Slider

ജന്മത്തിന്റെ വരക്കുറികള്‍ - കഥ

0

കമാലിന്റെ വീട്ടിലെത്തിയവരെല്ലാം അയാളുടെ ആ പേരിനെപ്പറ്റിയാണ് സംസാരിച്ചത്. തടത്തില്‍ നാരായണന്‍ എന്ന പേര് ഉപേക്ഷിച്ച് അയാള്‍ സ്വയം സ്വീകരിച്ച ഒരു പേരാണ് അത്. കമലാണോ കമാലാണോ എന്ന് ആര്‍ക്കും ഉറപ്പില്ല. ഇംഗ്ലീഷില്‍ Kamal എന്നെഴുതും. മലയാളത്തില്‍ എഴുതാറുമില്ല. അതുകൊണ്ട് ഇഷ്ടംപോലെ വായിക്കാം. ഇഷ്ടം പോലെ വിളിക്കാം.
അങ്ങനെയൊരു പേരു സ്വയം തിരഞ്ഞെടുത്തിന്റെ പിന്നിലെ കാരണവും നാട്ടുകാര്‍ക്കറിയാം. മദ്യപാനിയും നാട്ടിലെ എല്ലാ തല്ലുകേസുകളിലും കക്ഷിയുമായിരുന്നു അയാളുടെ അച്ഛന്‍ കിട്ടുണ്ണി.കള്ളിനു പണം തികയാതെ വന്നപ്പോള്‍ കിട്ടുണ്ണി കമ (ാ )ലിന്റെ അമ്മ കൗസുവിനെ വിറ്റു.
കള്ളുകുടിയും തല്ലും കുത്തും പൊലീസ് മര്‍ദ്ദനവും കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുന്ന കിട്ടുവിന് കൗസു കഞ്ഞി വിളമ്പി. കഞ്ഞി കുടിച്ചു കഴിഞ്ഞാല്‍ ഉടന്‍ കിട്ടു സ്ഥലം വിടും. ഇറയത്ത് ചടഞ്ഞിരുന്നാല്‍ പിറ്റെന്നു കഞ്ഞി കിട്ടില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു.
കൗസു പെറ്റ ഒരേഒരു സന്തതിയായ നാരായണന്‍കുട്ടിയുടെ അച്ഛന്‍ ആരാണെന്ന് നാട്ടുകാരൊന്നും ആദ്യമാദ്യം ചോദ്യം ചെയ്തില്ല. അവനെ പെറ്റ കാലത്ത് കിട്ടുണ്ണി കൗസുവിനെ വിറ്റിട്ടില്ലായിരുന്നു. പക്ഷേ, കൗസു ഒരു വിപണന വസ്തുവായപ്പോള്‍ നാട്ടുകാര്‍ ചരിത്രം മറന്നു. നാരായണന്‍കുട്ടി അവരുടെ നാക്കില്‍ തന്തയില്ലാത്തവനായി. സ്കൂള്‍ പ്രവേശനത്തിലെ അപേക്ഷാ ഫോറത്തില്‍ അച്ഛന്റെ പേര് 'കിട്ടു 'എന്നു വായിച്ച ഹെഡ്മാഷ് കൗസുവിനെ നോക്കി അമര്‍ത്തിയൊന്നു മൂളി.
തന്തയില്ലാത്തവന്‍ എന്ന വിശേഷണം നാരായണന്‍കുട്ടി സാരമായെടുത്തില്ല. ഒന്നാമതായി, അതിന്റെ അര്‍ത്ഥം അവനു വ്യക്തമായിരുന്നില്ല. രണ്ടാമത്,ചൂണ്ടിക്കാണിക്കാന്‍ കിട്ടു എന്നൊരു തന്ത തനിക്കുണ്ട്. ആരുടെ പരിഹാസവും അവന്‍ സാരമാക്കാതിരുന്നതുകൊണ്ട് പതുക്കെ നാട്ടുകാരുടെ നാവില്‍ അതു തേഞ്ഞുമാഞ്ഞുപോയി.
നാരായണന്‍കുട്ടിയുടെ മനസ്സിനെ ശരിക്കും അലട്ടിയത് തനിക്ക് ഒരു തന്തയും തള്ളയും ഉണ്ട് എന്നതായാരുന്നു. തള്ളയെ വിറ്റ തന്ത. മറുവാക്കുപറയാതെ വില്‍പ്പനക്ക് കതകു തുറന്നിട്ടുറങ്ങിയ തള്ള. അവനു സഹിച്ചില്ല. തള്ള വിളമ്പുന്ന കഞ്ഞി തട്ടിനീക്കി അവന്‍ വീടുവീട്ടിറങ്ങി. അന്നു രാത്രി കൗസു കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത വാര്‍ത്ത അറിഞ്ഞിട്ടും നാരായണന്‍കുട്ടി തിരിച്ചു വന്നില്ല.
ദേശദേശാന്തരങ്ങളിലലയുമ്പോഴെല്ലാം കിട്ടു ഒഴിയാബാധയായി അവനെ അലട്ടി .
കിട്ടു.കറുത്ത് എല്ലിച്ച കിട്ടു. ഒട്ടിയ കവിള്. വിടര്‍ന്ന മൂക്ക്.മഞ്ഞച്ച പല്ല്. ഉണങ്ങിയ പുല്ലുപോലെ വെളുത്ത മീശപ്പുല്ലുകള്‍.
ഒടുവില്‍ അവന്‍ തന്റെ ഭൂതകാലം നിഷേധിക്കാനൊരുപായം കണ്ടെത്തി.
മതപരിവര്‍ത്തനം. നാരായണന്‍ കമാല്‍ ആയി. കിട്ടുവിന്റെയും കൗസുവിന്റെയും പരമ്പരയോട് അവന്‍ വിട പറഞ്ഞു. പുതിയ വീടും വീടരും അവനു ഹരമായി. വെട്ടിയൊതുക്കി മിനുക്കിയ താടിയും വെള്ള തൊപ്പിയും അയഞ്ഞ കുപ്പായവും തടിച്ചുരുണ്ട മെയ്യും കിട്ടുവിന്റെ മകന്‍ നാരായണന്‍കുട്ടിയെന്ന സ്വത്വത്തെ ഒതുക്കി.നാട്ടുകാരവനെ കമാലെന്നോ കമലെന്നോ സൗകര്യം പോലെ വിളിച്ചുപോന്നു.
മരണശയ്യയില്‍ ഛിന്നനും മാഹാനുമിടക്കുള്ള വേളയില്‍ ചുറ്റും നിന്നവര്‍ പക്ഷേ കമാലില്‍ ഒളിച്ചിരുന്നിരുന്ന നാരായണന്‍കുട്ടിയെ തിരിച്ചറിഞ്ഞു. മാംസം വാര്‍ന്നുപോയ കവിളും ഉണക്കപ്പുല്ലു പോലെ അവിടവിടെ കുറ്റിച്ചുനിന്ന മീശപ്പുല്ലുകളും വിടര്‍ന്ന മൂക്കും മഞ്ഞച്ച പല്ലും കണ്ടവര്‍ അവനില്‍ കിട്ടുവിന്റെ രൂപം ദര്‍ശിച്ചു..ശ്വാസോച്ഛ്വാസം പോലും കിട്ടുവിന്റെ മരണത്തിന്റെ തനി ആവര്‍ത്തനമാണ്. ഏതോ വന്യമൃഗത്തിന്റെ മുരള്‍ച്ച.
അവരുടെ അപ്പോള്‍ മുന്‍പില്‍ കിട്ടുവിന്റെ മകന്‍ നാരായണന്‍കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്.
''മതം മാറ്യാലും പേരുമാറ്യാലും ജന്മത്തിന്റെ വരക്കുറി മായില്യ. കണ്ടില്യെ തന്തേടെ അതേ സ്വരൂപം !ജാത്യാലുള്ളത് തൂത്താപ്പൂവില്യ . നാരായണ, നാരായണ !''
ആരോ തന്റെ പേരു വിളിക്കുന്നതു കേട്ടിട്ടാവാം നാരായണന്‍ അയാളുടെ ജന്മം കുറിച്ച കിട്ടുവിന്റെ പിതൃലോകത്തെയ്ക്ക് ഒരു ശ്വാസവേഗത്തില്‍ ഊര്‍ദ്ധ്വനായി.

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo