Slider

ശ്മാശാനത്തിലേക്കുള്ള കത്തുകൾ

0
ശ്മാശാനത്തിലേക്കുള്ള കത്തുകൾ
ഇവിടെ, ഈ പൊതുശ്‌മശാനത്തിന്റെ കാവലാളായിട്ട് കുറെയേറെ വർഷങ്ങളായി. എപ്പോൾ? എന്തിന്? എന്നൊന്നും ഇപ്പോൾ ഓർമ്മയിലില്ല. ഒരിക്കൽ ഒരു ബന്ധുവിന്റെ മൃതദേഹവുമായി വന്നപ്പോളാണെന്നു തോന്നുന്നു. ശ്മാശാനത്തിന്റെ കാവൽക്കാരൻ അന്ന് അവധിയിലായിരുന്നു. അയാൾക്കൊരിക്കലും അവധി എടുക്കുവാൻ കഴിഞ്ഞിരുന്നില്ല. മരണമില്ലാത്ത ദിവസമുണ്ടെങ്കിലല്ലേ അതിനു പറ്റൂ? മരണത്തിന്റെ ഗന്ധംപേറി അന്നയാൾ യാത്രയായി എന്ന് പിന്നീടറിയുവാൻ കഴിഞ്ഞു. ഒരുപാടുപേരേ ദഹിപ്പിച്ച മനുഷ്യൻ. പക്‌ഷേ, അയാളെ ദഹിപ്പിക്കാൻ അയാളുടെ ശ്വാസം നിറഞ്ഞുനിൽക്കുന്ന ഈ ശ്മാശാനത്തിനായില്ല. അയാൾ ഈ നാട്ടുകാരൻ ആയിരുന്നില്ല. അവധി എടുക്കുവാൻ കഴിയാതിരുന്നപ്പോൾ അയാൾ തകർന്നിരിക്കാം. ഭാര്യ, കുട്ടികൾ.. മാസത്തിലൊരിക്കൽ ചില കണ്ടുമുട്ടലുകൾ.. പക്‌ഷേ ജീവിക്കുവാൻ അയാൾക്കീ തൊഴിൽ അത്യാവശ്യമായിരുന്നിരിക്കാം. ഒരാളെയും ചുമതലയേൽപ്പിക്കാൻ കഴിയാതിരുന്ന ഒരുദിവസം അയാൾ ആരോടും പറയാതെ സ്വന്തം ഗ്രാമത്തിലേക്കുള്ള വണ്ടി പിടിച്ചു. ഗ്രാമത്തിലെത്തുന്നതിനു കുറച്ചുമുന്പായിരുന്നുവെന്നു തോന്നുന്നു. അയാൾ കയറിയ വണ്ടി മറ്റൊരുവണ്ടിയുമായി കൂട്ടിയിടിച്ചു. മരിച്ചത് അയാൾ മാത്രം. ഇതിനൊക്കെ എന്താ പറയുക? വിധിയെന്നോ.. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ ശ്രുംഖലയാണീ ജീവിതം. ആർക്ക് ? എവിടെ ? എപ്പോൾ?
കൃത്യമായി ഓർമ്മയില്ലെങ്കിലും അന്നായിരുന്നുവെന്നു തോന്നുന്നു.. കൊണ്ടുവന്ന മൃതദേഹം സ്വയം ദഹിപ്പിക്കേണ്ടിവന്നത് മനസ്സിനെ വല്ലാതെ സ്പർശിച്ചു. അന്വേഷിച്ചപ്പോൾ അറിഞ്ഞു അവിടെ കാലങ്ങളായി ഒരാൾ തന്നെയായിരുന്നു ഈ ജോലികളൊക്കെ ചെയ്തിരുന്നത്.. പകരക്കാരനെ അന്വേഷിച്ചു മടുത്തു. അങ്ങനെ പകരക്കാരനായി. പക്‌ഷേ ആ സുഹൃത്ത് ഒരിക്കലും മടങ്ങിവരികയില്ലെന്നോ, താൻ ഈ ജോലിയിൽ സ്ഥിരമാകുമെന്നോ അന്നറിഞ്ഞിരുന്നില്ല. അയാളെക്കുറിച്ചറിഞ്ഞതൊക്കെ പിന്നെപ്പോഴോ ആയിരുന്നു.
വീട്ടിൽ അമ്മ തനിച്ചായിരുന്നു. വിവാഹപ്രായമൊക്കെ കഴിഞ്ഞിരുന്നുവെങ്കിലും, അമ്മയുടെ നിർബന്ധം അസഹ്യമായിരുന്നെങ്കിലും അങ്ങനൊരു ചിന്ത മനസ്സിൽ ഒരിക്കലുമുണ്ടായിരുന്നില്ല. ജോലിയുണ്ട്, വരുമാനവുമുണ്ട്. നാട്ടുനടപ്പനുസരിച്ച് അടുത്തത് വിവാഹമാണ്. തനിക്ക് ഒരുവയസ്സുള്ളപ്പോൾ അമ്മയേ ഉപേക്ഷിച്ച് എങ്ങോട്ടോ കടന്നുകളഞ്ഞ അച്ഛനെക്കുറിച്ചോർക്കുമ്പോൾ വിവാഹത്തെക്കുറിച്ചും ദാമ്പത്യജീവിതത്തെക്കുറിച്ചും ഒരുതരം വേദനനിറഞ്ഞ ചിന്തയാണുണരുന്നത് മനസ്സിൽ. ഒരു ജീവിതത്തെ നരകാഗ്നിയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞ പൗരുഷം. അത് വേണ്ടാ.. ഇപ്പോൾ അമ്മയ്ക്ക് വേദനിക്കാൻ ഒരു കാരണംകൂടെ താനായിട്ട് വളർത്തിയെടുത്തിരിക്കുന്നു. അമ്മ മരിച്ചാലും ഈ ശ്മാശാനത്തിലേക്കുതന്നെയാണ് കൊണ്ടുവരപ്പെടേണ്ടത്.
അച്ഛനെക്കുറിച്ചുള്ള വേദന അമ്മയ്ക്ക് സഹിക്കാമായിരുന്നെങ്കിൽ ഇതും അമ്മ സഹിക്കും. ഇതൊരുതരം സ്വാർത്ഥതയാണല്ലേ? ആവാം. പക്‌ഷേ, മരിച്ചതിനുശേഷം ശ്‌മശാനത്തിൽപോലും അവഗണ ഏറ്റുവാങ്ങേണ്ടിവരുന്നവരെ കുറിച്ചോർക്കുമ്പോൾ അമ്മയുടെ ദുഃഖം എത്ര നിസ്സാരം. അമ്മയ്ക്ക് മനസ്സിലാകും ..
ഉണ്ടായിരുന്നൊരു നല്ലജോലി ഉപേക്ഷിച്ചു ഈ ജോലിക്കിറങ്ങിയതിൽ അമ്മയ്ക്കുണ്ടായ വ്യസനം പലപ്പോഴും പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ താനും അമ്മയേ സമാധാനിപ്പിച്ചിട്ടുണ്ട്.. ചിലതൊക്കെ ചില നിയോഗങ്ങളാണ് അമ്മേ.. 'അമ്മ പിന്നീടൊന്നും പറഞ്ഞിരുന്നില്ല
അധികം വൈകാതെ അമ്മയും ഇവിടെയെത്തപ്പെട്ടു. താനായിരുന്നു അന്നും കാവലാൾ.. ബന്ധുക്കൾ നടന്നുമറഞ്ഞപ്പോഴും അമ്മയുടെ ചിത കത്തിയെരിയുന്നതുവരെ കാത്തിരുന്നു
പിന്നിങ്ങോട്ട് എത്രയോ മൃതദേഹങ്ങൾ.. ഓരോ ശവശരീരത്തിനും ഓരോ കഥ പറയാനുണ്ടാകും.. പണക്കാരനും പാവപ്പെട്ടവനും ഒരേ മുഖഭാവമാണ് മരിച്ചുകഴിഞ്ഞാൽ.. അഹന്ത അവന്റെ മുഖത്ത് ദർശിക്കാൻ കഴിയില്ല.. ഒരുതരം ഭാവം.. എന്താ അതിനു പറയുക..
പണ്ട് പാവപ്പെട്ടവരും ദഹിപ്പിക്കാനോ മറവുചെയ്യാനോ ഒരിഞ്ചു ഭൂമിയില്ലാത്തവരോ ഒക്കെയായിരുന്നു വന്നിരുന്നത്. കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളാകുകയും, വീടും പറമ്പും പല ഖണ്ഡങ്ങളായി മുറിച്ചുമാറ്റപ്പെടുകയും, അവിടെയെല്ലാം കൂണുകൾപോലെ ഭവനങ്ങൾ എന്നവിളിപ്പേരിൽ കെട്ടിടങ്ങൾ ഉയരുകയും ചെയ്തപ്പോൾ മൃതദേഹങ്ങളുടെ എണ്ണം കൂടിവന്നു. അതിൽ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള അന്തരമില്ലായിരുന്നു.
രാവും പകലും ഇവിടെത്തന്നെ കഴിച്ചുകൂട്ടി. ഒത്തിരി വലിയവർ വന്നു അതില്കൂടുതൽ ചെറിയവർ.. ആനയും അമ്പാരിയും ഉണ്ടായിരുന്നവർ, ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്നവർ.. ഹേ ! മരണമേ.. നീയൊരു കേമൻ തന്നെ.
ആയിടയ്ക്കാണ് കൃഷ്ണപുരത്തുനിന്ന് ഒരു മൃതദേഹമെത്തുന്നത്.. കൂടെ ഒരു കത്തും. കത്തുംകൊണ്ടുവരുന്ന മൃതദേഹം ആദ്യമായിരുന്നു. കൂടെവന്നവർ കത്ത് കൈമാറിയപ്പോൾ ആശ്ചര്യം തോന്നി.
സുഹൃത്തേ,
താങ്കളെ എനിക്കറിയില്ല. എന്നാൽ താങ്കളുടെ നിസ്വാർത്ഥസേവനം എന്നെ കുറച്ചൊന്നുമല്ല വിവശനാക്കിയിരിക്കുന്നത്. ഞാനൊരു കവിയാണെന്ന് അനുവാചകർ പറയുന്നു. പക്‌ഷേ ഞാൻ ഒന്നുമല്ല എന്ന് ഞാനും.
കത്തിന്റെകൂടെയുള്ള മൃതദേഹം എനിക്ക് ഏറെ സ്നേഹമുള്ള ഒരാളുടെയാണ്. കൂടെ വരുവാൻ കഴിഞ്ഞില്ല. ക്ഷമിക്കുക. എന്റെ അപേക്ഷ സ്വീകരിച്ച് അദ്ദേഹത്തിന് ഉചിതമായ വിട നൽകുവാൻ താല്പര്യപ്പെടുന്നു.
എന്ന്,
കൃഷ്ണപുരം
(കൃഷ്ണപുരം എന്റെ തൂലികാനാമമാണ്.. നേരിട്ട് വരുമ്പോൾ സ്വന്തം പേര് വെളിപ്പെടുത്തുന്നതായിരിക്കും)
അതുകൊണ്ടുതന്നെ ആരോടും ചോദിക്കാനും പോയില്ല. കൃഷ്ണപുരം എന്ന തൂലികാനാമത്തിൽ എഴുതുന്നയാളിനെയൊട്ടു പരിചയവും തോന്നുന്നില്ല.. വായന തീരെയില്ല.. പണ്ട് വായിച്ചിരുന്നു.. ഇവിടെ ചേക്കേറിയതിനുശേഷം വായന വിട്ടു. പത്രങ്ങൾ വായിക്കാറുണ്ട് അത്രമാത്രം. കൃഷ്ണപുരം നല്ലൊരു കവിയായിരിക്കുമെന്നു മനസ്സിലുറപ്പിച്ചു. കാരണം നന്മയുള്ള ഒരു മനസ്സ് അയാൾക്കുണ്ട്. അയാളോടൊന്നു സംസാരിക്കണമെന്ന് തോന്നി. കൂടെയുള്ളവരോട് നമ്പർ വാങ്ങിവച്ചെങ്കിലും ഒരിക്കലും അങ്ങോട്ട് വിളിക്കാൻ തോന്നിയില്ല.. പിന്നെയും പലപ്പോഴും കൃഷ്ണപുരത്തുനിന്നു മൃതദേഹങ്ങൾ എത്തിയിരുന്നു. കൂടെ കൃഷ്ണപുരത്തിന്റെ കത്തും.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വരുന്നവർ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരാണ്.. ഒരിക്കൽ ആരോ പറഞ്ഞറിഞ്ഞു അവിടെവരെയെത്താനുള്ള വണ്ടിക്കൂലിയും ചടങ്ങിനുള്ള തുകയുമൊക്കെ കൃഷ്ണപുരം തന്നെയാണ് വഹിക്കുന്നതെന്ന്.. അതോടെ അദ്ദേഹത്തോട് ഒരാദരവ് മനസ്സിൽ മുളപൊട്ടിയിരുന്നു. അപ്പോഴൊക്കെ തീരുമാനിക്കും അദ്ദേഹത്തെ ഒന്ന് വിളിക്കണമെന്ന്. പിന്നെ ഒന്നും രണ്ടും മൂന്നും മൃതദേഹങ്ങൾ കഴിയുമ്പോൾ മനസ്സ് മരവിക്കും.. തോന്നാറില്ല പിന്നെ വിളിക്കാൻ..
ചില കരച്ചിലുകൾ.. ചില പിറുപിറുക്കലുകൾ.. ചില ദേഷ്യപ്പെടലുകൾ .. കൂടെവരുന്നവർ അങ്ങനെയാണ്.. ക്ഷമയില്ലാത്തവർ ആയിരിക്കും കൂടുതൽ.. ഒരു സമയത്ത് ഒന്നിൽകൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കുവാനുള്ള സൗകര്യമുണ്ട്.. പക്‌ഷേ, പറഞ്ഞിട്ടെന്താ കാര്യം.. താനൊരൊറ്റയാളല്ലേയുള്ളു. അപ്പോൾ ചിലപ്പോൾ ചിലർക്ക് താമസം നേരിടും.
ഇങ്ങോട്ടു വരുമ്പോൾ കരുവാളിച്ചിരിക്കുന്ന മുഖങ്ങൾ തിരികെപോകുമ്പോൾ തെളിഞ്ഞുകാണുന്നതും പതിവുതന്നെ. സംസ്കരിച്ചു കഴിയുമ്പോൾ മരിച്ചവർ അവരുടെ ചിന്തകളിൽനിന്നു പറന്നുപോകാറുണ്ടായിരിക്കും . കരഞ്ഞുകണ്ണീരൊലിപ്പിച്ചുവരുന്ന മക്കൾ തിരികെപ്പോകുമ്പോൾ സ്വത്തിനാവകാശം പറഞ്ഞു വഴക്കുണ്ടാക്കുന്നതും പതിവുകാഴ്ച്ചതന്നെ.
കൃഷ്ണപുരത്തെ കാണാനുള്ള മോഹം മനസ്സിലുണ്ടെങ്കിലും അതിനു കഴിയാറില്ല. കൃഷ്ണപുരം ദേശം അത്ര ദൂരെയല്ല. പക്‌ഷേ പകരക്കാരനില്ലാതെ പോകുവാനാവില്ല. അവധി എടുക്കുവാനും കഴിയില്ല.
ഒന്നു തീരുമാനിച്ചിരുന്നു. ഇനി അദ്ദേഹത്തെ വിളിക്കില്ല. അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെടും. ഓരോ എഴുത്തിലും അദ്ദേഹത്തിന് തന്നോടുള്ള വാത്സല്യം കൂടിവരുന്നത് അക്ഷരങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ തന്നെക്കാണുമ്പോൾ അദ്ദേഹത്തിന്റെ മുഖഭാവം എന്താകും? അദ്ദേഹം തന്നെക്കുറിച്ചൊരു കവിത എഴുതുമായിരിക്കും.. താമസസ്ഥലമൊക്കെ വരുന്നവരോട് ചോദിച്ച് മനസ്സിലാക്കിവച്ചിട്ടുണ്ട്.. അദ്ദേഹം വീട്ടിൽത്തന്നെയാണുള്ളതെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.
ശനിയാഴ്ച വളരെ കഷ്ടപ്പെട്ട് ഒരാളെ പകരത്തിനു കണ്ടെത്തി. ഒരു മണിക്കൂർ. അത്രയേ വേണ്ടൂ.. ആ സമയത്ത് ആരും മരിക്കരുതേയെന്നുള്ള പ്രാർത്ഥനയായിരുന്നു. കാരണം മറ്റൊന്നുമല്ല പകരത്തിനുവന്നയാൾ വല്ലപ്പോഴുമൊക്കെ സഹായിക്കാൻ എത്താറുണ്ട്. പക്‌ഷേ, അദ്ദേഹം മൃതദേഹത്തിൽ തൊടണമെങ്കിൽ രണ്ടെണ്ണം അകത്താക്കണം. അത് വരുന്നവരോടുതന്നെ വാങ്ങിക്കൊണ്ടുവരാൻ പറയുകയും ചെയ്യും. സംസ്കരിക്കാൻ വന്നവർ ആദ്യം മദ്യത്തിന് ക്യൂ നിൽക്കേണ്ടിവരുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കിയേ.. അടക്കം കഴിയുമ്പോൾ തൊണ്ണൂറു ശതമാനവും ക്യൂ നിൽക്കാറുണ്ടെന്നുള്ളത് പരസ്യമായ രഹസ്യം മാത്രം.
രാവിലെ വന്ന രണ്ടു മൃതദേഹങ്ങൾ ദഹിപ്പിക്കുവാനുള്ള സൗകര്യങ്ങൾ ചെയ്തതിനുശേഷമാണ് കുളിച്ചൊരുങ്ങി പുറത്തിറങ്ങിയത്. ഗേറ്റ് കടക്കുന്നതേയുണ്ടായിരുന്നുള്ളു, മറ്റൊരു വാഹനം എത്തിക്കഴിഞ്ഞു. തിടുക്കപ്പെട്ട് ഡ്രൈവർ ഒരു കാത്തേൽപ്പിച്ചു. കൃഷ്ണപുരത്തിന്റെയാണല്ലോ? ഇനി ഈ ശരീരം അടക്കാതെ പോകുന്നത് അദ്ദേഹത്തെ വിഷമിപ്പിക്കും.
മുന്നോട്ടുവച്ച കാലുകൾ പിന്നോട്ട് വലിച്ചു. കത്ത് തുറന്നു.
സുഹൃത്തേ,
പലപ്പോഴായി താങ്കളെ വളരെയേറെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നറിയാം. ഒരു നല്ല കാര്യത്തിനല്ലേ എന്നോർത്ത് എന്നോട് ക്ഷമിക്കണം. ഈ എഴുത്ത് ഒരുപക്ഷേ താങ്കളെ പഴയതുപോലെ വിഷമിപ്പിച്ചേക്കാം, എങ്കിലും എനിക്കിഷ്ടമാണ് താങ്കളെ വിഷമിപ്പിക്കുന്നത്. കാരണം ഈ കത്തിന്റെ കൂടെവരുന്നത് ഞാൻ സ്വയമാണ്. ഇനിയൊരു കത്ത് താങ്കൾക്കെഴുതുവാനാവില്ലല്ലോ എന്നോർത്ത് എനിക്കും സങ്കടമുണ്ട്. എന്ത് ചെയ്യാം.. ? ഒരിക്കൽ എല്ലാവര്ക്കും താങ്കളുടെയടുക്കാൻ വന്നല്ലേ മതിയാവൂ..
എന്ന്,
കൃഷ്ണപുരം
ആ മുഖത്തേക്ക് ഒരു പ്രാവശ്യമേ നോക്കിയുള്ളൂ.
അമ്മയുടെ മുഖത്തുകണ്ടിരുന്ന വേദനയുടെ ഉറവിടം ഇതാ ലേശംപോലും സങ്കടമില്ലാതെ കിടക്കുന്നു...നേരിൽക്കാണുമ്പോൾ പേര് പറയാമെന്നു പറഞ്ഞ കൃഷ്ണപുരം.. ആ പേര് ഇനിയിവിടെ പറയേണ്ടുന്ന ആവശ്യമുണ്ടെന്നു തോന്നുന്നില്ല
വേണു 'നൈമിഷിക'

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo