നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആലുവ

Image may contain: 1 person, beard and sunglasses
By Ajoy Kumar
കഴിഞ്ഞതിന്റെ മുന്നത്തെ പ്രാവശ്യം ആലുവയിൽ പോയത് ട്രെയിനിൽ ആണ്, തിരികെ വരുന്ന വഴി ,ശ്യാമയും അച്ചുവും മൊബൈലിൽ ഇട്ടു കുത്തിക്കൊണ്ടു ഇരിപ്പായത് കാരണം ഞാൻ കുറെ നേരം ഇരുന്ന് ഉറങ്ങി, ഉണർന്നപ്പോൾ ഒരു കാപ്പി കുടിക്കാൻ തോന്നി, അതിലെ പോകുന്നവന്മാർ എല്ലാം ചായേ ചായേ, വെള്ളം വെള്ളം,, , പളം പൊരി പളം പൊരി കക്ഷികൾ ആണ്
ഇടയ്ക്കു കട്ട്ളെ കട്ട്ളെ എന്ന് വിളിച്ചും പോകുന്നുണ്ട് , കോഫി മാത്രം വരുന്നില്ല, കൂടുതലും ഹിന്ദീക്കാരാണ് ഞാൻ അതിലെ പോയ ഒരുത്തനെ പിടിച്ചു നിറുത്തി ചോദിച്ചു
കോഫീ?
ആയേഗാ സാർ ....അവന്റെ മറുപടി
കുറച്ചു കഴിഞ്ഞിട്ടും ആയേഗ കാണാത്തത് കൊണ്ട് ഞാൻ പതിയെ എണീറ്റ്‌ പാൻട്രി ഉള്ള അറ്റത്തേക്ക് നടന്നു, അപ്പോൾ ആണ് കണ്ടത് പരിചയമുള്ള ഒരു മുഖം,മുന്നിൽ ലാപ്‌ ടോപും വെച്ചിരിക്കുന്നു , ഞാൻ സൂക്ഷിച്ചു നോക്കി,അതേ, ലാ അക്കാഡമിയിൽ വെച്ച് ഇന്റസ്റ്റ്രിയൽ ലോയ്ക്ക് എന്റെ കൂടെ പഠിച്ച വക്കീൽ പ്രേമചന്ദ്രൻ , അത് കഴിഞ്ഞു കണ്ടപ്പോൾ മജിസ്ട്രേറ്റ് ആയിരുന്നു ,ഇപ്പൊ ജില്ലാ ജഡ്ജി ആണ് എന്ന് കേട്ടു,,മുൻകോപി ആയ ,തൊട്ടതിനും പിടിച്ചതിനും ഒക്കെ തൂക്കാൻ വിധിക്കുന്ന ജില്ലാ ജഡ്ജി
ഞാൻ പതുക്കെ അടുത്ത് പോയി, നമസ്കാരം പ്രേമചന്ദ്രാ .....
അദ്ദേഹം കടന്നൽ കുത്തിയ മുഖവുമായി ലാപ്‌ ടോപ്പിൽ നിന്നും തല ഉയർത്തി എന്നെ നോക്കി, എന്നെ സാർ എന്ന് വിളിക്കണം എന്ന് ഒരു സഹപാഠിയോടു ഇദ്ദേഹം പറഞ്ഞ കാര്യം ഞാൻ പെട്ടെന്ന് ഓർത്തു
ഞാൻ പറഞ്ഞു, നമസ്കാരം പ്രേമചന്ദ്രൻ ....സാറേ...
ഉം, തപസ്കാരം....ഇരിക്കൂ,
ഓ, ഞാൻ എതിരെ ഉള്ള ഒഴിഞ്ഞ ചെയറിൽ ഇരുന്നു
പിന്നെ, എന്തൊക്കെ ഉണ്ട്, കുറെ കാലമായല്ലോ കണ്ടിട്ട് , നല്ല തടി വെച്ചു കേട്ടോ. ഞാൻ ചിരിച്ച് കൊണ്ട് പ്രേമചന്ദ്രന്റെ തുടയിൽ ഇട്ട് ഒരടി,
പുള്ളി വെള്ളാപ്പള്ളിയെ കണ്ട വീ എസ്സിനെ പോലെ എന്നെ കണ്ണെടുക്കാതെ തുറിച്ചു നോക്കി ,ഞാൻ ചമ്മി ,പതിയെ അടിച്ച ഭാഗം തടവിക്കൊടുത്തു,
സോറി, എന്തൊക്കെ ഉണ്ട് സാർ
പണ്ട് ഇടയ്ക്കു ക്ലാസിനു വെളിയിൽ പോയി അവിടെ തട്ട് കട നടത്തിയിരുന്ന അപ്പു അണ്ണന്റെ കയ്യിൽ നിന്നും ചൂട് ഉഴുന്ന് വടയും കാപ്പിയും കഴിച്ച കാര്യമൊക്കെ ഞാൻ ഓർത്തു, ഞാൻ ആയിരുന്നു മിക്കവാറും പൈസ കൊടുക്കാറ് .അന്നൊക്കെ വെറും വക്കീൽ ആയിരുന്നല്ലോ സാർ
ഉം, ഞാൻ ഇപ്പോൾ സെഷൻസിൽ ആണ്, അതീവ ഗുരുതരമായ ഒരു കേസ് പഠിക്കുവായിരുന്നു, ഞങ്ങളുടെ വിധിന്യായങ്ങൾ ആണല്ലോ രാജ്യത്തെ മാറ്റി മറിക്കുന്നത്
ഓ ,ഞാൻ തലയാട്ടി, പാവം രാജ്യം ,
എന്താ?
അല്ല, നമ്മുടെ രാജ്യത്തിൻറെ ഭാഗ്യം എന്ന് പറഞ്ഞതാ
ഉം
പണ്ട് പരീക്ഷക്ക്‌ കോപ്പി അടിച്ചപ്പോൾ പിടിച്ച ശേഷം അദ്ദേഹത്തെ ഞങ്ങൾ കോപ്പി ചന്ദ്രൻ എന്നാണു വിളിച്ചിരുന്നത്‌, അത് ആലോചിച്ചപ്പോൾ വന്ന ചിരി വെള്ളം തൊടാതെ വിഴുങ്ങി ഞാൻ കണ്ണും തള്ളി ഇരുന്നു , ആ വിളി കേട്ടാൽ അന്നേ പുള്ളി വയലന്റ് ആകുമായിരുന്നു, അങ്ങനെ വിളിച്ച ആരെയോ പുള്ളി അന്ന് കല്ലെടുത്ത്‌ എറിഞ്ഞു എന്നും കേട്ടിരുന്നു ,ഇപ്പൊ വെടിയോ തൂക്കു കയറോ ആയിരിക്കും
നിങ്ങൾ നരിമാൻ എന്ന് കേട്ടിട്ടുണ്ടോ മിസ്റ്റർ അജോയ് ?
പിന്നില്ലേ
ഗുഡ്, എന്താ അഭിപ്രായം
കൊള്ളാം, സുരേഷ് ഗോപി കലക്കിയ പടം ആണ് , സാർ കണ്ടിട്ടില്ലേ ?
ഒന്ന് പോണം മിസ്റ്റർ, ഇയാൾടെ ഒരു സിനിമ
സത്യമാണ്, പ്രേമചന്ദ്രൻ ....സാറെ. അത് കെ മധു സംവിധാനം ചെയ്ത സിനിമ ആണ് ,അതോ ഇനി നരി ,മാനിനെ പിടിക്കുന്നതാണോ ഈ നരിമാൻ?
ശോ, ഫാലി സാം നരിമാൻ ആണ് മിസ്റ്റർ , പ്രശസ്ത സുപ്രീം കോർട്ട് അഭിഭാഷകൻ ,അദ്ദേഹത്തിന്റെ ഒരു ആർഗ്യുമെന്റ് വായിക്കുവായിരുന്നു ഞാൻ ,അതിനിടയിൽ സിനിമ എന്ന് പറഞ്ഞു കൊൻസ്ന്റ്രെഷൻ കളഞ്ഞു ,ആട്ടെ ഇയാൾ ഇപ്പൊ എന്ത് ചെയ്യുന്നു
എനിക്കറിയില്ല, അയാൾ കേസ് വാദിക്കുകയാവും
ഹോ, അതല്ല, താൻ ...താൻ എന്ത് ചെയ്യുന്നു എന്ന്
ഞാൻ ഒരു കോന്തനോട് സംസാരിക്കുന്നു എന്ന് മനസ്സിൽ കരുതിയെങ്കിലും ഞാൻ പറഞ്ഞത് ഇങ്ങനെ ആണ്, ഞാൻ റെയിൽവേയിൽ ആണ്, പിന്നെ മൂന്നു നാല് ബുക്കുകളൊക്കെ എഴുതി കേട്ടോ, സ്റ്റേറ്റ് അവാർഡും കിട്ടി, ഒരു ബുക്ക് വേണമെങ്കിൽ ഒപ്പിട്ടു തരാം
ലോ റിലേറ്റഡ് ബുക്ക് ആണോ?
അല്ല ,ഞാൻ വിവശനായി ഇരുന്നു
ഉം, അതേ ഞാൻ വായിക്കൂ ,ബാക്കി എല്ലാം യൂസ് ലെസ്സ് , താൻ എന്താ എഴുതിയത്
അവാർഡ് കിട്ടിയ ബുക്ക് അങ്ങനെ ഒരു മാമ്പഴക്കാലം
അത് വേണമെങ്കിൽ ഞാൻ കൃഷി വകുപ്പ് വഴി മാമ്പഴം കൃഷി ചെയ്യുന്നവർക്ക് എത്തിക്കാം
പെട്ടെന്നാണ് ഒരു ശബ്ദം കേട്ടത്....കോപ്പീ.....കോപ്പിയാ...കോപ്പീ
ജഡ്ജ് എന്നെ തുറിച്ചു നോക്കി, ഞാനും ഞെട്ടി, ഇനി ഞാൻ തന്നെ ആണോ? എന്നിൽ ഒളിഞ്ഞു കിടന്ന തെക്കിനിയിലെ തമിഴത്തി ആണോ ഉണർന്നു പ്രേമചന്ദ്രനെ കോപ്പീ എന്ന് വിളിച്ചത് ???
വീണ്ടും അതാ....കോപ്പീ...കോപ്പിയാ....
ഞാൻ അല്ല വിളിച്ചത് എന്നറിയാൻ കൺവേയർ ബെൽറ്റ്‌ പോലത്തെ നാക്ക് ഞാൻ വെളിയിലേക്ക് ഇട്ടു ,എന്നിട്ട് തിരിഞ്ഞു നോക്കി.ഓന്ത് മൂക്കുപ്പൊടി വലിച്ചത് പോലെ മുഖം ഉള്ള ഒരുത്തൻ ഒരു പാത്രം നിറയെ കാപ്പിയും കൊണ്ട് വരുന്നു, ലോകത്ത് ആദ്യമായിട്ടാണ് കോഫി എന്നോ കാപ്പി എന്നോ വിളിക്കാതെ ഒരുത്തൻ കോപ്പി എന്ന് വിളിക്കുന്നത്‌ മഹാപാപി
ഞാൻ വിളറി പ്രേമചന്ദ്രനെ നോക്കി, അവൻ എന്നെ തന്നെ തുറിച്ചു നോക്കി ഇരിക്കുന്നു, ഞാൻ അറിഞ്ഞു കൊണ്ട് അയാളെ വരുത്തി എന്ന് വിചാരിക്കുമോ എന്തോ, ഭഗവാനേ ,തൂക്കി കൊല്ലാൻ വരെ അധികാരം ഉള്ള ആളാണ്‌
കോപ്പീ, കോപ്പിയാ, അവൻ അടുത്ത് വന്നു, ഞാൻ പ്രേമചന്ദ്രനെയും അവനെയും മാറി മാറി നോക്കി പറഞ്ഞു,
അല്ല കോപ്പി അല്ല, കോപ്പി അല്ല
കോപ്പി സാർ. കോപ്പിയാ, അവൻ
ഞാൻ പ്രേമചന്ദ്രനെ നോക്കി ചോദിച്ചു,....സാറിനു കോപ്പി?
ങേ? പുള്ളി കണ്ണ് തുറിച്ചു
ശേ....അല്ലെ...കോഫി..കോഫി...ഫീ ...ഫീ... ,,,,തുപ്പൽ പ്രേമചന്ദ്രന്റെ തല വഴി തെറിച്ചു
വേണ്ട....ഞാൻ ആ സാധനം കുടിക്കാറില്ല....
കോപ്പിയാ സാറെ, കോപ്പിയാ...കോപ്പീ.. നല്ല കോപ്പി ...അവൻ വിടുന്ന മട്ടില്ല
വേണ്ട. ചാഫീ....ശേ, ചായ ഉണ്ടില്ലേ...അല്ല ഉണ്ടോ?
ഇല്ല, സാറല്ലെ കോപ്പി ചോദിച്ചത്
ഞാനോ എപ്പോ?
കൊറച്ചു മുന്നേ
അല്ല. അല്ല അല്ലല്ല അല്ലല്ലല്ലല്ല, ഞാൻ ചോദിച്ചിട്ടേ ഇല്ല..
പോങ്കോ സാർ ,മൂക്കുപ്പൊടി വലിച്ച ഓന്ത് ദേഷ്യത്തിൽ പോയി,
ഞാൻ തിരികെ ജഡ്‌ജിനെ നോക്കി, പുള്ളി ലാപ്‌ ടോപ്‌ എല്ലാം കൂടി വലിച്ചെടുത്തു എണീറ്റ്‌ നില്ക്കുന്നു,.,.
സാർ ഇവിടെ ഇറങ്ങുന്നോ?
ഇല്ല, എനിക്ക് അടുത്ത കോച്ചിലും സീറ്റ് ഉണ്ട്, ഭാര്യ ഒക്കെ അവിടെ ആണ്, ഒരു കേസ് പഠിക്കാൻ വന്നിരുന്നാൽ സമ്മതിക്കില്ല, ന്യൂയിസൻസ്,
ഞാൻ ചുറ്റും നോക്കി..പലരും ശ്രദ്ധിക്കുന്നു
അതേ ,,എന്തൊരു ന്യൂയിസൻസ്,കോപ്പി പോലും,
എന്ത്?
അല്ല പ്രേമചന്ദ്രാ ,സോറി സാർ, ഈ കോഫി, ചായ,,,,ഇതിനൊക്കെ ഒരു സമയം ഇല്ലേ,
ഹും, പുള്ളി ചാടിത്തുള്ളി ഒറ്റ പോക്ക്
ദൈവമേ, ഇനി വല്ല കള്ളക്കേസും ഉണ്ടാക്കി എന്നെ ഉള്ളെ തള്ളുമോ? ഞാൻ കണ്ണടച്ച് ആലോചിച്ചു
വടേ ....വടേ.... കുറച്ചു കഴിഞ്ഞപ്പോൾ പഴയ ഓന്ത് പുതിയ അവതാരം എടുത്തു വരുന്നു ...ഇപ്പൊ അവനു കോപ്പി ..കോപ്പിയാ..വേണ്ട....
എന്റെ അടുത്ത് വന്നവൻ നിന്നു,,,,വടേ...വടേ....
എന്തുവാടേ?
ഉഴുന്ന് വടേ....
ഒന്ന് പോയിത്തരാമോടേ..
പരിപ്പ് വടേ
വേണ്ടടേ .....
നല്ല വടേ
പോടേ
ഉള്ളിവടേ
ഒരു ഉപകാരം ചെയ്യുമോടേ ?
എന്താ സാർ ?
ഞാൻ അവനെ തൊഴുതു, പോടേ.. ഇപ്പൊ പോയ ആ ജഡ്ജ് എമാനോട് പോയി എന്നെ കൊല്ലല്ലേ എന്ന് പറയടേ...നീ സ്വയം നടത്തിയ ഗൂഡാലോചന ആണെന്ന് പറയടേ...വടേ....പോയി പറയടേ... ..സമയം കളയാതടേ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot