സമ്മാനം
=-=-=-=-=
=-=-=-=-=
സുഹൃത്തിന്റെ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓഫീസിൽ ഒരാവശ്യത്തിന് വേണ്ടി ചെന്നപ്പോഴാണ് അവിടെ പുതുതായി ജോലിയിൽ പ്രവേശിച്ച ആ കുട്ടിയെ ഞാൻ ആദ്യമായി കണ്ടത്. കാഴ്ചയ്ക്കു് നല്ല ചന്തമുള്ള പെൺകുട്ടി.
സ്നേഹിതൻ അവൾക്ക് എന്നെ പരിചയപ്പെട്ടുത്തി.
ഇത് നാസറിക്ക, നമ്മുടെ കമ്പനി തുടങ്ങി വെച്ച ആളാണ് അത് കൊണ്ട് തന്നെ ഏറെ വേണ്ടപ്പെട്ടയാളുമാണ്.
ഇത് ശ്രുതി, പുതിയ സ്റ്റാഫാണു്.
അവളെന്നോട് ചിരിച്ചു,ഞാനും.
ശ്രുതി, ഇക്കയ്ക്ക് ചായ കൊടുക്കൂ.
സാർ, ചായ.
ശ്രുതി എന്നെ സാർ എന്ന് വിളിയ്ക്കേണ്ട, ഇക്കാന്ന് വിളിച്ചാൽ മതി. ഞങ്ങൾ തമ്മിലുള്ള ഊഷ്മളമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു.
കാര്യ പ്രാപ്തിയുള്ള മിടുക്കിപ്പെൺകുട്ടിയായിരുന്നു അവൾ. മഞ്ഞത്തൊപ്പിയും ധരിച്ച് വർക്ക് സൈറ്റിൽ പണിയും, പണിക്കാരേയും നിയന്ത്രിച്ച് കൊണ്ടു പോകുന്നതിൽ പ്രത്യേക പ്രാഗത്ഭ്യവും, ആത്മാർത്ഥതയും പ്രകടമാക്കിയിരുന്നു.
പോകപ്പോകെ അവളെ കൂടുതലായി അടുത്തറിഞ്ഞപ്പോൾ പുസ്തകവായനയുള്ള കുട്ടിയാണെന്നും മനസ്സിലായി.അതിവിദൂരമല്ലാത്ത ഭാവിയിൽ അവളൊരു Business woman ആയിത്തീരുമെന്ന് ഉറപ്പായിരുന്നു. എല്ലാ വിഷയങ്ങളിലും വ്യക്തമായ നിലപാടും, അഭിപ്രായവും ശ്രുതി പുലർത്തിപ്പോന്നിരുന്നു.സാധാരണ ഗതിയിൽ പെൺകുട്ടികളിൽ ഇത്തരമൊരു Quality വളരെ വിരളമായേ കാണാറുള്ളു, എന്തുകൊണ്ടോ ഞാൻ അവളെ വല്ലാതെ ഇഷ്ടപ്പെട്ടു.
പ്രത്യേകമായ രീതിയിലുള്ള സ്വാതന്ത്ര്യത്തോടെയാണ് അവളെപ്പോഴും എന്നോടിടപെട്ടിരുന്നത്.എന്റെ സ്വന്തം പബ്ലിഷിംഗ് കമ്പനിയിൽ അവൾ എന്നെങ്കിലും എഴുതുന്ന പുസ്തകം പ്രസിദ്ധീകരിയ്ക്കണമെന്ന് എന്നോടു് എപ്പോഴും ആവശ്യപ്പെടുമായിരുന്നു.
കെന്റക്കി ചിക്കൻ ശ്രുതിയുടെ ദൗർബല്യമായിരുന്നു. ഓഫീസിൽ ഞാൻ ചെന്നാൽ അവൾ എന്നെക്കൊണ്ട് KFC വാങ്ങിപ്പിയ്ക്കും. ശ്രുതി തന്നെയായിരിയ്ക്കും മിക്കവാറും ലുലു മാളിൽ നിന്നും വാങ്ങിക്കൊണ്ടുവരുന്നത്. ഓഫീസിലെ മറ്റു സ്റ്റാഫിനും സന്തോഷകരമായ കാര്യവുമാണത്. ചില സന്ദർഭങ്ങളിൽ ഞങ്ങളെല്ലാവരും ഒരുമിച്ച് തന്നെ ലുലുവിലേയ്ക്ക് പോകാറുമുണ്ട്.
ചെ ഗുവേരയെ അവൾക്കിഷ്ടമായിരുന്നു. ബൊളീവിയൻ ഡയറി തിരികെ തന്നുമില്ല, അതു മാത്രമല്ല വായിയ്ക്കുവാൻ വാങ്ങിച്ച ഒരു പുസ്തകവും ശ്രുതി തിരികെ തന്നിട്ടില്ല.
മറ്റൊരു സ്ഥാപനത്തിൽ കുറച്ച് കൂടി മെച്ചപ്പെട്ട ജോലി ലഭിച്ചപ്പോൾ അവൾ പോയി. ബന്ധപ്പെടുവാൻ പരസ്പരം ഫോൺ നമ്പർ പോലും ഞങ്ങൾ പരസ്പരം കൈമാറിയിരുന്നില്ല.
വർഷങ്ങൾക്ക് ശേഷം ശ്രുതി എവിടെ നിന്നോ എന്റെ ഫോൺ നമ്പർ തേടിപ്പിടിച്ച് എന്നെ വിളിച്ചിരുന്നു. അവളുടെ വിവാഹമാണത്രേ. ക്ഷണിച്ചു വിശേഷങ്ങൾ പറഞ്ഞു.ശ്രുതി എന്നെ മറന്നില്ല.
മൗറീഷ്യസിലേയ്ക്ക് ഒരു യാത്ര പോകുവാൻ ഞാൻ ആദ്യമേ നിശ്ചയിച്ചിരുന്നതിനാൽ ശ്രുതിയുടെ വിവാഹത്തിന് മുൻപേ തന്നെ അവളുടെ വീട്ടിൽ പോകുവാൻ തീരുമാനിച്ചു.
വിവാഹ സമ്മാനമായി ഒരു പവൻ തൂക്കം വരുന്ന ഒരു വളയും, കുറച്ച് പുസ്തകങ്ങളും വാങ്ങി അവളുടെ വീട്ടിലെത്തി.
പടിയ്ക്കൽ എന്നെ കണ്ട പാടെ ശ്രുതി ഓടി വന്ന് എന്റെ കൈയ്യിൽ പിടിച്ച് വീടിനകത്തേക്ക് കൊണ്ടു പോയി. പപ്പയും, മമ്മിയും, ഇളയ സഹോദരനും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. നല്ല വൃത്തിയും, അടുക്കും ചിട്ടയുമുള്ള ചെറിയൊരു വീട്. സമ്മാനം ഞാൻ അവളുടെ കൈകളിൽ നൽകി.
സമ്മാനമെന്താണെന്നറിയുവാനുള്ള ആകാംഷ നിറഞ്ഞ കണ്ണകളോടെ കവറിൽ നിന്നും ഉടനെ തന്നെ ഉപഹാരം അവൾ പുറത്തെടുത്തു. പുസ്തകങ്ങൾ കണ്ടപ്പോൾ കൂടുതൽ ഉത്സാഹവതിയായി. പുതിയ പുസ്തകങ്ങളുടെ സുഖകരമായ ഗന്ധം മൂക്കിനോട് ചേർത്ത് വെച്ച് അവൾ ആസ്വദിച്ചു. ശ്രുതിയുടെ കണ്ണുകൾ അപ്പോൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ചായ കുടിച്ചു, വിശേഷങ്ങൾ പറഞ്ഞു് കുറച്ചു സമയം ചിലവഴിച്ചതിന് ശേഷം ഞാൻ യാത്ര പറഞ്ഞിറങ്ങി. പടിയ്ക്കലെത്തി തിരിഞ്ഞു നോക്കിയപ്പോൾ അവൾ നാലുപേരും സിറ്റൗട്ടിൽത്തന്നെ നില്ക്കുന്നുണ്ടായിരുന്നു. ശ്രുതി കൈയ്യുയർത്തി വീശി ഞാനും.
സ്വന്തം മകൾ വേർ പിരിഞ്ഞു പോകുമ്പോൾ പിതാവു് അനുഭവിയ്ക്കുന്ന മനോവ്യഥയോടെ ഞാൻ പടിയിറങ്ങി.....
നാസർ
5/9/2017
5/9/2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക