Slider

യൗവനത്തിന്റെ തളിരിലകൾ

0
യൗവനത്തിന്റെ തളിരിലകൾ ഉണങ്ങി കൊഴിയാറായെങ്കിലും ഇന്നും അവന് അവളുടെ വിയർപ്പുതുള്ളികളുടെ ഗന്ധം ഒരു അനുഭൂതിയായിരുന്നു..
അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ അങ്ങിങ്ങായി പറ്റിനിന്ന വിയർപ്പുതുള്ളികളിൽ പതിഞ്ഞു...
പെട്ടെന്ന് അവന്റെ കണ്ണുകൾ അലസമായി പാറികിടക്കുന്ന അവളുടെ ചുരുണ്ടതലമുടിയിലുടക്കി. അവന്റെ വിരലുകൾ മെല്ലെ അവളുടെ ആ നരച്ചമുടിയെ താലോലിച്ചു. ചെറുപുഞ്ചിരിയോടെ അവൻ പറഞ്ഞു.
"ആമി,നീ അറിഞ്ഞോ,നിനക്ക് വയസ്സായി.."
"എന്താ,മനസ്സിലായില്ല.."
കറുപ്പും വെളുപ്പും ഇടകലർന്ന ഒരു നരച്ചമുടി മെല്ലെ പിഴുത് അവൻ അവളുടെ കൈക്കുമ്പിളിൽ വെച്ചു.
"ഞാൻ ശ്രദ്ധിച്ചില്ല.. നിങ്ങളെ പോലെ രാവിലെ ഒരുങ്ങി ഓഫീസിൽ പോയാൽ പോരല്ലോ എനിക്ക്..ഇവിടെ നൂറുകൂട്ടം പണിയുണ്ട്"..
തെല്ലു പരിഭവത്തോടെയും അമർഷത്തോടെയും അവൾ ആ നരച്ച തലമുടി മുറിയുടെ ഒരു കോണിലുള്ള തുറന്നിട്ട ജനവാതിലിലൂടെ നീ ഒരിക്കലും തിരികെ വരരുതെയെന്നോതി ഒരു അപ്പൂപ്പൻ താടിയെപ്പോലെ കാറ്റിൽ പറത്തി. കാറ്റിലാടിക്കളിച്ച് ഒടുവിലത് മുറ്റത്തുനിൽക്കുന്ന ആൽമരത്തിന്റെ ഇലയിൽ പറ്റിപിടിച്ചതവൾ നോക്കി നിന്നു. ശത്രുവിന്റെ ശിരസ്സുഛേദിച്ച ആഹങ്കാരത്തോടെ അവൾ ആ കാഴ്ച്ച ആസ്വദിച്ചു. യൗവനത്തിന്റെ ബാഹ്യസൗന്ദര്യം അസ്തമിക്കാറായെങ്കിലും അന്തരംഗങ്ങളിൽ അവൾ ആ യാഥാർഥ്യം നിഷേധിച്ചു.
പത്തുവർഷങ്ങൾക്കു മുൻപ് അവൾ ആ ഇരുനിലവീടിന്റെ പടികടന്നു നിലവിളക്കേന്തി വന്നപ്പോൾ ആ ആൽമരം ഒരു ചെറിയ മരമായിരുന്നു.ഇന്നതിന്റെ ശിഖരങ്ങൾ പടർന്നു പന്തലിച്ച് നെഞ്ചുവിരിച്ച് അവളെ കളിയാക്കുന്നതുപോലെ അവൾക്ക് തോന്നി..
ഇളംനീലപൂശിയ മുറിയുടെ ഒരു മൂലയിൽ തൂങ്ങികിടക്കുന്ന കണ്ണാടിയിൽ നോക്കി അവൾ നെറ്റിയിലെ ചുളിവുകൾ എണ്ണി..3 എണ്ണം.അമ്മിണി പശുവിന്റെ പുറകെയുള്ള ഓട്ടത്തിലും, അടുക്കളയിലെ ചാരത്തിനിടയിലും, രണ്ടു മക്കളെ വളർത്തിയത്തിന്റെ തിരക്കിലും അവൾ അവളെതന്നെ മറന്നുകഴിഞ്ഞിരുന്നു. അവളുടെ മോഹങ്ങൾ, അവളുടെ സ്വപ്‌നങ്ങൾ, അവളുടെ ചിന്തകൾ, അവളുടെ തൂലികയും എല്ലാമെല്ലാം തട്ടുംപുറത്തു മാറാല പിടിച്ചു പഴകിയ ഓട്ടുവിലക്കുപോലെ മറന്നു കഴിഞ്ഞിരുന്നു.
ജനവാതിലിലൂടെ മെല്ലെ അവളെ തഴുകിയ നേരിയ കാറ്റും, അവളുടെ ചിന്തകളും അവളെ ഒരുപാടു വർഷങ്ങൾ പിന്നോട്ട് കൂട്ടിക്കൊണ്ടുപോയി.
കലാലയത്തിലെ പ്രണയവും,കവിതയും, കഥകളും, സുഹൃത്തുക്കളും, അവളുടെ ഡയറിയുമെല്ലാം അവളുടെ തലച്ചോറിനെ ലഹരിയുടെ ആഴങ്ങളിലെത്തിച്ചു.
മുറിയുടെ ഒരു വശത്തുള്ള ഭിത്തിയലമാരിയിൽ പൊടിപിടിച്ചു കിടക്കുന്ന അംഗീകാരപത്രങ്ങളും അംഗീകാരശില്പങ്ങളും അവൾ കൺനിറയെ നോക്കിക്കണ്ടു. ഒപ്പം ചില്ലുകൂട്ടിനുള്ളിൽ അവൾ മനഃപൂർവം പണ്ടെന്നോ മറന്നുവെച്ച അവളുടെ സ്വപ്‌നങ്ങൾ അവൾ പൊടിതട്ടി മിനുക്കിയെടുത്തു. ഇനിയൊരിക്കലും അവളുടെ സ്വപ്‌നങ്ങൾ ക്ലാവ് പിടിച്ചു പഴകുവാൻ അവൾ അനുവദിക്കില്ല എന്നവൾ ഉറപ്പിച്ചു.
ജനവാതിലിലൂടെ വിദൂരതയിലേക്ക് നോക്കി സ്വപ്‌നങ്ങലിൽ അലിഞ്ഞു ചേർന്നവളെ അവന്റെ കരങ്ങൾ തൊട്ടുണർത്തി.
"എന്താ പെണ്ണെ,നീ ചിന്തിക്കുന്നേ?"
"എനിക്കൊരു കാര്യം പറയണം വിനുയേട്ടാ"
"എന്താ..എന്തായാലും നീ പറ.."
"എനിക്കിനിയും എഴുതണം.."
പറഞ്ഞു കഴിഞ്ഞതും അവൾ ദൂരേയ്ക്ക് നോട്ടമെറിഞ്ഞു.
"ആമി...നീ എന്റെ മുഖത്ത് നോക്ക്...നിന്നോട് ഞാൻ എപ്പോഴെങ്കിലും പറഞ്ഞോ എഴുതരുതെന്നു?"
"ഇല്ല"
"നിനക്ക് ഇഷ്ടമുള്ളത് നീ ചെയ്തോളൂ.. കൂടെ ഞാൻ ഉണ്ടാകും.."
അവളുടെ നുണക്കുഴികവിളുകൾ അവനെ നോക്കി പുഞ്ചിരിച്ചു. തന്നെ മനസ്സിലാക്കുന്ന ഒരു പതിയെ ലഭിച്ചതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു. അവളുടെ വെള്ളാരം കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു തിളങ്ങി.
ചിറകറ്റ പക്ഷിയായിരുന്നവൾ. സ്വപ്‌നങ്ങൾ എപ്പോഴോ എവിടെയോ വെച്ച് താഴിട്ടുപൂട്ടി താക്കോൽ നഷ്ടപെട്ട ഒരു വേഴാമ്പലായിരുന്നവൾ. പക്ഷെ ഇനിയവൾ നാലുചുവരുകളിൽ നിന്നും പറന്നുയരും. സ്വപ്നങ്ങൾക്ക് ചിറകുകളേകി അവൾ ആകാശകോട്ടകളിൽ ചേക്കേറും. ചിറകറ്റ പക്ഷിയല്ലവൾ. പാറിപറന്നു ഉയരങ്ങൾ കീഴടക്കേണ്ട ചെമ്പരുന്താനവൾ.
അവളുടെ ചിറകുകൾ ആഞ്ഞടിക്കുന്ന ശബ്ദംകേട്ട് എതിരെ വരുന്ന കാറ്റുപോലും ഭയപ്പെട്ടു. ചിറകടിച്ചുയരുന്ന ശബ്ദംകേട്ട് ഞെട്ടിയുണർന്നു ക്ഷുഭിതരായി ലോകം അവളുടെ ചിറകുകൾ ഛേദിക്കുമോ? ചങ്ങലകളിൽ അവളെ ബന്ധിച്ചു അവളെ കൂട്ടിലടയ്ക്കുമോ? അവളുടെ സ്വപ്നങ്ങൾക്കും ചിന്തകൾക്കും കടിഞ്ഞാണിടുമോ?
കെട്ടുപിണഞ്ഞ ഒരായിരം ചോദ്യങ്ങൾ അവളുടെ മനസ്സിനെ വരിഞ്ഞുമുറുക്കി.
മുറിയുടെ കിഴക്കേവശത്തുള്ള മെശമേലിരുന്നു പത്തുവർഷങ്ങൾക്കു ശേഷം അവൾ തൂലികയെ മാറോടണച്ചു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo