വൈറ്റ് ഹൌസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സെക്യൂരിറ്റി ചട്ടങ്ങൾ പാലിക്കേണ്ട ഹൌസ് ഞങ്ങളുടെ ഫ്ലാറ്റ് ആണ്.തമാശയല്ല.അതിഥികൾ ഒക്കെ ജീവിതം വെറുത്തു ഓടിയിട്ടുണ്ട്,എല്ലാം നല്ലതിന് വേണ്ടിയാണെന്ന് ഒരു ആശ്വാസം മാത്രം.അടുത്ത തവണ ട്രംപ് വരുമ്പോൾ ക്യാമ്പ് ഇവിടെ ആണ് എന്ന് വാർത്ത കേട്ടു,അതിശയിക്കാനില്ല,പുള്ളിക്ക് തനിയെ വന്ന് ധൈര്യമായി താമസിക്കാം,ഒരു പോലീസുകാരൻ പോലും കൂട്ടിനു വേണ്ട, എല്ലാം അസോസിയേഷൻ നോക്കിക്കോളും
കേറാൻ വരുമ്പോൾ ആദ്യം ഗേറ്റ്, അത് കഴിഞ്ഞാൽ ലിഫ്റ്റിങ് ബാരിയർ,അവിടെ നിൽക്കുന്ന സെക്യൂരിറ്റികൾ ഇടയ്ക്കു മാറുന്നതിനാൽ കാർ കണ്ടാൽ അവർ മനസിലാക്കില്ല കാറിൽ ഒട്ടിച്ച സ്റ്റിക്കറും പലരും കാണില്ല.
അവർ ഓരോ തവണയും നമ്മൾ പുറത്തു നിന്ന് വരുമ്പോൾ അടുത്തേക്ക് വരും,കണ്ണുരുട്ടി നോക്കും,അപ്പോൾ നമ്മൾ ജോസ് പ്രകാശ് ചിരി ,അല്ലെങ്കിൽ ബാലൻ കെ നായർ ചിരി ,ഈ രണ്ടിൽ ഏതെങ്കിലും ഒരു ചിരി ചിരിക്കാം.നേരത്തെ അവിടെ റെക്കോർഡ് ചെയ്തു വെച്ച ചിരിയുമായി ചേർന്ന് പോയാൽ ബാരിയർ തുറക്കും.
മൂഡ് ഇല്ലെങ്കിൽ എന്റെ ചിരി ബാബു നമ്പൂതിരിയുടെ ചിരി ആയിപ്പോകും .അപ്പോൾ എന്നെ അവർ വിടില്ല ,ശ്യാമയോ കിച്ചുവോ താഴെ വന്ന് അവർ രെജിസ്റ്റർ ചെയ്ത ചിരി കറക്റ്റ് ആയി ചിരിച്ചു കാണിച്ചു എന്നെ കൊണ്ട് പോകേണ്ടി വരും
ഇനി ഇത് കഴിഞ്ഞു പാർക്കിങ്ങിൽ എത്തിയാലോ ? അകത്തു കയറാൻ ഫിംഗർ ,കണ്ണ് മൂക്ക് എല്ലാം സ്കാൻ ചെയ്യണം.ഏതു വിരൽ ആണ് സ്കാൻ ചെയ്തത് എന്ന് ഓർമ്മയില്ലാത്ത അമ്മാവന്മാർ പത്തു വിരലും മാറി മാറി വെക്കുന്നത് കാണാം,മൂന്നിൽ കൂടുതൽ തവണ വിരൽ വെച്ചാൽ അത് വരെ സോഴി,പ്ലീസ് ട്രൈ എഗൈൻ എന്ന് പറഞ്ഞു കൊണ്ടിരുന്ന മെഷീൻ പെണ്ണുംപിള്ള പച്ച മലയാളത്തിൽ തെറി വിളിക്കും
യേത് വിരലെന്നു പോലും അറിഞ്ഞൂട, അവൻ അകത്തു കേറാൻ വന്നേക്കണ് ,എഴിച്ചു പോടെ
പിന്നെ അര മണിക്കൂർ കഴിഞ്ഞാലേ മെഷീൻ നമ്മളെ പരിഗണിക്കു
അകത്തു കേറിയാലും മുഴുവൻ സമയവും നമ്മൾ ക്യാമറാ നിരീക്ഷണത്തിൽ ആണ്,ലിഫ്റ്റിൽ പോലും അതെ, കെയർ ടേക്കർ നമ്മളെ ഇങ്ങനെ വാച്ച് ചെയ്തു കൊണ്ടിരിക്കും,ഒരിക്കൽ പുള്ളി എന്നോട് പറഞ്ഞു,
ഉം കൊച്ചു കള്ളാ, കഴിഞ്ഞ ദിവസം ലിഫ്റ്റിൽ വെച്ച് ഒരു ഇളക്കം,അല്ലെ ? മാഡത്തിനോട്,ഞാൻ കണ്ടു,ശ്രിംഗാരം ,ഉം ഉം ,
ഞാൻ ആലോചിച്ചു, ദൈവമേ, ശ്യാമ തന്നെയായിരുന്നോ കൂടെ
ഇതൊക്കെ സ്ഥിരതാമസക്കാരുടെ കഥ.ഇനി അതിഥികൾ വന്നാലോ,അവർ താഴെ വെച്ച ബുക്കിൽ പേര്, നമ്പർ, ജീവചരിത്രം, ആഹാരരീതികൾ, ജീവിതത്തിലെ സ്വപ്‌നങ്ങൾ,ആഗ്രഹങ്ങൾ,അവസാനം കണ്ട സിനിമ,ശബരിമല വിഷയത്തെക്കുറിച്ചുള്ള അഭിപ്രായം,ഫ്ലാറ്റിൽ കാണാൻ വന്ന ആളുമായി അവർക്കുള്ള ബന്ധം,അവരെക്കുറിച്ചുള്ള അഭിപ്രായം, എന്നിവ A 4 സൈസ് പേപ്പറിൽ എഴുതണം,
സന്ദർശനം കഴിഞ്ഞാൽ തിരിച്ചു പൊക്കോളാം എന്ന് അമ്പതു രൂപ പത്രത്തിൽ എഴുതി ഒപ്പിട്ടു കൊടുക്കണം,ഇത്രയും ചെയ്ത ശേഷം ഓഹോഹോ ഓയ് ഓയ് കുറവാ കുറവാ ഏൻ കുറവാ എന്നുള്ള നാടൻ പാട്ടിനനുസരിച്ചു നൃത്തം ചെയ്തു സെക്യൂരിറ്റിയെ സന്തോഷിപ്പിക്കണം,സംതൃപ്തനായ സെക്യൂരിറ്റി ഫ്ലാറ്റിലേക്ക് ഫോൺ ചെയ്യും,കുറച്ചു ക്ലൂ തരും,അതിനനുസരിച്ചു നമ്മൾ ആളെ കണ്ടു പിടിച്ചു പറഞ്ഞാൽ അവരെ മുകളിലേക്ക് വിടും,അല്ലെങ്കിൽ കുനിച്ചു നിറുത്തി കൂമ്പിനിടിച്ചു പുറത്തേക്കു വിടും
ഇഷ്ടം പോലെ ഷെഡ് ഒഴിഞ്ഞു കിടന്നാലും രണ്ടാമത്തെ കാർ ഉള്ളവരെ അതിടാൻ അനുവദിക്കില്ല,സെക്യൂരിറ്റി റീസൺസ്.അഥവാ ഇട്ടാൽ മൂന്നിന്റന്ന് അതെടുത്തു ദൂരെ കൊണ്ട് കളയും,അല്ലെങ്കിൽ ഒരു ബില്ല് അടിച്ചു കയ്യിൽ തരും. നാനോ കാർ ഒരാഴ്ച ഇട്ടപ്പോൾ വന്ന ബില്ല് അതിന്റെ വിലയേക്കാളും വന്നപ്പോൾ ഞാൻ കാറും തലയിൽ വെച്ച് കൊണ്ടോടി റോഡിൽ എവിടെയോ കൊണ്ടിട്ടു,മാസങ്ങളായി അത് അവിടെ പൊടി പിടിച്ചു കിടപ്പുണ്ട്.നല്ല കാശുള്ളവർ ഒക്കെ രണ്ടാമതൊരു ഷെഡ് കാശു കൊടുത്തു വാങ്ങിച്ചു,അതില്ലാത്തതു കൊണ്ട് എന്റെ നാനോ പുറത്തും.
ഇനി ആഹാരം വല്ലതും ഓർഡർ ചെയ്തു വരുത്താമെന്നു വെച്ചാലോ,രക്ഷയില്ല,ശ്യാമ ഒക്കെ ഊബർ ഈറ്റസിന്റെ ആളായിരുന്നു,അവരെ അകത്തു വിടില്ല, നമ്മൾ താഴെ പോയി വാങ്ങണം,സെക്യൂരിറ്റി റീസൺസ്,സംഗതി നല്ലതൊക്കെ തന്നെ.പക്ഷെ ഓരോ തവണയും ഈ പോക്ക് വലിയ പാടാണ്,സന്ധ്യ ആയിക്കഴിഞ്ഞാൽ റോഡിൽ സ്വിഗ്ഗി,ഊബർ ഡെലിവറി ബോയ്സ് നിറഞ്ഞു നിൽക്കുംഫ്ലാറ്റ് വാസികൾ താഴെ പോയി കണ്ടു പിടിക്കും,രണ്ടു ചിക്കൻ ബിരിയാണി പയ്യൻ വിളിക്കുമ്പോൾ ഒരാൾ കൈ പോക്കും, ഫ്രെയ്‌ഡ് റൈസ് ചില്ലി ചിക്കൻ? വേറെ ആൾ കൈ പോക്കും. അങ്ങനെ ആണ് കണ്ടു പിടിക്കുന്നത്
മീൻ കൊണ്ട് വരുന്ന അപ്പുറത്തെ കടയിലെ പയ്യന്മാരെ മാത്രം അകത്തേക്ക് വിടും,ഭാഗ്യം, പക്ഷെ ഒരു തുള്ളി വെള്ളം കവറിൽ നിന്നും നിലത്തു വീണാൽ,കൊണ്ട് വന്ന പയ്യനും ഫ്ലാറ്റ് ഓണറും കൂടി നിലവും ലിഫ്റ്റും തുടച്ചു വൃത്തിയാക്കണം, അല്ലെങ്കിൽ അവനെ ആജീവനാന്തം പ്രവേശിക്കുന്നതിൽ നിന്നും ,ഓണറെ ഒരു മാസത്തേക്ക് മൽസ്യം കഴിക്കുന്നതിൽ നിന്നും വിലക്കും.
ഇങ്ങനെ എന്തിനും ഏതിനും മാർഗനിർദേശങ്ങളും നിയമങ്ങളും ആണ്,ഗ്രൂപ്പിൽ അതിങ്ങനെ വന്ന് കൊണ്ടിരിക്കും
ഇത്തരം അതിശക്തമായ നിയമങ്ങളും റെഗുലേഷൻസും കൊണ്ട് മോസ്റ്റ് സേഫ് പ്ലെസ് റ്റു ലീവ് ഇൻ ഇന്ത്യ എന്നെതിനുള്ള ഐ സ് ഓ 9001 സെർറ്റിഫിക്കേഷൻ ഉടനെ നമുക്ക് കിട്ടിയേക്കും, ഒരു പഴയ തമാശ കൂടി പറയാം
ഒരിക്കൽ ഒരു അമേരിക്കക്കാരനും ചൈനക്കാരനും മലയാളിയും കൂടി പ്ലെയിനിൽ പോവുകയായിരുന്നു. കുറെ ദൂരം പോയപ്പോൾ അമേരിക്കക്കാരൻ ജനലിൽ കൂടി കൈ താഴേക്കിട്ടു (കഥയിൽ ചോദ്യമില്ല, കൈ ഇട്ടു) എന്നിട്ടു പറഞ്ഞു ഹായ് എന്റെ സ്ഥലം ,ന്യൂ യോർക്ക് എത്തി
എങ്ങനെ മനസിലായി ?
അംബരചുംബികൾ ആയ കെട്ടിടങ്ങളിൽ കൈ തട്ടി, സ്കൈ സ്ക്രാപ്പേർസ്
കുറെ കഴിഞ്ഞപ്പോൾ ചൈനക്കാരൻ കൈ വെളിയിൽ ഇട്ടു,ഹായ് എന്റെ സ്ഥലം എത്തി.ചൈന .ചൈന
എങ്ങനെ മനസിലായി ?
വൻ മതിലിൽ കൈ തട്ടി
കുറേക്കഴിഞ്ഞപ്പോൾ ഇന്ത്യക്കാരൻ കൈ ഇട്ടു, ഹായ് എന്റെ സ്ഥലം എത്തി
എങ്ങനെ മനസിലായി ?
എന്റെ കയ്യിൽ കിടന്ന വാച്ച് ആരോ അടിച്ചു മാറ്റി
ഇത് പഴയ കഥ
പുതിയത് ഇങ്ങനെ ആണ്, ഇന്ത്യക്കാരൻ മലയാളത്തിൽ പറഞ്ഞു, ഹായ് എന്റെ സ്ഥലം ശാസ്തമംഗലം പൈപ്പിൻമൂട് എത്തി
എങ്ങനെ മനസിലായി ?
ശ്രീവത്സത്തിനു മുകളിൽ കൂടി ഫ്‌ളൈറ്റിൽ പോകേണ്ടവർ പാലിക്കേണ്ട നിർദേശങ്ങൾ എന്റെ കയ്യിൽ അസോസിയേഷൻ വെച്ച് തന്നു
അജോയ് കുമാർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക