നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാളു (കഥ)

കാളു (കഥ)
____________
ഇതൊരു പ്രാര്‍ത്ഥനയാണ്. ദിവസംതോറും നമ്മള്‍ നടത്താറുള്ള സാധാരണ പ്രാര്‍ത്ഥനയല്ല, ഒരിക്കലൊരുനിമിഷത്തില്‍ ഒരുവിഭാഗത്തോടൊപ്പംചേര്‍ന്ന് 'ദൈവമേ ഞങ്ങളെ രക്ഷിക്കണേ' എന്ന് പറഞ്ഞുപോകാറില്ലേ? അങ്ങനെയൊരു പ്രാര്‍ത്ഥന! ആ പ്രാര്‍ത്ഥനയെപറ്റി പറയുന്നതിനുമുന്‍പ് കാളുവിനെക്കുറിച്ച് പറയണം.
കാളു ഒരു ബുദ്ധിരാക്ഷസനാണ്. പറയെടുപ്പിനുവരുന്ന വെളിച്ചപ്പാടിനെ വണങ്ങുന്നതും, അടയ്ക്ക മോഷ്ടിച്ച ഭിക്ഷക്കാരന്‍റെ കോളറില്‍ കയറിപ്പിടിച്ചതുമൊക്കെ അതിനുള്ള ചെറിയ ഉദാഹരണങ്ങളാണ്. ജീവിതത്തില്‍ ചങ്ങലയെന്തെന്ന് കാണാത്തവന്‍ ഒരു ദേശത്തിന്‍റെതന്നെ കാവലാളായിരുന്നു. ഏതുവീട്ടിലും കളുവിന് സ്ഥാനമുണ്ട്, ഭക്ഷണമുണ്ട്, തലോടലുകളുണ്ട്. ഇങ്ങനെ ഊരുതെണ്ടുന്നകാരണത്താല്‍ ഇടക്കിടെ പട്ടിപിടുത്തക്കാരുടെ മുന്നില്‍ അകപ്പെടാരുമുണ്ട്. എത്ര തന്ത്രശാലിയായ പട്ടിപിടുത്തക്കാരനുമായിക്കോട്ടേ, കാളുവിനെ പിടികൂടണമെങ്കില്‍ അവനൊരിക്കല്‍കൂടി ജനിക്കേണ്ടിവരും! ഞാനിത്ര തറപ്പിച്ചുപറയാനുള്ള കാരണം മറ്റൊന്നുമല്ല, പിടികൊടുക്കാതിരിക്കാനും അവരെ കുരങ്ങുകളിപ്പിക്കാനുമുള്ള കാളുവിന്‍റെ കഴിവ് അപാരമായിരുന്നു.
കുട്ടിക്കാലത്ത് കാളുവിന് പഞ്ഞിക്കെട്ടില്‍ തീര്‍ത്ത പാവക്കുട്ടിയുടെ രൂപമായിരുന്നു. തൂവെള്ളനിറവും, ദൈവം അനുഗ്രഹിച്ചുചാര്‍ത്തിയ തിരുനെറ്റിയിലെ കറുത്ത പൊട്ടും! ഒരിക്കല്‍ അലുമിനിയം കുടുക്കയില്‍ തലകുടുക്കി അവനൊപ്പിച്ച കുസൃതിത്തരങ്ങള്‍ ഇന്നോര്‍ത്താലും ചിരിയടക്കാന്‍ കഴിയില്ല. അന്നൊക്കെ കാളുവിന് മഴ ഒരാവേശമായിരുന്നെങ്കില്‍, ഇപ്പോള്‍ വെള്ളം കാണുന്നതേ ഭയമാണ്. വയസ്സനായി! മാത്രവുമല്ല പുറത്തെ രോമം കൊഴിഞ്ഞുപോയി, ചെറുമുറിവുകള്‍ രൂപപ്പെട്ട് വ്രണങ്ങളായി പരിണമിച്ചിരിക്കുന്നു. നാട്ടുവൈദ്യമായ വേപ്പെണ്ണയില്‍ ചാലിച്ച അട്ടക്കരി പ്രയോഗിച്ചുനോക്കിയിട്ടും ഫലമില്ലാതെവന്നപ്പോള്‍ ഡോക്ടറുടെ സേവനംതേടി. അസുഖം വാര്‍ദ്ധക്യസംബന്ധമാണെന്നും ഫലപ്രദമായ മരുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പണ്ടൊരിക്കല്‍ പോക്കാന്‍റെ വായില്‍നിന്നും തട്ടിയെടുത്ത വെള്ളരിപ്രാവിനെ, പുത്തന്‍ചിറകുകള്‍ മുളപ്പിച്ച് ജീവിതത്തിലേക്ക് പറത്തിവിട്ട മഹാമാന്ത്രികനില്‍നിന്നും അതുകേട്ടപ്പോള്‍ എനിക്ക് കടുത്ത നിരാശതോന്നി.
മൃഗാശുപത്രിയില്‍നിന്നും തിരിച്ചുപോരുമ്പോഴാണ് ആശാന്‍‍ ഒരു മരുന്ന് പറഞ്ഞുതന്നത്. അത് കാഞ്ഞിരത്തോലും ശര്‍ക്കരയും ചേര്‍ന്നൊരു വിഷക്കൂട്ടായിരുന്നു. കൊല്ലാനുള്ള മരുന്ന്! ഒന്നോര്‍ക്കുമ്പോള്‍ അയാള്‍ പറഞ്ഞതിലും കാര്യമുണ്ട്. ഇഞ്ചിഞ്ചായി നരകിച്ച് ചാവുന്നതിനേക്കള്‍‍ നല്ലതല്ലേ പെട്ടെന്നുള്ളൊരു മരണം? ഏറെനേരത്തെ ആലോചനയ്ക്കൊടുവില്‍, ആ കടുംകൈ ചെയ്യാന്‍തന്നെ ഞാന്‍ തിരുമാനിച്ചു.
മേലേക്കുന്നത്തെ പുല്ലാനിപ്പൊന്തകള്‍ക്ക് നടുവിലായാണ് കാഞ്ഞിരമരം നില്‍ക്കുന്നത്. കാഞ്ഞിരതോലുരിയാനായി കരിങ്കല്‍കെട്ടിനുമുകളില്‍ കയറുമ്പോള്‍, കാളു മുന്നിലേക്ക് കുരച്ചുച്ചാടി. അവന്‍റെ കത്തുന്ന നോട്ടത്തില്‍നിന്നുമാണ് ഞാനതുകണ്ടത്- കാടുപിടിച്ച പടവിനുമുകളില്‍ ഒരു കരിവെമ്പാല പടംവിരിച്ചാടുന്നു!
എന്‍റെ കാളൂ, നീയിതെത്രാമത്തെ തവണയാണ് എന്നെ രക്ഷിക്കുന്നത്!!
പ്രായമേറെയായിട്ടും അവന്‍റെ കണ്ണിലെ തീയ്യും തേറ്റമുനകളുടെ തിളക്കവും ഒട്ടുംകുറഞ്ഞിട്ടില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. പാമ്പ് മാളത്തില്‍ ഭയന്നൊളിച്ചെങ്കിലും കാളുവിന്‍റെ പരാക്രമങ്ങള്‍ തീരുന്നില്ല. ആയിരം കണ്ണുമായി അവനെനിക്ക് കാവല്‍നില്‍ക്കുമ്പോള്‍, ഞാന്‍ നിലത്തിരുന്ന് കിതയ്ക്കുകയായിരുന്നു. കേവലം ഒരു നായയെപ്പോലെ!
വെള്ളം കുടിച്ചാല്‍ മരുന്ന് ഫലിക്കില്ലെന്ന് ആശാന്‍‍ പ്രത്യേകം പറഞ്ഞിട്ടുള്ളതിനാല്‍, തെക്കേത്തൊടിയിലെ മുള്ളീരത്തില്‍ കാളുവിനെ ചങ്ങലക്കിട്ടു. അയാള്‍ പറഞ്ഞപ്രകാരംതന്നെ മരുന്ന് തയ്യാറാക്കി. തീറ്റപ്പാത്രംകണ്ട് തുള്ളിച്ചാടുന്ന കാളു, എന്‍റെ കണ്ണുകളെ ഈറനണിയിച്ചു. കണ്‍മുന്നിലൂടെ നുരഞ്ഞുപതഞ്ഞൊഴുകുന്നത് ഏതാനും ഓര്‍മ്മച്ചിത്രങ്ങളാണ്. പണ്ട് എന്‍റെ മകനെ രസിപ്പിക്കാന്‍വേണ്ടി, കളിപ്പാവയായി മാറിയ കാളുവിന്‍റെ ചിത്രങ്ങളായിരുന്നു അവ. വൈവിദ്ധ്യമാര്‍ന്ന യന്ത്രപ്പാവകളെ മൂലക്കെറിഞ്ഞ് അവന്‍ സ്വീകരിച്ചതും ആ ജീവനുള്ള പാവയെയായിരുന്നു. അതിനെയാണോ ഞാന്‍..... എന്‍റെ കയ്യില്‍നിന്നും വിഷപാത്രം മണ്ണില്‍ വീണുചിതറി. പുഴുത്തപട്ടിയെന്ന വിളി കേള്‍ക്കട്ടെ... ഇഞ്ചിഞ്ചായി നരകിച്ച് ചാവട്ടെ.... എന്നാലും അവനെയെനിക്ക് കൊല്ലുവാന്‍ വയ്യ! ചങ്ങലയില്‍നിന്നും മോചിപ്പിച്ച് ഞാനവന്‍റെ നെറ്റിയിലെ കറുത്തപൊട്ടില്‍ ചുംബിച്ചു.
പേരിനൊരു മഴപോലും പെയ്യാതെ തുലാമാസം കടന്നുപോയി. വൃശ്ചികക്കുളിരില്‍, മുറ്റത്തെ അത്തിമരച്ചില്ലയില്‍ വെട്ടുകിളി കൂടൊരുക്കുന്നത് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കാളു അടുത്തുവന്നത്. ദൈവം ചാര്‍ത്തിയ കറുത്തപൊട്ടിനുമുകളില്‍ ആരോ മറ്റൊരുപൊട്ട് ചാര്‍ത്തിയിരിക്കുന്നു. കടുംചുവപ്പുനിറത്തില്‍ ഒരു പൊട്ട്! പ്രതാപകാലത്ത് അവകാശവാദം ഉന്നയിച്ചവര്‍ ഇപ്പോള്‍ കല്ലെറിഞ്ഞോടിക്കുന്നു! എന്താണ് അവന്‍ചെയ്ത തെറ്റ്? എന്തിന് മറ്റുള്ളവരെ പറയുന്നു, ഞാന്‍പോലും പഴയ കണ്ണിലാണോ ഇപ്പോള്‍ കാളുവിനെ കാണുന്നത്? ചില സത്യങ്ങളെ തൊട്ടാല്‍ കൈപൊള്ളും. അവ ചിക്കിച്ചികഞ്ഞ് പുറത്തെടുക്കാന്‍ ഞാനുമൊരുക്കല്ല. അതാണ് മറ്റൊരു സത്യം!
എന്തുതന്നെയായാലും പലകുറി പറയാന്‍മടിച്ച കാര്യം, കാളുവിനോട് പറയുവാന്‍തന്നെ‍ തിരുമാനിച്ചു.
"കാളൂ..."
കാതുകള്‍ കൂര്‍പ്പിച്ച് കേള്‍ക്കാന്‍ തയ്യാറായിതന്നെയാണ് അവനുമിരിക്കുന്നത്.
"നിനക്കുവല്ല പട്ടിപിടുത്തക്കാര്‍ക്കും പിടികൊടുത്തൂടെ? അതാണിനി നല്ലത്!"
ആദ്യമായി കാണുന്നപോലെ അവനെന്നെയൊന്ന് നോക്കി. അടുത്തുനിന്നും എഴുനേറ്റ് പതുക്കെ നടന്നു. മതില്‍ക്കെട്ടിനോട് ചേര്‍ന്നുള്ള മണ്‍ക്കൂനയുടെ ഒത്തനെറുകിലേക്ക് ഓടിക്കയറി. ചുറ്റുമൊന്ന് നിരീക്ഷിച്ചുകൊണ്ട് താഴേക്ക് എടുത്തുച്ചാടി. പണ്ടുതൊട്ടേയുള്ള ശീലമാണ് ഉയരത്തില്‍നിന്നുള്ള നിരീക്ഷണവും താഴേക്കുള്ള കുതിച്ചുച്ചാട്ടവും.
"കാളൂ..."
ഞാനെപ്പോള്‍ വിളിച്ചാലും അവനടുത്തുവരാറുണ്ട്. അന്നാ പതിവ് തെറ്റിച്ച് ദൂരേക്ക് ഓടിമറഞ്ഞു; ഒന്ന് തിരിഞ്ഞുപോലും നോക്കാതെ!
പലതവണ തീറ്റപ്പാത്രവുംനിറച്ച് കാളുവിനെ കാത്തിരുന്നു. അവന്‍ വന്നില്ല! നാടുമുഴുവന്‍ തിരഞ്ഞുനടന്നെങ്കിലും കാളുവിനെ കണ്ടെത്താനായില്ല. അങ്ങനെയൊരുദിവസം അവനൊരു പകരക്കാരന്‍ വന്നു. ജിമ്പ്രു! ഗോതമ്പിന്‍റെ നിറവും ചെമ്പന്‍ കണ്ണുകളുമുള്ള ഒരു സുന്ദരന്‍. കുസൃതിയുടെ കാര്യത്തില്‍ അവന്‍ കാളുവിന്‍റെ ഏട്ടനായിട്ടുവരും. ഒരിക്കല്‍ കളിപന്തുതട്ടിക്കൊണ്ട് പടികടന്നുപോവുകയും, ആരെയോ കണ്ടുഭയന്ന് തിരിച്ചോടിവരികയും ചെയ്തു.
അതൊരു പട്ടിപിടുത്തക്കാരനായിരുന്നു!
അയാള്‍ കെട്ടുകമ്പിയില്‍കോര്‍ത്ത് വലിച്ചുകൊണ്ടുപോകുന്ന കൊന്നൊടുക്കിയ നായ്ക്കളിലൊന്ന് കാളുവായിരുന്നു.
എന്‍റെ കാളു!
ഭാവിയില്‍ ഒരു കാളുമാത്രം ആകാനുള്ളവനെന്ന ബോധം തെല്ലുമില്ലാതെ, തുള്ളിച്ചാടിയുല്ലസിക്കുന്ന ജിമ്പ്രു എന്‍റെ മനസ്സുതകര്‍ത്തു.
ഭൂതലത്തിലെ സകലമാന നായജന്മങ്ങള്‍ക്കുംവേണ്ടി, അവരിലേക്ക് ഇറങ്ങിയിരുന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.
" ദൈവമേ ഞങ്ങളേയും രക്ഷിക്കണേ.."
_____________________________________________
രമേഷ് പാറപ്പുറത്ത്.

1 comment:

  1. Pattikale pandu muthale ishattam ayath kondano ennariyilla, ente manasine sarikkum sparsichu. Koode pirappinekkal viswasikkan kazhiyunna mrigamanu naya.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot