നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

എന്നാലും എന്നോടീ ചതി.



~~~~~~~~~~~~~~~~~
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആ സംഭവം ഉണ്ടാകുന്നത്. ഒരു അവധിദിവസം നേറ്റിയിടുന്ന ട്രൗസർ, പാന്റ് ഒക്കെ അമ്മ വെള്ളത്തിൽ എടുത്തു കുതിർത്തിടുന്നത് കണ്ടുകൊണ്ടാണ് കണ്ണും തിരുമ്മി എഴുന്നേറ്റ് വന്നത്. അതുകണ്ടപ്പോ അമ്മ ഒരു ദാക്ഷിണ്യവുമില്ലാതെ പറയുകയാണ് ആ ട്രൗസറും കൂടി ഇങ്ങൂരി താടാ അലക്കട്ടെ എന്നു.
" അപ്പൊ ഞാനെന്തിടും എനിക്കിന്ന് മാച്ച് ഉള്ളതാണ്. "
" ഓ പിന്നേ ഇന്ന് പാകിസ്താനും ആയിട്ടാണ് കളി ... നീയാണ് ഇന്ത്യയുടെ ക്യാപ്റ്റൻ... ഒന്ന് പോയേടാ തെങ്ങിന്റെ മടൽ കൊണ്ട് ബാറ്റുണ്ടാക്കി കളിക്കുന്നവനാണ് വല്യ മാച്ച്.."
" ശ്ശോ എന്റെ അമ്മേ നിങ്ങളെപ്പോലുള്ള അമ്മമാർ കാരണം വളർച്ച മുരടിച്ചു പോയ എത്രയോ സച്ചിന്മാരും കോഹ്‌ലിമാരും ഇവിടെ ഇന്ത്യയുടെ വിരിമാറിൽ തേരാപ്പാര തെണ്ടി നടക്കുന്നുണ്ടെന്നറിയാമോ.. എന്നെയും അതിലൊരാൾ ആക്കാതെ പ്രോത്സാഹിപ്പിക്കൂ... നാളെ ഞാൻ മറ്റൊരു സച്ചിൻ ആവില്ലെന്ന് ആരു കണ്ടു... ? "
" ഓ പിന്നേ... കശുമാവിൻ തോപ്പിലാണല്ലോ ഇന്ത്യൻ ടീമിന്റെ സെലക്ഷൻ...??? കോളേജ് ടീമിൽ നിന്നൊക്കെയാ ഓരോരുത്തരെ സെലക്ട് ചെയ്യുന്നത്... നിന്റെ ഈ പോക്ക് കണ്ടിട്ട് നീ പത്താം ക്ലാസ് പൊത്തിപ്പിടിച്ചു കേറുമെന്നു എനിക്ക് തോന്നുന്നില്ല... പിന്നെയാ കോളേജ്... അതിനെന്റെ പൊന്നുമോൻ നല്ലോണം പഠിക്കണം... അതിന് നിന്നെക്കൊണ്ടു ഒക്കാത്തിടത്തോളം കാലം വെറുതെ സ്വപ്നം കാണണ്ട. "
ശ്ശേ... വെറുതെ വേണ്ടായിരുന്നു... നല്ല ദീർഘവീക്ഷണമുള്ള അമ്മയാണ്. വെറുതെ ഞാൻ ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങി.
" ഞാനിപ്പോ എന്താ ഉടുക്കുക അത് പറയ്...? "
" നീ പോയി ഒരു കൈലി എടുത്തുടുത്തോ... "
അത് കേട്ടപ്പോ നമ്മൾ കൂൾ... കാരണം അന്ന് മുണ്ടുടുക്കാൻ പഠിച്ചു വരുന്നെയുള്ളൂ. അതുടുത്തു മടക്കി കുത്തുമ്പോ വലിയ ഒരാളായ പ്രതീതിയാണ്.
പല്ലുതേപ്പ്, കുളി, കഴി ഇത്യാദി കാര്യങ്ങൾ കഴിഞ്ഞു നുമ്മ അധ്വാനിക്കാനായി ഇടംവലം നോക്കാതെ ഗ്രൗണ്ടിലേക്കിറങ്ങി. വേറൊന്നുമല്ല ഇടംവലം നോക്കിയാൽ ചിലപ്പോ എന്തെങ്കിലും പണി ചെയ്യാൻ പറയും. സാധാരണ ഗ്രൗണ്ടിൽ പോകുന്ന സമയത്താണ് ചെയ്താലേ വിടൂ എന്ന ഭീഷണി മുഴക്കി എന്നെ ബ്ലാക്ക്മയിൽ ചെയ്തു ഓരോ പണികളെടുപ്പിക്കാറു. അതുകൊണ്ട് വെറുതെ ഇരിക്കുന്നത് പോലെ അഭിനയിച്ചു കണ്ണു തെറ്റുമ്പോൾ എഴുന്നേറ്റ് ഒറ്റ ഓട്ടമാണ് ഗ്രൗണ്ടിലേക്ക്. എന്നെ പറഞ്ഞിട്ടും ഒരു കാര്യവുമില്ല എന്നറിയാവുന്നത് കൊണ്ട് വീട്ടുകാരും ഉപേക്ഷിച്ചിട്ടിരിക്കുകയാണ്.
അന്നും പതിവുപോലെ അടിയും ഏറും കിട്ടി തോറ്റു തുന്നം പാടി തളർന്ന് വീട്ടിലേക്ക് തിരിച്ചു വന്നു. ഉമ്മറ വാതിൽക്കൽ എത്തുമ്പോഴേ ഒരു വിളിയാണ് " അമ്മേ ചോറ്.." ആ വിളി കേൾക്കുമ്പോഴേ അച്ഛൻ അവിടിരുന്നു വിളിച്ചു പറയും " ദേടി നിന്റെ കളക്ടർ മോൻ വന്നേക്കുന്നു... പാവം ദുരിതാശ്വാസ ക്യാമ്പുകളിൽ അലഞ്ഞു നടന്നു വയ്യാണ്ടായാണ് വന്നേക്കുന്നത്... ചോറ് കൊടുക്ക്... ഉണ്ണുമ്പോ ആ വെഞ്ചാമരം കൊണ്ടോന്നു വീശി കൊടുത്തേരെ... " സത്യത്തിൽ അച്ഛന്റെ ഈ വാചകങ്ങൾ കേട്ടാണ് ഞാൻ കളക്ടർ ആവണ്ടെന്ന് തീരുമാനിച്ചത്. ഭയങ്കര ബുദ്ധിമുട്ടുള്ള പണിയാണെന്നു മനസ്സിലായി.
അന്നും പതിവുപോലെ ചോറിനുള്ള സൈറൻ മുഴക്കി കഴിഞ്ഞപ്പോഴാണ് മുൻവശത്ത് പതിവില്ലാതെ കുറച്ചു ചെരിപ്പുകൾ കണ്ടത്. ലേഡീസ് ചെരുപ്പുകളും ഉണ്ട്. ഇതാരപ്പാ പതിവില്ലാതെ... അകത്തു കയറിയപ്പോൾ കണ്ടു ഹാളിൽ ഒരാൾ അച്ഛന്റെ അടുത്തിരിക്കുന്നു. എനിക്ക് മനസ്സിലായില്ല അതുകൊണ്ട് ഒരു മനോഹരമായ പുഞ്ചിരി സമ്മാനിച്ചു മെല്ലെ അടുക്കളയിലേക്ക് നടന്നു. " എന്റെ കാലനാണ് " അച്ഛന്റെ പരിചയപ്പെടുത്തൽ കേട്ടു... മൈൻഡ് ചെയ്തില്ല. എന്തിനാ വെറുതെ... അച്ഛനാണെങ്കിൽ കൗണ്ടറിന്റെ ഹോൾസെയിൽ ആണ്. അമ്മ റീട്ടെയിലും... ഇമ്മള് ഫുട്പാത്ത് കച്ചവടോം....
അടുക്കളയിൽ ചെന്നപ്പോൾ ഒരു ചേച്ചി അങ്ങോട്ട് തിരിഞ്ഞു നിന്ന് സംസാരിക്കുന്നു. " വന്നോ തമ്പുരാൻ... ദേടി എന്റെ മോനാണ്... അടുത്താഴ്ച്ച ഇന്ത്യൻ ടീമിൽ സെലക്ട് ആവും... പാവം പ്രാക്ടിസ് കഴിഞ്ഞു തളർന്നു വന്നേക്കുവാണ്... അമ്മേടെ പൊന്നു ക്ഷീണിച്ചോടാ... അശ്ശോടാ..." അമ്മ വക അപ്രതീക്ഷിത അറ്റാക്കിൽ ഞാൻ പുളഞ്ഞു പോയി... ആ പുളച്ചിൽ തീരും മുമ്പേ മുറ്റത്തു നിന്ന് കയ്യിൽ ഒരു ചെടിയുമായി വരുന്ന ആ രൂപം കണ്ടപ്പോൾ എന്റെ ഈശ്വരാ ഞാൻ ഞെട്ടിപ്പോയി... എന്റെ ക്ലാസ്സിലെ സിനിമോൾ... ഇതെങ്ങിനെ ഇവിടെ... അവളും അമ്പരന്നെന്നു തോന്നുന്നു... അടുക്കളയിൽ നിന്ന ആ ചേച്ചിയെ ചിറ്റേ എന്നു വിളിച്ചപ്പോൾ എനിക്ക് ഏതാണ്ടൊക്കെ പിടിത്തം കിട്ടി. ബാക്കി അമ്മ വക വിവരണവും കിട്ടി. അവളുടെ ചിറ്റപ്പൻ ഇമ്മടെ ഫാദറിന്റെ ദോസ്‌താണ്. അവർ താമസം മുംബൈയിൽ ആണ്. നാട്ടിൽ വന്നപ്പോൾ കാണാൻ വന്നു. വന്നപ്പോൾ വീട്ടിൽ വെറുതെ ഇരുന്ന അവളെയും കൊണ്ടുവന്നു.
ഈസ്വരാ... ക്ലാസ്സിലെ സുന്ദരി ആയത്കൊണ്ട് ഇമ്മടെ വായിലെ നാക്ക് കൊണ്ട് ഒത്തിരി താഡനം ഏറ്റിട്ടുള്ളതാണ്... ഏതു നിമിഷവും ഒരു മീ ട്ടൂ പ്രതീക്ഷിക്കാം... എന്റെ വിശപ്പ് ഒക്കെ ശമിച്ചു. ഞാൻ പതുക്കെ വലിയാൻ നോക്കി. അവളുടെ നോട്ടം ശരിയല്ല... എവിടെയൊക്കെയോ ഒരു യൂദാസിന്റെ ചായ... എന്റെ പരുങ്ങൽ കണ്ടപ്പോൾ അമ്മയ്ക്ക് എന്തോ പിടികിട്ടി.
" മോൾ അറിയോ ഇവനെ...? "
" ഉഉം... എന്റെ ക്ലാസ്സിലാണ്..." അത് കേട്ടപ്പോൾ അമ്മ എന്തിനാണാവോ തലയിൽ കൈ വെച്ചത്... എന്നാലും എന്റെ അമ്മേ സ്വന്തം മോനെക്കുറിച്ചു ഇത്രയ്ക്ക് മതിപ്പാണോ... ഞാനിങ്ങനെ തൃശങ്കു സ്വർഗ്ഗത്തിൽ നിൽക്കുന്ന സമയത്താണ് അവളുടെ ചിറ്റ വക ഡയലോഗ്...
" ഇവൻ ആളങ്ങ് വലുതായല്ലോ... അന്ന് കാണുമ്പോ ട്രൗസർ പോലും ഇടാതെ മൂക്കട്ടയും ഒലിപ്പിച്ചു നടന്നോണ്ടിരുന്നതാ... ഇപ്പൊ മുണ്ടൊക്കെ ഉടുത്ത്... "
ശ്ശേ... പണ്ടാരം പെണ്ണുംപിള്ള നശിപ്പിച്ച്... സിനി ആണെങ്കിൽ ജഗതിയുടെ കോമഡി സീൻ കണ്ടത് പോലെ വായ് പൊത്തി ചിരിക്കുന്നു. ഇനി ആ രൂപമെങ്ങാനും മനസ്സിൽ കണ്ടോ ആവോ... ശ്ശെ...
അല്ലേലും ഈ ബന്ധുക്കാരും പരിചയക്കാരും കുറേനാൾ കഴിഞ്ഞു കാണുമ്പോ ഉള്ള ഒരു ഡയലോഗാണു ഈ ട്രൗസർ ഇടാത്ത കാര്യം. ഇവരൊക്കെ ജനിച്ചപ്പോഴേ ഡ്രെസ്സും ധരിച്ചു വന്നവരാണെന്നു തോന്നുന്നു. ചെറുപ്പത്തിൽ അങ്ങനെയൊക്കെ നടന്നെന്നിരിക്കും. ഞാൻ ഒരു വളിച്ച ചിരി ചിരിച്ചോണ്ടിരുന്നു. അപ്പോഴേക്കും ഹാളിൽ നിന്ന് അങ്ങൊരുടെ വിളി വന്നു.
" എഡിയേയ് ഇറങ്ങാം... "
" എന്നാപ്പിന്നെ ഞങ്ങൾ അങ്ങോട്ട് ഇറങ്ങുവാ ചേച്ചീ... സഞ്ജു മോനേ... കാണാട്ടോ... നന്നായി പഠിക്കണം..."
എനിക്ക് ഇനി കാണണ്ട തള്ളേ നിങ്ങളെ... മനസ്സിൽ അങ്ങിനെയാണ് പറഞ്ഞതെങ്കിലും ഞാൻ ചിരിച്ചോണ്ട് തല കുലുക്കി. ഹൃദയത്തിൽ ഒരു മഞ്ഞു തുള്ളി വീണത് സിനി ചിരിച്ചോണ്ട് പോട്ടെ എന്നു പറഞ്ഞപ്പോൾ മാത്രമാണ്. ' അമ്മേ ദേ നിങ്ങടെ മരുമോൾ ' എന്നു പറയാൻ തോന്നിയ ആ നിമിഷമാണ് ചെവിയുടെ തൊട്ടടുത്ത് വന്ന് അവൾ ആ ഡയലോഗ് പറഞ്ഞത്.
" ഇനി പോക്രിത്തരം കാണിച്ചാൽ ഞാൻ ഇവിടെ വന്നു പറയും.. നാളെ മുതൽ എന്നെ ശല്യപ്പെടുത്തരുത്... അലമാരയുടെ മുകളിലിരിക്കുന്ന ചൂരൽ ഞാൻ കണ്ടു. "
അത് കേട്ടപ്പോൾ എന്റെ മനസ്സിലെ ചുമരിൽ ഇത്തിരി മുമ്പ് ഞാൻ തൂക്കിയിട്ട കല്യാണ ഫോട്ടോയിൽ എന്റെ ഇടതുവശം ചേർന്ന് ചിരിച്ചോണ്ടിരുന്ന സിനിമോളെ ഞാൻ കയ്യെ പിടിച്ചു ഇറക്കി വിട്ടു മനസ്സിന്റെ ഡോർ അടച്ചു കുറ്റിയിട്ടു... പോ പുല്ലേ സിനിമോളെ...
അവടെയൊരു ചൂരൽ... ഇമ്മടെ വീട്ടിലെ ചൂരൽ എന്നെ കാണുമ്പോഴേ വാവിട്ട് കരയുന്നതാണെന്നു ഇവൾക്കറിയില്ലല്ലോ... എന്നെ തല്ലി തല്ലി ചൂരൽ നടുവേ പൊളിഞ്ഞു തുടങ്ങി.
എല്ലാവരും ഇറങ്ങാൻ നിൽക്കുന്ന സമയത്താണ് അച്ഛൻ വക ഓർഡർ... " ടാ സഞ്ജുവേ... നീ പ്ലാവിൽ കയറി ഇവർക്ക് രണ്ടു ചക്ക ഇട്ടു കൊടുത്തേടാ..."
പിന്നേ... ചക്ക ഇട്ടു കൊടുക്കുന്നു... എന്റെ പട്ടി ഇട്ടുകൊടുക്കും. അടുക്കള വാതിൽ വഴി ഇറങ്ങി വിട്ടാലോ... അങ്ങോട്ട് കാൽ വെച്ചതുമാണ്. അപ്പോഴാണ് സിനിയുടെ ചിറ്റ വക ഡയലോഗ്...
" ഇത്രേം വലിയ മരത്തിലൊക്കെ അവൻ കയറുമോ...? " അത്ഭുതത്തോടെയുള്ള ആ ചോദ്യം എന്നെ ഇറങ്ങി ഓടുന്നതിൽ നിന്നും പിൻവലിച്ചു.
മരം കേറുമോന്ന്...!!! ആ വക കാര്യങ്ങളിൽ ഇമ്മക്ക് മാസ്റ്റർ ഡിഗ്രി മൂന്ന് വട്ടം കിട്ടിയിട്ടുള്ളതാണെന്നു ഇവർക്കറിയില്ലല്ലോ. കാണിച്ചു കൊടുക്കാം ഇമ്മടെ അഭ്യാസം.
സിനിമോളുടെ കണ്ണിലും വീരാരാധന... അവരുടെ മുമ്പിലൂടെ തടി പിടിക്കാൻ പോകുന്ന മോഹൻലാലിനെ പോലെ തലയുയർത്തി നെഞ്ചും വിരിച്ചു ഞാൻ നടന്നു. പിന്നെ പാടാൻ ആരും ഇല്ലാത്തൊണ്ടു ' ഓഹോഹോ ഞാനൊരു നരൻ...' എന്ന ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക് ഉണ്ടായില്ല.
പ്ലാവിന്റെ ചുവട്ടിലെത്തി. മുകളിലേക്ക് നോക്കി അവരെയും നോക്കി. പ്ലാവിൽ മൊത്തം കുരുമുളക് വള്ളി പടർത്തിയിരിക്കുകയാണ്. ഏണി ചാരി വെച്ചിട്ടുണ്ട്. ബനിയൻ ഊരിക്കളഞ്ഞു കത്തി എടുത്തു ഇടുപ്പിൽ തിരുകി സാമാന്യം നല്ല രീതിയിൽ തന്നെ അഹങ്കാരം മുഖത്ത് വരുത്തി ഏണിയിലൂടെ കയറി. ഒന്നാമത്തെ കമ്പിൽ എത്തിയപ്പോൾ തന്നെ പ്ലാവിന്റെ ചുവട്ടിലേക്ക് വരാൻ തുടങ്ങിയ അവരെയൊക്കെ ഞാൻ തടഞ്ഞു. ഇങ്ങോട്ട് വരണ്ട ചക്ക താഴെ വീണാൽ കുത്തി തെറിക്കും അവിടെ നിന്നാൽ മതി... വേറൊന്നുമല്ല മുണ്ടിന്റെ അടിയിൽ നല്ല എയർ പാസിംഗ്... അതന്നെ സ്വതന്ത്ര സ്ഥാനാർത്ഥി തന്നെ....
മൂന്നാമത്തെ കൊമ്പിലാണ് ചക്ക. ഏണി ആദ്യത്തെ കൊമ്പ് വരെയേ എത്തത്തുള്ളൂ... അവിടുന്ന് തൂങ്ങിയാടി സർക്കസൊക്കെ കാണിച്ചു മൂന്നാമത്തെ കമ്പിലെത്തി. ചക്കയും ഞാനും തമ്മിൽ ഇഞ്ചോടിഞ്ച് ദൂരം. കത്തി നീട്ടി ഞെടുപ്പിൽ കണ്ടിക്കാൻ തുടങ്ങുന്ന നേരത്താണ് അത് സംഭവിച്ചത്... ഒരു രോമാഞ്ചം... അല്ല അല്ല.... നിസർ ( പുളിയുറുമ്പ് ) .... ഏതോ കൂട്ടിൽ ഉറങ്ങിയിരുന്ന അവരെ ഞാൻ കയറിയപ്പോൾ എപ്പോഴോ ഉണർത്തിയായിരുന്നു. ഉറപ്പായും അവർ ' അറ്റാക്ക്...' എന്ന് പറഞ്ഞിട്ടുണ്ടാകും കയറുന്ന തിരക്കിൽ ഞാനത് കേട്ടുമില്ല. ആദ്യം വന്ന ഒരെണ്ണത്തിനെ തട്ടിക്കളഞ്ഞു ഒന്ന് രണ്ടായി നാലായി പത്തായി പിന്നെ പറയാൻ പടില്ലാത്തിടത്തൊക്കെ കടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഡാൻസ് കളി തുടങ്ങി.
" നിന്നോട് പറയാൻ മറന്നതാടാ... അത്തേൽ നിസർ ഉണ്ടായിരുന്നു. " അച്ഛൻ താഴെ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു.
അച്ഛനാണച്ഛാ അച്ഛൻ... സ്വന്തം മോനെ തന്നെ കുരുതി കൊടുക്കണം അല്ലേ... അതും കൂടെ പഠിക്കുന്ന പെൺകുട്ടിയുടെ മുമ്പിൽ തന്നെ... ഞാൻ മനസ്സിൽ പറഞ്ഞു പല്ല് കടിച്ചു വെറുതെ ഞെരിച്ചു. അല്ലാതെന്ത് ചെയ്യാൻ...
" പറ്റില്ലെങ്കിൽ ഇറങ്ങിക്കോ സഞ്ജുവേ... ചക്കയൊന്നും വേണ്ട... സാരമില്ല..." ചിറ്റ വിളിച്ചു പറയുമ്പോഴും ഞാൻ നോക്കിയത് സിനിയുടെ മുഖത്തേക്കാണ്. അവിടെ ഞാൻ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ചുള്ള ഏറ്റവും വലിയ പരിഹാസച്ചിരി... ഒന്നും നോക്കിയില്ല ചടപടാന്നു രണ്ടു ചക്ക കണ്ടിച്ചിട്ടു. അപ്പോഴേക്കും ഉറുമ്പ് പടയാളികൾ ശത്രു രാജ്യമാകുന്ന എന്റെ ശരീരം ആക്രമിച്ചു കീഴടക്കാറായിരുന്നു... കുറെയേറെ അക്ഷരങ്ങൾ ഞാൻ പുതുതായി കണ്ടുപിടിച്ചു. ഒരുവിധത്തിൽ ആടിയും ചാടിയും താഴെ കൊമ്പിലെത്തി ഏണിയിൽ കാലു വെച്ച വഴിക്ക് ദേ കിടക്കുന്നു... എന്തോന്നാ...??? ഏണി... ഞാനാണെങ്കിൽ കമ്പിൽ പിടിച്ചു തൂങ്ങിയാടുകയാണ്. ഒരുപാട് ഉയരം പോലെ തോന്നുന്നത് കൊണ്ട് പിടിവിടാനും മനസ്സ് വരുന്നില്ല... അമ്മ അതുകണ്ട് ഓടി വരാൻ തുടങ്ങിയതും ഞാനോരോറ്റ അലർച്ചയാണ്...." വരരുത്...." കുതിക്കാൻ തുടങ്ങിയ വണ്ടിയുടെ താക്കോൽ ഊരിയെടുത്ത പോലെ അമ്മ സഡൻ ബ്രെയ്ക് ഇട്ടു നിന്നെന്നെ അമ്പരന്ന് നോക്കി...
അല്ല പിന്നെ... എന്തിനാ വെറുതെ നിനക്കൊരു ജട്ടിയിട്ടു കൂടേടാ എന്ന ഡയലോഗ് അമ്മയുടെ വായിൽ നിന്നും കേൾക്കുന്നത്....
പക്ഷേ യഥാർഥ പണി വരുന്നതെ ഉണ്ടായിരുന്നുള്ളൂ.... അരയിൽ ചുറ്റിയ മുണ്ട്... ഈ ആടിയുലച്ചിൽ അതിന് താങ്ങാവുന്നതിലും അധികമായിരുന്നു. അരയിൽ നിന്ന് അത് പയ്യെ അഴിയുന്നത് മനസ്സിലാക്കിയ ഞാൻ " പോകല്ലേ....പോകല്ലേ...." എന്ന് കെഞ്ചിക്കരഞ്ഞു കൊണ്ട് വിലക്കി... കാൽ ഗുണനചിഹ്നം പോലെ പിണച്ചു വെച്ചു നോക്കി... പക്ഷേ എന്റെ കരച്ചിലിന് പുല്ലുവില കല്പിച്ചുകൊണ്ടു അത് താഴേക്കുതിർന്നു പോയി.
ദിഗംബരൻ.... ഇപ്പൊ എവിടെയോ പശ്ചാത്തലത്തിൽ ഞാനാ പാട്ട് കേട്ടു... " ഓഹോഹോ...ഞാനൊരു ദിഗംബരൻ... " ചെറുപ്പത്തിൽ എല്ലാം കണ്ടിട്ടുള്ള ചിറ്റ വരെ അയ്യേ എന്നു പറഞ്ഞപ്പോൾ, സ്വന്തം അച്ഛനും അമ്മയും വരെ ഒരു മനസ്സാക്ഷിയുമില്ലാതെ ചിരിച്ചപ്പോൾ ഒന്നും നോക്കിയില്ല എടുത്തങ്ങ് ചാടി... കാലുളുക്കി. താഴെ വീണു കിടന്ന കൈലിയുടുത്തു തിരിഞ്ഞു പോലും നോക്കാതെ ഞാൻ ഞൊണ്ടി ഞൊണ്ടി റോഡിലേക്ക് നടന്നു...
ഒരാഴ്ച്ച സ്കൂളിൽ പോയില്ല. പിന്നെ അച്ഛന്റെ ചൂരൽ പൊളിഞ്ഞു അച്ഛൻ പുതിയ ചൂരൽ വാങ്ങുമെന്ന് മനസ്സിലായപ്പോൾ മെല്ലെ സ്കൂളിലേക്ക് എഴുന്നള്ളി. അവളെ ഫേസ് ചെയ്യാനായിരുന്നു ചമ്മൽ. പക്ഷേ അവൾ ഭാവി റേഡിയോ ജോക്കിയാകാനുള്ള പരിശീലനത്തിൽ ആണെന്നുള്ള കാര്യം സത്യമായും എനിക്കറിയില്ലായിരുന്നു. റേഡിയോ മാങ്കോ നാട്ടിൽ മൊത്തം പാട്ടായി എന്നത് പോലെ ആ സംഭവം സ്കൂളിൽ മൊത്തം പാട്ടായി...
ആദ്യമൊക്കെ ചമ്മൽ തോന്നിയെങ്കിലും എന്റെ നിസ്സഹായാവസ്ഥ എന്നെ പ്രതിരോധിക്കാൻ പ്രേരിപ്പിച്ചു. കളിയാക്കാൻ വന്ന കൂട്ടുകാരോട് നിങ്ങൾക്കുള്ളതൊക്കെ തന്നെയേ എനിക്കുള്ളൂ കൂടുതൽ ഒന്നുമില്ല എന്ന ഡയലോഗിൽ വായടപ്പിച്ചു. കളിയാക്കാൻ വന്ന അവൾക്കാണ് നല്ല ഡോസ് കൊടുത്തത്. " നിന്റെ അച്ഛനുള്ളതും ഇതൊക്കെ തന്നെയാടി പുല്ലേ... ഇനി നാളെ നിന്നെ കെട്ടാൻ പോകുന്നവനും... അന്ന് നീ ഇതുപോലെ ക്ക ക്ക ക്ക വെക്കുമോ..." അവളുടെ മിഴിഞ്ഞു പോയ കണ്ണിൽ നോക്കി അസംഖ്യം പെണ്മണികളുടെ മുമ്പിൽ വെച്ചു തിരിഞ്ഞു നടക്കുമ്പോൾ എന്തോ ഒരു സുഖമായിരുന്നു മനസ്സിന്. അന്ന് ഞാനുറപ്പിച്ചു ഞാൻ ഒരു നടയ്ക്ക് പോകുന്ന സംഭവമല്ല.
Sanjay Krishna

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot