നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പറ്റുബുക്കിലെ പണം


പറ്റുബുക്കിലെ പണം
ഞങ്ങളുടെ നാട്ടിൽ ഒരു കടയുണ്ടായിരുന്നു. കുട്ടേട്ടന്റെ കട എന്നായിരുന്നു അതിന്റെ പേര്. അവിടുത്തെ ശർക്കരയും, കൽക്കണ്ടവും, തേങ്ങാപ്പിണ്ണാക്കും, കൊപ്രായും എല്ലാം ഞങ്ങൾ കുട്ടികൾക്ക് വലിയ ഇഷ്ടമായിരുന്നു. കടയിൽ കുട്ടേട്ടനോപ്പം ഭാര്യ മീനാക്ഷിച്ചേച്ചി ഇല്ലെങ്കിൽ ഞങ്ങൾ കടയിൽ കയറി ഇഷ്ടമുള്ളതെല്ലാം എടുത്തു തിന്നും. മീനാക്ഷിച്ചേച്ചി പരാതിപ്പെട്ടാൽ കുട്ടേട്ടൻ ചിരിച്ചുകൊണ്ട് പറയും "കുട്ടികളല്ലേ സാരമില്ല". വൈകുന്നേരമായാൽ അമ്പലക്കുളത്തിൽ കുളിക്കുവാൻ പോകുന്ന വയസ്സായ ആളുകൾ കടയിൽനിന്നും വെളിച്ചെണ്ണയെടുത്ത് തലയിൽ തേച്ചുപിടിപ്പിക്കും അപ്പോഴും കുട്ടേട്ടൻ പറയും "സാരമില്ല അച്ഛന്റെ പ്രായമുള്ള ആളുകളല്ലേ".
കടയിൽ ഒരു വലിയ ബുക്ക് ഉണ്ടായിരുന്നു. ‘പറ്റുബുക്ക്' എന്ന ബുക്കിലായിരുന്നു കടം വാങ്ങിക്കുന്നവരുടെ കണക്കുകൾ എഴുതിയിരുന്നത്. തലയിൽ വെളിച്ചെണ്ണ വെച്ചുകുളിച്ചാൽ നന്നായി ഉറങ്ങാം എന്നുപറയുന്ന നാണുപിള്ളയുടെ അഭിപ്രായത്തിൽ പറ്റുബുക്കിൽ എഴുതി എഴുതി കുട്ടേട്ടന്റെ കൈയക്ഷരം നല്ലവടിവൊത്തതായി. പാവപ്പെട്ടവരും കൂലിപ്പണിക്കാരുമായ പലരുടെയും കടം പെരുകിയെങ്കിലും കുട്ടേട്ടൻ അവരോട് പണം ചോദിച്ചില്ല . ചിലവിരുതന്മാർ കടം കൂടിയപ്പോൾ സിറ്റിയിൽ പോയി രൊക്കം പണം കൊടുത്തു സാധനങ്ങൾ വാങ്ങി തിരിച്ചുവരുന്ന വഴിക്ക് കുട്ടേട്ടനെ കണ്ട് തല ചൊറിയും. അപ്പോഴും അദ്ദേഹത്തിന് ഭാവഭേദമില്ല.
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഞാൻ പതിനാലു വയസ്സുമുതൽ കുട്ടേട്ടന്റെ സഹായി ആയിട്ട് ശനിയും ഞായറും കടയിൽ കൂടി. നാട്ടിലുള്ള ഒട്ടുമിക്ക ചെറുപ്പക്കാരും കുട്ടേട്ടന്റെ സഹായികളായിട്ടുണ്ട് . അദ്ദേഹം അവരെയെല്ലാം അകമഴിഞ്ഞ് സഹായിച്ചിട്ടുമുണ്ട് . ശനിയാഴ്ച്ച ചന്തയിൽ കുട്ടേട്ടന്റെകൂടെ പോയാൽ പരമസുഖമാണ്. വയറുനിറച്ചും ഹോട്ടലിൽനിന്നും ആഹാരം കഴിക്കാം, കൂടാതെ കുട്ടേട്ടനോപ്പം ശീതീകരിച്ച സിനിമാതിയേറ്ററിൽ കയറി സിനിമയും കാണാം.
കുട്ടേട്ടൻ ചെയ്യുന്നതെല്ലാം മണ്ടത്തരമാണെന്നു പതുക്കെ പതുക്കെ എനിക്കുതോന്നിത്തുടങ്ങി. കൂടാതെ ആളുകൾ കുട്ടേട്ടനെ ചൂഷണം ചെയ്യുകയാണെന്ന് ഒരുതോന്നലും. അതിനുകാരണം ഉണ്ട് ബിസിനസ്സ് നന്നായി അറിയാവുന്ന കുട്ടേട്ടന്റെ കടയിൽ എന്നും തിരക്കാണെങ്കിലും അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി തെല്ലും മെച്ചപ്പെട്ടിട്ടില്ല. കഷ്ടിച്ച് കഴിഞ്ഞുകൂടുന്നു എന്നുമാത്രം. നല്ലവനായ കുട്ടേട്ടനെ ‘മണ്ടൻ’എന്ന് അദ്ദേഹത്തിന്റെ നന്മ അനുഭവിച്ചറിഞ്ഞവർ തന്നെ പറയുന്നത് എന്നെ വേദനിപ്പിച്ചിരുന്നു. മീനാക്ഷിചേച്ചിയുടെ പരാതി സഹിക്കുവാൻ വയ്യാതായപ്പോൾ കുട്ടേട്ടനെ ഒന്ന് ഉപദേശിക്കുവാൻ ഞാൻ തീരുമാനിച്ചു. ഞാൻ പറഞ്ഞതെല്ലാം കേട്ടതിനുശേഷം എന്നെ നോക്കി ചിരിച്ചുകൊണ്ട് കുട്ടേട്ടൻ ചോദിച്ചു "നിനക്ക് എന്നാണ് സർക്കാർ ജോലിക്കുള്ള പ്രവേശന പരീക്ഷ?". എനിക്ക് ദേഷ്യം വന്നുവെങ്കിലും ഞാൻ പതുക്കെ പറഞ്ഞു ''തിങ്കളാഴ്ച". പണപ്പെട്ടിയിൽനിന്നും കുറെ പണമെടുത്തു എന്റെകൈയിൽ തന്നു കൊണ്ട് പറഞ്ഞു "ദൂരെ യാത്രചെയ്തു പോകേണ്ടതല്ലേ? പണത്തിനാവശ്യം വരും"
"ഇങ്ങനെ നാട്ടുകാരെ സേവിച്ചിട്ട് കുട്ടേട്ടനെന്താണ് ഗുണം?" . ഞാൻ ഇടക്കിടക്ക് ചോദിക്കുമ്പോൾ അദ്ദേഹം വെറുതെ ചിരിക്കും.
ഒരുദിവസം കടയിൽ വെച്ച് കുട്ടേട്ടൻ കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് അദ്ദേഹം മരിച്ചിരുന്നു.
"നല്ല ആളുകളെ നേരത്തേ ദൈവം വിളിക്കും" നാണുപിള്ള പറഞ്ഞു. നാട്ടുകാർ അനുശോചന സമ്മേളനം നടത്തുകയും കുട്ടേട്ടനെ ഒരുപാട് പുകഴ്ത്തുകയും ചെയ്തു.
സമ്പാദ്യങ്ങളൊന്നും ഇല്ലാതിരുന്ന കുട്ടേട്ടന്റെ കുടുംബം ഇരുട്ടിൽത്തപ്പി. ചന്തയിലുള്ള മൊത്തവ്യാപാരക്കാർ അവർക്കുകൊടുക്കുവാനുള്ള തുകയുടെ കണക്ക് കുട്ടേട്ടൻ മരിച്ച അന്നുതന്നെ നാണുപിള്ളയെ ഏൽപ്പിച്ചിരുന്നു.
കടയിലുണ്ടായിരുന്ന പറ്റുബുക്കിൽ ഒരു രൂപമുതൽ പതിനായിരം രൂപവരെ കൊടുക്കുവാനുള്ളവരുടെ വിവരം കുട്ടേട്ടൻ കൃത്യമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു. നല്ലവരായ ചിലർ കൊടുക്കുവാനുള്ള പണം മീനാക്ഷിചേച്ചിയുടെ വീട്ടിലെത്തി കൊടുത്തു. ഞാനും നാണുപിള്ളയും പറ്റുബുക്കിലെ കണക്ക് കൂട്ടിനോക്കിയപ്പോൾ അത്ഭുതപ്പെട്ടു. അഞ്ചുലക്ഷത്തിലധികം രൂപ കുട്ടേട്ടന് കിട്ടുവാനുണ്ട് . കുട്ടേട്ടൻ കൊടുക്കുവാനുള്ളത് വെറും അമ്പതിനാലായിരം രൂപമാത്രം. ഞങ്ങൾക്ക് സന്തോഷമായി.
കിട്ടാനുള്ള പണം ചോദിക്കുന്നതിന് ഞങ്ങൾ മീനാക്ഷിചേച്ചിയെ നിർബന്ധിച്ചു. മൊത്തവ്യാപാരക്കാരുടെ ശല്യം കൂടിയപ്പോൾ മീനാക്ഷിച്ചേച്ചി പറ്റുബുക്കെടുത്തു. തൊട്ടടുത്തുള്ള മുരുകന്റെ പേജ് എടുത്തു നോക്കി. മുരുകനെ മീനാക്ഷിചേച്ചിക്ക് നല്ലപരിചയമുണ്ട് .കൂടാതെ അയല്പക്കം എന്നനിലയിൽ കുട്ടേട്ടൻ ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുമുണ്ട്. കണക്കു പ്രകാരം മുരുകൻ നാലായിരത്തി മുന്നൂറ്റി പതിന്നാലുരൂപ നെല്കുവാനുണ്ട് . നല്ലവനായ മുരുകൻ ചോദിച്ചാൽ ഉടനെ മുഴുവൻ തുകയും തന്നാൽ മൂവായിരം വാങ്ങിയാൽ മതിയെന്ന് മീനാക്ഷിച്ചേച്ചി തീരുമാനിച്ചു.
പിറ്റേദിവസം സന്ധ്യാനേരത്ത്‌ ഞാൻ കുട്ടേട്ടന്റ വീട്ടിൽചെന്നപ്പോൾ മീനാക്ഷിച്ചേച്ചി പറഞ്ഞു "പറ്റുബുക്കുപ്രകാരം കിട്ടാനുള്ള പണം ഞാൻ ഉപേക്ഷിക്കുകയാണ് .കുറച്ചു സ്വർണം പണയം വെച്ച്ചന്തയിലുള്ള മുതലാളിമാരുടെ കടം കൊടുത്തു തീർക്കാം". സ്തംഭിച്ചു നിന്ന എന്നോട് അയല്പക്കത്തെ മുരുകന്റെ വീട്ടിൽ പോയപ്പോഴുള്ള അനുഭവം ചേച്ചി കരഞ്ഞുകൊണ്ട് പറഞ്ഞു.
ചേച്ചി അവിടെ ചെല്ലുമ്പോൾ മുരുകൻ പുറത്തെവിടെയോ പോയിരിക്കുകയാണ്. മുരുകന്റെ ഭാര്യ മാലിനി ചേച്ചിയെ സ്വീകരിച്ചിരുത്തി. പണത്തിൻറെ കാര്യം പറഞ്ഞപ്പോൾ മാലിനി പറഞ്ഞു "ചേട്ടൻ കൃത്യമായി കടം വീട്ടുന്ന ആളാണ്. മാത്രമല്ല വാക്കുപറഞ്ഞാൽ പാലിക്കുന്നതിൽ കണിശ്ശക്കാരനും. എല്ലാം എന്നോട് തുറന്നു പറയുന്ന സ്വഭാവക്കാരനാണ്. കുട്ടേട്ടന് പണം കൊടുക്കുക്കാനുള്ള കാര്യം എന്തോ എന്നോട് പറഞ്ഞിട്ടില്ല". കുറച്ചു കഴിഞ്ഞപ്പോൾ മുരുകൻ എത്തി. അയാൾ മീനാക്ഷിചേച്ചിയെ കണ്ട ഭാവം നടിച്ചില്ല. അകത്തുകയറി അരമണിക്കൂർ കഴിഞ്ഞു പുറത്തിറങ്ങിയ മുരുകനോട് മീനാക്ഷിച്ചേച്ചി വിക്കിവിക്കി പറഞ്ഞു "മുരുകാ കുട്ടേട്ടന് കൊടുക്കുവാനുള്ള പണത്തിൽ കുറച്ചു കിട്ടിയാൽ കൊള്ളാമായിരുന്നു. ഒരുപാട് കടങ്ങളുണ്ട്". മുരുകൻ ഞെട്ടൽ അഭിനയിച്ചുകൊണ്ട് പറഞ്ഞു "ഞാൻ കുട്ടേട്ടന് പണം കൊടുക്കുവാനുണ്ടെന്നോ ? ഉണ്ടെങ്കിൽ ഞാൻ മാലൂനോട് പറഞ്ഞിട്ടുണ്ടാകും. ഇല്ലേ മാലൂ".അപ്പോൾ അകത്തുനിന്ന മാലിനി കിണുങ്ങി "ഞാനത് പറഞ്ഞു മുരുകേട്ടാ".
"അപ്പോൾ മുരുകൻ പറയുന്നത് പണം തരാനില്ലെന്നാണോ?" മീനാക്ഷിചേച്ചിയുടെ ശബ്ദം ഇടറി.
"അതെ ഞാൻ ആർക്കും പണം കൊടുക്കുവാനില്ല." മുരുകൻ തീർത്തുപറഞ്ഞു .
"അപ്പോൾ കുട്ടേട്ടന്റെ പറ്റുബുക്കിൽ കണ്ടതോ ?''. ചേച്ചി ദയനീയമായി ചോദിച്ചു. പെട്ടെന്നായിരുന്നു മറുപടി
"വെറുതെ എഴുതി വെച്ചതായിരിക്കും" അത് ഭാര്യയും ഭർത്താവും ഒരുമിച്ചാണ് പറഞ്ഞത്. ചേച്ചി ഒന്നും പറയാതെ അപ്പോൾത്തന്നെ അവിടെനിന്നും ഇറങ്ങി നടന്നു.
" പണം ചോദിച്ചാൽ സത്യസന്ധനായ എന്റെ കുട്ടേട്ടനെ ആളുകൾ കള്ളനാക്കും. അതെനിക്ക് സഹിക്കുവാൻ പറ്റുന്നതിലധികമാണ്. ഞാൻ പറ്റുബുക്കിലെ പണം ഉപേക്ഷിച്ചു കഴിഞ്ഞു . എനിക്ക് പണത്തേക്കാൾ വലുത് എന്റെ നല്ലവനായ കുട്ടേട്ടനാണ്" പൊട്ടിക്കരഞ്ഞ മീനാക്ഷിചേച്ചിയെ എങ്ങിനെ ആശ്വസിപ്പിക്കും എന്നറിയാതെ ഞാൻ ആകാശത്തേക്ക് നോക്കിയപ്പോൾ ഒറ്റയ്ക്ക് നിന്ന ഒരു നക്ഷത്രം എന്നെ കണ്ണിറുമ്മി കാണിച്ചു.
അനിൽ കോനാട്ട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot