Slider

മേലേടത്തെ കുടിയിൽ............

0
മേലേടത്തെ കുടിയിൽ ഇരുന്നു രണ്ടാമത്തെ ബിയർ ബോട്ടിൽ കാലി യാക്കാനുള്ള തത്രപ്പാടിനിടയിൽ ആണ് അമ്മയുടെ ഫോൺ വിളി.
ശോ,, അമ്മ എന്താ ഈ സമയത്തൊരു വിളി..
വീട്ടിൽ നിന്നും ഇറങ്ങാൻ നേരം കുറച്ചു വൈകിയേ വരൂവെന്നു മുൻകൂട്ടി പറഞ്ഞതാണല്ലോ..
ആ, ഏതായാലും ഒരു സംശയത്തിനു ഇടകൊടുക്കേണ്ട.. കൂടെ ഉണ്ടായിരുന്ന രാഹുലിനോടും ഗോപനോടും ശ് മിണ്ടരുത് എന്നു മുന്നറിയിപ്പ് കൊടുത്തു ഫോൺ എടുത്തു.
ഹലോ, അമ്മേ..
ശ്രീകുട്ടാ നീ എവിടെയാ.. എത്ര നേരായി വിളിക്കുന്നു..
അമ്മേ, ഞാൻ രാഹുലിന്റെ കൂടെ ഒന്ന് ടൌൺ വരെ വന്നേക്കാണ്.
ആഹാ, മോൻ ടൗണിൽ ആണോ..
ഏട്ടൻ വിളിച്ചിരുന്നു, നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്നു പറഞ്ഞു.
റെയിൽവേ സ്റ്റേഷനിൽ ലക്ഷ്മി
എത്തിയിട്ടുണ്ട്, മോൻ ഒന്ന് പോയി കൂട്ടിക്കൊണ്ടു വായോ.
അയ്യൊ, അമ്മേ ഞാൻ ഇവിടെ ദേ അമ്പലത്തിലെ ഉത്സവത്തിന്‌ ഉള്ള കുറച്ചു സാധനങ്ങൾ വാങ്ങുവാൻ..
നീ, അതൊക്കെ രാഹുലിന്റെ കയ്യിൽ കൊടുത്തു വിട്ടിട്ടു, ലക്ഷ്മിയെയും കൂട്ടിട്ടു വന്നാൽ മതി..
അമ്മേ അവളോട്‌ വല്ല ഓട്ടോയും പിടിച്ചു..
ടു ടു.. ഹെലോ. അമ്മേ.. ശേ കട്ട്‌ ആകിയോ..
ഛെ ടൗണിൽ ആണെന്ന് പറയണ്ടായിരുന്നു. ഇനിയിപ്പോ ആ ശവത്തിനെ കൊണ്ടു വരാൻ പോണല്ലോ.
എ, ഏതു ശവം..
എന്താടാ.. എന്താ പ്രശ്നം.. പാതി അടഞ്ഞ കണ്ണുകളോടെ രാഹുൽ ചോദിച്ചു..
എടാ, ലക്ഷ്മി വന്നേക്കുന്നു..
ഏതു, ആ മരംകേറി പെണ്ണോ..
ആ, അവള് തന്നെ.. ഇപ്പോൾ റെയിൽവേ സ്റ്റേഷനിൽ ഉണ്ട്.. അവളെ പോയി കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞു.
നീ, ചെല്ലളിയാ, നിന്റെ മുറപ്പെണ്ണ് അല്ലേ ആ ഉണ്ടകണ്ണി, ഉത്സവം കൂടാൻ വന്നതായിരിക്കും അല്ലേ.
ആ, അമ്മ കലിപ്പിട്ടു കഴിഞ്ഞു. ഇനി ചെല്ലാതെ ഒരു രെക്ഷയില്ല.
അപ്പൊ, നീ പോ കുട്ടാ.. പോയി നിന്റെ ആ മരംകേറിയേ വിളിച്ചോണ്ട് വാ അപ്പോഴേക്കും ഇതൊക്കെ ഞങ്ങൾ രണ്ടാളും ഒരു ലെവൽ ആക്കിക്കോളാം.
ഗോപൻ ചിരിച്ചോണ്ട് പറഞ്ഞു.
അതേ..
എന്താടാ.. നീ പോക്കൊന്നു.
ഡാ.. ഞാൻ ഒന്ന് ഊതാം ബിയറിന്റെ മണം ഉണ്ടോ എന്നു നോക്കിയേ നിങ്ങൾ.
ഒന്നൂതിക്കെ കുട്ടാ..
അവർ ഒരുമിച്ചു മണം പിടിക്കാൻ റെഡിയായി ഇരുന്നു..
ഹൂ..ഹൂ..
എയ്യ്.. ഒന്നുമില്ല.. നീ ധൈര്യമായിട്ടു പോ.
അവർ തന്ന ധൈര്യത്തിൽ ഞാൻ ബൈക്കിന്റെ ചാവിയെടുത്തു..
കിക്കെർ അടിക്കാൻ നേരം..
എടാ കുട്ടാ..
രണ്ടും ഒന്നിച്ചു എന്നെ നോക്കി..
വല്ല വിക്സ് മിട്ടായോ, ഏലക്കായോ മേടിച്ചു ഒന്ന് കടിച്ചോ. നല്ല മണമുണ്ട്..
രണ്ടും കൂടെ ഒറ്റ ചിരി ആർന്നു..
രണ്ടിനെയും ഒന്ന് കലിപ്പിച്ചു നോക്കിയിട്ട് ഞാൻ വണ്ടി നേരെ റെയിൽവേ സ്റ്റേഷനിലേക്ക് വിട്ടു.
പോണ വഴിക്ക് ലക്ഷ്മിയെ പേടിച്ചു ഒരു മൂന്നാലു സെന്റർ ഫ്രഷ്‌ ബബിൾഗം വാങ്ങി ഒന്നിച്ചു ചവച്ചു..
അങ്ങനെ റെയിൽവേ സ്റ്റേഷനിൽ എത്തി.
ഈശ്വരാ ബിയറിന്റെ മണം അവൾക്കു കിട്ടരുതേ..
ശെടാ, ഇവളിതു എവിടെ പോയി കിടക്കുന്നു ഇവിടെങ്ങും കാണുന്നില്ല.
ഇനി ഞാൻ വരാൻ വൈകിയപ്പോ വല്ല ഓട്ടോയും പിടിച്ചു പോയോ.. ഞാൻ ചുറ്റുമൊന്നു കറങ്ങി.
ആ പോയെങ്കിൽ പോട്ടെ എന്നു കരുതി തിരികെ ബൈക്കിനടുത് എത്തിയപ്പോൾ ദേ നിക്കുന്നു കുന്തം വിഴുങ്ങിയ മുഖ ഭാവത്തോടെ മൂന്നു ബാഗും പിടിച്ചു..
ലവൾ.. **
അല്ല നീ ഇതെവിടെ പോയിരുന്നു ഞാൻ വന്നിട്ട് കുറച്ചു നേരം ആയല്ലോ..
കുട്ടേട്ടന് ഈ പഞ്ചുവാലിറ്റി എന്നൊരു സാധാനം പണ്ടേ ഇല്ലല്ലോ..
ഓ.. തൊടങ്ങി..
ബാക്കിയുള്ളോൻ കാത്തിരുന്ന് മടുത്തു.
അതെങ്ങനെ വല്ല കമ്പനിയും കൂടുന്നിടത്തു നിന്നും അമ്മായി കുത്തിപൊക്കി വിട്ടതാകും..
ദൈവമേ, ഇവൾക്കിതെങ്ങനെ പിടികിട്ടി.
വല്ല അതീന്ദ്രിയജ്ഞാനവും..
വാ, പോകാം വൈകിക്കേണ്ട..
എന്നു മാത്രം പറഞ്ഞു ഞാൻ വണ്ടി സ്റ്റാർട്ട്‌ ആക്കി.
അല്ല കുട്ടേട്ടാ സത്യം പറ.. കുട്ടേട്ടൻ കുടിച്ചട്ടില്ലേ.
ബൈക്കിന്റെ പിന്നിലിരുന്നു അവൾ ചോദിച്ചു.
ഏയ്‌.. ഇല്ല.. ഇല്ലേയില്ല..
ഞാൻ ഉടനടി മറുപടി പറഞ്ഞു.
പിന്നെങ്ങനെ കുട്ടേട്ടന്റെ ഷർട്ടീന്നു ഒരു ബിയറിന്റെ ഒരു നാറ്റം വരുന്നേ.
ഏയ്‌.. ന്റെ ഷർട്ടിന്നോ.. അതു കാറ്റിൽ നിന്നും വരുന്നത് ആയിരിക്കും.
അല്ല എനിക്കുറപ്പുണ്ട് കുട്ടേട്ടൻ കുടിച്ചിട്ടുണ്ട്.. വീട്ടിൽ എത്തട്ടെ ഞാൻ അമ്മായിയോട് പറഞ്ഞു കൊടുക്കും..
ഇതും കൂടി അവളുടെ വായിൽ നിന്നു കേട്ടപ്പോൾ എനിക്കു സഹിച്ചില്ല.
ഞാൻ രണ്ടും കല്പ്പിച്ചു വണ്ടി സൈഡാക്കി.
എന്തിനാ കുട്ടേട്ടൻ, വണ്ടി നിരത്തിയത്.
എന്റെ, കലിപ്പ് ലുക്ക്‌ കണ്ടവൾ ഒന്ന് ഭയന്നു..
എന്താ, കുട്ടേട്ടാ..
പ്ലീസ് അമ്മയോട് ഞാൻ കുടിച്ചത് പറഞ്ഞു കൊടുക്കരുത്, ഞാൻ കാലുപിടിക്കാം.
അയ്യേ.. ഹ ഹ..
പെണ്ണ് ഒറ്റച്ചിരി..
ഇത്‌ പറയാനാ കുട്ടേട്ടൻ വണ്ടി നിർത്തി ഇത്രയും ഗൗരവ ലുക്ക്‌ ഇട്ടത്.
ഞാൻ പറയൂല.. പക്ഷെ വൈകിട്ട് അമ്പലത്തിൽ പോകുമ്പോൾ ഒരു സെറ്റ് കുപ്പി വള മേടിച്ചു തരണം.
മം ശരി..
ശരി ഏറ്റല്ലോ..
ഇനി വണ്ടി വിടു.
കുപ്പിവള എങ്കിൽ കുപ്പിവള ഞാൻ വണ്ടി വിട്ടു..
.......................................................................
വൈകീട്ട് ഗോപനും രാഹുലുമായി അമ്പലപ്പറമ്പിൽ ഒന്നും രണ്ടും പറഞ്ഞിരിക്കുമ്പോൾ ആണ് ലക്ഷ്മി നടന്നു വരുന്നത് കണ്ടത്..
ആഹാ, ദേ നോക്കിയെടാ നിന്റെ മുറപ്പെണ്ണ് ദാവണി ഒക്കെ ഉടുത്തു നല്ല സ്റ്റൈലിൽ ആണല്ലോ വരവ്..
എന്നെ കണ്ടപ്പോൾ ലക്ഷ്മി ഓടി ഞങ്ങളുടെ അടുതെത്തി.
ദേ, രണ്ടാളോടും ഒരു കാര്യം പറഞ്ഞേക്കാം എന്റെ ചെക്കനെ നിങ്ങടെ കൂട്ടത്തിൽ കൂട്ടി നശിപ്പിക്കാനാണ് ഭാവം എങ്കിൽ എട്ടിന്റെ പണി തരൂട്ടോ ഈ ഉണ്ടക്കണ്ണി.
ഗോപനും, രാഹുലും ലക്ഷ്മിയുടെ അവളുടെ വിരട്ടലിൽ അന്താളിച്ചു നിൽപ്പായി.
എന്റെ പൊന്നു പെങ്ങളെ ഇവന്റെ കൂടെ നടന്നു ഞങ്ങള ചീത്തയാകുന്നത്.
ആണോ.. പിന്നെ ചേട്ടാ, കുറച്ചൊക്കെ ചീത്ത ആകാം.. എല്ലാവരും ഇക്കാലത്ത് വല്യ പെർഫെക്ടന്നും അല്ലെല്ലോ.
ലക്ഷ്മിയുടെ ആ മറുപടി കേട്ടപ്പോൾ എനിക്കു ചിരിയാണ് വന്നത്.
ചിരി, കടിച്ചമർത്താൻ പാടു പെടുന്ന എന്റെ ചെവിയിൽ വന്നു അവൾ എന്നോട് മെല്ലെ പറഞ്ഞു..
ദേ, വല്ലാതെ ചിരിക്കണ്ട.. അമ്പല പറമ്പാണ്, സുന്ദരികളായ പെണ്ണുങ്ങൾ ഒക്കെ ഉണ്ടാകും. വായിൽ നോക്കാൻ പോയലുണ്ടല്ലോ.. ശരിയാക്കിത്തരും.
ഉണ്ടക്കണ്ണു ഉരുട്ടിയുള്ള ആ വിരട്ടലിൽ ഞാനും ഒന്ന് പതറി..
അപ്പൊ പോട്ടെ ചേട്ടന്മാരെ എന്ന് പറഞ്ഞു അവൾ നടന്നു നീങ്ങി.
കല്യാണം കഴിഞ്ഞാൽ നിന്റെ വിധി ആണെടാ എന്ന് അവൾ നടന്നു നീങ്ങിയപ്പോൾ അവർ എന്നോടായി പറഞ്ഞു ചിരിച്ചു.
അമ്പലത്തിലെ തിരക്കുകൾക്കിടയിലും ലക്ഷ്മി എന്നെ വിട്ടില്ല, ഞാൻ എങ്ങോട്ടു തിരിഞ്ഞാലും അവൾ മുന്നിൽ കണ്ണുരുട്ടി കൊണ്ടു നിൽക്കും.
ഒടുവിൽ രാവിലെ പറഞ്ഞുറപ്പിച്ച കുപ്പിവളകൾ എന്നെ കൊണ്ടു മേടിപ്പിച്ചു അതും പോരാത്തതിനു ഞാൻ തന്നെ അവളുടെ കൈകളിൽ ഇട്ടു കൊടുക്കേണ്ടിയും വന്നു.
സത്യം പറഞ്ഞാൽ വല്ലപ്പോഴും നാട്ടിൽ വന്നു പോകുന്ന അവൾ എന്റെ കൂടെ ഉള്ളപ്പോൾ എന്റെ ഉള്ളിലും ചെറിയൊരു ഇഷ്ടം ഇല്ലാതെ ഇരുന്നില്ല.
ദിപാരാധന കഴിഞ്ഞു എന്റെ കൂടെയാണ് അവൾ വീട്ടിലേക്കു പോന്നത്.
പാടവരമ്പിലൂടെ നടന്നു വരുന്നതിന് ഇടയിലാണ് പെട്ടെന്നവൾ സഡൻ ബ്രെക്കിട്ടതു പോലെ നിന്നത്.
ഉം. എന്താ നിന്നു കളഞ്ഞത്.
കുട്ടേട്ടാ ദേ അതു നോക്കിയേ.
അരണ്ട നിലാവെളിച്ചത്തിൽ ചെത്ത്‌ പനയുടെ മുകളിലേക്ക് കൈ ചൂണ്ടി കൊണ്ടവൾ പറഞ്ഞു.
ഉം. എന്താ അവിടെ.
കുട്ടേട്ടാ എനിക്കു ആ പനയുടെ മുകളിൽ കയറി, ലേശം പനം കള്ളു കുടിക്കാൻ തോന്നുന്നു.
ആഹാ, വല്ലാത്ത പൂതി തന്നെയാണല്ലോ.
നീ നടക്കു പെണ്ണെ, നാട്ടുകാരുടെ പറമ്പിൽ കയറി കള്ളു കുടിക്കാതെ.
എനിക്കതിൽ കയറിയേ പറ്റു..
സമ്മതിച്ചില്ലേൽ അമ്മായിയോടു കുട്ടേട്ടൻ കള്ളു കുടിച്ചത് ഞാൻ പറയും.
നീ പറഞ്ഞോ എനിക്കൊരു ചുക്കുമില്ല അന്നാലും ഇതിനു ഞാൻ സമ്മതിക്കില്ല.
നീ പോടാ..
എന്നു പറഞ്ഞു കൊണ്ടവൾ പനയുടെ ചോട്ടിലേക്കോടി..
ദാവണി മടക്കി കുത്തി, പനയിൽ ചാരി വച്ചിരിക്കുന്ന മുളയുടെ കോലിൽ ചവുട്ടി കേറി തുടങ്ങി..
ഡി, പെണ്ണെ ഇങ്ങോട്ടു ഇറങ്ങേടി.
ഇല്ലെട, നീ പോടാ കുട്ടേട്ടാ.
നിന്നെ ഇന്നു ഞാൻ..
ഞാനും അവളുടെ പുറകെ മുളയുടെ പടികളിലൂടെ മുകളിലേക്ക് കയറി.
ഒറ്റക്കുതിപ്പ്ന് അവൾ മുകളിൽ എത്തി.
തൊട്ടു പുറകെ ഞാനും.
എന്റമ്മോ. എത്ര ചെറിയ പന ആയിട്ടും മുകളിൽ എത്തിയപ്പോൾ ഞാൻ കിതച്ചു തുടങ്ങി.
അവളാണേൽ ഒരു കൂസലും ഇല്ലാതെ എത്തിയിരിക്കുന്നു.
എടി പെണ്ണെ പിടിച്ചിരിക്കണേ.
പനയുടെ മുകളിൽ ഇല കീറിലൂടെ കുടത്തിലേക്കു ഇറ്റു ഇറ്റു വീഴുന്ന മുന്തിരി കള്ളു ഞങ്ങൾ ഇരുവരും വേണ്ടുവോളം കുടിച്ചു.
ഒരു പത്തു മിനുറ്റു കഴിഞ്ഞപ്പോൾ ഞാൻ അവളോട്‌ പറഞ്ഞു.
താഴയിറങ്ങു പെണ്ണെ.
അയ്യൊ, കുട്ടേട്ടാ നിക്ക് തല കറങ്ങുന്നു.
ഞാൻ പൂസായി.
എന്തോന്ന്.
ഞാൻ പൂസായട കുട്ടേട്ടാ എന്നു പറഞ്ഞു അവൾ എന്റെ മേത്തേക്ക് ചാഞ്ഞു.
എന്റെ ഭഗവതി പെണ്ണ് എട്ടിന്റെ പണി ആയല്ലോ തന്നതു.
മഞ്ഞു കൊള്ളാതിരിക്കാൻ എടുത്ത കൈലി തോർത്ത്‌ എടുത്തു അവളുടെ അരയിൽ ചുറ്റി ഞാൻ അവളെ ഭദ്രമാക്കി.
എടാ കുട്ടേട്ടാ.. ന്നേ പിടിക്ക്.ഞാൻ ഇപ്പോൾ താഴേക്ക്‌ വീഴും.
ബാക്കിയുള്ളോനെ ബുദ്ധിമുട്ടിച്ചപ്പോൾ നിന്റെ സൂക്കേട്‌ മാറിയല്ലോ.
പയ്യെ അവളുടെ കണ്ണുകൾ അടഞ്ഞു കൂമ്പി ,
ഞാൻ പയ്യെ അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു.
പെണ്ണ് ആകെ വിയർത്തിരുന്നു.
ചന്ദനത്തിന്റെ മണവും കള്ളിന്റെ മണവും എന്റെ മൂക്കിലേക്ക് അടിച്ചു കയറി.
ഞാൻ മെല്ലെ അവളെയും ചേർത്തു പിടിച്ചു താഴേക്ക്‌ പടികൾ ഓരോന്നും ചവുട്ടി ഇറങ്ങി.
താഴെ എത്തിയിട്ടും പെണ്ണിന്റെ കള്ളിന്റെ ലഹരി മാറിയില്ല.
ന്നേ എടുക്കെടാ കുട്ടേട്ടാ..
എന്ത് ചെയ്യാനാ എടുതല്ലേ പറ്റു.
ശംഭോ മഹാദേവ എന്നു പറഞ്ഞു ഞാൻ അവളെ പൊക്കിയെടുത്തു.
അവളുടെ ചുണ്ടുകൾ രണ്ടും എന്റെ കവിളിൽ അമർന്നു..
Aneesh. P. T
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo