&&&&&&&&&&&&&&
അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ ഗുരുക്കന്മാർക്ക് എല്ലാവർക്കും അധ്യാപകദിനാശംസകൾ.
എന്റെഎൽ പി സ്കൂളിലെ ഒന്ന് ബി ക്ലാസിലെ ടീച്ചർ സിസ്റ്റർ പ്രീമ ആയിരുന്നു. വെളുത്തു മെലിഞ്ഞ ശരീര പ്രകൃതിയും സൗമ്യഭാവവുമായി ഞങ്ങളെ ചേർത്ത് പിടിച്ചിരുന്ന ഞങ്ങളുടെ അമ്മ. ആദ്യദിവസത്തെ കരച്ചിലും സങ്കടവും ഒക്കെ കഴിഞ്ഞപ്പോൾ സിസ്റ്ററിന്റെ കൈകളിൽ തൊടാനും ശിരോവസ്ത്രത്തിന്റെ തുമ്പിൽ പിടിക്കാനും ഒക്കെ ഞങ്ങൾ കുട്ടികൾ തമ്മിൽ മത്സരമായിരുന്നു. എപ്പോഴും സിസ്റ്ററിന്റെ മേശക്ക് ചുറ്റും ഒരു കുട്ടിക്കൂട്ടം കാവൽ ഉണ്ടാകും. ചോക്ക് എടുത്തു കൊടുക്കാനും താഴെ വീണ ഡസ്റ്റർ എടുത്തു കൊടുക്കാനുമൊക്കെ ഞങ്ങൾ അടിപിടി കൂടുമായിരുന്നു. അന്നൊരിക്കൽ ഒരു സന്മാർഗ പാഠക്ലാസ്സിൽ സിസ്റ്റർ പറഞ്ഞു തന്ന ഫ്ലോറൻസ് നൈറ്റിംഗേളിന്റെ കഥയാണ് പിന്നീട് ഭാവിയിൽ ആരാകണം എന്ന ചോദ്യത്തിന് ഒരു നേഴ്സ് ആയാൽ മതി എന്ന് പറയാൻ എനിക്ക് പ്രചോദനമായത്.
സിസ്റ്റർ ക്ലിയോപാട്രയുടെ രണ്ട് സി ക്ലാസ് "കുണ്ടിലെ ക്ലാസ്സ് "എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കൂളിന്റെ വരാന്തയുടെ ഏറ്റവും അവസാനഭാഗത്ത് ഒരുപാട് സ്റ്റെപ്പുകൾ ഇറങ്ങിച്ചെല്ലുന്ന ഒരു ക്ലാസ്സ് മുറി ആയതുകൊണ്ടായിരിക്കാം ആ ക്ലാസിനെ അങ്ങനെ പറഞ്ഞിരുന്നത് . രണ്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി ഒരു സ്റ്റേജ് പ്രോഗ്രാമിൽ പങ്കെടുക്കുന്നത്. യാത്ര എന്ന സിനിമയിലെ" തന്നന്നം താനന്നം താളത്തിലാടി" എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ഞങ്ങൾ അഞ്ചാറു പേരുടെ നിഷ്കളങ്ക നൃത്തം. ഇന്നും എനിക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങളിൽ ആദ്യത്തേതാണ് ഈ ഗാനം.
മൂന്നാം ക്ലാസ് ബിയിൽ കൊച്ചുത്രേസ്യ ടീച്ചറായിരുന്നു. നീണ്ട മൂക്കും പതിഞ്ഞ ശബ്ദവും ഉള്ള ഞങ്ങളുടെ ടീച്ചർ. മൂന്നാം ക്ലാസിലാണ് ഞങ്ങൾക്ക് ബെഞ്ചും ഡെസ്കും ഉള്ള ക്ലാസ് റൂം ഉണ്ടാകുന്നത്. റൂൾ പെൻസിൽ ഉപയോഗിച്ച് നോട്ട് ബുക്കിൽ എഴുതാൻ തുടങ്ങിയതും മൂന്നാം ക്ലാസുമുതൽക്കാണ്.
നാല് ഡി ക്ലാസിൽ ടെസ്സി ടീച്ചറായിരുന്നു. ഉറക്കെ സംസാരിക്കുന്ന, കണ്ണുരുട്ടുന്ന, ഒരുപാട് തമാശകൾ പറയുന്ന ഞങ്ങളുടെ ടീച്ചർ. ആദ്യമായി ഇംഗ്ലീഷ് അക്ഷരങ്ങളെ പരിചയപ്പെടുത്തി തന്നത് ടീച്ചറായിരുന്നു. സ്കൂളിന്റെ മതിലിനു പുറകിലായിരുന്നു ടീച്ചറുടെ വലിയ പറമ്പും അതിനു നടുവിലെ കൊട്ടാരംപോലുള്ള വീടും. ഇന്റർവെൽ സമയത്ത് സ്കൂളിന്റെ മതിലിനരികിൽ പോയി എത്തിനോക്കി ആ വലിയ വീട് കാണുക എന്നത് ഞങ്ങൾ കുട്ടികളുടെ വിനോദമായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ പോകുന്ന ടീച്ചർ തിരികെ വരുന്നത് കൈനിറയെ ചാമ്പക്കയും റൂബിക്കയും കൊണ്ടായിരിക്കും. ബെല്ലടിക്കും മുന്നേ ക്ലാസ്സിൽ എത്തി ഞങ്ങൾ കുട്ടികൾക്കെല്ലാം വീതിച്ചു തന്നിരുന്ന ചാമ്പക്കയുടെയും റൂബിക്കയുടെയും മധുരവും പുളിയും ഒക്കെ ഇന്നും നാവിലുണ്ട്. പങ്കുവെക്കാനും മറ്റുള്ളവരെ സഹായിക്കാനും പഠിപ്പിച്ചത് ടെസ്സി ടീച്ചറായിരുന്നു. ഞങ്ങളുടെ ക്ലാസ്സിലെ ഉണ്ണികൃഷ്ണന്റെ അച്ഛൻ കാല് മുറിച്ചു ആശുപത്രിയിൽ ആയിരുന്നപ്പോൾ ആ കുടുംബത്തെ സഹായിക്കാനായി ടീച്ചർ ഒരു പദ്ധതി പ്ലാൻ ചെയ്തു. ഞങ്ങൾ എല്ലാ കുട്ടികളും ഓരോ ദിവസവും ഒരു തീപ്പെട്ടി നിറയെ അരി കൊണ്ടുവരിക എന്ന ആശയം. ടീച്ചർ ക്ലാസിൽ വെച്ച വലിയ ടിന്നിൽ ഞങ്ങൾ കുട്ടികൾ കൊണ്ടുവരുന്ന അരി നിക്ഷേപിക്കും. ടീച്ചറും ഞങ്ങളോടൊപ്പം അരിയും നാണയ തുട്ടുകളും അതിൽ നിക്ഷേപിക്കുമായിരുന്നു. ഒരു മാസം കഴിയുമ്പോഴേക്കും ആ ടിൻ അരിയും ചില്ലറത്തുട്ടുകളും കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. മാസത്തിലെ അവസാനം ഉണ്ണികൃഷ്ണന്റെ അമ്മയെ വിളിച്ച് ആ അരിയും പൈസയും കൊടുക്കുമ്പോൾ ഞങ്ങൾ കുട്ടികൾ പരസ്പരം കൈമാറുന്ന പുഞ്ചിരിയിൽ നാളെ നിങ്ങൾക്കും ഞങ്ങൾ കൂടെയുണ്ടാകും എന്ന സന്ദേശമായിരുന്നു നിറഞ്ഞു നിന്നിരുന്നത്.
വർഷങ്ങൾക്കിപ്പുറം ഉണ്ണികൃഷ്ണന്റെ ചേട്ടന്റെ ഭാര്യയായി അവന്റെ കുടുംബത്തിലേക്ക് തന്നെ ഞാൻ ചെന്നു കയറിയത് തികച്ചും യാദൃശ്ചികം ആയിരുന്നു. കളിക്കൂട്ടുകാരിയായ ഞാനങ്ങനെ അവന്റെ ചേട്ടത്തിയമ്മ ആയി. ഇപ്പോഴും ഞങ്ങൾ ഒത്തു കൂടുമ്പോൾ പണ്ടത്തെ നാലാംക്ലാസുകാരെ പോലെ തന്നെയാണ്. (കൊച്ചുത്രേസ്യ ടീച്ചറും ടെസ്സി ടീച്ചറും പിൽക്കാലത്ത് എന്റെ മകന്റെ യും ക്ലാസ് ടീച്ചർമാരായിരുന്നു. പഠിക്കാൻ മിടുക്കനായ അവന്റെ പേരിൽ ആണ് പിന്നീട് ഞാൻ ആ സ്കൂളിൽ അറിയപ്പെട്ടിരുന്നത്.)
യുപി സ്കൂൾ പഠനകാലം മറ്റൊരു സ്കൂളിലേക്ക് പറിച്ചു നട്ടു. അഞ്ചു ഡി ക്ലാസിലെ കാർത്ത്യായനി ടീച്ചർ. അഞ്ചാംക്ലാസ് മുതൽക്കാണ് ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം ടീച്ചർമാർ വരുവാൻ തുടങ്ങിയത്. ക്ലാസ് ടൈം പിരീഡുകൾ ആയി വിഭജിച്ചതും അഞ്ചാം ക്ലാസ് മുതലാണ്. ക്ലാസ് ടീച്ചർ ആയ കാർത്ത്യായനി ടീച്ചർ തന്നെ ആയിരുന്നു കണക്ക് അധ്യാപിക. മലയാളം എടുക്കുന്ന മേഴ്സി ടീച്ചർ, സയൻസ് ക്ലാസിൽ വരുന്ന സരോജിനി ടീച്ചർ, സാമൂഹ്യ പാഠത്തിന് വരുന്ന സതി ടീച്ചർ, ഇംഗ്ലീഷ് എടുക്കുന്ന മാത്യു മാഷ്, തുന്നൽ ക്ലാസിന് വരുന്ന പത്മാവതി ടീച്ചർ, ഡ്രോയിങ് മാസ്റ്റർ മാത്തപ്പൻ സർ, ഡ്രിൽ മാസ്റ്റർ വിജയൻ മാഷ്,. അങ്ങനെ അന്നത്തെ എല്ലാ അദ്ധ്യാപകരും ഇന്നും ഓർമ്മയിലുണ്ട്. ആറാം ക്ലാസ്സിലെ ക്ലാസ് ടീച്ചർ മേഴ്സി ടീച്ചർ ആയിരുന്നു, ഏഴാം ക്ലാസിൽ കനക ടീച്ചറും.
യുപി സ്കൂളിന് ശേഷം ഹൈസ്കൂൾ വിദ്യാഭ്യാസം മറ്റൊരു സ്കൂളിൽ. കൗമാരകാലം ചിലവിട്ട ആ സ്കൂളിനെയും അധ്യാപകരെയും മറക്കുന്നതെങ്ങനെ? സൗഹൃദങ്ങളുടെ തലങ്ങൾ മാറിയതും നിഷ്കളങ്ക ബാല്യത്തിൽനിന്ന് കൗമാര ത്തിന്റെ സ്വകാര്യതകളിലേക്ക് ചേക്കേറിയതും എത്ര പെട്ടെന്നായിരുന്നു!!!കഷ്ടപ്പാടുകൾ അറിയാനും മനസ്സിലാക്കാനും അതുമായി പൊരുത്തപ്പെടാനും തുടങ്ങിയതുമുതൽ മറ്റുള്ളവരിൽ നിന്നും എന്നിലേക്ക് തന്നെ ഉൾവലിയാൻ തുടങ്ങിയതും ഒക്കെ ഇക്കാലത്തായിരുന്നു. അതുവരെ കൂടെ പഠിച്ചിരുന്ന ചിലരൊക്കെ ഹൈസ്കൂളിലും കൂട്ടിനുണ്ടായിരുന്നു.
എട്ടാം ക്ലാസ്സിലെ ക്ലാസ് ടീച്ചർ സോഷ്യൽ എടുക്കുന്ന മേരി ടീച്ചറായിരുന്നു. മലയാളത്തിന് പുതുതായി വന്ന നീണ്ടു ചുരുണ്ട മുടിയുള്ള മാർഗരറ്റ് ടീച്ചർ, ഹിന്ദി ക്ലാസിന് മേരി ടീച്ചർ, ബയോളജിക്ക് മറ്റൊരു ബേബി ടീച്ചർ, ഇംഗ്ലീഷ് ക്ലാസിന് ഫിലോമിന ടീച്ചർ, ഫിസിക്സ് പഠിപ്പിച്ച അൽഫോൻസ ടീച്ചർ, കെമിസ്ട്രി ക്ലാസിന് ഇന്ദുലേഖ എന്ന് ഞങ്ങൾ വിളിക്കുന്ന സുന്ദരിയായ മറ്റൊരു ഫിലോമിന ടീച്ചർ, ഡ്രിൽ ടീച്ചറായ വേറൊരു മേരി ടീച്ചർ, കണക്കു പഠിപ്പിക്കുന്ന സി ഡി പി എന്നറിയപ്പെടുന്ന എന്റെ സ്വന്തം ഫിലോമിന ടീച്ചർ.(ഹൈസ്കൂളിൽ മേരി ഫിലോമിന അൽഫോൻസാ എന്ന് പേരുള്ള ടീച്ചർമാർ ആയിരുന്നു അധികവും.)
ശരിക്കും ഹൈസ്കൂൾ കാലമാണ് എന്റെ ഓർമ്മയിൽ കൂടുതലും ഉള്ളത്. മിക്കവാറും എല്ലാ ടീച്ചർമാരും 8, 9, 10 ക്ലാസുകളിൽ തുടർച്ചയായി എന്നെ പഠിപ്പിച്ചിരുന്നു. ഒമ്പതാം ക്ലാസ്സിലെ ക്ലാസ് ടീച്ചർ ഒരുപാട് മുടിയുള്ള ലിസി ടീച്ചർ ആയിരുന്നു. പത്താം ക്ലാസിൽ എത്തിയപ്പോൾ അത് സി ഡി ഫിലോമിന ടീച്ചർ ആയി. എന്നെ മൂന്നു വർഷവും തുടർച്ചയായി കണക്ക് പഠിപ്പിച്ചിരുന്ന ഫിലോമിന ടീച്ചർ. എനിക്ക് ഏറെ പ്രിയപ്പെട്ട എന്റെ ടീച്ചർ. ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്ന എന്നെ ഒരുപാട് സ്നേഹത്തോടെ ചേർത്തുനിർത്തും മറ്റു കുട്ടികളുടെ ഇടയിൽ ടീച്ചറുടെ പ്രിയപ്പെട്ടവൾ എന്ന ലേബൽ ഉണ്ടാക്കി തന്നതും ടീച്ചറാണ്. സങ്കടങ്ങളിൽ സാന്ത്വനമായും, എന്റെ ഇല്ലായ്മകൾ കണ്ടറിഞ്ഞ് അവയൊക്കെ എനിക്ക് ലഭ്യമാക്കി തന്നിരുന്നതും ടീച്ചറാണ്. ഞാൻ ആദ്യമായി പൊട്ടിയ കണ്ണാടി ചില്ലിൽ അല്ലാതെ എന്റെ മുഖം കാണുന്നത് ടീച്ചർ വാങ്ങിത്തന്ന ഓറഞ്ച് നിറമുള്ള, പൂവിന്റെ ആകൃതിയിലുള്ള കണ്ണാടിയിൽ ആയിരുന്നു. ടീച്ചർ എനിക്ക് സമ്മാനിച്ച ചുരിദാറുകൾ, മഞ്ഞനിറത്തിലുള്ള പട്ടുപാവാട, പല നിറത്തിലും ഷേപ്പിലും ഉള്ള കമ്മലുകൾ അങ്ങനെ എല്ലാം ഞാൻ ഇന്നും ഹൃദയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
തലേദിവസം രാത്രിയിൽ അച്ഛനിൽ നിന്നും എനിക്ക് കിട്ടിയ ചൂരൽ അടിയുടെ തിണർപ്പുകളിൽ തലോടി കണ്ണു നിറച്ചിരുന്ന എന്റെ ടീച്ചർ എനിക്ക് അമ്മതന്നെയായിരുന്നു. രാത്രികളിൽ മരണത്തെപ്പറ്റി മാത്രം ചിന്തിച്ചിരുന്ന ആ നാളുകളിൽ ടീച്ചറിന്റെ വാക്കുകളും സാമീപ്യവും ആയിരുന്നു എനിക്ക് സാന്ത്വനമായത്. ഇത്രയും വർഷങ്ങൾക്കു ശേഷവും ഫിലോമിന ടീച്ചറെ ഓർക്കാത്ത ഒരു ദിവസം പോലും എന്നിലൂടെ കടന്നു പോയിട്ടില്ല.
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞിട്ടിപ്പോൾ ഏതാണ്ട് 25 വർഷമാകുന്നു. ഇന്നും എന്നെ പഠിപ്പിച്ച ടീച്ചർമാരെ വഴിയിൽ എവിടെയെങ്കിലും വച്ച് കാണുമ്പോൾ "ടീച്ചർ എന്നെ അറിയോ? ഓർമ്മയുണ്ടോ? "എന്ന് ചോദിച്ചു ഞാൻ ഓടിച്ചെല്ലും. ആദ്യം ഒന്ന് അമ്പരന്നാലും ഞാൻ എന്റെ പേര് പറയുമ്പോഴേക്കും അവരെന്നെ ഓർത്തെടുത്തിട്ടുണ്ടാകും. എന്റെ ഏറ്റവും വലിയ ഒരു ഭാഗ്യമായാണ് ഞാൻ അതിനെ കാണുന്നത്. എത്രയോ കുട്ടികളെ പഠിപ്പിച്ചവരാണവർ!! ഓർമ്മകളിൽ ഇന്നും എന്റെ പേരും രൂപവും അവർ സൂക്ഷിക്കുന്നു എന്ന് അറിയുന്നതിനേക്കാൾ മറ്റെന്തു പുണ്യമാണ് എനിക്ക് കിട്ടാനുള്ളത്?? ഇന്നും ഒരു വിദ്യാർത്ഥിയായി തന്നെയാണ് ഞാൻ അവർക്ക് മുന്നിൽ ചെല്ലാനുള്ളത്. നിറഞ്ഞ സ്നേഹത്തോടെ അതിലേറെ ബഹുമാനത്തോടെ..
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞിട്ടിപ്പോൾ ഏതാണ്ട് 25 വർഷമാകുന്നു. ഇന്നും എന്നെ പഠിപ്പിച്ച ടീച്ചർമാരെ വഴിയിൽ എവിടെയെങ്കിലും വച്ച് കാണുമ്പോൾ "ടീച്ചർ എന്നെ അറിയോ? ഓർമ്മയുണ്ടോ? "എന്ന് ചോദിച്ചു ഞാൻ ഓടിച്ചെല്ലും. ആദ്യം ഒന്ന് അമ്പരന്നാലും ഞാൻ എന്റെ പേര് പറയുമ്പോഴേക്കും അവരെന്നെ ഓർത്തെടുത്തിട്ടുണ്ടാകും. എന്റെ ഏറ്റവും വലിയ ഒരു ഭാഗ്യമായാണ് ഞാൻ അതിനെ കാണുന്നത്. എത്രയോ കുട്ടികളെ പഠിപ്പിച്ചവരാണവർ!! ഓർമ്മകളിൽ ഇന്നും എന്റെ പേരും രൂപവും അവർ സൂക്ഷിക്കുന്നു എന്ന് അറിയുന്നതിനേക്കാൾ മറ്റെന്തു പുണ്യമാണ് എനിക്ക് കിട്ടാനുള്ളത്?? ഇന്നും ഒരു വിദ്യാർത്ഥിയായി തന്നെയാണ് ഞാൻ അവർക്ക് മുന്നിൽ ചെല്ലാനുള്ളത്. നിറഞ്ഞ സ്നേഹത്തോടെ അതിലേറെ ബഹുമാനത്തോടെ..
എല്ലാ അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരു ഹൃദയബന്ധം സൂക്ഷിക്കുവാൻ പ്രാപ്തമായ മനസ്സ് ഉണ്ടാവട്ടെ എന്നുമാത്രം ഞാൻ ആശംസിക്കുന്നു.
(ഗൗരി കല്യാണി )
(ഗൗരി കല്യാണി )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക