Slider

വംശനാശം......... (By Shaju Vijayan)

0

വംശനാശം......... (By Shaju Vijayan)
*************************************
അന്ന് ഹോളിയുടെ തലേദിവസം ആയിരുന്നു.
ഹോളി കത്തിക്കുവാൻ വെച്ച നീണ്ട തടിക്കമ്പുകൾ എരിഞ്ഞുതാഴേക്കിരിക്കുന്നു. ആകാശത്ത് പൂർണ്ണചന്ദ്രൻ ഏതാണ്ട് തലയ്ക്ക് മുകളിൽ എത്തി പ്രകാശം ചൊരിയുന്നു. കുടിച്ച വിസ്‌കിയുടെ മത്തിറങ്ങി. ഫ്ലാറ്റിൽ എത്തി മത്തിന്റെ കുറവ് തീർക്കുവാൻ കുപ്പിയിൽ അവശേഷിച്ചതും കുടിച്ചു തീർത്തു.
കടമ്മനിട്ടയുടെ 'കുറത്തി' വളരെ ഉറക്കെവെച്ചുകേട്ട് ' നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ' എന്നുറക്കെ, ഉറക്കെ പറഞ്ഞുകൊണ്ട് കിടന്നപ്പോൾ സമയം ഏതാണ്ട് രാത്രി ഒരുമണി. കണ്ണിൽ ഉറക്കം കയറിക്കാണും അപ്പോൾ മൊബൈൽ ഫോൺ ശബ്ദിച്ചു. 'ശല്യം ഫാക്ടറിയിൽ നിന്നാകും' എന്നുവിചാരിച്ചുകൊണ്ട് നോക്കുമ്പോൾ മൊബൈൽ സ്ക്രീനിൽ 'നീത ഹരിഹരൻ' എന്ന് കണ്ണട വെയ്ക്കാത്തതുകൊണ്ട് അവ്യക്തമായി തോന്നി. അവൾ ഈ സമയത്ത് എന്തിന് വിളിക്കണം എന്നുവിചാരിച്ചുകൊണ്ട് ഫോൺ എടുത്തു.
എന്റെ ശബ്ദം കേട്ട് നീത, "നീ ശരിക്കും വലിച്ചു കേറ്റിയിട്ടുണ്ടെന്ന് തോന്നുന്നു. ദീപേം പിള്ളാരും ഭോപ്പാലിൽ പോയോ? നീ വരുന്നോ ഒരു സ്ഥലം വരെ പോകാൻ ? "
അവൾ അന്വേഷണാത്മക പത്രപ്രവർത്തനം എന്നു പറഞ്ഞ് മുംബൈയിലേയും ഗുജറാത്തിലെയും ചില അധോലോകനായകന്മാരുടേയും, ചമ്പൽ കാടുകളിലെ ചില കൊള്ളക്കാരുടെയും അഭിമുഖങ്ങൾ എടുക്കാൻ പോയപ്പോൾ ക്യാമറാമാന്റെ വേഷം കെട്ടിച്ച്, കണ്ണും കെട്ടിച്ചുകൊണ്ട് അവരുടെ ഒക്കെ മടയിൽ എന്നെയും കൊണ്ടു പോയിട്ടുണ്ട്. ഇപ്പോൾ അതേ ടി. വി വാർത്താ ചാനലിൽ അസോസിയേറ്റ് ചീഫ് എഡിറ്റർ ആയതിൽ പിന്നെ അങ്ങനെ അവൾ പോകാറില്ല.
നല്ല ഉറക്കം വരുന്നതിനാൽ ഞാൻ "എന്റെ തല നേരെ നിൽക്കുന്നില്ല. നീ നിന്റെ കെട്ടിയവൻ ആ സാമ്പാർപട്ടരെ കൂട്ടി പോ പെണ്ണേ."
നീത, " എനിക്ക് വലിയ അത്യാവശ്യം ഒന്നും ഇല്ല. നീ അല്ലെ അന്ന് പ്രേതത്തെ പിടിക്കാൻ പോകണം എന്നു പറഞ്ഞത്‌."
ഞാൻ " എന്ത്? ഏതെങ്കിലും പാഴ്‌സി ചത്തോ?"
നീത, " പ്രേതത്തിന്റെ കാര്യം കേട്ടപ്പോൾ അവന്റെ ഉറക്കവും, കള്ളിന്റെ കെട്ടും എല്ലാം ഇറങ്ങി."
ഞാൻ, "നിന്ന്‌ കൊഞ്ചാതെ കാര്യം പറ പെണ്ണേ."
നീത, " ഹരിയേട്ടന്റെ ഹോസ്പിറ്റലിന്റെ ഉടമ രോഷൻ ദാരുവാല ഇന്ന് വൈകിട്ട്‌ മരിച്ചു. ശവ സംസ്കാരം നാളെ മൂന്നു മണിക്ക് മലബാർ ഹില്ലിനടുത്തുള്ള ടവർ ഓഫ് സയലൻസിൽ വെച്ചാണ്. അവിടെവെച്ച് ശവശരീരം കഴുകന്മാർക്ക് തിന്നാൻ കൊടുക്കും. അതിനകത്തേയ്ക്ക് ശവവാഹകരെ അല്ലാതെ ആരെയും കടത്തി വിടുകയില്ല. ഒരു ശവവാഹകൻ ഹരിയേട്ടന്റെ ഹോസ്പിറ്റലിലെ ഒരു അറ്റണ്ടറുടെ ചേട്ടൻ ആണ്. ഹരിയേട്ടൻ അവനെ സെറ്റ് ചെയ്തു. നിന്നെയും ഒരു ശവവാഹകന്റെ വേഷം കെട്ടിച്ച് അകത്തു കൊണ്ടുപോകും.ഞാനും വരാം. അവരുടെ യൂണിഫോറം ആയ വെളുത്ത ഷർട്ടും, പാന്റ്സും, തൊപ്പിയും ഏർപ്പാട് ചെയ്തിട്ടുണ്ട്. നീ വരുമോ എന്ന്‌ ഇപ്പോൾ പറ."
ഞാൻ, "ജീവിച്ചിരുപ്പുണ്ടെങ്കിൽ നാളെ ഉച്ചയ്ക്ക് മുൻപ് ഈയുള്ളവൻ മുംബൈയിൽ ലാൻഡ് ചെയ്തിരിക്കും. പിന്നെ ആ സാമ്പാർ പട്ടർക്ക് ശസ്ത്രക്രിയ അല്ലാതെ ഈ പരിപാടി ഒക്കെ അറിയാമോ?"
നീത " ഹരിയേട്ടൻ ഇപ്പൊഴാണ് ഹോസ്പിറ്റലിൽ നിന്ന്‌ വന്നത്. ഷാജുവിന്റെ പേരിൽ കള്ള് കുടിക്കാൻ ലൈസൻസ് കിട്ടുമെന്നോർത്ത് പുള്ളി വലിയ ത്രില്ലിൽ ആണ്. ആരാണ്ട് കൊടുത്ത ഒരു ബ്ലാക്ക്‌ ലേബലിന്റെ കുപ്പി എടുത്ത് തിരിച്ചും പിരിച്ചും വായിൽ വെള്ളം ഊറ്റുന്നുണ്ടായിരുന്നു. കഴിഞ്ഞ തവണത്തേക്കൂട്ട് അങ്ങേരെ കുടിപ്പിച്ച് ഓവർ ആക്കരുത്."
ഞാൻ, "നിനക്ക് കുടിക്കാം. പിന്നെ ഹരികുടിച്ചാൽ എന്തു പ്രശ്നം? എന്നാൽ നാളെക്കാണാം."
ഫ്ലൈറ്റ് പിടിക്കാൻ ഡൽഹിയിൽ എത്തണം. ഗ്വാളിയറിൽ നിന്ന് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമേ ഫ്ലൈറ്റ് ഉള്ളു.
ഡൽഹി വരെ ട്രെയിനിൽ റിസർവേഷൻ ഇല്ലാതെ പോകുക പ്രയാസം. ഡ്രൈവറെ വിളിച്ചു. ഭാഗ്യത്തിന് അവൻ ഫോൺ എടുത്തു. അവൻ വരാമന്നേറ്റു. ഏതാണ്ട് രണ്ടു മണിയോടെ കാറിൽ ഡൽഹിക്ക് യാത്ര തിരിച്ചു. കാറിൽ ഇരുന്നുതന്നെ രാവിലെ ഒൻപതരയ്ക്കുള്ള മുംബൈ ഫ്ലൈറ്റ് ബുക്ക്‌ ചെയ്തു. പിന്നെ കാറിന്റെ പിൻസീറ്റിൽ ഇരുന്ന്‌ ഉറങ്ങിയതെപ്പോൾ എന്നറിഞ്ഞില്ല.
ആഗ്ര-നോയിഡ എക്സ്പ്രസ് ഹൈവേയിൽ എത്തി ടോൾ പിരിക്കുന്ന ബൂത്ത് വന്നപ്പോൾ ഡ്രൈവർ എന്നെ വിളിച്ചുണർത്തി ഒരുവശത്തെയ്ക്കുള്ളത് എടുത്താൽ മതിയോ അതോ തിരിച്ചു വരുമ്പോൾ ഉള്ളതും എടുക്കണോ എന്നറിയാൻ വേണ്ടി.
പിന്നെ ഉറക്കം വന്നില്ല. പാഴ്സി എന്ന്‌ നാം വിളിക്കുന്ന ഏതാണ്ട് ഹിന്ദുമതത്തോളമോ അതിൽ കൂടുതലോ പഴക്കമുള്ള സൊറോസ്ട്രർ എന്ന പ്രവാചകന്റെ അനുയായികളും പിന്മുറക്കാരുമായ സോറോസ്ട്രിയൻ മത വിഭാഗത്തെക്കുറിച്ചു കൂടുതൽ അറിയാൻ അടുത്ത ദിവസം കഴിയുമെന്നോർത്തപ്പോൾ പല ചിന്തകളാൽ ഉറങ്ങാൻ കഴിഞ്ഞില്ല. വിവേകത്തിന്റെ ദൈവമായ ആഹുറ മസ്ദയിൽ നിന്നും കിട്ടിയ വെളിപാടുകൾ സൊറോസ്ട്രർ തന്റെ അനുയായികൾക്കും പിന്ഗാമികൾക്കും പകർന്നു നൽകി. മുസ്ലിം ആക്രമണം സഹിക്കാൻ പറ്റാതെ പേർഷ്യയിൽ നിന്നും അല്ലെങ്കിൽ ഇന്നത്തെ ഇറാനിൽ നിന്നും ക്രിസ്തുവിന് പിൻപ്‌ ഏഴാം നൂറ്റാണ്ടിൽ ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തേയ്ക്കു കുടിയേറിയ ഈ പുരാതന മതസ്ഥർ ഇന്ന് എണ്ണത്തിൽ കുറവാണെങ്കിലും ഇന്ത്യയുടെ സാമ്പത്തിക, സംസ്കാരിക, രാഷ്ട്രീയ, ശാസ്ത്ര മണ്ഡലങ്ങളിൽ ചെയ്ത സംഭാവനകൾ ചെറുതല്ല. ആദ്യകാല സ്വാതന്ത്ര്യ സമരസേനനിയായ ദാദാഭായ് നവറോജി, വ്യവസായ പ്രമുഖൻ ടാറ്റാ, ഭാഭാ അറ്റോമിക്
റീസേർച്ച് സെന്ററിന്റെ സ്ഥാപകനും ആദ്യ ഡയറക്ടറും ആയ ഹോമി ജഹാഗീർ ഭാഭാ, ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭർത്താവും രാജീവ്ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും പിതാവുമായ ഫിറോസ് ഖാൻ അല്ലെങ്കിൽ, ഇന്ദിരയുമായുള്ള വിവാഹത്തിന് എതിരുനിന്ന നെഹ്‌റുവിനെ അനുനയിപ്പിക്കുവാൻ ഗാന്ധിജി തന്റെ മകനായി സ്വീകരിച്ച ഫിറോസ് ഗാന്ധി എന്നിവർ ഈ മതത്തിൽ പെട്ടവരായിരുന്നു. ഇതിൽ അവസാനം പറഞ്ഞയാൾ രാഷ്ട്രീയമായ സംഭാവന ചെയ്തുവെന്നതിൽ ഇപ്പോഴത്തെ സാഹചര്യം വെച്ചു നോക്കുമ്പോൾ എനിക്കിത്തിരി സംശയവും അദ്ദേഹത്തിനു ദാനമായി കിട്ടിയ 'ഗാന്ധി' എന്ന പേര്‌ ഇന്ന് ചിലർ അനാവശ്യമായി ഉപയോഗിക്കുകയല്ലേ എന്നും തോന്നി.
സൊറോസ്ട്രിയൻ മത വിഭാഗക്കാർ സൊറോസ്ട്രർ സ്വർഗത്തിൽ നിന്നും കൊണ്ടുവന്നെന്നു വിശ്വസിക്കുന്ന അഗ്നിയെ അവരുടെ ക്ഷേത്രങ്ങളിൽ തെളിയിച്ചു വെയ്ക്കുന്നു. അവരുടെ പുണ്യഗ്രന്ഥമായ അവസ്തെയ്ക്കും അതിൽ വിവരിക്കുന്ന ആചാരങ്ങൾക്കും ഭാഷയ്ക്കും വേദങ്ങളുമായി ഉള്ള ബന്ധം ഇൻഡോ ആര്യന്മാരുടെ ഉറവിടവും ഇറാൻ ആണ് എന്ന വാദത്തിന് ബലമേകുന്നു. അഞ്ച്‌ ഗാഥകളിലായി എഴുതപ്പെട്ടിരിക്കുന്ന 'യസ്ന' എന്ന മന്ത്രങ്ങൾക്ക് സംസ്‌കൃകത്തിലെ യജ്ഞവുമായി ഉള്ള ബന്ധം അവരുടെ ആചാരമായ ഹോമങ്ങൾ പോലുള്ള ചടങ്ങുകളായ 'യസ്ന' നടത്തുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങൾ ആണെന്നത് ആര്യന്മാരും ഇവരും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. കൂടാതെ അവസ്തെ എന്ന ഗ്രന്ഥം എഴുതിയിരിക്കുന്ന ഭാഷയായ അതേ പേരുള്ള അവസ്‌തെയ്ക്കും സംസ്കൃതത്തിലെ ചില വാക്കുകളും തമ്മിലുള്ള സാമ്യം എന്നെ അത്ഭുതപ്പെടുത്തി. ഏഴ് എന്നത് സൂചിപ്പിക്കുന്ന സംസ്കൃതത്തിലെ 'സപ്‌ത' ആ ഭാഷയിൽ 'സ' ക്കു പകരം 'ഹ' ആയതിനാൽ 'ഹപ്ത' എന്നും 'സിന്ധു' എന്നത് 'ഹിന്ദു' എന്നുമാണ്.
അതു കൂടാതെ ആര്യന്മാർ ഇന്ത്യയിൽ പ്രവേശിക്കാൻ വളരെ കഷ്ടപ്പെട്ടു. ഇന്ത്യയിലെ ആദ്യകാലം മുതൽ തന്നെ തമാസമാക്കിയിരുന്ന ദ്രാവിഡരേയും സിംഹളരേയും തോല്പിക്കുവാൻ അവർ നന്നേ പണിപ്പെട്ടു. അതുകൂടാതെ സിന്ധു നദിയും, അതിന്റെ അഞ്ചു കൈവഴികളായ ബിയാസ്, രവി, സത്ലജ്, ചെനാബ്, ഝലം എന്നീ അഞ്ചുനദികൾ ഒഴുകുന്ന പഞ്ചനദം (പഞ്ചാബ്) കടക്കാൻ അവരെ കൊണ്ട് വലിയ പ്രയത്നം വേണ്ടിവന്നു. കടന്നാൽ തന്നെ മിട്ടാനി, ഹിറ്റൈറ്റ് എന്നീ വർഗ്ഗങ്ങളിൽപ്പെട്ട ആര്യ ജനതയ്ക്ക് അവരെക്കാൾ പരിഷ്കൃതരായ ഇന്ത്യയിലെ മഹൻജദാരോ, ഹാരപ്പൻ സംസ്കാരത്തിൽ കഴിഞ്ഞിരുന്ന ജനവിഭാഗങ്ങളെ കീഴടക്കുക എളുപ്പമായിരുന്നില്ല. വേദങ്ങളിലെ മന്ത്രങ്ങളിൽ ഭൂരി ഭാഗവും ഈ നദികൾ കടക്കാനും ദസ്യുക്കൾ എന്ന് അവർ വിളിക്കുന്ന ഇന്ത്യൻ ജനതയെ കീഴ്പ്പെടുത്തുവാൻ തങ്ങളുടെ ദേവനായ ഇന്ദ്രനോട് അപേക്ഷിക്കുന്നതുമാണ്.
ഈ വേദ രചന ഏതാണ്ട് ക്രിസ്തുവിന് മുൻപ് 2500 ൽ ഈ ആര്യന്മാർ കുഭാനദീതടത്തിൽ (കാബൂൾ) നിന്നും ആരംഭിച്ച് ഏതാണ്ട് ക്രിസ്തുവിന് മുൻപ് 1500 ൽ സിന്ധുനദീതടം കടന്ന്‌ ഇന്ത്യയിൽ പ്രവേശിച്ച കാലം വരെ എഴുതപ്പെട്ടതാണ് എന്ന്‌ കരുതുന്നു. വേദങ്ങളിൽ ഇന്ദ്രൻ, അഗ്നി,വായു, വരുണൻ തുടങ്ങിയുള്ള ദേവന്മാർക്കാണ് പ്രധാന്യം. ഇന്ദ്രനെ സർവ്വശക്തനായ ഒരു ദേവനയാണ് പ്രതിപാദിക്കുന്നത്. എന്നാൽ ഹിന്ദു പുരാണങ്ങളിലെ ദേവന്മാരുടെ പേരുകൾ, വിഷ്ണു ഒഴിച്ച് ആരെയും സൂചിപ്പിക്കുന്നതെ ഇല്ല. വിഷ്ണുവിനെ പോലും അധികം പ്രാധാന്യമില്ലാത്ത ഇന്ദ്രന്റെ ഒരു സുഹൃത്ത് എന്ന രീതിയിൽ ചിലയിടത്ത് മാത്രം സൂചിപ്പിക്കുന്നു. ഹിന്ദുക്കളുടെ പുണ്യ നദിയായ ഗംഗയെ വേദങ്ങളിൽ ഒടുവിലെവിടയോ ഒരിടത്ത് സൂചിപ്പിക്കുന്നു. ഗംഗയുമായി ബന്ധപ്പെട്ട ലിംഗപൂജയോ, ദേവീ പൂജയോ വേദങ്ങളിൽ എങ്ങും പറഞ്ഞു കാണുന്നില്ല. വേദങ്ങളുടെ രചനാകാലങ്ങളിൽ ആര്യൻമാർ ഗംഗാതടത്തിൽ എത്തിയിരുന്നില്ല എന്ന് ചുരുക്കം. പിന്നീട് ആര്യന്മാർ ദസ്യുക്കളെ തോൽപ്പിച്ച്, സിന്ധൂനദീതട സംസ്‌കാരങ്ങൾ തകർത്ത്, ദസ്യുക്കളുമായി ചേർന്ന്‌ ഒരു ഹിന്ദുമത സംസ്കാരത്തിന് തുടക്കമിട്ടതു മുതൽ തുടങ്ങുന്നു പുരാണങ്ങളുടെ ഉത്പത്തി. ഹിന്ദു പുരാണങ്ങളിലെ ദേവന്മാരിൽ ഇന്ദ്രനുൾപ്പെടെയുള്ള വേദങ്ങളിലെ പ്രധാന ദേവന്മാർക്ക് പ്രാധാന്യം വളരെക്കുറഞ്ഞ അഷ്ടദിക്പാലകരുടെ സ്ഥാനങ്ങൾ മാത്രമേ നല്കിയിട്ടുള്ളൂ. ആര്യൻമാർക്ക് ആനയെക്കുറിച്ചുള്ള അറിവ് ഇല്ലായിരുന്നു എന്നുവേണം കരുതാൻ. വേദങ്ങളിൽ ഇന്ദ്രന്റെ വാഹനം ആനയല്ല മറിച്ച് കുതിരയാണ്. പുരാണങ്ങളിൽ ഇന്ദ്രന്റെ വാഹനം വെളുത്ത ആനയായ ഐരാവതം ആണ്.
അങ്ങനെ നോക്കുമ്പോൾ ഇന്നു കാണുന്ന ഹിന്ദുമതം ക്രിസ്തുവിന് മുൻപ് 1500 ലോ പിന്നെയോ രൂപപ്പെട്ടു എന്നുവേണം കരുതാൻ. സൊറോസ്ട്രർ ക്രിസ്തുവിന് മുൻപ് 2500-2000 കാലയളവിൽ ജീവിച്ചിരുന്നതിനാൽ സൊറോസ്ട്രിയൻ മതത്തിന് ഒരുപക്ഷേ ഹിന്ദു മതത്തിനെക്കാളും പഴമ അവകാശപ്പെടാൻ കഴിയുമെന്ന് എനിക്കുതോന്നി. അതുകൊണ്ടു തന്നെ പ്രാചീനവും, വിചിത്രവുമായ പാഴ്സികളുടെ ശവസംസ്കാരം കാണാൻ എനിക്ക് ജിജ്ഞാസ ഏറി.
ചിന്തകളിൽ നോയിഡ കടന്ന്‌ കാർ ഡൽഹിയിൽ പ്രവേശിച്ചത് അറിഞ്ഞില്ല. അപ്പോൾ അതാ വരുന്നു നീതയുടെ ഫോൺ.
നീത, "നീ എവിടെയെത്തി. എപ്പോൾ ലാൻഡ് ചെയ്യും?"
ഞാൻ, "പതിനൊന്നരയ്ക്ക്."
നീത, "ഞാൻ എയർപ്പോർട്ടിൽ എത്താം. ഇഷ്ടം പോലെ സമയമുണ്ട്. പിന്നെ നിന്റെ ഒപ്പം ഒരു ബിയർ കാച്ചി ഒന്നു പൂസാകണം."
ഞാൻ, "മനുഷ്യൻ നന്നാകാനും തരില്ലേ? നീ വാ, പിന്നെ നോക്കാം."
നീതക്കൊപ്പം സന്താക്രൂസിലെ ഒരു പബ്ബിൽ കയറി. ഏതാണ്ട് അഞ്ചു ബിയർ തീർന്നതറിഞ്ഞില്ല. അവളൊത്ത് ഡാൻസ് ഫ്ളോറിൽ ഒരു പെർഫോർമൻസും കഴിഞ്ഞ് ആഹാരവും കഴിച്ച് പുറത്തുവന്നപ്പോൾ മണി ഒന്നര. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഊതി കള്ളിന്റെ മണം വരുന്നില്ല എന്ന്‌ ഉറപ്പുവരുത്തി, പൊട്ടിച്ചിരിച്ചു. അവൾ ആടുന്നുണ്ടെന്ന് ഞാനും അല്ല ഞാൻ ആടുന്നുണ്ടന്ന് അവളും. കൂടാത്തതിന് ഒരു ബ്ലാക്ക്‌ ലേബൽ അവൾ ബാഗിൽ കരുതിയിരുന്നു. പബ്ബിന് വെളിയിൽ ഇറങ്ങിയപ്പോൾ അവൾ ഓർത്തു പാഴ്‌സി ശവവാഹകരുടെ ഡ്രെസ്സിട്ടില്ലെന്ന്. വീണ്ടും പബ്ബിൽ കയറി ഡ്രസ്സ് മാറി. വെളുത്ത ഡ്രെസ്സും വെളുത്ത തൊപ്പിയും വെച്ച് ഞങ്ങളെ കണ്ട, പബ്ബിൽ ഇരുന്നവരും ജീവനക്കാരും ആകാംക്ഷയോടെ നോക്കി. അപ്പോൾ എനിക്ക്‌ തോന്നി ഒന്നുകൂടി ഡാൻസ് ചെയ്യണമെന്ന്. ആൾക്കാർ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.ഒന്നുകൂടി ഡാൻസ് ചെയ്തിറങ്ങി. അവൾ ഡ്രൈവറെ കുടെക്കൂട്ടിയത് നല്ലതായി.
അയാൾ നേരെ മലബാർ ഹില്ലിന്റെ പിറകിൽ ഉള്ള പാഴ്‌സികളുടെ ശ്മശാനത്തിലേക്കു കാറോടിച്ചു. അവൾ ഹരിഹരൻ പറഞ്ഞേൽപ്പിച്ച ശവവാഹകന് ഫോൺ ചെയ്തു. മൃതദേഹം എത്തിയിരുന്നില്ല. അയാൾ ടവർ ഓഫ്‌ സയലെൻസിന്റെ പുറത്തേ വാതിൽ തുറന്ന്‌ ഞങ്ങളെ അകത്തു കയറ്റി. മരങ്ങളും ചെടികളും വളർന്നു നിൽക്കുന്നു അതിനു നടുവിലായി വൃത്താകൃതിയിൽ ഉള്ള പ്രധാന ഭാഗം. അത് പുരുഷ ശവസംസ്കാരത്തിനുള്ളതാണ്. അതുപോലെ വേറെ രണ്ടെണ്ണം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി. ശവം കൊണ്ടുവന്ന്‌ കൈമാറിയ ശേഷം ഞങ്ങളെ അതിനകത്തുകയറ്റാം എന്നു പറഞ്ഞ് അയാൾ ഞങ്ങളെ പുറകിൽ ഉള്ള ഒരു കല്ലുകൊണ്ടുണ്ടാക്കിയ ബെഞ്ചിൽ ഇരുത്തി പുറത്തെ വാതിൽ ഉള്ള വശത്തേയ്ക്ക് പോയി.
നടുക്ക് വൃത്താകൃതിയിൽ ഉള്ള ടവർ ഒഫ് സയലൻസിന്റെ ജയിൽ ഭിത്തി പോലുള്ള പുറം ഭിത്തിയുടെ മുകളിൽ ഏതാണ്ട് ഇരുപതോളം കഴുകന്മാർ വടക്കേഇന്ത്യൻ ഗ്രാമങ്ങളിൽ കൊടും തണുപ്പ് കാലത്തും
രാവിലെ പറമ്പുകളിൽ പ്രാഥമികാവശ്യങ്ങൾക്കായി കമ്പിളിയും പുതച്ച് കൂനിക്കൂടി നിരനിരയായി ഇരിക്കുന്ന ആൾക്കാരെപ്പോലെ ഇരിക്കുന്നു. വേറെ പത്തിരുപതെണ്ണം സ്ത്രീകളുടേയും കുട്ടികളുടേയും ടവറിന്റെ ഭിത്തിയിൽ.
അവയുടെ അമ്ലം കലർന്ന കാഷ്ഠം വീണ മരച്ചില്ലകൾ ഉണങ്ങി നിൽക്കുന്നു. ചീഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം മൂക്കിൽ തുളച്ചുകയറുന്നു. നീത ബിയറിന്റെ മത്തിൽ വീണടം വിഷ്ണുലോകം എന്നപോലെ സ്റ്റോൺബെഞ്ചിൽ തലചായ്ച്ച് കൂർക്കം വലിക്കുന്നു.
ഞാൻ അവളെ തട്ടി വിളിച്ചുണർത്തി.
ഞാൻ, "നീ ഇങ്ങനെ ശവം പോലെ കിടന്നാൽ കഴുകന്മാർ വന്ന്‌ കൊത്തിപ്പറിക്കും."
നീത, "ഒന്നുറങ്ങാൻ സമ്മതിക്കെടാ. കൊത്തിപ്പറിക്കാതെ നീ നോക്കിയിരുന്നോ. വേണമെങ്കിൽ എന്റെ ബാഗിൽ നിന്ന്‌ ബ്ലാക്‌ലേബൽ എടുത്തു കുടിയ്ക്ക്‌."
അപ്പോഴേക്കും അയാൾ തിരിച്ചെത്തി. അയാൾ, "നിങ്ങൾ ഞാൻ പറയുന്നിടത്തേ ഇരിക്കാവു, ക്യാമറയുടെ പുറകിൽ. ക്യാമറയിൽ വന്നാൽ എന്റെ പണിപോകും."
അയാൾ പറയുന്നത്‌ കേട്ട് ഞങ്ങൾ കൂടെ നടന്നു. വാതിലിൽ എത്തിയപ്പോൾ അയാൾ നിൽക്കാൻ പറഞ്ഞ് വശങ്ങളിലൂടെ നടന്ന് അവിടെയുള്ള ക്യാമറയുടെ മുകളിൽ ഒരു തുണി ഇട്ടുകൊണ്ട് ഞങ്ങളോട് അകത്തു പോകാൻ പറഞ്ഞു. അകത്തു കടന്നതും അയാൾ തുണിമാറ്റി അകത്തുവന്നു. അയാളുടെ സഹായിയായ ശവവാഹകൻ മൃതദേഹത്തിനടുത്ത് നിന്ന്‌ ഞങ്ങൾക്ക് നമസ്കാരം പറഞ്ഞു. ആ ജയിൽ ഭിത്തിപോലെയുള്ള, ഭിത്തിയുടെ അകത്തായി വൃത്താകാരത്തിൽ ഉള്ള വലിയ വീതിയുള്ള ഒരു തിട്ട. അവിടെയാണ് ശവശരീരം വച്ചിരിക്കുന്നത്. ആ തിട്ടകഴിഞ്ഞാൽ വലിയൊരു കിണർ. അതിൽ കുറെയധികം അസ്ഥികൂടങ്ങൾ. കൂനിക്കൂടിയിരുന്ന കഴുകന്മാർ എല്ലാം ഒന്ന്‌ ഉഷാറായി. മറ്റു ടവറുകളിൽ ഇരുന്നവയും എത്തിച്ചേർന്നു.
ശവവാഹകർ ട്രോളിയിൽനിന്നും ശരീരം താഴെകിടത്തി. ശവശരീരത്തിലെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി. അവർ ഇരുവരും ഞങ്ങളുടെ അടുത്തേയ്ക്കുവന്നു. അവർ കൈ കൊട്ടിയതും കഴുകന്മാരും കാക്കകളും ശവശരീരത്തെ ഈച്ചപോലെ പൊതിഞ്ഞു. ഏതാണ്ട് നാൽപതു മിനിറ്റിൽ അസ്ഥികൂടം മാത്രം അവസാനിച്ചു. അവശേഷിച്ച അസ്ഥികൂടം ചില കരണ്ടികൾകൊണ്ട് ശവവാഹകർ നടുവിലെ ചാർക്കോളും ചുണ്ണാമ്പും മെഴുകിയ കിണറിലേക്ക്‌ തള്ളിയിട്ടു.
വാചാലയായിരുന്ന നീത നിശ്ശബ്ദയായി. മൗനം മുറിക്കാൻ വേണ്ടി ഞാൻ പറഞ്ഞു "ഇനി ഞാൻ തിരിച്ചു പോകുകയാണ്. ഹരിയെ അടുത്ത തവണ കാണാം. 10 മണിക്കെ ഫ്ലൈറ്റ് പിടിക്കാം. കുറച്ചു സമയം സാന്താക്രൂസ് ബീച്ചിൽ ഇരുന്ന് അസ്തമയം കാണാം. കാറിൽ കയറിയതും അവൾ രണ്ടു ഗ്ലാസിലായി ബ്ലാക്ക്‌ലേബലും സോഡയും ഐസും ഇടുമ്പോൾ ഞാൻ ചോദിച്ചു, "നീ ഇതും തുടങ്ങിയോ?"
നീത, "പിന്നെ നിന്റെ വട്ടത്തരത്തിനൊക്കെ കൂട്ടുനിൽക്കണമെങ്കിൽ ഇതില്ലാതെ പറ്റുമോ?"
കാറിൽ വിസ്കി കുടിച്ചുകൊണ്ടിരുന്നപ്പോൾ അവൾ ചോദിച്ചു, ഈ പാഴ്‌സികൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്. കാരണം ഞാൻ അവൾക്കു പറഞ്ഞുകൊടുത്തു. ഭൂമിയും, അഗ്നിയും, വെള്ളവും അവർ പരിപാവനമായി കാണുന്നു. മാലിന്യമായി അവർ കാണുന്ന ശവശരീരം ദഹിപ്പിക്കുകയോ, കുഴിച്ചിടുകയോ ചെയ്‌താൽ അഗ്നിയും, ഭൂമിയും, ജലവും മലിനമാകുമെന്ന് അവർ വിശ്വസിക്കുന്നു. പക്ഷെ എത്രനാൾ ഇങ്ങനെ ചെയ്യാൻ കഴിയും എന്നറിയില്ല. കഴുകന്മാർ വംശനാശ ഭീഷണി നേരിടുകയാണ്. പ്രധാന കാരണം കന്നുകാലികൾക്കു കുത്തിവയ്ക്കുന്ന ചില മരുന്നുകൾ, അവയുടെ ശവശരീരം തിന്നുന്ന കഴുകന്മാരിൽ എത്തുകയും, അവ വൃക്കരോഗം പിടിച്ച് ചാകുകയും ചെയ്യുന്നു. ചില മരുന്നുകൾ സർക്കാർ നിരോധിച്ചു.
സന്താക്രൂസ് ബീച്ചിലൂടെ നീതയുമൊത്ത് നടക്കുമ്പോൾ എന്റെ മനസ്സിലെ ചിന്ത വംശനാശം വരുന്ന കഴുകന്മാരും അതേപോലെ തന്നെ വംശനാശം വന്നേക്കാവുന്ന സൊറോസ്ട്രിയരുടെ ജനസംഖ്യ ലോകത്തിൽ ഏതാണ്ട് രണ്ടുലക്ഷത്തിൽ കൂടുതൽ ഇല്ലെന്നതും ഇന്ത്യയിൽ അവരുടെ ജനസംഖ്യ ഏതാണ്ട് എഴുപതിനായിരത്തിൽ കൂടുതൽ ഇല്ലെന്നതുമായിരുന്നു. മറ്റു മതങ്ങളെപ്പോലെ മതപരിവർത്തനം നടത്താതെ നല്ലകാര്യങ്ങളിൽ ശ്രദ്ധപതിപ്പിച്ചതാവാം ഈ പുരാതന മതസ്ഥർ ചെയ്ത തെറ്റ്.
എയർപോർട്ടിലേക്കു പോകുമ്പോൾ അടുത്ത പെഗ്‌ ഉണ്ടാക്കികൊണ്ട് നീത,
"അടുത്ത വട്ടത്തരത്തിനു പോകുമ്പോൾ വിളിക്കാൻ മറക്കരുത്."
എന്നെ യാത്രയാക്കുമ്പോൾ ഞങ്ങൾ പരസ്പരം ഊതി കള്ളിന്റെ മണം അടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി പൊട്ടിച്ചിരിച്ചു.
A story by ..........................ഷാജു വിജയൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo