Slider

ട്രെയിന്‍ കാഴ്ചകള്‍- പൂമരക്കൊമ്പത്തെ.....

0

വൈകുന്നേരങ്ങളിലെ കണ്ണൂര് - പയ്യോളി പാസഞ്ചര്‍ ട്രെയിന്‍ യാത്ര...തലശ്ശേരി വിട്ടാല്‍ ജഗന്നാഥ ക്ഷേത്രം സ്റ്റോപ്പ്.
ആലിലകളില്‍ തൊട്ടുരുമ്മി, കാതുകളിലേക്ക് എത്തണ ഭക്തിഗാനം..
വിശാലമായ കുളത്തില്‍ നീന്തിക്കുളിച്ച് അര്‍മാദിക്കുന്ന കുട്ടികള്‍...
ക്ഷേത്രനടയിലെ ദീപനാളങ്ങളെ നോക്കി ഞാനുമൊന്ന് തൊട്ടുതൊഴുതു.സത്യം പറഞ്ഞാ റെയില്‍പാളത്തിനരികിലെ വീടുകളിലെ
സന്ധ്യാ ദീപങ്ങളെ തൊഴുതു തൊഴുതു അതൊരു ശീലമായ്.
അങ്ങിനെയെങ്കിലും ഒരു ദൈവചിന്ത..
എപ്പോളും മൊബൈലും കുത്തിക്കളിക്കലല്ലെ പണിയെന്ന് കെട്ട്യോള്‍ടെ പരാതി ഞാനോര്‍ത്തു.
ട്രെയിന്‍ മെല്ലെ മുന്നോട്ടേക്ക്.ഒരാള്‍ തന്‍റെ പശൂനേം കുട്ടീനേം അഴിച്ചോണ്ട് വീട്ടിലേക്ക്.
പാളത്തിനടുത്തെ പാടത്തിനരികിലെ അക്ക്വേഷ മരങ്ങള്‍ക്കിടയില്‍ കുറച്ച്പേര് പേപ്പറ് വിരിച്ച് ശീട്ട് കളിക്കുന്നു...ഇത്തിരീംകൂടി മുന്നോട്ടേക്ക് നീങ്ങിയപ്പോ ആ വീട് എന്‍റെ കണ്ണീപ്പെട്ടത്.
നിറയെ പൂക്കളും കുഞ്ഞു കുഞ്ഞു മരച്ചെടികളും നിറഞ്ഞ ഒരു പഴയ ഓടിട്ട വീട്.നിലത്ത് വെക്കണ നിലവിളക്കിന് പകരം തൂക്കുവിളക്ക്..
പേരറിയാത്ത, അധികം ഉയരമില്ലാത്ത,ചുവന്ന പൂക്കള് നിറഞ്ഞ കുഞ്ഞു തണല്‍ മരക്കൊമ്പില്‍ കെട്ടിയ ഊഞ്ഞാലീ പുസ്തകമെടുത്ത് വായിച്ചോണ്ട്,
ആടിയുല്ലസിക്കുന്ന വെള്ളപ്പെറ്റിക്കോട്ടിട്ട പെണ്‍കുട്ടി ..ന്‍റെ മോളെ പ്രായം കാണും.
ട്രെയിന്‍ ആ കാഴ്ചയും മറച്ചോണ്ട് മുന്നോട്ടെക്ക്.മാസങ്ങള്‍ പിന്നിട്ട് ഒരു വര്‍ക്ഷത്തോളം....പ്രിയപ്പെട്ട മഴ തിമര്‍ത്തു പെയ്യണ നാളുകളിലൊഴികെ..
ആ പെണ്‍കുട്ടീം ഊഞ്ഞാലും....ആ കാഴ്ചയിലെത്താന്‍ കണ്ണൂര് മുതല് മനസ്സ് കൊതിച്ചു...എന്തിനെന്നറിയാതെ.
ഭാര്യേന്‍റെ അടുത്ത് പറഞ്ഞു ഗൗരിക്കുട്ടിക്കും ഒന്ന് രണ്ട് പെറ്റിക്കോട്ട് വാങ്ങിപ്പിച്ചു.അതിട്ടു കണ്ടപ്പോ ന്തോ..ഒരു വല്‌ലാത്ത ഒരു സന്തോഷം തോന്നി.തന്‍റെ പഴയ ചുരിദിറൊക്കെ വെട്ടി ഭാര്യ ഒന്ന് രണ്ട് പെറ്റിക്കോട്ടൊക്കെ വേറെയും തുന്നിക്കൊടുത്തു..
പക്ഷേ മ്മക്ക് ഇഷ്ടം ആ വെള്ളപെറ്റിക്കോട്ട് തന്നെയായിരുന്നു.
ഇന്ന് ഞാന്‍ നോക്കുമ്പോ ആദ്യമായ് പൂമരക്കൊമ്പില് ഊഞ്ഞാല്‍ മാത്രം കണ്ടു.മോളെ കണ്ടില്ല...
പിന്നീടുള്ള ദിവസങ്ങളിലും ഇതേ കാഴ്ച തന്നെ ആവര്‍ത്തിച്ചു.
പൂന്തോട്ടത്തിലൊ , മുറ്റത്തോ എവിടെയും കണ്ടില്ല .
അകത്തിരുന്നു പഠിക്കുകയാവാം..
കുളിക്കുകയാവാം..
അടുത്ത വീട്ടീലെങ്ങാന്‍ ട്യൂഷന് പോയതാവാം.
എന്തന്നറിയാതെ പിന്നീടുള്ള ദിവസങ്ങളീ മനസ്സ് വല്ലാതെ അസ്വസ്ഥമായ്ത്തോന്നി.
ആവശ്യമില്ലാത്ത ദുശ്ചിന്തകള്‍ കടന്നു വന്നു.
ആ മോള്‍ക്ക് എന്തേലും...
താല്‍പര്യമില്ലേലും അന്നും ഞാനങ്ങോട്ടേക്ക് നോക്കി..
പൂമരക്കൊമ്പീന്ന് ആ ഊഞ്ഞാലേ അറുത്ത് മാറ്റിയിരുന്നു.ട്രെയിനിലെ ജനല്‍ ഷട്ടറുകള്‍ അടച്ച് യാത്ര ചെയ്ത മഴക്കാല ദിനങ്ങളീ ..ആ വീട്ടിലെന്തോ സംഭവിച്ചിട്ടുണ്ട്..
ഞാനിങ്ങനെ മനസ്സിനെ പാകപ്പെടുത്തി.ആ വീട്ടിലെ പേരക്കുട്ടിയാ ആ മോള്..അവള്‍ടെ ജോലിക്കാരനായ അച്ഛന് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോ അവര് കുടുംബസമേതം തറവാട്ടീന്ന് പോയതാവാം..
മനസ്സ് കൈവിട്ടു പോണ ചില നിമിഷങ്ങളില്‍ ചിന്ത ദൂരന്താത്മകമാവും..
ആ മോള്‍ക്ക് വല്ലതും പറ്റിയതാവുമോ..
ഒടുവില്‍ ജഗന്നാഥക്ഷേത്ര സ്റ്റോപ്പീന്ന് തന്നെ കേറണ..പുതുതായ് ജോലികിട്ടിയ പ്രിയ സുഹൃത്ത്..
അവളോടായിരുന്നു മ്മടെ പിരാന്ത് പിടിച്ച കഥകളും ചിന്തകളും എന്നും പങ്ക് വെച്ചിരുന്നതും.
കഥയറിഞ്ഞ അവളും നോക്കി ..
ആ പൂമരവും പൂന്തോട്ടവും വീടും..
എന്‍റെ വാക്കുകളിലൂടെ പെറ്റിക്കോട്ടിട്ട ആ പെണ്‍കുട്ടിയെ അവളും മനസ്സീ വായിച്ചടുത്തു.
അവളിങ്ങനെ പറഞ്ഞു...
സന്തോഷ് ഭായ് ഞാനൊരു ദിവസം ഡ്യൂട്ടീന്ന് നേരത്തേയിറങ്ങി ആ വീട്ടിചെല്ലാം...കുറച്ച് വെള്ളം കുടിക്കാന്‍ ചോദിക്കാലോ
ന്നിട്ട് പതുക്കെ പൂമരോം ഊഞ്ഞാലും ഒക്കെ ചോദിച്ചു വെക്കാന്നേ...
മനസ്സ് ഓരോന്ന് വിചാരിച്ച് പുകക്കണ്ടാട്ടോ...
അവള്‍ കൊണ്ടു വരുന്ന ആ കഥ കേള്‍ക്കാനായ് ഞാനിപ്പോ കാത്തിരിക്കുകയാട്ടോ...അതെന്തൊയാലും ഞാനറിയിക്കും...നിങ്ങളോടല്ലാതെ വേറെ ആരോട് പറയാന്‍ .
By: Santhosh babu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo