Slider

#ഭാസുരി

0
വടക്കും നാഥന്റെ മണ്ണിൽ
തല ഉയർത്തി നിൽക്കുന്ന പ്രശസ്തമായൊരു ആകാശ ക്കൂടാരം, നിശയുടെ കറുപ്പിനെ തോൽപ്പിക്കാനെന്നവണ്ണം വൈദ്യുതി വിളക്കുകളാൽ ഉജ്വലിച്ചു നിൽക്കുകയാണത്.
അതിന്റെ എട്ടാം നിലയിലെ ശീതീകരിച്ച മുറിയിലെ മൃദുലമായ മെത്തയിൽ പരസ്പരം പുണർന്നു കിടന്നു സംസാരിക്കുകയായിരുന്നു ഭാസുരിയും ഘനശ്യാമനും.
''ഉറക്കം അതിന്റെ പൂർണ്ണമായ നിമിഷങ്ങളിലേക്ക് കടന്ന നിമിഷം,
അപ്പോഴാണ് മുഖത്ത് ഒരു നനവു പടർന്ന പോലെ തോന്നിയത്. ബെഡ് റൂം ലാമ്പിന്റെ നേർത്ത വെട്ടത്തിൽ കണ്ട കാഴ്ച്ച എന്നെ ചിരിപ്പിച്ചു. തംബുരു മൂത്രമൊഴിച്ചതാണ്. നനഞ്ഞ പാദങ്ങൾ പൊക്കിപ്പിടിച്ച് പല്ലില്ലാത്ത മോണ കാട്ടി അവൻ എന്നെ നോക്കി ചിരിച്ചു. ആ മുഖത്തുമുണ്ടായിരുന്നു അതിന്റെ നനവ്.''
ഘനശ്യാമൻ അത് പറഞ്ഞു നിർത്തുമ്പോൾ ഭാസുരിയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു.
'' തംബുരു എന്നായിരുന്നു മോനെ വിളിച്ചിരുന്നതല്ലെ...? ''
''അതേ, സത്യം പറഞ്ഞാൽ കല്ല്യാണം എന്ന കാര്യത്തിനോടേ എനിക്ക് താത്പര്യമില്ലായിരുന്നു. ഒരു ബന്ധത്തിന്റെയും ചട്ട ക്കൂടിലൊതുങ്ങാതെ എഴുത്തും, വായനയും, യാത്രകളുമായി സ്വതന്ത്രമായി നടക്കണം. പക്ഷെ അമ്മക്കു വേണ്ടി ഞാൻ അതിന് തയ്യാറായി. എങ്കിലും വിവാഹത്തിന്റെ ആദ്യ നാളുകളിലൊന്നും വർഷക്ക് ഒരു ഭാര്യയെന്ന പരിഗണന ഞാൻ നൽകിയിരുന്നതേയില്ല...!!
ഒന്ന് നിർത്തിയ ശേഷം ഘന ശ്യാമൻ തുടർന്നു...
''പതിയെ പതിയെ അവളെന്നെ സ്നേഹം കൊണ്ട് കീഴടക്കി. പിന്നെ തംബുരു കൂടി ഞങ്ങളുടെ ജീവിതത്തിലേക്കു കടന്നു വന്നപ്പോൾ അത് മറ്റൊരു സ്വർഗ്ഗമായി മാറി.
പക്ഷെ ....!! എല്ലാം എത്ര വേഗത്തിലാണ് അവസാനിച്ചത്. ''
അത് പറയുമ്പോൾ ഘന ശ്യാമന്റെ നയനങ്ങൾ ആർദ്രമാകുന്നുണ്ടായിരുന്നു. ഭാസുരി വലം കൈയ്യാൽ അവന്റെ അധരത്തെ മൂടി. ഇനിയൊന്നും പറയേണ്ടാ എന്ന അർത്ഥത്തിൽ .
''ഓർമ്മിക്കുമ്പോൾ കുത്തി നോവിക്കുന്നതൊന്നും ഇനി ചിന്തകളിൽ കടന്നു വരണ്ട....!! അത് പറയുമ്പോൾ ഭാസുരിയുടെ വദനത്തിൽ നിറഞ്ഞ ഭാവത്തിന് വല്ലാത്തൊരു വശ്യതയുണ്ടായിരുന്നു.
'' ഈ രാവ് നമുക്കുള്ളതാണ്.''
അവൾ പതിയെ ഘനശ്യാമന്റെ കാതോരം മൊഴിഞ്ഞു. അവന്റെ പരിരംഭണത്തിൽ നിന്നും വിമുക്തയായി ഭാസുരി മുറിയുടെ വലതു വശത്തുണ്ടായിരുന്ന മേശയുടെ സമീപത്തേക്ക് പതിയെ നടന്നു.
അവളുടെ പിൻ ചലനങ്ങളിൽ ഘന ശ്യാമന്റെ മിഴികൾ ആർത്തിയോടെ മേഞ്ഞു. മേശപ്പുറത്തിരുന്ന വൈൻ കുപ്പിയിൽ നിന്നും അവൾ രണ്ടു ഗ്ലാസ്സുകളിലേക്കായി ആ ദ്രാവകം പകർത്തി. എന്നിട്ടു വീണ്ടും അവനരികിലേക്ക് വന്നു. കൈയ്യിലിരുന്ന ഒരു ഗ്ലാസ് അവനു നേരെ നീട്ടിയപ്പോൾ വേണ്ട എന്ന അർത്ഥത്തിൽ അയാൾ തല ചലിപ്പിച്ചു.
'' നിനക്കറിയില്ലെ ഭാസുരി ഒരു ലഹരിയും ഞാൻ ഉപയോഗിക്കാറില്ലെന്ന്. അക്ഷരങ്ങളാണെന്റെ ലഹരി, യാത്രകളാണെന്റെ ഊർജ്ജം...!!''
''അതെനിക്കറിയാം എങ്കിലും എനിക്കു വേണ്ടി.'' ഭാസുരിയുടെ അഭ്യർത്ഥന തള്ളിക്കളയാൻ അപ്പോഴെന്തോ ഘനശ്യാമനു കഴിയുമായിരുന്നില്ല .
ചുവന്ന നിറത്തിലുള്ള ആ ദ്രാവകം പതിയെ അവൻ ചുണ്ടോട് ചേർത്തു കുടിക്കുന്നത് ഒരു ചെറു മന്ദഹാസത്തോടെ അവൾ നോക്കി നിന്നു.
പാതി തുറന്നു കിടന്ന ജനലിൽ
കൂടി നരച്ച അകാശത്തിന്റെ ഒരു കീറ് കാണാമായിരുന്നു . ക്ലോക്കിലെ നിമിഷങ്ങൾ പതിയെ മണിക്കൂറുകൾക്ക് വഴി മാറി. പുലർവെട്ടം എട്ടാം നിലയിലെ ആ മുറിയിൽ വിരുന്നെത്തി.
കണ്ണുകളിൽ നിന്നും നിദ്ര വിട്ടൊഴിഞ്ഞപ്പോൾ ഘനശ്യാമന്റെ മിഴികൾ ആദ്യം തിരഞ്ഞത് ഭാസുരിയെ ആയിരുന്നു. ഇന്നലെ അവൾ തന്ന വീഞ്ഞു കുടിച്ച ശേഷം
പെട്ടന്ന് മയങ്ങി വീണ പോലെ , ഒന്നുമോർമ്മയില്ല!!
വിളിച്ചിട്ടും വിളി കേൾക്കാതായപ്പോൾ റൂമിൽ എല്ലായിടത്തും അവളെ നോക്കി. പക്ഷെ നിരാശയായിരുന്നു ഫലം. കണ്ണുകൾ പതിയെ മേശയിലേക്ക് പതിഞ്ഞപ്പോൾ ഇന്നലെ അവൾക്കായി ഒഴിച്ച വീഞ്ഞു ഗ്ലാസ്സ് അതേ അളവിൽ മേശയുടെ മുകളിൽ ഇരിക്കുന്നത് കണ്ടു, അതിന്റെ അടിയിൽ ഒരു വെള്ള പേപ്പറും. അതിലെ ഉള്ളടക്കം വായിക്കും തോറുംഘനശ്യാമന്റെ ശരീരത്തിൽ മുറിയിലെ ഏസിയുടെ തണുപ്പിലും സ്വേദകണങ്ങൾ ഉയിരെടുക്കും പോലെ തോന്നി.
പ്രിയ എഴുത്തുകാരന്...,
അങ്ങിനെ വിളിക്കാനാണ് എനിക്കിപ്പോൾ ഇഷ്ടം , കാരണം
ശരീരത്തിനോടുള്ള കൊതിക്കപ്പുറം
നിങ്ങൾക്കെന്നോട് മറ്റൊരു ഇഷ്ടവും ഇല്ലായെന്ന് എനിക്ക് വ്യക്തമായറിയാം. എന്നോടെന്നല്ല,
നിങ്ങൾ പ്രാപിച്ചിട്ടുള്ള ആരോടും
നിങ്ങൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടാവില്ല. ജീവിച്ചിരിക്കുന്ന ഭാര്യയും , മകനും
മരിച്ചു പോയി എന്നു വരെ നീ കഥയുണ്ടാക്കി, നിന്നോടടുക്കുന്ന സ്ത്രീകളുടെ സിംപതിക്കു വേണ്ടി. എല്ലാമറിഞ്ഞിട്ട് തന്നെയാണ് മൂന്നു
മാസങ്ങൾക്കു മുൻപ് നിന്റെ
എഴുത്തുകളുടെ ആരാധികയായി ഞാൻ കടന്നു വന്നത്. എന്തിനെന്നല്ലെ പറയാം..!! നീ കാരണം കണ്ണീര് കുടിച്ച ഒരുപാട് പെൺകുട്ടികൾക്കു വേണ്ടി , ഒന്നുമറിയാത്ത നിന്റെ പാവം ഭാര്യക്കും മകനും വേണ്ടി. ഒരു പെണ്ണിന്റെയും കണ്ണു നീർ ഈ ഭൂമിയിൽ വീഴാൻ പാടില്ല നിന്റെ പേരിൽ . കള്ളത്തരങ്ങളുടെ സ്നേഹകൊട്ടാരം കാട്ടി ഒരു പെണ്ണിനേയും വഞ്ചിക്കാൻ പാടില്ല. അങ്ങനെ ഇനി ഉണ്ടായാൽ പ്രശസ്ത എഴുത്തുകാരന്റെ കാമ കേളികൾ യൂട്യൂബിൽ തരംഗമാവും.
ഇന്നലെ രാത്രി നീ മയങ്ങി കിടന്നപ്പോൾ ഞാൻ പകർത്തിയ എന്റെയും , നിന്റെയും നഗ്നചിത്രങ്ങൾ എന്റെ പക്കലുണ്ട്. എന്റെ മുഖം വ്യക്തമാക്കാതെ അത്
ചെയ്യാൻ എനിക്കറിയാം. ഇനി ഒരിക്കലും ഭാസുരിയെ തിരഞ്ഞ്
വരേണ്ടതില്ല , കാരണം ഇത് ഞാൻ
കെട്ടിയാടിയ വേഷങ്ങളിൽ ഒന്ന്
മാത്രമാണ്. നിന്നേ പോലെയുള്ള ആട്ടിൻ തോലിട്ട ചെന്നായ്ക്കൾക്കു പുറകേ ഓരോ വേഷത്തിൽ എന്നെ
പ്രതീക്ഷിക്കാം ഇനിയും..!!
ആ കത്ത് ഘനശ്യാമന്റെ കൈയ്യിലിരുന്ന് വിറച്ചു...!!
സമയം 7.45 AM
തിരുവനന്തപുരം ലക്ഷ്യമാക്കി കുതിക്കുന്ന കെ.എസ്. ആർ.ടി.സി ബസ്സിന്റെ മദ്ധ്യഭാഗത്തുള്ള വിൻഡോ സീറ്റിൽ ഒരു യുവതി ഉണ്ടായിരുന്നു . കാറ്റിലിളകുന്ന അവളുടെ മുടിയിഴകളെ പതിയെ മാടി വെച്ചു കൊണ്ട് അലസമായ് പുറം കാഴ്ച്ചകളിലേക്ക് കണ്ണും നട്ട്.
അത് ഭാസുരിയായിരുന്നു!!
ബാഗിൽ നിന്ന് ഫോണിന്റെ റിംഗ് ടോൺ കേട്ടപ്പോൾ അത്
കൈയ്യിലെടുത്തു. ഡിസ്പ്ലേയിൽ
തെളിഞ്ഞ പേര് കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി
വിടർന്നു. ഫോൺ ചെവിയോട്
ചേർത്തവൾ സംസാരിച്ചു തുടങ്ങി.
'' വർഷേ..നിന്റെ ഭർത്താവിനെ
നിനക്ക് തിരിച്ചു കിട്ടും, ഇനി ഒരിക്കലും അയാൾ പഴയ പോലെ
ആകില്ല. നിനക്കു വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലേൽ ഞാൻ
നിന്റെ കൂട്ടുകാരി ആണെന്നു പറയുന്നതിൽ എന്ത് കാര്യം, പിന്നെ
നമ്മുടെ തിരക്കഥയുടെ ഭാഗമായി
കുറച്ചു നേരം നിന്റെ കെട്ട്യോന്റെ കൂടെ കെട്ടിപ്പിടിച്ചു കിടക്കേണ്ടി വന്നു, അത് നീ അങ്ങ് ക്ഷമിക്കുട്ടോ..''
മറു ഭാഗത്ത് വർഷയുടെ പൊട്ടി
ചിരി കേട്ടപ്പോൾ ഭാസുരിയും കൂടെ
ചിരിച്ചു.
പുറം കാഴ്ച്ചകളെ പിന്നിലാക്കി
ബസ്സ് അതിവേഗത്തിൽ കുതിച്ചു
പായുകയായിരുന്നപ്പോഴും.
***** ******* *******
'' നന്നായി അങ്ങനെ തന്നെ വേണം ആ ഘനശ്യാമന് .. പെണ്ണിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത അവനെ പോലുള്ളവരോട് ഇങ്ങനെ തന്നെ വേണം ചെയ്യാൻ. വായിച്ചു
കൊണ്ടിരുന്ന ''ഭാസുരി'' എന്ന കഥ തീർന്നപ്പോൾ അമ്മു ആത്മഗതം ചെയ്തതിങ്ങനെയാണ്.
''അമ്മൂ , നീ ആ വാരികയും വായിച്ചിരിക്കാതെ ഈ അടുക്കളയിലോട്ട് വരുന്നുണ്ടോ..?
അതോ ഞാൻ അങ്ങോട്ട് വരണോ..?
അമ്മയുടെ സ്വരത്തിലെ ഭാവമാറ്റം
തിരിച്ചറിഞ്ഞ അമ്മു പതുക്കെ
അടുക്കളയിലേക്ക് നടന്നു...!!!
***** ****** *******
അവസാനത്തെ വരിയും
എഴുതി കസേരയിലേക്ക് ചാരി ഇരിക്കുമ്പോൾ എഴുതി കൊണ്ടിരുന്ന കഥക്ക് അമ്മു എന്ന കഥാ പാത്രത്തിലൂടെ ഒരു അപ്രതീക്ഷിത ക്ലൈമാക്സ് വീണു കിട്ടിയതിന്റെ സന്തോഷം ഋഷിയുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു, ഒപ്പം വായനക്കാർ അത് സ്വീകരിക്കുമോയെന്ന ആശങ്കയും..!!

Sarath M
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo