Slider

പിശുക്കൻ ( കഥ )

0
പിശുക്കൻ ( കഥ )
***********
കൊട്ടാര സമാനമായ വീടിന്റെ സൈഡിൽ ഡ്രൈവർക്കും വീട്ടു ജോലിക്കാരനും താമസിക്കാൻ വേണ്ടി പണിത ചെറിയ ഷെഡ്ഡിലെ ഡ്രൈവറുടെ കട്ടിലിൽ ഒറ്റക്ക് ചെറുതായി നനഞ്ഞ കണ്ണുകളുമായി അയാൾ ഇരുന്നു
ആ വീട്ടിൽ വിരുന്നിന് വന്നവർ തിരിച്ച് പോകുന്നതും കാത്തിരിക്കുകയായിരുന്നു അയാൾ ,
ആ വലിയ വീടിന്റെയും ഒട്ടേറെ സ്വത്തുക്കളുടെയും ശരിയായ ഉടമസ്ഥൻ താനാണ് എന്നിട്ടും താൻ എന്തുകൊണ്ട് വീടിന്റെ വെളിയിൽ പുറന്തള്ളപ്പെട്ടു എന്ന ചിന്ത അയാളിൽ നിറഞ്ഞു കവിയുന്നു
ഖാലിദാജിയെന്നാണ് അയാളെ അടുത്തറിയുന്നവർ വിളിക്കുന്നത് പക്ഷെ ഖാലിദാജിയെ കൂടുതലായി അറിയാത്ത ദൂരെ നിന്ന് നോക്കുന്ന നാട്ടുകാർക്കെല്ലാം പിശുക്കൻ ഖാലിദാജിയാണ്
നാട്ടുകാർ എന്തും പറയട്ടെ പക്ഷെ തന്റെ മക്കൾക്കും പേരക്കുട്ടികൾക്കും മരുമക്കൾക്കും താൻ പഴഞ്ചനും പിശുക്കനുമായതെങ്ങിനെ
അവിടെ തനിയെ ഇരിക്കുന്ന നേരത്ത് അയാളുടെ ചിന്ത മുഴുവൻ അതായിരുന്നു
അതും ഇക്കാണുന്ന വീടും സ്ഥലവും എണ്ണമറ്റ സ്വത്തുക്കളും അവർക്കായി സമ്പാദിച്ച അവർക്കായി കരുതി വെച്ച താൻ എന്തുകൊണ്ട് ഇങ്ങനെ കേൾക്കേണ്ടവനായി
ഓർമ്മകളിൽ ആദ്യമായി തന്നെ പിശുക്കൻ ഖാലിദാജി എന്ന് വിളിച്ചത് പള്ളി കമ്മറ്റിക്കാർ ആയിരുന്നു അതിന് കാരണമൊ പള്ളി അനാവശ്യമായി മോഡി പിടിപ്പിക്കാൻ താൻ അഞ്ചിന്റെ പൈസ തരില്ലാന്ന് അവരോട് മുഖത്ത് നോക്കി പറഞ്ഞു
അതിനു ശേഷം വീണ്ടും അവർ നാട്ടിൽ നന്നായി നടന്ന് പോകുന്ന സർക്കാർ സ്കൂൾ ഉള്ളപ്പോൾ തന്നെ വേറൊരു മാനേജ്മെന്റ് സ്ഥാപനമായി പുതിയ ഒരു സ്കൂൾ തുടങ്ങാനെന്ന് പറഞ്ഞ് പിരിവിന് വന്നപ്പോൾ അതുപോലെ തന്നെ പറഞ്ഞു അന്നാണ് ഇയാളോട് നമ്മൾ കാശ് ചോദിക്കണ്ട അയാൾ തരില്ല അയാൾ പിശുക്കനാ എന്ന വിളി കേട്ടത് പിന്നീട് നാട്ടുകാർ ആ വിളി ഏറ്റെടുക്കുകയായിരുന്നു
നാട്ടുകാരെ ഒരു നിലക്കും സഹായിക്കാത്ത ആളാണൊ താൻ ? കമ്മറ്റിക്കാർ ശ്രദ്ധ കൊടുക്കാത്ത സഹായം വേണ്ടി വരുന്ന കുടുംബങ്ങൾക്ക് സഹായിച്ചിട്ടുണ്ട് വേറെയും പല നല്ല കാര്യങ്ങൾക്കും സഹായിച്ചിട്ടുണ്ട് അതൊക്കെ തനിക്കും പടച്ചോനും അറിയാം അതുകൊണ്ട് നാട്ടുകാരുടെ വിളിപ്പേര് കാര്യമാക്കുന്നില്ല
സ്വന്തം മക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അങ്ങനെ കേൾക്കാൻ മാത്രം താൻ എന്ത് പിശുക്കത്തരമാണ് അവരോട് കാട്ടിയത് .. ?
കുടുംബത്തിൽ നിന്ന് ആദ്യമായി തന്നെ വെറുതെയല്ല ആളുകൾ വാപ്പാനെ പിശുക്കൻ ഖാലിദെന്നും പിശുക്കൻ ഹാജിയെന്നുമെല്ലാം വിളിക്കുന്നത് എന്ന് പറഞ്ഞത് തന്റെ രണ്ടാമത്തെ മകൻ ഷിഹാബ് ആയിരുന്നു
അതിനുള്ള കാരണമൊ വീട്ടിൽ നല്ലൊരു കാറും ബൈക്കും ഉള്ളപ്പോൾ വേറൊരു കാറ് ഇപ്പോൾ വാങ്ങണ്ട എന്ന് പറഞ്ഞതായിരുന്നു വല്ലപ്പോഴും അത്യാവശ്യത്തിന് മാത്രം കാറിൽ പോകുന്ന തന്റെ കാർ അധികവും അവൻ തന്നെയാണ് കൂടുതലും എടുത്ത് കറങ്ങാറുള്ളത് കൂടാതെ ബൈക്കും ഉണ്ട് എന്നിട്ടും അത് പറഞ്ഞതിന് താൻ പിശുക്കനായി ,
പേരക്കുട്ടികൾക്ക് അവർ കുഞ്ഞുന്നാളിലെ താൻ പിശുക്കൻ തന്നെ ..‌ നാട്ടുകാരുടെ വിളി കേട്ടൊ മറ്റൊ തുടങ്ങിയ വിളി
വെള്ളം പാഴാക്കി കളയുന്നത് കാണുമ്പോൾ അങ്ങനെ ചെയ്യരുതെന്ന് പറയുമ്പോൾ പിശുക്കൻ ഉപ്പാപ്പ എന്ന് വിളിക്കും
വെറുതെ മുറിയിൽ ലൈറ്റ് ഇട്ട് വെച്ച് കണ്ടാൽ അങ്ങനെ വെക്കരുത് എന്ന് പറയുന്നതും താനൊരു പിശുക്കനാ അതുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നാണ് പാവം കുട്ട്യോൾടെ ധാരണ
മൂത്ത മകൻ റിയാസിന്റെ കല്യാണ വേളയിലാണ് ആദ്യമായി താൻ ആ വിളിപ്പേരിൽ അപമാനിതനായതും അതിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടതും
കല്യാണം കെങ്കേമമായി തന്നെ നടത്താൻ താനും പറഞ്ഞതാ പക്ഷെ അവന് അത് പോര ബുഫെ സൽക്കാരം തന്നെ വേണം അതും ആയിരങ്ങൾ വന്ന് തിന്നാലും തിന്ന് തീർക്കാൻ പറ്റാത്തത്ര പലതരം ഐറ്റംസ് കൊണ്ട് വേണമെന്ന് വാശി
മോനെ നമുക്ക് അങ്ങനെയൊന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ അവനും അവന്റെ അനുജനും ചേർന്ന് ഒരേ സ്വരത്തിൽ പറഞ്ഞു വാപ്പ ഇതിൽ ഇടപെടേണ്ട എന്തെങ്കിലും കുറവ് വരുത്തിയാൽ ആൾക്കാർ പറയും
പിശുക്കൻ ഖാലിദിന്റെ മകന്റെ നിക്കാഹാണ് നടക്കുന്നത് എന്ന പേര് വരാതിരിക്കാനും കൂടിയാണ് ഈ പറയുന്നത് എന്നു കൂടി അവർ പറഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല
ഇന്ന് വീട്ടിൽ വിരുന്നു കാര് വന്നിരിക്കയാണ് അവർ ഉള്ള നേരത്ത് പഴമക്കാരനായ് തോന്നുന്ന വിധത്തിൽ നിങ്ങൾ പെരുമാറരുത് ,
അതിനു കഴിയില്ലെങ്കിൽ വന്നവർ തിരിച്ച് പോകും വരെ പുറത്ത് എവിടെയെങ്കിലും പോയി പിന്നെ വന്നാൽ മതി , നിങ്ങൾ ഉണ്ടാകുന്ന സമയം കൊച്ചുങ്ങൾ അവരുടെ മുന്നിൽ പിശുക്കൻ ഉപ്പാപ്പ എന്ന് വിളിക്കാതിരിക്കുകയും ചെയ്യുമല്ലൊ എന്നു കൂടി പറഞ്ഞു കേട്ടപ്പോൾ തന്റേ സമ്പത്ത് മാത്രമല്ല സമ്പാദ്യമായ് കരുതിയ കുടുംബവും നഷ്ടമായ പോലെ അയാൾക്ക് തോന്നി
വിരുന്നിന് വന്നവർ തിരികെ പോയെന്ന് അറിഞ്ഞിട്ടും ആ ചെറിയ ഷെഡ്ഡിൽ നിന്ന് തിരിച്ച് തന്റെ കൊട്ടാര സമാനമായ വീട്ടിലേക്ക് മടങ്ങാൻ അയാൾക്ക് തോന്നിയില്ല
പണ്ട് ഒന്നുമില്ലാത്ത അവസ്ഥയിൽ ഇതുപോലെ ചെറിയ ഓടിട്ട വീട്ടിൽ ജനിച്ചു വളർന്നു വന്നവനാണ് , ചോര നീരാക്കി വിയർപ്പൊഴുക്കി അദ്ധ്വാനിച്ച് സമ്പാദിച്ചതാണ് ഈ കാണുന്നതൊക്കെയും
അദ്ധ്വാനത്തിന്റെ വില അറൊയുന്നവർ ആയ ഏതൊരാൾക്കും ഏതു കാര്യത്തിനായാലും പാഴ്ചിലവും ആർഭാടവും ഇഷ്ടപ്പെടില്ല അതെ താനും പറഞ്ഞുള്ളൂ അതെ ചെയ്തുള്ളൂ തനിക്ക് ഇവിടെ കിടന്നാലും ഉറക്കം വരും
അയാൾ മെല്ലെ അവിടെ ഡ്രൈവർ കിടക്കുന്നതിന്ന് താഴെ പായ വിരിച്ച് തല ചായ്ച്ച് കിടന്നു അപ്പോൾ അയാൾക്ക് തോന്നി തനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല താൻ പിശുക്കനല്ല തന്റെ പ്രധാന സമ്പാദ്യം ഇത്രയും നാൾ എങ്ങനെ ചിലവഴിച്ചുവൊ അതാണ് ശരി അതുകൊണ്ടാണ് ഇത്തിരിയെങ്കിലും സമാധാനം തനിക്ക് ഇപ്പോൾ ഇവിടെ തല ചായ്ക്കുമ്പോൾ കിട്ടുന്നതെന്നും .
സിദ്ദീഖ് വേലിക്കോത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo