Slider

ന്റുമ്മൂമ്മ

0
Image may contain: 1 person, beard

രചന : മുഹൈമിൻ
ന്റുമ്മാ ഇങ്ങക്ക് ഈ വയസാം കാലത്ത് ന്തിന്റെ സൂക്കേടാ? ഇങ്ങളോടാരാ പറഞ്ഞേ ഇപ്പോ ഒരുങ്ങിക്കെട്ടി ഇറങ്ങാൻ?
ഞാൻ വാപ്പുമ്മായെ ഒന്ന് നോക്കി
. പാവം ഒരുപാട് മോഹിച്ചു വന്നതാണ്.
ഗൾഫിൽ നിന്നും വന്ന ഉപ്പക്കൊരു മോഹം എന്നെയും ഉമ്മിയെയും പെങ്ങന്മാരെയും കൂട്ടി ബീച്ചിൽ പോയി ഫുടൊക്കെ വെളിയിൽ നിന്നും കഴിക്കണം എന്നു.
ഞാൻ അത് വാപ്പുമ്മായോട് പറഞ്ഞു. മ്മള് നാളെ വൈകുന്നേരം കടൽ കാണാൻ പോകുന്നുണ്ട് എന്നു. ന്റെ വല്ലീമ കുട്ടിയും വരണം എന്നു
അപ്പോൾ
മുറുക്കാൻ പൊതി അഴിച്ചു വെച്ചിട്ട് ഉമ്മൂമ്മ എന്നോട് പറഞ്ഞു ങ്ങള് പോയീട്ട് വായോ. എനിക്ക് വയസൊക്കെ ആയീല്ലേ
പക്ഷെ ഞാനാണ് നിർബന്ധിച്ചു സമ്മതിപ്പിച്ചത്
ഞാനാണുപ്പാ വല്ലീമായോട് പറഞ്ഞത് നമ്മൾ പോകുന്ന കാര്യം.
ഉപ്പ എന്നെ രൂക്ഷമായൊന്നു നോക്കി.
കടലിലൊക്കെ പോയാൽ പിന്നെ ഉമ്മായെ ആര് നോക്കും? ഏ?
പാവം വല്ലീമ, കുഴിഞ്ഞ കണ്ണുകളിൽ കണ്ണുനീർ തുള്ളികൾ കെട്ടി നിൽക്കുന്നു.
ഇങ്ങക്കീ വയസാം കാലത്ത് വല്ല ദിക്കറും ചൊല്ലി വീട്ടിൽ ഇരുന്നൂടെ ന്റുമ്മാ? ഉപ്പയുടെ ശബ്ദം പരുക്കമായി.
നീ കേറു ഫവാസേ ! ഉപ്പയും കല്പ്പന.
ഞാൻ ഒന്നൂടെ തിരിഞ്ഞു വല്ലീമായേ നോക്കി. പാവം ചുണ്ടിൽ ഒരു ചിരി വരുത്തി എന്നെ നോക്കി നിൽക്കുന്നു
ഞാൻ കാറിൽ കയറാതെ ഡോർ അടച്ചു. ഇല്ലുപ്പാ നിങ്ങൾ പോയിക്കോ. ഞാൻ വരുന്നില്ല
നീ കേറുന്നുണ്ടോ ഫവാസേ? ഉപ്പ ശബ്ദം വീണ്ടും കടുപ്പിച്ചു.
ഇല്ല എന്നു ഞാൻ വീണ്ടും പറഞ്ഞു.
അത് കേൾക്കേണ്ട താമസം ഉപ്പ വണ്ടി എടുത്തു മുന്നോട്ടു നീങ്ങി. അതിലിരുന്നു പെങ്ങന്മാരും ഉമ്മയും എന്നെ നോക്കിത്തന്നെയിരുന്നു
ന്തേ ന്റെ കുട്ടി പോകാഞ്ഞത്?
അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നു
നിന്റെ ഉപ്പ പറഞ്ഞതല്ലേ ശെരി. വയസാം കാലത്ത് ഞാൻ വല്ല ദിക്കറും ചൊല്ലി വീട്ടിൽ ഇരിക്കേണ്ടതല്ലേ? ഇതു പറഞ്ഞു ഉമ്മൂമ്മ തിരികെ വീടിനകത്തേക്ക് നടക്കാൻ തുടങ്ങി
അപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
: ന്താണ് ഉപ്പ ഇങ്ങനെ? അതും സ്വന്തം ഉമ്മയോട്? അവരോടു സ്നേഹത്തോടെ സംസാരിക്കുന്നതു ഞാൻ കണ്ടിട്ടില്ല. എന്ത് പറഞ്ഞാലും കുറ്റം.
ഞാൻ ഉമ്മൂമ്മയെ നോക്കി. അവർ റൂമിന്റെ അടുത്ത് എത്തിയിട്ടുണ്ട്.
ഞാൻ പെട്ടെന്ന് മിഥുനെ വിളിച്ചു അളിയാ നിന്റെ കാർ കുറച്ചു നേരത്തേക്കൊന്നു വേണമെന്ന് പറഞ്ഞു. വിളിച്ചു ഒരു 10mnt കഴിഞ്ഞപ്പോഴേക്കും അവൻ കാറുമായി വന്നു.
പകരം എന്റെ ബൈക്ക് അവനെ ഏൽപ്പിച്ചു.
ഞാൻ വേഗം ഉമ്മൂമ്മയുടെ മുറിയിലേക്ക് പോയി. പാവം ആ വേഷത്തിൽ അവർ കട്ടിലിൽ കിടപ്പുണ്ട്.
ഞാൻ പതിയെ അവരുടെ കവിളിൽ ഒരുമ്മ നൽകി.
ന്താടാ? അനക്ക് പൈസ വല്ലതും വേണോ?
ഞാൻ ഇടക്കൊക്കെ ഇങ്ങനെ വാത്സല്യം കാണിക്കുമ്പോൾ 200, 250 ഒക്കെ എനിക്ക് നൽകാറുണ്ട്.
പൈസക്കൊന്നും അല്ല.
ങ്ങളൊന്നു എഴുന്നേറ്റെ.
എന്നിട്ട് വേഗം പുറത്തോട്ടു വായോ
ഞാൻ വേഗം പോയി കാർ തിരിച്ചിട്ടു. അപ്പോഴേക്കും വല്ലീമ കാറിന്റെ അവിടെ വന്നു നിന്നു. ഞാൻ കാറിൽ നിന്നും ഇറങ്ങി മുന്നിലെ ഡോർ തുറന്നു വല്ലീമായുടെ കൈ പിടിച്ചു അതിലേക്കു ഇരുത്തി.
ഞാൻ വീടിന്റെ വാതിൽ ലോക് ചെയ്തു. കീ പെങ്ങളുടെ ഷൂസിന്റെ അകത്തേക്കിട്ടു നേരെ കാറിന്റെ ഡോർ തുറന്നു അതിലേക്കു കയറി
എങ്ങോട്ടാ നീ എന്നെയും കൊണ്ടു പോകുന്നെ?
ആ അതുകൊള്ളാം കാറിൽ കേറി ഇരുന്നിട്ടാണോ ഇതൊക്കെ ചോദിക്കുന്നത്? ഞാൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു
ന്റെ വല്ലീമ മ്മൾ കടൽ കാണാൻ പോകുന്നു. ന്തേ?
അവർ എന്നെ നോക്കി വീണ്ടുമൊന്നു ചിരിച്ചു. . അന്റെ കയ്യിൽ പൈസ വല്ലതുമുണ്ടോ?
ഉണ്ട്. ഇടക്കൊക്കെ വിളമ്പാൻ പോകുന്ന പൈസ കയ്യിലുണ്ട്
ഞാൻ മെല്ലെ കാർ ഒടിച്ചു തുടങ്ങി
.
അന്റെ ഉപ്പൂപ്പ ഉള്ളപ്പോൾ കുറച്ചു തവണ പോയിട്ടുണ്ട് കടൽ കാണാൻ. എന്റെ കയ്യിൽ പിടിച്ചു കടൽ തീരത്തൂടെ മെല്ലെ നടക്കുമ്പോൾ അവർ പഴയ ഓർമ്മകളൊക്കെ അയവിറക്കി തുടങ്ങിയിരുന്നു. അപ്പോഴേക്കും സൂര്യൻ തന്റെ അസ്തമയത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. സന്ധ്യ സൂര്യന്റെ വെയിലേറ്റു ഉമ്മൂമ്മാടെ ചെവിയിൽ കിടക്കുന്ന കമ്മൽ ഇടയ്ക്കു തിളങ്ങിക്കൊണ്ടിരുന്നു
അവർ പറച്ചിൽ തുടർന്നു
ഏതൊക്കെ കടലാണെന്നു ഓർമ്മയില്ല. ന്നെ പൊക്കി കടലിൽ ഇട്ടിട്ടുണ്ട്
അത് പറഞ്ഞു അവർ അസ്തമയ സൂര്യനെ നോക്കി നിന്നു. കുഴിഞ്ഞ കണ്ണുകളിൽ അപ്പോഴും കണ്ണുനീർ തുള്ളികൾ തളം കെട്ടി നില്പുണ്ടായിരുന്നു.
ഞാൻ അവരുടെ കൈകളിൽ മുറുകെ പിടിച്ചു. അതുവഴി പോകുന്ന പലരും ഞങ്ങളെ നോക്കുന്നുണ്ട്
ഉമ്മൂമ്മ ഇവിടെ നില്ക്കു. ഞാൻ ഇപ്പോ വരാമെന്നു പറഞ്ഞു ഒരു ഐസ്ക്രീം വാങ്ങി വന്നു. അത് ഞാൻ പതിയെ അവരുടെ ചുണ്ടുകളിലേക്കു അടുപ്പിച്ചു. അതിൽ ഒന്ന് നുണഞ്ഞിട്ടു വേണ്ട എന്ന ഭാവത്തിൽ കൈ കാണിച്ചു.
ബാക്കി ഞാൻ കഴിച്ചിട്ട് മെല്ലെ ഞങ്ങൾ നടത്തം തുടർന്നു. അപ്പോഴേക്കും ഒരു തിരമാല വന്നു എന്റെയും വല്ലീമായുടെയും കാലുകൾ നനച്ചിട്ടു തിരികെ കടലിലേക്ക് പോയിരുന്നു
പടിഞ്ഞാറൻ ചക്രവാളങ്ങൾ ചുവന്നു തുടുത്തു. ഇളം മഞ്ഞയും കടും ചുവപ്പും ഓറഞ്ചും നിറങ്ങൾ കടലിലെ ഓളപ്പരപ്പിൽ ലയിച്ചു കിടന്നു. ന്തോ ഇത്രയും നാളും തോന്നാത്ത ഒരു ഭംഗി.
ഇളം കാറ്റും വീശുന്നുണ്ട്.
വല്ലീമ അതും നോക്കി നിൽപ്പാണ്
ന്തു ചന്തമാണ്‌ മോനെ പടച്ചോന്റെ ഈ ദുനിയാവ് അല്ലേ?
അത് ചോദിക്കുമ്പോൾ അവരുടെ കണ്ണുനീർ തുള്ളികൾ കുഴിഞ്ഞ കണ്ണുകളെ ഭേദിച്ച് ചുക്കിച്ചുളുങ്ങിയ കവിൾ തടത്തിലൂടെ ഒലിച്ചുകൊണ്ടിരുന്നു
അവർ എന്റെ കൈകളിൽ മുറുകെപ്പിടിച്ചു. ഞാൻ എന്റെ കൈകൊണ്ടു അവരുടെ കണ്ണുനീർ തുടച്ചു. ആ കവിളിൽ ഒരുമ്മ നൽകി. എന്നിട്ട് എന്നോട് ചേർത്ത് പിടിച്ചു. അപ്പോഴേക്കും സൂര്യൻ കടലിൽ ആഴങ്ങളിലേക്ക് മുങ്ങിത്താന്നിരുന്നു
ഞങ്ങൾ തിരിഞ്ഞു നടന്നു.
തിരികെ വീട്ടിലേക്കു വരുന്ന വഴി തട്ടുകടയിൽ കയറി ദോശയും കഴിച്ചു
അപ്പോഴേക്കും മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്. ഉപ്പ കാളിങ്
ഞാൻ ഫോൺ എടുത്തു. എവിടാടാ നീ?
ഉമ്മ എന്തെ?
ഞാൻ ഉമ്മൂമ്മയെ ഒന്ന് നോക്കി. പാവം ക്ഷീണം കൊണ്ടായിരിക്കും ഉറങ്ങിയിരിക്കുന്നു. ഞാൻ ഉപ്പാക്ക് മറുപടി ഒന്നും കൊടുക്കാതെ ഫോൺ കട്ട്‌ ചെയ്തു മെല്ലെ വണ്ടി ഓടിച് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു
കാർ വീടിന്റെ മുന്നിലേക്ക്‌ എത്തിയപ്പോഴേക്കും വീട്ടിലെ ബാക്കി എല്ലാവരും വെളിയിൽ മ്മളെയും കാത്തുള്ള നിൽപ്പാണ്.
ഞാൻ കാർ നിർത്തി. ഉമ്മൂമ്മയെ ഉറക്കത്തിൽ നിന്നും ഉണർത്തി.
മെല്ലെ കാറിൽ നിന്നും ഇറക്കി
അപ്പോഴും ഉപ്പയുടെ നോട്ടം ഞങ്ങളിലേക്കായിരുന്നു.
ഉമ്മൂമ്മ എന്റെ കൈവിട്ടു ഒന്നും ആരോടും പറയാതെ റൂമിലേക്ക്‌ നടന്നിരുന്നു.
മഴ തകർത്തു പെയ്തു തുടങ്ങിയിരിക്കുന്നു. ഞാൻ വേഗം പോയി മഗ്‌രിബ് നിസ്‌ക്കരിച്ചിട്ടു സിറ്റൗട്ടിൽ വന്നിരുന്നു
അപ്പോഴേക്കും ഉപ്പയും അങ്ങോട്ട്‌ വന്നു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഉപ്പയാണ് സംസാരത്തിനു തുടക്കമിട്ടത്
ഉപ്പ എന്നോട് വന്നു ചേർന്ന് നിന്നു. എന്റെ തലയിൽ മെല്ലെ തലോടി. പുറത്തു നിന്നും നല്ല തണുത്ത കാറ്റു വീശിക്കൊണ്ടിരുന്നു
ന്റെ മോൻ ചെയ്തതാണ് ശെരി.!!
അത് പറയുമ്പോൾ ഉപ്പയുടെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു.
ഞാൻ ജീവിക്കുന്നത് ന്റെ ഭാര്യക്കും മക്കൾക്കും വേണ്ടിയാണ്.
നാളെ നീ ജീവിക്കുന്നത് ആർക്കുവേണ്ടിയിട്ടാണെന്നു അറിയാമോ ഫവാ?
ഞാൻ ഉപ്പാനെ ഒന്ന് നോക്കി. എന്നിട്ട് നിങ്ങള്ക്ക് വേണ്ടിയെന്ന് പറഞ്ഞപ്പോൾ ഉപ്പ പറഞ്ഞു അല്ല നിനക്കും നിന്റെ മക്കൾക്കും വേണ്ടി
അതങ്ങനെയാണ് പക്ഷെ ഞാൻ എന്റുമ്മായെ മറന്നു ന്റെ മക്കളെയും ഭാര്യയെയും അതിരറ്റു സ്നേഹിച്ചു. എപ്പോഴാണ് ഞാൻ അവരിൽ നിന്നും അകന്നത്?
എത്ര നാളായി എന്റെ ഉമ്മയോട് ഞാൻ ഒന്ന് പുഞ്ചിരിച്ചു സംസാരിച്ചിട്ട്. ഒന്ന് അടുത്തുപോയി ഇരുന്നിട്ട്? . ആ നെറ്റിയിൽ ഒരു സ്നേഹ ചുമ്പനം നൽകിയിട്ടു? ഞാൻ എപ്പോഴാണ് മാറി തുടങ്ങിയത്
ഉപ്പയുടെ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾ ഞങ്ങൾക്കിടയിൽ അവശേഷിച്ചു.
ഞാൻ ഉപ്പയുടെ കൈ പിടിച്ചു വല്ലീമായുടെ മുറിയിലേക്ക് നടന്നു. അവർ അപ്പോൾ നിസ്ക്കാരം കഴിഞ്ഞുള്ള പ്രാർത്ഥനയിൽ ആയിരുന്നു. പിന്നെ അവിടെ നടന്നത് ഉച്ചത്തിലുള്ള കരച്ചിലോടു കൂടിയ ഒരു പൊരുത്തം ചോദിക്കൽ ആയിരുന്നു.
അത് ഉമ്മമാർക്കെ കഴിയൂ. അവരോടു എന്ത് തെറ്റു ചെയ്താലും പൊറുത്തു തരുന്ന ഏക കോടതി...
കാലങ്ങൾ കടന്നുപോയി. ഞാൻ പ്രവാസത്തിലേക്കു കാലെടുത്തു വെക്കുന്നതിന്റെ ബഹളമാണ് വീട്ടിൽ. നെഞ്ചിൽ വല്ലാത്തൊരു നീറ്റൽ
ഇറങ്ങാൻ സമയമായി.
ഞാൻ വീണ്ടും ഉമ്മൂമ്മായുടെ റൂമിലേക്ക്‌ ചെന്നു. വയ്യ തീരെ അവശത ആയിരിക്കുന്നു. എന്നെ കണ്ടപാടെ വീണ്ടും കെട്ടിപ്പിടിച്ചു കുറേ കരഞ്ഞു. എനിക്കും കരച്ചിൽ പിടിച്ചു നിർത്താനായില്ല. ഇനി ന്റെ മോൻ വരുമ്പോൾ ചിലപ്പോൾ ഉമ്മൂമ്മ പള്ളിക്കാട്ടിലെ മണിയറക്കുള്ളിലായിരിക്കും.
വിധിയുണ്ടെങ്കിൽ കാണാം മോനെ എന്നു പറഞ്ഞു എന്റെ കവിളിലും നെറ്റിയിലും ഒക്കെ തുരുതുരാ ഉമ്മകൾ നൽകി.
ഞാൻ കരച്ചിലടക്കാൻ വല്ലാതെ പ്രയാസപ്പെട്ടു. ന്റെ കുട്ടിക്കിപ്പോ ന്താ ഞാൻ തരുന്നേ എന്നു പറഞ്ഞു കയ്യിൽ കിടന്ന സ്വർണ മോതിരം ഊരി എന്റെ കയ്യിൽ വെച്ചു തന്നിട്ട് സലാം ചോദിച്ചപ്പോൾ എല്ലാം കണ്ടു നിന്ന ഉമ്മയും പൊട്ടിക്കരഞ്ഞു പോയി
വലിയ പെരുന്നാൾ കഴിഞ്ഞുള്ള ദിവസമാണ് എന്നെ തേടി നാട്ടിൽ നിന്നും ആ സങ്കട വാർത്ത തേടി വന്നത്
എന്റെ ഖൽബായിരുന്ന എന്റെ ജീവനായിരുന്ന ഉമ്മൂമ്മ മരണപ്പെട്ടിരിക്കുന്നു. കരഞ്ഞു തീർക്കാൻ കണ്ണുനീർ പോരാതെ വന്ന നിമിഷം.
പകരം വെക്കാനില്ലാത്ത സ്നേഹത്തിന്റെ നിറകുടം എന്നെ വിട്ടു പോയിരിക്കുന്നു.
വർഷങ്ങൾക്കിപ്പുറം....
ഇപ്പോ ഞാൻ നിൽക്കുന്നത് ആ ഉമ്മൂമ്മയുടെ ഖബറിന്റെ ചാരെയാണ്. ഖബറിന്റെ മുകളിൽ വെച്ച മൈലാഞ്ചി ചെടികൾ വളർന്നിരിക്കുന്നു. കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ആ ഖബറിന്റെ മുകളിലേക്കു വീണുകൊണ്ടിരുന്നു.
അല്ലാഹുവേ ന്റെ ഉമ്മൂമ്മാടെ ഖബറിടം നീ സ്വർഗ്ഗപ്പൂന്തോപ്പാക്കിടണെ എന്നു ഞാൻ സ്വയം പ്രാർത്ഥിച്ചപ്പോഴക്കും എന്നിലെ കരച്ചിൽ എനിക്ക് പിടിച്ചു നിർത്താനായില്ല. അപ്പോഴും പള്ളിക്കാട്ടിലെ മറ്റു മൈലാഞ്ചി ചെടികളെയും തഴുകി കാറ്റ് മെല്ലെ വീശിക്കൊണ്ടിരുന്നു
വാർദ്ധക്യം അവഗണിക്കാനുള്ളതല്ല
കരുതലോടെ ചേർത്ത് നിർത്തേണ്ട സമയമാണ്. ഒരു പൊരുത്തം ചോദിക്കലിന് സമയം കിട്ടിയെന്നു വരില്ല
ശുഭം 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo