"ഈയ് കോട്ടത്തിൽ പോയിട്ടുണ്ടോ?" പെട്ടെന്നായിരുന്നു ചോദ്യം..
"കോട്ടോ, അതെന്താണ്?"...
നാരാണേട്ടന്റെ പീടികയിൽ ചായ കുടിക്കായിരുന്നു ഞങ്ങൾ.. മൂപ്പര് ചില്ല് ഗ്ലാസിൽ മാത്രേ ചായ കുടിക്കൂത്രേ.. ഇപ്പൊക്കെ എല്ലാടത്തും പ്ലാസ്റ്റിക് ഗ്ലാസിലാത്രേ ചായ കിട്ട്വാ.. അതോണ്ട് ഇവിടത്തെ പീടികേന്ന് കിട്ടണ ചായ കുടിക്കുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാന്ന് എപ്പോഴും പറയും.. എപ്പോഴുംന്നെച്ചാ ഞങ്ങൾ പരിചയപ്പെട്ടിട്ടു രണ്ടു ദിവസേ ആയിട്ടുള്ളെ.. അതിന്റിടയിൽ ഇതും കൂട്ടി എട്ടാമത്തെ ചായയാ.. അപ്പോഴാണ് ഒരു കോട്ടം..
" ആ വെറും കോട്ടൊന്വല്ല... നീലിയാർ കോട്ടം.." ആ കുഞ്ഞി കണ്ണോൾ ഒക്കെ വിടർത്തി, നുണകുഴീം കാണിച്ച് , എന്നെ നോക്കി ചോദിച്ചു..
" എപ്പോഴാ പോണ്ടേ? ഇന്നെന്നെയായാലോ? വൈകീട്ട് ?"..
" ഇന്നോ? ഇന്നെനിക്ക് സെമിനാർ ഉള്ളതാ നാല് മണിക്ക് "..
" ഓ പിന്നേ.. ഇന്റെ ഒരു സെമിനാറ്.. ഇന്നമ്മൾ പോവാ.. നാലാകുമ്പൊ ഇങ്ങടെത്തണട്ടോ "..
ആ നോക്കാന്നും പറഞ്ഞ് ഗ്ലാസും വെച്ച് ഞാൻ കോളേജിലേക്ക് നടന്നു... ഇനി ഒരു അവറും കൂടി ക്ലാസുണ്ട് ..അത് കഴിഞ്ഞിറങ്ങണം.. അങ്ങനാണേൽ..പക്ഷെ.. കോട്ടമോ.. അയ്യോ എടെയാണാവോ..
തിരിഞ്ഞു നടന്നു.. മൂപ്പരെ കാണാനില്ലാ..
" നാരാണേട്ടാ, ഓരേടെ പോയി?"..
" നാരാണേട്ടാ, ഓരേടെ പോയി?"..
ദേ മോളേനും പറഞ്ഞ് ചൂണ്ടി കാണിച്ചു.. നോക്കുമ്പോണ്ട് ഒരു കൂട്ടം കുഞ്ഞി പിള്ളേരുടെ കൂടെ ഗോട്ടി കളിക്കുന്നു.. അതും റോഡിന്റെ സൈഡിൽ കുത്തിയിരുന്നിട്ട്.. പുറകിലൂടെ ചെന്ന് തലയിൽ ഒരു കൊട്ട് കൊടുത്തിട്ട് ചോദിച്ചു
" ഇതെന്താപ്പത്.. ഇങ്ങക്ക് ശെരിക്കും ജോലീം കൂലിയൊന്നും ഇല്ലേ? പിള്ളേരുടെ കൂടെ ഗോട്ടി കളിച്ചിരിക്കലാ?"..
ഗോ റ്റു യുവർ ക്ലാസെസ് എന്ന് പറഞ്ഞെന്നെ അപ്പൊ ഓടിച്ചു വിട്ടു..
" അല്ല, ഈ പറഞ്ഞ സ്ഥലത്തേക്ക് എത്ര ദൂരണ്ട് ?"..
" ഒരു മൂന്ന് കിലോമീറ്റർ ഇണ്ട്.. എന്തേ.. ഈടെ അടുത്താണ്.. നമ്മക്ക് നടന്നു പോകാം"..
" പിന്നേ നടക്കാനോ.. ഞാനെങ്ങുമില്ല.."
" എന്നാ പിന്നെ ഞാനെന്റെ ശകടോം എടുത്തങ്ങു വരാം..എന്തേ?"..
" സൈക്കിൾ ആയിരിക്കൂലോ ഇങ്ങടെ ശകടം"..
ആ നീ കണ്ടോ.. ഇപ്പൊ നീ പോന്നും പറഞ്ഞെന്നെ അയച്ചു. എന്നിട്ട് ഗോട്ടി കളി തുടർന്നു.. ഇതാണ് വൈശാഖൻ.. ആരാണ്, എന്താണ് എന്നൊന്നും എനിക്കും അറിയിലായിരുന്നുട്ടോ..
രണ്ടു ദിവസം കൊണ്ട് അറിയാത്തൊരാളുമായ് എങ്ങനിത്ര അടുത്തെന്നു ചോദിച്ചാൽ, അതിന് എനിക്കും ഉത്തരമില്ല.. അതായിരുന്നു വൈശാഖൻ..
ഒരു കാവി മുണ്ടും, പെയിന്റ് കറ വീണു നരച്ച ഒരു ഷർട്ടും, പാറിപ്പറക്കുന്ന മുടിയിഴകളും ആയാണ് ഞാൻ ആദ്യമായയാളെ കാണുന്നത്.. ഇടവപ്പാതിയിൽ തിമർത്തു പെയ്യുന്ന മഴയിൽ ഒരു കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു ഞാൻ.. കുട ഉണ്ടായിട്ടും കാര്യമുണ്ടാരുന്നില്ല.. അത്രയ്ക്ക് കാറ്റായിരുന്നു..
കോളേജിൽ പോകാൻ സമയം വൈകി അറ്റന്റൻസ് പോകുമെന്നുള്ള വിഷമത്തിൽ, നനയുന്നുണ്ടെങ്കിൽ നനയട്ടെന്നു വിചാരിച്ച് കുട നിവർത്തി ഞാൻ നടന്നു.. രണ്ടടി വെച്ചതും, എവിടെനാണെന്നറിയില്ല ആരോ ഒരാൾ എന്റെ കുടയിലേക്കു ഓടി കയറി..
ഒച്ച വെക്കണ്ട ഞാൻ ആ തിരിവ് വരേ ഉള്ളു എന്ന് പറഞ്ഞു.. ദേഷ്യം ആളിക്കത്തി ഞാൻ ആ മുഖത്തേക്ക് തീക്ഷ്ണമായൊന്ന് നോക്കി.. പക്ഷെ ആ മുഖം കണ്ടപ്പോൾ എല്ലാം അലിഞ്ഞില്ലാതായി.. തിളങ്ങുന്ന വെള്ളാരം കണ്ണുകളും, നുണക്കുഴി കാണിച്ചുള്ള കുസൃതി ചിരിയും.. അങ്ങനെ വേറൊന്നും മിണ്ടാതെ ഞങ്ങൾ നടന്നു..
" നല്ല കുടയാണല്ലോ.. ഇത് കണ്ടിട്ടാ ഞാൻ ശ്രദിച്ചേ"..
കറുപ്പിൽ നിറയെ വെള്ള പുള്ളികൾ ഉള്ള കാലൻ കുടയായിരുന്നു എന്റേത്..
കറുപ്പിൽ നിറയെ വെള്ള പുള്ളികൾ ഉള്ള കാലൻ കുടയായിരുന്നു എന്റേത്..
ഉം ഞാൻ ഒന്ന് മൂളി..
" കുട്ടി കോളേജിലേക്കാ.. "..
"ഉം" ..
" എനിക്കൊരു ഉപകാരം ചെയ്യുമോ?"
"എന്താ?" ...
" ഈ കുട എനിക്കൊന്നു കടം തരുമോ.. പേടിക്കണ്ട .. പതിനൊന്നു മണിയാകുമ്പോഴേക്കും ഞാൻ തിരിച്ചു കൊണ്ട് തന്നോളാം'...
എന്നെ ഒന്നും പറയാൻ അനുവദിക്കാതെ അയാൾ തുടർന്നുകൊണ്ടേയിരുന്നു..
എന്നെ ഒന്നും പറയാൻ അനുവദിക്കാതെ അയാൾ തുടർന്നുകൊണ്ടേയിരുന്നു..
" അതൊന്നും പറ്റില്ല.. ഞാൻ ക്ലാസിലായിരിക്കും"..
അത് സാരില്ല.. ഞാൻ വാച്ച്മാന്റെ അടുത്ത് കൊടുത്തോളാംന് പറഞ്ഞു കോളേജ് വരാന്ത വരെ എന്നെ കൊണ്ടാക്കി കുടയും കൊണ്ടയാൾ നടന്നു പോയി..
കൃത്യം പതിനൊന്നായപ്പോൾ ഞാൻ പുറത്തിറങ്ങി നോക്കി..
ഇല്ല.. ആരുമില്ല..
വാച്ച്മാന്റെ അടുത്ത് പോയി ചോദിച്ചു..
" ചേട്ടാ ആരേലും ഒരു പുള്ളികുട കൊണ്ട് തന്നിരുന്നോന്ന്"..
" ചേട്ടാ ആരേലും ഒരു പുള്ളികുട കൊണ്ട് തന്നിരുന്നോന്ന്"..
ഇല്ല ..അയാൾ തറപ്പിച്ചു പറഞ്ഞു..
എന്റെ കണ്ണ് നിറഞ്ഞു പോയി.. ആറ്റു നോറ്റ് കൊറേ കടയിൽ കയറിയിറങ്ങി വാങ്ങിച്ച പുള്ളികുടയാണ്.. എവിടെയും കണ്ടു പരിചയം പോലും ഇല്ലാത്തോരാൾക്ക് ഞാൻ അത് കൊടുത്തയച്ചു, അത് പോയി, എന്നൊക്കെ ഞാൻ എങ്ങനെ മറ്റുള്ളവരോട് പറയും..
ഠോന്ന് പറഞ്ഞ് പുറകിൽ ഒരു ശബ്ദം.. തിരിഞ്ഞു നോക്കുമ്പോണ്ട് മൂപ്പര് കൂടേം പിടിച്ചു നീക്കണ്..
" പേടിച്ചൂലെ കുട പോയിന് വിചാരിച്ചിട്ട്?"..
" ഉം "..
ന്നാ മ്മക്കോരോ ചായ കുടിച്ചാലോ.. വാന്നും പറഞ്ഞ് പുറത്തേക്കു നടക്കാൻ തുടങ്ങി.. പുറകേ പോവുകയല്ലാതെ എനിക്ക് വേറെ നിവർത്തിയുണ്ടായിരുന്നില്ല.. നേരെ പോയത് നാരാണേട്ടന്റെ പീടികേലിക്കായിരുന്നു..
"പെയിന്റ് പണിക്കാരനാണോ ?".. ഞാൻ അവജ്ഞയോടെ ചോദിച്ചു..
" അല്ല, ഗ്രാഫിക് ഡിസൈനറാ"..
ങേ? ഞാൻ വിശ്വാസം വരാതെ നോക്കി..
അപ്പോൾ ദൂരെ ഒരു മതിൽ ചൂണ്ടി കാണിച്ചിട്ട് ചോദിച്ചു എങ്ങാനുണ്ടെന്ന്..
കാട് പിടിച്ചു കിടക്കുന്നൊരു സ്ഥലത്ത് മതിലിൽ, മനോഹരമായൊരു തെയ്യത്തിന്റെ പടം.. അതിന്റെ പുറകിൽ ഉള്ള മരങ്ങൾ തിരുമുടി പോലെ ഉയർന്നു നിൽക്കുന്നു.. അത്ഭുതം കൂറി ഞാൻ നോക്കികൊണ്ടിരുന്നു..
" ഞാൻ വരച്ചതാ".. കണ്ണിറുക്കി ചൂട് ചായ ഊതി കൊണ്ട് പറഞ്ഞു..
അപ്പൊ തുടങ്ങിയതാ ഈ ചായ കുടി.. കോളേജിലേക്ക് നടക്കുമ്പോൾ ഞാൻ ഓർത്തു .. ആ ചായയും, ഉച്ചക്കലെ ഊണും, മൂന്ന് മണീടെ ചായയും, അഞ്ചു മണീടെ ചായയും, പിന്നേം ഒരു ചായയും ഒക്കെ ഒരുമിച്ചായിരുന്നു.. ഹോസ്റ്റലിലെ പന്ന ഫുഡ് കഴിക്കണ്ട, രാത്രി കഴിച്ചോന്നു പറഞ്ഞു പുട്ടും, ചിക്കനും പാർസൽ വാങ്ങി തന്നിട്ടാണ് എന്നെ വൈകിട്ട് പറഞ്ഞ് വിട്ടത്..
പിറ്റേന്ന് രാവിലെ തന്നെ പുള്ളി ഹാജരായിരുന്നു.. കോളേജിൽ കൊണ്ടാക്കി പതിനൊന്നു മണിക്ക് നാരാണേട്ടന്റെ പീടിയേൽ വരണട്ടോന്ന് ഓർമിപ്പിച്ചു.. ദേ ഇപ്പൊ നീലിയാർ കോട്ടവും.. ഞാൻ പോകാൻ തന്നെ തീരുമാനിച്ചു..
ഹൃദയത്തിൽ ചെറിയൊരു താളപിഴയുമായി ജനിച്ച ഭാഗ്യദോഷിയായിരുന്നു ഞാൻ.. ഒരുപാട് ചികിത്സയും, വഴിപാടും ഒക്കെ നടത്തുന്നുണ്ടെങ്കിലും, മരണം ഏതു നിമിഷം വേണമെങ്കിലും എന്നെ വന്നു വിളിക്കാമെന്ന ചിന്ത എപ്പോഴും എന്റെ ഉള്ളിലുണ്ടായിരുന്നു.. അത് കൊണ്ട് ജീവിതത്തിൽ ഇങ്ങനെ കിട്ടുന്ന അപൂർവമായുള്ള സാഹസികതകൾ ഒന്നും വിട്ടു കളയാൻ ഞാൻ തയ്യാറല്ലായിരുന്നു..
അധികം സുഹൃത്തുക്കളും, ആളും, ആരവങ്ങളും ഒന്നും ഇല്ലാതിരുന്ന എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആളായിരുന്നു വൈശാഖൻ.. വറ്റി വരണ്ട് ഉണങ്ങി കിടന്നിരുന്ന എന്റെ ജീവിതത്തിനു രണ്ട ദിവസം കൊണ്ടയാൾ പുതുജീവൻ തന്നു..
നാലായപ്പോൾ ഞാൻ പീടികേൽ എത്തി.. ഒരു പരിപ്പുവടേം കഴിച്ചിരിക്കുമ്പോഴാണ് മൂപ്പര് ഒരു ബുള്ളറ്റിൽ വരണേ.. വേഗം കേറടി.. ഭാഗ്യിണ്ടേൽ മ്മക്ക് തെയ്യം കെട്ട് കാണാം..
ഞാൻ ഒരു നോട്ടം പാതി കടിച്ചു കൈയിലിരിക്കുന്ന പരിപ്പുവടയെ നോക്കി.. ഹോ അതിന്റെടെലാ ഓളെ ഒരു പരിപ്പുവട.. എന്റെ കൈയിൽ നിന്ന് തട്ടിപ്പറിച്ച് ഒറ്റ വായയ്ക്ക് അത് അകത്താക്കി എന്നിട്ട് പുറകിൽ കേറാൻ പറഞ്ഞു..
കുറച്ചു ദൂരം പോയി വണ്ടി നിർത്തി സ്ഥലമെത്തിനു പറഞ്ഞ് എന്നെയിറക്കി.. ചുറ്റും നോക്കിയിട്ടും എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല.. വണ്ടി സൈഡിൽ വെച്ചിറങ്ങി പുള്ളി രണ്ടു മരങ്ങൾക്കിടയിലൂടെ നടന്നു.. പുറകെ ഞാനും..
നഗരത്തിനു നടുവിൽ ഒളിഞ്ഞിരിക്കുന്ന പത്തൊമ്പതേക്കർ വിസ്തീർണം ഉള്ളൊരു കാട്.. അതായിരുന്നു നീലിയാർ കോട്ടം. തെയ്യം കെട്ടിയാടുന്നൊരു കാവ്.. ഉള്ളിലേക്ക് നടക്കുന്തോറും കുളിരും, കാറ്റും ഒക്കെ കൂടി പവിത്രവും ശാന്തവുമായൊരു കാവ്.. നിറയെ ചെടികളും, മാനം മുട്ടെ ഉയരമുള്ള മരങ്ങളും ഒക്കെ നിറഞ്ഞു നിൽക്കുന്നു...
"ച്ചെ.. ഇന്ന് തെയ്യം കെട്ട് ഇല്ലാന്ന് തോന്നുന്നു.. നമുക്ക് ഭാഗ്യം ഇല്ലന്ന് .. സാരല്യ ഉള്ളിൽ പോയി തൊഴാം".. പുള്ളി പറഞ്ഞു..
ഞാൻ മൂളി..
ചെടികൾക്കിടയിലൂടെ ചെറിയ ഒരു വഴി മാത്രം.. പക്ഷെ അതും പരിചയമില്ലാത്ത ആൾക്കാർക്ക് കണ്ടു പിടിക്കാൻ ബുധിമുട്ടാണ്..
എന്തോ കണ്ടപ്പോ ദേ അങ്ങോട്ട് നോക്കിയേന്നു പറഞ്ഞ എന്നെ "ഇവിടെ ഇങ്ങോട്ടും കൈ ചൂണ്ടരുത്ട്ടോ" എന്ന് പറഞ്ഞു ശകാരിച്ചു.
എന്നിട്ട് മുകളിൽ നിറഞ്ഞു നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ കാട്ടി പറഞ്ഞു തന്നു.. " ഇതിനിടയിൽ ഒരു സ്പേസ് കണ്ടോ? അത് തെയ്യം നടന്നു പോകുമ്പോ തിരുമുടി എവിടെയും തട്ടാതെ പോകാൻ പ്രകൃതി ഉണ്ടാക്കിയതാണെന്ന്.. ഉയരമുള്ള തിരുമുടി ഒരു ഇല പോലും സ്പർശിക്കാതെ ഇതിലൂടെ കടന്നു പോകുമെന്ന്..
കുറേക്കൂടി മുന്നിലേക്ക് പോകുമ്പോൾ കുറച്ചു സ്ഥലം കണ്ടു.. അവിടെയാണത്രെ തെയ്യം കെട്ടിയാടുക..അവിടം വരെയേ ചെരുപ്പിടാൻ അനുവാദമുള്ളൂ.. ചെരുപ്പൂരി വെച്ച് പിന്നെയും മുന്നോട്ട് നീങ്ങി...ചെടികൾക്കിടയിൽ കുറച്ചു കൽപ്പടവുകൾ..
"സൂക്ഷിച്ചിറങ്ങണട്ടോ.. വഴുക്കളുണ്ടാക്കും" നു പറഞ്ഞു ആദ്യം ഇറങ്ങി എന്നെ കൈ പിടിച്ച് ശ്രദ്ധയോടെ ഇറക്കി..
ദൂരെ കാണാനുണ്ട് കല്ലുകൊണ്ടുണ്ടാക്കിയ ചെറിയൊരു മതിൽ.. ആ മതിൽകെട്ടിനകത്ത് വലിയ മരവും, പാറക്കല്ല് കൊണ്ടുള്ള പ്രതിഷ്ഠയും, വിളക്കും ഒക്കെ..
പോക്കറ്റിൽ നിന്ന് ചെറിയൊരു കുപ്പി എണ്ണയും, തിരിയും എടുത്ത് വിളക്കിലൊഴിച്ചു പുള്ളി.. എന്നിട്ട് കത്തിക്കാൻ നേരം എന്നോട് പറഞ്ഞു
"ഉവ്വാവു മാറാൻ ദേവിയോട് മനസ്സറിഞ്ഞ് പ്രാർത്ഥിച്ചോട്ടോ.. ഒക്കെ ബേദാവുംന്ന് "..
അത്ഭുദത്തോടെ ഞാൻ ആ മുഖത്തേക്ക് നോക്കി.. ഭംഗിയേറുന്നാ കള്ളച്ചിരി ചിരിച്ച് തരിച്ചു നിന്ന എന്റെ കൈകൾ കൂട്ടി പിടിച്ച് തൊഴിച്ചു .. ഞാൻ മനമുരുകി പ്രാർത്ഥിച്ചു..
അത് കഴിഞ്ഞ് ചുറ്റും പ്രദിക്ഷിണം വെച്ച് പാറക്കല്ല് കൊണ്ടുണ്ടാക്കിയ ഒരു ഇരിപ്പിടത്തിൽ ഞങ്ങളിരുന്നു കുറച്ചു നേരം.. ഇനീം ഉളിൽ പോണോന്നു ചോദിച്ചു.. ഞങ്ങൾ എണീറ്റ് പിന്നേയും പിന്നേയും ഉള്ളിലേക്ക് നടന്നു..
ഇത് വരെ ഞാൻ കേൾക്കാത്ത പക്ഷികളുടെ ശബ്ദവും കാണാത്ത പൂമ്പാറ്റകളും നിറഞ്ഞതായിരുന്നു നീലിയാർ കോട്ടം.. പ്രകൃതിയിൽ അലിഞ്ഞ് നിന്ന എന്നോട് പുള്ളി പറഞ്ഞു..
" ഇവിടെ നിന്ന് നീ ഒച്ച വെച്ചാൽ പോലും പുറത്ത് ഒരാൾ കേൾക്കില്ല" എന്ന്..
ഒരു നിമിഷം തരിച്ചു നിന്ന് പോയി ഞാൻ.. ആരാണെന്നോ എന്താണെന്നോ അറിയാതെ രണ്ടു ദിവസത്തെ പരിചയം മാത്രം ഉള്ള ഒരാളുടെ കൂടെ ഞാൻ കാറ്റിൽ ഒറ്റയ്ക്ക് .. നേരം ഇരുട്ടി തുടങ്ങിയിരുന്നു.. അയാൾ പറഞ്ഞത് ശെരിയാണ്.. ഞാൻ എത്ര അലറി വിളിച്ചാലും, കരഞ്ഞാലും പുറത്തു നിന്നൊരു പൂച്ച കുഞ്ഞു പോലും എന്റെ ശബ്ദം കേൾക്കില്ല..
വിളറി വെളുത്ത എന്റെ മുഖം കണ്ടിട്ടാണെന്നു തോന്നുന്നു.. പുള്ളി പൊട്ടിച്ചിരിച്ചു.. എന്നിട്ട് പറഞ്ഞു " ഈ കാട്ടിൽ നിറച്ചും ഔഷധ സസ്യങ്ങൾ ആണ്.. പക്ഷെ ഇത് തേടി ആരും ഇവിടെ വരാത്തത് എന്ത് കൊണ്ടാണെന്ന് അറിയോ?.. ഇവിടുന്നു ഒരു ചുള്ളികമ്പെടുത്താൽ അന്ന് പനിക്കുംന്നാ പറയാ.. അത്ര ശക്തിയാന്ന്"..
നേരം ഒരുപാട് വൈകി.. ഇരുട്ടുന്നതിനു മുൻപ് നമുക്ക് തിരിച്ചെത്തണ്ടേ.. പോവാം എന്ന് പറഞ്ഞു.. ഒരക്ഷരം മിണ്ടാതെ ഞങ്ങൾ രണ്ടു പേരും തിരിച്ചു നടന്നു.. കോട്ടത്തിനു പുറത്തിറങ്ങി വണ്ടി എടുത്ത് കയറാൻ പോകുമ്പോൾ നിറഞ്ഞു തുളുമ്പിയ കണ്ണുമായി ഞാൻ ചോദിച്ചു..
" എങ്ങനെ?"..
മുഴുമിക്കാൻ സമ്മതിക്കാതെ വിരൽ എന്റെ ചുണ്ടിൽ വെച്ച് പറഞ്ഞു
" എല്ലാം എനിക്കറിയാം.. ഞാൻ ഉണ്ടാകും കൂടെ.. പൊന്നു പോലെ ഞാൻ നോക്കിക്കോളാം.. അസുഖത്തെ നമുക്കൊരുമിച്ചു നേരിടാം.. ദൈവം എന്നും നമ്മുടെ കൂടെ ഉണ്ടാകുമെന്ന്"..
അന്ന് ഞങ്ങൾ തുടങ്ങിയത് ഒരുമിച്ചുള്ള ജീവിതയാത്രയായിരുന്നു.. ഇപ്പോൾ ഞങ്ങൾക്ക് കൂട്ട് അച്ഛന്റെ നുണകുഴികളുള്ള രണ്ടു വയസുകാരി ആത്മികയും, വെള്ളാരം കണ്ണുകളുള്ള ഞങ്ങളുടെ കുഞ്ഞു കണ്ണൻ ആദിദേവും...
By: haritha Unni
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക