Slider

ഈ വിജയം എന്റേതല്ല

0
അമ്മായി എന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു
"ഇവൻ.... എന്നെ... "
മറുത്തെന്തെങ്കിലും പറയുന്നതിന് മുൻപേ അച്ഛൻ എന്നെ കഴുത്തിന് കുത്തിപിടിച്ച് മുറ്റത്തേക്ക് തള്ളി. അപമാനവും ദേഷ്യവും സഹിക്കാനാകാതെ അച്ഛന്റെ മുഖം വികൃതമായതുപോലെ എനിക്കപ്പോൾ തോന്നി.
ജനിച്ച നാൾ തൊട്ട് ഈ നിമിഷം വരെ ഞാൻ അമ്മായിയെ സ്വന്തം അമ്മയുടെ സ്ഥാനത്ത് മാത്രമേ കണ്ടിട്ടുള്ളൂ. അത് ഏറ്റവും നന്നായി അറിയുന്നതും അച്ഛനാണ്...
എന്നിട്ടും ഇവൻ എന്നെ കയറിപ്പിടിച്ചെന്ന് കള്ള കണ്ണീരൊഴുക്കി അമ്മായി വിളിച്ചു പറഞ്ഞപ്പോൾ അച്ഛൻ എന്നെ ആദ്യമായി അവിശ്വസിച്ചു. എന്റെ കവിളിൽ ആഞ്ഞടിച്ചു....
നമ്മുടെ ഗോപു അത് ചെയ്യില്ലാ എന്ന് മുത്തശ്ശിയും അമ്മയും അച്ഛനോട് അലമുറയിട്ട് പറയുന്നുണ്ടായിരുന്നു.
തറവാട്ടിലെ മറ്റു അംഗങ്ങളെല്ലാവരും അച്ഛനെ പലതും പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരെയെല്ലാം തട്ടിമാറ്റിക്കൊണ്ട് അച്ചൻ എന്നെ മർദ്ധിച്ചുകൊണ്ടേയിരുന്നു...
പക്ഷേ, അകത്തെ മുറിയിലെ ജനവാതിലിന് പിറകിൽ,
എന്റെ നിസ്സഹായാവസ്ഥയെ ആസ്വദിച്ചു ചിരിച്ചുകൊണ്ടിരുന്ന ശാരിയെ മാത്രം ആരും കണ്ടില്ല... ഞാനൊഴിച്ച്...
എന്റെയും ശാരിയുടെയും വിവാഹം ഞങ്ങൾ കുട്ടികളായിരുന്ന കാലത്ത് തന്നെ അച്ഛനും അമ്മായിയും പറഞ്ഞുറപ്പിച്ചതായിരുന്നു...
അന്ന് മുതൽ ഞാൻ വിജയിച്ചതും പരാജയപ്പെട്ടതുമെല്ലാം അവൾക്ക് വേണ്ടി മാത്രമായിരുന്നു...
നടുമുറ്റത്തെ നാടൻ മാവിലെ മാമ്പഴത്തിന് വേണ്ടി കൈവീശി കരഞ്ഞിരുന്ന അവൾക്ക് വേണ്ടിയാണ് ഞാൻ മരം കയറാൻ പഠിച്ചത് ...
തറവാട്ടു തൊടിയിലെ നീലക്കുളത്തിൽ നീരാടാൻ കൊതിച്ച അവൾക്ക് വേണ്ടിയാണ് ഞാൻ നീന്തൽ പഠിച്ചത് ....
കുഴിപ്പന്തുകളിയിലും കക്കുകളിയിലുമെല്ലാം അവൾ തോൽക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഞാൻ അന്ന് തോറ്റുകൊടുത്തിരുന്നത്...
വല്യച്ഛന്റെ സൈക്കിളിൽ സഞ്ചരിക്കാൻ കൊതിച്ച അവൾക്ക് വേണ്ടിയാണ് ഞാൻ സൈക്കിളും ബൈക്കും ഓടിക്കാൻ പഠിച്ചത്.....
പത്താം ക്‌ളാസ് പാസായപ്പോൾ ശാരിയെ നന്നായി നോക്കാൻ നല്ല ജോലിയും വരുമാനവും വേണമെന്ന് അച്ഛനും അമ്മയും ഉപദേശിച്ചതുകൊണ്ടാണ് ഞാൻ നന്നായി പഠിച്ചത്...
പഠനം കഴിഞ്ഞ് ഏറെ ആയിട്ടും ജോലി കിട്ടാതെ വന്നപ്പോൾ വീട്ടുകാരും നാട്ടുകാരും കുത്തുവാക്കുകൾ പറയാൻ തുടങ്ങിയിരുന്നു. എന്നിട്ടും ഞാൻ പുറത്തേക്ക് പോകാതെ നാട്ടിൽ തന്നെ ജോലി അന്വേഷിച്ചിരുന്നതും അവൾക്ക്
വേണ്ടിയായിരുന്നു...
പക്ഷേ, എന്നിട്ടും...
മുത്തശ്ശിയുടെ പിറന്നാളാഘോഷിക്കാൻ അമ്മായിയുടെ കൂടെ തറവാട്ടിലെത്തിയ അവൾക്ക് ഒരു ഒറ്റുകാരിയുടെ മനസ്സുണ്ടായിരുന്നെന്ന് ഞാൻ മനസ്സിലാക്കിയില്ല...
ഊണ് കഴിഞ്ഞ് എല്ലാവരും റൂമിലേക്ക് പോയതും അമ്മായി എന്റെ കൈപിടിച്ച് അടുക്കള പിൻഭാഗത്തേക്ക് പോയി.
പരിസരത്താരുമില്ലെന്ന് ബോധ്യമായതും അമ്മായി എന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു തുടങ്ങി.
"അവൾക്ക് ഒരു ഗൾഫുകാരന്റെ ആലോചന വന്നിട്ടുണ്ട്... അവന് നല്ല ശമ്പളമുണ്ട്, നല്ല കുടുംബമാണ്... അവൾക്കും അവനെ ഇഷ്ടമായി...അടുത്ത വർഷം നടത്താമെന്നാണ് കരുതുന്നത്... നിനക്കിപ്പോൾ ജോലി ഒന്നും ആയിട്ടില്ലല്ലോ... അത്കൊണ്ട് നീ അവളുടെ നല്ല ഭാവി ആഗ്രഹിച്ച് മാറിതരണം "
അമ്മായി പറഞ്ഞ കാര്യങ്ങൾ ഓരോന്നും ഒരു ഇടിത്തീ പോലെ എന്റെ നെഞ്ചിൽ തറച്ചു. മക്കളുടെ ഭാവി നന്നായി കാണണമെന്നേ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കൂ... പക്ഷേ, ഓർമ വെച്ച കാലം മുതൽ ശാരി നിനക്കുള്ളതാണെന്നും, നീ അവൾക്കുള്ളതാണെന്നും പലവട്ടം പറഞ്ഞുപഠിപ്പിച്ച അതേ നാവുകൊണ്ട് അവളെ മറക്കണമെന്ന് ഭാവവ്യത്യാസമില്ലാതെ അമ്മായി പറഞ്ഞവസാനിച്ചപ്പോൾ എന്റെ കേൾവിയെ ഞാൻ അന്നാദ്യമായി അവിശ്വസിച്ചു.
"അമ്മായി... അമ്മായി എന്തൊക്കെയാണീ പറയുന്നത്...അവൾ എന്റേതാണെന്ന് അമ്മായി തന്നെയല്ലേ പലവട്ടം പറഞ്ഞിട്ടുള്ളത്????..."
"അതന്നല്ലേ ഗോപൂ... വളർന്നു വരുമ്പോൾ നീ ഇത്ര തല്ലിപ്പൊളിയാകുമെന്ന് ഞങ്ങളാരെങ്കിലും ഓർത്തോ... "
"പക്ഷേ, ശാരിയോട് നിങ്ങളെന്ത് പറയും.. അവളിതെങ്ങനെ സഹിക്കും "

"അവളാണ് ഇത് നിന്നോട് അവതരിപ്പിക്കാൻ പറഞ്ഞത്... അവൾക്ക് ഈ കല്യാണത്തിന് നൂറു വട്ടം സമ്മതമാണ്... ഇനി നീ സ്വമനസ്സാലെ മാറി തന്നാൽ മതി "
അവിടം മുതലായിരുന്നു എന്റെ മനസ്സിൽ ഇന്നും ഇടിവെട്ടി പെയ്തുകൊണ്ടിരിക്കുന്ന ആ പേമാരിയുടെ തുടക്കം. പിന്നീട് സംഭവിച്ചതൊന്നും എന്റെ അറിവോടെ ആയിരുന്നില്ല...
എന്റെ കണ്ണുകളിൽ ഇരുട്ടുപരണ്ടു, കൈകളിൽ രക്തയോട്ടം കൂടി.ഏതോ ഒരു വികാരത്തള്ളിച്ചയിൽ ഞാൻ അമ്മായിയുടെ കഴുത്തിൽ കൈ അമർത്തി....
അപ്പോഴേക്കും...
"ഓടി വരണേ... ഗോപി എന്നെ കേറിപ്പിടിക്കുന്നെ..."
അമ്മായിയുടെ പെട്ടെന്നുള്ള നിലവിളി എന്റെ ബോധമണ്ഡലത്തെ ഉണർത്തി.ഞാൻ എന്റെ കരങ്ങൾ അമ്മായിയുടെ കഴുത്തിൽ നിന്നും പെട്ടെന്നുതന്നെ പിറകോട്ട് വലിച്ചു, പിന്നെ തലയും തൂക്കി നിശബ്ദനായി നിന്നു.
അപ്പോഴേക്കും ഞാൻ എന്റെ കുടുംബത്തിന് മുൻപിൽ കാമവെറിയനും വെറുക്കപ്പെട്ടവനുമായി തീർന്നിരുന്നു....
അച്ഛൻപോലും എന്നെ അഭിസംബോധന ചെയ്തത് നായിന്റെ മോനെ എന്നാണ്...
ഇളയച്ഛന്റെ നാലരവയസ്സുകാരിയായ ഗീതുമോൾ പോലും എന്റെ അടുത്തേക്ക് വരാതെയായി.... ഒരിക്കൽ അവൾ എന്റെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞു...
"ഗോപു മാമൻ ചീത്തയാ " എന്ന്....
പ്രണയനഷ്ടവും അഭിമാന ക്ഷതവും സഹിക്കാനാകാതെ ഞാൻ മരുഭൂമിയിലേക്ക് വിമാനം കേറി.... ആരോടും പറയാതെ,ആരോടും സമ്മതം ചോദിക്കാതെ....
ഒന്നരവർഷത്തെ ഇടവേളക്ക് ശേഷമാണ് അമ്മ എന്നെ നാട്ടിലേക്ക് വിളിച്ചു തുടങ്ങിയത്. വരുന്നില്ലെന്ന് പലവട്ടം അമ്മയോട് മറുപടി പറഞ്ഞതുമാണ്. അച്ഛനും അമ്മൂമ്മയും ബന്ധുക്കളുമെല്ലാം എന്നെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിട്ടും എന്റെ മനസ്സുമാറിയിരുന്നില്ല...
പക്ഷേ, അന്നൊരിക്കൽ അമ്മ വിളിച്ചപ്പോൾ അത് പറഞ്ഞു...
"ശാരിയുടെ വിവാഹമാണ് അടുത്ത മാസം.. തറവാട്ടിൽ വെച്ചാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്...ബന്ധുക്കളെല്ലാവരും വരുന്നുണ്ട്.... കുട്ടിക്കാലം മുതലേ നിങ്ങൾ പരസ്പരം അറിയുന്നവരല്ലേ... നീ വന്നില്ലെങ്കിൽ മോശല്ലേടാ... "
പതിവിന് വിപരീതമായി ഞാൻ അമ്മയോട് മറുപടി പറഞ്ഞു...
"വരും... തീർച്ചയായും വരും "
എന്റെ മനസ്സിൽ ഒന്നര വർഷത്തോളമായി എരിഞ്ഞുകൊണ്ടിരുന്നിരുന്ന ആ കനൽ അണയ്ക്കാൻ ഉചിതമായ സമയം അതാണെന്ന് എനിക്കപ്പോൾ തോന്നിയിരുന്നു.
ഒടുവിൽ ആ കല്യാണ ദിവസം വന്നെത്തി.
വാദ്യഘോഷങ്ങളാൽ ശബ്ദ മുഖരിതമായിരുന്ന ആ കല്യാണ പന്തലിലേക്ക് ഞാൻ കാലെടുത്തുവെച്ചു.
"വാസുവിന്റെ മകൻ... നാടുവിട്ട ഗോപു അതാ തിരിച്ചുവന്നിരിക്കുന്നു."
സ്വീകരണ പടിയിൽ നിന്നും ആരോ കൊളുത്തുവിട്ട ആ സന്ദേശം പലരും കൈമാറി കൈമാറി കല്യാണപ്പന്തൽ മുഴുവൻ പ്രതിഫലിച്ചു. ആളുകൾ എന്നെ അറപ്പോടെയും വെറുപ്പോടെയും നോക്കിക്കൊണ്ടിരുന്നു.
മണ്ഡപത്തിന്റെ ഒരറ്റത്ത് മുറുക്കാൻ പൊതിയും വെറ്റിലയുമായി വിരുന്നുകരുമായി സൊറ പറഞ്ഞുകൊണ്ടിരുന്ന മുത്തശ്ശി എന്നെക്കണ്ടതും ചാടിയെഴുന്നേറ്റു. സുഖമില്ലാത്ത കാലുകൾ രണ്ടും ഏച്ചു വലിച്ചുകൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു.
അതിനിടയിൽ, ആൾക്കൂട്ടത്തിൽ നിന്ന് എവിടെ നിന്നോ നിറകണ്ണുകളുമായി അമ്മയും എന്നെക്കാണാൻ വന്നു...
"എവിടായിരുന്നു എന്റെ കുട്ടി... മുത്തശ്ശിയെ നീ എന്തെ മറന്നുപോയത്..."
ഞാൻ മുത്തശ്ശിയുടെ മാറിൽ തലപൂഴ്ത്തി വെച്ചു... എന്റെ ശിരസ്സ് കൈവെച്ച് വിതുമ്പിക്കരഞ്ഞുകൊണ്ട് അമ്മയും കൂടെ നിന്നു.
മുഹൂർത്തത്തിന് സമയമായി.അച്ഛന്റെയും അമ്മായിയുടെയും കൈപിടിച്ചുകൊണ്ട് ശാരി കതിർ മണ്ഡപത്തിലേക്ക് നടന്നുവന്നു.
കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കെല്ലാവർക്കും അടക്കയും വെറ്റിലയും ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിച്ചതിന് ശേഷം അവൾ മണ്ഡപത്തിൽ വന്നിരുന്നു. ഇതിനിടയിൽ ഇടം കണ്ണിട്ട് എപ്പോഴോ എന്നെയും നോക്കി.
ഞാൻ അവളെ നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചു. പക്ഷേ, പ്രതികരണമൊന്നുമുണ്ടായില്ല...
അമ്മായി ആകട്ടെ എന്റെ മുഖത്തേക്ക് നോക്കിയതുപോലുമില്ല....
വാദ്യഘോഷങ്ങളും മന്ത്രോച്ചാരണങ്ങളും ഉച്ചസ്ഥായിയിലെത്തിയതും അവളുടെ കഴുത്തിൽ വരണ്യ മാല കേറി.
നവ ദമ്പതിമാർ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. അവരെ രണ്ടുപേരെയും ആശംസ വാക്കുകൾകൊണ്ട് പൊതിയാൻ അതിഥികൾ ഓരോരുത്തരും മത്സരിച്ചു.
പൊട്ടിച്ചിരികൾക്കും അടക്കം പറച്ചിലുകൾക്കുമിടയിൽ അമ്മായിയും അച്ഛനും ബന്ധുക്കൾ ഓരോരുത്തരെയും നവവരന് പരിചയപ്പെടുത്തിക്കൊടുക്കുന്നു.
ഇതിനിടയിൽ എപ്പോഴോ വരന്റെ കണ്ണുകൾ അമ്മയുടെ പിറകെ നിന്ന്കൊണ്ട് പുഞ്ചിരി തൂകി നിന്നിരുന്ന എന്റെ മുഖത്തേക്ക് പതിഞ്ഞു.
അവൻ എന്റെ നേരെ വിരൽ ചൂണ്ടിക്കൊണ്ട് സംശയത്തോടെ അച്ഛനോട് ചോദിച്ചു....
"ഇത്.... ??"
"ഇത് എന്റെ മോൻ ഗോപു.. "
"അല്ല... ഇതെന്റെ ബോസ് ഗോപിനാഥല്ലേ ??"
"ഇതാണോ നിന്റെ ബോസ്... നിനക്ക് ലീവ് തന്ന സാർ ???"... പയ്യന്റെ അച്ഛൻ ഇടയ്ക്ക് കേറി ചോദിച്ചു...
"അതെ... ഇന്നലെ ഞാൻ ഓഫീസിൽ വിളിച്ചപ്പോൾ സാർ ഏതോ കല്യാണത്തിന് നാട്ടിൽ പോയെന്ന് പറഞ്ഞു... എന്റെ കല്യാണമാണെന്ന് അറിഞ്ഞില്ല... "
"ശാരി എന്റെ ബന്ധുവാണ്.... അതെ പറ്റി പിന്നെ സംസാരിക്കാം.. നീ ഇപ്പോൾ എല്ലാരേം പരിചയപ്പെട്... "
ഞാൻ അവന്റെ ചുമലിൽ കൈവെച്ചു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
ശാരി എന്റെ മുഖത്തേക്ക് അവിശ്വസനീയതയോടെ തുറിച്ചു നോക്കികൊണ്ടിരുന്നു.
അന്നേരം വരെ ഹൈ വോൾട്ടേജിൽ തിളങ്ങി നിന്നിരുന്ന അമ്മായിയുടെ മുഖം പെട്ടെന്ന് നിറം മങ്ങി. തീകനലിൽ ചവിട്ടി നിൽക്കുന്നപോലെ...
അമ്മയും അച്ഛനും മുത്തശ്ശിയും എല്ലാം അറിയാമായിരുന്നെന്ന ഭാവത്തിൽ പുഞ്ചിരി തൂകി നിന്നപ്പോൾ മറ്റു ബന്ധുക്കളെല്ലാവരും ഒന്നും മനസ്സിലാകാതെ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു.
വരൻ ശാരിയുടെ കയ്യുംപിടിച്ച് മുന്നോട്ട് നടന്നപ്പോൾ അമ്മായിയും അച്ഛനും അവരെ പിന്തുടർന്നു.
ഉന്മേഷം നഷ്ടപെട്ട ശാരി ഒരു കൃത്രിമ പുഞ്ചിരി മുഖത്ത് പുരട്ടിയതിന് ശേഷം മറ്റുള്ളവരോടെല്ലാം സന്തോഷം അഭിനയിച്ചുകൊണ്ടിരുന്നു.
ഇതിനിടയിൽ അച്ഛനെപ്പോഴോ മുഖം തിരിച്ചു എന്നെനോക്കി, പിന്നെ കൈകൾകൊണ്ട് ചുണ്ട് പൊത്തി ചെറിയ ശബ്ദത്തിൽ ചിരിച്ചുകൊണ്ടിരുന്നു....
ജീവിതത്തിൽ ഇത്രയും മനോഹരമായി അച്ഛൻ ചിരിക്കുന്നത് ഞാനൊരിക്കൽ പോലും കണ്ടിട്ടില്ല ....
ഞാൻ അമ്മായിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലായെന്ന് ഏറ്റവും നന്നായി അറിയുന്നത് അച്ഛനായിരുന്നു... എന്നിട്ടും അച്ഛനെന്നെ തല്ലിയിരുന്നു ...
എന്നെ ദയാരഹിതമായി ആക്രമിച്ചുകൊണ്ടിരുന്ന അച്ഛന്റെ കരങ്ങളെ മാത്രമേ അന്ന് അവിടെ കൂടിയവർ കണ്ടിട്ടുണ്ടയിരുന്നോള്ളൂ... പക്ഷേ, ഓരോ മർദ്ദനങ്ങൾക്കിടയിലും എന്റെ ശിരസ്സ് തടവി സമാധാനിപ്പിച്ചിരുന്ന അച്ഛന്റെ മറ്റൊരു കരത്തെ ഞാൻ മാത്രമേ കണ്ടിട്ടുണ്ടായിരുന്നോള്ളൂ....
വഞ്ചിക്കപ്പെട്ടതിന്റെ വിഭ്രാന്തിയിൽ ജീവിതം മുഴുവൻ ഈ തറവാട്ട് മുറ്റത്തിരുന്ന് കരഞ്ഞു തീർക്കാൻ അച്ഛൻ എന്നെ വിട്ടില്ല... പകരം അറിഞ്ഞുകൊണ്ട് എന്നെ മറ്റൊരു ജീവിതത്തിലേക്ക് പറിച്ചു നടുകയായിരുന്നു അന്നച്ചൻ ചെയ്തത്...
ഈ വിജയം എന്റേതല്ല... അച്ഛന്റേതാണ്...
ഈ പ്രതികാരവും...
സമീർ ചെങ്ങമ്പള്ളി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo