
ഒരിക്കൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറുന്നതിനിടെ ഉപ്പ എന്നോട് പറഞ്ഞു
"നിങ്ങളുടെ സുനിൽ മാഷ് ബൈക്കിൽ നിന്ന് വീണ് ക്രിട്ടിക്കലാണ്... "
ഉപ്പയത് പറഞ്ഞവസാനിക്കുന്നതിന് മുൻപേ എന്റെ മനസ്സിൽ ഒരായിരം പൂത്തിരി കത്തി....
ഞാൻ മനസ്സിൽ ദൈവത്തെ മുക്തകണ്ഠം സ്തുതിച്ചുകൊണ്ടിരുന്നു...
ഞാൻ മനസ്സിൽ ദൈവത്തെ മുക്തകണ്ഠം സ്തുതിച്ചുകൊണ്ടിരുന്നു...
"അൽഹംദുലില്ലാഹ്.... ഓന് അതന്നെ വേണം "
അടുത്ത നിമിഷം ഞാൻ ലാൻഡ് ഫോണിനരികിലേക്ക് ഓടി... ഫോണെടുത്തതും ഓരോരുത്തരോടായി ആ സന്തോഷ വാർത്ത വിളിച്ചു പറയാൻ ആരംഭിച്ചു...
"സമീറെ, സഫ്‌വാനെ, കുഞ്ഞാവു.... അറിഞ്ഞോ സുനിലിന്റെ ബൈക്ക് ആക്സിഡന്റായി... എന്തായാലും സംഗതി ഗുരുതരമാണ്... ഒരു മാസത്തേക്കെങ്കിലും അവന്റെ ശല്യം കാണൂല്ല... "
അവരെല്ലാവരും കേട്ട വാർത്ത സത്യമല്ലേയെന്ന് വീണ്ടും വീണ്ടും എന്നോട് ആരാഞ്ഞുകൊണ്ടിരുന്നു....
ഒരു മാസത്തേക്കെന്നല്ല, ഈ കൊല്ലം മുഴുവൻ അയാൾ കട്ടിലിൽ തന്നെ കിടന്നിരുന്നെങ്കിലെന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചു....
ഒരു മാസത്തേക്കെന്നല്ല, ഈ കൊല്ലം മുഴുവൻ അയാൾ കട്ടിലിൽ തന്നെ കിടന്നിരുന്നെങ്കിലെന്ന് പലരും ആഗ്രഹം പ്രകടിപ്പിച്ചു....
അത്രമാത്രമായിരുന്നു ഞങ്ങൾക്ക് അദ്ദേഹത്തോടുള്ള വെറുപ്പ്...
അതിന് കാരണങ്ങളും പലതാണ്...
ഹാജർ എടുത്തതിന് ശേഷം ഓഫിസ് റൂമിലേക്ക് മടങ്ങുമായിരുന്നു മറ്റു ക്ലാസ് ടീച്ചർമാരെ പോലെയായിരുന്നില്ല സുനിൽ മാഷ്...
തലേ ദിവസം വരാതിരുന്ന കുട്ടികളുടെ പേര് വിളിക്കും.കാരണങ്ങൾ ന്യായമല്ലെങ്കിൽ വീട്ടിൽ നിന്ന് രക്ഷിതാവിനെ കൊണ്ടുവരുന്നതുവരെ ക്‌ളാസിൽ ഇരിക്കേണ്ട എന്ന് കട്ടായം പറയും...
അർദ്ധ വാർഷിക പരീക്ഷകളിലും ക്ലാസ് ടെസ്റ്റുകളിലും മാർക്ക് കുറഞ്ഞ കുട്ടികളെ നിര നിരയായി നിർത്തും. പിന്നെ മൂന്നടിയോളം നീളം വരുന്ന ചൂരൽ വായുവിൽ ചുഴറ്റിയതിന് ശേഷം ചന്തിക്കു നേരെ ശക്തമായി പ്രഹരിക്കും...
ആദ്യ അടിയിൽ തന്നെ വേദന സഹിക്കാനാകാതെ പുളഞ്ഞുകരഞ്ഞിരുന്ന കുട്ടികളെ രണ്ടും മൂന്നും തവണ നിർദാക്ഷണ്യം തല്ലുന്നതോടെ ക്‌ളാസ് റൂം മൊത്തം കൂട്ടക്കരച്ചിൽ മുഴങ്ങും...
ഒഴിവ് പീരിയഡുകളിൽ ശബ്ദമുണ്ടാക്കി തലങ്ങും വിലങ്ങും ഓടിയിരുന്ന കുട്ടികളെയെല്ലാം സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി നല്ല ചൂരൽ കഷായം സമ്മാനിക്കും...
സുനിൽ മാഷ് വരാത്ത ദിവസങ്ങൾ വിരളമായിരുന്നെങ്കിലും ആ ദിവസങ്ങളിലെല്ലാം ഞങ്ങൾ ഏഴ് ഡി യിലെ കുട്ടികൾക്ക് പെരുന്നാളായിരുന്നു....
അങ്ങനെയിരിക്കെ, ഒരിക്കൽ പതിവിൽ നിന്ന് വിപരീതമായി മുണ്ടെടുത്ത് ക്‌ളാസ്സിലേക്ക് കയറിയ സുനിൽ മാഷ്, ഹാജർ എടുത്ത് കഴിഞ്ഞതിന് ശേഷം ഞങ്ങളെ നോക്കിക്കൊണ്ട് പുഞ്ചിരി തൂകി പറഞ്ഞു
"ഞാനിന്ന് ഒരു ഹാപ്പി മൂഡിലാണ്.. അതുകൊണ്ട് ഇന്ന് നിങ്ങളെ പഠിപ്പിക്കുന്നില്ല... നിങ്ങൾ ശബ്ദമുണ്ടാക്കാതെ സംസാരിക്കുകയോ പഠിക്കുകയോ ചെയ്തോളൂ.... "
ജീവിതത്തിൽ ആദ്യമായി ഞങ്ങൾ കുട്ടികളെല്ലാവരും അദ്ദേഹത്തെ പുഞ്ചിരിയിലൂടെ അഭിവാദ്യം ചെയ്തത് അന്നേരമാണ്... പലരും പരസപരം മുഖത്തോട് മുഖം നോക്കി അവിശ്വസനീയതയോടെ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു....
"ഡാ...ഇയാൾക്കിതെന്താ പറ്റിയെ???.."
അന്നേ ദിവസമാണ് അതും സംഭവിച്ചത്
അവസാന പീരിയഡ് കഴിഞ്ഞതും ദേശീയ ഗാനം ചൊല്ലാൻ ബെല്ലടിച്ചു... ക്‌ളാസിൽ മറ്റു ടീച്ചർമാരാരും ഇല്ലാത്തത്കൊണ്ട് തന്നെ ഞങ്ങൾ കുട്ടികളെല്ലാവരും ആ മുഹൂർത്തത്തെ ആഘോഷിക്കുകയായിരുന്നു...
പുസ്തകമെടുത്ത് ബാറ്റാക്കിയും നോട്ടുബുക്കിലെ പേജുകൾ ചീന്തി ബോളുണ്ടാക്കിയും ഞങ്ങൾ ക്രിക്കറ്റ് കളിച്ചു... അതിനിടെ ദേശീയ ഗാനം ചൊല്ലി തുടങ്ങിയതും തീർന്നതുമെല്ലാം ഞങ്ങൾ കേട്ടില്ലായിരുന്നു...
ഒടുവിൽ കൂട്ടബെല്ല് കേട്ടതും ഞങ്ങളെല്ലാവരും കളി മതിയാക്കി ബാഗും പുസ്തകങ്ങളും എടുത്ത് മുറ്റത്തേക്ക് ചാടിയതും സുനിൽ മാഷ് മുൻപിൽ വന്നു നിന്നു ....
"മറ്റു കുട്ടികളെല്ലാം അന്തസ്സായി ദേശീയ ഗാനം ചൊല്ലിത്തീർത്തു... പക്ഷേ സുനിലിന്റെ കുട്ടികൾ മാത്രം ഈ സ്‌കൂളിനെ നാണം കെടുത്തി... നിങ്ങളാരും ഇന്ന് അത്ര ഈസിയായി ഈ ക്‌ളാസിൽ നിന്നിറങ്ങിപ്പോകേണ്ട...സ്‌കൂൾ മുറ്റത്തുപോയി ദേശീയ ഗാനം മുഴുവൻ പാടി എന്റെ അടിയും വാങ്ങിച്ചുപോയാൽ മതി "
അദ്ദേഹം ഞങ്ങളെ ഓരോരുത്തരെയായി സ്‌കൂൾ മുറ്റത്തേക്ക് കൊണ്ടുപോയി... ദേശീയ ഗാനം ചൊല്ലിപ്പിച്ചതിന് ശേഷം കൈവെള്ളയിൽ ചൂരൽ പ്രയോഗം നടത്തി.. പിന്നെ വിട്ടയച്ചു...
അപമാനഭാരവും സങ്കടവും സഹിക്കാനാകാതെ ഞങ്ങലെല്ലാവരും അദ്ദേഹത്തെ മനസ്സുകൊണ്ട് ശപിച്ചുകൊണ്ടിരുന്നു...
വീട്ടിലേക്കുള്ള നടത്തത്തിനിടെ അദ്ദേഹം ബൈക്കിൽ പാസ്സ് ചെയ്തു പോകുന്നത് കണ്ടപ്പോൾ ആരോ വിളിച്ചു പറഞ്ഞു
"പോകുന്ന വഴിയിൽ ഏതെങ്കിലും വണ്ടി തട്ടി തീർന്നിരുന്നെങ്കിലെന്ന്.... "
ആ ശാപവാക്കാണ് ഇപ്പോൾ അച്ചട്ടായത്.....
അടുത്ത ദിവസം സ്‌കൂളിലെത്തിയ ഞങ്ങലെല്ലാവരും ഒരു ആഘോഷ മൂഡിലായിരുന്നു...പലരും പൊട്ടിചിരിച്ചുകൊണ്ട് ഈ സന്തോഷ വാർത്തയെ ആഘോഷിച്ചു..
അതിനിടെയിൽ ക്‌ളാസ്സിലേക്ക് കയറിവന്ന കുര്യാക്കോസ് മാഷ് ഒരൊറ്റ ചോദ്യം
"നിങ്ങളുടെ മാഷ് ഒരു അപകടത്തിൽ പെട്ടു... അറിഞ്ഞില്ലേ???... "
"അത് ഞങ്ങളുടെ പ്രാർത്ഥനകൊണ്ടാ... അങ്ങേര് ഞങ്ങളെ അത്രേം തല്ലിയിട്ടുണ്ട് "
കൂട്ടത്തിലെ ഏറ്റവും ബുദ്ധിമാനും മിടുക്കാനുമായ ക്‌ളാസ് ലീഡർ അർത്ഥശങ്കയില്ലാതെ അത് പറഞ്ഞവസാനിപ്പിച്ചതും കുര്യാക്കോസ് മാഷിന്റെ മുഖം മങ്ങി... അദ്ദേഹം അൽപ്പസമയം തല കുനിച്ചു നിന്നു....
പിന്നെ വെട്ടി തിളങ്ങുന്ന കണ്ണുകളോടെ അദ്ദേഹം പറഞ്ഞു തുടങ്ങി...
"നിങ്ങൾക്കറിയില്ല.... സുനിൽ നിങ്ങളെ എത്ര സ്നേഹിക്കുന്നെന്ന്... അവൻ എപ്പോഴും സംസാരിക്കാറുള്ളത് നിങ്ങളെ പറ്റിയാണ്...അവൻ പറയാറുണ്ട്, എന്റെ കുട്ടികളാണ് ഈ സ്‌കൂളിലെ ഏറ്റവും നല്ല കുട്ടികൾ ... അവരെ ഓരോരുത്തരെയും ഞാൻ ഏറ്റവും നല്ല മാർക്കിൽ പാസ്സാക്കും... കൂലിപ്പണി ചെയ്ത് മക്കളെ ഇങ്ങോട്ടയക്കുന്ന അവരുടെ രക്ഷിതാക്കൾക്ക് ഒരു അത്താണിയായി അവർ വളരും....
നിങ്ങൾക്ക് പരീക്ഷകളിൽ മാർക്ക് കുറയുമ്പോഴെല്ലാം അവന്റെ ഹൃദയം വേദനിക്കുന്നത്പോലെ നിങ്ങളുടെ രക്ഷിതാക്കൾപോലും വേദനിച്ചു കാണില്ല...
അവനെനിക്ക് സ്വന്തം അനിയനെപ്പോലെയായിരുന്നു... അവനെ എന്നേക്കാൾ നന്നായി ഇവിടെ ആരും മനസ്സിലാക്കി കാണില്ല...
അവനെപ്പോലെ ഒരു അധ്യാപകനെ ഇനി നിങ്ങൾക്ക് കിട്ടില്ല... അവനോട് ഒരല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ ആ ജീവന് വേണ്ടി ഒന്ന് പ്രാർത്ഥിക്കുകയെങ്കിലും ചെയ്യണം ... "
നിറ കണ്ണുകളോടെ അദ്ദേഹം ആ ക്ലാസ് മുറിവിട്ടിറങ്ങിയത് ഇന്നും എന്റെ ഓർമയിലുണ്ട്...
സുനിൽ മാഷ് പിന്നീട് മാസങ്ങളോളം ആശുപത്രിയിൽ കിടന്നു.തലയിൽ സാരമായി ക്ഷതം സംഭവിച്ചിരുന്നതിനാൽ ഓർമ്മക്കുറവുണ്ടെന്ന് ആരോ ഞങ്ങളോട് പറഞ്ഞതും ഞങ്ങളുടെ മനസ്സിൽ കുറ്റബോധം നിറഞ്ഞു...
ഒരിക്കൽ ഞങ്ങളെല്ലാവരും അദ്ദേഹത്തെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി... അദ്ദേഹം ഞങ്ങളെ കണ്ടതും കൊച്ചു കുട്ടികളെപ്പോലെ നിഷ്കളങ്കമായി ചിരിച്ചു, അവ്യക്തമായി എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു....
മാസങ്ങൾക്ക് ശേഷം ഉമ്മയുടെ കൂടെ പെരിന്തൽമണ്ണയിലെ മൗലാനാ ഹോസ്പിറ്റലിൽ പോയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെ അപ്രതീക്ഷിതമായി കാണാൻ ഇടയായി....
ഞാനുമ്മക്ക് അവരെ പരിചയപ്പെടുത്തിക്കൊടുത്തു...
ഞാനുമ്മക്ക് അവരെ പരിചയപ്പെടുത്തിക്കൊടുത്തു...
പ്രണയിച്ചു അന്യമതക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിൽ ബന്ധുക്കളുമായി അത്ര രസത്തിലല്ലായിരുന്നു അവർ രണ്ടുപേരും.. അതുകൊണ്ട് തന്നെ മാഷിന്റെ ചികിത്സ വളരെ ബുദ്ധിമുട്ടിയാണ് അവർ ഒറ്റക്ക് നടത്തിപോന്നിരുന്നത്....
അതിനിടയിൽ തന്റെ വയറ്റിൽ വളരുന്ന മാഷിന്റെ കുഞ്ഞിനെക്കുറിച്ചുള്ള ആശങ്കയും അവർ പങ്കുവെച്ചു,...
"ഞാനിങ്ങനെ സങ്കടപ്പെട്ട് നടന്നാൽ എന്റെ കൊച്ചിനെ അത് ബാധിക്കുമോ ഉമ്മാ......"എന്ന് അവർ എന്റെ ഉമ്മയുടെ കയ്യിൽ പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു ....
ഉമ്മ അവരെ പലതും പറഞ്ഞ് സമാധാനിപ്പിച്ചു, അവരുടെ മനം നിറയുന്നതുവരെ....
മുകളിലത്തെ നിലയിൽ സ്വബോധമറ്റ് കിടന്നിരുന്ന അദ്ദേഹത്തെ ഞാൻ ഒരിക്കൽക്കൂടി കണ്ടു... എന്തോ ചോദിക്കണമെന്നോ പറയണമെന്നോ ഉണ്ടായിരുന്നു എനിക്കപ്പോൾ... പക്ഷേ മനസ്സനുവദിച്ചില്ല...
മുകളിലത്തെ നിലയിൽ സ്വബോധമറ്റ് കിടന്നിരുന്ന അദ്ദേഹത്തെ ഞാൻ ഒരിക്കൽക്കൂടി കണ്ടു... എന്തോ ചോദിക്കണമെന്നോ പറയണമെന്നോ ഉണ്ടായിരുന്നു എനിക്കപ്പോൾ... പക്ഷേ മനസ്സനുവദിച്ചില്ല...
പിന്നീടൊരിക്കലും ഞാനദ്ദേഹത്തെ കണ്ടിട്ടില്ല....
വർഷങ്ങൾ ഏറെ ആയെങ്കിലും ആ ഗുരു ശാപം എന്നെ വിടാതെ പിന്തുടരുന്നത്പോലെ എനിക്ക് തോന്നാറുണ്ട്...അതൊരുപക്ഷേ എന്റെ വെറും തോന്നലാവാം...
നാട്ടിൽ പോയാൽ അദ്ദേഹത്തെ കാണണമെന്നും ആ അബോധ മനസ്സിനോട് മാപ്പ് ഇരക്കണെമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു....
പക്ഷേ, ആ വലിയ കടം ജീവിതാവസാനം വരെ ബാക്കിവെക്കാനായിരുന്നു ദൈവ വിധി...
കുറേ നാളത്തെ നരകയാതനക്ക് ശേഷം അദ്ദേഹം മരണപ്പെട്ടുവെന്ന വാർത്ത കേട്ടത് നാളുകൾക്ക് മുൻപാണ്....
കുട്ടികളുടെ പ്രാർത്ഥനയ്ക്ക് പെട്ടെന്ന് ഉത്തരം കിട്ടുമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്....
അതുപോലെ ഒരു നല്ല ഗുരുനാഥനെ അളക്കേണ്ട അളവുകോൽ അദ്ദേഹത്തിന്റെ ബാഹ്യപ്രകടനങ്ങളല്ല ....
കാരണം, കണ്ണുരുട്ടിയും വടി വീശിയും സുനിൽ മാഷ് പഠിപ്പിച്ചു തന്ന ഓരോ ഇംഗ്ലീഷ് അക്ഷരങ്ങളും വാക്കുകളും പിന്നീടൊരിക്കലും ഞാൻ മറന്നുപോയിട്ടില്ല.... മറ്റെന്തൊക്കെ മറന്നാലും...
മാഷായിരുന്നു ശെരി... അതിന് കാലമാണ് സാക്ഷി ... എന്റെ ജീവിതമാണ് സാക്ഷി....
സമീർ ചെങ്ങമ്പള്ളി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക