
വാഴക്കയിലിരുന്ന് കാക്കച്ചി വെറുതേ കരഞ്ഞപ്പോഴേ വിചാരിച്ചതാ ഇന്ന് വിരുന്നുകാർ ഉണ്ടാവുന്നു.. അപ്രത്തെ പൊരേലേക്ക് ബാപ്പ തൃശൂർന്ന് വിളിച്ച ഫോൺ എടുത്ത് വന്ന ഉമ്മക്കും പറയാനുള്ളത് അത് തന്നായ്രുന്നു.. ഇന്ന് രാത്രി വിരുന്നുകാർ ഉണ്ട്.. ആലപ്പുഴേന്ന് മൂത്താപ്പന്റെ മോൻ ഷാഫിക്കയും ഓലെ പുതിയ പെണ്ണും...
മൂപ്പർക്ക് തൃശൂർന്നും എർണാകുളത്ത് നിന്നും വിളിച്ച് പറഞ്ഞാൽ മതിയല്ലോ.. ഓൽക്ക് ന്തേലും ഉണ്ടാക്കി കൊടുക്കണ്ടെ.. മണിയോർഡറുമായി ചിരിച്ചു വരുന്ന പോസ്റ്റ് മാൻ വന്നിട്ട് കുറച്ചായിരുന്നു.. പറ്റ് ബുക്കും തുണി സഞ്ചിയുമായി ഉമ്മ വിളിച്ചപ്പോൾ ഞാനും ചങ്ങായിമാരും ചൂടിക്കയർ രണ്ടറ്റവും കൂട്ടിക്കെട്ടി അതിനുള്ളിൽ കയറി ബസ്സാക്കി ഓടിക്കുക ആയിരുന്നു.. കളി മുറിഞ്ഞതിൽ ദേഷ്യം തോന്നിയെങ്കിലും ഇനിയും നോക്കി നിന്നാൽ ഉമ്മകയിലുക്കണേം കൊണ്ട് വരുമെന്നറിയുന്നതിനാൽ സഞ്ചിയും വാങ്ങി മണ്ടി.. "പീടികേന്ന് പൈസ ചോദിച്ചാൽ അടുത്താഴ്ച ബാപ്പ അയക്ക്ന്ന് പറി....'' ഉമ്മ പിറകീന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു!
മോന്തി ആവുമ്പോഴേക്കും ഉമ്മ നെയ് ചോറും കോഴി മുളകിട്ടതും ഉണ്ടാക്കിയിരുന്നു... ഞാൻ നെയ്ചോറിന്റെ നല്ല വാസനയും പിടിച്ച് അടുക്കളയിൽ ചുറ്റി പറ്റി നിന്നു.. വലിയ വാലും ചുവന്ന പൂവുമുള്ള പൂവൻ കോയിയെ ബിസ്മി ചൊല്ലി അറുത്തത് മുല്ലക്കാക്ക ആയിരുന്നു..ഷാഫിക്കേം പുതിയ പെണ്ണും വന്നപ്പോ പിന്നെയും വൈകി.
ഷാഫിക്ക ഒരു സിനിമ നടനെ പോലെ സുന്ദരനായിരുന്നു കാണാൻ... കുറച്ച് നിറം കുറവാണേലും പുതിയ പെണ്ണും മോശമായിരുന്നില്ല.. ഓലെനിക്ക് കൊണ്ട് വന്ന ഫൈവ് സ്റ്റാർ ചോക്കലേറ്റ് നീട്ടിയപ്പോൾ ഞാൻ നാണിച്ച് മാറി നിന്നു.. "ചെർക്കന്റ നാണം മാറിയിട്ടില്ലേ ഇന്നാമ്മേ" ഷാഫിക്ക ഉമ്മയെ നോക്കി ചിരിച്ചു.. " അത് ഇപ്പോഴല്ലേ... നാളെ നീ നോക്കിക്കോ " ഉമ്മയുടെ ഭാഷ തന്നെ മാറിയിരിക്കുന്നു! ആലപ്പുഴക്കാരോട് മിണ്ടുമ്പോഴാണ് ഈ മാറ്റം.. ഇതൊന്നും എന്നെ പറ്റിയല്ലെന്ന ഭാവത്തത്തിൽ ഞാൻ ഫൈവ്സ്റ്ററിന്റെ തിളക്കവും നോക്കി നിന്നു..
പുതിയ പെണ്ണിന്റെ പേര് നസീയ എന്നായിരുന്നു.. ഞങ്ങൾ പെട്ടെന്ന് തന്നെ കൂട്ടായി... അവിടത്തെ കഥകളൊക്കെ ഇത്ത പറയും.. ഷാഫിക്ക കൊണ്ട് വരുന്ന മിഠായികൾ തരും..
ദിവസങ്ങൾ കടന്ന് പോയി.. കോഴിക്കൂട്ടാനും മീൻ കൂട്ടാനും പരിപ്പ് കറിക്കും താൾ കറിക്കും വഴി മാറി.. തോരൻ വെക്കാൻ മുരിങ്ങയിലയും കൊത്തൻ ചക്കയും വന്നു.. പോസ്റ്റ്മാൻ വരുന്നോ എന്ന് നോക്കാൻ ഉമ്മ എന്നും എന്നെ പറഞ്ഞേൽപിക്കലായി.. ഷാഫിക്ക രാവിലെ പോയാൽ രാത്രിയേ വരികയുള്ളൂ... കുറച്ച് വൈകുമ്പോഴേക്കും നസീത്താ വിലപിക്കും.." അള്ളാഹുവേ ... ഷാഫി ക്കാ വന്നില്ലല്ലോ.... " ഉമ്മഅപ്പോൾ നിസ്കാരപ്പായിലായിരിക്കും..
ഒരു ദിവസം പീടികയിൽ പോയപ്പോൾ മൂപ്പർ കാര്യം പറഞ്ഞു.. "ഇന്നും കൂടി സാധനം തരാം... ഇനി വേണേൽ പറ്റ് തീർക്കണം... യ്യ് ഉമ്മച്ചിയോട് പറി... " അന്ന് ഉമ്മയുടെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു..
"ഓലെ കാര്യം കഷ്ടാണന്നെ.. സ്നേഹിച്ച് കെട്ടിയതാ... ഓന്റെ പൊരേൽ ഒറ്റ മുറിയാ.. അവ്ടെ അനിയന്മാരും അനിയത്തിമാരും ഉമ്മേം.. വാപ്പേം ഒക്കെ കെടക്കണം.. ഓല് പുതുക്കക്കാരല്ലേ... അന്തിക്കെങ്ങിലും ഒന്ന് കിടക്കണ്ടെ.." ഉമ്മഒരിക്കൽ അടുത്ത വീട്ടിൽ പഞ്ചസാര കടം വാങ്ങാൻ പോയപ്പോൾ അവരോട് പറയുന്നത് കേട്ടതാണ്... എനിക്ക് കാര്യമായൊന്നും പിടികിട്ടിയില്ലെങ്കിലും ഷാഫിക്കയേയും നസീത്തയേയും പറ്റി ആണെന്ന് മനസ്സിലായി..
വീട്ടിൽ രണ്ട് മുറികളുണ്ടായിരുന്നു.. നിലം സിമന്റാണ്.. ജനലുകൾക്ക് പൊളി വെച്ചിട്ടില്ല.. ഡൈനിംഗ് ഹാളിന്റെ ചുമര് തേച്ചിട്ടില്ലായിരുന്നു.. തുറന്ന ജനലുകൾക്ക് കർട്ടൻ ഇട്ട് , ഒരു ഞരങ്ങുന്ന കട്ടിലിൽ വിരുന്നുകാർ തങ്ങളുടെ മധുവിധു കാലം തളളി നീക്കി.
മാസം ഒന്ന് കഴിഞ്ഞപ്പോൾ ബാപ്പ വന്നു.. വരുമ്പോൾ കുറേ സാധനങ്ങളും കൊണ്ട് വന്നു..ആ തവണത്തെ കച്ചവടം മോശമല്ലായിരുന്നു.. അപ്പോഴേക്കും ഷാഫിക്കാക്കും നസീത്താക്കും കൂടാൻ ആലപ്പുഴയിൽ തന്നെ ഒരു വാടക വീട് ശരിയായിരുന്നു... പോകാൻ നേരം അവരെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു... എനിക്കും സങ്കടം വരുന്നുണ്ടായിരുന്നു...
വേനലിന്റെ ചൂടിനെ കുളിർപ്പിച്ച് അന്ന് ഞങ്ങൾ ടെ നാട്ടിൽ മഴ പെയ്തു.. വിരുന്നുകാരെ യാത്രയാക്കി ബാപ്പയോടൊപ്പം ഒരു കുടയിൽ ഞാൻ വീട്ടിലേക്ക് നടന്നു..പുതു മണ്ണിന്റെ മതിപ്പിക്കുന്ന മണത്തിലും മഴയുടെ താളത്തിനപ്പുറം വിരുന്നുകാർ ഒഴിഞ്ഞ് പോയ ശൂന്യതയിൽ ഉമ്മ ഞങ്ങളേയും കാത്തിരിപ്പുണ്ടായിരുന്നു....
- യൂനുസ് മുഹമ്മദ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക