Slider

ആത്മസഖി

0

സൗഹൃദങ്ങൾ എന്നും എന്റെ ദൗർബല്യമായിരുന്നു. അതിനാൽ തന്നെ ഒരുപാട് സൗഹൃദ വലയങ്ങളും എനിക്കുണ്ടായിരുന്നു.... ഉണ്ടായിരുന്നു എന്നല്ല ഇപ്പോഴും ഉണ്ട്... എല്ലാവരെയും ഒരേപോലെ കാണാനും ഒരേ സ്ഥാനം കൊടുക്കാനും ഞാൻ ശ്രദ്ധിച്ചിരുന്നു... നിത്യേന ഉള്ള തിരക്കുകൾ കാരണം കുറച്ചു അകൽച്ച ചിലപ്പോൾ വരുമെങ്കിലും ഞാൻ ഇടയ്ക്കിടയ്ക്ക് എല്ലാവരെയും വിളിച്ചു ഓർമ്മകൾ പുതുക്കാൻ ശ്രമിച്ചിരുന്നു. ഓരോ കാലഘട്ടത്തിലും പുതിയ സുഹൃത്തുക്കൾ തേടി എത്തുമ്പോൾ പഴയ സുഹൃത്തുക്കളേ മറക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. പിന്നെ എവിടാണ് എനിക്ക് തെറ്റ് പറ്റിയത്..
അവളെ ഓർക്കാതെപോയത് എന്ത്കൊണ്ടാണ്...
അവളെ തത്ക്കാലം സുരഭി എന്ന് വിളിക്കാം.. ഞാൻ ബി എഡ് പഠിക്കുമ്പോഴാണ് അവളെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. തികച്ചും പരിചിതമല്ലാത്ത സ്ഥലത്തു അവൾ എനിക്ക് നല്ലൊരു കൂട്ടായി. ആദ്യ ദിവസം തന്നെ പരിഭ്രമിച്ചു വന്ന എന്നെ അവളാണ് അവളുടെ അടുക്കൽ വിളിച്ചു ഇരുത്തിയത്..
"ഞാൻ സുരഭി തന്റെ പേരെന്താ ? ഞാൻ പേരുപറഞ്ഞു. ഏതാ സബ്ജെക്ട് ? മാത്‍സ്
താനോ ?ഞാനും ചോദിച്ചു
നാച്ചുറൽ സയൻസ് "
ഇതായിരുന്നു ഞങ്ങളുടെ ആദ്യ കൂടികാഴ്ചയിലെ സംസാരം.... പിന്നെ എന്നും അവളുടെ അടുക്കൽ ചെന്നിരിക്കുക പതിവായി... ഒരേ സബ്ജെക്ട് അല്ലെങ്കിലും ജനറൽ ക്ലാസ്സിലൊക്കെ ഞങ്ങൾ ഒന്നിച്ചായിരുന്നു..
പിന്നീട് സബ്ജെക്ട് ക്ലാസ്സുകൾക്ക് പ്രാധാന്യം കൂടിയപ്പോൾ പുതിയ സുഹൃത്തുക്കളുടെ സാനിധ്യം വർധിച്ചു. എന്നാലും അവളോടുള്ള സംസാരത്തിനു കുറവൊന്നും വന്നില്ല... വലിയ പൊക്കം ഇല്ലെങ്കിലും കാണാൻ സുന്ദരിയായിരുന്നു. കുറച്ചു വണ്ണം ഉണ്ടെങ്കിലും അവൾക്കു ഒരു ആനച്ചന്ദം ഉണ്ടായിരുന്നു. അവളു സാരി ഉടുക്കുന്നത് പോലും അത്രയ്ക്ക് മനോഹരമായിട്ടായിരുന്നു. മുടി കുറവായിരുന്നെങ്കിലും അവളുടെ അഴകിനെ ഒരുരീതിയിലും അത് ബാധിച്ചിരുന്നില്ല.
ഒരു വർഷമായിരുന്നു കോഴ്സ്.. അതിനിടയിൽ ഒത്തിരി ഒന്നും അടുത്തില്ലെങ്കിലും ഞങ്ങളുടെ മനസ്സുകൾ തമ്മിൽ വല്ലാത്തൊരു അടുപ്പം ഉണ്ടായിരുന്നു.
അവളുടെ മാതാപിതാക്കൾക്ക് ഒരേഒരു മകളായിരുന്നു അവൾ, അവളുടെ വിവാഹം കോഴ്സ് കഴിഞ്ഞു ആർഭാടപൂർവം തന്നെ നടന്നു... പിന്നെ എല്ലാവരും ഓരോ വഴിക്ക് പിരിഞ്ഞപ്പോഴും ഞങ്ങളുടെ ഫോൺ വിളികൾക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. എന്നാലും പതിയെ പതിയെ അത് കുറഞ്ഞു വന്നു.
അവൾക്കു അതിനിടയിൽ സർക്കാർ ജോലി ലഭിച്ചിരുന്നു, അതിനാലാവാം എന്ന് കരുതി ഞാനും ശല്യം ചെയ്യാൻ പോയില്ല
അതിന്റെ ഇടയ്ക്കാണ് കോളേജിൽ പൂർവവിദ്യാർഥി സംഗമം വന്നത്.. അവളെ അന്ന് കണ്ടു കുറെ സംസാരിക്കണം എന്ന് കരുതിയാണ് ഞാൻ പോയത്.. പക്ഷെ അവിടെ എന്നെ എതിരേറ്റത് അവളുടെ നിറഞ്ഞു കലങ്ങിയ കണ്ണുകളായിരുന്നു..
ആരുടെ മുന്നിലും ചിരിച്ചും കളിച്ചും സദാസമയം ഇരിക്കുന്നവൾ ഇന്ന് അസ്വസ്ഥതയായ പോലെ തോന്നി, അവൾക്കു കിഡ്‌നിയിൽ എന്തോ തകരാറുണ്ടെന്നും അതിന്റെ ചികിത്സായിലാണെന്നും അവൾ പറഞ്ഞു. അവളുടെ അസുഖത്തെ കുറിച്ച് കൂടുതൽ വിശദികരിക്കാൻ അവൾ തയ്യാറായില്ല.. അല്ലെങ്കിലും എന്നും അവൾ അങ്ങനാണ്... വേദന ഉള്ളിൽ ഒതുക്കി എന്നും മറ്റുള്ളവരെ ചിരിപ്പിച്ചിട്ടേ ഉള്ളു.
എല്ലാം ശെരിയാവുമെന്നും ഞങ്ങളും ഭർത്താവുമൊക്കെ കൂടെ ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞു
അത് കേട്ടതും മുഖത്ത് ഒരു ഭാവ വ്യത്യാസം പോലുമില്ലാതെ അവൾ പറഞ്ഞു, "ഞാൻ മാത്രമായിരുന്നെങ്കിൽ അയാൾക്ക്‌ സമയം കിട്ടിയേനെ ഇതിപ്പോ അങ്ങനെ അല്ലാലോ ?
ചോദ്യഭാവത്തിൽ ഞാൻ അവളെ നോക്കിയപ്പോൾ അവൾ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു" അതേടി അങ്ങേർക്കു വേറെ ആരൊക്കെയോ ആയിട്ടു ബന്ധമുണ്ട്. ഞാൻ ഇപ്പൊ എന്റെ വീട്ടിലാ... എല്ലാം മതിയാക്കാംന്ന് കരുതുവാ " ഒരു ഞെട്ടലോടെയാണ് അവളുടെ വാക്കുകൾ എന്റെ കാതുകളിൽ പതിച്ചത്
ഇത്രയൊക്കെ തെറ്റ് അയാൾ ചെയ്തിട്ടും,അയാൾക്ക്‌ സംശയം ആയിരുന്നു അവളെ, അതിനാലാണ് ഒരു ഫോൺ പോലും ചെയ്യാൻ സമ്മതിക്കാത്തത്.
എല്ലാം വരുന്നിടത്തു വെച്ച് കാണാമെന്ന് ഒരു മന്ദസ്മിതത്തോടെ അവൾ പറഞ്ഞപ്പോഴും അവളുടെ ഉള്ളു നോവുന്നത് എനിക്ക് കാണാമായിരുന്നു..
പിന്നെ ഇടയ്ക്കിടയ്ക്ക് ഞാൻ വിളിക്കാറുണ്ടായിരുന്നു, മുതിർന്നവരൊക്കെ ഇടപെട്ടു ഒരുവിധം കാര്യങ്ങൾ ശെരിയായി എന്നും വീണ്ടും അവൾ ഭർത്താവിന്റെ വീട്ടിൽ താമസമാക്കി എന്നും അറിഞ്ഞപ്പോൾ മനസ്സ് കൊണ്ട് സന്തോഷിച്ചു.
പിന്നീട് ഒരു വലിയ ഇടവേള ഞങ്ങൾക്കിടയിൽ ഉണ്ടായി.. കാരണക്കാരി ഞാൻ തന്നെ ആയിരുന്നു.. ജീവിത തിരക്കുകളും ഓരോ പ്രശ്നങ്ങൾ കാരണവും അവളെ വിളിക്കാൻ പറ്റാതെ പോയി എന്നൊക്കെ ന്യായികരിക്കാം, എന്നാലും അവൾക്കു എന്നോട് ഒരു പരിഭവുമില്ലന്ന് തെളിയിച്ചുകൊണ്ട് കുറെ നാളുകൾക്കു ശേഷം അവൾ എന്നെ വിളിച്ചു. വലിയ പ്രശ്നങ്ങൾ ഇല്ലാതെ പോകുന്നുന്നു അവൾ പറഞ്ഞു. കുട്ടികൾ ഇല്ലാത്തതിനാൽ അതിന്റെയും ചികിത്സായിലായിരുന്നു അവൾ.. ഇത്രയേറെ പ്രശ്നങ്ങൾ അവൾക്കുണ്ടായിരുനെങ്കിലും എല്ലാം പുഞ്ചിരിച്ചുകൊണ്ട് അവൾ നേരിട്ടിരുന്നു. ആരോടും ഒന്നും അവൾ പരിഭവിച്ചു പറയില്ലായിരുന്നു,.
അങ്ങനെ എന്റെ ഭർത്താവിന്റെ ട്രാൻസ്ഫെരും എന്റെ ജോലിയും ഒക്കെയായി വീണ്ടും ഞാൻ തിരക്കുകളിലേക്ക് ചേക്കേറി. അപ്രതീക്ഷിതമായി ഒരു നാൾ എന്റെ വേറെ ഒരു കൂട്ടുകാരി എന്നെ വിളിച്ചു. അവൾ സുരഭി യോട് സംസാരിച്ചെന്നും വീണ്ടും പ്രശ്നങ്ങൾ ഉണ്ടായി എന്നും അതിനാൽ വേർപിരിയാൻ പോകുവാണെന്നും അവൾ പറഞ്ഞുന്നു കൂട്ടുകാരി എന്നോട് പറഞ്ഞു..
കേട്ടതും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല, ഒന്ന് വിളിച്ചു സംസാരിക്കണമെന്ന് കരുതി പക്ഷെ സാധിച്ചില്ല.. ഓരോ കാരണങ്ങൾ കൊണ്ടും അത് നീണ്ട് നീണ്ടു പോയി.
നല്ല മഴയുള്ള ഒരു പ്രഭാതത്തിലാണ് ഒരു ഫോൺ വിളിയിലൂടെ ആ വാർത്ത എന്നെ തേടി എത്തുന്നത്
സുരഭി മരണമടഞ്ഞു..
കൈകാലുകൾ തളരുന്നപോലെ തോന്നി എനിക്ക്.. വിശ്വസിക്കാനാവാതെ ഞാൻ വീണ്ടും വീണ്ടും ചോദിച്ചു. സത്യമാണെന്നു മനസിലാക്കാൻ എനിക്ക് ഏറെ സമയം വേണ്ടി വന്നു
തീരാ പ്രശ്നങ്ങൾക്കിടയിൽ അവൾ അവളുടെ അസുഖം ശ്രദ്ധിക്കാതെപോയി.. അത് കൊണ്ടെത്തിച്ചത് മരണത്തിലേക്കായിരുന്നു.
കുറ്റബോധം കൊണ്ട് മനസ്സ് വിങ്ങി പൊട്ടുകയാണ് ഇപ്പോഴും. അവളെ ഒന്ന് വിളിച്ചു സംസാരിച്ചിരുന്നെങ്കിൽ അവളുടെ പ്രശ്നങ്ങൾ ഞാൻ എന്റെ പ്രശ്നങ്ങളായിട്ട് കരുതി സഹായം ചെയ്തിരുന്നെങ്കിൽ അവൾ ഇന്ന് ഞങ്ങളോടൊപ്പം ഉണ്ടായിരുന്നേനെ.. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നത് അർഥവത്താവുകയാണിവിടെ..അവൾ ആരോടും പരിഭവിക്കാത്തപ്പോൾ എല്ലാം അവസാനിച്ചുന്നു നമ്മളും വിശ്വസിച്ചു, അവൾക്കു നല്ലൊരു താങ്ങായി ഞങ്ങളിൽ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവൾക്കു ഈ ഗതി വരില്ലായിരുന്നു.. ഒരേഒരു മകളുടെ വേർപാട് അവളുടെ മാതാപിതാക്കൾ എങ്ങനെ സഹിക്കുന്നു എന്നത് വിവരിക്കാൻ കഴിയുന്ന ഒന്നല്ല..
സൗഹൃദങ്ങൾക്ക് വില കല്പിക്കുന്നവൾ, അവരെ സ്വന്തമെന്നു കരുതുന്നവൾ എന്നൊക്കെ വീമ്പു പറഞ്ഞു നടന്നിരുന്ന എനിക്ക് അവളുടെ ജീവിതത്തിലെ പ്രധാന പെട്ട നിമിഷങ്ങളിൽ ഒരു താങ്ങായി നിൽക്കാൻ കഴിയാതെ പോയി.. അത് പരിപൂർണമായും എന്റെ തെറ്റ് തന്നെയാണ്.. ഓർമ്മകൾ പുതുക്കുക്ക മാത്രമല്ല, ഒരു പ്രശ്നം വരുമ്പോൾ കൂട്ടുകാർക്ക് ഒരു താങ്ങായി നിൽക്കാൻ കഴിഞ്ഞാൽ അതാവും ആ സൗഹൃഹത്തിനു വലിയ അർഥം നൽകുന്നത്.
അകാലത്തിൽ പൊലിഞ്ഞുപോയ എന്റെ പ്രിയകൂട്ടുകാരിക്കായി എന്റെ ഒരു ക്ഷമാപണം ആണ് ഈ എഴുത്ത്...
അതിൽ ഒരു അർത്ഥവുമില്ലന്ന് അറിയാമെങ്കിലും അസ്വസ്ഥമായ എന്റെ മനസ്സിനെ കുറിച്ചെങ്കിലും ഈ എഴുത്ത് ആശ്വസിപ്പിച്ചേക്കാം...
നിറപുഞ്ചിരിയോടെ കൂടിയാ നിന്റെ മുഖം എന്നും എന്റെ മനസ്സിൽ മായാതുണ്ടാകും....
നിറകണ്ണുകളോടെ
സീത കാർത്തിക്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo