Slider

#കഥയില്ലിത്_ജീവിതം

0

ഞാൻ അശ്വതി. മൂന്ന് പെണ്മക്കളുള്ള സാധാരണ കുടുംബത്തിൽ ജനിച്ച നടുകഷ്ണം. അച്ഛന്റെയും അമ്മയുടെയും സഹോദരിമാരുടെയും സ്നേഹത്തിൽ പൊതിഞ്ഞ ബാല്യവും കൗമാരവും... ഒരു പ്രൈവറ്റ് കമ്പനിയിൽ തരക്കേടില്ലാത്ത ജോലിയും സമ്പാദിച്ചു ജീവിതം അല്ലലില്ലാതെ പോകുന്ന സമയത്താണ് ഞാൻ അവനെ ശ്രദ്ധിച്ചുതുടങ്ങിയത്.
എപ്പോഴും എന്റെ മുമ്പിലോ പിന്നിലോ അവനുണ്ടാകും. നാട്ടിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ. ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ലെങ്കിലും ഞാനുമെപ്പോഴോ അവനെയും ശ്രദ്ധിച്ച് തുടങ്ങിയിരുന്നു. കുറേനാളുകൾക്ക് ശേഷം അവൻ അവന്റെ പ്രണയം എന്നോട് തുറന്ന് പറഞ്ഞു. എനിക്കും അവനോട് ഇഷ്ടക്കേടൊന്നും ഇല്ലാത്തതുകൊണ്ട് അവന്റെ സ്നേഹം ഞാൻ അംഗീകരിച്ചു.
പിന്നെ എല്ലാം പ്രണയത്തിന്റെ നാളുകളായിരുന്നു. എല്ലാ പ്രണയങ്ങളെയും പോലെ തന്നെയായിരുന്നു ഞങ്ങളുടേതും. കാണാതിരിക്കുമ്പോൾ പിണങ്ങുക, പരഭവിക്കുക തുടങ്ങിയവയെല്ലാം ഞങ്ങൾക്കും ഉണ്ടായിരുന്നു. അവനെ ഞാൻ കണ്ണൻ എന്നേ വിളിക്കൂ. അവനും അതാണിഷ്ടം.
കണ്ണന്റെ അച്ഛൻ വിദേശത്തും അമ്മ ചേച്ചിയുടെ കൂടെയും ആയതിനാൽ കണ്ണൻ ആ വീട്ടിൽ ഒറ്റക്കാണ് താമസം.
ഞങ്ങളുടെ ഇഷ്ടം തുടങ്ങി രണ്ട് വർഷങ്ങൾക്ക് ശേഷം കണ്ണൻ എന്നെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
അവിടെച്ചെന്ന് കണ്ട ഞാൻ ഏതൊരു കാമുകിയേയുംപോലെ ഒന്ന് ഞെട്ടി. കാരണം അവന്റെ മുറിയാകെ എന്റെ ഓരോരോ ഫോട്ടോകൾ കൊണ്ട് നിറച്ചിരിക്കുന്നു. അന്ന് ആദ്യമായി ഞാൻ എന്റെ കൈകൊണ്ട് അവനെ ഊട്ടി. എന്റെ ഇതുവരെയുള്ള ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസവും അന്നാണ്.

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ജോലിക്ക് പോകാതെയായി. എന്നും ജോലിക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങുന്ന ഞാൻ നേരെ കണ്ണന്റെ വീട്ടിലേക്കാണ് പോകുക. അവിടെ പാചകം ചെയ്തും കണ്ണന് വിളമ്പികൊടുത്തും ഞാനും ഒരു കുടുംബിനിയായി മാറുകയായിരുന്നു. അല്പം മദ്യപാനവും പുകവലിയും ഉണ്ടായിരുന്നെങ്കിലും കണ്ണൻ ഒരിക്കലും എന്നോട് അപമര്യാദയായി പെരുമാറിയിട്ടില്ല. ഒരു നോട്ടം കൊണ്ടുപോലും എന്നെ ആശുദ്ധയാക്കിയിട്ടും ഇല്ല.
മാസാവസാനം കണ്ണൻ എനിക്ക് വീട്ടിൽ കൊടുക്കാനുള്ള തുക കൃത്യമായി തരികയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഒൻപത് മാസം ശരീരംകൊണ്ടല്ലെങ്കിലും മനസ്സ്‌ കൊണ്ട് ഞങ്ങൾ ഭാര്യാഭർത്താക്കന്മാരായി പകലുകൾ ജീവിച്ചു.
അങ്ങനെയിരിക്കെയാണ് കണ്ണന് അവന്റച്ഛൻ വിസയും ടിക്കറ്റും അയച്ചുകൊടുക്കുന്നത്. രണ്ട് വർഷത്തിന് ശേഷം ഒന്നിക്കാമല്ലോ എന്ന സന്തോഷവും ഇത്രയുംനാൾ പിരിഞ്ഞിരിക്കേണ്ട വിഷമവും ഞങ്ങൾക്കുണ്ടായിരുന്നു.
അപ്പോഴേക്കും എനിക്ക് പുതിയ ജോലി അന്വേഷിക്കേണ്ടതായും വന്നു. അങ്ങനെ എന്റെ വീട്ടിൽ ഈ കാര്യങ്ങളാറിഞ്ഞ് ആകെ ബഹളമായി ഞാൻ വീട്ടുതടങ്കലിൽ എന്നപോലെ ജീവിക്കേണ്ടിയും വന്നു.
കണ്ണൻ ഗൽഫിൽപോയി ആദ്യം മുടങ്ങാതെ മാസം രണ്ട്‌ കത്തുകൾ വീതം അയക്കും .ഞാൻ തിരിച്ചും .. രണ്ട് വർഷം കഴിഞ്ഞും അവന്റച്ഛൻ അവനെ അവിടെനിന്നും നാട്ടിൽ അയക്കാൻ സമ്മതിച്ചിരുന്നില്ല. അതിനുള്ള കാരണം അദ്ദേഹത്തിന് ഞങ്ങളുടെ ബന്ധം അറിയാം എന്നുള്ളതാണ്. പക്ഷെ ഒരിക്കൽപോലും അദ്ദേഹം അവനോട് ഇതിനെപ്പറ്റി ചോദിച്ചിരുന്നില്ല. ഇവിടെ എനിക്ക് വരുന്ന ആലോചനകൾ എങ്ങനെയോ മുടങ്ങിക്കൊണ്ടിരുന്നു...

അവസാനം ഒരു ആലോചന വരികയും അതുറപ്പിക്കും എന്ന അവസ്ഥയിൽ കണ്ണനെ വിളിച്ച കാര്യം പറഞ്ഞു. അവൻ നിസ്സഹായനായിരുന്നു. എന്നെ കണ്ണൻ വിവാഹം കഴിച്ചില്ലെങ്കിലും അവന്റെ വീട്ടിൽപോയി താമസിക്കാൻ ഞാനൊരുക്കമാണെന്ന് അവനെ അറിയിച്ചു. അതിന് ഒരു പൊട്ടിത്തെറിയാണ് അവനിൽനിന്നുണ്ടായത്. എന്നെ അവന് വേണ്ട എന്ന തോന്നൽ എന്നിൽ ബലപ്പെട്ടു.. അതോടെ കല്യാണത്തിന് എനിക്ക് സമ്മതമാണെന്ന് ഞാൻ പറയുകയും മൂന്ന് മാസം കഴിഞ്ഞുള്ള ഒരു ദിവസം തീയതിയും കുറിച്ചു.
അനീഷ് അതാണ് എന്റ ഭാവി ഭർത്താവിന്റെ പേര്. കല്യാണം ഉറപ്പിച്ചതുമുതൽ താലി കെട്ടുന്നതുവരെയും അനീഷ് എന്നും എന്നെ കാണാൻ വരും. ഞാൻ കണ്ണനെ കണ്ടനാൽമുതൽ ഇതുവരെയുള്ള കാര്യങ്ങൾ ഒന്നും വിട്ടുപോകാതെ എല്ലാം ഞങ്ങളുടെ കൂടിക്കാഴ്ചയിൽ പറഞ്ഞിരുന്നു. അതൊന്നും അനീഷിന് ഒരു പ്രശ്നമേ അല്ലായിരുന്നു. അങ്ങനെ പതിയെ ഞാൻ കണ്ണനെ മറന്നുതുടങ്ങിയിരുന്നു.
കല്യാണത്തിന് രണ്ട് ദിവസം മുമ്പ് അപ്രതീക്ഷിതമായി കണ്ണനെ കണ്ട് ഞാൻ പകച്ചുപോയി. അവൻ എന്നെയും താലി ചാർത്തി അവന്റെ വീട്ടിൽ പോകാനുള്ള ഒരുക്കങ്ങളുമായാണ് വന്നത്. എന്തുചെയ്യണമെന്നറിയാതെ ഞാൻ കുഴഞ്ഞു.അമ്മയുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലാണ് അവനെന്നോട് സംസാരിച്ചത് ..
എന്റെ എല്ലാകാര്യങ്ങളും അറിഞ്ഞ് എന്നെകെട്ടാൻ തയാറായ അനീഷിനെ ഉപേക്ഷിക്കാൻ തോന്നിയില്ല. അതുപറയുമ്പോൾ കണ്ണന്റെ കണ്ണ് നിറയുന്നത് ഞാനാദ്യമായി കണ്ടു. എന്നെത്തന്നെനോക്കി ഏറെനേരം നിന്ന കണ്ണൻ ഒന്നും മിണ്ടാതെ നടന്നുപോകുന്നത് ഹൃദയവേദനയോടെ നോക്കിനിന്നു.
എന്റെയും അനീഷിന്റെയും വിവാഹം ഏറെ ആർഭാടങ്ങളൊന്നുമില്ലാതെ നടന്നു. ആദ്യരാത്രി പാലുമായി മുറിയിലേക്ക് ചെന്ന എന്നെ ചേർത്തുനിർത്തി അനീഷ് പറഞ്ഞു കണ്ണനെ മനസ്സിൽ വച്ചുകൊണ്ട് എന്നെ ഒരിക്കലും സ്നേഹിക്കരുത്. അതുകൊണ്ട് കണ്ണനെ മറക്കാൻ നീ എത്ര സമയം വേണമെങ്കിലും എടുത്തൊള്ളൂ. നീ എന്നെ മാത്രം സ്നേഹിക്കുന്നദിവസം മുതൽ നമ്മൾ ഭാര്യാഭർത്താക്കന്മാരായി ജീവിക്കും.
അന്നുതൊട്ട് ഞാൻ കണ്ണനെ മറക്കുകയായിരുന്നു. അവന്റെ ഓർമകൾ എത്തുന്ന ഒന്നും എന്റെ മനസ്സിൽ തോന്നരുതെ എന്ന പ്രാർഥന മാത്രമായി.
അവസാനം ഞാൻ അനീഷിന്റെത് മാത്രമായി.
രണ്ട് വർഷത്തെ സന്തോഷകരമായ ദാമ്പത്യം. ഇതിനിടയിൽ ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ചു 'മനു'. മനു വീട്ടിലെ അംഗമായതോടെ അനീഷിന് ഒരുപാട് മാറ്റങ്ങൾ പ്രകടമായി. ഒരു ഉന്മേഷമില്ലായ്‌മ എന്തിനും ഏതിനും എന്നെ കുറ്റപ്പെടുത്തുക തുടങ്ങി അതുവരെ കാണാത്ത മാറ്റങ്ങൾ. പിന്നെ മദ്യപാനവും രാത്രി വീട്ടിൽ വന്ന് ദേഹോപദ്രവവും. അതു വരെ ഉണ്ടായിരുന്ന സന്തോഷവും സ്നേഹവും ഇല്ലാതെയായി..
അനീഷിന്റെ ഈ മാറ്റത്തിന് കാര്യമെന്താണ് എന്നറിയാതെ ഞാൻ വിഷമിച്ചു. ഓരോ ദിവസവം കൂടുന്തോറും ദേഹോപദ്രവവും മദ്യാപനവും കൂടി വന്നു. അനീഷ് പല ദിവസങ്ങളിലും വീട്ടിൽ വരാതെയായി.. അങ്ങനെ ബന്ധുക്കൾ എല്ലാവരും അറിഞ്ഞു. കാര്യമെന്താന്ന് ചോദിച്ചപ്പോൾ അനീഷിന്റെ ഭാഗത്തെ ഉത്തരം കേട്ട് ഞാൻ ഞെട്ടി. എന്റെ വേണ്ടാ എന്നും ഡൈവോഴ്സ് വേണമെന്നും .
ഇതിനിടയിൽ വീണ്ടും കണ്ണൻ നാട്ടിൽ വന്നു. അവനും വിവരങ്ങൾ അറിഞ്ഞിരുന്നു. ഞാൻ കാരണമാണോ നിന്റെ ജീവിതം തകർന്നതെന്ന് അവനെന്നോടു ചോദിച്ചു. പക്ഷെ അനീഷ് ഇങ്ങനെ മാറിയതിന് കാരണം എന്താണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു.പിന്നെ കണ്ണനോട് ഞാനെന്ത് പറയാൻ. എന്നെ സംബന്ധിച്ച് അനീഷ് എന്നോട് ഇത്ര മോശമായി പെരുമാറാൻ മറ്റൊരു കാര്യവും ഇല്ല താനും..
ഞാൻ അനീഷിനോട് ഒരുപാട് തവണ ചോദിച്ചു .പക്ഷെ കാര്യം പറഞ്ഞില്ല. ബന്ധുക്കളുടെയും എല്ലാവരുടെയും ഇടപെടൽ മൂലം കൺസിലിങ്ങിന് പോകുകയും അനീഷിന്റെ ചിന്താഗതിയിൽ കുറെ മാറ്റം വരികയും ചെയ്തു.വീണ്ടും ഞങ്ങൾ ഒന്നിച്ചൊരു ജീവിതം തുടങ്ങി.
വീണ്ടും പഴയപോലെ സന്തോഷമായ ജീവിതം.. അതിനിടയിൽ രണ്ടാമത് ഒരു കുഞ്ഞു കൂടി ഉണ്ടായി.. അതിന് ശേഷം വീണ്ടും അനീഷിൽ പഴയ പോലെ മാറ്റങ്ങൾ കണ്ടു തുടങ്ങി .. വീണ്ടും മദ്യപാനം തുടങ്ങി. ദേഹോപദ്രവും. ഇതിനിടയിലും ഒരു കാരണവുമില്ലാതെ എല്ലാത്തിലും കുറ്റപ്പെടുത്തലുകൾ .. സഹിക്കവയ്യാതെ കുറച്ച് നാൾ ഞാൻ എന്റെ വീട്ടിൽ പോയി താമസിച്ചു.
അനീഷ് എന്റെ വീട്ടിൽ വീട്ടിൽ പകൽ സമയങ്ങളിൽ വന്ന് കുഞ്ഞുങ്ങളെ കണ്ടിട്ട് അവിടെ തങ്ങാതെ അടുത്തുള്ള ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു. അനീഷ് അത്ര മാത്രം എന്നെ വെറുത്തു കഴിഞ്ഞിരുന്നു..
വീണ്ടും ഞാൻ കുഞ്ഞുങ്ങളുമായി തിരിച്ചു പോയി. പക്ഷെ ജീവിതത്തിൽ വലിയ വ്യത്യസാമൊന്നും ഉണ്ടായില്ല പ്രശ്നങ്ങളും ഉപദ്രവവും അനീഷിന്റെ മദ്യപാനവും രൂക്ഷമായി തുടങ്ങിയപ്പോൾ ബന്ധുക്കൾ വീണ്ടും ഇടപെട്ടു. എങ്കിലും കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തും സഹിക്കാൻ ഞാൻ തയ്യാറായിരുന്നു ..
പക്ഷെ ഇത്തവണ ബന്ധുക്കളുടെ മധ്യത്തിൽ വച്ച് അനീഷ് എന്നെ വേണ്ടെന്ന് തീർത്തു പറഞ്ഞു. ഡൈവോഴ്സ് നോട്ടീസ് അയക്കുകയും ചെയ്തു. നിവർത്തിയില്ലാതെ എനിക്കും സമ്മതിക്കേണ്ടി വന്നു. രണ്ടു പേർക്കും സമ്മതമായത് കൊണ്ട് ഡൈവോഴ്സിന് താമസമുണ്ടായില്ല. കുട്ടികൾക്ക് അനീഷ് അവകാശം പറഞ്ഞില്ല മറിച്ച് കുട്ടികൾക്ക് ഉള്ള ചെലവിനുള്ള തുക മാസാമാസം താൻ കൊടുത്തോളാമെന്നും കോടതിയെ അറിയിച്ചു.
കുട്ടികൾ രണ്ടു പേരുമായി ഞാൻ എന്റെ വീട്ടിൽ താമസമായി. അച്ഛനും അമ്മയോടുമൊപ്പം .അതിനിടയിൽ വീണ്ടും രണ്ടു വർഷത്തിനു ശേഷം കണ്ണൻ നാട്ടിൽ വന്നു. കാര്യങ്ങൾ അറിഞ്ഞ ശേഷം കണ്ണൻ എന്നോട് പറഞ്ഞു.
"ഞാൻ കാരണമാണ് നിന്റെ ജീവിതം തകർന്നതെങ്കിൽ നിന്നെയും കുട്ടികളെയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്. നിന്നെ ഞാൻ വിവാഹം ചെയ്യാം.. നിന്നെ അന്നും ഇന്നും ഇഷ്ടമാണ്.. "
സത്യത്തിൽ എന്റെ ഭർത്താവിന്റെ മനസ്സിൽ എന്തായിരുന്നു എന്ന് എനിക്കറിയില്ല.. വിവാഹത്തിന് മുൻപ് എല്ലാം തുറന്ന് പറഞ്ഞിട്ടും .. അല്ല തുറന്ന് പറഞ്ഞതാണോ എന്റെ തെറ്റ് അതും എനിക്കറിയില്ല.
എന്റെ ഭർത്താവിന്റെ മനസ്സിലും, ബന്ധുക്കളുടെയും മനസ്സിലും കണ്ണനെയും എന്നെയും പറ്റിയുള്ള തെറ്റിദ്ധാരയാണെങ്കിൽ ..കണ്ണൻ എന്നോട് വന്ന് പറഞ്ഞത് ആത്മാർത്ഥമായിട്ട് തന്നെയാണെന്ന് എനിക്കറിയാം. ഇന്നും എന്നെ നഷ്ടപ്പെടുത്തിയതിന്റെ പേരിലാണ് അവൻ അവിവാഹിതനായി കഴിയുന്നത് .പക്ഷെ അവൻ പറഞ്ഞത് സ്വീകരിച്ചാൽ.. അതു കൊണ്ട് ഞാൻ കണ്ണനോട് ഇങ്ങനെ പറഞ്ഞു ..
"എന്റെ ഭർത്താവ് നിന്റെയും എന്റെയും ബന്ധത്തിന്റെ പേരിലാണോ എന്നെ ഉപേക്ഷിച്ചത് എന്ന് അറിയില്ല. അഥവാ അങ്ങനെയാണെങ്കിൽ നിന്റെ ക്ഷണം സ്വീകരിച്ചാൽ ഞാൻ തെറ്റുകാരിയെന്ന് സ്ഥാപിക്കപ്പെടും .എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചത് കാരണവും ഇതാണെന്ന് വരും. നാളെ എന്റെ മക്കളും എന്റെ മുഖത്ത് നോക്കി ചിലപ്പോൾ ചോദിച്ചെന്നിരിക്കും ഇയാൾക്ക് വേണ്ടിയാണോ ഞങ്ങളുടെ അച്ഛനെ ഉപേക്ഷിച്ചതെന്ന് .അതുകൊണ്ട് എന്റെ മനഃസാക്ഷിയെയെങ്കിലും ബോധ്യപ്പെടുത്തണം ഞാൻ തെറ്റുകാരി അല്ലെന്ന് . ആഗ്രഹിച്ചത് പോലെ ഒരു ജീവിതം എനിക്ക് കിട്ടിയില്ല.. കിട്ടിയ ജീവിതം ആഗ്രഹിച്ചതു പോലെ ജീവിക്കാനും പറ്റിയില്ല..അതു കൊണ്ട് ഇനിയുള്ള എന്റെ ജീവിതം എന്റെ മക്കൾക്ക് വേണ്ടി മാത്രമുള്ളതാണ്.. ഞാൻ ഒരിക്കലും നിന്റെ കൂടെ വരില്ല കണ്ണാ. നീയെനിക്ക് വേണ്ടി കാത്തിരിക്കണ്ട ".
വിവാഹത്തിന് മുൻപ് ഒരിക്കൽ എന്നെ വന്ന് വിളിച്ചപ്പോൾ അന്നും തല കുനിച്ച് നടന്ന് പോയത് പോലെ കണ്ണൻ ഇന്നും ഒന്നും മിണ്ടാതെ തിരിച്ചു പോയി.
ഇനി ചോദ്യം നിങ്ങൾ വായനക്കാരോടാണ്. ഇതൊരു കഥയല്ല.. ജീവിതമാണ്. എന്റെ പ്രിയ കൂട്ടുകാരിയുടെ ജീവിതം .അവളുടെ തീരുമാനം തന്നെയല്ലേ ശരി.. എല്ലാം മറന്ന് അവൾ കണ്ണനോടൊപ്പം പോകണമായിരുന്നോ? അതോ എന്നെങ്കിലും ഭർത്താവ് തിരികെ വരും എന്നു കരുതി അവൾ കാത്തിരിക്കണോ?
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo