Slider

മാതൃത്വം

0
മാതൃത്വം
=======
എടാ അശോകേട്ടൻ മരിച്ചു പോയടാ, നീ പെട്ടന്ന് വീട്ടിലേയ്ക്ക് വാ...
ഇക്കാര്യം പെങ്ങൾ എന്നെ വിളിച്ചറിയിക്കുമ്പോൾ അടക്കി നിറുത്തുവാനാകാത്ത വിധത്തിൽ സങ്കടത്തോടെ അവൾ കരയുന്നുണ്ടായിരുന്നു.
ഈ ദു:ഖവൃത്താന്തം എന്റെ കാതിലൂടെ അഗ്നിയായി കത്തിപ്പടർന്ന് പഞ്ചേന്ദ്രിയങ്ങളേയും തീഷ്ണമായ ഉഷ്ണത്തോടെ പൊള്ളിച്ചു കളഞ്ഞു. ഞാൻ പഞ്ചാഗ്നി നടുവിൽ അകപ്പെട്ട അവസ്ഥയിലേയ്ക്ക് എത്തിപ്പെട്ടു.
എപ്പോഴാണു് മരണം സംഭവിച്ചത്?
ഞങ്ങൾ ഇപ്പോൾ അറിഞ്ഞതേയുള്ളു, പ്രഭാകരേട്ടനാണ് വിളിച്ച് പറഞ്ഞത്. വേറൊന്നും അറിയില്ല.
ഉമ്മ അറിഞ്ഞോ?
ഇല്ല, ഉമ്മ ഒന്നും അറിഞ്ഞിട്ടില്ല. ഞങ്ങളൊന്നും അറിയിച്ചിട്ടില്ല.
അത് നന്നായി ഞാൻ വന്നിട്ട് നമുക്ക് സമാധാനപൂർവ്വം ഉമ്മയോട് പറയാം.
വീട്ടിലെത്തിയപ്പോൾ ഉമ്മ ളുഹർ നമസ്ക്കാരത്തിലായിരുന്നു.ഉമ്മയോടു് എന്തു പറയും, എങ്ങിനെ പറയണം.
അശോകന് സുഖമില്ലന്നറിഞ്ഞപ്പോൾ ഇക്കഴിഞ്ഞ ദിവസം ഞാനും, ഉമ്മയും കൂടി അവിടവരെ പോയിരുന്നതുമാണ്.അശോകന് കാഴ്ചയ്ക്ക് വലിയ ദീനമൊന്നും ഉള്ളതായി തോന്നിയുമില്ല. ഒരു ജലദോഷപ്പനി അങ്ങിനെയേ കരുതിയുള്ളു. ഞങ്ങൾ തിരികെ പോരുന്നതിന് മുൻപായി മറ്റു ചിലവുകൾക്കായി ഒരു തുക ഉമ്മ അശോകന്റെ കൈയ്യിൽ വച്ച് കൊടുത്തു. ഞാനും കുറച്ച് രൂപ കൊടുത്തിരുന്നു. ഇതിപ്പോ അതേ ആൾ തന്നെ എല്ലാവരെയും സങ്കടത്തീയിലാക്കി മരണത്തോടൊപ്പം ഞങ്ങളെ വിട്ടുപിരിഞ്ഞു് എന്നെന്നേയ്ക്കുമായി പോയിരിയ്ക്കുന്നു. ഒരു ഗ്രീഷ്മത്തിൽ വന്നണഞ്ഞു, മറ്റൊരു ഗ്രീഷ്മത്തിൽ മടക്കയാത്രയുമായി. അശോകൻ എന്നെ ഇക്കാക്കാന്നാണ് വിളിച്ചിരുന്നത്. ഉമ്മയുടെ നിർബന്ധപ്രകാരമാണ് അശോകൻ എന്നെ അങ്ങിനെ വിളിയ്ക്കുവാൻ തുടങ്ങിയത്.
അശോകനെ എപ്പോൾ കണ്ടാലും ഉമ്മ എന്തെങ്കിലും കൊടുക്കാതെ വിടാറുമില്ല. അധികവും പണം തന്നെയാവും നല്കുന്നത്.ആഘോഷങ്ങൾ അതേതായാലും ജാതി മത വ്യത്യാസങ്ങളൊന്നും കൂടാതെ മുടങ്ങാതെ കോടി എടുത്ത് കൊടുക്കുമായിരുന്നു. നല്ല വിദ്യാഭ്യാസം നല്കി. ഇഷ്ടപ്പെട്ട പെണ്ണിനെത്തന്നെ വിവാഹം ചെയ്തു കൊടുത്തു, ദീർഘയാത്രകളിലും എപ്പോഴും കൂടെ കൂട്ടാറുണ്ട്, അങ്ങിനെ എന്തെല്ലാമെന്തെല്ലാം കാര്യങ്ങൾ... ഒരളവോളം ഞങ്ങൾ മക്കളെക്കാൾ പരിഗണന പല കാര്യങ്ങളിലും പലപ്പോഴും അശോകന് കൊടുക്കുന്നത് കണ്ടിട്ടു് ഉമ്മയുടെ സ്വന്തം മക്കളായ ഞങ്ങൾ ഒന്നടങ്കം അതിശയം കൂറിയിട്ടുമുണ്ട്. ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും ഉമ്മയുടെ മനസ്സിൽ അശോകനുള്ള സ്ഥാനം ഒരു മകന് സമാനമായിരുന്നു. മനസ്സിൽ സൂക്ഷിച്ചിരുന്ന ആ സത്യം ഉമ്മ തന്നെ ഞങ്ങളോടു് പറഞ്ഞറിയിച്ചപ്പോൾ അശോകൻ ന്യായമായും അതർഹിയ്ക്കുന്നുണ്ടെന്ന് അർത്ഥശങ്കയ്ക്കിടമില്ലാത്ത വിധം ഞങ്ങൾക്കും ബോധ്യമായി. ഒന്നിനോടും ഒപ്പം ചേർത്ത് നിറുത്തുവാൻ കഴിയാത്ത മാതൃ ഭാവത്തിന്റെ അപാരമായ ശക്തിയും, മാതൃത്വത്തിന്റെ മഹനീയ മഹത്വവുമായിരുന്നു ഉമ്മ. എല്ലാ അർത്ഥതലങ്ങളിലും ഉമ്മയുടെ സ്നേഹവാത്സല്യങ്ങൾ മതിയാവോളം അനുഭവിയ്ക്കുവാൻ കഴിഞ്ഞ ഞങ്ങളും ഭാഗ്യമുള്ളവരാണ്.
അശോകന്റെ മരണവിവരം ഞങ്ങൾ എല്ലാവരും കൂടിച്ചേർന്നാണ് ഉമ്മയെ ധരിപ്പിച്ചത്. ഉമ്മ ഇത്രയേറെ സങ്കടപ്പെട്ടു് കരഞ്ഞതായി ഇതുവരെയും ആരും കണ്ടിരുന്നില്ല. അത്രയ്ക്കായിരുന്നു മനോവേദന. മരണ വീട്ടിലേയ്ക്കുള്ള യാത്രയിൽ കാറിനകത്താകെയും മുഷിഞ്ഞ മൂകത നിറഞ്ഞു നിന്നു. മൂകത പോലും മൂകതയിലായി.
അശോകന്റെ വീട് അത്ര വലിയതൊന്നുമല്ല. തറയിൽ പുൽപ്പായിൽ മൃതദേഹത്തിന്റെ തല ഭാഗത്ത് നിലവിളക്ക് കത്തിച്ച് വച്ചിരുന്നു. സമീപത്തായി ബന്ധുജനങ്ങളും ചേർന്നിരിയ്ക്കുന്നു, പലരും വല്ലാതെ സങ്കടപ്പെട്ട് കരയുന്നുമുണ്ട്. അമ്മയും, അച്ചനും ഒരു മൂലയിൽ തളർന്ന് കിടക്കുന്നു. പന്തലിൽ പല ഭാഗങ്ങളിലായി പലരും, പലതും പറഞ്ഞിരിയ്ക്കുന്നു. ആളുകൾ വന്നു കൊണ്ടേയിരുന്നു. മരണ വീട്ടിലെ ഇന്നത്തെ എല്ലാ ചിലവുകളും ഉമ്മയുടെ നിർദ്ദേശ പ്രകാരം ഞങ്ങൾ തന്നെ നിർവ്വഹിച്ചു. അശോകന്റെ ആത്മാവിനെ കറുത്ത നിശബ്ദതയുടെ ലോകത്തേയ്ക്ക് കൊണ്ടുപോകാനെന്നവണ്ണം തൊടിയിലാകെയും വേനൽ തുമ്പികൾ ധാരാളമായി വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.
മരണം രംഗബോധമില്ലാത്ത കോമാളി തന്നെയാണെന്ന് തോന്നി.അശോകന്റെ മൃത്യു അകാലത്ത് സംഭവിച്ചതാണ്. അശോകന്റെ മാതാപിതാക്കൾക്ക് ആണും, പെണ്ണുമായിട്ടു് ആകെ ഉണ്ടായിരുന്നത് അശോകൻ മാത്രമായിരുന്നു. അവർക്കേറ്റവും പ്രിയമേറിയ മകന്റെ രക്തവും, ശരീരവും തണുത്ത് മരവിച്ച് കോടി പുതച്ച് അന്ത്യയാത്രയ്ക്കൊരുങ്ങി തറയിലിതാ പുൽപ്പായിൽ കിടക്കുന്നു.
ശവദാഹം കഴിഞ്ഞ് ഞങ്ങൾ വീട്ടിലെത്തി. മരണ വീടിനേക്കാൾ ശോക സാന്ദ്രമായിരുന്നു അന്നേരത്തെ വീട്ടിലെ അവസ്ഥ. കുട്ടികളൊഴികെ ആരും തന്നെ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. ഉമ്മയാണെങ്കിൽ സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ട തള്ളപ്പക്ഷിയെപ്പോലെ തീവ്രമായ ദു:ഖക്കൊടും വെയിലിൽ വാടിത്തളർന്നു് കിടക്കുകയായിരുന്നു. കട്ടിലിൽ കിടന്നപ്പോൾ അശോകനെക്കുറിച്ചുള്ള ചിന്തകളാൽ മനമാകെ തിങ്ങി വിങ്ങിയിരുന്നു. നിദ്രാദേവിയും എവിടെയോ, ഇരുട്ടിന്റെ കട്ടപിടിച്ച ഏതോ ഇടനാഴിയിലേയ്ക്ക് അകന്ന് മാറി മറഞ്ഞു നിന്നു. തുറന്നിട്ട ജാലകങ്ങളിലൂടെ മുറ്റത്തെ ചെമ്പക മരത്തിൽ നിന്നും പൊഴിയുന്ന നവ്യസുഗന്ധം മൂക്കിലൂടെ അരിച്ചിറങ്ങി. മുറ്റത്ത് വളർന്ന് പൂത്തുലഞ്ഞ് നില്ക്കുന്ന ചെമ്പക മരവും അശോകൻ നട്ട് പിടിപ്പിച്ചതായിരുന്നു.അശോകന്റെ ജീവൻ തുടിയ്ക്കുന്ന നിത്യസ്മരണയായി നിർമ്മലമായ നന്മയായി വളർന്ന് പടർന്ന് പന്തലിയ്ക്കട്ടെ, ഇനിയത് വെറും ചെമ്പക മരമല്ല, അശോക മരമാണ്. അതെ ഞങ്ങൾക്ക് ആ മരം അശോകമരം തന്നെയാണ്.
ഉമ്മയോടും അശോകൻ സ്വന്തം മാതാവിനോടെന്ന പോലെയായിരുന്നു പെരുമാറിയിരുന്നത്. അവന്റെ ജീവിതത്തിലെ നിർണ്ണായകമായ എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടിരുന്നതു് ആദ്യം ഉമ്മയോട് ആലോചിച്ച് സമ്മതം നേടിയതിന് ശേഷം മാത്രമായിരുന്നു.
ഞങ്ങളുടേത് ഒരു തനി മുസ്ലീം യാഥാസ്ഥിതിക തറവാടായിരുന്നു.കൊച്ചു കുട്ടനും, കാളിയും ഞങ്ങളുടെ തറവാട്ടുവീട്ടിലെ സ്ഥിരം ജോലിയ്ക്കാരായിരുന്നു. വേലി കെട്ടുക, കുളം തേകുക, തെങ്ങിന് തടം കോരുക, മണ്ണിൽ കൂമ്പൽ കുത്തക കൂടാതെ മറ്റു കൃഷിപ്പണികൾ, കന്നുകാലി പരിപാലനം ഇതൊക്കെയായിരുന്നു അവരുടെ മുഖ്യമായ ജോലികൾ.
അതോടൊപ്പം തന്നെ ഉമ്മയുടെ അടുത്ത സ്നേഹിതയായിരുന്നു തങ്കം. ആത്മാർത്ഥതയോടെ തന്റെ ജോലി മടിയേതുമില്ലാതെ കൃത്യമായും, നിസ്വാർത്ഥമായി നിർവ്വഹിയ്ക്കുന്ന ഒരു ആരോഗ്യ പ്രവർത്തകയുമായിരുന്നു, അക്കാരണത്താൽ തന്നെ വീട്ടിലെ നിത്യസന്ദർശകയുമായിരുന്നു.
ഒരു ദിവസം തങ്കച്ചേച്ചി വീട്ടിൽ വന്നപ്പോൾ ചേച്ചിയുടെ കൈയ്യിൽ തുണിയിൽ പൊതിഞ്ഞ ഒരു ചോരക്കുഞ്ഞുമുണ്ടായിരുന്നു. ചേച്ചി ആ കുഞ്ഞിനെ അവരിരുവരും നേരത്തേ എത്തിയിരുന്ന ധാരണ പ്രകാരം വളർത്തുവാനായി ഉമ്മയെ ഏല്പിച്ചു. യാതൊരു വിധ ഭയാശങ്കകളോ, മടിയോ കൂടാതെ ഉമ്മ അത്യധികം സന്തോഷപൂർവ്വം ഉപ്പയുടെ പൂർണ്ണമായ അനുവാദത്തോടെ ആ കുഞ്ഞിനെ സ്വീകരിയ്ക്കുകയും ചെയ്തു.
ഞങ്ങളോടൊപ്പം ആ കുഞ്ഞിന് മുസ്ലീം പേരൊക്കെ നല്കി മുസ്ലീമായിത്തന്നെ മക്കളിലൊരുവനായി ഓമനിച്ച് വളർത്തി പോന്നു. മൂന്ന് മാസം തികയുന്നതിന് മുമ്പായി സുന്നത്തും നടത്തി. നല്ല കുടുക്കാച്ചി സുന്ദരൻ വാവയായിരുന്നു. ഉമ്മ കുഞ്ഞിനെ കവുങ്ങിൻ പാളയിൽ കിടത്തി കുളിപ്പിയ്ക്കുന്നത് കാണാൻ എന്തൊരു ചന്തമാണെന്നോ. പറഞ്ഞറിയിയ്ക്കാനാവില്ല. വാവ എല്ലാവരുടേയും ഓമനയായി വളർന്നു.
പതിവ് പോലെ തന്നെ കാര്യങ്ങൾ വന്നു ഭവിച്ചു. തറവാട്ടിൽ മറ്റാരുടെയോ കുഞ്ഞു വളരുന്നതിൽ മൊത്തത്തിൽ തറവാടിന്റെ അകത്തളങ്ങളിലാകെയും, വെളിയിലും മുറുമുറുപ്പുകൾ ഉടലെടുത്തു തുടങ്ങി. അതൊരു സാമൂഹ്യ പ്രശ്നമായി മാറുമെന്ന ഘട്ടത്തിൽ മനമില്ലാ മനമോടെ, അടക്കാനാകാത്ത വേദനയോടും, അളവില്ലാത്ത സങ്കടത്തോടും, അതിരില്ലാ കദനത്തോടെയും ആ പൈതലിനെ മറ്റാരെയെങ്കിലും തുടർന്നും വളർത്തുവാൻ നല്കാമെന്നുള്ള ക്ലേശകരമായ ഒരു തീരുമാനമെടുക്കേണ്ടി വന്നു.
തറവാട്ടിലെ ആശ്രിതരും, പ്രാർത്ഥനകളും, വഴിപാടുകളുമായി കാലമേറെ കഴിഞ്ഞിട്ടും സന്താനഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത കൊച്ചു കുട്ടൻ, കാളി ദമ്പതികൾ കുഞ്ഞിനെ വളർത്തുവാനുള്ള ചുമതല ഈയവസരത്തിൽ അതൊരു ഭാഗ്യമായി കരുതി ഏറ്റെടുത്തു.ഒരു ദിവസം ആ കുഞ്ഞ് വീട്ടിൽ നിന്നും അപ്രത്യക്ഷമായി.ഞങ്ങൾക്കു് ഒന്നും മനസ്സിലായുമില്ല, അന്നും ഉമ്മ കരയുന്നുണ്ടായിരുന്നു.
മുഹമ്മദ് അശോകനായി വളർന്നു വലുതായി. ജാതീയമായതും, ഒരിയ്ക്കലും നീതീകരിയ്ക്കാനാകാത്തതുമായ വൈഷമ്യങ്ങൾ അറിഞ്ഞു കൊണ്ട് തന്നെ അവൻ വളർന്നു.കർണികാരങ്ങൾ വീണ്ടും എത്രയോ വട്ടം പൂത്തുലഞ്ഞു കഴിഞ്ഞിരുന്നു. മറുവശത്ത് അശോകന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഉമ്മയുടെ പ്രത്യേക കരുതലും, കരുണയും അശോകന്റെ മരണം വരെയും അവൻ അനുഭവിച്ചറിഞ്ഞു കൊണ്ടുമിരുന്നു.
ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ മുസ്ലീം വീട്ടിൽ വളർന്നതിനാൽ അവൻ മുസ്ലീമായി, രണ്ടാം ഘട്ടത്തിൽ ഹിന്ദു വീട്ടിൽ വളർന്നതിനാൽ അവൻ ഹിന്ദുവായി. ജാതിയ്ക്കും, മതത്തിനുമൊക്കെ സാധാരണ മനുഷ്യ ജീവിതത്തിൽ ഇത്രയ്ക്ക് പ്രാധാന്യമേയുള്ളുവെന്നുള്ളതിന് അതൊരു നല്ല പാഠമായിരുന്നു.
ഏതൊരു വ്യക്തിയും അവർ ജീവിയ്ക്കുന്ന ജീവിത ചുറ്റുപാടുകളിലൂടെയാണ് രൂപപ്പെടുന്നത്. വ്യക്തിയുടെ അനുവാദമോ, സമ്മതമോ കൂടാതെ പലതും പല സന്ദർഭങ്ങളിലുമായി അവനിലായാലും, അവളിലായാലും അടിച്ചേൽപ്പിയ്ക്കപ്പെടുകയാണ്. സ്വാതന്ത്ര്യത്തോടെ സ്വന്തം അസ്തിത്വത്തിന്റെ ഭാഗമായ പേരു് തിരഞ്ഞെടുക്കുവാനുള്ള അവകാശം പോലും അനുവദിച്ച് കൊടുക്കുന്നില്ല. മുഹമ്മദ് അശോകനായത് അങ്ങിനെയാണല്ലോ, ഒരു പക്ഷേ ഇതൊക്കെ മനസ്സിലാക്കിയത് കൊണ്ടു കൂടിയായിരിയ്ക്കാം അശോകൻ ഇത്തരം കാര്യങ്ങളിലൊന്നും വിശ്വാസവും, ഇഷ്ടവും ഇല്ലാത്ത മനുഷ്യനായിത്തീർന്നത്. ഭൂമിയിൽ മനുഷ്യനായി ജീവിയ്ക്കുവാൻ ജാതി, മതം എന്നിവയുടെ ആവശ്യം ഇല്ലെന്നാണ് അശോകന്റെ മതം. പലരും പറയുവാൻ മടിയ്ക്കുന്ന അപ്രിയ സത്യം.
ഇനി ഞങ്ങൾക്ക് ചെയ്യുവാനുള്ളത് ഒന്നു മാത്രമാണ്‌. അശോകന്റെ ഭാര്യയുടേയും, മക്കളുടേയും സുരക്ഷിതത്വവും, സംരക്ഷണവും ഉറപ്പാക്കി അവരെയും ഭാവി ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരിക എന്നുള്ളത് ഒരു ദൗത്യമായിത്തന്നെ നിർവ്വഹിയ്ക്കേണ്ടിയിരിയ്ക്കുന്നു. അതാണ് നീതി, എങ്കിൽ മാത്രമേ അശോകമരത്തിൽ നിറയെ പൂക്കൾ വിരിഞ്ഞ് ദിവ്യമായ സൗമ്യ സുഗന്ധം പരത്തുകയുള്ളു.
Nasar Muttayil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo