Slider

തെമ്മാടിക്കുഴി

0
തെമ്മാടിക്കുഴി
=-=-=-=-=-=-=-=
പുലർകാല പൂവൻകോഴി കൂവുന്നതു കേട്ടാണ് ഞാൻ ഉറക്കമുണർന്നത്.കട്ടിലിൽ നിർന്നിമേഷനായി കിടന്നു.
സാധാരണയായി വെയിൽ വെട്ടം നന്നായി പരന്നതിന് ശേഷമേ ഉറക്കത്തിൽ നിന്നും ഉണരാറുള്ളു.പതിവിൽ നിന്നും വിഭിന്നമായി സംഭവിച്ചതിൽ അല്പമല്ലാത്ത അലോസരം തോന്നാതിരുന്നുമില്ല. ഏകാന്ത ജീവിതം എന്നിൽ അടിച്ചേൽപ്പിച്ച ശീലം. പാതിരാവിൽ മദ്യത്തിന്റെ മത്തോടു കൂടിയാണ്സ്ഥിരമായി വീട്ടിൽ വന്ന് കയറുന്നതു്.
പ്രഭാതത്തിന്റെ പൊലിമ ദർശിച്ചിട്ട് കാലമെത്രയായി ഒരു രൂപവും കിട്ടുന്നില്ല.പകലിനേയും, വെയിലിനേയും സ്ഥായിയായ സ്വഭാവത്തോടെ അനുഭവിച്ചറിയുവാനുള്ള കാഴ്ചശക്തി നഷ്ടപ്പെട്ടതു പോലെ. എവിടെ എന്തു സംഭവിച്ചെന്ന് ആർക്കുമറിയില്ല,
എനിയ്ക്കുമറിയില്ല.
അടുക്കളയിലേയ്ക്ക് കടന്നു, കട്ടൻ ചായയയും, സിഗരറ്റുമായി ഉമ്മറത്ത് വന്നിരുന്നു.
പുലരി വെളുക്കനെ വെളുക്കുവാൻ നാഴികകൾ ഇനിയും ബാക്കിയുണ്ട്. നാട്ടു വെട്ടം വീണിട്ടില്ല. ഉഷസ്സിനെ പാടിയുണർത്തുവാൻ ഉണർത്തുപാട്ടുമായി പതംഗങ്ങളും ഹാജരായിട്ടില്ല. അടുത്തെവിടെയോ ഉള്ള ഏതോ വീട്ടിൽ നിന്നും കേൾക്കുന്ന ഒരു പിഞ്ചു പൈതലിന്റെ കരച്ചിൽ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.അസ്വസ്ഥത തോന്നി. അനാഥത്വത്തിന്റെ ദുർഗതി എന്നിലാകെ നോവുണർത്തുന്ന വിങ്ങലായി നിറഞ്ഞു നിന്നു. ചായയ്ക്ക് ഇന്നന്തോ അല്പം രുചിക്കുറവു തോന്നി. ഒരു സിഗരറ്റിന് കൂടി തീ കൊളുത്തി പ്രഭാതത്തെയും പ്രതീക്ഷിച്ചിച്ച് അലസമായി കസേരയിൽ ചുരുണ്ട് കൂടി ഇരുന്നു.
സൂര്യൻ മാറ്റമില്ലാതെ കിഴക്ക് തന്നെ ഉദിച്ചു പൊങ്ങി. പത്രം വന്നു. ലോകവുമായി എന്നെ ബന്ധിപ്പിയ്ക്കുന്ന ഒരേയൊരു വസ്തു.പത്രത്താളിലൂടെ ശ്രദ്ധാപൂർവ്വം സഞ്ചരിച്ചപ്പോൾ കണ്ട വാർത്ത വായിച്ചപ്പോൾ ആദ്യം ചിരി വന്നു. ചിത്രമുണ്ടായിരുന്നതിനാൽ ആളെ മനസ്സിലാക്കുവാൻ പ്രയാസമുണ്ടായില്ല. അറ്റാക്കായിരുന്നത്രേ...
ഒരിയ്ക്കൽ നിർദ്ദയം കൊല്ലപ്പെട്ടയാൾ ഇതാ വീണ്ടും ശാന്തമായി മരണപ്പെട്ടിരിയ്ക്കുന്നു. അയാളെ ഞാൻ ആദ്യമായി കണ്ടതും, അവസാനമായി കാണപ്പെട്ടതും ബാറിൽ വെച്ചായിരുന്നു.ഇന്നലെ അയാൾ ആകെ തകർന്ന മട്ടായിരുന്നു. ആ പിതാവിന്റെ അസാന്നിദ്ധ്യത്തിൽ സ്വന്തം മകളുടെ വിവാഹം ഒരാഴ്ച മുൻപേ കഴിഞ്ഞിരുന്നു.
ഞാൻ ബാറിലേയ്ക്ക് പ്രവേശിച്ചപ്പോൾ ബാറിന്റെ ഇരുണ്ട ഇടനാഴിയിലെ അരണ്ട വെളിച്ചത്തിൽ അയാൾ നില്ക്കുന്നുണ്ടായിരുന്നു.
എന്റെ അരികിലെത്തി സൗമ്യമായി ശബ്ദം താഴ്ത്തി സ്ക്കൂട്ടർ എന്നുച്ചരിച്ചു. ഞാനും സമ്മതം മൂളി;മദ്യം വാങ്ങുവാനുള്ള എന്റെ വിഹിതമായ രൂപയും നൽകി. ഒറ്റയ്ക്കിരുന്ന് മദ്യപിയ്ക്കുക അതായിരുന്നു എന്റെ ശീലം. കുറച്ച് നാളുകളായി പങ്കാളിയായി, പതിവായി ജോസഫ് കുടെക്കൂടാറുണ്ട്.
ബാറിലെ ശബ്ദ കോലാഹലങ്ങൾക്കിടയിലും നാടകകൃത്തിന്റെ പ്രഭാഷണത്തിന്റെ അലയൊലികൾ ഉയർന്നു് കേൾക്കാമായിരുന്നു. ഇന്നത്തെ വിഷയം നിശബ്ദനായ വിപ്ലവകാരിയായ പി. ജെ.ആന്റണിയുടെ നാടകങ്ങളായിരുന്നു. ഈ ബാറിലെ നിത്യസന്ദർശകനായിരുന്നു നാടകകൃത്ത്.നാടക കമ്പനി പൊട്ടിപ്പൊളിഞ്ഞപ്പോൾ ജീവിതത്തിനിന്നും വലിച്ചെറിയപ്പെട്ട ഒരു മനുഷ്യ ജന്മം.
മേലുദ്യോഗസ്ഥന്റെ കള്ളക്കളിയിൽ പോലീസ് ഉദ്യോഗം നഷ്ടപ്പെട്ട ദാമോദരൻ ചേട്ടൻ ലോകത്തുള്ള സകല പോലീസ് ഉദ്യോഗസ്ഥരേയും തെറി പറഞ്ഞു കൊണ്ടിരിയ്ക്കുന്നു. ഇവിടെ വരുന്നരെല്ലാം പതിവായി വരുന്നവരാണ്,ഞാനും...
വ്യവസ്ഥാപിത ജീവിതം വ്യത്യസ്ഥമായ സാഹചര്യങ്ങളിലൂടെ നിഷേധിക്കപ്പെട്ടവരുമായിരുന്നു. ഞങ്ങളുടെ മദ്യപാനം കൃത്യമായി പുരോഗമിച്ചു കൊണ്ടിരുന്നു.എന്റെ പങ്കാളി എന്നെ അപേക്ഷിച്ച് അല്പം fast ആയിരുന്നു.
ജോസഫ് കാഴ്ചയിലും, പ്രവൃത്തിയിലും തനി ഗ്രാമീണൻ തന്നെ. ഭാര്യയും, മകളുമായി ആനന്ദകരമായി കുടുംബ ജീവിതം നയിച്ചു പോന്നു.എന്തുകൊണ്ടോ ഭാര്യ മകളുമായി മറ്റൊരാളോടൊപ്പം പോയി.
പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അയാൾ ഒരു അസാധാരണത്വം നിറഞ്ഞ വ്യക്തിയും, വേറിട്ട വ്യക്തിത്വത്തിന് ഉടമയുമായിരുന്നു. ആഴത്തിലുള്ള അറിവും ജോസഫിനെ മറ്റു മദ്യപാനികളിൽ നിന്നും വളരെയധികം വ്യത്യസ്തനാക്കി.
ഒരു ദിവസം ജോസഫ് എന്നോട് ഒരു ചോദ്യം ചോദിച്ചു.
ജീവിതത്തിൽ സ്ത്രീ പുരുഷനു വേണ്ടി എന്താണ് നൽകുന്നത്?
ഞാൻ എന്റെ ജീവിതം കാറ്റത്ത് പറക്കുവാൻ ഇട്ടിരുന്നതിനാൽ ചോദ്യത്തിനുള്ള സുവ്യക്തമായ ഒരുത്തരം നൽകുവാൻ കഴിഞ്ഞതുമില്ല. ഞാനും വ്യവസ്ഥാപിതമായ ജീവിതത്തിന് വെളിയിലായിരുന്നു. ഒരു വേളയെങ്കിലും സ്ത്രീയുമായി സഹശയനം നടത്തിയിട്ടില്ലാത്ത ഞാനെന്തു പറയാൻ...
ഉത്തരവും, അതോടൊപ്പം ഒരു ഉപദേശവും തന്നു ജോസഫ്.
ജയദേവാ, വൻമതിൽക്കെട്ടിനുള്ളിലെ വേരോട്ടമില്ലാത്ത ഒറ്റമരമാണ് നിങ്ങൾ. മനുഷ്യൻ ഒരിയ്ക്കലും ഒരു വൻമതിലാകരുത്, വൻ വൃക്ഷമായി തണലേകണം. അതൊരു പുതിയ അറിവായിരുന്നു. നിങ്ങൾ നിങ്ങളിൽ മാത്രം ഒതുങ്ങാതെ വെളിയിലേയ്ക്ക് ഇറങ്ങണം, എങ്കിലേ നിങ്ങൾ സംസ്ക്കാര ചിത്തനാവുകയുള്ളു. നിങ്ങളാകുന്ന ഒറ്റമരത്തിന് വേരോട്ടമുണ്ടായി വൻ വൃക്ഷമാവുകയുള്ളൂ. ജോസഫ് എനിയ്ക്ക് പകർന്ന് തന്നതെല്ലാം പുത്തൻ അറിവുകളുടെ ഉണർവുകളായിരുന്നു.പങ്കാളിയുടെ ഉത്തരവാദിത്വപൂർണ്ണമായ ഇടപെടലുകൾ എന്നെയും, എന്റെ ജീവിതത്തേയും ഞാനറിയാതെ തന്നെ അല്പാല്പമായി മാറ്റത്തിന് വിധേയമാക്കിക്കൊണ്ടിരുന്നു. ഒരു തരം വൈകാരികമായ പരിവർത്തനം.
പട്ടണത്തിലെ മുഖ്യ ബാറുകളിൽ ഒന്നായിരുന്നു മുല്ലയ്ക്കൽ, തറവാട്ടുകാർ നടത്തുന്ന ബാർ.എ.സി, നോൺ എ.സി, തറ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരുന്നു. തറ ബാറിനെ ഞങ്ങൾ മദ്യപാനികൾ "തെമ്മാടിക്കുഴി" എന്ന ഓമനപ്പേരാണ് വിളിച്ചു പോന്നത്.
തെമ്മാടിക്കുഴിയിൽ വരുന്നവരൊക്കെ ഭ്രമണപഥം നഷ്ടപ്പെട്ടു് അലഷ്യമായി അലയുന്ന ഗ്രഹങ്ങളെപ്പോലെയായിരുന്നു. സ്വപ്നങ്ങളില്ലാത്തവർ ജീവിതമില്ലാത്തവർക്കെന്തു് സ്വപ്നം. തെമ്മാടിക്കുഴിൽ സമത്വം ഉണ്ടായിരുന്നു. ആർക്കും, ആരുമായും Share ചേരാം മുൻപരിചയം ഇല്ലെങ്കിൽപ്പോലും. രണ്ടു പേരാണെങ്കിൽ സ്ക്കൂട്ടർ, മൂന്നാണെങ്കിൽ ഓട്ടോറിക്ഷ, നാലു പേരാണെങ്കിൽ കാർ അങ്ങിനെയായിരുന്നു സമത്വത്തിന്റെ നിലവാരം.
ജോസഫും, ഞാനും പതിവായി സ്ക്കൂട്ടറിൽ കയറി സഞ്ചരിച്ചിരുന്നു. പങ്കാളിയായിരുന്നു സ്ക്കൂട്ടർ ഓടിച്ചിരുന്നത്.ജീവിത്തിന്റെ ഉള്ളറകളിലേയ്ക്കാണ് അയാൾ സ്ക്കൂട്ടർ പായിച്ചത്.
അനുഭവങ്ങൾ, അറിവുകൾ, അനുഭൂതികൾ, ജീവിതക്കാഴ്ചകൾ അങ്ങിനെ എന്തെല്ലാമെന്തെല്ലാം അറിഞ്ഞു, ആസ്വദിച്ചു. പൂവും, പൂമ്പാറ്റയും, മഴയും, കടലും, വയലും, മനുഷ്യരേയും എന്തിനേറെ പ്രകൃതി ആകെയും എന്റെ കാഴ്ചകളിൽ ഇപ്പോൾ നിറഞ്ഞു നില്ക്കുന്നുണ്ട്.
നെരൂദയെ ജോസഫ് വിശേഷിപ്പിച്ചിരുന്നത് "ചുവന്ന പക്ഷി"യെന്നാണ്. നെരൂദയെക്കുറിച്ച് പറഞ്ഞപ്പോൾ ചുവന്ന പക്ഷിയായി എനിയ്ക്ക് ചുറ്റും അയാൾ ചിറകടിച്ച് പറന്നു.
ഹെമിംഗ് വേയെ പരിചയപ്പെടുത്തിയപ്പോൾ ജോസഫ് എന്നെ കടലിന്റെ അത്യഗാധതയിലേക്ക് കൊണ്ടു പോയി.
ചങ്ങമ്പുഴയെ പ്രണയത്തിന്റെ മാമ്പഴക്കാലമാക്കി അവതരിപ്പിച്ചു.
ഷൊളോവോവിലൂടെ മണ്ണിന്റെ മഹത്വമറിയിച്ച് എന്റെ മനസ്സിനെ ഉഴുതുമറിച്ച പുതുമണ്ണാക്കി.
ഗാന്ധിജിയിലൂടെ സത്യം പറഞ്ഞു തന്നു.
മാർക്സിലൂടെ മനുഷ്യ സ്നേഹം പകർന്നു തന്നു.
സാർത്രും, കാമുവും സ്വാതന്ത്യത്തിന്റെ മഹത്തായ സന്ദേശ വാഹകരായി.
മാർകേസിലൂടെ എന്നെ അതിശയങ്ങളുടെ ലോകത്ത് കൊണ്ടുപോയി.
ഡ്യൂമയിലൂടെ എന്നിലെ പോരാട്ട വീര്യം വർദ്ധിപ്പിച്ചു. അങ്ങിനെ എത്രയോ മഹാത്മാക്കളെ ഞാനെന്ന നിസ്സാരനായ മനുഷ്യനെ ജോസഫ് അറിയിച്ചു തന്നു.
ജോസഫിന്റെ ശവസംസ്ക്കാരാനന്തരം പള്ളിമുറ്റത്തു കൂടെ നടന്നപ്പോൾ മരണത്തിന്റെ ചെറു പൂവിതളുകൾ എന്റെ ദേഹത്തും വീണിരുന്നു.....
നാസർ
7/9/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo