Slider

നാലുമണിച്ചെടി

0

ഒന്നെണീക്കു കുട്ടിമാളു.. നേരം കുറെ ആയി പെണ്ണിനെ വിളിക്കാൻ തുടങ്ങിയിട്ട്. മടി പിടിച്ചു കിടക്കാതെ പോയി പാല് മേടിച്ചുവരണ്ടൊ നീ" ജാനകിയുടെ ക്ഷമയറ്റു തുടങ്ങി. കുറെ നേരമായി മകളെ വിളിക്കാൻ തുടങ്ങിയിട്ട്. " എന്റെ അമ്മെ ഒരു ദിവസമെങ്കിലും മര്യാദക്കു ഒന്നുറങ്ങാൻ സമ്മതിക്കുവോ! അല്ലേൽ സ്കൂളിൽ പോവാനും പറഞ്ഞാണ് ഇന്നിപ്പോ പാല്. ഈ അമ്മക്ക് ഞാൻ ഉറങ്ങുന്ന കാണുമ്പോ കുശുമ്പാ" കുട്ടിമാളു രാവിലെ തന്നെ കലി തുള്ളി നിൽപ്പാണ്. പുതച്ചിരുന്ന പുതപ്പ് കട്ടിലിന്റെ ഒരു വക്കിലേക്ക് വലിച്ചെറിഞ്ഞേച്ചും അവൾ അടുക്കളയിലേക്ക് ചെന്നു. " അതെ എനിക്ക് കുശുമ്പാണല്ലോ.. നിന്റെ പ്രായത്തിൽ ഞാൻ പാടത്തു കൊയ്യാൻ പോകുമാരുന്നു അമ്മേടെ കൂടെ" സ്ഥലം അടുക്കളയിൽ കുറവാണേലും തന്റെ കലവറയിലൂടെ ജാനകി ആകെ ഒന്ന് കണ്ണോടിച്ചു നോക്കി. പാലും പാത്രം നോക്കുന്നതാണ് " ഇനി അതെവിടാണോ?!" ജാനകിക്കു പാലും പാത്രത്തിന്റെ നിഴൽ പോലും കണ്ടു പിടിക്കാൻ പറ്റുന്നില്ല." അമ്മക്ക് അതൊക്കെ എടുത്തു വെച്ചിട്ടെന്നെ വിളിച്ചാൽ പോരാരുന്നോ? കുന്തം!" കുട്ടിമാളു വായിക്കോട്ട പകുതിയാക്കി മാറ്റിവെച്ചു പറഞ്ഞു. " കൈട്ടം വാങ്ങാതെ നോക്കടി പാത്രം എവിടാന്"! ജാനകിയുടെ സഹനത്തിന്റെ നെല്ലി പലക കാണുമെന്നായപ്പോൾ കുട്ടിമാളു തൂക്കുപാത്രം എടുത്തു കയ്യിൽ പിടിച്ചു" ഇന്നിത് മതി അമ്മെ! ഞാൻ ചെക്കനേം കൂടെ കൊണ്ടോകും. " " നീ ഒച്ച വെച്ച അച്ഛനെ എണീപ്പിച്ചാൽ ഇപ്പൊ കിട്ടും നിനക്ക് നല്ല അടി.. എന്തേലും കാണിക്ക് അല്ലേലും ഈ വീട്ടിൽ ഒരു സാധനം വെച്ചാൽ അത് കാണില്ല ആവശ്യ സമയത്തു" ജാനകിയുടെ അനുസരയില്ലാത്ത മുടിയെ അവൾ വലിച്ചു അമ്മക്കെട്ട് കെട്ടി വെച്ചു. " കണ്ണാ നീ കൂടെ പോ ചേച്ചീടെ കൂടെ" ഇത് കേൾക്കാൻ നിൽക്കേണ്ട താമസം കണ്ണൻ അവന്റെ ടയര് വണ്ടി എടുത്തു റെഡി ആയി നിന്നു. " "ചേച്ചി നമ്മുടെ ഈ അതിരുമ്മേ നിൽക്കുന്ന ഈ പൂവെന്ത ഇത്രേം നേരം വെളുത്തിട്ടും വിടരാത്തത്. കണ്ണന്റെ നോട്ടം അതിരിൽ നിൽക്കുന്ന നാലുമണിപ്പൂവിലേക്കാണ്." എന്റെ കണ്ണൻ പൊട്ടാ അത് വൈകിട്ട് നാലുമണിക്കെ വിടരൂ " കുട്ടിമാളുവിന്റെ കയ്യിൽ കണ്ണന്റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ട് .......................................,...................................... കുട്ടിമാളും അനിയൻ കണ്ണനും കൂടി വീടിന്റെ കടമ്പ കടന്നു നടന്നു. ചെറിയ ഇടവഴി ആണ്. രണ്ടു വശത്തും മതിലിനോട് ചേർന്ന് ഇല്ലിയും കുടംപുളിയും വാഴയും നിൽപ്പുണ്ട്. കണ്ണൻ അവന്റെ ടയർ വണ്ടി തട്ടി കുട്ടിമാളുന് മുന്നേ ഓടുന്നുണ്ടാരുന്നു. കണ്ണൻ കുഞ്ഞു പയ്യനാണ്, അഞ്ചു വയസ്സ്. കുട്ടിമാളു അവനെക്കാളും ആറു വയസ്സ് മൂത്തതാണ്. രണ്ടു പേരും ഷീണിച്ചാണിരിക്കുന്നത്. ഇരു നിറം. " കണ്ണാ നീ എന്നെ ഇട്ടേച്ചും പോയാൽ ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കും" കുട്ടിമാളു അല്ലേൽ തന്നെ രാവിലെ അമ്മയോടുള്ള ദേഷ്യത്തിലാണ്. കണ്ണൻ പയ്യെ നിന്നു..പിന്നെ കുട്ടിമാളുവിനെ നോക്കി മുഖം വീർപ്പിച്ചു കാണിച്ചു " എനിക്ക് തിരിച്ചു വരുമ്പോ അമ്മയറിയാതെ പച്ചപ്പാല് കുടിക്കാൻ തന്നാൽ പയ്യെ നടക്കാം"! "ശരിയാ.. തെക്കേ വീട്ടിലെ പാല് ഫ്രിഡ്ജിൽ നിന്നും എടുത്തു തരുമ്പോൾ നല്ല രുചിയാ!" കുട്ടിമാളു സമ്മതിച്ചു. "കുട്ടിമാളൂ... ഒന്ന് നിന്നേ...! നിങ്ങൾ ഇപ്പൊ പാല് മേടിക്കാൻ പോകണ്ട." പുറകിൽ നിന്നും കുട്ടേട്ടനാണ്. കുട്ടേട്ടൻ ആകെ പേടിച്ചരണ്ട പോലുണ്ടല്ലോ.." അതെന്താ കുട്ടേട്ടാ?" കുട്ടിമാളൂന്റെ അയലത്തുള്ളതാണ് കുട്ടേട്ടൻ പിന്നെ ഇടയ്ക്കു കണക്കും സയൻസും പറഞ്ഞും തരും! "നിങ്ങൾ വീട്ടിലേക്കു ചെല്ല്"! "പറ്റില്ല ചേട്ടാ 'അമ്മ പാല് മേടിക്കാതെ ചെന്നാൽ ഓടിക്കും" കുട്ടിമാളു തിരിഞ്ഞു നടക്കാൻ ഒരുങ്ങി. " അതെ അച്ഛന് വയ്യ"! കുട്ടിമാളു കണ്ണന്റെ കയ്യും പിടിച്ചു വീട്ടിലേക്കോടി. " വാ കണ്ണാ.. അച്ഛന് വയ്യാണ്"! വീടിനടുത്തെത്തുന്തോറും ആരുടെയൊക്കെയോ കരച്ചിൽ കേൾക്കാമായിരുന്നു. "ഇന്നലെ പണി കഴിഞ്ഞു വന്നേ ഉറങ്ങാൻ കിടന്നതാ..രാവിലെ എണീക്കാത്തപ്പോ ചെന്ന് നോക്കിയപ്പോഴാ അറിയുന്നത്" ആരുടെയൊക്കെയോ അടക്കം പറച്ചിൽ കേൾക്കാം. പിന്നീടുള്ള രംഗങ്ങൾ കുട്ടിമാളുവിന്റെയും കണ്ണന്റെയും ജാനകിയുടെയും മനസ്സിൽ ഓർക്കാൻ ഒരിക്കലും ആഗ്രഹിക്കാത്ത രംഗങ്ങളായി... അന്ന് സന്ധ്യക്ക്‌ ഈറനുടുത്തു കർമ്മങ്ങൾ കഴിഞ്ഞു വന്ന കണ്ണൻ ആളുകളുടെ തിക്കിനും തിരക്കിനും ഇടയിൽ മുറ്റത്തിന്റെ അതിരിൽ കമ്പൊടിഞ്ഞു കിടന്ന ആ നാലുമണി ചെടിയെ കണ്ടതേയില്ല!

By: Eljy Eldho
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo