Slider

അനസൂയ

0
Image may contain: 1 person, closeup and outdoor

ഒരുറക്കത്തിന്റെ മറവികളിലേയ്ക്ക് കൂപ്പു കുത്തും മുന്നെ നന്ദിനിയ്ക്കുറപ്പുണ്ടായിരുന്നു, ഇന്നത്തെ സ്വപ്നലോകം ഒരു പെണ്ണുടലിന്റെ ഉയിരൂറ്റുന്ന കഥകൾ കൊണ്ട് നിറയുമെന്ന്.
കാരണം ഇത്രെയേറെ ആഴങ്ങളിലേയ്ക്ക് എങ്ങനെ വീണു പോയെന്ന് ഓർത്ത് ഞെട്ടിയുണരാൻ പോലുമാകാത്ത വിധം നന്ദിനി വേദനിച്ചിരുന്നു.
അച്ഛന്റെ രേതസ്സ് വഹിച്ചൊഴിയാനാവാതെ അമ്മയാകേണ്ടി വന്ന മകളുടെ പത്രവാർത്ത അവളുടെ ഉപബോധമനസ്സിനെ എവിടെയും ചേക്കേറാൻ കഴിയാത്ത വിധം ഉലച്ചു കൊണ്ടിരിക്കുകയാണ്.
കണ്ണുകൾ പതിയെ ഇരുട്ട് കടന്നാക്രമിച്ച മുറിയെ കടന്ന് ഉറക്കത്തിലേയ്ക്ക് ക്ഷണിക്കപ്പെടുമ്പോൾ
ജലമുറഞ്ഞ് ശിലയായതെന്ന് തോന്നിക്കുന്ന പരുത്ത പ്രതലങ്ങളിലൂടെ ജീവന്റെ അവസാന ശ്വാസമെടുക്കാനെന്നോണം കുറെയേറെ വേരുകൾ തളർച്ചയില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത് നന്ദിനിയ്ക്ക് കാണായി.
അതിനുമപ്പുറം കറുത്ത മണ്ണിന്റെ മുകളിലെ കൽക്കൂനകൾക്കും പിന്നിലായി ഒരു പെണ്ണ്!!!
ഉയിരിന്റെയും ജീവന്റെയും സകല ബിന്ദുക്കളും കൂടിച്ചേരുന്നു എന്ന് തോന്നിക്കും വിധം നഗ്നയായ ഒരു പെണ്ണ്!!!
തന്റെ മുഖമുള്ളവൾ!!
അവളുടെ മുഖമറിഞ്ഞ നിമിഷം സ്വപ്നവും കടന്ന് നന്ദിനി നഗ്നയായ ഒരു പെണ്ണായി മാറിയിരുന്നു.
ആ നിമിഷത്തിനപ്പുറം ചുളിവുകൾ വീണൊട്ടിയ വേരുകളിലെ അഴകൊത്ത രണ്ട് മുഴകളിൽ ഒരുകുടം തണ്ണീർ ഒളിച്ചു വെച്ചത് പോലെ നന്ദിനിയ്ക്ക് തോന്നി...
അവൾ തന്റെ മാറിലേയ്ക്ക് ഒന്ന് കണ്ണെറിഞ്ഞു.നെഞ്ചോടൊട്ടിയ മുലക്കണ്ണുകളിൽ നിന്ന് ഒരിറ്റു പാൽ അവളുടെ നിറഞ്ഞ വയറിലേയ്ക്ക് വീണു.മുലകളിൽ ഇനിയൊരു തുള്ളിയവശേഷിക്കുന്നില്ലെന്നത് പോലെ അവൾ ഭയപ്പെട്ടിരുന്നു.
"വേരുകളെല്ലാം പെണ്ണായിരിക്കും..."
തൊണ്ടക്കുഴിയിൽ നിശ്ചലമാകാതെ വാക്കുകൾ പുറത്തേയ്ക്കൊഴുകുന്നു..
ആദ്യമായ്!!!!
തന്റെ മുന്നിലുള്ള ഭൂമികയിൽ
തനിക്കെന്ന് പറയാൻ മറ്റൊന്നുമില്ലെന്ന് തോന്നുന്നു.
മെലിഞ്ഞ വേരുകളുടെ തുടക്കങ്ങളിൽ ഒരു മരം പോലുമില്ലെന്ന് കണ്ടവൾ
വല്ലാതെ ഭയപ്പെട്ടിരുന്നു.
തന്റെ വയറൊഴിയുമ്പോൾ???
ഇരുണ്ട ഭൂമിയുടെ വരണ്ട മണ്ണിൽ തന്റെ കുഞ്ഞിന് നുകരാൻ ഒരിറ്റു തെളിനീര് പോലുമില്ലെന്നവൾക്കറിയാം.
ദുഷിച്ച മണ്ണിലേയ്ക്ക് പിറന്നു വീഴാൻ പോകുന്നവൾ തന്നെ പോലൊരു പെണ്ണായിരിക്കുമെന്നവൾക്കുറപ്പുണ്ട്.കാഴ്ച്ചകൾക്കപ്പുറം ജനിക്കുന്ന മുൾമരങ്ങൾ കണ്ട് ഉറപ്പിച്ചതാണവൾ.
അവൾ നോക്കി നിൽക്കെ ചുറ്റും ഇരുൾ പരന്നു.തനിച്ചായിരുന്നവളെ വീണ്ടും ഒറ്റയെന്ന് തോന്നിക്കും വിധം ഇരുട്ട് അവളുടെ അടിവയറ്റിൽ വരെ ഇടം തേടി.
അവൾക്ക് വേദനിച്ചു തുടങ്ങിയിരുന്നു.തുടകളിൽ വല്ലാത്ത കനം.മുലകളിൽ മധുരം നിറയുന്നു.
കനിവ്!!!തന്റെ പെണ്ണുടൽ അമ്മയാകാനൊരുങ്ങുന്നു.
അവൾക്ക്‌ തന്നെ പെണ്ണെന്നു വിളിക്കാൻ അടുത്താരുമില്ലാത്തതിൽ വല്ലാത്ത അമർഷവും നിരാശയും തോന്നി.
ഇരുട്ടിന്റെ കണ്ണ് തുരന്ന് ഒരു പക്ഷി എങ്ങു നിന്നോ വന്ന് മധുരമായി പാടാൻ തുടങ്ങി. കറുപ്പ് കമ്പിളി പുതച്ചുറങ്ങാൻ കിടന്ന ആകാശത്തെ തട്ടിയുണർത്തി ഒരു നക്ഷത്രം ഉദിച്ചുയർന്ന് വല്ലാതെ ശോഭിച്ചു.
അരികിലൊരു പുഴ ഒഴുകുന്നത് പോലെ ചെറിയ അലകൾ തണുത്ത കാറ്റിനൊപ്പം വന്ന് കൊണ്ടേയിരുന്നു.
തോവാളപ്പൂക്കളുടെ മണമുള്ള ആ കാറ്റ് അവളുടെ യോനിയിൽ സ്പർശിച്ച്‌ അവിടമാകെ നിറഞ്ഞു.
ഒരു ചെറിയ കരച്ചിലിനൊപ്പം ഭൂമി നിശബ്ദമായി. ചോര പുതച്ച ഒരു കുഞ്ഞു മാലാഖ അവളുടെ തുടകൾക്കിടയിൽ ജനിച്ചു വീണു.
പൊക്കിൾ കൊടിയുടെ ഒരറ്റത്ത്‌ അമ്മ!!!!
ഒരു നിമിഷത്തിന്റെ നിശബ്ദതയ്ക്കപ്പുറം ഭൂമി ആ പെണ്ണിനെ അമ്മയെന്ന് വിളിച്ചു.
ആ അമ്മ തന്റെ കുഞ്ഞിനെ അനസൂയ എന്ന് നീട്ടി വിളിച്ചു.
ആകാശത്ത്‌,വെള്ളിടികളിൽ ഞെട്ടി ഇരുട്ട് ഉറക്കമെണീറ്റ് പോയിരുന്നു.
എത്ര തിരഞ്ഞിട്ടും നിറഞ്ഞ് ശോഭിച്ചിരുന്ന ആ നക്ഷത്രത്തെ അമ്മ കണ്ടില്ല.
അവൾ മുലകളിൽ മധുരം തേടുകയായിരുന്നു!!!!
ആരോ കാമിച്ച ഭൂതകാലത്തിന്റെ
കെട്ട സമയങ്ങളിൽ വളർച്ചയെത്താത്തൊരു ഗർഭപാത്രത്തിൽ
അക്ഷരത്തെറ്റുകളുടെ
വിഴുപ്പേറ്റി ഗർഭം ധരിച്ച്‌
പുസ്തകതാളുകളിൽ
നഗ്നയായി പിറന്ന് വീണ
കവിതയാണ് ഞാനെന്ന്
ഉറക്കെ പ്രഖ്യാപിച്ച്‌ അവൾ പാൽ നുണഞ്ഞു കൊണ്ടിരുന്നു.
ഇരുടൊഴിഞ്ഞ് വന്ന് ചേർന്ന അരുണൻ പതിവിലും ശോഭയോടെ പുഞ്ചിരിക്കുന്നത് പോലെ തോന്നി അമ്മയ്ക്ക്.പൊക്കിൾ കൊടിയറുത്ത് തന്റെ കുഞ്ഞിനെ ഭൂമിയ്ക്ക് സമ്മാനിക്കാൻ അവൾക്കു ചുറ്റും ഒന്നുമുണ്ടായിരുന്നില്ല.
ഒരു കഷ്ണം ഇറച്ചിയോടൊപ്പം ഇളകി വന്ന മുടിക്കുത്ത് കൊണ്ടവൾ പൊക്കിൾക്കൊടിയിൽ കെട്ടു മുറുക്കി.തന്റെ പല്ലുകൾ കൊണ്ട് ആ പൊക്കിൾക്കൊടി ബന്ധം അറുത്തു മാറ്റുമ്പോൾ അവൾക്ക്‌ ബോധ്യമുണ്ട് അവൾ പെണ്ണാണെന്ന്.
ഒന്നുമില്ലായ്‌മകളിൽ നിന്നും പുഞ്ചിരിക്കേണ്ടവൾ.
കനലുകൾ കൈയിലെടുത്ത് വേദനിക്കുന്നില്ലെന്ന് പറയേണ്ടവൾ.
സൂര്യനും മുന്നെ ഒരുങ്ങി ആണിറക്കങ്ങൾക്ക്‌ കുട പിടിക്കേണ്ടവൾ.
പെണ്ണ്!!!!
ചിലപ്പോഴെല്ലാം വെറുമൊരു പെണ്ണ് !!!
രണ്ട് പെണ്ണുങ്ങൾ ജീവിച്ച് തുടങ്ങുന്നു.
തന്റെ ഗർഭത്തിന് ശേഷം മഴയറിയാത്ത മണ്ണിൽ!!!
അമ്മയും ഒരു മകളും.
ഒരു പെണ്ണുടലിന്റെ കാൽത്തളക്കിലുക്കങ്ങളിൽ അവിടെമാകെ പ്രസരിപ്പ് പടരാൻ തുടങ്ങി. ജീവനില്ലാത്ത കരിങ്കല്ല് കൂട്ടങ്ങളിൽ നിന്നും ഒരു നിശാഗന്ധി എങ്ങനെയോ മുരടനക്കി പുറത്തേയ്ക്ക് വന്ന്
നിമിഷങ്ങൾ കൊണ്ട് പൂവിട്ടു.
ചുറ്റും പരന്നു കിടക്കുന്ന ശിലാസത്യങ്ങൾക്കിടയിൽ അത് മാത്രം നിറങ്ങൾ പൊഴിച്ച് കൊണ്ടേയിരുന്നു. അതൊഴിച്ചാൽ അവിടം ഇരുണ്ട തവിട്ട് നിറം മാത്രം.പണ്ടെങ്ങോ നീരൊഴുകിയ പാടുകൾക്കിരുവശങ്ങളിലും കഠിനമായി പ്രഹരമേറ്റ കുറെ കല്ലുകൾ.മറ്റൊന്നുമില്ല.
പൂവിന്റെ അഴകറിഞ്ഞ അമ്മ എവിടെ നിന്നോ കുറെയധികം മുള്ളു ചെടികൾ കൊണ്ട് വന്ന് നിശാഗന്ധിയ്ക്ക് ചുറ്റും ഭദ്രമായി നട്ടു പിടിപ്പിച്ചു.
കാലങ്ങൾ എത്ര വേഗമായാണ് കടന്ന് പോകുന്നത്.ഓരോ വേനലിലും അവിടെ ഓരോ നിശാഗന്ധി പിറന്നു കൊണ്ടേയിരുന്നു.വിശപ്പും ദാഹവുമില്ലാതെ പ്രാണയിൽ അവർ കൊല്ലവർഷങ്ങളെണ്ണി തീർത്തു.
നാലാമതും ഒരു ചെടി ഉയിര് താങ്ങി കല്ലുകൾക്കിടയിൽ നിന്നും ഉയർന്ന് വന്നപ്പോളും അമ്മ പതിവ് തുടർന്നു.
മുള്ളുവേലികൾ കൊണ്ടവിടം ഒരു പച്ചപ്പ്‌ നിറഞ്ഞ് വന്നു.
"മുകളിൽ ആകാശവും താഴെ ചലനമറ്റ കല്ലുകളും.
ജീവനുള്ളത് എന്ന് പറയാൻ അമ്മയും ഞാനും പിന്നെയീ കൊച്ചു ചെടികളും
പിന്നെന്തിനാണമ്മേ ഇങ്ങിനെ മുള്ളുവേലികളെല്ലാം.ആര് നശിപ്പിക്കാനാണിതൊക്കെ"
അനസൂയയ്ക്ക് ആകാംഷയാണ്.
"ഞാനൊരമ്മയാണ്".
എന്നുറക്കെ പറഞ്ഞ് അവൾ നിശാഗന്ധിയുടെ തളിരിലകളിൽ പതിയെ തലോടിക്കൊണ്ടിരുന്നു.
അനസൂയയ്ക്ക് ആ സ്പർശം വല്ലാത്ത സ്നേഹമാണെന്ന് തോന്നി.ഗർഭപാത്രത്തിന്റെ ഇരുളിൽ കാലമെണ്ണി കിടക്കുമ്പോൾ അറിഞ്ഞ
അതേ സ്പർശനം.
മഴയറിയാത്ത വർഷങ്ങൾ കുറെയേറെ വീണ്ടും കടന്ന് പോയി... ആശ്രയമില്ലാതെ വീണ്ടുമൊരുപാട് നിശാഗന്ധികൾ വളർന്ന് വന്നു.
അനസൂയ അവയ്ക്കൊപ്പം നറുമണം പരത്തുന്ന മറ്റൊരു പൂവായ് പൂത്തുലഞ്ഞു. പതിനൊന്ന് സംവത്സരത്തിന്റെ കടന്ന് പോകലിലും ഒരു നിശാഗന്ധി പോലും പൂവിട്ടിരുന്നില്ല.പക്ഷെ...അവയെല്ലാം വളർന്ന് വളർന്ന് പൂവിടാൻ വെമ്പുന്ന ഒരു യുവതിയായി കഴിഞ്ഞിരുന്നു.
നീലഗോളങ്ങൾ പോലെ തിളങ്ങുന്ന കണ്ണുകളും, കഥ പറയുന്ന നാസികത്തുമ്പും ഇഴയടുക്കമുള്ള മുടിയും കടഞ്ഞെടുത്ത മാറിടങ്ങളും
ആലില വയറും ചേർന്നഴകൊത്ത ഒരു പെണ്ണിനെ പോലെ ഓരോ നിശാഗന്ധിയും കാഴ്ച്ചസുഖം നൽകിയിരുന്നു.
കിഴക്കേ അറ്റത്ത് സൂര്യൻ തന്റെ രശ്മികളെ ഭൂമിയിലേക്കയച്ച്‌ കുറച്ച് കഴിയും മുന്നെ ഒരു നിഴൽ പോലെ ഒരു കരിമേഘം തല പൊന്തിച്ച് നോക്കി.അത് കണ്ട അമ്മ അനസൂയയെ അരികിലേയ്ക്ക്‌ വിളിച്ച് മുടിയിൽ പതിയെ വിരലോടിച്ച് പറഞ്ഞു...
"ഇന്ന് നിശാഗന്ധി പൂവിടാൻ തുടങ്ങുകയാണ്.ഭൂമിയിലെ സകല സംഗീതങ്ങളും കവിതയും പുഴയും കാറ്റും ഇന്ന് ഈ പൂവിന്റെ നിറങ്ങളിലേയ്ക്ക് ചേർന്ന് ഈ കൊച്ചു ചെടിയിന്നൊരു പെൺപൂവായി മാറും.ഒരുങ്ങിക്കോളുക.നിന്റെ ചുറ്റുപാടുകൾ മാറി തുടങ്ങുന്നു.
ഇന്നലെ വരെ കണ്ട കാഴ്ച്ചകളിലെ നിസ്സംഗത ഇനി കളഞ്ഞേക്കുക.
കള്ളിമുൾ ചെടികൾ എന്തിനെന്ന് നീ ഒരിക്കൽ ചോദിച്ചിരുന്നില്ലേ..?
ചെടിയുടേത് മാത്രമെന്ന് കരുതിയിരുന്ന പൂക്കൾ പറിയ്ക്കാൻ ഇനി പല കൈകളും ഇവിടെയെത്തും.
നിറങ്ങളിലും അഴകളവുകളിലും മാത്രം സൗന്ദര്യമളക്കുന്നവർ ഇനിയീ പൂവിന്റെ പുറമോടികളെ സ്നേഹിക്കും.അതിന്റെ ഗന്ധമറിയാൻ കൊതിക്കും.അതിന്റെ സ്വപ്നങ്ങളെ ഇല്ലാണ്ടാക്കും.പൂവിറുക്കാൻ വേണ്ടി ചിലപ്പോൾ അവരാ ചെടിയെ മൊത്തത്തിൽ നശിപ്പിച്ചെന്നും വരാം.
സ്വയം സംരക്ഷിക്കേണ്ടതിന്റെ പ്രമാണങ്ങൾ ആ ചെടി ഇനി മനസ്സിലാക്കേണ്ടിയിരിക്കുന്നു."
അനസൂയ നിശാഗന്ധിയുടെ തളിരിട്ട ഇലകളുടെ ഇടയിലെ ചെറിയ ഒരു പൂമൊട്ടിനെ കണ്ട് അത്ഭുതം കൂറി നിക്കെയാണ് അമ്മ ഇത്രയേറെ പറഞ്ഞത്. പതിയെ അവളാ പൂമൊട്ടിനെ ഒന്ന് തലോടി...
പൊടുന്നനെ അവ സമയമെടുക്കാതെ വിടരാൻ തുടങ്ങി.ജീവന്റെ തുടിപ്പുകൾ ചേർത്ത് വിസ്മയിപ്പിക്കുന്ന ഗന്ധത്തോടെ അവ പൂത്തുലഞ്ഞു നിന്നു. പെട്ടെന്ന് അനസൂയയ്ക്ക് അടിവയറ്റിൽ വല്ലാത്ത വേദന അനുഭവപ്പെട്ടു.അവളുടെ മുലക്കണ്ണുകൾ കനം വെച്ചു.ചുറ്റിനും നിന്ന് ആരെല്ലാമോ മധുരമായി ആലപിക്കുന്നത് പോലെ...
അരികിയൊരു പുഴയും പുഴയ്ക്കരികിൽ കുറെയധികം വള്ളിപ്പടർപ്പുകളും അതിൽ നിറയെ പല നിറങ്ങളിൽ പൂക്കളും പൂക്കൾ നിറയെ പ്രണയമോതിക്കൊണ്ട് ഒരുപാട് പൂമ്പാറ്റകളും ഉള്ളതായി അവൾ കണ്ടു.അത്രയുമേറെ മനോഹരം എന്ന് തോന്നിക്കുന്നുവെങ്കിലും അവൾക്കാ വേദന സഹിക്കാൻ കഴിഞ്ഞിരുന്നില്ല.
അടിവയറ്റിൽ മുറുകെ പിടിച്ച്‌ വേദനയിൽ അറിയാതെ
കുന്തിച്ചിരുന്നു പോയ അവളുടെ തുടയിലൂടെ അപ്പോൾ ഒരു ചോരച്ചാൽ കാൽപാദത്തോളം ഒഴുകി തുടങ്ങിയിരുന്നു.
അമ്മ ഓടി വന്ന് അവളെ മാറോട് ചേർത്ത് നിശാഗന്ധിയിലേയ്ക്ക്‌ കണ്ണെറിഞ്ഞ് പതിയെ മൊഴിഞ്ഞു
"എന്റെ മകളും ഋതുമതിയായിരിക്കുന്നു,നിന്നെ പോലൊരു പെണ്ണായിരിക്കുന്നു"
അനസൂയയ്ക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല.
പക്ഷെ അമ്മ നിശാഗന്ധി പൂക്കും മുന്നെ പറഞ്ഞത് തന്നോട് കൂടിയായിരുന്നെന്ന് അവൾക്കുറപ്പായിരുന്നു.
താനും ആ ചെടിയെ പോലെ പെണ്ണായത്രേ. അതെ...അവൾക്കും ബോധ്യമായി തുടങ്ങിയിരിക്കുന്നു.
എന്തെല്ലാമോ മാറി തുടങ്ങുന്നു.
ശീലങ്ങൾ മാറി തുടങ്ങിയിരിക്കുന്നു.
അവൾ തന്റെ ശരീരത്തെ പ്രണയിച്ചു തുടങ്ങി.ആദ്യമായി കാണുന്നത് പോലെ അവൾ പലപ്പോഴും അവളുടെ നിഴലുകളുടെ ഭംഗി ആസ്വദിച്ചു തുടങ്ങി.ചെറിയ ചെറിയ കുറവുകളിലും അവൾ വല്ലാതെ നിരാശപ്പെട്ടിരുന്നു.
ഇതെല്ലാം കണ്ട് അമ്മ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത് എന്നത്തേയും പോലെ കുറെയധികം മുള്ള് ചെടികൾ കൊണ്ട് വന്ന് നിശാഗന്ധികൾക്ക്‌ ചുറ്റും വെച്ച് പിടിപ്പിച്ചു.പതിയെ പതിയെ അവിടം പച്ചപ്പ്‌ പടരാൻ തുടങ്ങിയിരുന്നു.കല്ല് പുതഞ്ഞ താഴ്‌വരകളിലാകെ ഒരു വസന്തം പോലെ വർണ്ണങ്ങൾ വിടർന്ന് പൂമ്പാറ്റകളെയും കിളികളെയും വരവേൽക്കാൻ തുടങ്ങിയിരുന്നു.
താഴ്‌വാരമാകെ മാറി.ഒരു തുള്ളി വെള്ളം പോലും വീണിടാത്തിടത്ത് ഒരു പൂവാടി ഉയർന്നിരിക്കുന്നു.
അനസൂയ അത്ഭുതം കൂറി.എത്ര പെട്ടെന്നാണൊരു കൽക്കൂന ഇത്തരുണത്തിൽ മാറിയിരിക്കുന്നത്.
എത്ര മധുരമായ സംഗീതമാണ് ഇവിടെ കിളികൾ ആലപിക്കുന്നത്.
അമ്മ വീണ്ടും പുഞ്ചിരിക്ക മാത്രം ചെയ്ത് മുള്ള്ചെടികൾ തേടിയലഞ്ഞു.
നിശാഗന്ധികൾ വീണ്ടും വീണ്ടും വളർന്ന് ഇരുപതിലേറെയായി.
അനസൂയ മഴയറിയാത്ത അത്രയേറെ വർഷങ്ങൾ കണ്ടു.മുറ തെറ്റാതെ നിശാഗന്ധികൾ പൂവിടുകയും അനസൂയ രക്തപുഷ്പ്പങ്ങളെ കൈയ്യൊഴിയുകയും ചെയ്തുകൊണ്ടിരുന്നു.
അവൾ കാണുന്നതിനെയല്ലാം പ്രണയിച്ചു കൊണ്ടേയിരുന്നു.
പുൽമേടുകളിലെ വസന്തമറിഞ്ഞവൾക്ക്‌ അതിനപ്പുറമുള്ള കാണാത്ത കാഴ്ച്ചകളോട് കമ്പം തോന്നി തുടങ്ങിയപ്പോൾ തന്നെ അമ്മ അവിടം കുറെയധികം മുള്ള്ചെടികൾ നട്ടുപിടിപ്പിച്ചു.അനസൂയയ്ക്ക് അതെന്തിനെന്നു മാത്രം മനസിലായില്ല.
ഒരിക്കൽ ഒരു വേനലിൽ ഒരു നിഴൽ മലകൾ കടന്ന് ആ താഴ്‌വരയിലെത്തി.
മറ്റൊരു നിശാഗന്ധിയ്ക്ക്‌ മറയൊരുക്കാൻ അമ്മ മുള്ളു ചെടികൾ തേടി പോയിരിക്കുകായായിരുന്നു.
വലിയ ശരീരമുള്ള ആ നിഴൽ
പുൽമേടുകളിൽ പച്ചപ്പിനെ കനത്തിൽ നോവിച്ചും കാൽപാദങ്ങൾ ഊന്നിയും അവളുടെ നിശാഗന്ധികൾക്കടുക്കലെത്തി.
വിടർന്ന ഓരോ പൂക്കളെയും കണ്ണുഴിഞ്ഞ് ആ നിഴൽ പൂവുകളിലേയ്ക്ക് കൈയ്യെത്തിച്ച്‌ തലോടിത്തുടങ്ങി.
അനസൂയയ്ക്ക് വല്ലാതെ അറപ്പ് തോന്നി.അനുവാദമില്ലാതെ ആ പൂവിറുക്കപ്പെടുമെന്ന തോന്നൽ.
അയാൾ ആ പൂവുകളെ പിച്ചാനൊരുങ്ങവേ അവളുടെ മാറിടങ്ങളിൽ കുറച്ചധികം നഖപ്പാടുകൾ രൂപപ്പെട്ടു.
പെട്ടന്ന് ആകാശത്ത് വെള്ളിടികൾ കാണപ്പെട്ടു.കിളികൾ വല്ലാതെ ചിലച്ച് ബഹളം കൂട്ടി തുടങ്ങി.
അനസൂയയുടെ കണ്ണിൽ ഒരു യുഗത്തിന്റെ കീഴടങ്ങലിൽ നിന്നുമുയർന്ന തീപ്പൊരികൾ ചിതറി തുടങ്ങിയിരുന്നു .
പൊടുന്നനെ നിശാഗന്ധിയുടെ പടർപ്പുകളിലാകെ മൂർച്ചയേറിയ മുള്ളുകൾ ഉണ്ടാവുകയും നിഴലിന്റെ
കൈപ്പത്തിയിൽ മുറിവുകൾ ഏൽപ്പിക്കുകയുമുണ്ടായി.
കീഴ് വഴക്കങ്ങളിലെ പെണ്ണല്ല താനെന്ന് ഉറപ്പിച്ച്‌ തന്റെ മാറിടങ്ങളിൽ നഖപ്പാടുകൾ വീഴ്ത്തിയ കൈയ്യറുത്ത് ദൂരെയെറിയുമ്പോൾ ആ താഴ്‌വരയിലാകെ മഴ പെയ്യുന്നുണ്ടായിരുന്നു!!!!
ഒരു മഴപ്പെയ്ത്തിന്റെ കനത്ത ശബ്ദങ്ങളിൽ സ്വപ്നമുണർന്ന നന്ദിനി തിരിച്ചറിഞ്ഞു അവൾ നഗ്നയാണെന്ന്, ഒരു രാത്രി മഴ പോലെ.....
--------------------------------------------------
ജിതിൻ മേഘമൽഹാർ
26 ജനുവരി 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo