Slider

മാനസ

0
മാനസ
*********
കാറിൽ ac യുടെ തണുപ്പിലും അയാൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. മനുഷ്യജീവിതത്തിന്റെ കാണാക്കയങ്ങളിലേയ്ക്ക് ആഴ്ന്നാഴ്ന്നുപോകുന്ന തന്റെ മനസ്സിനെ നിയന്ത്രിക്കാൻ തനിയ്ക്ക് ആവുന്നതേയില്ലെന്നത് ആ നിമിഷത്തിലെ അയാളുടെ തിരിച്ചറിവായിരുന്നു.
എഴുത്ത് വഴി ലഭിച്ച ചുരുക്കം ചില സൗഹൃദങ്ങളിൽ ആത്മാവിനെ തൊട്ട ഒന്നായിരുന്നു അവൾ. പാർവതി.
ഒരു ശുഭദിനാശംസയിലൂടെ തന്നിലേക്ക് അവൾ ചേക്കേറുകയായിരുന്നു. ചെറിയ സംഭാഷണങ്ങളിലൂടെ വളർന്ന സൗഹൃദം. പാർവതിയെന്ന പേരും കുറേ അക്ഷരക്കൂട്ടുകളും. ഒരു ഫോട്ടോയിലൂടെ പോലും കണ്ടിട്ടില്ലാത്ത മുഖം.
എന്നിട്ടും അവൾ ആരൊക്കെയോ ആണെന്ന തോന്നൽ. ജന്മാന്തരങ്ങളായി ആത്മാവിൽ അലിഞ്ഞുചേർന്നി രുന്നപോലെ.
തന്റെ ചേതനയുടെ ഞരമ്പിനെ ഉണർത്തുന്നതായിരുന്നു പലപ്പോഴും അവളുമായിട്ടുള്ള സംവാദങ്ങൾ. ചിലപ്പോൾ ഒരു കുളിരല പോലെ... മറ്റുചിലപ്പോൾ സപ്തവർണ്ണത്തിൻ വില്ലഴിയുന്ന പോലെ.
"എന്റെ നഷ്ടപ്രണയിനിയുടെ പേരും പാർവതിയെന്നാണ്.. "
"ഹ ഹ അതുകൊള്ളാലോ" അവൾ ചിരിച്ചു.
"അവളുടെ യഥാർത്ഥ പേര് അപർണ.... ഞാൻ പാറുക്കുട്ടിയെന്നു വിളിയ്ക്കും.. "
"ഞാൻ കണ്ടിട്ടില്ലാത്ത നിന്റെ മുഖത്തിന് ഇപ്പോൾ അവളുടെ ഛയയാണ് "
അവൾ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.
എല്ലാ സംഭാഷണങ്ങളിലും, സ്നേഹത്താൽ വീർപ്പുമുട്ടിയ്ക്കുന്നതന്റെ ഭർത്താവിനെക്കുറിച്ചും ഓമനത്തം തുളുമ്പുന്ന മകനെക്കുറിച്ചും അവൾ വാചാലയായി.
ഒരു കാര്യത്തിലും സാമ്യമില്ലാത്ത രണ്ട് ആത്മാക്കളായി വരണ്ടുണങ്ങിയ തന്റെ ദാമ്പത്യം സൃഷ്ടിച്ച വിരസതയിൽ... നഷ്ടപ്രണയത്തിന്റെ കനലുകൾ കെടാതെ എരിഞ്ഞി രുന്ന ആത്മാവിൽ ഒരു കുളിർ തെന്നൽ പോലെ അവൾ അലിഞ്ഞുചേർന്നു. ഉള്ളിൽ രൂപ പ്പെട്ടിരുന്ന മൗനവത്മീകം ഉടഞ്ഞുപോയതെത്ര പെട്ടെന്നായിരുന്നു. അവൾ അറിയാതെ അവളോടുള്ള പ്രണയം ഒരു കുഞ്ഞുപൂവായി ആത്മാവിൽ വിരിഞ്ഞുനിന്നു.
ആ രസാനുഭൂതികളിൽനിന്നും കവിതകൾ ഉണ്ടായി... അംഗീകാരങ്ങൾ തേടിവന്നു.
മോന്റെ പിറന്നാളിന്റെയന്ന്..
"മോന്റെ പിറന്നാളാണ്.. "
"അമ്പലത്തിൽ പോകുന്നു... "
"വന്നിട്ട് കാണാം.. "
"Ok ഗിരിയേട്ടാ "
"ഇന്നാണ് എന്റെ മോന്റെയും പിറന്നാൾ "
"ആഹാ അതുകൊള്ളാലോ... "
"എന്നിട്ട് എന്തൊക്കെയാണ് ആഘോഷങ്ങൾ.. ?"
"അമ്പലത്തിൽ പോകണം മോനും മോന്റച്ഛനും വേണ്ടി പ്രാർത്ഥിയ്ക്കണം "
"ശരി വന്നിട്ടു കാണാം.. "
"ശരി "
"പോയിവന്നിട്ട് 'മാനസപുത്രി' അവസാനഭാഗം വായിച്ച് അഭിപ്രായം പറയണം ട്ടോ "
"ശരി... കാണാം.. "
അവൾ നന്നായി എഴുതിയിരുന്നു. കഥയായാലും കവിതയായാലും നല്ല കയ്യടക്കം. ആറുഭാഗങ്ങളായി എഴുതിയ നോവലൈറ്റ് ആയിരുന്നു 'മാനസപുത്രി ' അവിവാഹിതയായ സ്ത്രീ ദത്തെടുത്തുവളർത്തുന്ന പെൺകുട്ടി. അവർതമ്മിലുള്ള ആത്മബന്ധം... അതിനിടയിൽ വില്ലനായി വരുന്ന മാറാരോഗം.
ഇതിവൃത്തത്തിൽ പുതുമയൊന്നും തോന്നിയില്ലെങ്കിലും രചനാശൈലികൊണ്ട് വ്യത്യസ്തത പുലർത്തിയ ഒന്നായിരുന്നു അത്.
അവളുമായി സംസാരിയ്ക്കുമ്പോൾ മനസ്സിൽ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും ഉണ്ടായി.
എങ്കിലും ഹൃദ്യവും ആരോഗ്യകരവുമായ ഒരു സൗഹൃദം മാത്രമായി അത് നിലനിർത്താൻ താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സന്തോഷകരമായ അവളുടെ കുടുംബജീവിതത്തിൽ തന്റെ സൗഹൃദം ഒരു കല്ലുകടിയാവരുതെന്ന കരുതൽ എപ്പോഴും ഉണ്ടായിരുന്നു.
ഒരു ദിവസം... മേഘങ്ങളിൽ നിന്നുമുതീർന്ന ആദ്യമഴത്തുള്ളികൾ തന്നിലേയ്ക്ക് ആവാഹിച്ച് ഭൂമി നിർവൃതിയുടെ നിശ്വാസമുതിർത്ത ഒരു മഴദിവസം......
"ഗിരിയേട്ടാ ഇവിടെ നല്ല മഴയാ.."
"മഴ ഇഷ്ടമാണോ... "
"ഒരുപാട് ഇഷ്ടം.... മഴ നനയുന്നത്.... മഴക്കുളിരും.... "
അവൾ വാചാലയായി. മഴയേറ്റാൽ തളിർക്കുന്ന ഭാവനയെക്കുറിച്ച്.... എഴുതുമ്പോൾ കൂട്ടിരിയ്ക്കുന്ന
പ്രിയതമനെക്കുറിച്ച്.........
"എന്നാൽ താനും തന്റെ പ്രിയതമനും മഴ നനയൂ....... "
"ഞാനൊന്നുറങ്ങട്ടേ.... "
മനസ്സിൽ വേലിയേറ്റമായിരുന്നു. മഴയേറ്റാൽ മതിവരാത്ത ഒരു പാവാടക്കാരി മനസ്സിലേക്ക് ഇറങ്ങിവന്നു. നഷ്ടങ്ങൾ എത്ര തീവ്രമായിരന്നെന്ന് ആർത്തലച്ച് കണ്ണുകളിൽ നിന്നും പെയ്തിറങ്ങി കാലവർഷം. മഴ നനഞ്ഞുചിരിച്ച് ഓടുന്നതിനിടയ്ക്ക് ഇടിമുഴക്കം കേട്ടുപേടിച്ചുകരഞ്ഞോടിവന്ന് ഇറുകെ കെട്ടിപ്പിടിയ്ക്കുന്ന ഒരു കൊച്ചുകുറുമ്പി ഓർമ്മയിൽ ചിരിച്ചുനിന്നു.
കളിക്കൂട്ടുകാരിയായി പിന്നെ ആത്മാവിന്റെ ഭാഗമായവൾ. മഴയെത്രനനഞ്ഞാലും അവൾക്ക് മതിവരില്ലായിരുന്നു.
മഴ തന്നെയായിരുന്നു തങ്ങളെ വേർപെടുത്തിയതും..
ഒരു പുതുമഴയിൽ... മണ്ണിൽ നിന്നുയർന്ന ഗന്ധം ആത്മാവിൽ ഉന്മാദം നിറച്ച ഒരു കൗമാരസന്ധ്യയിൽ....മഴയിൽ കുളിർന്ന് നിന്ന അവളെക്കണ്ടപ്പോൾ അതുവരെ തോന്നിയിട്ടില്ലാത്തൊരു കുസൃതി തോന്നി. നെറ്റിയിൽ ഒരുമ്മ... മിന്നൽ പോലെ പ്രത്യക്ഷപ്പെട്ട അവളുടെ അച്ഛൻ.... എന്നെന്നേക്കുമായി അവളെ നഷ്ടമാവുകയായിരുന്നു. അവളുടെ അച്ഛൻ സ്ഥലംമാറ്റം ചോദിച്ചുവാങ്ങി. അച്ഛനമ്മമാരോടൊപ്പം പോകുമ്പോൾ യാത്ര പറയാതെ പറഞ്ഞ രണ്ടു നിറമിഴികൾ... ആ കൗമാരകുതൂഹലം എന്നും എരിയുന്ന കനലായി ആത്മാവിനെ പൊള്ളിച്ചുകൊണ്ടിരിക്കുന്നു..
വീണുകിട്ടിയ ഈ സൗഹൃദം അവളെ തിരിച്ചു തരികയായിരുന്നു. കുസൃതികളും കുറുമ്പുകളുമായി. സൂര്യനുതാഴെയുള്ളതെന്തും അവൾക്ക് സംസാരവിഷയമായിരുന്നു.
ഒരിക്കൽ തന്റെ പ്രണയത്തെക്കുറിച്ച് ചോദിച്ചു.
"ഗിരിയേട്ടന് ഒത്തിരി ഇഷ്ടമായിരുന്നോ അവളെ ?"
"അറിയില്ല കുട്ടീ... "
"ഓർമ്മകൾ ഉണരുന്നിടത്ത് അവൾ ഉണ്ടായിരുന്നു... കാണാമറത്താണെങ്കിലും ആത്മാവുകൾ കെട്ടിപ്പിണഞ്ഞു കിടക്കുകയാണ്. "
"ഗിരിയേട്ടാ എനിക്ക് കരച്ചിൽ വരുന്നു.. "
"നിന്റെ മനസ്സ് ഇത്ര ലോലമാണോ ?"
"അതൊക്കെ എന്നോ കഴിഞ്ഞകഥകൾ അല്ലേ.. "
"അവൾ എവിടെയെങ്കിലും സുഖമായിരിക്കുന്നുണ്ടാവും "
"ഉം.. "
കുറച്ചുനാളുകളായി പാർവതിയെക്കാണറില്ലായിരുന്നു. എഴുത്തുകൾ കണ്ടില്ല. Fb,messenger എല്ലാം ഉപേക്ഷിച്ച് അജ്ഞാതയായി.
വിരഹത്തിന്റെ ഒരു നൊമ്പരപ്പൂവ് ആത്മാവിൽ പൊട്ടിയടർന്നു.
അവസാനമായി കിട്ടിയ സന്ദേശം അവൾക്ക് തന്നെയൊന്നു കാണണം എന്നു പറഞ്ഞുള്ളതായിരുന്നു. അവൾ RCC യിൽ ഉണ്ടത്രേ. ഒരു ഫോട്ടോയിലൂടെ പോലും കണ്ടിട്ടില്ലാത്ത മുഖം. അവളെക്കാണാനുള്ള യാത്ര.
ആകാംക്ഷയുടെ നെരിപ്പോട് ആത്മാവിനെ വറുത്തുപൊരിച്ചു.
വേദനയുടെ നീരാവി ഘനീഭവിച്ചു നിൽക്കുന്ന മുറി.
വാടിയ ചീരത്തണ്ടുപോലെ അർദ്ധബോധാവസ്ഥയിൽ അവൾ. പത്തുവയസ്സുമാത്രം പ്രായമുള്ള ഒരു കൊച്ചുപെൺകുട്ടി. തന്നെ കണ്ടതും അവൾ അടുത്തുവന്നു.
"ഗിരിയങ്കിൾ ആണോ.. ?"
"അതെ.. "
"അമ്മ പറഞ്ഞിരുന്നു അങ്കിൾ വരുമെന്ന്... "
"വരുമ്പോൾ ഇതെല്ലാം തരണമെന്നു പറഞ്ഞിരുന്നു.... "
അഞ്ചു ഡയറികൾ..... അവൾ കുത്തിക്കുറിച്ചതെല്ലാം
ഒരു കത്ത്..
"ഗിരിയേട്ടാ
ഒരു പക്ഷേ ഏട്ടൻ ഇവിടെയെത്തും മുൻപേ എന്റെ പ്രാണൻ പറന്നുപോയേക്കും. ഒരു മാത്രമുൻപെങ്കിലും ഗിരിയേട്ടൻ എത്തണേയെന്നാണെന്റെ പ്രാർത്ഥന.
വരുമ്പോൾ എന്റെ നെറ്റിയിൽ ഒരുമ്മ തരണം ട്ടോ.
ഗിരിയേട്ടൻ എന്റെ മോളെക്കണ്ടുവോ?അവൾ 'മാനസ 'എന്റെ മാനസപുത്രിയിലെ നായിക. അത് കഥയല്ല ഗിരിയേട്ടാ എന്റെ ജീവിതം
എവിടെ അവളുടെ ഭർത്താവ് ?
എവിടെ അവളുടെ പ്രിയപ്പെട്ട മകൻ.....
ഒരു ചാരിറ്റബിൾ സ്ഥാപനത്തിലെ രണ്ട് അമ്മമാർ അങ്ങോട്ട്‌ വന്നു.
"അപർണ കുറച്ചുനാളായി ഞങ്ങളുടെ കൂടെയായിരുന്നു "
"അപർണ... .."
അപർണയെന്ന തന്റെ പാറുക്കുട്ടി.....തന്റെ കളിക്കൂട്ടുകാരി... .....കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ ആ കത്തിലേയ്ക്ക് അടർന്നു വീണു.
"അപർണയുടെ ഭർത്താവ്.. ?"
"ഭർത്താവോ...?"അപർണ അവിവാഹിതയാണ്
അപ്പോൾ വീശിയകാറ്റിൽ അവളുടെ കുസൃതിച്ചിരി മുഴങ്ങുന്നതായി അയാൾക്ക്‌ തോന്നി.
അയാൾ അവളുടെ അടുത്തേക്ക്ചെന്നു. മുടിയെല്ലാം കൊഴിഞ്ഞ ആ തലയിൽ അരുമയോടെ തലോടി. നെറ്റിയിൽ ചുംബിച്ചു. അവളുടെ കണ്ണുകൾ ഒന്നു ചിമ്മിയടഞ്ഞു. ജനലിലിരുന്നൊരു പ്രാവ് കുറുകി... പിന്നെ ചിറകടിച്ച് അകലേക്ക്‌ പറന്നുപോയി.
സതീദേവി
8/2/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo