.
▪●● മാപ്പ് ●●
▪


"എന്തു വരവാ അപ്പൂസേ ഇത്.. പതുക്കെ വന്നൂടേ നെനക്ക്...?"
"കാറുകാരൻ ഒരുത്തൻ എന്നെ വെട്ടിച്ച് പോവാൻ നോക്കുവാരുന്നു ദേവുമ്മേ... പിന്നെ ഞാൻ വിടണോ ? അതാ..!"
"ഉം... അച്ഛനോട് പറഞ്ഞു കൊടുക്കണണ്ട് ഞാൻ..!"
"അതേയ്.. നിങ്ങളു നിങ്ങളുടെ കാര്യം മാത്രം നോക്ക്യാ മതീട്ടോ.. എന്റെ കാര്യം അന്വേഷിക്കണ്ടാന്ന് ഞാൻ പറഞ്ഞിട്ടുണ്ട്..!"
ഹെൽമെറ്റ് എടുത്ത് ഞാൻ സോഫയിലേക്ക് എറിഞ്ഞു. ബൈക്കിന്റെ താക്കോൽ ടി. വി സ്റ്റാന്റിലേക്കും ! എന്നുമതെ... എവിടെയെങ്കിലും പോയി വീട്ടിൽ തിരിച്ചെത്തുമ്പോ ഗേറ്റിൽ കാത്ത് നിന്ന് ഉപദേശം പറയാൻ തുടങ്ങും.
പിന്നെന്തോ ഒന്നും പറയാതെ അച്ഛൻ പെങ്ങൾ ചോറെടുത്തു വക്കാൻ തുടങ്ങി. ആ കണ്ണുകൾ കുറച്ച് കലങ്ങിയിരിക്കുന്നോ എന്ന സംശയവും ഇല്ലാതില്ല. എങ്കിലും എനിക്ക് കുറ്റബോധം ഒന്നും തോന്നിയില്ല. ബൈക്കോ, കാറോ എടുത്ത് എപ്പോ പോകുമ്പോഴായാലും വരുമ്പോഴായാലും നൂറുവട്ടം കേൾക്കണം സൂക്ഷിച്ചു പോണേ... പതുക്കെ പോണെ... നേരം വെളുക്കുന്നേ ഒള്ളുവേ.. ഇരുട്ടി തുടങ്ങിയേ ഇങ്ങിനെയൊക്കെ..!
ദിവസവും രാവിലെ തന്നെ ജോലിക്ക് പോയി വൈകുന്നേരം മാത്രം തിരിച്ചെത്തുന്ന സ്വന്തം അമ്മയേ കൊണ്ട് ഇത്ര ശല്യമില്ല. പ്രവാസിയായ അച്ചന്റെ ഉപദേശങ്ങൾ വർഷത്തിലൊരു മാസം മാത്രം സഹിച്ചാൽ മതി. പക്ഷേ.. ഇത്.. എങ്ങും പോകാതെ നേരം വെളുക്കുമ്പോ മുതൽ...!
എനിക്കിഷ്ട്ടപെട്ട മാമ്പഴ പുളിശ്ശേരി ചോറിനു മുകളിലേക്ക് ഒഴിച്ച് ദേവുമ്മ മിണ്ടാതെ നിന്നു. ആ.. അതെ.. അച്ഛൻ പെങ്ങളെ ഞാനങ്ങിയാ വിളിക്കാറ്. ദേവുവമ്മ..! ഇന്ന് രാവിലെ നേരം വൈകിയെഴുന്നേറ്റ് ക്രിക്കറ്റ് ടീം സെലക്ഷനു വേണ്ടി ബൈക്കുമെടുത്ത് പായാൻ നേരം പുറകിൽ നിന്ന് വിളിച്ചു. അപ്പൂസേ... പതുക്കെ പോവുട്ടോന്നും പറഞ്ഞു. ആ പിൻവിളി പോലെ തന്നെ ടീം സെലക്ഷനിൽ നിന്നും ഔട്ടായി. ആ ദേഷ്യം തീരാതെ തിരിച്ച് വൈകുന്നേരം പാഞ്ഞു വരുമ്പോൾ ഗേറ്റ് തുറന്നു പിടിച്ച് നോക്കി പിന്നേം നില്ക്കുന്നുണ്ടായിരുന്നു. എന്നിട്ടാണാ പതുക്കെ വന്നൂടെന്ന് ചോദിച്ചത്.
"മോനേ.. ദേ.. നോക്കിയേ... "
അവരെ ശ്രദ്ധിക്കാതെ കുനിഞ്ഞിരുന്ന് ഞാൻ ചോറുണ്ട് കൊണ്ടിരുന്നു.
"നമ്മുടെ ബാലമ്മാമേടെ പേരക്കുട്ടീടെ കാര്യം കേട്ടോ നീയ്..? ആ പെൺകുട്ടി വീട്ടിലൊന്ന് വീണു. അതിനേം കാറിലു കിടത്തി നല്ല സ്പീഡിലു പോവാരുന്നു ബാലമ്മാമ..! ഒരു കിളവൻ കത്തിച്ചു പോണൂന്നും പറഞ്ഞ് ആ വഴി കാറിലു പോവുകയായിരുന്ന കുറച്ചു ചെറുപ്പം കുട്ടിയോളു ശല്യപ്പെടുത്താൻ തുടങ്ങി. അവരും കൂടെ നല്ല സ്പീഡിലോടിച്ചു. ഹോണടിച്ചും പേടിപ്പിച്ചും ഒടുവിൽ ബാലമ്മാമേടെ കാറു തോട്ടിലേക്ക് മറിഞ്ഞു. ആ കുട്ടി ഇപ്പോ ഐ. സി. യുവിലാത്രെ ! ഓരോരുത്തര് എന്തൊക്കെ ആവശ്യങ്ങൾക്കാ സ്പീഡിലു പോണേന്ന് ആർക്കാ അറിയാ..? ന്റെ കുട്ടി ആരോടും മത്സരിക്കാനൊന്നും പോകണ്ട... ട്ടോ..!"
"ഒന്നു നിറുത്തണണ്ടോ ഇത്..? കേട്ടു കേട്ടു മടുത്തു..!"
ദേവുമ്മ ഒന്ന് ഞെട്ടിയെന്ന് തോന്നുന്നൂ..
" ശല്യായോ എന്റെ കുട്ടിക്ക്..! ഉം..? "
" ആ.. ആയി.. എന്റെ കുട്ടിയത്രെ..? ഞാൻ നിങ്ങടെ മോനൊന്നുല്ലാലോ ! ശല്യം.. !"
എന്നെത്തന്നെ നോക്കി സ്തബ്ദയായി ദേവുവമ്മ നിന്നു.
" എന്നെ വേണ്ട നിനക്ക്..?"
അതു ചോദിക്കുമ്പോൾ പതിവില്ലാതെ അവർ ശ്വാസമെടുക്കുന്നുണ്ടായിരുന്നു.
''ആ ... വേണ്ട.. ഇറങ്ങിപ്പോ..!"
മുൻപിലെ ചോറ് തട്ടി നീക്കി എഴുന്നേറ്റ് ഞാൻ കൈ കഴുകി. റൂമിലേക്ക് കയറി വാതിൽ പുറം കാൽ കൊണ്ട് ചവിട്ടി അടച്ച് ഞാൻ ബെഡിലേക്ക് കിടന്നു..
ചെവിയിലേക്ക് തിരുകിയ ഇയർഫോണിലെ പാട്ട് രണ്ടെണ്ണം കഴിഞ്ഞപ്പോഴേക്കും നല്ല ഉറക്കത്തിലേക്കും വഴുതി വീണു.
ജനാലയിലെ ഉച്ചത്തിലുള്ള തട്ടു കേട്ടാണ് പിന്നെ എഴുന്നേറ്റത്. ജനൽ തുറന്ന് നോക്കിയപ്പോ അമ്മ..! അഞ്ചരയായിരിക്കുന്നു. ഇത്ര നേരം ഞാനുറങ്ങിയോ..?
"ദേവുവമ്മ എവിടെ ? കാണാനില്ലല്ലാ..!"
" എവിടെ പോയാവോ..! എനിക്കറിയില്ല.. "
" ഉം.. നീ വന്ന് വാതിലു തുറക്ക്.. "
വാതിൽ തുറക്കാൻ പോകുന്നേരം ഞാൻ ആലോചിക്കാതിരുന്നില്ല ദേവുമ്മ എവിടെ പോയിട്ടുണ്ടാവും. ? കുറേ വർഷങ്ങളായിട്ട് വീട്ടിനു പുറത്തേക്ക് ഇറങ്ങാത്തവരാണ്.
വാതിൽ തുറന്നു ചെല്ലുമ്പോഴേക്കും അമ്മ അയൽപക്കത്തേക്കൊക്കെ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.
"ഡാ.. നീയപ്പോ കണ്ടില്ലേ..?"
" ഇവിടുണ്ടായിരുന്നല്ലോ.. എനിക്ക് ചോറു വിളമ്പി തന്നതല്ലേ..!"
"ഈശ്വരാ.. മനസ്സിനു വയ്യാത്തോരാ... എവിടെ പോയിട്ടുണ്ടാവാ ! എവിടെയാ ഇപ്പോ ചോദിക്ക്യാ...?"
ആധികൊണ്ട് അമ്മയുടെ മുഖം വിളർത്തു. ഫോണെടുത്ത് ബന്ധു വീടുകളിലേക്കൊക്കെ വിളിച്ചു ചോദിക്കാൻ തുടങ്ങി..
"നെന്നോടൊന്നും പറഞ്ഞില്ലേ..?"
കുറ്റവാളിയെ പോലെ ഞാൻ തല കുമ്പിട്ടു നിന്നു. എന്റെ തോളിൽ പിടിച്ചു കുലുക്കി അമ്മ പിന്നേയും ചോദിച്ചു.
"ഡാ... നിന്നോടാ ചോദിക്കണേ.. എന്തെങ്കിലും പറഞ്ഞിരുന്നോ നിന്നോട്..?"
"ഇന്ന് കേറി വന്നപ്പോ മുതല് ഉപദേശം തുടങ്ങി, മടുത്തപ്പോ ഞാൻ ഇറങ്ങിപ്പോവാൻ പറഞ്ഞിരുന്നു..!"
സ്തബ്ദയായി അമ്മ എന്നെ നോക്കി..
"ഹെന്ത്...? എന്താ പറഞ്ഞേന്ന്..?"
"ഉം.. ഇറങ്ങി പോവാൻ പറഞ്ഞു ഞാൻ.. അത്രക്ക് വെറുപ്പിക്കലായിരുന്നു..!"
പറഞ്ഞു തീർന്നില്ല. അതിനു മുമ്പ് അമ്മയുടെ കൈ എന്റെ കരണത്തു വീണു. പുകഞ്ഞു ചുവന്നു പോയി !
"അത്രക്ക് വളർന്നൂല്ലേ നീയ്...? ഞാൻ പെറ്റിട്ടുവെന്നേ ഒള്ളൂ.. വളർത്തി വലുതാക്കി ഇങ്ങിനെയൊക്കെ പറയാറാക്കിയതവരാണ്.. മറക്കണ്ട..!"
ദേഷ്യവും സങ്കടവും അമ്മയുടെ വാക്കുകളെ മുറിച്ചിരുന്നു.
കവിൾ തടവി കുമ്പിട്ട് ഞാൻ നിന്നു.. എങ്കിലും പതുക്കെ പറഞ്ഞു..
"പിന്നെ.. എപ്പോ നോക്കിയാലും എന്റെ ബൈക്കിന്റേയും കാറിൻേറയും സ്പീഡിനെ കുറിച്ച് പരാതി പറയാനേ അവർക്കു നേരുള്ളു.."
"അതേയ്...നിന്നെപ്പോലുള്ളവരുടെ വേഗത ഒരിക്കലവരുടെ ജീവിതം നശിപ്പിച്ചതാ... ! പറഞ്ഞു കേട്ട ഓർമ്മണ്ടോ നിനക്ക്..?"
ഓർമ്മയുണ്ട്... അതെ.. അച്ഛൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു ചേച്ചി ദേവുമ്മേടേ കല്യാണം. കല്യാണം കഴിഞ്ഞും ആറേഴ് വർഷക്കാലം കുട്ടികളുണ്ടായിരുന്നില്ല. വഴിപാടുകളും ചികിത്സകളുമായി പോവാത്ത ഇടങ്ങളില്ലായിരുന്നു. ഒരിക്കൽ ദൂരെയേതോ സ്ഥലത്തു പോയി മടങ്ങി വരുമ്പോഴായിരുന്നു ആക്സിഡന്റിൽ ഭർത്താവ് മരിച്ചത്. വഴിയരികിൽ കാർ നിറുത്തി ദേവുമ്മക്ക് കുടിക്കാൻ കരിക്ക് വാങ്ങി റോഡ് ക്രോസ് ചെയ്യുകയായിരുന്നു അദ്ദേഹം. ദേവുമ്മ കണ്ടു നില്ക്കുമ്പോൾ തന്നെ, അമിത വേഗത്തിൽ വന്നൊരു കാറിടിച്ച് , അവിടെത്തന്നെ പിടഞ്ഞു വീണു മരിച്ചു. പിന്നെ ഒരു പാട് നാൾ വണ്ടികളെ ഭയന്ന്, റോഡുകളെ ഭയന്ന്, കരഞ്ഞ് വീടിനുള്ളിൽ തന്നെ ആരോടും മിണ്ടാതെ ദേവുമ്മ ഇരുന്നിരുന്നു.
" സ്വന്തം ഭർത്താവിന്റെ മരണം കൺമുന്നിൽ കണ്ട് സമനില തെറ്റിയ അവര് പിന്നെയൊന്നു ചിരിക്കാൻ തുടങ്ങിയത് നിന്നെ കണ്ടതിനു ശേഷമായിരുന്നു. പിന്നെ ആ ജീവിതം മുഴുവൻ നിനക്കു വേണ്ടിയായിരുന്നു.. എന്നിട്ടിപ്പോ...!"
സംസാരിക്കുന്നതിനിടയിൽ അമ്മ വാതിലുകൾ പൂട്ടുന്നുണ്ടായിരുന്നു.
"നിനക്കു വേണ്ടെങ്കിൽ വേണ്ട.. എനിക്കു വേണം.. നിന്റെ അച്ഛനും വേണം അവരെ.. പത്തു വയസ്സിനേ വിത്യസം ഉണ്ടായിരുന്നുള്ളുവെങ്കിലും അമ്മയായിരുന്നു അവരെനിക്ക് ! എവിടെ പോയാലും ദേവുമ്മേനെ കണ്ടെത്തിയില്ലെങ്കിൽ പിന്നെ ഞാനും ഇങ്ങോട്ടില്ല.. എന്റെ മോൻ ഒറ്റക്കിവിടെ പൊറുത്തോ.."
ഞാനറിയാതെ കരഞ്ഞു തുടങ്ങിയിരുന്നു..
"ഇല്ലമ്മാ... ഞാനും വരുന്നു. ദേവുമ്മ എവിടേം പോയിട്ടുണ്ടാവില്ല.. നമുക്ക് കണ്ടു പിടിക്കാം.."
വീടുപൂട്ടി കാറെടുത്ത് ഇറങ്ങുന്നതിനിടയിലൊക്കെ അമ്മ മാറി മാറി ഓരോ വീടുകളിലേക്ക് വിളിക്കുന്നുണ്ടായിരുന്നു. ഓരോ വിളിക്കു ശേഷവും അമ്മ കുടുതൽ വിതുമ്മിക്കരഞ്ഞു കൊണ്ടിരുന്നത് എന്നേയും സങ്കടപ്പെടുത്തി. ഉള്ളിൽ ഒരു പേടി പതുക്കെ വളർന്നു വന്നു. ഇനിയെന്തു ചെയ്യും.
രണ്ടു ബസ്റ്റാൻഡിലും പോയി, എല്ലായിടത്തും നോക്കി.. കാണുന്നവരോടൊക്കെ ചോദിച്ചു. പിന്നെ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. നീളൻ പ്ളാറ്റ്ഫോമുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പോർട്ടർമാരോടും, പിന്നെ പുറത്ത് ആട്ടോക്കാരോടുമൊക്കെ തിരക്കി.
"ഡാ... ഇനീപ്പോ അച്ഛന്റെ തറവാട്ടിലേക്ക് പോയാലോ.? അവിടെ ചെന്നിട്ടില്ലെന്ന് പറഞ്ഞു.. എന്നാലും.. എനിക്ക് അറിയില്ല.. ഇനി ഒറ്റക്ക്... നീ അങ്ങോട്ട് വിട്.."
എനിക്ക് മറുത്തൊന്നും പറയാനുണ്ടായിരുന്നില്ല. ഉള്ളിലെ സങ്കടം ഒരു ഭയമായി മാറി തുടങ്ങിയിരുന്നു. ദേവുമ്മ അരുതാത്തതെന്തെങ്കിലും ചെയ്ത് ജീവിതം അവസാനിപ്പിക്കാൻ....?
കാർ നഗരാതിർത്തി വിട്ട് വിജനമായ ഒരു പാടത്തിനു നടുവിലൂടെ ഓടി തുടങ്ങിയിരുന്നു. ഇരുവശത്തും വലിയ മരങ്ങൾ നിന്നിരുന്നു. ഞാനറിയാതെ കാൽ ആക്സിലേറ്ററിലമർന്നു. പെട്ടെന്ന് തന്നെ സ്പീഡ് കൂടുന്നു എന്ന് ദേവുമ്മ ഓർമിപ്പിക്കുന്നതു പോലെ തോന്നി. കാർ പിന്നേയും പതുക്കെയായി. കണ്ണു നീരിന്റെ നനവു എന്റെ കണ്ണുകളെ ചെറുതായി മറച്ചു. പെട്ടെന്ന് അമ്മ മുൻ ഭാഗത്തേക്ക് ചൂണ്ടിക്കാട്ടി.
"ഡാ... നോക്ക്.. "
റോഡരികിലെ മരത്തിനു താഴെ ഒരു സ്ത്രീരൂപം. പിന്നേയും വേഗത കുറച്ച് അടുക്കുമ്പോൾ വ്യക്തമായി കണ്ടു. ദേവുമ്മ തന്നെ. സാരി കൊണ്ട് ദേഹം പുതച്ച് ഒരു കയ്യിൽ ബാഗും പിടിച്ച് റോഡിനു മറുഭാഗത്തുള്ള ആർക്കോ വേണ്ടി ആകാംഷയോടെ നോക്കി നില്ക്കുന്നു.
കാർ അടുത്തു കൊണ്ടു പോയി നിറുത്തുമ്പോഴേക്കും അമ്മ ഓടിയിറങ്ങി പോയി കെട്ടിപ്പിടിച്ചിരുന്നു. കണ്ണീരോടെ ഇറങ്ങി ചെല്ലുമ്പോൾ ഞാനും മറുവശത്ത് ആരാണുള്ളതെന്ന് നോക്കിയിരുന്നു.
"ദേവുമ്മ... എന്താ ഇത്..? ഉം..! ആ ബോധമില്ലാത്തവൻ എന്തോ പറഞ്ഞെന്നും പറഞ്ഞ്..! വാ.."
അമ്മയുടെ പറച്ചിലും കരച്ചിലുമൊക്കെ ഒരുമിച്ചായിരുന്നു.
പക്ഷേ ഞങ്ങളെ ശ്രദ്ധിക്കാതെ പകപ്പോടെ, ആകാംഷയോടെ റോഡിനപ്പുറത്തേക്ക് നോക്കി കൊണ്ടു ദേവുമ്മ നിന്നു. ദേവുമ്മയുടെ കയ്യിൽ കയറി പിടിച്ച് അമ്മയും അപ്പുറത്തേക്ക് നോക്കി, പിന്നെ ചോദിച്ചു..
"ദേവുമ്മാ... ആരെയാ നോക്കുന്നത്.. ഉം..?"
"കരിക്ക് വാങ്ങാൻ പോയിട്ടുണ്ട് അപ്പുറത്തേക്ക്.. ഇപ്പ വരും അവര്.."
നിഷ്കളങ്കമായിരുന്നു ആ മറുപടി..!
പെട്ടെന്ന്, അമ്മ വിതുമ്പിക്കരഞ്ഞു എന്റെ കയ്യിൽ പിടിച്ചു.. ഒന്നു വിളിക്കടാ എന്ന ഭാവമുണ്ടായിരുന്നു ആ മുഖത്ത്...
കരച്ചിലടക്കി , ആ കൈകളിൽ പിടിച്ച് ഞാൻ വിളിച്ചു..
"ദേവുമ്മാ... വാ.. നമുക്ക് വീട്ടിൽക്ക് പോവാം..! അവിടെ ആരൂല്യാ.."
എനിക്ക് മുഖം തരാതെ, നിഷേധാർത്ഥത്തിൽ തലയാട്ടി ദേവുമ്മ പറഞ്ഞു...
"ഹേയ്... ഇല്ല.. അവര് വരും.. വരാതിരിക്കില്ലാ... ഇപ്പ വരാന്നാ പറഞ്ഞത്.. "
ആ കൈകളിൽ പിടിച്ച്.. എന്റെ മുഖത്തേക്കമർത്തി ആ കാൽക്കലേക്ക് ഞാനിരിക്കുമ്പോഴും റോഡിലൂടെ ചീറിപ്പാഞ്ഞു കൊണ്ട് വണ്ടികൾ കടന്നു പോകുന്നുണ്ടായിരുന്നു. അങ്ങു ദൂരെ, സന്ധ്യയുടെ ചോപ്പു പകർന്ന ആകാശത്തിലൂടെ കൂടണയാൻ മോഹിച്ച് ഏതോ പക്ഷികളും പറക്കുന്നുണ്ടായിരുന്നു.
സ്നേഹത്തോടെ അഷ്റഫ് ♡..
~~~~~~~~~●●~~~~~~~~~~
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക