലെ അവള്‍ ചോറില്‍ വിരലിട്ടു പരതി.
*********************************************************
ചോദ്യം :അന്ന് സെമിത്തേരിയില്‍ ചെന്നതിനുശേഷം സംഭവിച്ച കാര്യങ്ങള്‍ ടീനക്ക് ഓര്‍മ്മയുണ്ടോ?
ഉത്തരം :ഞങ്ങള്‍ താമസിക്കുന്നതിന്റെ കുറച്ചു ദൂരെയായിരുന്നു ആ പള്ളി.ചെറിയ പള്ളിയാ. ഏതോ കുറുക്കുവഴിയിലൂടെ ആരും കാണാതെ അകത്തു കടന്നു.സെമിത്തേരിയുടെ വാതില്‍ക്കല്‍ റേച്ചല്‍മമ്മി ഒരു മിനിറ്റ് തലകുനിച്ചു നിന്നു.സെമിത്തേരിയുടെ കാവല്‍ക്കാരായ ആത്മാക്കളുടെ അനുവാദം ചോദിക്കുവാരുന്നെന്നാ എന്നോട് പറഞ്ഞത് .അകത്തു കടന്നതും മുല്ലപ്പൂവിന്റെ മണം എവിടെനിന്നെങ്കിലും വരുന്നുണ്ടോയെന്നു നോക്കാന്‍ പറഞ്ഞു.കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു കോണില്‍നിന്ന് ആ ഗന്ധം കിട്ടി.
ചോദ്യം : ആ ഗന്ധം തോന്നലായിരുന്നോ.ഉറപ്പുണ്ടായിരുന്നോ ?
ഉത്തരം :പ്രതിഭക്ക് ഒരു അഫയറണ്ടായിരുന്നു.ഏതോ ബസ് മുതലാളിയുടെ മകന്‍.ഒരു ദിവസം...
ചോദ്യം :ടീന നിന്റെ ചിന്തകള്‍ കുഴഞ്ഞുമറിയുന്നു.ഒരു മുല്ലപ്പൂവിന്റെ ഗന്ധം നീ ഓര്‍ക്കുന്നില്ലേ ..ആ സെമിത്തേരിയില്‍ ..അവിടേക്ക് പോകൂ..
[ നിശബ്ദത.]
ഉത്തരം :അതെ.ചുറ്റും ചങ്ങലയിട്ട ഒരു സെമിത്തേരി.അവിടെനിന്നാണ് ആ മണം വന്നത്.മമ്മി അതിന്റെ അരികില്‍ ഇരുന്നു.ആ മണ്ണില്‍നിന്നു കുറച്ചെടുത്തു.ഒരു ചുവന്ന മെഴുകുതിയിരിയുടെ വെളിച്ചത്തില്‍ ആ മണ്ണ് റേച്ചല്‍ മമ്മി കൊണ്ട് വന്ന വെള്ളം കൊണ്ട് കുഴച്ചു.അതിനിടയില്‍ അവര്‍ എന്തൊക്കെയോ പിറുപിറുക്കുന്നണ്ടായിരുന്നു.അതെന്റെ ഉള്ളം കയ്യില്‍ വച്ചു.അതിനു നല്ല ചൂടായിരുന്നു.എന്റെ ഉള്ളില്‍ അയാളുടെ മുഖമായിരുന്നു തെളിഞ്ഞത്.അയാളുടെ രോമാവൃതമായ കൈ,ആര്‍ത്തി പൂണ്ട കണ്ണുകള്‍..രോഷം കൊണ്ട് ഞാന്‍ എന്റെ കൈ ഞെരിച്ചു.കുഴഞ്ഞ മണ്ണ് കയ്യിലാകെ പരന്നു.ശവകൂടീരത്തിലെ നനഞ്ഞ മണ്ണ് പറ്റിയ വിരലുകളില്‍ സെമിത്തേരിയിലെ മരണത്തിന്റെ തണുപ്പ് തൊട്ടൂ.
[ഏറെനേരത്തെ നിശബ്ദത]
ഉത്തരം തുടരുന്നു:അങ്ങിനെയായിരുന്നു എല്ലാം തുടങ്ങിയത്.അതിനുശേഷം റേച്ചല്‍ മമ്മി ഞങ്ങളെ ഏറെ സ്നേഹിച്ചു..എന്നെ ഉപദ്രവിച്ച അയാളെ പിന്നീട് ഞാന്‍ ഒരിക്കലും കണ്ടില്ല.പ്രതിഭയെ പറ്റിച്ചു കടന്നു കളയാന്‍ ശ്രമിച്ച ബസ് മുതലാളിയുടെ മകന്‍ അവളെ വിവാഹം കഴിക്കാന്‍ സമ്മതിച്ചു.പ്രിയങ്ക ഒന്ന് രണ്ടു ബാങ്ക് ടെസ്റ്റുകള്‍ പാസായി.ബാങ്കിലെ സോഫ്റ്റ്‌വെയര്‍ വിഭാഗത്തിലെ സ്വപ്നതുല്യമായ ജോലികള്‍ക്കായി അവള്‍ ഇന്റര്‍വ്യൂ പരിശീലനത്തിന് പോയിതുടങ്ങി.അവളുടെ വീട്ടുകാര്‍ക്ക് അവളില്‍ പ്രതീക്ഷയായി.പക്ഷെ അവള്‍ വീട്ടില്‍ പോകുന്നത് കുറച്ചു.ഞങ്ങള്‍ക്ക് എല്ലാത്തിനും റേച്ചല്‍ മമ്മി മതിയായിരുന്നു.
.സ്നേഹവതിയായ മന്ത്രവാദിനിയായിരുന്നു മമ്മി.ഇടയ്ക്കിടെ വയലിന്‍ വായിച്ച്,ആര്‍ക്കും പിടികൊടുക്കാത്ത രഹസ്യങ്ങളുടെ കുന്നിന്‍മുകളിലെ കൊട്ടാരത്തില്‍ വെളുത്തു പൊക്കം കുറഞ്ഞു തടിച്ച ആ സ്ത്രീ കഴിഞ്ഞു.
**************************
മഴ വരാന്‍ മൂടിക്കെട്ടിനിന്ന ഒരു ഉച്ചനേരത്തായിരുന്നു റേച്ചല്‍ മമ്മി മരിച്ചത്..റേച്ചല്‍ മമ്മി വെള്ള പൂക്കള്‍ ചിതറിയ ഒരു സാരിയില്‍ പൊതിഞ്ഞു മരിച്ചു കിടന്നു.ഞാന്‍ ആ കവിളില്‍ തൊട്ടുനോക്കി.നല്ല തണുപ്പുണ്ടായിരുന്നു.ആ തണുപ്പ് എന്റെ ഹൃദയത്തിലേക്ക് വരാന്‍ ഞാന്‍ ആ മരവിച്ച കവിളില്‍ ഉമ്മവച്ചു.
മരിക്കും എന്ന് ഉറപ്പുണ്ടായിരുന്നതു പോലെയായിരുന്നു മമ്മിയുടെ അവസാന ദിവസങ്ങള്‍.വക്കീലിനെകണ്ടു രഹസ്യമായി വില്‍പ്പത്രം എഴുതിച്ചു.ഞങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിത്തന്നു.പക്ഷെ അതിനു രുചി കുറവായിരുന്നു.ആ സമയങ്ങളിലൊക്കെയും മമ്മി എന്നെ ആകാംക്ഷനിറഞ്ഞ കണ്ണുകള്‍ കൊണ്ട് നോക്കുമായിരുന്നു.പക്ഷെ നല്ല രുചിയുള്ള ഭക്ഷണമെന്ന് ഞാന്‍ നുണ പറഞ്ഞു.ഇപ്പോള്‍ തോന്നുന്നു മമ്മിയുടെ സമയമടുത്തുവന്നു ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ എന്ന ആകാംക്ഷയായിരുന്നു ആ നോട്ടങ്ങളുടെ അര്‍ത്ഥമെന്ന്.
ആഭിചാരകര്‍മ്മങ്ങള്‍ ചെയ്തിരുന്നു എന്ന ആരോപണം ഉണ്ടായിരുന്നത് കൊണ്ട് പുതിയ വികാരിയച്ചന്‍ മമ്മിയെ പള്ളിയില്‍ അടക്കാന്‍ സമ്മതിച്ചില്ല.ഞങ്ങള്‍ മൂന്നു പേരും ചേര്‍ന്ന് മമ്മിയെ വീടിനോട് ചേര്‍ന്ന് അടക്കി.പള്ളിയില്‍ അടക്കാഞ്ഞതില്‍ ഞാന്‍ രഹസ്യമായി സന്തോഷിച്ചു.മമ്മി എന്റെ അടുത്ത് എപ്പഴും ഉണ്ടാവുമല്ലോ.എന്റെ കണ്ണിലെ സന്തോഷം കണ്ടു പ്രിയങ്കയും പ്രതിഭയും ഭയന്നു.ഞാന്‍ മറ്റൊരാളായി മാറുന്നത് പോലെ അവര്‍ക്ക് തോന്നിയിരിക്കണം രണ്ടുപേരും അധികദിവസം കഴിയുന്നതിനു മുന്‍പ് റേച്ചല്‍വില്ല ഉപേക്ഷിച്ചു.
വില്‍പത്രത്തില്‍ വീടും സ്ഥലവും എന്റെ പേര്‍ക്കാണ് മമ്മി എഴുതിവച്ചത്.എനിക്ക് അതില്‍ അത്ഭുതമൊന്നും തോന്നിയില്ല.പക്ഷെ പ്രതിഭയും പ്രിയങ്കയും പോയതില്‍ വല്ലാത്ത സങ്കടമുണ്ടായിരുന്നു.റേച്ചല്‍ വില്ലയില്‍ ഞാന്‍ ഒറ്റക്കായി.അവര്‍ പോയ ദിവസം ഞാന്‍ പൊട്ടിക്കരഞ്ഞു.അന്ന് രാത്രി ഉറക്കത്തില്‍ റേച്ചല്‍മമ്മി എന്റെ അടുത്ത് വന്നു.മഞ്ഞു വീണ ഒരു കുന്നിന്‍ ചരിവില്‍ ,പൂക്കള്‍ വിതറിയ സാരിയുടെ തുമ്പ് തലവഴി മൂടി മമ്മി എന്റെ അടുത്ത് നിന്നു.തണുത്ത കാറ്റില്‍ മമ്മിയുടെ നെറ്റിയിലേക്ക് വീണുകിടന്ന നരച്ചമുടിയിഴകള്‍ പറന്നു.
“അവര് വരും.മോള് പേടിക്കണ്ട.ഇനി മോള് വേണം അവരെ നോക്കാന്‍.”
വയലിന്‍ തന്ത്രികള്‍ ഉണരുന്നത് പോലെയായിരുന്നു മമ്മിയുടെ ശബ്ദം.കാന്തികശക്തിയുള്ള ആ നോട്ടം എന്റെ ഉള്ളിന്റെ ഉള്ളിലേക്ക് കടന്നുവന്നു.
**************************************
ചോദ്യം :എത്ര പ്രാവശ്യമാണ് ടീന അത്തരം സ്വപ്‌നങ്ങള്‍ കണ്ടത് ?
ഉത്തരം :എഴുപത്തിയെഴു പ്രാവശ്യം സ്വപ്നങ്ങളില്‍ ഞാന്‍ റേച്ചല്‍ മമ്മിയുമായി സംസാരിച്ചു.
ചോദ്യം :ആദ്യ സ്വപ്നത്തിനു ശേഷം എന്തൊക്കെയാണ് നിങ്ങളുടെ വീട്ടില്‍ സംഭവിച്ചത് ?
ഉത്തരം :മമ്മി പറഞ്ഞത് പോലെ ഒരാഴ്ചക്കുള്ളില്‍ പ്രതിഭയും പ്രിയങ്കയും തിരിച്ചുവന്നു.രണ്ടുപേരുടെയും പ്രശ്നങ്ങള്‍ വീണ്ടും ഗുരുതരമായിരുന്നു.
ചോദ്യം :ടീനയുടെ സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞപോള്‍ കൂട്ടുകാരികള്‍ എന്താണ് പറഞ്ഞത് ?
ഉത്തരം :അവര്‍ കൂട്ടുകാരികളല്ല.എന്റെ കൂടപ്പിറപ്പുകളാണ്.ഞങ്ങള്‍ റേച്ചല്‍മമ്മിയുടെ മക്കളാണ് .
[നീണ്ട നിശബ്ദത.]
ചോദ്യം : ടീനയുടെ സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞപോള്‍ സഹോദരിമാരായ പ്രിയങ്കയും പ്രതിഭയും എന്താണ് പറഞ്ഞത് ?
ഉത്തരം:ആദ്യം അവര്‍ വിശ്വസിച്ചില്ല.എങ്കിലും മമ്മി സ്വപ്നത്തില്‍ എന്നോട് പറഞ്ഞ കാര്യങ്ങള്‍ അവരുടെ ജീവിതത്തില്‍ സംഭവിച്ചപ്പോള്‍ അവര്‍ വിശ്വസിച്ചു.പ്രതിഭയെ പ്രണയിച്ച ബസ് മുതലാളിയുടെ മകനു വേറെ ഒരു ബന്ധമുണ്ടെന്നും ആ ബന്ധം പ്രതിഭ ഉപേക്ഷിക്കണമെന്നും മമ്മി പറഞ്ഞു.പ്രിയങ്കക്ക് ബാങ്ക് ജോലി ശരിയാകുമെന്നും പക്ഷെ വീട്ടുകാരുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടി വരുമെന്നും പറഞ്ഞു.പ്രിയങ്കയെ കാണാന്‍ അത്ര സുന്ദരിയല്ലാത്തതിനാല്‍ കല്യാണാലോചനകള്‍ മുടങ്ങി.അതോടെ വീട്ടുകാര്‍ ഇളയ സഹോദരിയുടെ വിവാഹാലോചന ഉറപ്പിച്ചു.അതിനു വേണ്ടി ബാങ്ക് വായ്പ എടുക്കാന്‍ പ്രിയങ്കയെ നിര്‍ബന്ധിച്ചു.ആ വഴക്കില്‍ അവള്‍ വീട് ഉപേക്ഷിച്ചു.
*************************************
കുന്നിന്‍മുകളിലെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിനു മുന്‍പിലായിരുന്നു ഞാനും റേച്ചല്‍മമ്മിയും.കരിഞ്ഞപൂക്കളുമായി ചെടികള്‍ വാടിനിന്ന ഒരു പകലായിരുന്നു അത്.അസഹ്യമായ ചൂട് കാറ്റില്‍ ആ കെട്ടിടത്തിന്റെ ഭിത്തികള്‍ ഇപ്പോള്‍ ഇളകിവീഴുമെന്നു ഞാന്‍ ഭയന്നു.ചുവന്ന സാരിയുടുത്ത മമ്മിയുടെ മുഖം പക്ഷെ ശാന്തമായിരുന്നു.
“ഇതാണ് ഭൂമിയിലെ ജീവിതം ടീനേ .എത്ര ജീവിച്ചാലും ഇടിഞ്ഞു പൊളിഞ്ഞ മതില് പോലെ ദു:ഖം മാത്രം ബാക്കി.എല്ലാം മനുഷ്യരും ഒറ്റക്കാണ് ജീവിക്കുന്നത്.സന്തോഷത്തിന്റെ,ജാടയുടെ പുറംമോടിക്കുള്ളില്‍ ഈ ഏകാന്തത മാത്രം ബാക്കി.ദു:ഖം തുറന്നു പറയാന്‍ മടിയുള്ള ഏക ജീവി മനുഷ്യനാണ്.കുഞായിരിക്കുമ്പോ പാലിന് കരയുന്ന മനുഷ്യന്‍ വളര്‍ന്നു കഴിഞ്ഞാല്‍ തീര്‍ത്തും നിവര്‍ത്തിയില്ലാതാകുബോള്‍ മാത്രമേ മനസ്സിലെ ദു:ഖത്തിന്റെ ഈ മതില്‍ക്കെട്ട് കാണിച്ചുതരൂ.നിങ്ങളെ ഞാന്‍ അവിടെനിന്ന് കൊണ്ട് പോരാം.സദാ മഞ്ഞു പൊഴിയുന്ന ,ചമ്പകം പൂക്കുന്ന ഒരു കുന്നിന്‍ചരിവില്‍ നമ്മുക്ക് നാല് പേര്‍ക്കും സന്തോഷമായി കഴിയാം.എന്നും.അനന്തകാലത്തോളം..”
മമ്മിയുടെ ആ ശബ്ദം വയലിന്‍ തന്ത്രികളുടെ നാദം പോലെയായിരുന്നു.ആ വാക്കുകള്‍ ഒരു പ്രവാചകയുടെ കവിതയായിരുന്നു.
***************************************
ആത്മഹത്യ ഒരു കുറ്റമല്ല.സ്വന്തം ജീവിതത്തില്‍ തളര്‍ന്ന മനുഷ്യന് വിശ്രമിക്കാന്‍ ദൈവം നല്‍കുന്ന സ്വിച്ചാണ് ആത്മഹത്യ.ഞങ്ങള്‍ ആ സ്വിച്ചമര്‍ത്താന്‍ തയ്യാറെടുത്തത്‌ റേച്ചല്‍ മമ്മിയുടെ നിര്‍ദേശപ്രകാരമാണ്.
"സ്വീകരണമുറിയിലെ എന്റെ വയലിനില്‍ നിന്ന് തനിയെ സംഗീതമുയരുമ്പോള്‍ നിങ്ങള്‍ ജീവന്‍ ഉപേക്ഷിക്കുക.ആ സംഗീതത്തിന്റെ അര്‍ത്ഥം ഞാന്‍ നിങ്ങളെ കൊണ്ടുപോകാന്‍ വന്നുവെന്നാണ്.മരിച്ചവരുടെ തിരുനാളായ നവംബര്‍ രണ്ടിന് പുലര്‍ച്ചെ ആറുമണിക്ക് നമ്മുടെ സ്വീകരണമുറിയിലെ വയലിന്‍ തനിയെ പാടാന്‍ തുടങ്ങും.റോസാപ്പൂക്കളുടെ ഗന്ധം അനുഭവപ്പെടും.മുകള്‍നിലയിലെ മൂന്നു മുറികളില്‍ കട്ടിലുകളില്‍ നിങ്ങള്‍ തയ്യാറായി കിടക്കുക. പ്രിയങ്കയും പ്രതിഭയും എന്റെ ഒപ്പം വന്നുവെന്ന് ഉറപ്പിച്ചതിനുശേഷമേ ടീന ജീവന്‍ ഉപേക്ഷിക്കാവൂ.“
അതായിരുന്നു റേച്ചല്‍ മമ്മിയുടെ നിര്‍ദ്ദേശം.ഞാന്‍ ആ വിവരം എന്റെ സഹോദരിമാരോട് പറഞ്ഞു.പ്രതിഭക്ക് എന്നെ പൂര്‍ണ്ണവിശ്വാസമായിരുന്നു.ഒരല്‍പ്പം സംശയമുണ്ടായിരുന്നത് പ്രിയങ്കക്കായിരുന്നു..അവളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണമെന്ന് മമ്മി പറഞ്ഞു.
******************************
ചോദ്യം :നവംബര്‍ രണ്ടിന് പുലര്‍ച്ചെ എന്തൊക്കെയായിരുന്നു വില്ലയില്‍ സംഭവിച്ചത്?
ഉത്തരം :ഞങ്ങള്‍ ഉറക്കഗുളികള്‍ സംഘടിപ്പിച്ചിരുന്നു.അടച്ചിട്ട മൂന്നു മുറികളില്‍ മമ്മി വരാന്‍ കാത്തുകൊണ്ട് പുലരിയുടെ നേരിയ തണുപ്പില്‍ ഞങ്ങള്‍ മൂടിപ്പുതച്ചു കിടന്നു.പുറത്തു കിളികള്‍ പാടുന്നുണ്ടായിരുന്നു.കൃത്യം എഴുമണിയായപ്പോള്‍ എനിക്ക് റോസാപ്പൂവിന്റെ ഗന്ധം അനുഭവപ്പെട്ടു.താഴെ സ്വീകരണമുറിയില്‍ നിന്ന് മനോഹരമായ വയലിന്‍സംഗീതം കേട്ടൂ.റേച്ചല്‍മമ്മി വന്നിരിക്കുന്നു.ഞാന്‍ സന്തോഷപൂര്‍വ്വം എഴുന്നേറ്റു പ്രതിഭയുടെ മുറിയില്‍ ചെന്നു.ചുണ്ടില്‍ ഒരു ചെറുചിരിയോടെ അവള്‍ കട്ടിലില്‍ ഉറങ്ങികിടപ്പുണ്ട്.ഞാന്‍ അവളുടെ കവിളില്‍ തൊട്ടുനോക്കി.അവള്‍ റേച്ചല്‍ മമ്മിയുടെ കൂടെ പോകാന്‍ ഇറങ്ങിയെന്നു എനിക്ക് മനസ്സിലായി.അതിനുശേഷം ഞാന്‍ പ്രിയങ്കയുടെ മുറിയില്‍ കയറി.
[നിശബ്ദത.]
ചോദ്യം :ആ മുറിയില്‍ എന്താണ് സംഭവിച്ചത്?
ഉത്തരം :പ്രിയങ്ക കട്ടിലില്‍ കണ്ണ് തുറന്നു കിടപ്പുണ്ടായിരുന്നു.വയലിന്‍ ശബ്ദവും റോസയുടെ ഗന്ധവും ഉണ്ടായില്ലല്ലോ എന്നവള്‍ പറഞ്ഞു.എനിക്ക് ദേഷ്യമാണ് വന്നത്.നിന്റെ സംശയം നിറഞ്ഞ മനസ്സാണ് കാരണം എന്ന് ഞാന്‍ പറഞ്ഞു.പ്രതിഭയും ഞാനും വയലിന്‍ശബ്ദം കേട്ടു.പ്രതിഭ പോയി.അവള്‍ മമ്മിക്കൊപ്പം താഴെ നമ്മെ കാത്തുനില്‍പ്പുണ്ട് എന്ന് ഞാന്‍ പറഞ്ഞു.അത് കേട്ട് അവളുടെ കണ്ണ് നിറഞ്ഞു.നിനക്ക് ഭ്രാന്താണ് ഞാന്‍ ഒരു വയലിന്‍ ശബ്ദവും കേട്ടില്ല ഒക്കെ തോന്നലാണ് എന്ന് അവള്‍ പറഞ്ഞു.പുറത്തു കിളികള്‍ പാടിക്കൊണ്ടിരുന്നു.വയലിന്‍ ശബ്ദം വീണ്ടു ഉയര്‍ന്നു.ഞാന്‍ മെല്ലെ അവളുടെ കഴുത്തു ഞെരിച്ചു.ഒരു പൂമാലയില്‍ നിന്ന് അറിയാതെ വഴുതിപോയ പൂവ് വീണ്ടും ചേര്‍ക്കുന്നത് പോലെയാണ് അപ്പോള്‍ എനിക്ക് തോന്നിയത്.അവള്‍ അല്‍പ്പനേരം പിടച്ചതിനു ശേഷം കണ്ണടച്ചു.പൊടുന്നനെ ആ വയലിന്‍ ശബ്ദം നിലച്ചു.ഞങ്ങള്‍ വൈകിയതിനാല്‍ മമ്മി തിരികെ പോയോ എന്ന് ഞാന്‍ സംശയിച്ചു.ഗുളികകള്‍ വാരി വിഴുങ്ങി ഞാന്‍ താഴേക്ക് കുതിച്ചെങ്കിലും ഗോവണിപ്പടിയില്‍ കാലുതെറ്റി താഴേക്ക് മറിഞ്ഞുവീണു.തലപൊട്ടി ചോര ചീറ്റി.പിന്നെ ആശുപത്രിയില്‍ വച്ചാണ് ഞാന്‍ കണ്ണ് തുറന്നത്.
************************************************************************
ഇനി ടീനയോട് എനിക്ക് ഒന്നും തന്നെ ചോദിക്കണ്ട ആവശ്യമില്ല.ഈ ഹിപ്നോട്ടിക് നിദ്രയില്‍ അവളുടെ ഓര്‍മ്മകളിലൂടെ ഞാന്‍ നടന്നു.ഇതൊരു തരം ശസ്ത്രക്രിയയാണ്.കേടു വന്ന മനസ്സിന്റെ ഭാഗങ്ങള്‍ ,അവളുടെ ജീവിതത്തിലെ ഇരുണ്ട സംഭവ പരമ്പരകള്‍ ഞാന്‍ കണ്ടെത്തി..മറ്റുള്ളവരുടെ മരണത്തിനു കാരണം ടീനയായിരുന്നോ?അതില്‍ അവള്‍ മാത്രമേ കുറ്റക്കാരിയായുള്ളോ?കുറ്റം എന്ന വാക്ക് ചില സന്ദര്‍ഭങ്ങളില്‍ വല്ലാത്ത കുഴപ്പം സൃഷിക്കും.അതി കഠിനമായ ഏകാന്തതയല്ലേ അവരുടെ മരണത്തിനുള്ള ,ടീനയുടെ അവസ്ഥക്കുള്ള അടിസ്ഥാന കാരണം ?അത്തരം ഏകാന്തത ആരും ആഗ്രഹിക്കുന്നില്ല.അടുപ്പക്കാരും ബന്ധക്കാരും തീര്‍ത്ത മുള്ളുകളാണ് ആ പെണ്‍കുട്ടികളെ ദു:ഖകരമായ ഏകാന്തതയുടെ മലമുകളില്‍ തനിച്ചാക്കിയത്.
ഇനി ഈ ശസ്ത്രക്രിയയുടെ അവസാനഘട്ടമാണ്. ടീനയെ മെല്ലെ ഈ നിദ്രയില്‍നിന്ന് ഉണര്‍ത്തണം.അതിനുമുന്‍പ് എനിക്ക് അവളുടെ മുറിവുകള്‍ സുഖപ്പെടുത്തണം.അസുഖകകരമായ ചില ഓര്‍മ്മകള്‍ അവളുടെമനസ്സില്‍നിന്ന് മായ്ച്ചുകളയണം.അവളുടെ മനസ്സിനെ തുന്നിക്കെട്ടണം.
പുറത്തു വെയില്‍ ചായുകയാണ്.ഇളംനിറമുള്ള ഭിത്തികളില്‍ ,ആകാശനീല നിറമുള്ള ജനാലവിരികള്‍ കടന്നു പോക്കുവെയിലിന്റെ സ്വര്‍ണ്ണരശ്മികള്‍ ചിത്രം വരക്കാന്‍ തുടങ്ങുന്നു.ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന പെയിന്റിങ്ങിലെ വയലിന്‍ വായിക്കുന്ന പെണ്‍കുട്ടിയുടെ ചുണ്ടില്‍ ഒരു ചെറുചിരിയുണ്ട്.ആ പെണ്‍കുട്ടിക്ക് ഇപ്പോള്‍ ടീനയുടെ മുഖമാണ്.
എനിക്കുറപ്പുണ്ട് ഈ ഉറക്കം ഉണരുമ്പോള്‍ ടീനയുടെ ചുണ്ടിലും അതെ ചിരിയുണ്ടാകുമെന്ന്.മഞ്ഞു വീണ ഏകാന്തതയുടെ കുന്നിന്‍ചരിവുകളില്‍നിന്ന് ജീവിതത്തിലെ പ്രകാശമാനമായ പകലുകള്‍ അവള്‍ സ്വപ്നം കാണാന്‍ തുടങ്ങുമെന്ന്.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot