അപ്പൂപ്പന്റെ പേരക്കിടാവ്
************************
************************
"എടീ... ഈ കൊച്ചിന്റെ മുടി എന്താണ് വെട്ടാത്തത്? പെണ്ണുങ്ങളുടേതു പോലെ നീട്ടി വളർത്താൻ ആണോ തീരുമാനം."
പേരക്കിടാവായ രണ്ടര വയസ്സുകാരൻ കണ്ണന്റെ മുടി കണ്ടിട്ട് ഗംഗാധരൻ സഹിക്കെട്ടു ആരതിയോട് ചോദിച്ചു. ഗംഗാധരന്റെ മരുമകളാണ് ആരതി.
മുടി ചെവിയും കടന്ന് നീളുന്നത് കണ്ടിട്ട്, വെട്ടാറായി, വെട്ടാറായി എന്നു പറയുമ്പോൾ ഇപ്പോൾ കൊണ്ടു പോകാം ... പോകാം....... എന്നു പറയുന്നതല്ലാതെ കൊണ്ടുപോയി മുടി വെട്ടിക്കുന്ന യാതൊരു ലക്ഷണവുമില്ല.
'അതിന് ഉണ്ണിയേട്ടൻ ഫ്രീ ആയിട്ടു വേണ്ടേ... മോനെ കൊണ്ടുപോയി മുടി വെട്ടിക്കാൻ.' ആരതി അമ്മായിയപ്പനോട് പറഞ്ഞു.
എന്നാൽ നിനക്കു കൊണ്ടു പോയി മുടി വെട്ടിച്ചു കൂടെ...
എനിക്കും നേരമില്ലല്ലോ... എനിക്കും ജോലിക്ക് പോകേണ്ടതല്ലേ... പിന്നെ അവധി കിട്ടുന്ന ദിവസങ്ങളിൽ എനിക്ക് ഇവിടെ പിടിപ്പത് പണിയുണ്ട്.
ആ ... ശരി.. ശരി....നിനക്ക് ജോലിക്ക് ഇറങ്ങാറായില്ലേ ...?
ങ്ഹാ.... ഞാൻ ഇറങ്ങുവാണ് .... അമ്മേ.... അമ്മേ..... ഞാനിറങ്ങുവാണേ..... എന്നു പറഞ്ഞിട്ട് ആരതി പോയി.
ങ്ഹാ.... അവൾ പോയോ ? എന്നു ചേദിച്ചു കൊണ്ട് ഗംഗാധരന്റെ ഭാര്യ പങ്കജം ഭർത്താവിന്റെ അടുത്തേക്ക് വന്നു.
എന്തായി ... മുടി വെട്ടിനെക്കുറിച്ച് ചർച്ച?
പങ്കജം ചോദിച്ചു.
പങ്കജം ചോദിച്ചു.
ഓ.... എന്തു പറയാനാ.... ചുരുക്കിപ്പറഞ്ഞാൽ അവർക്കു നേരമില്ല, അത്ര തന്നെ ....
നിങ്ങളൊരു കാര്യം ചെയ്യ്, വൈകുന്നേരം ആകുമ്പോൾ ടൗണിൽ പോയി ഒന്നു മുടി വെട്ടിക്ക്, പങ്കജം അഭിപ്രായപ്പെട്ടു.
ങും... നോക്കാം... ഇനി അതേ വഴിയുള്ളൂ.
സാധാരണ ഗതിയിൽ ഗംഗാധരൻ ബാബർ ഷോപ്പിൽ പോകാറില്ല. മുക്കാലും കഷണ്ടി ആയിരിക്കുന്ന തലയിൽ അവിടെവിടെ നീണ്ടിരിക്കുന്ന മുടി കത്രിക ഉപയോഗിച്ച് സ്വയം വെട്ടിക്കളയുകയാണ് പതിവ്.
വൈകുന്നേരമായപ്പോൾ, ഒരു ഓട്ടോറിക്ഷ വിളിച്ചു കണ്ണനേയും കൂട്ടി ഗംഗാധരൻ ടൗണിലെ ബാബർ ഷോപ്പിൽ മുടി വെട്ടിക്കാൻ പോയി. ഉത്സാഹത്തോടെ ഓട്ടോറിക്ഷയിൽ കയറി യാത്ര ചെയ്യുമ്പോൾ കാഴ്ചകൾ കണ്ടു ആസ്വദിച്ചു കൊണ്ടിരുന്ന കണ്ണൻ അധികം വൈകാതെ തന്നെ ഉറങ്ങിപ്പോയി.
ടൗണിൽ എത്തിയപ്പോൾ, ഉറങ്ങിക്കിടന്ന കണ്ണനെ തോളത്തിട്ട് ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി, ഓട്ടോക്കൂലി കൊടുത്ത് ഓട്ടോ പറഞ്ഞു വിട്ടു.
കൊച്ചിനേയും കൊണ്ട് ബാബർഷോപ്പ് ലക്ഷ്യമാക്കി നടന്നു നീങ്ങിയതും, ഉറക്കത്തിൽ നിന്ന് കൊച്ച് ഞെട്ടിയുണർന്ന് ഉറക്കെ കരയാൻ ആരംഭിച്ചു.
കരയല്ലേ.... കുട്ടാ... കരയല്ലേ ... എന്നു പറഞ്ഞ് ഗംഗാധരൻ പേരക്കിടാവിനെ ആശ്വസിപ്പിക്കാൻ നോക്കി. കൊച്ചിന്റെ കരച്ചിൽ കൂടുന്നതല്ലാതെ കുറയുന്നുമില്ല.
പരിസരത്തുള്ളവരും, നടന്നു നീങ്ങുന്നവരും ഇവരെ ശ്രദ്ധിക്കാൻ തുടങ്ങി. അവർ തമ്മിൽ അടക്കം പറഞ്ഞു, പത്രത്തിലൊക്കെ കാണാറുള്ളതുപോലെ പിള്ളേരുപിടുത്ത ക്കാരിൽ പെട്ടെതാണെന്ന് തോന്നുന്നു. ആ കൊച്ച് കരയുന്നത് കണ്ടില്ലേ...? അതിനെ ആ കിളവൻ എവിടെ നിന്നാങ്ങാണ്ട് തട്ടിക്കൊണ്ടു വന്നതാണെന്നാണ് തോന്നുന്നത്. ഒന്നു ചോദിക്കണം. പോലീസിലറിയിക്കണം.
ആ ... ശരിയാ... ഇതു കേട്ട വേറൊരുത്തൻ പറഞ്ഞു.
പിന്നെ അവർ താമസിച്ചില്ല. അവർ ഗംഗാധരന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.
''ഇത് ഏതാ കുട്ടി..?''
"ഇത് എന്റെ മകന്റെ കുഞ്ഞാണ് ".
"നുണ പറയുന്നോടാ കിളവാ...., സത്യം പറയണം, കൊച്ചിനെ എവിടെ നിന്നാണ് തട്ടിക്കൊണ്ടുവന്നത്. മര്യാദയ്ക്ക് പറയുന്നതാ നല്ലത്. "
"അയ്യോ.. സത്യമായിട്ടും ഇത് എന്റെ പേരക്കിടാവാണ്.. ഇവന്റെ മുടി വെട്ടിക്കാൻ വന്നതാണ്. " .
''ആഹാ ... കൊള്ളാമല്ലോ .... തട്ടിക്കൊണ്ട് വന്നിട്ട് കൊച്ചിനെ ആരും തിരിച്ചറിയാതിരിക്കാനുള്ള അടവ് അല്ലേടാ....".
"മോനേ... കരച്ചിൽ നിർത്തെടാ.... എന്നിട്ട് ഇവന്മാരോട് പറയെടാ... ഞാൻ നിന്റെ അപ്പൂപ്പനാണെന്ന്."
ആൾക്കൂട്ടവും , ആളുകളുടെ ആക്രോശവും കണ്ടിട്ട് യാതൊന്നും പറയാതെ കൊച്ചിന്റെ കരച്ചിലിന് ആക്കം കൂടുകയാണ് ഉണ്ടായത്.
"ഇങ്ങനെ കരയല്ലേടാ... അപ്പൂപ്പാ എന്നു വിളിയെടാ... "
"നിങ്ങൾ ഇപ്പോൾ കൊച്ചിനെ ക്കൊണ്ട് യാതൊന്നും പറയിപ്പിക്കണ്ട. അല്ലേലും പ്രായമുള്ളവരെ ആരെക്കണ്ടാലും കുട്ടികൾ "അപ്പൂപ്പാ.." എന്നല്ലേ വിളിക്കൂ, സമയം മെനെക്കെടുത്താതെ എവിടെ നിന്നു തട്ടിക്കൊണ്ട് വന്നതാണെന്ന് വേഗം പറയെടാ..., തിരിച്ചറിയൽ കാർഡ് എടുക്കെടാ.. ആധാർ കാർഡ് എടുക്കെടാ... റേഷൻ കാർഡും എടുക്കെടാ....
"യാതൊരു രേഖകളും ഇപ്പോൾ എന്റെ കൈയ്യിലില്ല.. വീട്ടിലാണ് ഉള്ളത്. "
കൊച്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ആളെ നാട്ടുകാർ പിടികൂടി എന്ന വാർത്ത കാട്ടുതീ ... പോലെ പടർന്നു.
നാട്ടുകാരെല്ലാവരും കൂടി ഒന്നു രണ്ടു അടി കൊടുത്തു ഗംഗാധരനേയും, കുഞ്ഞിനേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തിച്ചിട്ട് എസ്.ഐയോട് വിവരം പറഞ്ഞു.
എസ് ഐ , ചോദിച്ചു "നീ, കൊച്ചിനെ തട്ടിക്കൊണ്ടു വന്നതാണോടാ..?'
"അല്ല സാറേ... എന്റെ മകന്റെ കൊച്ചാണ്. അവന്റെ മുടി നീണ്ടിരിക്കുന്നത് കാരണം, മുടി വെട്ടാൻ അവന്റെ അച്ചനും അമ്മയ്ക്കും നേരമില്ലാത്തതിനാൽ , ഞാൻ തന്നെ കൊണ്ടുപോയി വെട്ടിക്കാം എന്നു തീരുമാനിച്ചതാണ്. ഒരു ഓട്ടോയിലാണ് വന്നത്. കൊച്ച് ഉറങ്ങിപ്പോയിരുന്നു. ഉറക്കമുണർന്നപ്പോൾ, പരിചയമില്ലാത്ത സ്ഥലം കണ്ട് കൊച്ച് പേടിച്ച് കരഞ്ഞതാണ് അത്രേയുള്ളൂ.... അന്നേരമാണ് ഇവരെല്ലാവരും , ഞാൻ തട്ടിക്കൊണ്ട് വന്നതാണെന്നും പറഞ്ഞ് , എന്നെ ഇടിച്ച് ഇവിടെ ക്കൊണ്ടുവന്നത്. "
അപ്പോഴേക്കും വിവരമറിഞ്ഞ മകൻ ഉണ്ണികൃഷ്ണൻ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. അന്നേരം മകൻ കണ്ട കാഴ്ച, ഷർട്ട് കീറിപ്പറിഞ്ഞ നിലയിൽ കൈകൂപ്പി നില്ക്കുന്ന അച്ഛനെയാണ്.
മകനെ കണ്ടപ്പോൾ, മോനേ... എന്നു വിളിച്ചു കരഞ്ഞു, ഗംഗാധരൻ .
അപ്പോഴേക്കും കണ്ണൻ ഓടി വന്ന് അവന്റെ അച്ഛനെ പിടിച്ചു. അവനെ വാരിയെടുത്തുക്കൊണ്ട് പറഞ്ഞു,
"സാർ.... ഇത് എന്റെ അച്ഛനാണ്. ഇത് എന്റെ മകനും."
"ശരി.. നിങ്ങൾക്ക് പോകാം... നിയമം കൈയ്യിലെടുക്കുവാൻ ആർക്കും യാതൊരു അവകാശവുമില്ല. അത് സംശയത്തിന്റെ പേരിലാണെങ്കിലും, പിന്നെ നിങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടോ...? നിങ്ങളെ മർദ്ദിച്ചതിനും മറ്റും.. എന്നു പറഞ്ഞ് എസ് ഐ തിരിഞ്ഞു നോക്കിയപ്പോൾ, ജാഥയായി ഗംഗാധരനേയും, കുഞ്ഞിനേയും പോലീസ് സ്റ്റേഷനിലെത്തിച്ച ഒരൊറ്റയാൾ പോലും, ആ പരിസരത്തുണ്ടായിരുന്നില്ല.
സുമി ആൽഫസ്
*****************
*****************
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക