ഗവൺമെന്റെ് എൽ. പി സ്കൂളിലെ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് മലയാളം പഠിപ്പിക്കുന്ന സുമ ടീച്ചർ എല്ലാവരോടുമായി ഒരു ചോദ്യം ചോദിച്ചത്....
പഠിച്ച്.... പഠിച്ച്... വലിയ ആളായിക്കഴിഞ്ഞാൽ എന്താവാനാണ് നിങ്ങൾക്കെല്ലാവർക്കും ആഗ്രഹമെന്ന്...?
വല്ലാത്തൊരു കുഴപ്പിക്കുന്ന ചോദ്യായതോണ്ട് ഞാൻ തലയും താഴ്ത്തി മലയാള ബുക്കിന്റെ നടുപ്പേജിലേക്ക് നോക്കിക്കൊണ്ടിരിക്കുന്ന സമയത്താണ് ഒാരോരുത്തരും അവരുടെ ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങള് പറയുന്നത്...
ന്റെ റബ്ബേ.... എന്താ ഈ കേൾക്കുന്നേ....
മലയാള അക്ഷരമാല തന്നെ മുഴുവനറിയാത്ത നമ്മുടെ ബേക്ക് ബെഞ്ചിലിരിക്കുന്നവർ പോലും ഡോക്ടറാവണം എഞ്ചിനിയറാവണം കളക്ടറാവണം പോലീസാവണം എന്നൊക്കെ പറഞ്ഞ് സുമ ടീച്ചറുടെ ചോദ്യങ്ങൾക്കുത്തരം നൽകുന്നത് കണ്ടപ്പോൾ സത്യം പറയാലോ ഞാൻ ശരിക്കും അന്ധം വിട്ടു പോയി....
ഇവർക്കൊക്കെ ഇത്രയൊക്കെ ആവാൻ പറ്റുമെങ്കിൽ മിനിമം ഒരു മലയാളം ടീച്ചറാവാനേലും എനിക്ക് പറ്റും എന്ന് സ്വയം ആശ്വസിച്ചു കൊണ്ട് ഞാനും എണീറ്റ് നിന്ന് ഉറക്കെ പറഞ്ഞു എനിക്ക് ടീച്ചറെ പോലെ സാരിയൊക്കെ ചുറ്റി വരുന്ന ഒരു മലയാളം ടീച്ചറാവാനാണ് ആഗ്രഹമെന്ന്...
എന്റെ ആഗ്രഹം പറഞ്ഞപ്പോൾ ബാക്കിയുള്ളോരൊക്കെ കരുതിയത് ഞാൻ ടീച്ചറെ സുഖിപ്പിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞതാണെന്നാണ്...
ക്ലാസ്സിലെ തലമൂത്ത ഒരുത്തൻ വിളിച്ച് പറയേം ചെയ്തു ഓള് ടീച്ചറെ സോപ്പിട്ട് അടി വാങ്ങൽ കുറക്കാനുള്ള അടവെടുത്തതാണെന്ന്...
ഇവർക്കറിയില്ലാല്ലോ....
എനിക്ക് ദിവസവും സാരി ചുറ്റാനുള്ള കൊതി കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന്...
എന്റെ ഉത്തരം എന്തായാലും ടീച്ചർക്ക് പെരുത്തിഷ്ടായി എന്നത് വാസ്തവം...
ടീച്ചറ് എന്റെ തൊട്ടടുത്ത് വന്ന് എന്നോട് പറഞ്ഞു
ഒരു ടീച്ചറാവാൻ കഴിയുന്നത് ഒരു ഭാഗ്യമാണെന്ന്....
മരിച്ച് കഴിഞ്ഞാലും നമ്മളറിയപ്പെടുന്നത് ടീച്ചറെന്ന പേരിലായിരിക്കും...
കുഞ്ഞു മനസ്സുകളുടെ വഴികാട്ടിയായി അറിവ് പകർന്നു കൊടുക്കാൻ കഴിയുക എന്നത് ഓരോ അദ്ധ്യാപകരുടേയും ഉത്തരാവാദിത്വം മാത്രമല്ല അവരുടെ ഏറ്റവും വലിയ ആഗ്രഹങ്ങൾ കൂടിയാണ്...
മാതാ പിതാക്കൾ കഴിഞ്ഞാൽ ഒരു കുഞ്ഞിന്റെ കാര്യത്തിൽ അടുത്ത ബന്ധം ഉണ്ടാകുന്നത് അക്ഷരങ്ങൾ പകർന്നു കൊടുക്കുന്ന ഗുരുനാധൻമാരോടാണ്...
എത്ര കാലം കഴിഞ്ഞാലും ആ കടപ്പാടുകൾ ഒരിക്കലും മറക്കാൻ ഒരു വിദ്യാർത്ഥിക്കും കഴിയുകയില്ല....
നമ്മൾ പഠിപ്പിച്ച കുട്ടികൾ വലിയ നിലയിലിരിക്കുന്നത് കാണുമ്പോൾ അഹങ്കാരത്തോടെ ഏതൊരു അദ്ധ്യാപകനും പറയാൻ കഴിയും ഞാൻ പഠിപ്പിച്ച കുട്ടിയാണ് ആ കസേരയിലിരിക്കുന്നതെന്ന്...
ഇത്രയൊക്കെ ടീച്ചർ പറഞ്ഞ് ഒരു ദീർഘ നിശ്വാസവും വിട്ടപ്പോൾ ഞാൻ ആഗ്രഹിച്ച പോലെ എന്റെ ക്ലാസ്സിലെ എല്ലാവരും ആഗ്രഹിച്ചിരുന്നു ഒരു മാഷാവണം അല്ലെങ്കിൽ ടീച്ചറാവണം എന്ന്...
പക്ഷേ എനിക്കപ്പോഴും സാരിയുടുത്തു വരുന്ന ടീച്ചറാവാനായിരുന്നൂട്ടോ ഇഷ്ടം....
പക്ഷേ പഠിച്ച് പഠിച്ച് ടീച്ചറാവാനൊന്നും കഴിഞ്ഞില്ലേലും സാരിയുടുക്കാൻ കഴിഞ്ഞു എന്നത് തന്നെ ഒരു മഹാ ഭാഗ്യം...
ഇന്ന് അദ്ധ്യാപക ദിനം (ടീച്ചേഴ്സ് ഡേ)
സാരിയുടുത്ത് സ്കൂളിലേക്ക് വരുന്ന എല്ലാ ടീച്ചേഴ്സിനും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക