നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാവുൽ സംഗീതം


Image may contain: 2 people, people smiling, people standing and outdoor

രാത്രിയുടെ നിശബ്ദതയെ വകഞ്ഞുമാറ്റി പഴയ ലാൻഡ് ഫോൺ ബെല്ലടിക്കുന്നത് കേട്ടുകൊണ്ട് ചൂണിലാൽ ബുനിയ ഉറക്കമുണർന്നു. പാതിയുറക്കത്തിന്റെ ആലസ്യത്തിൽ കോണിപ്പടികളിറങ്ങി താഴെയെത്തുമ്പോൾ ആരും പരിഗണിക്കാത്തത്തിന്റെ പരിഭവത്തോടെ ഫോൺ നിശബ്ദമായി കഴിഞ്ഞിരുന്നു. വിടാൻ മടിച്ചു നിന്ന നിദ്രാദേവി വർദ്ധിച്ച ആവേശത്തോടെ ചൂണിലാലിനെ വീണ്ടും പുണർന്നുവെന്നു തോന്നിയപ്പോൾ, പഴയ കെട്ടിടത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഒരിക്കൽകൂടി ഫോണിന്റെ കരകര ശബ്ദം അവിടെ മുഴങ്ങി.
"ഹലോ..."
പ്രായത്തിന്റെ ആധിക്യം ശബ്ദത്തിലും തോന്നിച്ചു
"ചൂണി അങ്കിൾ, ഞാൻ തന്നെ, അരുൺ.. സുഖമാണോ?"
മറുതലയ്ക്കൽകേട്ട ചെറുപ്പക്കാരന്റെ ശബ്ദം ചൂണിലാലിനെ ഉന്മേഷവാനാക്കി .
" അരേ ബേട്ടാ.. ഇതെവിടുന്നാ.."
ബംഗാളി മാത്രം വഴങ്ങിയ നാവിൽ നിന്നും മലയാളവും ഇറ്റുവീണു..
തികട്ടി വന്ന ഗദ്ഗദം വാക്കുകളെ മുറിച്ചപ്പോൾ ചൂണിലാലിനെ പീള കെട്ടിയ കണ്ണുകൾ തിളങ്ങിയത് വാത്സല്യവും ബഹുമാനവും ഗൃഹാതുരത്വവും ചേർന്ന ഏതോ അത്ഭുതവികാരം കൊണ്ടായിരുന്നു..
"ഇപ്പൊ കേരളത്തിൽ നിന്നാണ് അങ്കിൾ. ഞാനും അശ്വതിയും അടുത്തയാഴ്ച വരുന്നുണ്ട്. ഞങ്ങളുടെ പണ്ടത്തെ ആ ഫ്ലോർ ഒഴിച്ചിടണം. എനിക്ക് അങ്ങോട്ട് ട്രാൻസ്ഫറായി. ഇനിയുള്ള മൂന്നുകൊല്ലം അവിടുണ്ടാകും..."
ഒരു ബീപ്പ് ശബ്ദത്തോടെ ഫോൺ നിശ്ശബ്ദമായപ്പോൾ സന്തോഷം കൊണ്ട് മതിമറന്ന ചൂണിലാലിനെ തൊടാൻ ഭയന്നതുപോലെ നിദ്രാ ദേവി എവിടെയോ ഒളിച്ചു..
*********°°°°°°**********°°°°°°*****
അച്ഛന്റെ ഇഷ്ട നിറത്തിൽ തന്നെ മേശവിരികളും കർട്ടനുകളും കുഷ്യൻ കവറുകളും അലങ്കരിച്ചിരുന്നു. പ്രിയപ്പെട്ടവരുടെ മരണം സമ്മാനിക്കുന്ന ഓർമ്മകൾ ബാക്കിയാക്കുന്ന ശൂന്യത ഒരു ഭീകരതയാണ്.
മറച്ചു വെച്ചിരുന്ന എന്തൊക്കെയോ ഓർമ്മകൾ മറനീക്കി പ്രവഹിച്ചു കൊണ്ടിരിക്കുന്നു. ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം വീണ്ടെടുത്തത് പോലെ കാലം ചുരുൾ വിടർത്തിയ നീണ്ട വഴികൾ നിമിഷങ്ങൾ കൊണ്ട് താണ്ടി അരുൺ എത്തിയത് ഒരു എട്ട് വയസ്സുകാരനിലേക്കാണ്. ഒരു പറിച്ചുനടലിന്റെ വക്കിൽ നിന്നുകൊണ്ട് ചൂണിയങ്കിളിനെയും കൊണ്ടുപോകാം എന്നുപറഞ്ഞു അമ്മയുടെ സാരിത്തുമ്പിൽ മുഖമമർത്തി കരഞ്ഞ ഒരു ഏട്ടു വയസ്സുകാരനിലേക്ക്..
ഓർമ്മയിൽ ചൂണിയങ്കിളിന് എന്നും ആശ്രിതന്റെ മുഖമാണ്.അമ്മയ്ക്ക് പോലും അറിയാതെ പോയ അച്ഛന്റെ ആയുസ്സിന്റെ ആദ്യഭാഗങ്ങൾ പൂരിപ്പിക്കാൻ ചൂണിയങ്കിളിന് സാധിക്കുമെന്ന് വ്യക്തമാണ്. പ്രതിഫലങ്ങൾ മോഹിക്കാതെ അദ്ദേഹം ചെയ്ത വിശ്വസ്തതയുടെ ഉത്തരമായി എത്രയും പ്രിയപ്പെട്ട ഈ ബംഗ്ലാവ്
സമ്മാനമായി കൊടുത്തപ്പോൾ അച്ഛനും കരുതിക്കാണില്ല പിന്നീട് ഈ വൃദ്ധന്റെ അന്നം ഇതുവഴിയാകുമെന്ന്. അച്ഛനും ആരോ ഒരാൾ സമ്മാനമായി നൽകിയതാണ് ഈ ബംഗ്ലാവ് എന്ന് അമ്മ പറഞ്ഞ അറിവേയുള്ളൂ. എത്രയോ പേർ വാടകക്കാരായി താമസിച്ചിട്ടും ഒഴിച്ചിട്ടിരുന്ന രണ്ടാമത്തെ നിലയും, പുതുമ നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിച്ച അച്ഛന്റെ ഉപകരണങ്ങളും വർഷങ്ങൾ കഴിഞ്ഞാലും ഒളിമങ്ങാത്ത വിശ്വസ്തന്റെ ഹൃദയം കാണിച്ചു.
മട്ടുപ്പാവിൽ നിന്നപ്പോൾ ഇളം വെയിലിനോടൊപ്പം തെന്നിമറയുന്ന ഒരുപാട് കാഴ്ച്ചകളും വിരുന്നൂട്ടാനെത്തി. കാഴ്ചകൾക്കൊപ്പം ബാല്യത്തിന്റെ ഓർമ്മകളിൽ മനസ്സ് സഞ്ചരിക്കുക എന്നത് സുഖമുള്ള ഭ്രാന്തായി മാറുന്നത് അരുൺ അറിഞ്ഞു.
എരിഞ്ഞു തീരുന്ന സിഗാറിന്റെ പുക പിടിച്ചു അശ്വതി അടുത്തേക്കെത്തിയത് അറിഞ്ഞില്ല.
"ഇന്നിത് എത്രാമത്തെയാണ്?"
അവളുടെ സാന്നിധ്യം ഉറപ്പിക്കാനും ഓർമ്മകളിൽ നിന്നും തൽക്കാലത്തേക്ക് വിട പറയാനും ആ ചോദ്യം ധാരാളമായിരുന്നു.
"മോൾക്ക് നല്ല സുഖമില്ല. വീണ്ടും ചുമയും ശ്വാസതടസ്സവും ഉണ്ട്. എത്രയും വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോണം."
"ഇത്രയും ദൂരം യാത്ര ചെയ്തില്ലേ. പിന്നെ പുതിയ കാലാവസ്ഥയും.."
വിചാരിച്ചത് സംഭവിച്ചത് പോലെ അത്രയും പറഞ്ഞുകൊണ്ട് അവളെയും കൂട്ടി താഴേക്ക് എത്തി. അപരിചിതത്വത്തിന്റെ മുഖംമൂടിയില്ലാതെ, മുത്തച്ഛന്റെ ഒപ്പമെന്നതുപോലെ മോൾ ചൂണിയങ്കിളിന്റെ കൂടെ കളിയിൽ ആയിരുന്നു.
ദൂരവും കാലവും സമയവും താണ്ടി കടമകൾ എത്തിച്ചേരേണ്ടയിടത്തു എത്തിച്ചേരും. ഇപ്പോൾ ഈ വൃദ്ധനു നൽകാവുന്ന ഏറ്റവും മികച്ച സമ്മാനം സ്വന്തം മകളുടെ കളിയും ചിരിയും കലർന്ന പ്രായമാണെന്നത് ഒരു ആത്മനിർവൃതിയോടെ അരുൺ ഓർത്തു
ഞെരങ്ങിയും മൂളിയും യാത്രയ്ക്ക് തയ്യാറെടുത്ത പഴയ അംബാസിഡർ കാറിന് പ്രതിബദ്ധത വർഷങ്ങളായി പരിപാലിക്കുന്ന ചൂണിയങ്കിളിനോട് മാത്രമായിരുന്നു. മോളെ കാണിക്കാൻ നല്ലൊരു പീടിയാട്രീഷ്യൻ ബെഹ്‌റാംപുറിൽ ഗവണ്മെന്റ് സിറ്റി ഹോസ്പിറ്റലിൽ ഉണ്ടെന്ന ചൂണിയങ്കിളിന്റെ കരുതലിന്റെ ബലത്തിൽ പഴകി ദ്രവിച്ച ആ സർക്കാർ ആശുപത്രിയിൽ എത്തുമ്പോൾ ഒരിക്കലും അവർ നിനച്ചിരുന്നില്ല ജീവിതത്തിലെ കണക്കുകൾ ചിലത് വീട്ടാതെയും കാണുമെന്ന്.
ചിലതിന്റെ ഉത്തരങ്ങൾ പൂരിപ്പിക്കേണ്ടി വരുമെന്ന്..
____________________________________
ദൂരെ ഭഗീരഥിയുടെ ഓളപ്പരപ്പുകളിൽ നിന്നും ഒഴുകിയെത്തിയ കാറ്റിന്റെ ചിറകുകളിൽ കരുതിയ വിളഞ്ഞു തുടങ്ങിയ ചോളത്തിന്റെയും ഗോതമ്പിന്റെയും നേർത്ത ഗന്ധം ,
ആശുപത്രിയിലെ മരുന്നുകളുടെയും ഫിനോയിലിന്റെയും കടുത്ത ഗന്ധത്തിൽ ലയിച്ചു കൊണ്ട് അവിടെ അലഞ്ഞു നടന്നു. പഴകിയ കെട്ടിടത്തിന്റെ ഭിത്തിയിൽ പറ്റിപ്പിടിച്ച അഴുക്കുകൾ കഴിഞ്ഞ കാലത്തിന്റെ അടയാളങ്ങൾ പേറി മുഴച്ചു നിന്നു.
രണ്ടു വർഷത്തിനിടയ്ക്ക് എപ്പോഴോ കൂടെച്ചേർന്ന ആസ്തമ മോളെ തളർത്തുന്നുണ്ട്. രണ്ടു ദിവസത്തെ ഇഞ്ചക്ഷനു വേണ്ടി അഡ്മിറ്റാകാൻ ഡോക്ടർ പറഞ്ഞപ്പോൾ സർക്കാർ ആശുപത്രിയുടെ വൃത്തിയും വെടിപ്പും തീർത്ത ആശങ്ക, ഡോക്ടറുടെ കഴിവിൽ വിശ്വാസമർപ്പിച്ചു സഹിക്കാൻ ഉറച്ചു.
കയറിവരുമ്പോൾ കാണുന്ന വീതിയേറിയ മേശയും അതിനോട് ചേർന്ന ചുമരലമാരിയും മൂന്നുകട്ടിലുകളും നാലു കസേരകളും കഴിഞ്ഞു ബാക്കി കിടന്ന സ്ഥലത്ത് റെഡ് ഓക്സൈഡ് പാകിയ തറയുള്ള ബാത്ത്റൂമും ആയിരുന്നു ആ ആശുപത്രി മുറിയുടെ ഏകദേശ രൂപം.
കൽക്കട്ട നഗരത്തിന്റെ വരവോടെ പ്രതാപം നഷ്ടമായെങ്കിലും പരാതിയോ പരിഭവമോ ഇല്ലാതെ തികച്ചും ശാന്തമായ ജീവിതരീതികളുമായി ബെഹ്‌റാംപൂർ നഗരം എന്നത്തേയും പോലെ പിറ്റേന്നുമുണർന്നു. എടുപ്പിലും നടപ്പിലും നാടിനോട് ഇഴചേർന്ന സംസ്കാരം അലങ്കാരമാക്കിയ നിഷ്കളങ്കരായ നാട്ടുകാർ അവരവരുടേതായ കടമകളിലേക്ക് തിരക്കിട്ട് ലയിച്ചുചേരുന്ന കാഴ്ച ഒരു ജനാലയ്ക്ക് അരികിൽ നിന്നും ആസ്വദിക്കുകയായിരുന്ന അരുണിനെ ഉണർത്തിയത് നഴ്സിന്റെ ശബ്ദമാണ്.
ബംഗാളി കലർന്ന ഇംഗ്ലീഷിൽ അവർ പറഞ്ഞത് മുറിയിൽ പുതുതായി എത്തിയ രോഗിയെപ്പറ്റിയാണ്. നഴ്സിന്റെ കാലടി അകന്നുപോകുമ്പോൾ, അറിയാതെ തന്നെ ചിന്തകൾ വീണ്ടും അച്ഛന്റെ ഓർമ്മകളിലേക്ക് ഊളിയിട്ടു.
പതിഞ്ഞ കാൽവെപ്പുകളോട് യോജിക്കാതെ ചിലമ്പികൊണ്ടിരുന്ന കാൽചിലമ്പ് അവരുടെ വരവറിയിച്ചു കൊണ്ട് അരുണിന്റെ ചിന്തകളെ മുറിച്ചു. കുത്തിവെപ്പുകളുടെയും രാത്രിയിൽ നേരിട്ട ശ്വാസതടസ്സത്തിൽ ഉറക്കം നഷ്ടപ്പെട്ടതിന്റെയും ആലസ്യത്തിൽ ഉറങ്ങുന്ന മോൾക്കരുകിൽ അശ്വതിയും മയക്കത്തിലായിരുന്നപ്പോഴാണ് അവരുടെ ജീവിതത്തിലേക്ക് ഏതോ നിയോഗം പോലെ ആ വൃദ്ധ എത്തിനോക്കിയത്.
തീരെ അവശയായ വൃദ്ധ വളരെ ആയാസപ്പെട്ടാണ് മുറിയിലേക്ക് കടന്നുവന്നത്. അറുപത് വയസ്സിനോടടുത്ത് പ്രായം തോന്നിച്ച അവരോടൊപ്പം,അനുവാദം കൂടാതെ അകത്തു കയറിയ നനഞ്ഞ പൂഴിമണ്ണിന്റെ ഗന്ധം അലോസരമുണ്ടാക്കി കൊണ്ട് അവിടെയാകെ ചുറ്റിത്തിരിഞ്ഞു. വൃത്തിഹീനമെന്നു തീർത്തു പറയാനില്ലങ്കിലും അവിടെ തുടരുന്നതിൽ നിന്നും എന്തൊക്കെയോ അരുണിനെ പിൻതള്ളിക്കൊണ്ടിരുന്നു. പക്ഷെ മോളുടെ അസുഖവും ഡോക്ടറുടെ കഴിവിലെ വിശ്വാസവും അവിടെ തുടരുന്നതിന് മറുവശത്തുനിന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അപരിചിതയായ ആരുടെയോ സാന്നിദ്ധ്യം വിതറിയ അസന്തുഷ്ടി അശ്വതിയെ ഉണർത്തി. മറ്റു കട്ടിലുകളൊന്നും ഒഴിവില്ലാത്തതിനാൽ തൽക്കാലത്തേക്ക് എന്നുപറഞ്ഞെത്തിയ പുതിയ അതിഥിയെ അശ്വതി നിരീക്ഷിച്ചു. കാലപ്പഴക്കത്തിൽ പിഞ്ചിതുടങ്ങിയ സാരിയിൽ അഴുക്കും പൊടിയും പറ്റിപ്പിടിച്ചിരുന്നു. മാറോട് ചേർത്തു പിടിച്ചിരുന്ന ഒറ്റതന്ത്രി വീണയും ജടകെട്ടിയ മുടിയും കഴുത്തിൽ ഒട്ടിപിടിച്ചിരുന്ന കുറച്ചേറെ രുദ്രാക്ഷമാലകളും വേച്ചുപോകുന്ന കാലടിയോട് യോജിക്കാതെ വേറിട്ടു നിന്ന കാൽചിലങ്കയും അവർ അറിയപ്പെടാത്ത ഏതോ നാടോടി സന്യാസിനിയെന്ന് ഉറപ്പിച്ചു.
ഒരു തോളിൽ തൂങ്ങിയിരുന്ന മാറാപ്പിൽ നിന്നും ഒരു കൈമണിയെടുത്ത് ,ഒഴിഞ്ഞുകിടന്ന കട്ടിലിൽ ഇരുന്നവർ പാടാൻ തുടങ്ങി.. ഏതോ അലൗകീക കാല്പനിക പ്രണയത്തിന്റെ മാസ്മരികത ആ പാട്ടിൽ ലയിച്ചു ചേർന്നിരുന്നു.
മനുഷ്യവിയർപ്പിന്റെയും രോഗത്തിന്റെയും മരുന്നുകളുടെയും ഗന്ധങ്ങളും തിരക്കുകളും നിറഞ്ഞ ആശുപത്രിയുടെ നീണ്ട ഇടനാഴികൾ പിന്നിട്ട് സാവധാനം നീങ്ങിയ ശാന്തമായ ഗാനം അവിടമാകെ ഒരു പ്രത്യേക ഉണർവ്വുണ്ടാക്കി. നേർത്തു നേർത്തു വന്ന ഗാനത്തിന്റെ ശീലുകൾ അവസാനം അവരിൽ തന്നെ മടങ്ങിയെത്തിയപ്പോൾ മനോഹരമായ എന്തോ അവസാനിച്ച പ്രതീതി ബാക്കിയായി.
"അമ്മേ വിശക്കുന്നു.." എന്ന് മലയാളത്തിൽ പറഞ്ഞുണർന്ന മോളുടെ ശബ്ദം ഏതോ മന്ത്രികലോകത്തു നിന്നും അവരെ മടക്കികൊണ്ടു വന്നു. ഭാഷയുടെ പ്രത്യേകതയാകാം, അമ്പരപ്പോടെ തലയുയർത്തിയ അവർ അരുണിനെയും കുഞ്ഞിനെയും ശ്രദ്ധിച്ചു. മുൻപരിചയമുള്ള ഒരാളെ വർഷങ്ങൾക്ക് ശേഷം കാണുന്നത് പോലെ അവരുടെ കണ്ണുകൾ അരുണിനെയും കുഞ്ഞിനെയും കടാക്ഷിച്ചു കൊണ്ടിരുന്നു.അതിൽ ഈർഷ്യ തോന്നിയ അരുൺ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് പോയി..
"മലയാളികളാണോ..?"
സ്ഫുടമായ മലയാളത്തിൽ അവർ ചോദിച്ചപ്പോൾ അമ്പരന്നത് അശ്വതി ആയിരുന്നു.
"അതേ ! മലയാളം അറിയുമോ?"
"അറിയാം. മലയാളിയായ ഒരു സുഹൃത്താണ് എന്നെ മലയാളം പഠിപ്പിച്ചത്.. മോൾക്കെന്താ അസുഖം?"
മോളുടെ കയ്യിലെ ക്യാനുലയുടെ ഓർമ്മയിൽ തുടർസംഭാഷണത്തിന് അവർ തന്നെ തുടക്കമിട്ടു.
"ആസ്തമയാണ്.... കേരളത്തിൽ വന്നിട്ടുണ്ടോ..?"
ബാക്കിയുള്ള സംഭാഷണം പൂരിപ്പിച്ചുകൊണ്ട് അശ്വതിയുടെ ചോദ്യത്തിന്,
"ഇല്ല" എന്നുമാത്രം ഉത്തരം നൽകിക്കൊണ്ട് അവസാനിപ്പിച്ചു.
അന്നുതന്നെ ജോലിക്ക് ജോയിൻ ചെയ്യേണ്ടതിനാൽ ചൂണിലാൽ വന്നതെ അരുൺ ഇറങ്ങി. ചൂണി കൊണ്ടുവന്ന ഭക്ഷണം അവർക്കും പങ്കുവെക്കാൻ തുനിഞ്ഞപ്പോൾ നിരസിച്ചുകൊണ്ട് അവർ മോൾടെ പേര് ചോദിച്ചു...
" വൈഷ്ണവി.." എന്നവൾ കൊഞ്ചിപ്പറയുമ്പോൾ ,
ഒരു നേർത്ത പുഞ്ചിരിയോടെ
"എന്റെയും പേര് വൈഷ്ണവി" എന്നാണെന്ന് പറഞ്ഞു.
പിന്നീട് അവർ കുറേ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
എത്രയൊക്കെ താഴിട്ട് പൂട്ടിയാലും ലൗകീകതയുടെ കെട്ട് പൂർവ്വാധികം ശക്തിയോടെ ആത്മീയതയെ പൊട്ടിച്ചെറിയാറുണ്ട്. ചിലപ്പോഴൊക്കെ തിരിച്ചും...
ഇവിടെയും അത്തരമൊരു പരിവർത്തനം നടക്കുകയാണ്.
അവരുടെ ഏക്-താര എന്നറിയപ്പെടുന്ന ഒറ്റകമ്പി വീണയിൽ നിന്നും ഒഴുകിയെത്തിയ നേർത്ത രാഗം ഏകാന്തതയും വിരഹവും സമന്വയിപ്പിച്ച് അവിടമാകെ അലഞ്ഞു നടന്നു.
ഉച്ചഭക്ഷണത്തിന് ക്ഷണിച്ചപ്പോഴും സ്നേഹപൂർവ്വം നിരസിച്ചു കൊണ്ട് യാതൊരു മുഖവുരയുമില്ലാതെ ബംഗാളി ച്ചുവയുള്ള ഇംഗ്ലീഷും മലയാളവും ഇടകലർത്തി അവർ ഒരു കഥ പറയാൻ ആരംഭിച്ചു.
ബാല്യത്തിന്റെ സുന്ദരമായ ഏടുകളും കൗമാരത്തിന്റെ പടിക്കെട്ടിൽ ഒറ്റയ്ക്കാക്കി അകാലത്തിൽ വേർപിരിഞ്ഞ അച്ഛനമ്മമാരും ബാവുലുകളെ പറ്റി ഗവേഷണത്തിനിറങ്ങിയ കൗമാരം പിന്നിട്ട പെൺകുട്ടിയുടെ നഷ്ടപ്രണയവും അവർ വിവരിക്കുമ്പോൾ അശ്വതി അറിയുകയായിരുന്നു വൈഷ്ണവി എന്ന ബാവുൽ ഗായികയെയും,അവർക്കും തനിക്കുമിടയിലെ കുറഞ്ഞു വന്ന ദൂരത്തെയും..
വൈകീട്ട് അരുൺ എത്തിയതിന് ശേഷം അവർ ഒന്നും സാംസാരിച്ചില്ല. പക്ഷെ
രാത്രി ഏറെ വൈകും വരെ അവർ പാടികൊണ്ടിരുന്നു. ബംഗാളിലെ ബിർഭും ജില്ലയുടെ വിശാലതകളിൽ ഏതെങ്കിലും മതവിഭാഗത്തിന്റെ ചതുരത്തിൽ വേരുകൾ ആഴ്ത്താതെ പാടി അലയുന്ന നാടോടി ഗായികയായി അവർ മാറുന്നത് അരുൺ അറിഞ്ഞു. എല്ലാം മറന്ന് പാടുമ്പോൾ, സർവ്വേശ്വരനിൽ ലയിച്ചു ചേരുന്നതിന്റെ ആനന്ദം അവരുടെ നേർത്ത സ്വരത്തിൽ എഴുന്നു നിന്നു.
ബാവുൽ ഗായകരുടെ അന്തരാത്മാവിലെ സംഗീതം ഭഗവനോടുള്ള പ്രണയമായി ഒഴുകുകയാണ്.
"സമയം പോയി പ്രിയ കൂട്ടുകാരെ..π
സമയം അന്തിയോടടുത്തു..π
തിരിച്ചു പോകാൻ തയ്യാറെടുക്കുക...π"
ദൂരെയേതോ അനന്തബിന്ദുവിൽ ലയിപ്പിക്കുകയാണ് അവരുടെ സംഗീതം എന്ന് തോന്നിക്കും വിധത്തിൽ സ്വയം മറന്നും കേൾക്കുന്നവരെ ലയിപ്പിച്ചും അവർ പാടുകയാണ്...
ഇടയ്ക്ക് പാട്ട് നിർത്തി, ഭാണ്ഡക്കെട്ടിന്റെ ഉള്ളിൽ നിന്നും ഒരു ഡയറി എടുത്തത് വരാന്തയിലെ ബൾബ് വിതറിയ മങ്ങിയ വെളിച്ചത്തിൽ അരുൺ കണ്ടു. സ്വയമറിയാതെ അവരിലേക്ക് തെന്നിച്ചെല്ലുന്ന കണ്ണുകൾ അടക്കി നിർത്താൻ മിനക്കെടാതെ അരുൺ അവരെത്തന്നെ ശ്രദ്ധിച്ചു കിടന്ന് എപ്പോഴോ ഉറക്കത്തിലേക്ക് വീണു.
ഇടയ്ക്കെപ്പോഴോ ഒരു നേർത്ത തേങ്ങൽ കേട്ടാണ് അരുണും അശ്വതിയും ഉണർന്നത്. അപ്പോൾ മരണത്തോട് മല്ലടിച്ചുകൊണ്ട് പാടി തീർന്ന ഗാനം പോലെ അവരെ കണ്ടു..
അരുണിനെ കണ്ടതും
"ഛെലെ , ആമി കുഛു ജൽ ചായി"
(മോനെ അല്പം വെള്ളം തരുമോ)
എന്നവർ ആവശ്യപ്പെട്ടു.
വേഗം കുപ്പിയിൽ ഇരുന്ന വെള്ളം അവരുടെ വായിലേക്ക് ഇറ്റിക്കുമ്പോൾ അശ്വതി നഴ്സിനെ വിവരമറിയിക്കാൻ ഓടുകയായിരുന്നു.
വാത്സല്യം കിനിയുന്ന കണ്ണുകളോടെ , അവർ അരുണിന്റെ കൈകളിൽ ചുംബിച്ചു. അവരുടെ കൈകളിൽ ചേർത്തുപിടിച്ചിരുന്ന ഏക്-താര അരുണിന്റെ കൈകളിൽ ഏല്പിച്ചു കൊണ്ട് നിദ്രയിലായ മോളെ കാണിച്ചു അവൾക്ക് കൊടുക്കണമെന്ന് പറയാതെ പറഞ്ഞു. സാവധാനം ഈശ്വരനിൽ അഭയം പ്രാപിച്ചു.
ഒരു മരണത്തിന് സാക്ഷിയാവുക എന്നതിലും അപ്പുറം അവർ ആരോ ആയിരുന്നെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അവരുടെ ഏക്-താര മോളുടെ കൈകളിൽ സുരക്ഷിതമായി ചേർന്നിരുന്നു.
അവരുടെ മുഷിഞ്ഞു നാറിയ ഭാണ്ഡക്കെട്ടിൽ നിന്നും പുറത്തുചാടിയ പഴകിയ ഡയറിത്താളുകളിൽ എഴുതിവെച്ച രഹസ്യങ്ങൾ അരുണിന്റെ മനസ്സിൽ തീർത്ത നിശബ്ദത അറിഞ്ഞത് അശ്വതി മാത്രമായിരുന്നില്ല.. എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തവനെ പോലെ ആരുമറിയാതെ കരഞ്ഞുകൊണ്ട്‌ ചിരിച്ച ചൂണിലാൽ കൂടിയായിരുന്നു.
മോൾക്ക് അച്ഛനിട്ട പേരിന്റെ അർത്ഥവും അച്ഛന് സമ്മാനമായി കിട്ടിയ വലിയ വീടിന്റെ ഉടമയും വലിയൊരു ഉത്തരമായി വൈഷ്ണവി എന്ന വൃദ്ധ ബാവുൽ സന്യാസിനിയിലേക്ക് എത്തുമ്പോൾ ഒരു നിയോഗം പൂർത്തിയാക്കപ്പെടുകയായിരുന്നു. മകന്റെ സ്ഥാനത്തു നിന്നും അവരുടെ ചേതനയറ്റ ശരീരം ഒപ്പിട്ടു വാങ്ങുമ്പോൾ വർഷങ്ങളുടെ പ്രണയവും കാത്തിരിപ്പും വാത്സല്യവും ലക്ഷ്യം കാണുകയായിരുന്നു..
ദൈവത്തിൽ മാത്രം വിശ്വസിച്ചിരുന്ന ബാവുൽ സന്യാസിനി എന്തുകൊണ്ട് ബാവുൽ ജീവിതരീതികൾ മറന്ന്, ഒരു രാത്രിയിലേക്ക് മാത്രമായി അതേ ആശുപത്രിയിൽ അതേ മുറിയിൽ അഭയം തേടിയതെന്ന ചോദ്യം അവശേഷിപ്പിച്ചു ഒരു ബാവുൽ നാടോടി സംഘം, ഉറക്കെ പാടികൊണ്ട് ആ ഹോസ്പിറ്റലിനെ കടന്നുപോയി.
" പാടുക ഹേ! ബാവുൽ ഗായകാ.π..
പാടുക പരമാനന്ദപ്പാൽക്കടലിൽ
വിലയം തേടും പാർശ്വകയാം നദി പോലെ......π.."
അശ്വതി അരുൺ
11-05-2018
(മംഗളം ഓണപ്പതിപ്പിൽ വന്ന കഥ. മംഗളം ഗ്രൂപ്പിനും നല്ലെഴുത്തിനും എന്നും നന്ദിയോടെ സ്നേഹത്തോടെ..)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot