നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കറുത്ത ദൈവം

Image may contain: 1 person

എഡി 1750 - 1800 കാലഘട്ടം.
അതൊരു ശൈത്യകാലമായിരുന്നു. വയനാടന്‍ മണ്ണിന്റെ പൊതുവേയുള്ള തണുപ്പിന് ആക്കം കൂടിയ നാളുകള്‍. രാവിന്റെ കരങ്ങൾ ഭൂമിയെ മുറുകെ പുണർന്നു തുടങ്ങിയിരുന്നു. ഇല ത്തുമ്പുകളുടെ ആലിംഗനത്തില്‍ നിന്നും കുതറി മാറിയ നീഹാര കണങ്ങൾ മണ്ണിന്റെ മാറിലേക്ക് നിപതിച്ച് കൊണ്ടിരുന്നു.
ഇരുള്‍ വീണു കിടക്കുന്ന വഴിയിലൂടെ ഒരു കാളവണ്ടി പതിയെ ചലിക്കുന്നുണ്ടായിരുന്നു. ദുർഘടമായ ആ കാട്ടു പാതയിലൂടെ ശ്രമകരമായ രീതിയിലായിരുന്നു
അതിന്റെ ഗമനം. മുന്നിൽ കുത്തനെ വളഞ്ഞ് , പുളഞ്ഞ് കിടക്കുന്ന ചുരം റോഡ്. കാളകളുടെ കഴുത്തിലെ കുടമണി ശബ്ദം ആരണ്യത്തിന്റെ നിതാന്ത നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ടിരുന്നു. വണ്ടിയിൽ തൂക്കിയിരുന്ന റാന്തൽ വിളക്കിന്റെ നേരിയ വെട്ടം ചുറ്റുമുള്ള ഇരുട്ടിനെ അതിജീവിക്കാൻ പര്യാപ്തമായതല്ലായിരുന്നെങ്കിലും
അതൊരു ആശ്വാസമായിരുന്നു.
പ്രാണൻ ഉള്ളം കൈയ്യിലേന്തിയുള്ള
പലായനത്തിൽ ഒരു മിന്നാമിനുങ്ങിന്റെ
വെളിച്ചം പോലും നായർക്കും കുടുംബത്തിനും വലുതായിരുന്നു. കോട മഞ്ഞ് പെയ്തിറങ്ങുന്ന രാത്രി ആയിട്ടും നായരുടെ മുഖത്ത് സ്വേദകണങ്ങൾ ഉയിരെടുത്തു.
മക്കൾ രണ്ടു പേരും ഭാര്യയുടെ
മടിയിൽ കിടന്നുറങ്ങുകയാണ്. ഒരു
ആശ്രയത്തിനെന്നവണ്ണം ഭാര്യ ജഗദമ്മ
യുടെ കൈകൾ നായരുടെ ഇടം കൈയ്യിൽ വലയം ചെയ്തിരുന്നു.
ഈ വിധി അനിവാര്യമാണ്. ദുര മൂത്ത മനസ്സിനു കിട്ടിയ തിക്ത ഫലം.
നിരപരാധിയായ ഒരു പാവം യുവാവിന്റെ രുധിരം ഈ മണ്ണിൽ വീഴാൻ കാരണഭൂതനായതിനുള്ള ശിക്ഷ.
വനാന്തരങ്ങളിലെവിടെയോ നിന്ന് ഒരു നെടുലാൻ പക്ഷിയുടെ നീട്ടിയുള്ള
കൂവൽ കേട്ടു...!! കാലന്റെ മരണദൂത്
പോലെ...
''എന്തിനാ തമ്പ്രാ എന്നോടി ചതീ...? ''
നിലത്ത് വീണു പിടയും മുൻപ് കരിന്തണ്ടന്റെ ദയനീയമായ ചോദ്യം,
അന്നത് പുച്ഛിച്ചു തള്ളി...പക്ഷെ ഇന്ന്..?
കച്ചവടമെന്ന പേരിൽ നാട്
ഭരിക്കാൻ വന്ന വെള്ളക്കാരുടെ സ്വാർത്ഥ മോഹങ്ങൾക്കു കുട പിടിക്കാൻ തയ്യാറായ നിമിഷങ്ങളെ ഓർത്ത് നായർ പശ്ചാത്തപിച്ചു.
വയനാടൻ മണ്ണിൽ വിളയുന്ന
സുഗന്ധ വ്യഞ്ജനങ്ങളോടുള്ള ആര്‍ത്തിയും ടിപ്പുവിന്റെ സാമ്രാജ്യമായ ശ്രീരംഗ പട്ടണത്തിൽ എത്തിച്ചേരാനുള്ള ബ്രിട്ടീഷകാരുടെ മോഹങ്ങൾക്കും തടസ്സമായത് പശ്ചിമഘട്ടമല നിരകളിലൂടെ ഒരു യാത്ര മാർഗ്ഗമില്ലാത്തതായിരുന്നു. ഒരു
പാത നിർമ്മിക്കാനുള്ള ശ്രമങ്ങൾ
പലതും പരാജയമായി.
ശക്തിയുള്ളവരുടെ ആശ്രീതനായി
വർത്തിക്കുകയെന്നതും ഒരു തരം നിലനിൽപ്പാണല്ലൊ, അഭിമാന ബോധമില്ലാത്തവന്റെ നാണം
കെട്ട നില നിൽപ്പ്. അതിലൊരിക്കലും തനിക്ക് കുറച്ചിൽ തോന്നിയിരുന്നില്ല.
പക്ഷെ മരണഭയം പിടി മുറുക്കിയ
ഈ നേരത്ത് അതെല്ലാം നായരോർത്തു.
സ്ഥിരമായി ആ വനത്തിനുള്ളിലൂടെ
തന്റെ നാൽക്കാലികളേയും മേയ്ച്ചു
കൊണ്ടു പോകുന്ന കരുത്തനായ ആ യുവാവ് വെള്ളക്കാർക്ക് ഒരു അദ്ഭുതകരമായ കാഴ്ച്ചയായി
തീർന്നപ്പോഴായിരുന്നു തന്നോട് അവനെ പറ്റി ചോദിച്ചത്. വയനാടൻ മലനിരകൾക്കു താഴെ ഭാഗത്തു സ്ഥിതി ചെയ്യുന്ന ചിപ്പിലി ത്തോടെന്ന ഊരിലെ പണിയരുടെ മൂപ്പനായ കരിന്തണ്ടനായിരുന്നത്.
തന്നോടെന്നും ഒരു ഭയ ഭക്തി
ബഹുമാനം അവൻ നിലനിർത്തി
യിരുന്നു. അതു കൊണ്ട് തന്നെയാണ്
സായിപ്പൻമാരുടെ ആവിശ്യം അറിയിച്ച
പ്പോൾ തങ്ങളുടെ കാടിന് ദോഷം വരുന്ന ഒന്നും ചെയ്യില്ല എന്ന ഉറപ്പിൻ
മേൽ മലമുകളിലേക്ക് ഒരു പാതയൊരുക്കാൻ കരിന്തണ്ടൻ
സഹായിച്ചത്.
കണ്ണിമ ചിമ്മുന്ന വേഗത്തിൽ
കരിന്തണ്ടൻ ആ ആരണ്യ മദ്ധ്യത്തിലൂടെ അങ്ങ് മല മുകളിലേക്ക്
മാർഗ്ഗം തെളിച്ചു കൊടുത്തപ്പോൾ
വെള്ളക്കാർക്കും , കൂടെയുള്ള
ഉദ്യോഗസ്ഥർക്കും അദ്ഭുതവും, അസൂയയും നിറയുന്നത് മനസ്സിലാക്കാൻ സാധിച്ചിരുന്നു.
വളഞ്ഞു തിരിഞ്ഞുള്ള വഴിയും
കയറ്റവും കൊണ്ടാവും ഭാരം വഹിക്കുന്ന കാളകളുടെ നടപ്പ് തീർത്തും മന്ദഗതിയിൽ ആയിരുന്നു.അപ്പോഴാണ് കാട്ടിനുള്ളിലെവിടെയോ നിന്ന് ആനയുടെ ചിന്നം വിളി കേട്ട പോലെ തോന്നിയത്. ജഗദമ്മയുടെ മുഖത്ത് വിരിഞ്ഞ ഭയത്തിന്റെ അനുരണനങ്ങൾ നായരും തിരിച്ചറിഞ്ഞു.
പതുക്കെ പതുക്കെ ആ ശബ്ദത്തിന്റെ ഉറവിടം അകന്നു പോയപ്പോൾ അവരിൽ നിന്നും ആശ്വാസത്തിന്റെ ഒരു നെടുവീർപ്പുതിർന്നു.
'' കുറച്ചു നാഴികകൾക്കുള്ളിൽ നമ്മൾ
അങ്ങ് മുകളിൽ ലക്കിടിയിലെത്തും പിന്നെ ഒന്നും പേടിക്കാനില്ല...''
നായർ ജഗദമ്മയോടായി പറഞ്ഞു.
സായിപ്പൻമാർക്ക് മല മുകളിലേക്കുള്ള വഴി കരിന്തണ്ടൻ
കണ്ടു പിടിച്ചു കൊടുത്ത അന്ന് വൈകുന്നേരം റിച്ചാർഡ് സായിപ്പ്
തന്നെ അവരുടെ സങ്കേതത്തിലേക്ക്
വിളിപ്പിച്ചു. അവരുടെ ഉദ്ദേശം അറിഞ്ഞപ്പോൾ ആദ്യം ഭയം തോന്നിയെങ്കിലും ഉള്ളിൽ ചുര മാന്തുന്ന സ്വാർത്ഥതയുടെ വിഷമൃഗം
അതിനെ അനുകൂലിച്ചു.
''വരും നാളുകളിൽ കച്ചവടാവിശ്യങ്ങൾക്കുള്ള ഒരു
പ്രധാനപ്പെട്ട പാതയാവും ഈ ചുരം
റോഡ്. പക്ഷെ ഈ വഴി കണ്ടു പിടിച്ചതിന്റെ അംഗീകാരം ഒരിക്കലും ആ പണിയന് കരഗതമാകരുത്. അതിനു വേണ്ടി അവനെ ഇല്ലാതാക്കണം.''
തികഞ്ഞ യോദ്ധാവായ കരിന്തണ്ടനെ നേരിട്ടുള്ള ഒരു ആക്രമണത്തിലൂടെ നേരിടുവാൻ സാധിക്കില്ലെന്ന് തനിക്കറിയാമായിരുന്നു. അതു കൊണ്ട്
തന്നെ എന്തെങ്കിലും ചതി പ്രയോഗത്തിലൂടെ ഇല്ലായ്മ ചെയ്യണമെന്നുറപ്പിച്ചു. അത് മനസ്സിൽ വെച്ചാണ് കരിന്തണ്ടനെ സുരപാനത്തിന് ക്ഷണിച്ചത്.
മൂപ്പന്റെ സ്ഥാനചിഹ്നമായി വലം കൈയ്യിൽ ധരിക്കുന്ന വള രാത്രി സ്നാനത്തിനു മുൻപേ ഊരിവെക്കുകയും പുലർച്ചക്ക് മന്ത്ര ജപത്തോടെ കൈയ്യിൽ ധരിക്കുകയും ചെയ്യുകയാണ് പതിവ്. പക്ഷെ അന്ന് അത് അവനറിയാതെ ഒരിടത്ത് ഒളിപ്പിച്ചു വെച്ചു. അധികാര ചിഹ്നമായ വള കൈയ്യിലില്ലാതെ ഊരിലേക്ക് പോകാൻ സാധിക്കാതെ
വനത്തിൽ തന്നെ കഴിഞ്ഞ കരിന്തണ്ടനെ സായിപ്പൻമാർ തങ്ങളുടെ തോക്കിനിരയാക്കി.
പ്രകൃതി പോലും നിശ്ചലമായ നിമിഷം, നിലത്ത് വീണു പിടയും മുന്‍പ് തന്റെ
നേരെ നോക്കിയപ്പോള്‍ ആ നോട്ടത്തെ നേരിടാനാകാതെ തലകുനിച്ചു.
അങ്ങനെ സമർത്ഥമായി വയനാട് ചുരം
വഴി കണ്ടു പിടിച്ച അംഗീകാരം
ബ്രീട്ടീഷുകാർ തന്നെ സ്വന്തമാക്കി. പൊൻപണവും , സുഗന്ധ ദ്രവ്യങ്ങളുമായി ആ മരണത്തിന്റെ വിഹിതം താനും സ്വീകരിച്ചു. തങ്ങളുടെ കൂട്ടത്തിൽ തന്നെയുണ്ടായിരുന്ന
നാട്ടുകാരിൽ നിന്നും പണിയൻമാർ
കരിന്തണ്ടന്റെ മരണവാർത്ത അറിഞ്ഞെങ്കിലും പ്രതികരിക്കാനുള്ള
ധൈര്യമില്ലാതെ മൗനം പാലിച്ചതേയുള്ളു.
ദിവസങ്ങൾ കടന്നു പോയി...!!
കരിന്തണ്ടന്റെ മരണം നടന്ന് നാൽപ്പത്തി ഒന്നാം നാൾ ചുരം പാത നിർമ്മിക്കുന്നതിനിടക്ക് മണ്ണിടിഞ്ഞ്
രണ്ടു തൊഴിലാളികൾ മരിച്ചു. തൊട്ടടുത്ത ദിവസം റിച്ചാർഡ് സായിപ്പ് വിഷം തീണ്ടി മരിച്ചു. അതൊരു തുടക്കമായിരുന്നു. മരണങ്ങളുടെ ഒരു ഘോഷയാത്രയുടെ തുടക്കം. കരിന്തണ്ടന്റെ പ്രേതത്തെ കണ്ടു എന്ന് പലരും പറഞ്ഞു. അപ്പോൾ മുതൽ മനസ്സിൽ ഭയത്തിന്റെ തുടി കൊട്ടി തുടങ്ങി. ആ ഭീതിയാണ് ഈ പലയാനത്തിന്റെ പിന്നിലെ ഹേതു.
നരച്ച മാനത്തെ ചന്ദ്രക്കലയെ സാക്ഷിയാക്കി കാളവണ്ടി പതുക്കെ
നീങ്ങുകയായിരുന്നു. പെട്ടന്നാണ് കൺ
മുൻപിൽ കണ്ട ആ കാഴ്ച്ചയിൽ നായരും , ജഗദമ്മയും നടുങ്ങിയത്. റാന്തൽ വെളിച്ചത്തിൽ മുൻപിലെ പാതയിൽ ഫണം വിടർത്തി നിൽക്കുന്ന ഒരു കരി മൂർഖൻ !! കാളകളും നിശ്ചലമായി നിന്നു. ഭയത്തിന്റെ തീനാമ്പുകൾ ഉടലാകെ പെയ്തിറങ്ങും
പോലെ...!
വണ്ടിയിൽ നിന്നും പതുക്കെ നായർ ഇറങ്ങി. അതോടൊപ്പം മക്കളേയും
എടുത്ത് ജഗദമ്മയും. പാമ്പ് പതിയെ അവർ നിൽക്കുന്നിടത്തേക്ക് ഇഴഞ്ഞു
വന്നു തുടങ്ങി. വിഷം ചീറ്റുന്ന ജിഹ്വയുമായി....!! ജഗദമ്മ മക്കളേയും
ചേർത്ത് പിടിച്ച് നിന്നു.
മഞ്ഞും ഇരുട്ടും ഇണ ചേർന്നു കിടക്കുന്ന വനത്തിന്റെ ഉള്ളിലേക്ക്
പെട്ടന്നാണ് നായർ ഓടി മറഞ്ഞത്.
ആ കാഴ്ച്ച തൊട്ടു മുൻപിലെത്തിയ
മരണത്തേക്കാൾ അവരെ വേദനിപ്പിച്ചു. കണ്ണുകളിറുക്കിയടച്ച് അനിവാര്യമായ മരണത്തെ ഏറ്റു വാങ്ങൻ മക്കളേയും ചേർത്ത് പിടിച്ച് അവർ നിന്നു. നിമിഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്ത കൊണ്ട് കണ്ണു തുറന്ന് നോക്കുമ്പോൾ മുന്നിൽ ആ പാമ്പ് ഉണ്ടായിരുന്നില്ല....!!
എട്ടു നാളുകൾക്ക് ശേഷം വനത്തിനുള്ളിൽ നിന്ന് വിഷം തീണ്ടി നീലച്ച് അഴുകിയ നായരുടെ ശവം കിട്ടിയന്നറിഞ്ഞപ്പോൾ മരണത്തിന്
മുന്നിൽ തന്നെയും , മക്കളേയും വലിച്ചെറിഞ്ഞ് പോയവനായിട്ടും
ജഗദമ്മ ഹൃദയം പൊട്ടിക്കരഞ്ഞു.
എ. ഡി. 1900
-----------------------
കാലത്തിന്റെ ചില്ലകളിൽ ഋതു
ഭേദങ്ങൾ ഏറെ സംഭവിച്ചു. വർഷങ്ങളേറെ കടന്നു പോയി. വയനാടൻ ചുരം പാത ഏറെ അഭിവൃദ്ധപ്പെട്ടു.
ഒരുച്ച നേരത്ത് ലക്കിടി. മീനത്തിലെ സൂര്യനേയും കുളിർപ്പിക്കുന്ന വയനാടൻ തണുപ്പ്.
ആ വിദേശികൾ കരിന്തണ്ടന്റെ ആത്മാവിനെ ചങ്ങലയിൽ ബന്ധിച്ച
മരത്തിന് സമീപം നിന്ന് സംസാരിക്കുകയായിരുന്നു. അവരുടെ
കാഴ്ച്ചപ്പാടിൽ ഇതെല്ലാം വെറും വിഡ്ഢിത്തരങ്ങൾ ആയിരുന്നു .
'' 1890 മുതൽ ഇവിടെ ഒട്ടേറെ അപകടങ്ങൾ നടന്നത്രേ..!! അത് ഈ കരിന്തണ്ടന്റെ കോപം കൊണ്ടാണെന്ന് ..!! അതിനു ശേഷമാണ് ഈ മരത്തിൽ ആത്മാവിനെ ബന്ധിച്ചു.
ഇപ്പോൾ ഇയാൾ ഇവിടുത്തെ വിഡ്ഢികൾക്ക് ദൈവമാണെന്ന്..! കറുത്ത ദൈവം...!!ഹഹഹ'' അത് പറഞ്ഞിട്ട് ആ വിദേശിയും കൂടെയുള്ള മറ്റുള്ളവരും ഉറക്കെ ചിരിച്ചു. പരിഹാസപൂർവ്വം.
കുറച്ചു സമയങ്ങൾക്ക് ശേഷം
അവർ കയറിയ വാഹനം ചുരമിറങ്ങി
തുടങ്ങി....!! പെട്ടന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട പോലെ അവർക്കു തോന്നിയത്. എതിർ വശത്തെ അഗാധമായ കൊക്ക കണ്ടപ്പോൾ ആസന്നമായ മരണത്തെയോർത്ത് അവർ അലറി കരഞ്ഞു.
അപ്പോൾ അങ്ങു മുകളിൽ ആ വലിയ മരത്തിൽ ബന്ധിച്ചിരുന്ന ചങ്ങല
ഒന്ന് ഇളകിയ പോലെ തോന്നി...!! ഒരു കാറ്റ് അവിടെ മാത്രം വീശിയടിച്ചു....!!
അടങ്ങാത്ത പ്രതികാരത്തിന്റെ മണം
പേറുന്ന കാറ്റ്......!!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot