Slider

വീണ്ടും പ്രണയിക്കണം.

0

അവളെനിക്കും ഞാനവൾക്കും സ്വന്തമായി വർഷങ്ങൾ കടന്നു പോയിരിക്കുന്നു...
ജീവിതം.. തിരക്കുകൾ.. വേഗത..
കാലം പ്രണയവർണ്ണങ്ങളുടെ
മഷിക്കൂട്ട് മറക്കുന്നുവോ..
സ്നേഹനിർഭരമെങ്കിലും പ്രണയം മാറാല മൂടിത്തുടങ്ങിയിരിക്കുന്നുവോ...
ഇല്ല സഖീ..
കെട്ടിയനാൾ മുതൽ കുറഞ്ഞിട്ടില്ലൊരിക്കലും, കൂടുകയല്ലാതെ കുറയിലൊരിക്കലും.
എങ്കിലും..
എവിടെയാണ് നാമത് മാറ്റിവെച്ചത്.. പുറത്തേയ്ക്കെടുക്കാതെ.
മറക്കേണ്ടത് തിരക്കുകളെയാണ്..
തിരക്കുണ്ടാക്കും അത്യാഗ്രഹങ്ങളെയാണ്.
കെട്ടിയ പെണ്ണിനെ ഒന്നൂടെ വീണ്ടും പ്രണയിക്കണം..
കാലത്തു അവളുണരും മുന്നെ എഴുന്നേറ്റു ഉറക്കം നടിച്ചു കിടക്കണം..
പതിയെ അടുത്തേയ്ക്ക് വിളിച്ചു വലിച്ചു മാറിലേക്കിടണം...
കാപ്പിയുമായി വരുമ്പൊൾ അറിയാത്ത ഭാവത്തിലാ കൈവിരലൊന്നു തൊടണം..
അടുക്കളയിലെ ജോലിത്തിരക്കിനിടയിലും കണ്ണു വെട്ടിച്ചു കണ്ണുകൾ കൊണ്ടാംഗ്യം കാണിക്കണം..
ഒത്താൽ പിറകിലൂടെ ചെന്നു കെട്ടിപ്പിടിച്ചൊരുമ്മ
കൊടുക്കണം..
'ആരെങ്കിലും വരുമെ' ന്ന് പറഞ്ഞു കുതറി മാറുന്നത് കണ്ടാസ്വദിക്കണം..
ഭക്ഷണം വിളമ്പിത്തരുമ്പോ ഒരുരുള അവളുടെ വായിലിട്ടു കൊടുക്കണം...
പറ്റുമെങ്കിൽ കൂടെയിരുത്തി മതിവരുവോളം കഴിപ്പിക്കണം..
മതിയെന്നു പറഞ്ഞു അവൾ കൈകൊണ്ടാംഗ്യം കാണിക്കുമ്പോ ഗ്ളാസ്സിൽ വെള്ളം
പകർന്ന് കുടിപ്പിക്കണം..
തുണിയലക്കുന്ന നേരത്തു പിറകിലൂടെ ചെന്നു
പേടിപ്പിക്കണം..
അതിന്റെ ദേഷ്യത്തിലവൾ അലക്കാനെടുത്തു വെച്ച വെള്ളം തലവഴി ഒഴിക്കുമ്പോ ദേഷ്യപ്പെടാതെ നിന്നു നനയണം..
തൊടിയിലെ മൂവാണ്ടൻ മാവിനരികിലേക്കു അവളൊടൊപ്പം ഒന്നൂടെ നടക്കണം..
എത്താക്കൊമ്പൊന്നു ചാടിപ്പിടിച്ചു അവൾക്ക് മുന്നിലേക്കു താഴ്ത്തി ക്കൊടുക്കണം..
കണ്ണിമാങ്ങായൊരെണ്ണം ഉപ്പു കൂട്ടിത്തിന്നണം..
കുട്ടിക്കാലത്തു മാവിന്റെ ഏറ്റവും മുകളിലെ ചില്ല വരെ കേറാറുണ്ടാരുന്നുവെന്നൊക്കെ തട്ടിവിടണം..
പിറന്നനാൾ കൊണ്ടാടണം. ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കൊടുത്‌ പേഴ്‌സ് കാലിയാക്കി അവൾക്കായി ടെൻഷൻ അനുഭവിക്കണം...
മാനത്തുതിരും കൊള്ളിമീനൊന്നു കാട്ടികൊടുക്കണം..
തീരുംമുമ്പേ ഇഷ്ടകാര്യത്തിനായി പ്രാർത്ഥിക്കാൻ പറയണം.
എന്നിട്ടാ നക്ഷത്രക്കണ്ണിലെ തിളക്കം കണ്ടാസ്വദിച്ചങ്ങിനെ ഇരിക്കണം..
ബൈക്കിലിരുത്തി രാവോളം അങ്ങാടി കറങ്ങണം.. അവളുടെ കാർ ഡ്രൈവിംഗ് കണ്ട് അന്തംവിട്ടിരിക്കണം...
ഒരുമിച്ചൊരു വെയിൽ കായണം..
മഴനനഞ്ഞു വീട്ടിലേക്കോടി കേറുമ്പോ ഷാളുകൊണ്ടവൾ
തുവർത്തിത്തരണം..
'ഇപ്പോഴും കൊച്ചുകുട്ടിയെന്നാ വിചാരമെ'ന്നും പറഞ്ഞവൾ സ്നെഹത്തോടെ ശാസിക്കുമ്പോ അനുസരണയുള്ള കുട്ടിയെ പോലേ മുഖം താഴ്ത്തി നിക്കണം ...
അവളുടെ മടിയിൽ തലവെച്ചു നിലാവൊന്നു കാണണം ...
നിലാവിനേക്കാൾ സുന്ദരി നീയാണെന്നു പറഞ്ഞു ആ നുണക്കുഴിയിലൊന്നു നുള്ളണം ..
അപ്പോഴാ മുഖത്തെ നിലാവെളിച്ചം കണ്ടു പുഞ്ചിരിക്കണം ...
കുട്ടികൾ ഉറങ്ങിയെന്നു ഉറപ്പു വരുത്തി അടുക്കളയിലോട്ടു
ചെല്ലണം ...
'പെട്ടെന്നു ജോലി തീർത്തു കിടക്കാൻ നോക്കെ'ന്നും പറഞ്ഞവളെ
സഹായിക്കണം..
അവളിലെ സ്ത്രീയേ തൊട്ടുണർത്തി, ചുംബനങ്ങൾകൊണ്ട് മൂടണം. മദിമറന്ന് കെട്ടിപിടിച്ചുറങ്ങണം. പുലരാത്ത രാത്രികൾ ഇനിയുമേറെ സമ്മാനിക്കണം..
ഇടംകണ്ണിട്ടു എന്നെ നോക്കിയുള്ളൊരാ 'കള്ളനെ'ന്നു വിളിയൊന്നൂടെ
കേക്കണം..
ഒടുവിൽ മുല്ലപ്പൂവും മൈലാഞ്ചിയുമില്ലാതെ ഉള്ളുതൊട്ടുള്ളൊരു സ്‌നേഹം കൊണ്ടാ മനസ്സു വീണ്ടും കീഴടക്കണം ..
മാറിൽ തലചായ്ച്ചു ഒരുകുഞ്ഞു പുഞ്ചിരിയോടെ മയങ്ങുന്നൊരാ മുഖം കണ്ടു സന്തോഷിക്കണം...
സന്തോഷവും സമാധാനവും അവളിലേക്കും പകർന്നു നൽകണം..
കെട്ടിയ പെണ്ണിനെ ഒന്നൂടെ വീണ്ടും പ്രണയിക്കണം..
പ്രണയം ! ഉള്ളിലൊതുക്കാനുള്ളതല്ല.
By 
Samil Shah
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo