Slider

മോഷണം

0
മോഷണം.
...................
കോരിച്ചൊരിയുന്ന മഴയിലൂടെ കമ്പികൾ ഒടിഞ്ഞ് തൂങ്ങിയ കുടയുടെ സംരക്ഷണത്തിൽ തിരക്കിട്ട് നടക്കുമ്പോൾ അവൾക്ക് ആരോടെന്നില്ലാത്ത കടുത്ത അമർഷം തോന്നി. ഈ നശിച്ച മഴയാണ് എല്ലാത്തിനും കാരണം.. തോരുമെന്ന് വിചാരിച്ച് കാത്തിരുന്നത് മണ്ടത്തരമായി..നനഞ്ഞ ഈ കോലത്തിൽ എങ്ങനെ ഫ്ലോറിൽ കയറും... സമയവും വൈകിയിരിക്കുന്നു... ഓപ്പറേഷനൽ മാനേജറുടെ മുഖമിന്ന് മഴക്കാറിനേക്കാൾ കറുക്കും.. ഈ കുടയൊന്ന് നന്നാക്കണമെന്ന് വെച്ചിട്ട് കുറച്ചായി.. എന്തോ മഴ വരുമ്പോഴാണ് കാര്യം ഓർമ്മ വരിക.. വല്ലാത്ത മറവി തന്നെ.
ഒരു തരത്തിൽ ഓഫീസ് എത്തി.നനഞ്ഞ കുട മാറ്റി വെച്ചു.. ഫ്ലോറിലേക്ക് ഫോൺ കൊണ്ട് പോവാൻ കഴിയില്ല..ധൃതിയിൽ ലോക്കറിലേക്ക് ഫോൺ വെച്ചു.. ചെന്ന് കയറിയത് OM ന്റെ മുമ്പിലേക്കാണ്.. നെഞ്ചിലേക്ക് തുളച്ച് കയറിയ അയാളുടെ കണ്ണുകളിൽ കോപമല്ലായിരുന്നു മറ്റൊരു വികാരം.. അവൾ ഏറെ വെറുക്കുന്ന ഒന്ന്.. അമർഷത്തോടെ ഷാൾ വലിച്ചിട്ട് സീറ്റിലേക്ക് നടന്നു.
പതിവ് പോലെ അന്നും ഒരുപാട് കാളുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു.പരാതികളും രോഷ പ്രകടനങ്ങളും.. ഇടക്ക് അടുത്ത സീറ്റിലേക്ക് നോക്കി.. ആശിഖ് ഇത് വരെ എത്തിയിട്ടില്ല. തന്നേക്കാൾ ഒരു മണിക്കൂർ വൈകിയാണ് അവന് ഷിഫ്റ്റ് തുടങ്ങുന്നത്.. സമയമാവുന്നതെ ഉള്ളൂ.. ഒരു പാവം പിടിച്ച ചെക്കൻ.. ഈ അടുത്ത കാലത്താണ് ഇവിടെ ജോയിൻ ചെയ്തത്.. അന്ന് ഒന്നും അറിയാത്ത അവന് സഹായിയായത് താനായിരുന്നല്ലോ.. പിന്നീട് നല്ല കൂട്ടായി.. ടീം ലീഡറുടെ കണ്ണിൽ പെടാതെ കാൾസ് ബ്ലോക്ക് ചെയ്യുന്ന ഒരു പരിപാടി ഉണ്ടായിരുന്നു.. ഇടക്ക് അങ്ങനെ ചെയ്ത് ആശിഖ് കൊണ്ട് വരുന്ന കപ്പലണ്ടിയും കൊറിച്ച് ചുമ്മാ കത്തിയടിച്ചിരിക്കും.. ചെക്കന്റ കുസൃതിച്ചിരിയിൽ ഇല്ലാതെ പോയ അനിയനെ കണ്ടെത്താൻ മന:പൂർവം ശ്രമിക്കുകയായിരുന്നു.
അൽപം കഴിഞ്ഞപ്പോൾ ആശിഖ് കയറി വന്നു.. അവൻ ഇടം വലം നോക്കാതെ സിസ്റ്റം ലോഗിൻ ചെയ്ത് കാൾസ് എടുക്കുകയാണ്.. ഇടക്ക് ഗ്യാപ് കിട്ടിയപ്പോൾ എന്ത് പറ്റിയെടാ മാക്രിയെന്ന് ഞാൻ കളിയാക്കി ചോദിച്ചു.. അവൻ ഒന്നുമില്ലെന്ന ഭാവത്തിൽ തല കുലുക്കിയതേ ഉള്ളൂ...
എന്റെ ബ്രേക്ക് ടൈമായി.. ആശ്വാസത്തോടെ എഴുന്നേറ്റ് ആശിഖിന്റെ തലക്ക് ഒരു കിഴുക്കും കൊടുത്ത് പുറത്തേക്കിറങ്ങി. വാഷ് റൂമിലൊക്കെ പോയി ഒന്ന് ഫ്രഷായി ഫോൺ വെച്ച ലോക്കറിനടുത്തെത്തിയപ്പോൾ നെഞ്ചൊന്ന് പിടഞ്ഞു... ഇത് ഞാൻ പൂട്ടിയില്ലായിരുന്നോ.. തിടുക്കത്തിൽ അകത്തേക്ക് നോക്കിയപ്പോൾ ഫോൺ കാണുന്നില്ല! ബാഗിൽ പരതിയപ്പോൾ താക്കോൽ അവിടെ തന്നെയുണ്ട്.. അപ്പോൾ...
ഇവിടത്തെ മൂന്ന് മാസത്തെ ശമ്പളത്തിന്റെ വില വരും ആ ഫോണിന്.. ഏറെ കൊതിച്ച് ..കൂട്ടി വെച്ച പണം കൊണ്ട് വാങ്ങിയതാണ്. എന്റെ നിൽപ് കണ്ട് കാര്യം എന്താണെന്ന് എല്ലാവരും അന്വേഷിക്കുനുണ്ട്. റീമയുടെ മൊബൈലിൽ നിന്ന് എന്റെ നമ്പറിലേക്ക് ഡയൽ ചെയ്ത് നോക്കി.. സ്വിച്ച്ഡ് ഓഫ് ആണ് പോലും.. ശരീരം തളരുന്നത് പോലെ തോന്നി.. വെറുതെ നിന്നിട്ട് കാര്യമില്ലല്ലോ..നേരെ IT സെക്ഷനിലോട്ട് ചെന്നു.. കാര്യം പറഞ്ഞപ്പോൾ അവർ സി.സി ടി.വി റെക്കോർഡ്സ് നോക്കാമെന്ന് പറഞ്ഞു. അതിന് ശേഷം പോലീസിൽ പരാതി കൊടുക്കാമെന്നായിരുന്നു എല്ലാവരുടേയും ഉപദേശം.
അന്ന് വല്ലാത്ത ഒരു മരവിപ്പോടെയാണ് മുറിയിലെത്തിയത്. സഹിക്കാൻ പറ്റാത്ത വിഷമം. വരാൻ നേരം ആശിഖിനെ നോക്കിയിട്ട് കണ്ടില്ല.. അവനിതൊന്നും അറിഞ്ഞില്ലെ ആവോ.. ഫോൺ ചെയ്ത് നോക്കിയിട്ടും കിട്ടുന്നില്ല.. രാത്രിക്ക് പതിവില്ലാത്ത നീളമായിരുന്നു... നെഞ്ചിലൊരു വലിയ ഭാരം പകരം തന്നാണ് കള്ളൻ മോഷണ മുതലും കൊണ്ട് പോയത്.
പിറ്റേന്ന് ഫ്ലോറിലിരിക്കുമ്പോൾ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു.സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് പോലും..ഓരോ രംഗങ്ങളും ഞാൻ ആകാംഷയോടെ നോക്കി. അൽപം കഴിഞ്ഞപ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടുന്നത് പോലെ തോന്നി.. ഒരാളുണ്ട് അറുപതാം നമ്പറുള്ള എന്റെ ലോക്കർ തുറക്കുന്നു.. സാർ... ഇതാണ്.. ഞാൻ അറിയാതെ അലറി.. കള്ളൻ ബുദ്ധിമാൻ തന്നെ.. മഴക്കോട്ട് കൊണ്ട് ആകെ മൂടി ക്യാമറക്ക് മുഖം തരാതെ ഫോൺ മാത്രം കയ്യിലാക്കുന്നു... ഇതിപ്പോൾ ആളെ എങ്ങനെ കണ്ട് പിടിക്കാനാ.. ദൃശ്യങ്ങൾ നോക്കുന്ന ചേട്ടൻ നിരാശയോടെ തലയാട്ടി. ആളെ തിരിച്ചറിയാൻ പറ്റുന്നുണ്ടോ? എല്ലാവരുടേയും നോട്ടം എന്റെ മുഖത്തായി.. ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി പോന്നു!
ഫ്ലോറ്റിലെത്തിയപ്പോൾ ഒഴിഞ്ഞ് കിടക്കുന്ന ആശിഖിന്റെ സീറ്റ് കണ്ടു...ആശിഖ് അന്ന് വന്നിട്ടില്ലായിരുന്നു.. അവനിനി വരില്ലല്ലോ..!! മഴക്കോട്ട് കൊണ്ട് മുഖം മറക്കുമ്പോൾ ഞാൻ വാങ്ങി തന്ന നീലക്കല്ല് വെച്ച മോതിരം ഊരി മാറ്റാൻ നീ എന്ത് കൊണ്ട് മറന്നു ആശിഖ് ?
മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഒരു കൊറിയർ രൂപത്തിൽ എനിക്കെന്റെ ഫോൺ തിരികെ കിട്ടി.. അതിലൊരു കുറിപ്പും കൂടിയുണ്ടായിരുന്നു..
" പൊറുക്കണം.. മുന്നിൽ വന്ന് നിൽക്കാനുള്ള ധൈര്യമില്ല.. മോഷ്ടിക്കുമ്പോൾ അതിലും വലിയ എന്തോ ഒന്ന് എന്നിൽ നിന്ന് മോഷ്ടിക്കപ്പെട്ടിരുന്നു.. തിരിച്ച് കിട്ടാത്ത നഷ്ടത്തിന്റെ ഭാരം മാത്രമാണ് മനസ്സിൽ... ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു.. ഇനി കാണാതിരിക്കട്ടെ..."
വായിച്ച് കഴിഞ്ഞപ്പോൾ എന്തിനായിരുന്നു എന്റെ കണ്ണുകൾ ഞാൻ പോലുമറിയാതെ നിറഞ്ഞ് തുളുമ്പിയത്?..!
- യൂനുസ് മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo