Slider

പവിഴംപോൽ...

0
 Image may contain: 1 person, smiling, selfie, close-up and indoor
**********************
"ഏട്ടാ ...എനിക്കീ കല്യാണം വേണ്ട ,ഏട്ടനറിഞ്ഞൂടെ എന്നെ ? എന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും എന്തിനാ അച്ഛനൊപ്പം നിന്നെന്നെ ......."
"മോളെ ...പഠിക്കുന്ന കാലത്തു അങ്ങിനെ പല ഇഷ്ടങ്ങളും തോന്നാം , അതൊക്കെ നിന്റെ ഒരു കുസൃതിയായേ ഏട്ടൻ കണ്ടിട്ടുള്ളു ..അതൊക്കെ മറന്നേക്കൂ ..മോൾടെ നല്ല ഭാവിക്കല്ലാതെ ഏട്ടനോ അച്ഛനോ എന്തെങ്കിലും ചെയ്യോ ?"
"ഏട്ടാ ....എന്താ എന്നെ മനസ്സിലാക്കാതെ നിങ്ങളൊക്കെ ..."
"ആരാ മോളെ നിന്നെ മനസ്സിലാക്കാത്തതു , നിന്റെ നന്മ മാത്രം കരുതുന്ന അച്ഛനോ ? അതോ പ്രാണനായി കരുതുന്ന ഞാനോ ?"
"ഏട്ടാ ...ഏട്ടനറിയാലോ എനിക്ക് കണ്ണേട്ടനെ ഇഷ്ടാന്നു...."
"മോളെ ......എന്താ ഇത് ..ഏട്ടന്റെ പ്രാണാനല്ലേ നീ ...ഏട്ടൻ അച്ഛനോട് പറഞ്ഞു നോക്കി പക്ഷെ ...."
"അല്ല ഒക്കെ വെറുതെ പറയാ ....രാധൂട്ടി പിണങ്ങിക്കൊണ്ടു പറഞ്ഞു .."
ഇ ഭൂമിയിൽ രവിക്ക് കാണാനും സഹിക്കാനും ശേഷിയില്ലാത്തതായി ഒന്നേ ഉള്ളു തന്റെ കുഞ്ഞുപെങ്ങൾ രാധയുടെ കണ്ണുനീർ ...അതുകൊണ്ടു തന്നെ അവൾ കരയാൻ തുടങ്ങിയപ്പഴേക്കും അവൻ ആ മുറി വിട്ടു പുറത്തേക്കു പോയി . വീടിനു മുറ്റത്തായി തൊടിയിൽ നിന്നും കയറിവരാനുള്ള പടികളിലായി അവനിരുന്നു .തന്റെ കുഞ്ഞിപ്പെങ്ങളെ എങ്ങിനെ സമാധാനിപ്പിക്കണം എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ അവൻ നിസ്സഹായനായി . പണ്ടെങ്ങോ തന്റെ പ്രിയ സുഹൃത്തിനു വാക്കു കൊടുത്തത് നിറവേറ്റാനായി അച്ഛൻ തന്റെ സുഹൃത്തിന്റെ മകനൊപ്പം അവളുടെകല്യാണം ഉറപ്പിച്ചു ..ഉറപ്പിക്കലിന് മുന്നായി രവി അച്ഛനോട് പറഞ്ഞതാണ് ,തന്റെ കുഞ്ഞുപെങ്ങളുടെ ഇഷ്ടവും ,പ്രണയവും ..പക്ഷെ അതിനെ പ്രായത്തിന്റെ ചാപല്യമായി ചിരിച്ചു കളയാനായിരുന്നു അച്ഛന്റെ മറുപടി ..
ഒരുപക്ഷെ ആ ഇഷ്ടം നാമ്പിട്ട കാലത്തു അറിഞ്ഞിരുന്നെങ്കിൽ നുള്ളി കളഞ്ഞേനെ ഞാൻ, ഒരു തീരാവേദനയിൽ നിന്നും രക്ഷിച്ചെടുത്തേനേ ഞാനെന്റെ മുത്തിനെ ...
അവനറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.അച്ഛനെ ധിക്കരിക്കാനാകില്ല ,അമ്മയില്ലാത്ത രണ്ടു കുഞ്ഞുങ്ങളെ മറ്റൊരു വിവാഹത്തിന് തയാറാകാതെ പോറ്റി വളർത്തിയതാണ് ,നാളിതുവരെ ഒരു ആഗ്രഹമോ ,ആവശ്യമോ സാധിച്ചു തരാതിരുന്നിട്ടില്ല.ആ അച്ഛനെ എങ്ങിനെയാ ധിക്കരിക്ക ? എങ്ങിനെയാ വിഷമിപ്പിക്ക ?
ഒന്നിനും ഒരു പരിഹാരം കാണാൻ കഴിയാതെ കണ്ണുനീർ പൊഴിക്കാൻ മാത്രമേ ഇന്ത്യൻ പട്ടാളത്തെ നിയന്ത്രിക്കുന്ന ക്യാപ്റ്റൻ രവിക്ക് കഴിഞ്ഞുള്ളു .കിട്ടിയ അവധി ദിവസങ്ങൾ തന്റെ രാധൂട്ടിയോടൊപ്പം ആഘോഷിക്കാൻ അവളുടെ മംഗലം കണ്ടു നിർവൃതി അടയാനായി ഓടിവന്നതാണ് രവി .
നേരം സന്ധ്യയോടടുക്കുന്നു , രവി ആ കല്പടവിൽ അറിയാതെ മയങ്ങിപ്പോയി അപ്പോഴാണ് തൊടിയിൽ നിന്നും അച്ഛൻ വാസുവേട്ടൻ കയറിവന്നത് .കല്പടവിലായ് ഉറങ്ങുന്ന രവിയെ അദ്ദേഹം വിളിച്ചുണർത്തി .
"ഡാ ...രവി ...മോനെ ...നേരം സന്ധ്യയായി ...എന്തെ ഇവിടെ ഇരുന്നേ ...?"
"അച്ഛാ.....അത് ..ഓരോന്ന് ആലോചിച്ചു മയങ്ങിപോയതാ ..."
"ഹാ ...മനസ്സിലായടാ ...നിന്റെ ഒരേഒരു പെങ്ങള്ക്കുട്ടി അല്ലെ , അവളുടെ കല്യാണമല്ലേ , നീ വേണം എല്ലാം ഓടി നടന്നു ചെയ്യാൻ , എല്ലാത്തിനും കൂടെ അച്ഛനുണ്ടാകും ...."
"അച്ഛാ ....അവളുടെ കല്യാണമല്ലേ എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാകാത്ത ദിനം , ഉത്സവമാക്കില്ലേ ഞാൻ ....പക്ഷെ ..അച്ഛാ ...."
"എന്തെടാ .....എന്താ .... അല്പം ഗൗരവത്തോടെ തന്നെ വാസുവേട്ടൻ ചോദിച്ചു ... "
"അച്ഛാ ...കല്യാണം ഉത്സവമായാൽ മാത്രം പോരല്ലോ ...രവി അച്ഛന്റെ മുഖത്തു നിന്നും കണ്ണുകളെടുത്തു കല്പടവിലേക്കു നോക്കികൊണ്ട്‌ പറഞ്ഞു ...."
"പിന്നെ ? പിന്നെന്താണ് വേണ്ടത് ...."
"അച്ഛാ ..കല്യാണം അവളുടേതല്ലെ ....അവളുടെ ഇഷ്ടമല്ലേ നോക്കേണ്ടത് ...അച്ഛനറിയാലോ അവൾക്കു ആ കാവുമ്പാട്ടെ കണ്ണനെ ഇഷ്ടമാണെന്നു ..."
"ഭ ....കാവുമ്പാട്ടെ കണ്ണൻ , ഗൾഫിൽ പോയി പത്തു പുത്തനുണ്ടാക്കിയെന്നു പറഞ്ഞു കുടുംബപ്പേര് ഉണ്ടാവോ ? ഇതേ,, ചെക്കന് ഒന്നാന്തരം സർക്കാറുജോലിയാ ... അവൾക്കു ഇഷ്ടപ്പെട്ടോളും ...ഇനി സംസാരിച്ചാൽ ശരിയാവില്ല ...നീ പോയി കുളിക്കാൻ നോക്ക് ... അത്രയും പറഞ്ഞു , ദേഷ്യത്തോടെ തൂമ്പയുമെടുത്തു വാസുവേട്ടൻ കയറിപ്പോയി ...."
നിസ്സഹായനായ ഏട്ടന്റെ വേദനകൾ രണ്ടു തുള്ളി കണ്ണുനീരിൽ ആവാഹിച്ചു അസ്തമയ സൂര്യനെ നോക്കി അവൻ ആ പടിക്കെട്ടിൽ നിന്നു....
ദിവസങ്ങൾ ധൃതിയിൽ നീങ്ങാൻ തുടങ്ങി കല്യാണ ദിനം അടുത്തുകൊണ്ടേയിരുന്നു ഒപ്പം രാധുട്ടിയുടെ കണ്ണുനീരും വറ്റിത്തുടങ്ങി ...രവി ഇപ്പോൾ രാധൂട്ടിയുടെ അടുത്തേക്കു പോകാറില്ല , അവനു ഒരുതരം ഭയമാണ് അവളുടെ മുഖത്തേക്ക് നോക്കാൻ ...
വീടിന്റെ അറ്റകുറ്റ പണികളും മറ്റും തുടങ്ങി , അമ്മാവിയും പിള്ളേരുമൊക്കെ എത്തി തുടങ്ങി ...പിള്ളേരുടെ കുത്തിമറിയക്കവും ബഹളവും ഉണ്ടെങ്കിലും ആ വീട്ടിലെ രാജകുമാരിയുടെ നിശബ്ദത വീടിനെ നന്നായി ബാധിക്കുന്നുണ്ടായിരുന്നു . എത്ര അലങ്കരിച്ചിട്ടും മനോഹരമാകാത്ത ചുവരുകൾ , വരാന്തകൾ ...
ഒരു മരണവീടായാണ് രവിക്ക് അത് അനുഭവപ്പെട്ടത് ...ദിവസങ്ങൾ അടുക്കുന്തോറും അവനും വിഭ്രാന്തി കൂടിത്തുടങ്ങി , തന്റെ രാധൂട്ടി എന്തെങ്കിലും അവിവേകം കാട്ടുമോ എന്ന ചിന്തയിൽ അവളെ അമ്മാവിക്കൊപ്പം കിടത്തി ,കുട്ടികളാൽ വലയം സൃഷ്ടിച്ചു അവൾക്കു കാവലായി . പക്ഷെ ഇതൊന്നും രവിയെ തൃപ്തിപ്പെടുത്താൻ പോന്നതല്ലായിരുന്നു .
അങ്ങിനെ കല്യാണത്തിന് നാലു ദിവസം ബാക്കി നിൽക്കുമ്പോൾ അവൻ തിരികെപോകുവാനുള്ള തീരുമാനമെടുത്തു . പെട്ടിയും മറ്റുമായി പോകാനായിറങ്ങിവന്ന രവിയോട് അല്പം അത്ഭുതത്തോടെ അച്ഛൻ ചോദിച്ചു .
"നീ ഇത് എങ്ങോട്ടാ ?"
"ഞാൻ .....ഞാൻ ...തിരികെ പോകുന്നു ...."
"എന്താടാ നീ പറയുന്നേ ...."
"എനിക്ക് ഇവിടെ നില്ക്കാൻ കഴിയില്ല , നിന്നാലും ഇതൊരു മരണവീടായി മാത്രമാണ് എനിക്ക് തോന്നുക ..."
"ഭ .....മര്യാദക്ക് കയറിപ്പൊക്കോണം അകത്തു ....വാസുവേട്ടൻ അലറി ..."
"ശബ്ദമുയർത്തി പേടിപ്പിക്കാമെന്നു കരുതണ്ട ...അതിന്റെ കാലം കഴിഞ്ഞു ...അതിലും ശബ്ദത്തിൽ രവിയുടെ മറുപടി ..."
അവിടെമാകെ നിശബ്ദമായി ...
ഉയർന്ന ശബ്ദങ്ങൾ കേട്ടുകൊണ്ട് രാധയും പുറത്തേക്കു വന്നു ...
"എന്താടാ മോനെ കാര്യം ...അമ്മായി ചോദിച്ചു ..."
"ഒന്നുമില്ല അമ്മായി ...ഞാൻ പോകുന്നു ..എനിക്ക് പറ്റില്ല എന്റെ പെങ്ങൾ ഒരു ശവമായി യാത്രയാകുന്നത് കാണാൻ ..."
ഒരു ഞെട്ടലോടെയാണ് അമ്മായി അത് കേട്ടത് ....എന്താ മോനെ ഈ പറയുന്നേ ...
"അതെ അമ്മായി ....എന്റെ ഈ രാധൂട്ടി വയസ്സറിയിച്ച കാലം മുതലുള്ള എന്റെ സ്വപനം , എന്റെ ഒരേഒരു ആഗ്രഹം അതാണ് അവളുടെ കല്യാണം ...ഈ വീട്ടിൽ ഉത്സവമാകേണ്ട കല്യാണം ,പക്ഷെ എല്ലാരും സന്തോഷിക്കുമ്പോൾ ചങ്കു പറിയുന്ന വേദനയോടെ ന്റെ കുട്ടി അകത്തിരുന്നു വിങ്ങുന്നതു ആരും കാണുന്നില്ല ..
ഈ വീടുപോലും നോക്കിക്കേ രാധൂട്ടിയുടെ പാദസരത്തിന്റെ കിലുക്കം കേൾക്കാതെ അണിഞ്ഞൊരുങ്ങി നില്ക്കാൻ ആ ചുവരുകൾക്കു പോലും കഴിയുന്നില്ല ...." ഇത്രയും പറയുമ്പൊഴേക്കും രാധൂട്ടി കരഞ്ഞുകൊണ്ട് അകത്തേക്കോടി ....പിറകെ അമ്മായിയും ...
"നിനക്ക് പോകാം ...വാക്ക് കൊടുത്തത് ഞാനാണ് ...അവളെ ഇത്രടം വരെ വളർത്താൻ കഴിയുമെങ്കിൽ ഈ കല്യാണം നടത്താനും എനിക്കറിയാം ...പോകുമ്പോൾ ഒന്നോർക്കുക ...ഇനി മേലാൽ ഈ പടി കയറരുത് ..."എന്തൊക്കെയോ മനസ്സിലുറപ്പിച്ചുള്ള വാക്കുകൾക്ക് ശേഷം വാസുവേട്ടൻ തന്റെ മുറിയിലേക്ക് പോകാനായി തിരിഞ്ഞു ....
"അച്ഛനൊന്നു നിൽക്കണം ..".രവി അല്പം ശബ്ദമുയർത്തി പറഞ്ഞു ...
"കൊടുത്ത വാക്കിനേക്കാൾ വലുതല്ല അച്ഛന് പോറ്റി വളർത്തിയ മകളുടെ ജീവനെങ്കിൽ ദേ ഇതൊന്നു വായിച്ചു നോക്കണം ..." ഒരു കത്ത് അച്ഛന് നേരെ നീട്ടിക്കൊണ്ടു രവി പറഞ്ഞു ...
അല്പം സംശയഭാവത്തോടെ തിരിഞ്ഞുകൊണ്ടു വാസുവേട്ടൻ ആ കത്ത് വാങ്ങി ..""" പ്രിയപ്പെട്ട കണ്ണേട്ടാ, ഒരുമിച്ചു ജീവിക്കാൻ നമുക്ക് കഴിയില്ലെന്നുറപ്പാണ് .അച്ഛനെ ധിക്കരിച്ചു കണ്ണേട്ടനൊപ്പം ഇറങ്ങിവരാൻ എനിക്ക് കഴിയില്ല . കണ്ണേട്ടനല്ലാതെ മറ്റൊരാളുടെ കൈപിടിച്ച് ഈ പടിയിറങ്ങാനും എനിക്ക് കഴിയില്ല .ഞാൻ ചിലതു തീരുമാനിച്ചിട്ടുണ്ട് .കണ്ണേട്ടൻ എന്നോട് ക്ഷമിക്കണം ............"""
ഇതായിരുന്നു ആ കത്തിനുള്ളിൽ ,
കത്ത് വായിച്ച ശേഷം വിറയാർന്ന കൈകളോടെ , ഭയത്താൽ ചുവന്ന കണ്ണുകളോടെ വാസുവേട്ടൻ രവിയെ നോക്കി ....
""" അതെ അച്ഛാ ...അതങ്ങിനെ പ്രായത്തിന്റെ ചാപല്യത്തിൽ ചിരിച്ചു കളയാൻ പറ്റിയ ഒന്നല്ല അവൾക്കു ...അവൾ ആ കത്തിൽ പറഞ്ഞതിന്റെ അർഥം മനസ്സിലായോ അച്ഛന് ....ഇ കത്തെന്റെ കയ്യിൽ കിട്ടിയ അന്നുമുതൽ ഉറങ്ങാതെ കാവലിരിക്കയാ ഞാനെന്റെ കുട്ടിക്ക് . പക്ഷെ ഇനിയും വയ്യ ...നാളെ മറ്റൊരുവന്റെ കൈപിടിച്ച് ഈ പടികളിറങ്ങുന്ന ന്റെ കുട്ടിക്ക് കവലിരിക്കാൻ എനിക്ക് കഴിയില്ലലോ ..
അച്ഛൻ പറഞ്ഞില്ലേ ഇതുവരെ വളർത്തിയ അച്ഛന് ഇ കല്യാണം നടത്താനും അറിയാമെന്നു ...ഞാനൊന്നു ചോദിക്കട്ടെ അച്ഛാ ..കുഞ്ഞുന്നാള് മുതൽ അവളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്ത അച്ഛന് അവളുടെ ജീവിതത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഈ ആഗ്രഹം സാധിച്ചുകൊടുക്കാൻ എന്തെ കഴിഞ്ഞില്ല ?
നാളെ മറ്റേതോ വീട്ടിൽ ഒരു കോണിൽ അവൾ തനിച്ചാക്കപ്പെടില്ലെന്നു അച്ഛനെന്താ ഉറപ്പു ? അന്തസ്സും വാക്കും വിലയുമൊക്കെ വേണം അച്ഛാ പക്ഷെ അതൊന്നും സ്വന്തം മക്കളുടെ ജീവനോളം സന്തോഷത്തോളം വലുതല്ല ...എന്റെ അച്ഛൻ മാത്രല്ല എല്ലാ അച്ഛന്മാരും മനസ്സിൽ കുറിക്കേണ്ട വാക്കുകളാണിത് .
അവൾക്കു വേണമെങ്കിൽ അവനോടൊപ്പം ഇറങ്ങി പോകാമായിരുന്നു ന്നിട്ടും അവളതു ചെയ്തില്ലല്ലോ അച്ഛാ ? അപ്പോൾ അച്ഛന്റെ അന്തസ്സിനു അവൾ നൽകുന്ന വിലപോലും അച്ഛൻ അവളുടെ സന്തോഷത്തിനു നൽകിയില്ലലോ ?
ഇനിയെങ്കിലും ചിന്തിക്കു അച്ഛാ ...സുഹൃത് ബന്ധത്തിന്റെ പാരമ്മ്യതയിൽ അറിയാതെ നാവിൽ നിന്നും വീണുപോയ വാക്കാണോ അതോ ചോര നൽകി പോറ്റി വളർത്തിയ മകളുടെ ജീവനും , സന്തോഷവുമാണോ വലുത് ...."""
എല്ലാം മൗനത്തോടെ കേട്ടുനിന്ന വാസുവേട്ടൻ പെതുക്കെ ആ ചാവടിയിൽ പിടിച്ചൊന്നിരുന്നു , അൽപനേരം അവിടമാകെ ശാന്തമായി ...
അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം വാസുവേട്ടൻ പെട്ടെന്നെഴുന്നേറ്റു തന്റെ മുറിയിലേക്ക് പോയി ....അല്പം പരിഭ്രമത്തോടെ രവി അത് നോക്കി നിന്നു ...
അതികം വൈകാതെ വേഷം മാറി വന്ന വാസുവേട്ടൻ തൊടിയിലൂടെ റോഡിലേക്ക് നടന്നു .... ഒന്നും മനസ്സിലാകാതെ അല്ലെങ്കിൽ ഒന്നും തിരിച്ചറിയാൻ കഴിയാതെ , അച്ഛനോട് ശബ്ദമുയർത്തി സംസാരിക്കേണ്ടി വന്ന അവസ്ഥയെ ചിന്തിച്ചു രവിക്ക് വെപ്രാളമായി ....ഒട്ടും അമാന്തിക്കാതെ രവിയും വാസുവേട്ടന് പിറകെ ഓടി റോഡിലെത്തിയെങ്കിലും വാസുവേട്ടനെ കണ്ടെത്താൻ രവിക്ക് കഴിഞ്ഞില്ല , റോഡിൽ നിന്ന ഒന്നുരണ്ടു പേരോട് ചോദിച്ചെങ്കിലും നിരാശയായിരുന്നു മറുപടി ..അച്ഛനെ വിളിക്കാനായി അവൻ മൊബൈൽ ഫോൺ തിരഞ്ഞു പക്ഷെ അവനതു എടുക്കാൻ മറന്നിരുന്നു . അവൻ ഉടനെ വീട്ടിലേക്കോടി ...
വീട്ടിലെത്തി എവിടെനിന്നോ മൊബൈൽ തപ്പിയെടുത്തു അവൻ അച്ഛനെ വിളിച്ചു , പക്ഷെ അച്ഛന്റെ മുറിയിൽ നിന്നും മൊബൈൽ ഫോൺ ചിലക്കുന്ന ശബ്ദം കേട്ടവൻ നിരാശനായി .അച്ഛൻ ഫോൺ എടുക്കാതെയാണ് പോയിരിക്കുന്നത് . അവൻ തന്റെ കൂട്ടുകാരനെ ഫോൺ വിളിച്ചു ബൈക്കുമായി പെട്ടെന്നെത്താൻ അറിയിച്ചു ...
അതികം വൈകാതെ സുഹൃത്ത് ബൈക്കുമായി തൊടിക്കപ്പുറം റോഡിൽ എത്തിയെന്നു അവനെ വിളിച്ചറിയിച്ചു ...രവി പടികളിറങ്ങി തൊടിയിലേക്കു നടന്നു ....
""ഏട്ടാ ........ഏട്ടാ ...... രാധ പിറകിൽ നിന്നും വിളിച്ചു .....ഏട്ടാ ..അച്ഛൻ.... ഒരു മൊബൈൽ ഫോൺ നീട്ടിക്കൊണ്ടു അവൾ വിങ്ങി വിങ്ങി പറഞ്ഞു ....""
അവൻ തിരികെ ഓടി രാധയ്ക്കരികിൽ എത്തി ...അച്ഛനാണോ ഫോണിൽ ...
''അല്ല ....ഏട്ടാ ....അച്ഛൻ ..."
""എന്താ മോളെ പറയ് ....ഏട്ടാ അച്ഛൻ കണ്ണേട്ടന്റെ വീട്ടിൽ ചെന്നിരുന്നെന് ...നിശ്ചയിച്ച മുഹൂർത്തത്തിൽ അച്ഛന്റെ മകളുടെ കഴുത്തിൽ താലി ചാർത്തണമെന്നു കണ്ണേട്ടനോട് പറഞ്ഞെന്നു ....വിങ്ങി വിങ്ങി അവൾ പറഞ്ഞു നിർത്തി ...ദേ ഫോണിൽ ...കണ്ണേട്ടൻ .....""
"ഹലോ ...ഹലോ ...കണ്ണാ ...അച്ഛനെവിടെ ? അവിടുണ്ടോ ?രവി ഫോൺ വാങ്ങി ചോദിച്ചു ....."
""ഇല്ല രവിയേട്ടാ...അച്ഛൻ അല്പം മുന്നേ ഇറങ്ങിയല്ലോ....""
"ഹാ ...ശരി നീ വച്ചോളു ...."
അവൻ പിന്നെയും ബൈക്കുമായി കാത്തുനിന്ന സുഹൃത്തിനെ ലക്ഷ്യമാക്കി ഓടി ...കവലയിലെത്തിയപ്പോഴേക്കും അച്ഛൻ ഓട്ടോയിൽ നിന്നുമിറങ്ങുന്നതു കണ്ടു ..അപ്പോഴാണ് അവനു സമാധാനമായത് ...
അവൻ ബൈക്കിൽ നിന്നിറങ്ങി ഓടിച്ചെന്നു അച്ഛനെ വിളിച്ചു ....
വാസുവേട്ടൻ മകനെ നോക്കാതെ വീട്ടിലേക്കു നടന്നു ....
രവി പിന്നാലെ കൂടി അച്ഛാ ...""എന്നോട് ക്ഷമിക്കച്ഛ ..അച്ഛനിറങ്ങിപോയപ്പോൾ ഞാനാകെ പേടിച്ചുപോയി ...""
"ചാകാൻ പോകുവാന്നു കരുതിയോട ? അതോ നാടുവിടാൻ പോകുവാനെന്നോ ?"
"അച്ഛാ ....എന്താ ഇങ്ങിനെ ..."
നടത്തം നിർത്തി വാസുവേട്ടൻ രവിയെ നോക്കി പറഞ്ഞു ..." ഡാ ..പണ്ട് വിവരമുള്ളോരു പറഞ്ഞിട്ടുണ്ട് മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്നു ....അതുകൊണ്ടു തന്നെ നിന്നെയൊക്കെ നോക്കിയല്ല ഈ വാസു ജീവിക്കുന്നത് ....." അത്രയും പറഞ്ഞു വാസുവേട്ടൻ തൊടിയിലേക്കു നടന്നു ...
വീട്ടിലെത്തി എല്ലാരേയും വിളിച്ചു , രാധ , അമ്മായി , പിന്നാലെ രവിയും വന്നു ... "" ഇവളുടെ കാമുകന്റെ വീട്ടിൽ പോയി എല്ലാം സംസാരിച്ചിട്ടുണ്ട് നിശ്ചയിച്ച മുഹൂർത്തത്തിൽ കല്യാണം നടക്കണം , ഇനി ഞാനായിട്ട് നിന്റെയൊക്കെ ജീവിതം തുലച്ചു ന്നു വേണ്ട ...അനുഭവിക്കാനുള്ളതൊക്കെ അനുഭവിച്ചോ ...പിന്നെ നാളെ എന്തേലും പ്രശ്നമുണ്ടായാൽ ഇങ്ങോട്ടു കയറിവരാമെന്നു കരുതണ്ട ....കേട്ടല്ലോ ..."" ഒരു താക്കീതും നൽകി വാസുവേട്ടൻ മുറിയിലേക്ക് നടന്നു ..
"അച്ഛാ ..രവി വിളിച്ചു ... അച്ഛാ ...അവരോടു എന്ത് പറഞ്ഞു ..."
"ആരോട് ....?"
അച്ഛന്റെ സുഹൃത്തിനോടും പയ്യനോടും ....
"" വാക്ക് കൊടുത്തത് ഞാനല്ലേ , എന്റെ വാക്കിന് ഒരു വിലയുമില്ലെന്നു പറഞ്ഞിട്ട് പോന്നു ....വാസുവേട്ടൻ മുറിയിലേക്ക് പോയി ..''''
അച്ഛൻ ഗൗരവത്തിലാണെങ്കിലും എല്ലാര്ക്കും സന്തോഷമായി .. രാധൂട്ടി ഓടിവന്നു ഏട്ടനെ കെട്ടിപിടിച്ചു ...അവളുടെ നെറുകയിൽ തലോടിക്കൊണ്ട് അവൻ നെഞ്ചോട് ചേർത്തു...എന്നിട്ടു ആ ചുവരുകൾ ഒന്ന് നോക്കി ...ഇപ്പോൾ അവരെ കാണാൻ നല്ല ഭംഗി ...രാധൂന്ന്റെ കല്യാണം കൂടാൻ അണിഞ്ഞൊരുങ്ങി നിൽക്കുന്നു ....
അങ്ങിനെ കല്യാണദിവസമായി ....താലികെട്ട് കഴിഞ്ഞു ..അച്ഛന്റെയും ഏട്ടന്റെയും അനുഗ്രഹം വാങ്ങിയവൾ ...കണ്ണനൊപ്പം യാത്ര പറഞ്ഞിറങ്ങി ...
അപ്പോഴും ഗൗരവഭാവം വിടാതെ എന്നാൽ മകളെ മനസ്സ് നിറയെ അനുഗ്രഹിച്ചു യാത്രയാക്കി വാസുവേട്ടൻ ഉമ്മറത്തെ ചാവടിയിലിരുന്നു ....
രവിയും വന്നവിടെയിരുന്നു .....
" അച്ഛാ ...."
"ഹ്മ്മ് ..."
" അച്ഛാ.... എന്നോട് ക്ഷമിക്കണം , അവൾ നമ്മുടെ കുഞ്ഞല്ലേ അച്ഛാ ...അവളുടെ സന്തോഷമല്ലേ വലുത് ....അച്ഛനോട് ഒരിക്കലും ശബ്ദമുയർത്തി സംസാരിക്കാൻ പാടില്ലായിരുന്നു ..അച്ഛൻ ക്ഷമിക്കണം " എന്ന് പറഞ്ഞുകൊണ്ട് രവി അച്ഛന്റെ കാൽക്കലേക്കു
വീണു ....
"'ഡാ ...രവി ...മോനെ ...എഴുന്നേൽക്കട ...വാസുവേട്ടൻ അവനെ പിടിച്ചെഴുന്നേല്പിച്ചു ....""
"" നീ പറഞ്ഞതാടാ ശരി ...അവളുടെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾ പോലും സാധിച്ചു കൊടുത്ത എനിക്ക് ജീവിതത്തിലെ പ്രധാനപ്പെട്ട ഈ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാനെന്തിനാടാ അച്ഛനെന്നു പറഞ്ഞിട്ട് ....എന്റെ കുട്ടിക്ക് ഇഷ്ട്ടില്ലാത്ത മംഗലം നടത്തിയിട്ടു നാളെ അവൾ കണ്ണീരൊഴുക്കുന്നതു ചിന്തിക്കാൻ നീ നിമിത്തമാകേണ്ടി വന്നു ...ചിലപ്പോൾ മക്കളുമാരാകും അച്ഛനമ്മമാരുടെ കണ്ണ് തുറക്കുക ..അല്ലേടാ ,,,,""
" അച്ഛാ ...."
" ഹാ ...ഇപ്പൊ ഒരു സമാധാനമുണ്ടെടാ ...ന്റെ കുട്ടി സന്തോഷത്തോടെയാണ് ഈ പടിയിറങ്ങിയത് ...അതല്ലേ ഞാനെന്ന അച്ഛന്റെ ശരിക്കും വിജയം ....ഇനി ഞാനൊന്നു കിടക്കട്ടെ ...എന്നും പറഞ്ഞു വാസുവേട്ടൻ അവിടെ നിന്നും എഴുന്നേറ്റു ..."
"""" ഹാ ...പിന്നെ ...ഇതുവരെ നിന്റെ കയ്യക്ഷരം നന്നായിട്ടില്ല ..അല്ലേടാ കഴുവേറി....""""
ഒരു കള്ളച്ചിരിയോടെ , അല്പം ജാള്യതയോടെ രവി ജ്വലിച്ചു നിൽക്കുന്ന സൂര്യനെ നോക്കി ആ ചാവടിയിൽ ഒന്ന് നിവർന്നിരുന്നു .....
..കിരൺകൃഷ്ണൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo