നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിറഭേദങ്ങൾ - കഥോദയം 1 -


Image may contain: 1 person, smiling, closeup


'ഓരോരുത്തരുടെയും കണ്ണിലെ നിറങ്ങൾ എത്ര വ്യത്യസ്തമാണെന്ന് നീ ശ്രദ്ധിച്ചിട്ടുണ്ടോ നയനാ?'

വീണ്ടുമൊരു കൂടിക്കാഴ്ചയിൽ കൂടി അവൻ കണ്ണുകളെക്കുറിച്ചും അവയിലെ നിറങ്ങളെപ്പറ്റിയും സംസാരിച്ചു തുടങ്ങിയപ്പോൾ നയനയ്ക്ക് വിരസത തോന്നി. കാണുമ്പോഴൊക്കെയും അലന് സംസാരവിഷയമായി ഇതു മാത്രമേ ഉണ്ടാവാറുള്ളൂ എന്ന് അവളോർത്തു. അവൾ അവന്റെ മുഖത്തു നിന്നു നോട്ടം പിൻവലിച്ച് മിഴികൾ ആകാശത്തേക്ക് നീട്ടി. അവളുടെ കണ്ണുകളിൽ പ്രതിഫലിച്ച നീല വെളിച്ചത്തിലേക്ക് അലൻ നിമിഷങ്ങളോളം സൂക്ഷ്മതയോടെ നോക്കിയിരുന്നു. 

'നിന്റെ കണ്ണുകളിലിപ്പോൾ പ്രണയമില്ലായ്മയുടെ നീലിച്ച നിറമാണ്.'

നയന മുഖം തിരിച്ച് വീണ്ടും അവനു നേർക്ക് നോക്കി. അവൾക്കു ദേഷ്യം വന്നു തുടങ്ങിയിരുന്നു. 

'നീല സ്നേഹത്തിന്റെ നിറമാണെന്നാണ് ഞാൻ കേട്ടിരിക്കുന്നത്.'

അവന്റെ മുഖത്തു നോക്കാതെ ശബ്ദം കടുപ്പിച്ച് അവൾ പ്രസ്താവിച്ചു. അവനു നേർക്ക് ഒരിയ്ക്കൽ കൂടി മുഖമുയർത്തി നോക്കാൻ അവൾക്കു ധൈര്യമുണ്ടായില്ല. 
നിന്റെ ഹൃദയത്തിലെ ശൂന്യതയുടെ നിറം ഞാൻ നിന്റെ കണ്ണുകളിൽ കാണുന്നുണ്ടെന്നോ മറ്റോ അവൻ പറഞ്ഞു കളഞ്ഞേക്കുമെന്ന് അവൾ ഭയപ്പെട്ടു. 

ആകാശത്ത് നീലനിറം മാഞ്ഞ് മഴമേഘങ്ങൾ കൂടുകൂട്ടി തുടങ്ങിയിരുന്നു. പാർക്കിലെ ചാരുബെഞ്ചിൽ നിന്നുമെഴുന്നേറ്റ് അവൻ മുന്നിൽ നടന്നു. അവൾ പിന്നാലെയും. 

പ്രണയത്തിലായിരിക്കുന്ന രണ്ടാളുകളുടെ കൂടിക്കാഴ്ചകൾ എത്ര മനോഹരമായിരിക്കുമെന്ന് മുൻപ് തനിക്കുണ്ടായിരുന്ന സങ്കല്പം അവളപ്പോഴോർത്തു. സങ്കല്പങ്ങളോളം മനോഹരമായിരുന്നില്ല ജീവിതത്തിൽ ഒന്നും. കണ്ണിലെ നിറങ്ങൾ നോക്കി മനസറിയുന്നവനെ പ്രണയിച്ചതോർത്ത് അവൾക്കു ഖേദം തോന്നി. 

അലൻ അപ്പോൾ മാത്രം ആദ്യമായി കണ്ട, തങ്ങളുടെ അരികിലൂടെ നിമിഷങ്ങൾക്ക് മുൻപ് കടന്നു പോയ പെൺകുട്ടിയുടെ കണ്ണിലെ നിറത്തെ പറ്റി വാചാലനാവുകയായിരുന്നു അന്നേരം. മുഖം കുനിച്ച് കണ്ണിലെ നിരാശ അവന്റെ കണ്ണിൽ പെടാതിരിയ്ക്കാൻ ശ്രദ്ധിച്ച് താനെല്ലാം കേൾക്കുന്നുവെന്ന ഭാവത്തിൽ അവൾ അവനൊപ്പം നടത്തം തുടർന്നു. 

............

ഫോണിൽ സംസാരിക്കാൻ അലന് തീരെ ഇഷ്ടമല്ല എന്നറിയാമായിരുന്നിട്ടു കൂടി നയന അന്ന് രാത്രി പലവട്ടം അവനെ ഫോണിൽ വിളിച്ചു നോക്കി. ഒരു തവണ പോലും മറുപുറത്ത് ഫോൺ എടുക്കപ്പെട്ടില്ല. 

'ഫോണിൽ സംസാരിക്കുമ്പോൾ നമ്മൾ സങ്കല്പിക്കുന്ന മുഖമായിരിക്കില്ല ചിലപ്പോൾ മറുഭാഗത്തെ ആൾക്ക്. മുഖം കാണാതെ, കണ്ണിൽ നോക്കാതെ എങ്ങനെയാണ് ഒരാളോട് സംസാരിക്കാനാവുക? അവരുടെ മനസ്സറിയാതെ, അവർ പറയുന്നതിലെ സത്യവും നുണയും മനസിലാവാതെ വിഡ്ഢികളാവുന്നതെന്തിനാണ്..' 

പണ്ടൊരിക്കൽ, ഫോൺ വിളികൾ താനൊഴിവാക്കുന്നതിന്റെ കാരണം ഒരു സംസാരത്തിനിടെ അലൻ വ്യക്തമാക്കിയത് അവൾക്കോർമ വന്നു. 

നയന എന്ന പേര് കണ്ണിന്റെ പര്യായമായതിനാൽ മാത്രമാണ് ഞാൻ നിന്നെ പ്രണയിച്ചത് എന്ന് അവൻ പറഞ്ഞേക്കുമോ എന്ന് തമാശയോടെ ഓർത്ത് അവൾ സ്വയം ചിരിച്ചു. 

പുറത്തെ മഴയുടെ കനത്ത ശബ്ദത്തിൽ മുഴുകിക്കിടന്ന് നയന രാത്രി നീളുവോളം അലനെക്കുറിച്ചാലോചിച്ചു. 

'മയിൽ‌പീലി പോലെ അഴകുള്ള കണ്ണുകളാണ് നിന്റേത്. '

കോഫീഷോപ്പിലെ ബില്ലടച്ച ശേഷം പുറത്തേക്കിറങ്ങുകയായിരുന്ന താൻ ആ വാചകം കേട്ട് അത് പറഞ്ഞയാളെ തിരിഞ്ഞു നോക്കി പതറി നിന്നു പോയത് അവളോർത്തു. അതായിരുന്നു ആദ്യ കാഴ്ച. പൂച്ചക്കണ്ണുകളുള്ള അലസനായ യുവാവിനെ പിന്നീട് പലപ്പോഴും നഗരത്തിൽ പലയിടങ്ങളിലായി കണ്ടു. പിന്നീടെപ്പോഴോ തന്റെ മിഴികളിൽ നിന്നു ഹൃദയത്തിലേക്ക് യോജിപ്പിച്ചിരുന്ന അദൃശ്യമായ എന്തോ ഒന്നിലൂടെ ഊർന്നിറങ്ങുകയായിരുന്നു അവൻ എന്ന് അവൾ പുഞ്ചിരിയോടെ ഓർത്തു. തൊട്ടടുത്ത നിമിഷം തന്നെ അലനെക്കുറിച്ച് കൂടുതലായി തനിക്ക് ഒന്നും തന്നെയറിയില്ലല്ലോ എന്നു വേപഥു പൂണ്ട് ഇരുട്ടിലേക്ക് തുറിച്ചു നോക്കി അതേ കിടപ്പ് തുടർന്നു. ശേഷം ഏതോ നിമിഷത്തിൽ ഉറക്കത്തിലേക്കു വഴുതി വീണു.

..............

നാലാമത്തെ ദിവസവും അലനെക്കുറിച്ച് യാതൊരു വിവരവുമില്ലല്ലോ എന്ന ആധിയോടെയാണ് നയന അന്ന് മുറിയിലെത്തിയത്. എവിടേക്കെങ്കിലും പോവുകയാണെങ്കിൽ അവന് പറഞ്ഞിട്ട് പൊയ്ക്കൂടേ എന്ന് അവൾ മനസ്സിൽ ശപിച്ചു. 

'സ്വപ്നകാമുകൻ വന്നില്ലേ ഇതു വരെ? '

അനീറ്റയുടെ ചോദ്യം കേട്ട് അവൾക്ക് ദേഷ്യം തോന്നി. 

'നീ അല്ലാതെ ആരെങ്കിലും പ്രേമിക്കുവോ നാടും വീടും അറിയാതെ ഒരുത്തനെ.' 

അവളോട്‌ മറുത്തൊന്നും പറയാൻ നിൽക്കാതെ നയന കട്ടിലിലേയ്ക്ക് വീണു. 

മിഴികളെക്കുറിച്ചുള്ള സംസാരം നിറഞ്ഞ വൈകുന്നേരങ്ങളും, വിരസതയോടെ താൻ അവനോടൊപ്പം തള്ളി നീക്കിയിരുന്ന മണിക്കൂറുകളും പൊടുന്നനെ അവളുടെ മനസിലേയ്ക്ക് കടന്നു വന്നു. 

നാലു ദിവസങ്ങളായി തന്റെ കണ്ണിൽ കലങ്ങിക്കിടക്കുന്ന വിരഹത്തിന്റെ നിറം അവൾ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.

..................

ഉള്ളിലെ കടുത്ത സമ്മർദ്ദത്തിനു വഴങ്ങിയാണ് അവൾ അലൻ പണ്ടെന്നോ പറഞ്ഞ ഓർമയിൽ ആ വീട് തേടി കണ്ടു പിടിച്ചത്. 
ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കടക്കാൻ അവൾക്കു ധൈര്യമുണ്ടായില്ല. തൊട്ടടുത്ത വീട്ടിലെ സ്ത്രീയോട് അവൾ അവിടെ താമസിക്കുന്ന അലസനായ പൂച്ചക്കണ്ണുകാരനെക്കുറിച്ച് തിരക്കി. 

'അതിനു മോളേ, ആ വീട്ടിൽ വർഷങ്ങളായിട്ട് ആരും താമസമില്ലല്ലോ.. അങ്ങോട്ടേയ്ക്ക് ആരും വന്നു കൂടി കണ്ടിട്ടില്ല.'

നയന പിന്നീട് യാതൊന്നും ചോദിക്കാൻ നിൽക്കാതെ തിരിഞ്ഞു നടന്നു. അലൻ തന്നെ പറ്റിച്ചതാണെന്നോർത്ത് അവൾക്കു ദേഷ്യവും കരച്ചിലും വന്നു തുടങ്ങിയിരുന്നു. ഒന്നുമറിയാത്ത ഒരുത്തനെ താനെന്തിനു പ്രേമിച്ചു എന്ന് സ്വയം ശപിച്ച് അവൾ മുന്നോട്ടു നടന്നു. 

...........

ആദ്യമായി തമ്മിൽ കണ്ടുമുട്ടിയ അതേ കോഫീഷോപ്പിന്റെ മുന്നിൽ വന്നു നിൽക്കുമ്പോൾ അവൾ വികാരശൂന്യയായിരുന്നു. അതിനു ശേഷം ഒരിക്കൽ പോലും വന്നിട്ടില്ലാത്ത അവിടെ എന്തിനാണ് താനിപ്പോൾ വന്നതെന്ന് അവൾ പൊടുന്നനെ അതിശയിച്ചു. 

ഇപ്പോൾ അലൻ ഒപ്പമുണ്ടായിരുന്നുവെങ്കിൽ കണ്ണിലെ നിറം നോക്കി തന്റെ മനസിലൂടെ കടന്നു പോകുന്ന വികാരം കണ്ടു പിടിയ്ക്കാൻ അവനെ വെല്ലുവിളിക്കാമായിരുന്നു എന്നോർത്ത് അവൾക്കു തമാശ തോന്നി. എത്ര വേഗത്തിലാണ് നാം മറ്റൊരാളുടെ ചിന്തകൾക്കും പ്രവൃത്തികൾക്കും സ്വാധീനിക്കപ്പെടുന്നതെന്ന് അവൾ അതിശയിച്ചു. 

കോഫിയുടെ ബില്ലടച്ച് പുറത്തേക്കിറങ്ങുമ്പോഴാണ് മിഴികൾ അരികിൽ കിടന്ന പത്രത്തിലെ പേജിലുടക്കിയത്. തനിക്കു മാത്രം കാണാൻ പാകത്തിൽ ആരാണിതിവിടെ കൊണ്ടു വെച്ചതെന്ന അത്ഭുതം കണ്ണിൽ നിറച്ച് അവൾ ചെറിയ കോളത്തിലുണ്ടായിരുന്ന വാർത്തയിലേക്ക് ആകാംക്ഷയോടെ മിഴികളാഴ്ത്തി. 

കണ്ണിൽ നോക്കി മനസ് വായിക്കാൻ കഴിവുള്ള അപൂർവസിദ്ധിയുള്ള മനഃശാസ്ത്രജ്ഞനെക്കുറിച്ചുള്ള ലേഖനമായിരുന്നു അത്. അരികിൽ നൽകിയിരുന്ന ചിത്രത്തിലെ പൂച്ചക്കണ്ണുള്ളവന്റെ കുസൃതിച്ചിരിയിൽ അവളുടെ നനഞ്ഞ മിഴികൾ നിശ്ചലമായി. മനഃശാസ്ത്രലോകത്ത് ചെറുപ്രായത്തിൽ തന്നെ അവൻ നൽകിയ സംഭാവനകളെക്കുറിച്ചെഴുതിയ ആ കോളം അതേ നിൽപ്പ് തുടർന്ന് പലവട്ടം അവൾ വായിച്ചു. 

മുൻപൊരിക്കൽ പതറിയ ഒരു തിരിഞ്ഞു നോട്ടത്തോടെ താൻ നിന്ന അതേ പടിയിൽ പത്രം നെഞ്ചോടു ചേർത്തു പിടിച്ച് നിറഞ്ഞു വരുന്ന കണ്ണുകളോടെ അവൾ നിന്നു. 

സമാന്തരരേഖകളായി തീരേണ്ടവരായിരുന്നുവോ തങ്ങൾ എന്ന സന്ദേഹവുമായി പടികളിറങ്ങുമ്പോഴാണ് നീല നിറമുള്ള ഷർട്ട്‌ ധരിച്ച പൂച്ചക്കണ്ണുള്ള യുവാവ് ഒരിക്കൽ കൂടി കടന്നു വന്നത്. അവന്റെ കണ്ണുകളിലേക്ക് അതിശയത്തോടെ അവൾ തന്റെ മിഴികൾ നീട്ടി. 

നേർത്ത പച്ചനിറമുള്ള കണ്ണുകളിലൂടെ അവന്റെ ഹൃദയത്തിലേക്കിറങ്ങിച്ചെന്ന് അവൾ ജീവിതം കണ്ടു. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഒരേയൊരു ഉത്തരമായിരുന്നു അത്!!

Athira Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot