Slider

രക്തപവിഴം-ഭാഗം 5

0

“പക്ഷെ ശ്രീകൃഷ്ണഭഗവാനും നമ്മള്‍ തേടുന്ന രക്തപവിഴവുമായി എന്ത് ബന്ധം ? ഭഗവാന്‍റെ സ്വര്‍ഗാരോഹണം കഴിഞ്ഞു നൂറ്റാണ്ടുകള്‍ കഴിഞ്ഞില്ലേ അഗാധ രാജ്യം ഉണ്ടാവുന്നത് അതും കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ അശോക ചക്രവര്‍ത്തി അഗാധയെ ആക്രമിക്കുന്നതും ?” സമന്യ സംശയത്തോടെ അവളോട്‌ ചോദിച്ചു
“ഞാന്‍ നേരത്തെ പറഞ്ഞില്ലേ അതൊരു ക്ലൂ മാത്രമാണ് അല്ലാതെ ശ്രീകൃഷ്ണഭഗവാനും രക്തപവിഴവുമായി യാതൊരു ബന്ധവുമില്ല “ ചാര്‍ളി ഒന്ന് നിറുത്തിയ ശേഷം തുടര്‍ന്നു
“അല്ല സമന്യ ഈ മഹാവംശം എന്ന പുസ്തകം നിങ്ങള്‍ക്ക് എവിടെ നിന്ന് ലഭിച്ചെന്നാണ് നേരത്തെ പറഞ്ഞത് ? “
“രണ്ടായിരത്തി ഒന്നില്‍ ഗുജറാത്തിലെ ഘാംബട്ട് സമുദ്രത്തിന്‍റെ അടിത്തട്ടില്‍ നിന്ന് ശ്രീകൃഷ്ണന്‍ ഭഗവാന്റെ ദ്വാരകയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു ..അവിടെ നിന്ന് പടിഞ്ഞാറ് ഒമ്പത് കിലോമീറ്റര്‍ പരപ്പില്‍ നാല്പത് മീറ്റര്‍ ആഴത്തില്‍ മറ്റൊരിടത്ത് നിന്ന് കണ്ടെത്തിയതാണ് മഹാവംശം “ സമന്യ അത് പറഞ്ഞപ്പോള്‍ ചാര്‍ളി ഒന്ന്‍ പുഞ്ചിരിച്ചു
“അമ്മാവാ ..സമന്യ..അശോക ചക്രവര്‍ത്തി തന്നിരിക്കുന്ന ക്ലൂവിന്‍റെ അര്‍ഥം നമ്മള്‍ കണ്ടുപിടിച്ചിരിക്കുന്നു “ ചാര്‍ളി ചിരിച്ചുകൊണ്ട് പറഞ്ഞു
“ശ്രീകൃഷ്ണഭഗവാന്‍ എന്നല്ല ചക്രവര്‍ത്തി ഉദേശിച്ചത്‌ “
“പിന്നെ ? “പോളും സമന്യയും ഒരേ സ്വരത്തില്‍ ചോദിച്ചു
“ചക്രവര്‍ത്തി ശ്രീകൃഷ്ണഭഗവാന്‍ എന്നല്ല ഉദേശിച്ചിരിക്കുന്നത് മറിച്ച് ഇവിടെ ഉദേശിക്കുന്നത് ദ്വാരക എന്നാണ് ..നേരത്തെ പറഞ്ഞല്ലോ ഇതുവെറുമൊരു ഊഹമാണ് ..ഊഹം ശരിയാണെങ്കില്‍ മാനിനേയും വേടനേയും ഇതില്‍ കാണിച്ചിരിക്കുന്നത് ദ്വാരകയെ തന്നെയാവണം..എനിയ്ക്ക് തോന്നുന്നത് നമ്മുക്ക് ചക്രവര്‍ത്തി തന്നിരിക്കുന്ന കോർഡിനേറ്റ് ആണ് ഈ ക്ലൂ എന്നാണ്.. അതായത് രക്തപവിഴം തേടാന്‍ എവിടെ നിന്ന് തുടങ്ങണം എന്നുള്ള ക്ലൂ ..അതുകൊണ്ട് മാനും വേടനും ദ്വാരകയെയാണ് സൂചിപ്പിക്കുന്നതെന്ന് ഉറപ്പിക്കാം “
“അങ്ങനെയെങ്കില്‍ എന്തിനാണ് ഈ വേടന്‍ മാനിനെ ലക്ഷ്യമാക്കാതെ മാന്‍ നില്‍ക്കുന്നതിന്‍റെ എതിര്‍ദിശ നോക്കിയാണ് അമ്പേയ്യുന്നത് ?കൃഷണഭഗവാനിലേയ്ക്കും ദ്വാരകയിലേയ്ക്കും എത്തണമെങ്കില്‍ വേടന്‍ മാനിനെ നോക്കിയല്ലേ അമ്പേയ്യെണ്ടത് ? “ പോള്‍ ചാര്‍ളിയോട് ചോദിച്ചു
“അങ്ങനെ ചോദിച്ചാല്‍ ..വെയിറ്റ് “ ചാര്‍ളി വീണ്ടും മാപിലേയ്ക്ക് സൂക്ഷിച്ചുനോക്കി.ചാര്‍ളി തുടര്‍ന്നു
“അമ്മാവാ ഞാന്‍ നേരത്തെ പറഞ്ഞില്ലേ ചക്രവര്‍ത്തി നമ്മുക്ക് തന്നൊരു കോർഡിനേറ്റ് ആണ് അത് ..പക്ഷേ ഇതിലും ചക്രവര്‍ത്തി മറ്റെന്തൊക്കയോ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് “ അത്രയും പറഞ്ഞുകൊണ്ട് ചാര്‍ളി മാപ് തിരിച്ചും മറിച്ചും നോക്കിയശേഷം വീണ്ടും മേശപ്പുറത്തുതന്നെ വെച്ചു
“അമ്മാവാ ദ്വാരക എന്നത് കോർഡിനേറ്റ് ആണെങ്കില്‍ ഈ മാനും വേടനും ഒരു പക്ഷേ “ ചാര്‍ളി അത്രയും പറഞ്ഞു നിറുത്തി
“ചാര്‍ളി എന്താണ് പറയാന്‍ ഉദേശിക്കുന്നത് ? “ സമന്യ ചാര്‍ളിയോട് ചോദിച്ചു.ചാര്‍ളി മാപ് മറിച്ചിട്ടശേഷം അതിന്‍റെ പിന്നില്‍ കൈയ്യിലുണ്ടായിരുന്ന പേനകൊണ്ട് ഒരു വരവരച്ചു .അതിനുശേഷം ആ വരയ്ക്ക് കുറുകയായി മറ്റൊരു വരച്ച് വരകളുടെ അറ്റത്തായി S,N,E,W എന്ന ഇംഗ്ലീഷ് അക്ഷരങ്ങള്‍ രേഖപ്പെടുത്തി
“മാനും വേടനും ദ്വാരക എന്ന കോർഡിനേറ്റ് ആണെങ്കില്‍ മാനിനെ ലക്ഷ്യമാക്കാതെ മാനിന്റെ എതിര്‍ദിശയിലേയ്ക്ക് അമ്പേയ്യുന്ന വേടന്‍ എന്നതുകൊണ്ട്‌ ചക്രവര്‍ത്തി ഉദേശിക്കുന്നത് ഇതാണ് “ മാപിന്റെ പുറകിലായി ചാര്‍ളി വരച്ച വരയിലേയ്ക്കും ഇംഗ്ലീഷ് അക്ഷരങ്ങളിലേയ്ക്കും ചൂണ്ടികൊണ്ട്‌ ചാര്‍ളി പറഞ്ഞു
“കാർഡിനൽ ഡയറക്ഷന്‍(cardinal direction) ? “ സമന്യ ചാര്‍ളിയോട് ചോദിച്ചു
“അതെ കാർഡിനൽ ഡയറക്ഷന്‍..ഡയറക്ഷനാണ് മാനിലും വേടനിലും ചക്രവര്‍ത്തി ഒളിപ്പിച്ചുവെച്ച അടുത്ത ക്ലൂ ..മാന്‍ എന്നത് ദ്വാരകയാണെങ്കില്‍ അതിന് നേരെ എതിര്‍ദിശയില്‍ വേണം നമ്മള്‍ രക്തപവിഴത്തെ തേടാന്‍..സൂക്ഷിച്ച് നോക്ക് ഈ പിക്ക്ടോഗ്രാഫിലെയ്ക്ക് ..ഓരോ ചിത്രങ്ങളും ഒരേ ശ്രേണിയില്‍ ആണെങ്കില്‍കൂടിയും അത് നിലനില്‍ക്കുന്ന ദിശ വ്യതസ്തമാണ് ..വേടന്‍ എന്ന് എവിടെ ഉദേശിക്കുന്നത് ദിശയെ സൂചിപ്പിക്കാനാണ് ..ഇനി കാര്‍ഡിനല്‍ ഡയറക്ഷന്‍ നോക്കുകയാണെങ്കില്‍ “ ചാര്‍ളി അത്രയും പറഞ്ഞു മാപ് മറിച്ചുകൊണ്ട് തുടര്‍ന്നു
“കാര്‍ഡിനല്‍ ഡയറക്ഷന്‍ നോക്കുകയാണെങ്കില്‍ മാന്‍ നില്‍ക്കുന്നത് ഇവിടെയാണ് അതായത് ദ്വാരക സ്ഥിതി ചെയ്യുന്നത് ഇവിടെയാണ് ? “ ഇംഗ്ലീഷ് അക്ഷരം E യില്‍ വിരല്‍ വെച്ചുകൊണ്ട് ചാര്‍ളി പറഞ്ഞു
“ഈസ്റ്റ്‌ ? കിഴക്കോ ? “ പോള്‍ ചാര്‍ളിയോട് ചോദിച്ചു
“അതെ ..മാപ് പ്രകാരം ദ്വാരക നില്‍ക്കുന്നത് കിഴക്കാണ് അതിന്‍റെ നേരെ എതിര്‍ദിശ എന്ന് പറയുമ്പോള്‍ ..വെസ്റ്റ്.. പടിഞ്ഞാറാണ് നമ്മുക്ക് രക്തപവിഴത്തെ തേടി പോകേണ്ടത് “ W എന്ന അക്ഷരത്തില്‍ വിരല്‍ വെച്ചുകൊണ്ട് ചാര്‍ളി പറഞ്ഞു.ചാര്‍ളി പറഞ്ഞത് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റാതെ പോളും സമന്യയും ആ മാപിലേയ്ക്ക് തന്നെ നോക്കിനിന്നു
“വെറും ഊഹാങ്ങളാണ് ഇതൊക്കെ ..വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം ..എനിയ്ക്ക് എന്തായാലും ഇങ്ങനെ വിശ്വസിച്ചേ പറ്റൂ “
“ഞങ്ങളും ചാര്‍ളി പറഞ്ഞത് വിശ്വസിക്കുന്നു .. അങ്ങനെയെങ്കില്‍ പിക്ക്ടോഗ്രാഫിലെ ബാക്കിയുള്ള ചിത്രങ്ങള്‍ എന്തായിരിക്കും സൂചിപ്പിക്കുന്നത് ? “ പോള്‍ ചാര്‍ളിയോട് ചോദിച്ചു
“ഇനി പിക്ക്ടോഗ്രാഫില്‍ ഉള്ളത് ഒരു പാറക്കെട്ട് ..പിന്നെയൊരു വീട് അതിന് മുന്നില്‍ രണ്ട് ആളുകള്‍ ..അതിനുശേഷം ഒരേപോലെയുള്ള രണ്ട് മൃഗങ്ങള്‍ അതിന്‍റെ മധ്യത്തിലായി ഒരു വാള്‍ “ സമന്യ മാപിലേയ്ക്ക് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു
“ദ്വാരകയില്‍ നിന്ന് പടിഞ്ഞാറ് ദിശ നോക്കി പോയാല്‍ നമ്മുക്ക് ഒരു പാറക്കെട്ട് കാണാം എന്നായിരിക്കുമോ ഈ കാണുന്ന പാറക്കെട്ടിന്റെ അര്‍ഥം ? “ പോള്‍ ചാര്‍ളിയോട് ചോദിച്ചു
“അത്ര എളുപ്പത്തിലുള്ള ക്ലൂ ചക്രവര്‍ത്തി നമ്മുക്ക് തരുമോ അമ്മാവാ ?..എനിയ്ക്ക് തോന്നുന്നില്ല..വെറുമൊരു പാറക്കെട്ട് ആയിരിക്കില്ല ഇത്.. മാനിലും വേടനിലും ഒളിപ്പിച്ച രഹസ്യം പോലെ ഇതിലും നമ്മള്‍ എന്തെങ്കിലും പ്രതീക്ഷിക്കണം “ പിക്ക്ടോഗ്രാഫിലെ പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ കൈവിരല്‍ ഓടിച്ചുകൊണ്ട് ചാര്‍ളി പറഞ്ഞു
“പാറക്കെട്ടുകള്‍ക്ക് വേറെ എന്ത് അര്‍ത്ഥം ചാര്‍ളി ? “
“ഈ പാറക്കെട്ടുകള്‍ ശരിയ്ക്കും ശ്രദ്ധിച്ചോ അമ്മാവാ ? സമന്യയ്ക്ക് എന്തെങ്കിലും തോന്നുന്നുണ്ടോ ? “ ചാര്‍ളി പോളിനോടും സമന്യയോടുമായി ചോദിച്ചു.രണ്ടുപേരും മാപിലേയ്ക്ക് ഒരു മിനിറ്റോളം സൂക്ഷിച്ചുനോക്കി.പക്ഷെ രണ്ടുപേരും ഒന്നും പറയാത്തതുകൊണ്ട് ചാര്‍ളി തുടര്‍ന്നു
“അമ്മാവാ ..സമന്യ..സാധാരണ ഒരു പാറക്കെട്ട് ഒന്നിലേറെ പാറകള്‍ ചേര്‍ന്നാണ് ഉണ്ടാവുക ..മിക്കപ്പോഴും അതിലെ ഓരോ പാറകളുടെയും വലുപ്പം വ്യതസ്തമായിട്ടായിരിക്കും ഉണ്ടായിരിക്കുക ..എന്നാല്‍ നമ്മുക്ക് ലഭിച്ച മാപിലെ പാറക്കെട്ടുകളിലെ പാറകള്‍ എല്ലാം ഒരേപോലെയാണ്..ഒന്നൂടെ വ്യക്തമായി പറഞ്ഞാല്‍ ഒമ്പത് ഐഡന്റിക്കൽ ആയിട്ടുള്ള പാറകള്‍ “ഒന്ന് നിറുത്ത ശേഷം ചാര്‍ളി തുടര്‍ന്നു
“ഈ പാറക്കെട്ടിലെ പാറകളെ നോക്കൂ ..എല്ലാം ഒരേപോലെയല്ലേ ? “
“അതെ ശരിയാണ് ..9 ഐഡന്റിക്കൽ റോക്ക്സ് “ മാപിലേയ്ക്ക് നോക്കികൊണ്ട് സമന്യ പറഞ്ഞു
“അതെ ഒരേ പോലെയിരിക്കുന്ന ഒമ്പത് പാറകള്‍ ..അങ്ങനെയെങ്കില്‍ ഇതിന്‍റെ അര്‍ത്ഥമെന്തായിരിക്കും ? “ ചാര്‍ളി ഉദേശിക്കുന്നത് മനസ്സിലാകാത്തത് പോലെ പോള്‍ ചോദിച്ചു
“ഒരേ പോലെയുള്ള ഒമ്പത് പാറകള്‍ ..അത് ചേര്‍ന്നുള്ള പാറക്കെട്ട് ..മാന്‍ നമ്മുക്ക് ചക്രവര്‍ത്തി തന്ന കോർഡിനേറ്റ് ആണെങ്കില്‍ വേടന്‍ എന്നതില്‍ ചക്രവര്‍ത്തി ഒളിപ്പിച്ചുവെച്ചത് ദിശയെയാണ് ..ഇതെല്ലാം ചക്രവര്‍ത്തി നമ്മുക്ക് തന്നിരിക്കുനത് രക്തപവിഴത്തിലെയ്ക്കുള്ള വഴി തന്നെയാണ് ..അങ്ങനെയെങ്കില്‍ ഈ പാറക്കെട്ടുകള്‍ ..ഈ ഒരേപോലെയുള്ള ഒമ്പത് പാറകള്‍ കൊണ്ട് ചക്രവര്‍ത്തി പറയാന്‍ ഉദേശിച്ചത് ഒരു പക്ഷെ മൈല്‍സ്റ്റോണ്‍(milestone) എന്നായിരിക്കും ..ഒന്നൂടെ വ്യക്തമായി പറഞ്ഞാല്‍ ദ്വാരകയില്‍ നിന്ന് പടിഞ്ഞാറു മാറി ഒമ്പത് മൈല്‍ സ്റ്റോണ്‍ ദൂരത്ത് നമ്മള്‍ തേടുന്ന രക്തപവിഴമുണ്ട് ..ഇനി കണ്ടെത്തേണ്ടത്‌ ഈ മൈല്‍സ്റ്റോണുകള്‍ തമ്മിലുള്ള ദൂരമാണ് “
“ദൂരത്തെ സൂചിപ്പിക്കുവാനാണ് ഈ പാറകള്‍ എങ്കില്‍ അന്നുകാലത്ത്‌ നമ്മള്‍ ഇന്ന് പിന്തുടരുന്ന ദൂരത്തിന്റെ അളവുകള്‍ ആയിരിക്കില്ല ”
“അതെ അമ്മാവാ ..ഇന്നത്തെ ദൂരത്തിന്റെ അളവുകള്‍ വെച്ച് നമ്മുക്ക് ഒരിക്കലും പ്രാചീനകാലങ്ങളിലെ ദൂരത്തെ അളക്കാന്‍ സാധ്യമല്ല ..അപ്പൊ നമ്മുക്ക് കണ്ടുപിടിക്കേണ്ടത് ഈ പാറക്കെട്ടുകള്‍ അഥവാ ഈ മൈല്‍സ്റ്റോണുകള്‍ തമ്മിലുള്ള ദൂരമാണ് “
“വെയിറ്റ് ..അതിനുത്തരം ഞാന്‍ തരാം “സമന്യ അത്രയും പറഞ്ഞുകൊണ്ട് ലൈബ്രറിയിലെ ഷെല്‍ഫുകളിലേയ്ക്ക് നോക്കി.അവള്‍ പിന്നിലേയ്ക്ക് നടന്നു.മറ്റൊരു പുസ്തകവുമായിട്ടാണ് അവള്‍ അവരുടെ അടുത്തേയ്ക്ക് വന്നത്
“ചാണക്യന്‍ എഴുതിയ അര്‍ഥശാസ്ത്രമാണിത് ..പ്രാചീന ഇന്ത്യയിലെ അളവുതൂക്കസമ്പ്രദായങ്ങളെപ്പറ്റി ഇതില്‍ പ്രതിപാദിക്കുന്നുണ്ട് “ പുസ്തകത്തിന്‍റെ പേജുകള്‍ മറിക്കുന്നതിനിടയില്‍ സമന്യ പറഞ്ഞു
“എന്തൊക്കെയാണ് അവ ? “
“അംഗുലം, ചാൺ, മുഴം, ഗജം, മാറ്, കാതം, നാഴിക, യോജന എന്നിവയായിരുന്നു ദൈർഘ്യമാനങ്ങള്‍ .. ത്രുടി, നിമിഷം, വിനാഴിക, നാഴിക, ദിവസം,പകൽ, രാത്രി, പക്ഷം, മാസം, ഋതു, അയനം, സംവത്സരം, യുഗം എന്നിങ്ങനെയായിരുന്നു കാലയളവുകള്‍ .. ആഴക്ക്, ഉഴക്ക്, ഉരി, നാഴി, ഇടങ്ങഴി, പറ, ഒറ എന്നിങ്ങനെയായിരുന്നു അളവുകള്‍ നെൻമണി, കുന്നിക്കുരു, മഞ്ചാടി, പണമിട, പലം എന്നിങ്ങനെയായിരുന്നു തൂക്കങ്ങള്‍ . “ സമന്യ അത്രയും പറഞ്ഞുകൊണ്ട് ചാര്‍ളിയെ നോക്കി
“മം “ ചാര്‍ളി വീണ്ടും മാപിലെ പാറക്കെട്ടുകളിലേയ്ക്ക് നോക്കി
“കാതം, നാഴിക, യോജന ? “ ചാര്‍ളി മാപിലേയ്ക്ക് നോക്കികൊണ്ട്‌ പറഞ്ഞു
“സമന്യ ഒന്നൂടെ അത് വായിച്ചേ ? “ ചാര്‍ളി ആവശ്യപ്പെട്ട പ്രകാരം അവള്‍ വീണ്ടും പുസ്തകത്തിലെ അളവുകള്‍ വീണ്ടും വായിച്ചു.അവള്‍ വയിച്ചുമുഴുവനാക്കിയപ്പോള്‍ പെട്ടെന്ന്‍ ചാര്‍ളി ചിരിച്ചു
“ഹീ ഈസ്‌ ക്ലെവര്‍ ..വെരി ക്ലെവര്‍ “ ചാര്‍ളി ചിരിച്ചുകൊണ്ട് പറഞ്ഞു.സമന്യയും പോളും ഒന്നും മനസ്സിലാകാതെ മുഖത്തോട് മുഖം നോക്കി
“അമ്മാവാ ..സമന്യ..പാറക്കെട്ടിലെ അടുത്ത ക്ലൂ ..മഹാനും അതിബുദ്ധിമാനായ ചക്രവര്‍ത്തി ഒളിപ്പിച്ചുവെച്ച അടുത്ത ക്ലൂ നമ്മള്‍ കണ്ടെത്തിയിരിക്കുന്നു ..ഈ പറകളിലേയ്ക്ക് നോക്കൂ ..ഒരേപോലെ എന്നതല്ലാതെ വേറേതെങ്കിലും നിങ്ങള്‍ക്ക് കാണാന്‍ സാധിച്ചോ ? “ചാര്‍ളി തുടര്‍ന്നു
“സൂക്ഷിച്ചു നോക്ക് മൊത്തം ഒമ്പത് പാറകള്‍ ..അതില്‍ അഞ്ച് പാറകള്‍ക്ക് വെളുത്ത നിറം ബാക്കിയുള്ള നാല് പാറകള്‍ക്ക് കറുത്തനിറം “
“അതെ ..അത് ശരിയാലോ ..അഞ്ച് പാറകള്‍ വെള്ളാറം പാറകളും നാല് കറുത്ത പാറകളും “മാപിലേയ്ക്ക് നോക്കി പോള്‍ പറഞ്ഞു
“അഞ്ച് പകലുകള്‍ ..നാല് രാത്രികള്‍ അതാണ് അതിനര്‍ത്ഥം ..വെളുത്ത പാറകള്‍ ഉദേശിക്കുന്നത് പകലിനെയാണ് അഞ്ച് പാറകള്‍ അതിനര്‍ത്ഥം അഞ്ച് പകലുകള്‍ പിന്നെ കാണുന്ന കറുത്ത പാറകള്‍ അതിനര്‍ത്ഥം രാത്രിയെന്നാണ് നാല് പാറകള്‍ അതിനര്‍ത്ഥം നാല് രാത്രികള്‍ ..ചുരുക്കത്തില്‍ അഞ്ച് പകലും നാല് രാത്രിയും ദൂരമുണ്ട് “ ചാര്‍ളി ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്
“അങ്ങനെയങ്കില്‍ ദ്വാരകയില്‍ നിന്ന് പടിഞ്ഞാറ് നീങ്ങി അഞ്ച് പകലും നാല് രാത്രിയുടെ ദൂരമുണ്ട് രക്തപവിഴത്തിലേയ്ക്ക് “
“അതെ അമ്മാവാ “
ബാക്കിയുള്ള ചിത്രങ്ങള്‍ ? അതില്‍ എന്താണ് ചക്രവര്‍ത്തി ഒളിപ്പിച്ചുവെച്ചിരിക്കുന്നത് ഇനി ?” സമന്യ ചാര്‍ളിയോട് ചോദിച്ചു
“ഇനി മാപില്‍ ബാക്കിയുള്ളത് ഒരു വീടും അതിന് മുന്നിലായി നില്‍ക്കുന്ന രണ്ടു ആളുകള്‍ ..പിന്നെ രണ്ടു മൃഗങ്ങള്‍ അതിന് മധ്യത്തലായി ഒരു വാളിന്റെ ചിത്രം അല്ലേ “ ചാര്‍ളി തുടര്‍ന്നു
“ശരിക്കും ഇവിടെ ഉദേശിക്കുന്നത് വീട് എന്നല്ലേ ..ആ രണ്ടു ആളുകളെ ശ്രദ്ധിച്ചോ അവരുടെ കൈയ്യിലെ ആയുധം കുന്തമാണ് അങ്ങനെയെങ്കില്‍ രണ്ടു പടയാളികളായി അവരെ കാണാം ..വീടിന് കാവല്‍ നില്‍ക്കുന്ന പടയാളികള്‍ അല്ല അവര്‍ ..മറിച്ച് കൊട്ടാരത്തിന് കാവല്‍ നില്‍ക്കുന്ന പടയാളികളാണ് അതുകൊണ്ട് അത് വീടുമല്ല രാജകൊട്ടരമാണ്..പിന്നെ ഒരേപോലെയിരിക്കുന്ന ഈ മൃഗങ്ങള്‍ സിംഹമാണ് ..കൊട്ടാരത്തിന് അകത്തുള്ള സിംഹങ്ങളെ എവിടെയാണ് കാണുക ?..രാജാവിന്റെ സിംഹാസനം ..സിംഹാസനത്തിന്‍റെ മധ്യത്തിലെ വാള്‍ ഒന്നുകില്‍ രാജാവിനെ ആയിരിക്കണം സൂചിപ്പിക്കുന്നത് ..അല്ലെങ്കില്‍ അവിടെ ആയിരിക്കണം നമ്മള്‍ തേടുന്ന രക്തപവിഴവും കാരണം അതാണ് നമ്മുടെ അവസാനത്തെ ക്ലൂ ..അപ്പോ എങ്ങനെയാ പുറപ്പെടുകയല്ലേ അമ്മാവാ ? “ ചാര്‍ളി പോളിനോട് ചോദിച്ചു
(തുടരും )

Lijin

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo