****കോഴിയും മുട്ടയും തമ്മിൽ ******
"ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ
എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോ പാടെടീ...."
അമ്മ പടിഞ്ഞാപ്പറത്തെ സ്വിമ്മിംഗ് പൂളിൽ കിടത്തിയിട്ട് എന്നെ നോക്കി പാട്ടും പാടി മീൻ നന്നാക്കിക്കൊണ്ടിരിക്ക്യാ.. അയ്യോ സോറിട്ടോ ഈ പടിഞ്ഞാപ്പറംന്ന് പറഞ്ഞാ പടിഞ്ഞാറെ പുറം, വീടിന്റെ പടിഞ്ഞാറു ഭാഗം ok?
പടിഞ്ഞാപ്പറത്താണ് വീടിന്റെ ഫുൾ സെറ്റപ്പ് കേടാക്കണതേ...
ഇന്ധനങ്ങൾ സൂക്ഷിക്കാനുള്ള ഗോഡൗൺ(വിറകുപുര ), ഫിഷ് ക്ലീനിങ്ങിനു പ്രത്യേകം തയ്യാറാക്കിയ വർക്ക് ഏരിയ(തെങ്ങിൻ തടം), ഫുൾ മാന്വൽ ആയ വാഷിംഗ് മെഷീൻ(അലക്കുകല്ല് ), വിശാലമായ കൃഷിയിടം(നാലു തെങ്ങ്, രണ്ടു പ്ലാവ്, ഒരു ആത്തപ്ലാവ്, ഒരു കടപ്ലാവ്, നാല് മുളക് തൈ, ഇച്ചിരി ചീര). ആ പിന്നെ ന്റെ സ്വിമ്മിംഗ് പൂള്, അത് ഇമ്മിണി വലുതാട്ടാ ഞാൻ ജനിച്ചപ്പോ ആരോ സമ്മാനം കൊടുത്തതാത്രെ, ചെമ്പിന്റെ വട്ടക.
ഞാൻ ഇങ്ങനെ നീന്തിതുടിച്ചോണ്ടിരിക്ക്യാ അതിനിടക്ക് അമ്മ എന്നെ നോക്കി മീൻതല പൂച്ചക്ക് എറിഞ്ഞു കൊടുക്കുന്നതിനിടയിൽ പറഞ്ഞു
"കണ്ണാ തലേല് വെള്ളാക്കല്ലേട്ടാ, പനി പിടിച്ചാ നാളെ നേഴ്സറീൽ പോവാൻ പറ്റൂല".
ആഹാ അത് ശര്യാണല്ലോ ഇപ്പളാ ഐഡിയ കിട്ട്യേത് അമ്മ കാണാതെ ഇച്ചിരി വെള്ളം ഞാൻ തലേൽക്ക് തെറിപ്പിച്ചു.
അമ്മേടെ ചുറ്റും പരിചാരകവൃന്ദങ്ങൾ വേസ്റ്റ് വൃത്തിയാക്കാൻ മത്സരിക്കുന്നുണ്ട്,
കുറെ പൂച്ചകളും മ്മടെ കഥാ നായിക തള്ളകോഴിയും.
തള്ളക്കോഴിടെ നിറം വെള്ളയിൽ കറുത്ത പുള്ളിക്കുത്താ, അപ്പഴാ ഞാൻ ശ്രദ്ധിച്ചേ കുഞ്ഞിക്കോഴികളെ കാണാൻ നല്ല രസുണ്ട്, പകുതി പേര് ശബരിമലക്കും ബാക്കി പഴനിക്കും പോകാൻ മാലിട്ടപോലിണ്ട്, കറുപ്പും ഓറഞ്ചും നിറങ്ങളാ ഹിഹി...
അമ്മ മീൻ എടുത്തു അടുക്കളേൽക്ക് നടന്നു
"ഇപ്പൊ വരട്ടാ കണ്ണാ "
അപ്പോളാ നിക്കൊരു ആഗ്രഹം കുഞ്ഞിക്കിഴയെ ഒന്ന് പിടിക്കണം, ഞാൻ പതുക്കെ സ്വിമ്മിംഗ്പൂളിന്ന് ഇറങ്ങി, തള്ളക്കോഴി ഭക്ഷണം കൊത്തി കുഞ്ഞുങ്ങൾക്ക് കൊടുത്തോണ്ടിരിക്ക്യാ ഞാൻ മന്ദം മന്ദം ചെന്ന് പഴനിക്ക് പോണ ഒരു കുഞ്ഞിനെ അങ്ങട് പൊക്കി, ആയ് എന്ത് രസാ...
കുഞ്ഞിനെ പിടിച്ചു തിരിഞ്ഞു നോക്ക്യേപ്പഴാ അത് സംഭവിച്ചത് തള്ളക്കോഴി അതാ സ്ലോമോഷനിൽ പറന്നു വരുന്നു, ഞാനാണെങ്കി ഫുൾ നേക്കഡ് ആണല്ലോ.. തിരിയുന്നതിനു മുൻപേ കിട്ടി ഉമ്മറത്തു ഒരെണ്ണം തിരിഞ്ഞോടിയപ്പോ പിന്നാമ്പുറത്തും... മനസ്സിലായില്ലേ മുട്ടാമണി കോഴി കൊത്തിക്കൊണ്ട് പോയീന്ന്. ഓടുന്നതിനിടയിൽ സ്വിമ്മിങ്‌പൂളിൽ തട്ടി രണ്ടു റൗണ്ട് ശയന പ്രദക്ഷിണം കഴിഞ്ഞപ്പോഴേക്കും അമ്മ ഓടി വന്നു
"അയ്യോ എന്റെ മോൻ വീണാ"
അമ്മ എന്നെ രണ്ടു കൈയോണ്ടും വാരി എടുത്തു...
"ഇനി മേലാൽ നിന്റെ മോനെ മര്യാദക്ക് നിരുത്തിക്കോണം" എന്ന മട്ടിൽ കിർ കിർ ശബ്ദം ഉണ്ടാക്കി തള്ളക്കോഴിം കുഞ്ഞുങ്ങളും അവരുടെ പാട്ടിനു പോയി. സ്വന്തം കുഞ്ഞുങ്ങളെ തൊട്ടാൽ ഏതു പാവങ്ങളും കൊത്തിഓടിക്കുംന്ന് അന്ന് എനിക്ക് മനസിലായി,
പക്ഷേങ്കി അമ്മ അങ്ങനെ വാരി എടുക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽണ്ടല്ലോ.. സുരക്ഷിതത്വം... സ്നേഹം... വാത്സല്യം... അമ്മേടെ മടിയിൽ അല്ലാതെ ഇതൊക്കെ വേറെവ്ടെ കിട്ടാനാല്ലേ.
Sangeeth PM
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക