Slider

ചില ഇഷ്ടങ്ങള്‍

0
''ഒറ്റക്കായി പോകുന്ന ഒരു പെണ്‍കുട്ടി, അതൊരു അവസരമല്ല...നേരെ മറിച്ച് ഒരു ഉത്തരവാദിത്വമാണ്...''
ഈയടുത്ത് കണ്ട ''ക്വീന്‍'' സിനിമയിലെ ഒരു സംഭാഷണമാണിത്. ഈ വാക്കുകള്‍ എന്നെ
രണ്ടര വര്‍ഷം മുന്‍പ് എന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു കാര്യം വീണ്ടുമോര്‍മ്മിപ്പിച്ചു.
കുറ്റബോധത്തിന്റെ ഉപ്പുരസം കലര്‍ന്ന ഒരോര്‍മ്മ...!!
ഒരു ഉത്രാട രാത്രി...!! ഞാന്‍ ജോലി കഴിഞ്ഞ് എന്റെ വീട്ടിലേക്ക് പോകുന്നതിനു പകരം കോഴിക്കോട് ടൗണിലേക്കാണ് പോയത്. ലക്ഷ്യം ഓണത്തോടനുബന്ധിച്ച്
റിലീസായ മമ്മുക്കയുടെ പുതിയ പടം കാണല്‍.
പടത്തിന്റെ പേര് വഴിയെ പറയാം. ഓണത്തിന് വേറെയും ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. എല്ലാം കണ്ടു തീര്‍ക്കുന്ന ഒരു ശീലം എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ തുടങ്ങിയതാണ്. (ഒറ്റക്കു പോയുള്ള കാര്യമാണ് പറഞ്ഞത്. അല്ലാതെ അച്ഛനോടൊപ്പമുള്ള സിനിമ കാണല്‍ ആറാം മാസത്തില്‍ തുടങ്ങിയെന്നാണ് അമ്മ പറഞ്ഞുള്ള അറിവ്..!!)
മമ്മുക്കയുടെ സിനിമ റിലീസ് ദിവസം ആദ്യ ഷോ തന്നെ കണ്ടില്ലെങ്കില്‍ ഒരു തരം
അസ്വസ്ഥതയായിരുന്നു..അന്ന് ആദ്യ ഷോ കാണാന്‍ പോകാന്‍ പറ്റിയില്ല. അതു കൊണ്ടാണ് ജോലി കഴിഞ്ഞ് രാത്രി പോയത്.
കൈരളിയില്‍ 9.30 യുടെ ഷോ കാണാന്‍ ബുക്ക് ചെയ്തു.
ഒരു മണിക്കൂര്‍ കൂടി സമയമുള്ളതു കൊണ്ട് ഞാന്‍ മാവൂര്‍ റോഡിലെ സോപാനം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വീണ്ടും തിയേറ്റര്‍ ലക്ഷ്യമാക്കി നടക്കുമ്പോഴാണ്
ഒരു പെണ്‍കുട്ടി ധൃതിയില്‍ എതിരെ നടന്നു വരുന്നതു കണ്ടത്..(നമ്മുടെ സ്വഭാവം വെച്ച് എന്തായാലും നോക്കാതിരിക്കില്ലല്ലൊ...
നോക്കി, ശരിക്കും നോക്കി..)
പെട്ടന്നാണ് എന്റെ മുഖം അദ്ഭുതം കൊണ്ട് വിടര്‍ന്നത്..അതെന്റെ കൂട്ടുകാരി ആയിരുന്നു. ഡിഗ്രിക്ക് എന്റെയൊപ്പം പഠിച്ച പ്രിയപ്പെട്ട കൂട്ടുകാരി..പഠനം ഇടക്കു നിര്‍ത്തി
അവള്‍ നേഴ്സിംഗ് പഠനത്തിനായി പോയെങ്കിലും മാസത്തില്‍ ഒരിക്കലെങ്കിലും
കത്തിലൂടെ സ്നേഹാന്വേഷണങ്ങള്‍ നടത്തിയവള്‍, (അന്ന് മൊബൈല്‍ ഫോണ്‍ അത്ര പ്രചാരത്തിലല്ലായിരുന്നു.) വിവാഹശേഷവും തന്റെ സൗഹൃദം എന്നും നില നിര്‍ത്തിയവള്‍.
''അമ്മൂ..''എന്റെ ശബ്ദം കേട്ട് അവള്‍ മുഖമുയര്‍ത്തി നോക്കി..!!(യഥാര്‍ത്ഥ പേര് അതല്ല..എന്റെ സൗഹൃദവലയത്തിലുള്ളതു കൊണ്ട് അവളെ വീട്ടില്‍ വിളിക്കുന്ന പേര് ചേര്‍ക്കുന്നു )
''നീയെന്താടാ ഇവിടെ..? ''
ആ സമയത്ത് എന്നെ കണ്ടതിന്റെ സന്തോഷം അവളുടെ മുഖത്ത് പ്രതിഫലിച്ചു.
ഞാന്‍ കാര്യം പറഞ്ഞു. അവള്‍ ടൗണിലെ പ്രശസ്ത ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. അന്ന് ഈവനിംഗ് ഡ്യൂട്ടി ആയിരുന്നു. സാധാരണ ഏഴു മണിക്ക് കഴിയുന്നതാണ്. അന്നെന്തോ പ്രത്യേക സാഹചര്യത്തില്‍ വൈകി. അതിന്റെ വെപ്രാളത്തില്‍ ഓടുകയാണ്. 9.30 ക്ക് അവള്‍ക്ക് നാട്ടിലേക്ക് ഒരു സര്‍ക്കാര്‍ വണ്ടിയുണ്ട്.
കോഴിക്കോട് ടൗണില്‍ നിന്നും ഏകദേശം മുപ്പത് കിലോമീറ്റര്‍ അകലെയാണ് അവളുടെ വീട്. ഇനി ആ ബസ്സ് കിട്ടി വീടിനടുത്തുള്ള ചെറിയ ടൗണില്‍ ബസ്സിറങ്ങുമ്പോ 10.30 ആകും. അവിടെ അവളുടെ ടൂ വീലര്‍ ഉണ്ട്. അതില്‍ രണ്ടു കിലോമീറ്റര്‍ കൂടി പോയാലെ വീടെത്തു.
അമ്മുവിന്റെ ഭര്‍ത്താവും ,സഹോദരനും
വിദേശത്താണ്. അച്ഛന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ അടുത്തുള്ള ടൗണില്‍ വന്ന് നില്‍ക്കാറുണ്ടെങ്കിലും അന്ന് പനിച്ചു കിടക്കുന്നത് കൊണ്ട് വരില്ലാ എന്ന് പറഞ്ഞിരുന്നു.
'' നീ സിനിമക്ക് പോകുകയല്ലെ..? പോയ്ക്കോളു...എന്ന് പറഞ്ഞ് അവള്‍ നടന്നു..എന്റെ സിനിമാ ഭ്രാന്ത് നന്നായി അറിയാവുന്നതു കൊണ്ടാണ്..അവളങ്ങനെ പറഞ്ഞത്.
ഞാന്‍ അവളോട് യാത്ര പറഞ്ഞ് സിനിമാ തിയേറ്റര്‍ ലക്ഷ്യമാക്കി നടന്നു. സിനിമയുടെ ഇടവേള ആയപ്പോഴാണ് വീണ്ടും ഞാന്‍ അവളെ പറ്റിയോര്‍ത്തത്. ഉത്തരവാദിത്വമുള്ള എന്നിലെ കൂട്ടുകാരന്‍(?)
ഉണര്‍ന്നത്. ഞാന്‍ ഫോണ്‍ ചെയ്തു.
ഞാന്‍ കരുതി നീയെന്നെ ഇവിടെ കൊണ്ടാക്കുമെന്ന്..ഞാനിന്ന് എത്ര പേടിച്ചെന്നറിയാമോ..? കോഴിക്കോട് ബസ്സ് കാത്ത് നിന്നപ്പോഴും, നാട്ടില്‍ ഇറങ്ങിയപ്പോഴും ആരെല്ലാമോ എന്തൊക്കെയോ അശ്ലീലം പറഞ്ഞ് വന്നു..ടൂ വീലര്‍ എടുക്കാന്‍ നടന്നു പോയപ്പോ പുറകെ വന്നൊരുത്തന്‍ മേത്ത് തൊടാന്‍ ശ്രമിച്ചു.''
'' അമ്മു ഞാന്‍....'' വാക്കുകള്‍ എന്റെ തൊണ്ടയില്‍ കുരുങ്ങി. തലക്കു ചുറ്റും ആയിരം കടന്നലുകള്‍ മൂളി പറക്കും പോലെ..!! ഞാന്‍ ഒന്നും പറയാതെ ഫോണ്‍ വെച്ചു..!! ഓണത്തിനും, വിഷുവിനും അവളുടെ അമ്മ വിളമ്പി തന്ന സ്വാദേറിയ ഭക്ഷണങ്ങള്‍ തികട്ടി വരും പോലെ..!!
നന്ദി കെട്ടവനെന്ന് ആരെല്ലാമോ ചുറ്റും നിന്ന് വിളിക്കും പോലെ...!!
ഞാന്‍ സിനിമ മുഴുവന്‍ കാണാതെ വീട്ടിലേക്ക് തിരിച്ചു. മനസ്സു കൊണ്ട് എത്രയോ തവണ ക്ഷമ ചോദിച്ചു. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും കുറ്റബോധത്തിന്റെ ശല്ക്കങ്ങള്‍ ഹൃദയഭിത്തിയില്‍ ഇപ്പോഴും അള്ളിപ്പിടിച്ച് നില്ക്കുന്നു.
സിനിമയെ ഞാന്‍ അത്രമാത്രം ഇഷ്ട്ടപ്പെടുന്ന കൊണ്ടാണ് അന്നങ്ങനെ ചെയ്തത്. അവള്‍ ഒറ്റക്കാണ് എന്നത് സൗകര്യപൂര്‍വ്വം മറന്നത്. ചില ഇഷ്ടങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി ത്യജിക്കണമെന്ന പാഠം അന്ന് ഞാന്‍ പഠിച്ചു.
വാല്‍ക്കഷ്ണം--
അന്ന് ഞാന്‍ കണ്ട ചിത്രം ഏതാണെന്നു പറഞ്ഞാല്‍ ഇത് വായിക്കുന്ന മാന്യവായനക്കാര്‍ എന്നെ ഓടിച്ചിട്ടിടിക്കും. എങ്കിലും ചിത്രത്തിന്റെ പേര് വഴിയെ പറയാമെന്ന വാക്ക് ആദ്യമെ തന്നതു കൊണ്ട് പറയാം..
''ഉട്ട്യോപ്യയിലെ രാജാവ്''

sarath M
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo