Slider

അമ്മത്തൊട്ടിൽ

0
Image may contain: 1 person, beard, selfie, closeup and indoor
തന്റെ ചൂണ്ടുവിരലിൽ മുറുകെപ്പിടിച്ചുറങ്ങുകയായിരുന്ന ആ കുഞ്ഞു പൈതലിനെ പള്ളിമുറ്റത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുമ്പോൾ ഗീതയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. അവൾ രാജീവിന്റെ കണ്ണുകളിലേക്ക് പ്രതീക്ഷയോടെ നോക്കി, അവസാനമായി അപേക്ഷിച്ചു.
"രാജീവേട്ടാ, എന്റെ കുഞ്ഞിനെ ഇവിടെ ഉപേക്ഷിക്കാൻ മനസ്സ് വരുന്നില്ല... നമുക്കിതിനെ കൊണ്ടുപോകാം, ആരും ശല്യപ്പെടുത്താൻ വരാത്ത ഒരിടത്ത് പോയി മനസ്സമാധാനമായി ജീവിക്കാം "
അവന്റെ കണ്ണുകൾ അലക്ഷ്യമായി എവിടെയൊക്കെയോ സഞ്ചരിച്ചുകൊണ്ടിരുന്നു ,അവളുടെ അപേക്ഷയെ കണ്ടില്ലെന്ന് നടിക്കാൻ അവൻ കഷ്ടപ്പെടുകയായിരുന്നു.
കുറച്ചു സമയത്തെ മൗനത്തിനു ശേഷം അവൻ ഗീതയുടെ മുഖത്തേക്ക് നോക്കി.
"നമ്മുടെ കുഞ്ഞിനെ ഉപേക്ഷിക്കാൻ എനിക്കൊട്ടും ആഗ്രഹമില്ല, പക്ഷേ വിവാഹത്തിന് മുൻപ് ഒരു കുഞ്ഞിന് ജന്മം നല്കിയവനെന്ന അപമാന ഭാരം താങ്ങാനുള്ള ശക്തി എനിക്കില്ല... ഈ കുഞ്ഞ് ഇവിടെ വളരട്ടെ....കാലങ്ങൾക്ക് ശേഷം നമ്മൾ ഇവിടെ വരും, അവനെ കാണും, കുട്ടിയില്ലാത്ത ദമ്പതികളെന്ന വ്യാജേന നമ്മൾ നമ്മുടെ കുഞ്ഞിനെ തന്നെ ദത്തെടുക്കും... ഒന്നും പേടിക്കണ്ട "
അവൻ ഗീതയെ തന്റെ ശരീരത്തിലേക്ക് പതിയെ അടുപ്പിച്ചു.അവളെയും കൂട്ടി പതിയെ നടക്കാൻ ആരംഭിച്ചു.
ഓരോ അടി മുന്നിലേക്ക് നടക്കുമ്പോഴും മനസ്സ് പത്തടി പിറകിലോട്ട് നടക്കുന്നതുപോലെ അവൾക്ക് തോന്നി.
"ഈശ്വരാ... എന്റെ കുഞ്ഞിന് ഒരാപത്തും വരുത്തരുതേ, അവളെ നീ സുരക്ഷിതമായി തിരിച്ചേൽപ്പിക്കണേ... "
അവൾ മനസ്സിൽ പലവട്ടം മന്ത്രിച്ചുകൊണ്ടിരുന്നു.
രാജീവ്‌ അവളെയും കൂട്ടി കാറിലേക്ക് കയറി. അയാൾ വളരെയധികം അസ്വസ്ഥനായിരുന്നു. ഗീതയുടെ കൂടെ ആശുപത്രിയിൽ കൂട്ടിരുന്ന ആ രണ്ട്‌ ദിവസങ്ങൾക്കൊണ്ട് അയാൾ തന്റെ കുഞ്ഞിനെ ഒരുപാട് സ്നേഹിച്ചുപ്പോയിരുന്നു.
പണക്കാരനും ദുരഭിമാനിയുമായ തന്റെ അച്ഛനിൽ നിന്നും ഒരു താൽക്കാലിക ആശ്വാസം തേടിയായിരുന്നു അയാൾ ഈ ബാംഗ്ലൂർ നഗരത്തിൽ വന്നത്.അതിനിടെയിൽ കൂടെ ജോലി ചെയ്തിരുന്ന ഗീതയോട് അടുപ്പം തോന്നി.പിന്നീടെപ്പോഴോ അത് പ്രണയമായി വളർന്നു. സകല സദാചാര സീമകളും പൊട്ടിച്ചെറിഞ്ഞ അതിശക്തമായി അത് മുൻപോട്ട് പോയപ്പോഴാണ് അത് സംഭവിച്ചത്.... രാജീവിന്റെ ജീവന് അവളുടെ വയറ്റിൽ വളരുന്നെണ്ടെന്നറിഞ്ഞതും ആ കുഞ്ഞു ജീവനെ വയറ്റിൽ വെച്ചുതന്നെ കൊല്ലാൻ പല മാർഗ്ഗങ്ങൾ ശ്രമിച്ചതാണ്.... എല്ലാം പരാജയമായിരുന്നു....
അർദ്ധ രാത്രിയുടെ ആലസ്യത്തിൽ ഉറങ്ങുകയായിരുന്ന നഗരമധ്യത്തിലൂടെ അവർ വളരെ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നു.തെരുവ് വിളക്കിന്റെ അരണ്ട വെളിച്ചം കാറിലേക്ക് ഇരച്ചു കയറിയതും അവൻ ഗീതയുടെ മുഖത്തേക്ക് നോക്കി,ഗീത അപ്പോഴും വിതുമ്പി കരയുകയായിരുന്നു....
അവൻ പതിയെ ഗീതയെ വിളിച്ചു...
"ഗീതേ... നീ ഇങ്ങനെ കരയല്ലേ... നമുക്കവളെ തിരിച്ചുകിട്ടും... "
"എനിക്കവളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല രാജീവേട്ടാ... നമുക്ക് തിരിച്ചു പോകാം, ദയവായി വണ്ടി തിരിക്കൂ... "
രാജീവൻ അവളുടെ അപേക്ഷയെ മുഖവിലക്കെടുക്കാതെ കാറിന്റെ വേഗത കൂട്ടി... കുറേ ദൂരം മുന്നോട്ട്പോയപ്പോൾ..
പെട്ടെന്നാണത്...
"വണ്ടി നിർത്താൻ... അല്ലെങ്കിൽ സത്യമായിട്ടും ഞാൻ കാറിൽ നിന്ന് ചാടുവേ " ഗീത ഉഗ്ര ശബ്ദത്തിൽ അലറി...
പേടിച്ചരണ്ട രാജീവൻ കാർ ഉടനെ തന്നെ റോഡ് സൈഡിലേക്ക് തിരിച്ചു, സഡ്ഡൻ ബ്രെക്കിട്ട് നിർത്തി,...
ഒരു ദീർഘ നിശ്വാസത്തോടെ അവൻ ഗീതയുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ ഉഗ്ര കോപത്താൽ ചുവന്ന് തുടുക്കുന്നത് അയാൾ കണ്ടു.
അവൻ അവളുടെ ചുമലിലേക്ക് തന്റെ വിറയ്ക്കുന്ന കൈകൾ നീട്ടാൻ തുടങ്ങിയതും അവളത് തട്ടിത്തെറിപ്പിച്ചുക്കൊണ്ട് പൊട്ടിത്തെറിച്ചു....
"നിങ്ങൊളൊരു ആണാണോ??....
ജന്മം നൽകിയ സ്വന്തം കുഞ്ഞിന്റെ പിതൃത്വം പോലും അംഗീകരിക്കാൻ ധൈര്യമില്ലാത്ത നിങ്ങളുടെ കൂടെ ഞാൻ എങ്ങനെ ജീവിക്കും...
ആണും പെണ്ണും കെട്ട നിങ്ങളുടെ കൂടെ ജീവിക്കുന്നതിനേക്കാൾ എത്രെയോ ഭേദമാണ് തന്തയില്ലാത്ത ഒരു കുഞ്ഞിന്റെ അമ്മയായി ജീവിക്കുന്നത്... അതുകൊണ്ട് എനിക്കിപ്പോൾ എന്റെ കുഞ്ഞിനെ കൊണ്ടുപോകണം....
നിങ്ങൾ നിങ്ങൾ അച്ഛന്റെ കൂടെ പോകുകയോ അതോ കടലിൽ ചാടി ചാകുകയോ എന്ത് വേണേൽ ചെയ്തോ... പക്ഷേ എന്ത് അപമാന ഭാരം സഹിച്ചാലും വേണ്ടീല്ല, ഞാൻ എന്റെ മകളെ വളർത്തും... നല്ല അന്തസ്സായി.... "
അവളുടെ വാക്കുകൾ ദൃഢമായിരുന്നു. അവളുടെ കണ്ണുകളിൽ അന്നോളം അന്യമായിരുന്ന ആ അഗ്നി അയാളെ ചുട്ടുപൊള്ളിക്കാൻ പോന്നതായിരുന്നു....
അയാൾ തന്റെ വിരലുകൾ സ്റ്റിയറിങ്ങിൽ അമർത്തിപ്പിടിച്ചു തലകുമ്പിട്ടിരുന്നു....
കുറച്ചു സമയത്തെ മൗനത്തിനു ശേഷം എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അയാൾ കാർ സ്റ്റാർട്ട് ചെയ്തു... അല്പം ദൂരം മുന്നോട്ട് പോയതിന് ശേഷം കാർ യൂ ടേൺ തിരിച്ചു...
ലക്ഷ്യസ്ഥാനത്ത് വണ്ടി നിർത്തുന്നതിന് മുൻപേ ഗീത അക്ഷമയോടെ കാറിൽ നിന്നും ചാടിറങ്ങി. അവൾ അമ്മ തോട്ടിൽ ലക്ഷ്യമാക്കി കുതിച്ചു...
രാജീവ് നിർവികാരതയോടെ കാറിൽ ചാരി നിന്നു...
കുറച്ചു സമയത്തിന് ശേഷം, ഭ്രാന്തമായ ആവേശത്തോടെ തന്റെ കുഞ്ഞിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ രാജിവനടുത്തേക്ക് വന്നു...
അയാളപ്പോൾ മൊബൈലിൽ ആരോടെക്കെയോ സംസാരിക്കുകയായിരുന്നു... കാർക്കശ്യത്തോടെ , ദേഷ്യത്തോടെ...
"എന്റെ മകളെയും അവളുടെ അമ്മയെയും മറ്റൊന്നിന് വേണ്ടി ഈ രാജീവ്‌ ഉപേക്ഷിക്കില്ല... അങ്ങനെ ചെയ്താൽ ഞാൻ മനുഷ്യനല്ല... അച്ഛൻ ഞങ്ങളെ മനസ്സമാധാനമായി ജീവിക്കാൻ അനുവദിക്കൂ... "
രാജീവ്‌ ആദ്യമായി ഒരു പിതാവായി മാറുന്നതുകണ്ടപ്പോൾ ഗീത അവനെ നോക്കി മന്ദഹസിച്ചു .... അവൻ തിരിച്ചും....
സമീർ ചെങ്ങമ്പള്ളി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo