"വല്ലാതെ മടുത്തു തുടങ്ങിയിരിക്കുന്നു അമ്മു എനിക്ക് താരയോടൊപ്പമുള്ള ഈ ജീവിതം. അവൾക്കെന്നെ ശ്രദ്ധിക്കാനോ, എന്നോടൊപ്പം സമയം ചിലവഴിക്കാനോ താല്പര്യമില്ല. എല്ലാത്തിനും മക്കളെന്ന എക്സ്ക്യൂസ് ആണ്. അവളുടെ കോലം തന്നെ കണ്ടില്ലേ നീ.. ഒരു നല്ല ഡ്രസ്സ് ഇടില്ല... എപ്പോഴും നരച്ചൊരു ചുരിദാറും, ശരീരവും നോക്കില്ല. ആകെ ഒരു വിരക്തിയാണ് എല്ലാത്തിനോടും അവൾക്കു. അതിപ്പോ എന്നിലേക്കും പകർന്ന പോലെ.. ചുമ്മാ ജീവിക്കണല്ലോ എന്ന് കരുതി ജീവിക്കാ ഞാനിപ്പോ "
കടുത്ത നിരാശയയോടെ തറവാട് മുറ്റത്തിന് അറ്റത്തുള്ള മൂവാണ്ടൻ മാവിന്റെ ചുവട്ടിലിരുന്നു ശ്രീഹരി എന്നോട് മനസ്സ് തുറന്നു ഭാര്യയുടെ കുറവുകൾ നിരത്തിയപ്പോൾ ഞാൻ ശ്രദ്ധിച്ചത് മുറ്റത്തു കൂടെ ഇരട്ടകുഞ്ഞുങ്ങൾ അടക്കം മൂന്ന് മക്കൾക്ക് പിറകെ നടന്നു, അവരുടെ താളത്തിനു തുള്ളി കൊണ്ടു ഭക്ഷണം കൊടുക്കുന്ന താരയുടെ രൂപമാണ്. വർഷങ്ങൾക്കു മുന്നേ ഹരിയുടെ കയ്യും പിടിച്ചു ഇവിടെ വലതുകാൽ വെച്ച് കയറി വന്ന ആ പൊട്ടിപെണ്ണിപ്പൊ എത്ര മാറിയിരിക്കുന്നു... രൂപം കൊണ്ടും, ഭാവം കൊണ്ടും, പെരുമാറ്റം കൊണ്ടും എല്ലാം ഇരുത്തം വന്ന പോലെ.. എന്തൊക്കെയോ മനസ്സിലങ്ങനെ കിടന്നു ഓളം തല്ലി...
അമ്മായി (അമ്മയുടെ ആങ്ങളയുടെ ഭാര്യ ) വയ്യാതെ കിടപ്പായതു കൊണ്ടു നാട്ടിൽ വെക്കേഷന് വന്നപ്പോൾ കാണാൻ, അമ്മയുടെ തറവാട്ടിൽ എത്തിയതാണ് ഞാൻ മോളോടൊപ്പം . മോൾക്ക് വെക്കേഷൻ ആയതുകൊണ്ട് ശരത്തിനെ (കെട്ടിയോൻ ) കൂട്ടാതെയാണ് ഇത്തവണ മുംബൈയിൽ നിന്നുള്ള ഞങ്ങളുടെ വരവ്. അപ്പോഴാണ് ഹരിയുടെ ഭാര്യയെ കുറിച്ചുള്ള പരിഭവവും, പരാതിയും..
"ഞാൻ പറയുന്നത് കേൾക്കുന്നില്ലേ അമ്മു നീ. " അതൃപ്തിയോടെ ഹരി ചോദിച്ചു.
അല്ല ഹരി.. താര ജോലിക്ക് പോകുന്നില്ലേ ഇപ്പൊ അതിനു മറുപടിയെന്നോണം എന്റെ നാവിൽ നിന്ന് വന്നു.
"അവള് ജോലിക്ക് പോയാലെങ്ങനയാ ശെരിയാവാ.. ഇവിടെ അമ്മയും, കുഞ്ഞുങ്ങളും ഇല്ലേ... വല്യ പണിയൊന്നും ഇല്ല. എന്നാലും ആളായി ഒരാള് വേണ്ടേ ഇവിടെ."നിസ്സാരമായി അവൻ പറഞ്ഞു തീർത്തു.
ഉള്ളിൽ തികട്ടി വന്ന പുച്ഛവും, അമർഷവും ഞാൻ കടിച്ചമർത്തി.
"ഒരു പണിയും ഇല്ല പോലും.. ഞാൻ വന്നപ്പോ തൊട്ടു കാണാ അവള് അടിയും, വാരും, അമ്മായിയെ കുളിപ്പിക്കലും, നോക്കലും, കാണാൻ വരുന്നോർക്കു വിരുന്നൊരുക്കളും ഒപ്പം മൂന്ന് കുഞ്ഞുങ്ങളും.. അതും മൂത്തവർ ഇരട്ടകളാണ് അവർക്കു നാല് വയസ്സ്, ഇളയത് മോൻ അവനു ഒരു വയസ്സും . ഇതൊന്നും നിന്റെ കണ്ണിൽ പണിയല്ലേ ഹരി . ഇതിന്റെ എടേലു ചമഞ്ഞു നടന്നു അവള് നിന്നെയും സന്തോഷിപ്പിക്കണം അല്ലെ.".. തെല്ലൊരു നീരസത്തോടെ തന്നെയാണ് ഞാൻ ചോദിച്ചത്.
എന്റെ മറുപടി അവനു തീരെ ബോധിച്ചിട്ടില്ല എന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു.
ഓ.. അവളെ ന്യായീകരിച്ചല്ലോ നീ. നീ ജോലിക്ക് പോകുന്നില്ലേ. ശരത്തിന്റെ അച്ഛനും നിങ്ങൾക്കൊപ്പം ആണ്. എന്നിട്ടും നീ നന്നായി നടക്കുന്നുണ്ടല്ലോ... പെർഫെക്ട് ആണല്ലോ.. അതാ പറഞ്ഞെ മനസ്സ് വെക്കണം... എന്നാൽ എന്തും സാധിക്കും.
അത്രയും പറഞ്ഞപ്പോഴാണ് അവൻ എങ്ങോട്ടാണ് സംസാരിച്ചു പോകുന്നതെന്ന് എനിക്ക് പിടുത്തം കിട്ടിയത്.
ചെറുപ്പത്തിൽ രണ്ടു വീട്ടുകാരും ചേർന്ന് എന്നെയും, ഹരിയേയും വിവാഹം കഴിപ്പിക്കണം എന്നൊരു പ്ലാൻ ഒക്കെ ഉണ്ടായിരുന്നു.. സമപ്രായക്കാർ ആയതു കൊണ്ടു അവനു ഞാൻ അമ്മുവും, എനിക്കവൻ ഹരിയും ആയിരുന്നു. വലുതായപ്പോ പഠിപ്പും, വിവരവുമൊക്കെ വന്നപ്പോൾ രക്ത ബന്ധമുള്ളവർ കല്യാണം കഴിച്ചാൽ കുഞ്ഞുങ്ങൾക്ക് വൈകല്യം വരാൻ സാധ്യതയുണ്ടെന്നൊക്കെ മനസ്സിലാക്കിയപ്പോൾ അതു വേണ്ടാന്ന് വെച്ചു...മാത്രല്ല അവൻ താരയുമായി പ്രണയവും കോളേജ് കാലഘട്ടത്തിലെ തുടങ്ങിയിരുന്നു... അങ്ങനെ പ്രേമിച്ചു സമരം ചെയ്തു സ്വന്തമാക്കിയ ഭാര്യയുടെ കുറ്റവും, കുറവുമാണ് ഈ വിളമ്പുന്നത്... അല്ലെങ്കിലും സ്വന്തമായി കഴിയുമ്പോൾ പലരുടെയും സ്നേഹവും, ആവേശവും എല്ലാം കെട്ടടങ്ങുമല്ലോ.. ഞാനൊന്നു നിശ്വസിച്ചു...
നീ എന്താ പറഞ്ഞു വരുന്നത്. ഒന്നും അറിയാത്ത ഭാവത്തിൽ ഞാൻ ചോദിച്ചു.
അല്ല അമ്മു... ഞാൻ എന്ത് പറഞ്ഞാലും നീയവളെ ന്യായീകരിച്ചല്ലേ സംസാരിക്കു. എന്ത് പറഞ്ഞാലും പറയും ഞങ്ങളെ ആരും സ്നേഹിക്കുന്നില്ല.. മനസ്സിലാക്കുന്നില്ല. ഞങ്ങടെ കഷ്ടപ്പാട് ആരും മനസ്സിലാക്കുന്നില്ല... ഞാനൊന്നു തിരിച്ചു ചോദിക്കട്ടെ അമ്മു... എപ്പോഴും പരിഭവവും, പരാതിയും പറയുന്നതല്ലാതെ ഞങ്ങൾ ആണുങ്ങളുടെ ബുദ്ധിമുട്ട് ഭാര്യമാർ മനസ്സിലാക്കുന്നുണ്ടോ? ഞങ്ങൾ കഷ്ടപ്പെടുന്നത് മുഴുവൻ ഭാര്യക്കും മക്കൾക്കും വേണ്ടിയല്ലേ... ഞങ്ങള് സുഖിക്കുന്നുണ്ടോ.. എന്നിട്ടും പഴി മുഴുവൻ ഞങ്ങൾക്കും... ഒന്ന് വൈകി വന്നാൽ കുറ്റം, തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റക്കാർ ഞങ്ങളാണല്ലോ.. അല്ലേ...
ഇപ്പൊ പോരാത്തതിന് നവമാധ്യമങ്ങളിൽ കുറെ പെണ്ണുങ്ങൾ ഇറങ്ങിയിട്ടുണ്ട് ആർത്തവവും, ഗർഭവും, സ്ത്രീ ശാക്തീകരണവും, പെണ്ണിന്റെ ബുദ്ധിമുട്ടുകളും. ഇതൊക്കെ ആണും പെണ്ണും ഉണ്ടായ കാലം തൊട്ടുള്ളതല്ലേ.. എന്താ ഇതൊക്കെ ഇത്ര ഗ്ലോറിഫൈ ചെയ്യാൻ മാത്രം ഉള്ളത്... അല്ലെങ്കിലും വർണ്ണിക്കാൻ മാത്രം പെണ്ണിനെന്താ ഇത്ര ബുദ്ധിമുട്ടുകൾ... അവൻ പറഞ്ഞു കൊണ്ടിരുന്നു...
ഞാനൊന്നു ചിരിച്ചു...
എന്താ ഒരു ചിരി. ഒന്നും പറയാനില്ലേ..
പറയാനുണ്ട്... ഒരുപാട്. കേൾക്കാൻ നിനക്ക് ക്ഷമ ഉണ്ടെങ്കിൽ പറയാം.
നീ പറയു.. എന്താണെന്ന് ഞാനൊന്നു കേൾക്കട്ടേ . കുറച്ചൊരു പുച്ഛത്തോടെ ഹരി പറഞ്ഞു.
എത്ര പറഞ്ഞാലും നിങ്ങളെ പോലുള്ളവർക്ക് നേരം വെളുക്കില്ലെന്നറിയാം... എന്നാലും പറയുന്നതു കേട്ടും, എഴുതുന്നതു വായിച്ചും നിന്നെ പോലുള്ളവരിൽ ഒരാളെങ്കിലും നന്നാവുന്നെങ്കിൽ നന്നാവട്ടെ എന്ന് കരുതിയാ, അതുവഴി ഒരു കുടുംബത്തെങ്കിലും സന്തോഷണ്ടാകട്ടേന്നു കരുതിയാ ഈ പറയണത്. അല്ലാതെ ലോകം മൊത്തം മാറ്റി മറിക്കാം എന്ന തെറ്റിദ്ധാരണ കൊണ്ടൊന്നുമല്ല.
ശെരിയാണ് ആണുങ്ങൾ നന്നായി ബുദ്ധിമുട്ടിയാ കുടുംബം നോക്കുന്നത്... അതു മനസ്സിലാക്കാതെ ജീവിക്കുന്ന പെണ്ണുങ്ങളും ഒരുപാട് ഉണ്ട്.. എന്നാൽ ഭൂരിഭാഗവും കെട്ട്യോന്റെ കഷ്ടപ്പാട് മനസ്സിലാക്കി ജീവിക്കുന്നവരു തന്നെയാ..
ആണും, പെണ്ണും വായിക്കുമ്പോഴും, എഴുതുമ്പോഴും രണ്ടക്ഷരം മാത്രമുള്ള രണ്ടു വാക്കുകൾ ... എന്നാൽ ആ രണ്ടക്ഷരങ്ങൾക്കുള്ളിൽ ഉള്ള രണ്ടായിരം വ്യത്യാസങ്ങൾ പലരും മനഃപൂർവം വിട്ടു കളയുന്നു.
ഒരു ആൺകുട്ടി ജനിച്ചാൽ മധുരം വിളമ്പുന്നവർ .. പെണ്ണാണെങ്കി "ചിലവായല്ലോ അളിയോ " എന്നല്ലേ പറയാ. എന്തിനു ആദ്യത്തെ ഇരട്ട പെൺകുഞ്ഞുങ്ങൾ വന്നപ്പോൾ, പെണ്മക്കൾ മാത്രമുള്ള വീട്ടിൽ നിന്ന് കെട്ടിയാ പിന്നെ എങ്ങനെ ആണുണ്ടാകാനാണ് എന്ന് അമ്മായി പറഞ്ഞപ്പോൾ അധ്യാപകനായിട്ടും, കുഞ്ഞു ആണോ, പെണ്ണോ എന്നതിൽ പൂർണ്ണ ഉത്തരവാദിത്വം അച്ഛനാണെന്നു അറിഞ്ഞു വെച്ചിട്ടും ശ്രീയേട്ടൻ മൗനം പാലിച്ചു.. ഇല്ലേ?.. അങ്ങനെ ഇതുപോലെ ജനനത്തിൽ തുടങ്ങുകയാണ് പലയിടത്തും അവഗണനയുടെ കഥ.. എന്തോ ഒരു ഭാരം തലയിൽ വെച്ചപോലെ ആണ് പലരുടെയും ഭാവം..
മൂന്നുമാസം പ്രായമുള്ള കുഞ്ഞുങ്ങൾ പോലും ശാരീരികമായി ഉപദ്രവിക്കപ്പെടുന്ന ലോകത്തു തെറ്റ് ചെയ്യുന്നവരെ തിരുത്താൻ നിൽക്കാതെ, പെണ്മക്കളെ ആവശ്യത്തിലധികം അടക്കിയും, ഒതുക്കിയും, പേടിപ്പിച്ചും, മര്യാദ പഠിപ്പിച്ചും അങ്ങനെ ഒരു മാനസികാവസ്ഥയിൽ ആണ് പലരും വളർത്തുക... ഒതുങ്ങി ജീവിക്കേണ്ടവളാണ് പെണ്ണ്... പെണ്ണിനു മാത്രം നഷ്ടപെടുന്ന ഒന്നാണ് മാനം എന്ന് പറഞ്ഞു വളർത്തുന്നത് കൊണ്ടാണ് പല തെറ്റുകളും മൂടി വെക്കപ്പെടുന്നതും, പലർക്കും പല തെറ്റ് ചെയ്യാനും ധൈര്യം കിട്ടുന്നതും.. നീയിപ്പോൾ കാണിക്കുന്ന ദാഷ്ട്യവും വളർത്തു ദോഷാന്നെ ഞാൻ പറയു...
പിന്നെ... ഇന്നുകാലത്തു എട്ടും, പത്തും വയസ്സാകുമ്പോഴേക്കും പാഞ്ഞെത്തുന്ന ആർത്തവത്തെ പറ്റിയും, അതിന്റെ ബുദ്ധിമുട്ടുകളെ പറ്റിയും പലരും തിരിച്ചറിയപ്പെടാതെ പോകുന്നത് കൊണ്ടു തന്നെയാണ് വിളിച്ചു പറയേണ്ടി വരുന്നത്.. ആർത്തവരക്തം മാത്രമല്ല ബുദ്ധിമുട്ട്.. അതിനേക്കാളൊക്കെ എത്രയോ ഇരട്ടിയാണ് ഹോർമോണുകൾ ആർത്തവം തുടങ്ങുന്നതിനു ആഴ്ചക്കു മുന്നേ സ്ത്രീക്കുണ്ടാക്കുന്ന ശാരീരിക, മാനസിക പ്രശ്നങ്ങൾ.. പ്രീമെനസ്ട്രൂൾ സിൻഡ്രോം? അറിയോ മാഷിന്? ഒപ്പം ബ്ളീഡിങ്ങും വയറു വേദനയും... ശെരിക്കും ശരീരത്തിന്റെയും, മനസ്സിന്റെയും പിടിവിട്ടു പോകുന്നൊരാവസ്ഥയാണ് ഈ ആർത്തവം എന്നുള്ളത്... അതിന്റെ ബുദ്ധിമുട്ടുകളും പേറി പഠിക്കാൻ പോകുന്നവരെയും, ജോലിക്ക് പോകുന്നവരെയും പറ്റിയൊക്കെ ചിന്തിച്ചു നോക്കിയിട്ടുണ്ടോ നീ..
പലപ്പോഴും സ്വന്തം ശരീരവും, അതിൽ നടക്കുന്ന പ്രവർത്തനങ്ങളും തന്നെ പെണ്ണിന് ശത്രുവായി തീരുന്ന അവസ്ഥ... അതിലൊന്നാണ് ഇതും... വലിയൊരു പുണ്യമാണ് ഇതിന്റെ ലക്ഷ്യമെങ്കിലും അതിനുവേണ്ടി ഒരു പെണ്ണ് സഹിക്കുന്നത് ഒരുപാടാണ്.. അതു പോലെയാണ് തൈറോയ്ഡ് ഹോർമോണും, പോളിസിസ്റ്റിക് ഓവറി തുടങ്ങി സ്ത്രീ ശരീരത്തിന്റെ ബാലൻസ് തകർത്തു ഭ്രാന്തു പിടിപ്പിക്കുന്ന അവസ്ഥകൾ പലതാണ്...
കണക്കു പറയുന്നതല്ല നീ അറിഞ്ഞിരിക്കണം എന്ന് തോന്നി.. അതാ... ആ അവസ്ഥകളിൽ ഒന്ന് ചേർത്ത് പിടിക്കാൻ, സാരല്ലടി എന്നൊരു വാക്കു കേൾക്കാൻ അതൊക്കെയാണ് ഏതു പെണ്ണും ആഗ്രഹിക്കുന്നത്.. താരയെ കുറ്റപ്പെടുത്തുന്ന നീ എന്നെങ്കിലും അങ്ങനൊന്നു ചെയ്തിട്ടുണ്ടോ... അവളെയൊന്നു ചേർത്തു പിടിച്ചിട്ടുണ്ടോ..
പിന്നെ എത്ര പഠിച്ചു ഉയരങ്ങളിൽ എത്തിയാലും പെൺകുട്ടിയെ കെട്ടിച്ചു വിട്ടാലെ വീട്ടുകാരുടെ നെഞ്ചിലെ കനലടങ്ങു എന്നല്ലേ പറയാറ്... ജനിച്ചു വളർന്ന വീടും, കൂടും വിട്ടു അപരിചതമായ ഒരു വീട്ടിൽ ചെന്നു കേറേണ്ടി വരുന്ന ഒരു പെണ്ണിന്റെ അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ... നിനക്കതു സാധിക്കുമോ എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ.....
അങ്ങനെ ചെന്നു കേറുമ്പോൾ അവിടെയുള്ളവർ ഒറ്റപ്പെടുത്താനും, കുത്തുവാക്കു പറയാനും തുടങ്ങുമ്പോഴുള്ള കാര്യമോ.. ഇവിടെ അമ്മായിയും, ശ്രീലക്ഷ്മിയും താരയോട് കാട്ടി കൂട്ടിയതു എന്തൊക്കെയാ. അന്ന് മൗനം പാലിച്ചതല്ലാതെ നീ ഒരുവാക്ക് അവൾക്കായി മിണ്ടിയിട്ടുണ്ടോ... എന്നിട്ടിപ്പോ ആരാ അമ്മായിയെ നോക്കുന്നെ.. പോരെടുക്കാൻ കൂട്ടു നിന്ന മോളെന്താ നോക്കാൻ വരാത്തത് ഇപ്പൊ ..
വിഷമങ്ങൾ സ്വന്തം വീട്ടിൽ പോലും പങ്കു വെക്കാൻ സാധിക്കാതെ വരും പലപ്പോഴും.. പങ്കു വെച്ചാൽ തന്നെ പെണ്ണായാൽ പലതും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.. ജീവിതം അങ്ങന്യാ എന്നൊരു ഒഴുക്കൻ മട്ടും... കെട്ടിച്ചു വിട്ട മോളല്ലേ എങ്ങാനും തിരിച്ചു വന്നു ബാധ്യത ആയാലോ...
പിന്നെ കുട്ടി ഉണ്ടാകാൻ വൈകിയാൽ മച്ചി.. സിസ്സേറിയൻ ആയിപോയാൽ മേലനങ്ങാത്തവൾ...ആണുങ്ങൾക്കതൊന്നും ഒരിക്കലും കേക്കേണ്ടി വരാത്തത് കൊണ്ടു ആ വിഷമം മനസ്സിലാകില്ല..
പ്രസവശേഷം വരുന്ന പോസ്റ്റ്പാർട്ടം ഡിപ്രെഷൻ എന്ന മെന്റൽ ഡിപ്രെഷൻ പോലും മനസ്സിലാക്കാതെ... മുലയൂട്ടലും, ഗർഭധാരണവും, പ്രസവവും, ഉറക്കക്കുറവും, കുഞ്ഞിനെകുറിച്ചുള്ള ടെൻഷനും അവളിൽ ഉണ്ടാക്കുന്ന ശാരീരിക മാനസിക ആഘാതങ്ങൾ പോലും ഉൾക്കൊള്ളാതെ.. അവളെ കുറ്റപ്പെടുത്തുകയല്ലേ ആ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ള സ്ത്രീകൾ വരെ ചെയ്യാറ്..അതാണ് വിരോധാഭാസവും ഈ വിഷമങ്ങളൊക്കെ അനുഭവിച്ച പെണ്ണുങ്ങൾ പോലും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്ന പെണ്ണിനെ ഉൾകൊള്ളാൻ ശ്രമിക്കാതെ കുറ്റപ്പെടുത്തുന്നതു...
ഒപ്പം നിന്നെ പോലുള്ളവരുടെ വൃത്തിയില്ല, ഷേപ്പ് പോയി, നല്ല ഡ്രെസ്സിടില്ല തുടങ്ങിയ കുറ്റപ്പെടുത്തലുകൾ... ഇതിനിടയിൽ നോവുന്ന അവളുടെ മനസ്സു നീയൊക്കെ കാണാറുണ്ടോ ഹരി... മൂന്ന് കുഞ്ഞുങ്ങൾ നിനക്കുണ്ടായി ചില്ലറ ചില ബുദ്ധിമുട്ടുകൾ അല്ലാതെ നിനക്ക് എന്ത് നഷ്ടം വന്നു... നിനക്കു ശാരീരികമായി വല്ല ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ... പക്ഷെ വിവാഹനാൾ ഇവിടെ കയറി വന്നപ്പോൾ ഉള്ള താരയുടെ രൂപം ഇന്നും എന്റെ മനസ്സിലുണ്ട്.. അതു കണ്ടു മോഹിച്ചല്ലേ നീ കെട്ടിയതും.. എന്നിട്ടിപ്പോ നിനക്ക് വേണ്ടി കൂടി നഷ്ടപ്പെടുത്തിയ ശരീരത്തിന് കുറ്റം അല്ലേ...
അവള് ജോലി ഉപേക്ഷിച്ച കാര്യം നീ നിസാരമായി പറഞ്ഞില്ലേ.. B.Ed പഠിച്ചു ടീച്ചർ ആയിരുന്നവൾ ജോലി ഉപേക്ഷിച്ചു കുടുംബം നോക്കി ഇരിക്കുന്നത് സന്തോഷത്തോടെയാണെന്നു നിനക്ക് തോന്നുന്നുണ്ടോ... നിന്നെകൊണ്ട് സാധിക്കുന്നതാണോ അതു.. ആ ത്യാഗമൊന്നും കാണാതെ പോകരുത് കേട്ടോ...
നീ എന്നെ പുകഴ്ത്തിയല്ലോ.. എനിക്കുമുണ്ട് കുറ്റവും കുറവും.. ദൂരെ നിന്ന് കാണുമ്പോൾ ഒന്നും കണ്ണിൽ തെളിയില്ലെന്നു മാത്രം... വ്യത്യാസം എന്താണ് എന്ന് വെച്ചാൽ എന്നെ അറിഞ്ഞും മനസ്സിലാക്കിയും ഒപ്പം നിന്ന് സ്നേഹിക്കാൻ എന്റെ ശരത്തുണ്ട്.. അതാണെന്റെ ശക്തി.. ഞാനിങ്ങു പോന്നപ്പോൾ അച്ഛനുണ്ട് അവിടെ.. നീ ധൈര്യായി പൊയ്ക്കോ.. ഞാൻ മാനേജ് ചെയ്തോളാം എന്ന് പറയുന്നൊരു ഭർത്താവാണ് എന്റെ വിജയം...
നിന്നെ മാത്രം കുറ്റം പറയുന്നില്ല ഇതൊന്നും പറഞ്ഞു തരാതെയും, മനസ്സിലാക്കിക്കാതെയും ആൺമക്കളെ വളർത്തുന്നിടത്താണ് പല പ്രശ്നങ്ങളും തുടങ്ങുന്നത്... പക്ഷെ പെൺകുഞ്ഞുങ്ങളെ പലരും വിദഗ്ദമായി പറ്റിക്കാറുമുണ്ട്.. വിവാഹത്തിന് മുൻപ് എന്ത് പറഞ്ഞാലും ഒരു ഡയലോഗ് ആണ് കല്യാണം കഴിഞ്ഞു ഭർത്താവിനൊപ്പം... വിവാഹം കഴിഞ്ഞാലുള്ള അവസ്ഥ ഞാൻ പറയണ്ടല്ലോ അല്ലേ...
ഭാര്യയെ പൊന്നുപോലെ നോക്കുന്ന എന്റെ ശരത്തിനെ പോലുള്ള ഒരുപാടു നല്ല ഭർത്താക്കന്മാരുണ്ട്.. അതുപോലെ മരുമകളെ മകളായി ഉൾകൊള്ളുന്നവരും... അങ്ങനെ അല്ലാത്ത നിന്നെ പോലുള്ളവർ ഉള്ളത് കൊണ്ടാണ് ഞാൻ പറയുന്നത് ഹരി...
ഒന്നേ ഞാൻ പറയുന്നുള്ളു ഹരി.. ചുണ്ടിൽ ചായം പുരട്ടി ഉടുത്തൊരുങ്ങി അംഗലാവണ്യതരളിതയായി നിൽക്കുന്നവൾ മാത്രമല്ല സ്ത്രീ... ആരോ പറഞ്ഞപോലെ "വിയർക്കുന്നവളും വിസ്സർജ്ജിക്കുന്നവളുമാണ് സ്ത്രീ " ആ തിരിച്ചറിവ് ഉൾക്കൊണ്ട് മുന്നോട്ടു പോയാലെ സംതൃപ്തി ഉണ്ടാകു... അല്ലാതെ സ്വപ്നലോകത്തു മറ്റു പെണ്ണുങ്ങളുടെ ഗുണഗണങ്ങളുമായി ഭാര്യയെ താരതമ്യപ്പെടുത്തി ജീവിക്കുമ്പോൾ.. ഭാര്യയും അങ്ങനെ ചെയ്താലുള്ള അവസ്ഥ എന്താണ് എന്നൊന്ന് ചിന്തിക്കേണ്ടി വരും...
പലപ്പോഴും സ്ത്രീശരീരത്തെ, അതിലെ മാറ്റങ്ങളെ കലർപ്പില്ലാതെ മനസ്സിലാക്കിയാലേ അവളുടെ മനസ്സും അവൾക്കൊപ്പമുള്ള ജീവിതവും സംതൃപ്തമാകു...
നീ ഇതുകേട്ട് തിരുത്തും എന്ന് വെച്ചിട്ടൊന്നുമല്ല.. നീ താരയെ കുറ്റപ്പെടുത്തിയപ്പോ ഇതൊക്കെ നീ അറിഞ്ഞിരിക്കണം എന്ന് തോന്നി..
പറഞ്ഞു നിർത്തി ഹരിയെ നോക്കുമ്പോൾ ഹരിയുടെ കണ്ണ് മുഴുവൻ മുറ്റത്തു ഓടിക്കളിക്കുന്ന തന്റെ പെൺമക്കളിൽ ആയിരുന്നു..
അല്ലെങ്കിലും ആദ്യം മുറിവേൽക്കുക അച്ഛനല്ലേ.. ഭർത്താവിനല്ലല്ലോ...
(കഥയല്ലിതു ജീവിതം )
രചന : Aswathy Joy Arakkal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക