Slider

മയിൽ‌പ്പീലി പോലെ ഒരിഷ്ടം

0
"ശരിക്കും എന്നെ ഇഷ്ടമായിട്ടു തന്നെയാണോ കല്യാണം കഴിച്ചത് ?"
സത്യത്തിൽ ഞാൻ അങ്ങനെ ചോദിക്കില്ലായിരുന്നുവിവാഹം കഴിഞ്ഞു ഏകദേശം ഒരു മാസമായിട്ടും ഞങ്ങൾക്കിടയിൽ ആർദ്രമായ ഒരു സ്നേഹമില്ല എന്ന് തോന്നിത്തുടങ്ങിയപ്പോൾ ചോദിച്ചു പോയതാണ്.
"അതെന്താ അങ്ങനെ തോന്നാൻ ?"
എനിക്കതെങ്ങനെ വ്യക്തമാക്കണമെന്ന് അറിയില്ലായിരുന്നു. ചില കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക എളുപ്പമല്ല
"എന്നോടെന്താണ് അധികം സംസാരിക്കാത്തത് ?"
ഞാൻ ചോദിച്ചു
"ഞാൻ സംസാരിക്കാറുണ്ടല്ലോ"ആളുടെ മറുപടി
ചായ വേണോ ?ഭക്ഷണം കഴിച്ചോ ?വീട്ടിൽ പോകണോ ?എന്നൊക്കെയുള്ള സംസാരമല്ല ഞാൻ ഉദേശിച്ചത്‌ എന്ന് പറയാൻ എനിക്ക് മടി തോന്നി
"വിവാഹം കഴിച്ചവർ ഇങ്ങനെ ഒക്കെ ആണോ പെരുമാറുക ?"
"ഞാൻഇതിന് മുൻപ് വിവാഹമൊന്നും കഴിച്ചിട്ടില്ലല്ലോ ?"
ഇക്കുറി കള്ളച്ചിരി ഉണ്ട് മുഖത്ത്
ഒരു മുറിയിൽ അന്യരെ പോലെ ജീവിക്കാൻ തുടങ്ങിയിട്ട് മൂന്നാഴ്ച്ച ആകുന്നു
കാരണം അറിഞ്ഞിരുന്നുവെങ്കിൽ ഒരു സമാധാനം ആയേനെ.
"നിങ്ങൾക്ക് വല്ല പ്രണയവും ഉണ്ടായിരുന്നോ ?ഒടുവിൽ ഞാൻ ചോദിച്ചു
"ഉണ്ടായിരുന്നെങ്കിൽ ഇവിടെ താൻ നിൽക്കുമോ ?"
എനിക്കുത്തരം മുട്ടി. പ്രണയം ഒന്നുമില്ല എന്ന് ക്‌ളീൻ ആയി പറഞ്ഞു കക്ഷി. ഇനി വേറെ വല്ല കുഴപ്പോം കാണുമോ?
ഒരു അസ്വസ്ഥത എന്നെ ചുറ്റി വരിഞ്ഞു നിന്നു
വിശപ്പും ദാഹവുമൊക്കെ അന്യമായി തുടങ്ങി
"കഴിക്കാൻ വാ "
"വേണ്ട വിശപ്പില്ല "
"വീട്ടിൽ പോകണോ ?"അമ്മയെയും അച്ഛനെയും കാണാൻ തോന്നുന്നോ ?'ഈ ചോദ്യം ഇടയ്ക്കു ഉള്ളതാണ്.
ഞാൻ എഴുനേറ്റ് എന്റെ ബാഗ് അടുക്കി
"ഇത്രെയും ഡ്രസ്സ് എന്തിനാ രണ്ടു ദിവസത്തേക്ക് ?"ഞാൻ മൗനം പാലിച്ചു
"ഞാൻ കൊണ്ട് വിടാം"ആൾ തളർന്ന പോലെ തോന്നിച്ചു.
"എന്തിനാ ഈ വാശി ?'
ഞാൻ കണ്ണ് നിറഞ്ഞത് തുടച്ചു. പിന്നെ എന്റെ വീട്ടിലേക്ക് പോരുന്നു. ആഴ്ചയിൽ ഒരു ദിവസം വന്നു നിൽക്കുന്ന കൊണ്ട് അവർ അത് ശ്രദ്ധിച്ചില്ല.
കാണാതിരിക്കുമ്പോളുള്ള അവസ്ഥ അതിൽ ഭയങ്കരമായിരുന്നു. കുറച്ചു ദിവസം കൊണ്ടൊക്കെ ഇങ്ങനെ മനസിലോട്ട് കേറിയിരിക്കാൻ ഇങ്ങേർ എന്ത് കൂടോത്രമാണോ ചെയ്തത് ?
കൂട്ടുകാരുടെ ഭർത്താക്കന്മാരുടെ ഓരോ തമാശകൾ കേൾക്കുമ്പോൾ തനിക്കു തിരിച്ചു പറയാൻ ഒന്നുമില്ല . ചായ വേണോ? കാപ്പി വേണോ? മസാലദോശ വേണോ?ഇത് തന്നെ. എനിക്ക് വേണ്ട അങ്ങേരെ. ഹും
പിന്നെ വാശി കളഞ്ഞു ഞാൻ ആലോചിച്ചു. എന്നെ നോക്കുന്ന നോട്ടത്തിൽ, നേർത്ത ചിരിയില് ഒക്കെ ഇഷ്ടം ഉണ്ടായിരുന്നോ ?പിന്നെന്താ കെട്ടിപിടിക്കാഞ്ഞേ ?ഉമ്മ വെയ്ക്കാഞ്ഞേ.. ഞാൻ പോണില്ല. മിണ്ടില്ല. പക്ഷെ വാശി ഒക്കെ ആളുടെ ഫോൺ വന്നപ്പോ തീർന്നു പോയി
"ഞാൻ വന്നു കൊണ്ട് പോരട്ടെ? "
"എന്തിന് ?വെറുമൊരു കാഴ്ചക്കാരിയായിട്ട് ഞാൻ അവിടെ ?കൂട്ടുകാരുടെ ഭർത്താക്കന്മാരൊക്കെ എന്ത് സ്നേഹമായിട്ട അവരെ കൊണ്ട് നടക്കുന്നെ? അവരൊക്കെ സിനിമയ്ക്ക് പോവും ,ടൂർ പോകും. എന്തൊക്ക തമാശകള്. ഇത് എനിക്കിഷ്ടമുള്ള ഭക്ഷണം ഏതാണെന്നു കൂടി ചോദിച്ചിട്ടില്ല എപ്പോ നോക്കിയാലും മസാല ദോശ.. എനിക്ക് പൊറോട്ടയും ചിക്കനുമാണിഷ്ടം "ഞാൻ കുറുമ്പൊടെ പറഞ്ഞു
മറുതലയ്ക്കൽ പൊട്ടിച്ചിരി
വൈകുന്നേരമായപ്പോൾ ആൾ എത്തി
"പോകാം "
"ഞാൻ വരുന്നില്ല "
"ഏതു സിനിമയാ കാണണ്ടേ ?ലാലേട്ടൻ or മമ്മൂക്ക? അത് പോട്ടെ, പൊറോട്ടയും ചിക്കനും ഇന്ന് വാങ്ങി തരാം ഏതു ഹോട്ടലിൽ നിന്ന് വേണം ?"
അടുത്തേക്ക് വന്നപ്പോൾ ഞാൻ ഇച്ചിരിദൂരേയ്ക്ക് മാറി
"ഇതെന്താ മുഖത്ത് ?"
പറയുകയും ചുണ്ടുകൾ കവിളിൽ അമരുകയും പൊടുന്നനെ ആയിരുന്നു
ഞാൻ പെട്ടെന്ന് തള്ളി മാറ്റി മാറി നിന്നു.
"കണ്ടോ എന്നെ തള്ളി മാറ്റിയത്? സമയമെടുത്തു സ്നേഹിക്കണമെന്നു ഇതിനാണ് പറയുന്നത് ?ഇതിപ്പോ തന്റെ മനസ്സിൽ ഞാൻ ഇന്നും അന്യനായത് കൊണ്ടല്ലേ എന്നെ തള്ളിമാറ്റിയത് ?"
ഞാൻ കണ്ണ് മിഴിച്ചു. വാദി പ്രതി ആയോ?
"ഞാൻ ഇത്രേ ഉദ്ദേശിച്ചുള്ളൂ തനിക്കെന്റെ വീടൊക്കെ ഒന്ന് പരിചയമാകട്ടെ. എന്നെ ഒന്ന് പരിചയമാകട്ടെ. ജീവിതകാലം മുഴുവനും ഒപ്പമുണ്ടാകും എന്ന് ഉറപ്പിച്ചു ഒന്നായവരല്ലേ ?അപ്പൊ ഒന്ന് മനസിലാക്കി തുടങ്ങുന്നതല്ലേ നല്ലത്?കല്യാണത്തിന് മുൻപ് നമുക്ക് അധികം സമയം കിട്ടിയില്ലല്ലോ എല്ലാരും ഒരു പോലെ അല്ല.എനിക്ക് ഒരാളുമായി അടുക്കാൻ കുറച്ചു സമയം വേണം. സ്നേഹിക്കാനും. എന്റെ കൊച്ചെ ഈ സിനിമയും സീരിയലും ഒന്നുമല്ല ജീവിതം "
ഞാൻ മുഖം താഴ്ത്തി
"എന്നാലും ഇച്ചിരി ഒക്കെ സ്നേഹം വേണ്ടേ? "ഞാൻ മെല്ലെ ചോദിച്ചു
"സ്നേഹിച്ചു തുടങ്ങുമ്പോൾ അവസാനം, മതി ബോറടിച്ചു എന്ന് പറയുമോ ?"ആൾ എന്നെ ഒന്ന് ചേർത്ത് പിടിച്ചു
ഞാൻ ചമ്മലോടെ "ഇല്ല "എന്ന് തലയാട്ടി
"ശരിക്കും ?'
"ഉം "
"എങ്ങനെ അറിയാം എനിക്ക് ?"വീണ്ടും കുസൃതിച്ചിരി
ഞാൻ ചിരിച്ചു പോയി
"ഇങ്ങനെ ചെറിയ കാര്യങ്ങൾക്കു ഇട്ടേച്ചു പോകുന്ന ആളെ എങ്ങനെ വിശ്വസിക്കും? "എന്റെ മൂക്കിന്തുമ്പത്തു പിടിച്ചു മെല്ലെ ചോദിക്കുമ്പോൾ ആളുടെ മുഖത്തു മഴവില്ല് വിരിഞ്ഞ പോലെ
"സ്നേഹിച്ചു നോക്ക് "
ഞാൻ കുസൃതിയിൽ പറഞ്ഞു
"Ok.. എന്നാ പോവാം ആദ്യം പൊറോട്ടയും ചിക്കനും. അതിലൂടാവട്ടെ സ്നേഹം തുടങ്ങുന്നത്?, "
ഞാൻ ആ മുഖത്തേക്ക് ഉറ്റു നോക്കി. ഇത് വരെ കണ്ട ആളെയല്ല. ഒറ്റ നിമിഷം കൊണ്ട് മാറിയിരിക്കുന്നു.
ഒരു മയിൽ‌പീലി തഴുകും പോലെ നോക്കിയിട്ട് ആൾ നടന്നു തുടങ്ങി. കൂടെ പോവാം ല്ലേ? സ്നേഹം ഉണ്ടെന്ന് തോന്നുന്നു

By Ammu Santhosh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo